ഒറ്റ
- Sreevalsan Thekkanath
- Jan 12, 2022
- 8 min read
Updated: Jun 27

ട്രോളിയും ഹാൻഡ്ബാഗും ബാക്ക്പാക്കും ഇടംകൈയിൽ കുഞ്ഞും എനിക്ക്. ഒക്കത്ത് കുഞ്ഞും ബിഗ്ഷോപ്പറും പ്ലാസ്റ്റിക്ക് കവറും അവൾക്ക്. വണ്ടി പ്ലാറ്റ്ഫോമിൽ വന്നുകൊണ്ടിരിക്കുമ്പോഴാണ് കോച്ച് പൊസിഷനനുസരിച്ച് ‘എസ്-8’ മുമ്പിലാണെന്ന് അനൗൺസ്‌മെന്റ് വരുന്നത്. തിരക്കുവകഞ്ഞ് അവളെയും വലിച്ചിഴച്ച് നെടുനീളൻ കമ്പാർട്ടുമെന്റുകൾ ഓരോന്നെണ്ണി, കിതച്ച് ‘എസ്-7’ വരെ എത്തിയതും കാണാം ഏസി കമ്പാർട്ടുമെന്റുകളുടെ തുടക്കം. അതുമുഴുവൻ തീരുംമുമ്പേ പ്ലാറ്റ്ഫോമിന്റെ അറ്റത്ത് ദൂരെ സിഗ്നലിൽ പച്ചതെളിഞ്ഞു. അതുകാൺകെ അവൾ കരച്ചിലിന്റെ വക്കത്തായി. അതിനിടയ്ക്ക് എതിരെ ഒരു തടിമാടൻ തമിഴൻ എങ്ങോട്ടോ നോക്കി നടന്നുവന്ന് അവളുടെ ദേഹത്ത് ആഞ്ഞ് ഇടിക്കുകയും കൂടി ചെയ്തതോടെ അമ്മയും കുഞ്ഞും നിലവിളി തുടങ്ങി. സ്വപ്നത്തിൽ കൈകാലിട്ടടിക്കുംപോലെ നടന്നാലും നടന്നാലും എത്താത്ത ദൂരം. കാലുകൾ വലിച്ചാൽ വരുന്നില്ല. ശ്വാസമെടുക്കാൻ കഴിയുന്നില്ല. ട്രെയിൻ പടുകൂറ്റൻ വില്ലനെപ്പോലെ നീണ്ട ഹോൺമുഴക്കി. പ്ലാറ്റ്ഫോമിന്റെ പിൻതലയ്ക്കൽനിന്ന് ഗാർഡിന്റെ നീണ്ട വിസിലടി. ഞങ്ങളുടെ കമ്പാർട്ട്മെന്റ് കണ്ടുപിടിച്ചതും ട്രെയിൻ അനങ്ങിത്തുടങ്ങി. അപകടംപിടിച്ച ആ നിമിഷങ്ങളിൽ, പേരറിയാത്ത എല്ലാ ദൈവങ്ങളെയും ഞാൻ വിളിച്ചു. അവളെയും കുഞ്ഞിനെയും പിടിച്ചുകയറ്റി, പെട്ടിയും ബാഗും വണ്ടിക്കകത്തേക്ക് വലിച്ചെറിഞ്ഞ്, കുഞ്ഞിനെ അമർത്തിപ്പിടിച്ച് ഞാൻ ഓടിത്തുടങ്ങി. ഞാൻ കയറിപ്പറ്റുംവരെ അവളുടെ നിലവിളി ഉച്ചത്തിലായി. പ്ലാറ്റ്ഫോമിലെ കച്ചവടക്കാരും ചുമട്ടുകാരുമൊക്കെ എന്നെ ശകാരിക്കുന്നതും തെറിപറയുന്നതും കേൾക്കുന്നുണ്ട്. ഒടുവിലെങ്ങിനെയോ വാതിൽപ്പടിയിൽത്തൂങ്ങി, വലതുകാൽ എടുത്തുവച്ച്, കാൽക്കീഴിൽ ഓടിത്തുടങ്ങിയ പ്ലാറ്റുഫോമിൽനിന്ന് ചാഞ്ഞുയർന്നു. നീങ്ങുന്ന വണ്ടിയിൽനിന്നുകൊണ്ട്, മനുഷ്യപ്പറ്റ് പുളിച്ച തെറിയായി വർഷിക്കുന്ന പ്ലാറ്റുഫോമിലെ നല്ല മനുഷ്യരെ നോക്കി ഒരു ഇളിഭ്യച്ചിരിയും ചിരിച്ച് അകത്തെ തിരക്കിലേക്ക് ഞങ്ങൾ നൂണ്ടിറങ്ങി.
17ഉം 20ഉം ആണ് ബെർത്തുകൾ. രണ്ടും ലോവർ. മിഡിൽ ബർത്ത് തൂക്കുചങ്ങലയിൽ നേരത്തേ ഉറപ്പിച്ച് ആളുകൾ കിടന്നു തുടങ്ങിയിരുന്നു. താഴത്തെ ബർത്തിലാണെങ്കിൽ കുറച്ചു ചെറുപ്പക്കാർ കടലാസുപൊതികൾ തുറന്നുവച്ച്, കുത്തുന്ന മണമുയരുന്ന ബിരിയാണി ആഘോഷപൂർവ്വം കഴിച്ചുകൊണ്ടിരിക്കുന്നു. നല്ല തണ്ടും തടിയുമുള്ള ഒത്ത നാലഞ്ചെണ്ണം. ഞാനാകെ വലഞ്ഞു.
"അതേയ്… 17ഉം 20ഉം ഞങ്ങടെ ബെർത്താ ട്ടോ…"
"ഓ അതിനെന്താ… ഞങ്ങള് മാറിത്തരാം.. ഈ ഭക്ഷണമൊന്ന് കഴിച്ചോട്ടെ. ഒരഞ്ചുമിനിറ്റ്…"
അതിവിനയത്തോടെ അവരിലൊരാൾ പറഞ്ഞു. എന്നിട്ട് മറ്റുള്ളവരെ ഉച്ചത്തിൽ ശാസിക്കും മട്ടിൽ അവരുടെ ഭക്ഷണപ്പൊതിയെടുത്ത് ഒരു സീറ്റിലേക്ക് മാറ്റി ഞങ്ങൾക്കായി ഒരുവശം ഒഴിച്ചുതന്നു. ട്രോളിയും ബാഗും സാമഗ്രികളും സീറ്റിനടിയിൽ ഒതുക്കിവയ്ക്കുന്നതിനിടയിൽ അവരുടെ ചിരിയും ബഹളവും തുടർന്നുകൊണ്ടേയിരുന്നു. ചെറുപ്പക്കാർ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ സീറ്റുമുഴുവൻ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. നീലിമ ഒരു പേപ്പർക്കഷണം കൊണ്ട് അതു തുടച്ചുമാറ്റുന്നത് അവരോടുള്ള വെറുപ്പും ദേഷ്യവും അടക്കി ഞാൻ നോക്കിയിരുന്നു. കുട്ടികളെ രണ്ടുപേരെയും സീറ്റിൽ കിടത്തി, അവൾ വിയർപ്പാറ്റിക്കൊണ്ട് കുനിഞ്ഞുവളഞ്ഞൊതുങ്ങി കഴുത്തൊടിക്കുന്ന മിഡിൽബർത്തിനടിയിലെ ഇരുട്ടിലിരുന്നു. ആദ്യത്തെ തീവണ്ടിയാത്രയുടെ പേടിപ്പെടുത്തുന്ന അത്ഭുതത്തോടെ രണ്ടുകുഞ്ഞുങ്ങളും കിടന്നകിടപ്പിൽ ചുറ്റും പരിഭ്രമിച്ചുനോക്കിക്കൊണ്ടിരുന്നു. അമ്പരപ്പ്. രണ്ടിനും മിണ്ടാട്ടമില്ല. അവരുടെ വയറ്റിൽ മാറിമാറി മൃദുവായി തട്ടിക്കൊണ്ട്, ചെറുപ്പക്കാരുടെ ബഹളം ചൂണ്ടി നീലിമ അസ്വസ്ഥപ്പെട്ടു. ഞാൻ കണ്ണുകൊണ്ട് ‘കുഴപ്പമില്ല, മാറിക്കോളും’ എന്നർത്ഥം വരുത്തി ഞെരുങ്ങിയിരുന്നു.
ട്രെയിനിപ്പോൾ നല്ല വേഗം കൈവരിച്ചുകഴിഞ്ഞു.
മുകളിൽ മൂന്നു ദിശയിലേക്കു മാത്രമായി ഉച്ചത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനുകളിലൊന്നിനു നേരെ നീങ്ങിയിരുന്നുകൊണ്ട്, വിയർപ്പാറ്റി, ഞാൻ വണ്ടിയിലേക്കു കയറിപ്പറ്റിയ സാഹസം ഒന്നോർത്തെടുക്കാൻ ശ്രമിച്ചു. അപകടമുഹൂർത്തങ്ങൾ ഓരോന്നും എങ്ങനെയെങ്കിലും കടന്നുകൂടി സുരക്ഷിതമായതിനു ശേഷമാണ് ആ ചെയ്ത സാഹസത്തിന്റെ തരിപ്പ് ശരീരത്തിൽ ഇരച്ചുകയറുക. ഓടുന്ന വണ്ടിയിലേക്ക് കൈക്കുഞ്ഞുമായി ഓടിക്കയറിയ ബുദ്ധിശൂന്യതയുടെ വലുപ്പം അപ്പോൾ മാത്രമാണ് ഞാൻ ശരിക്കും തിരിച്ചറിഞ്ഞുതുടങ്ങിയത്. കാലെങ്ങാനും ഇടറിയിരുന്നെങ്കിൽ… പിടിച്ച പിടി വഴുതിയിരുന്നെങ്കിൽ… സ്റ്റെപ്പിൽ കാലുവയ്ക്കാൻ കഴിയാതിരുന്നെങ്കിൽ… സംഭവിച്ചതിന്റെ ആഴമറിയാതെ മലർന്നുകിടന്ന് കൈകാലിട്ടടിക്കുന്ന കുഞ്ഞുങ്ങളെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് ഞാൻ എന്റെ പരിഭ്രമം മറയ്ക്കാൻ ശ്രമിച്ചു.
ചെറുപ്പക്കാരുടെ ബഹളം പെട്ടെന്നു തീരുന്ന ലക്ഷണമില്ല. വഷളൻ തമാശകൾ ഉച്ചത്തിൽപ്പറഞ്ഞ്, രാക്ഷസീയമായി ചിരിച്ച്, കയ്യിലെടുത്ത ഭക്ഷണം മറ്റവനെ ഊട്ടാൻ ശ്രമിച്ച്, അവനതു തട്ടിത്തെറിപ്പിച്ച്, കയ്യാങ്കളിയായി, ഇടയ്ക്കിടെ ഞങ്ങളെനോക്കി കൃത്രിമഭവ്യത നടിച്ച്, ഒരസംബന്ധനാടകം തിമർത്താടുകയാണ് അവർ. ഇരുട്ടിൽ കൂനിക്കൂടിയിരിക്കുന്ന നീലിമയിലേക്ക് അവരുടെ കണ്ണുകൾ തവണവെച്ച് തെന്നിവീഴുന്നത് അവൾക്കും എനിക്കും ഒരുപോലെ അലോസരമുണ്ടാക്കി. റിസർവ്വുചെയ്ത ബർത്തിനായി കാത്തിരിക്കുന്ന കുടുംബത്തെ, മറ്റുബർത്തുകളിൽ ഉറങ്ങിക്കിടക്കുന്നവരെ, ആരെയും തരിമ്പും കൂസാതെ യൗവനം ആഘോഷിക്കുന്ന അവർ മദ്യപിച്ചിട്ടുണ്ടാവുമെന്ന് ഞാൻ ഊഹിച്ചു. അതല്ലാതെ ഇത്ര പ്രകടനപരത കാണാൻ സാദ്ധ്യതില്ല.
"ജോമോനെവടെറാ…."
കൂട്ടത്തിലൊരാൾ ഉച്ചത്തിൽ ചോദിച്ചു.
"അവൻ തൂറാൻ പോയിരിക്ക്യായിരിക്കും."
കൂട്ടച്ചിരിയിൽ കലാശിച്ച ആ ഉത്തരത്തിൽ ഞങ്ങൾ ചൂളുന്നത് നാലുപേരും ആസ്വദിച്ചു.
"ട്രെയിനിന്റെ ആട്ടത്തില് അവന് പറ്റ്വോ….?"
എന്റെ മുഖത്തെ അമർഷം കണ്ടിട്ടാവണം ആ പറഞ്ഞവൻ എച്ചിൽക്കൈകൊണ്ട് വാപൊത്തിക്കാണിച്ച് കൃത്രിമവിനയം നടിച്ചു. ഭക്ഷണം തീരുന്നതിന്റെ സൂചനകൾ തന്നുകൊണ്ട് അവർ പാർസൽ കടലാസുകൊണ്ടുതന്നെ സീറ്റിൽ ചിതറിയ ബിരിയാണിത്തരികളും എല്ലിൻ കഷണങ്ങളും അമർത്തിത്തുടച്ച് വാരിയെടുത്തു. വെള്ളക്കുപ്പികൾ മാറിമാറിക്കുടിച്ചുതീർത്ത് ഉച്ചത്തിൽ അശ്ലീലമായ ഏമ്പക്കം വിട്ടുകൊണ്ട് ഓരോരുത്തരായി എണീറ്റു. അവസാനത്തെയാളും എണീക്കാൻ കാത്ത് ഞാൻ കയ്യിൽ കരുതിയ പഴയ തുണികൊണ്ട് സീറ്റുമുഴുവൻ തുടച്ചെടുത്തു. അച്ചാറും സാലഡും തൂവിക്കിടക്കുന്നത് എത്ര തുടച്ചിട്ടും മായുന്നില്ല. അവയുടെ കലർപ്പുഗന്ധം ഓക്കാനമുണർത്തുന്നതുമാണ്. ബാഗിൽനിന്ന് കട്ടിയുള്ളൊരു ഷീറ്റെടുത്ത് കുടഞ്ഞുവിരിച്ച് ഒരാളെ മാറ്റിക്കിടത്തി ഞാനും സീറ്റിൽ കഴുത്തുമടക്കി കുനിഞ്ഞിരുന്നു. നീലിമയ്ക്ക് ഇത്തിരി ആശ്വാസമായതുപോലെ.
"അമ്മയെ വിളിച്ചില്ല ട്ടോ…"
"വണ്ടി ഓടുമ്പോ റെയ്ഞ്ച് കട്ടാവും. വിളിച്ചോ…"
"എന്റെ ഫോൺ എവിടെയാണാവോ…"
അവളതു ബാഗിൽ തപ്പുന്ന നേരംകൊണ്ട്, എന്റെ മൊബൈൽ നമ്പർലോക്കു തുറന്ന് അവളുടെ അമ്മയുടെ നമ്പർ തപ്പിയെടുത്ത് ഡയലമർത്തി അവൾക്കുകൊടുത്തു. ചിന്നു ഒറ്റയ്ക്കായതിന്റെ അങ്കലാപ്പിൽ മറ്റേ സീറ്റിൽക്കിടന്ന് എനിക്കുനേരെ കൈകാണിച്ചു കരയാൻ തുടങ്ങി. കൈ നീട്ടിയെത്തിച്ച് അവളെ സമാശ്വസിപ്പിക്കുംമട്ടിൽ കൈകളിൽ ഇക്കിളിയാക്കി ചിരിപ്പിച്ചതോടെ വീണ്ടും ട്രെയിൻശബ്ദത്തിലേക്കും കുലുക്കത്തിലേക്കും അവൾ ശ്രദ്ധതിരിച്ചു.
"ആ.. അമ്മേ ഞങ്ങള് കേറീ ട്ടോ…. കുഴപ്പമൊന്നുമില്ല."
അപ്പുറത്തുനിന്ന് തുരുതുരാ ചോദ്യങ്ങൾ വരുന്നുണ്ടെന്ന് അവളുടെ മടുപ്പുഗോഷ്ഠികൾ കാണുമ്പോൾ അറിയുന്നുണ്ട്.
"അതൊന്നും കുഴപ്പമില്ലമ്മേ… ഞങ്ങള് നോക്കിക്കോളാം.. റെയ്ഞ്ച് കട്ടാവ്ണ് ണ്ട്. എത്തീട്ട് വിളിക്കാ ട്ടോ..."
അമേരിക്കയിലുള്ള അവളുടെ അമ്മായി കൊടുത്തയച്ച, കയ്യും കാലുമൊക്കെ മൂടി ഒന്നിച്ചിറക്കിയിടാവുന്ന, തലയും ചെവിയും വരെ മൂടുന്ന ഒറ്റവസ്ത്രം ധരിച്ച് രണ്ടുസീറ്റിൽ രണ്ടാത്മാക്കൾ. ഇത്രയൊക്കെയായിട്ടും അത്ഭുതം മാറിയിട്ടില്ല. ഒമ്പതുമാസമായി. ഓർക്കുമ്പോൾ ഒമ്പതുയുഗം പോലെ. വെള്ളത്തിൽ മുങ്ങിത്താഴ്ന്നുപോയി ഇടയ്ക്കുയർന്ന് ശ്വാസമെടുത്ത് വീണ്ടും മുങ്ങുംപോലെ, വല്ലപ്പോഴും ഇരുന്നും ചാഞ്ഞും കിട്ടുന്ന ഉറക്കം മാത്രം. നീലിമയാണെങ്കിൽ വിളറിമെലിഞ്ഞ് പ്രേതംപോലായിരിക്കുന്നു. ഇപ്പോൾ അല്പമൊന്നു ശ്വാസമെടുക്കാനുള്ള സാവകാശം കിട്ടുന്നു എന്നു വേണമെങ്കിൽ പറയാം.
ഓഫീസിൽ നിന്നു വരുമ്പോൾ മിക്കവാറും കാണുന്നത് പരമദയനീയമായ ഒരു കാഴ്ചയായിരിക്കും. ബെഡ്റൂമിൽ നിലത്തു വിരിച്ച കിടക്കയിൽ ചുമരോരം ചേർന്ന് ചാരിയിരുന്ന് രണ്ടുകയ്യിലും ഓരോ കുഞ്ഞുങ്ങളെ കിടത്തി അവൾ പാലുകൊടുക്കുകയായിരിക്കും. പാലുകുടിച്ച് കുഞ്ഞുങ്ങൾ പാതിമയക്കത്തിലായിരിക്കും. അവളും മാറിടം മലർക്കെ തുറന്ന് രണ്ടുകയ്യിലും ഊർന്നുവീഴും പാകത്തിൽ കുഞ്ഞുങ്ങളെ താങ്ങി തലചരിച്ച് മയങ്ങുകയായിരിക്കും. "യാ ദേവീ സർവ്വ ഭൂതേഷു..." എന്നോർക്കാൻ ഒരു നിമിഷാർദ്ധം വിശ്വരൂപദർശനം തന്ന് അവൾ ഞെട്ടിയുണരും.
"ഒന്നുവേഗം വാ... എനിക്ക് മൂത്രമൊഴിക്കാൻ മുട്ടിയിട്ട് കുറേ നേരായി.."
കുഞ്ഞുങ്ങളെ കൈകളിൽ വാങ്ങി ഞാനെന്റെ ഡ്യൂട്ടി രജിസ്റ്ററിൽ ഒപ്പുവക്കും.
"നമുക്ക് ആരെയെങ്കിലും സ്ഥിരമായി നിർത്തിയാലോ..?"
"ഓ.. ഇത്രമാസമൊക്കെ കടന്നുകിട്ടിയില്ലേ.. ഇനിയൊക്കെ അവർ ശരിയായിക്കൊള്ളും."
"അപ്പൊഴേക്കും നിനക്കു വല്ല അസുഖവും വരും."
"അതു സാരമില്ല. അങ്ങനെ തീരെ വയ്യാതാവുമ്പൊ നോക്കാം. ഇപ്പൊ ഇങ്ങനെയൊക്കെ പോട്ടെ."

ഉച്ചത്തിൽ ബഹളംവച്ചുകൊണ്ട് ചെറുപ്പക്കാർ തിരികെയെത്തി. ഇരുട്ടിൽ പഴയസീറ്റുകണ്ടുപിടിക്കാൻ കഴിയാഞ്ഞ്, അവർ നീലിമയെ അടയാളമായി തിരിച്ചറിയുന്നത് അവളെ വിഷമിപ്പിക്കുന്നതിന്റെ കഷ്ടം ഞാൻ കടിച്ചമർത്തി. അവരന്യോന്യം ആ രഹസ്യം വിനിമയം ചെയ്യുന്നത് എല്ലാവർക്കും മനസ്സിലാകുംവിധത്തിലായിരുന്നു. അവൾ ഇത്തരം സാഹചര്യങ്ങളൊന്നും പരിചയിച്ചിട്ടില്ലാത്തതുകൊണ്ട് എന്റെ ഉത്തരവാദിത്തം ഇരട്ടിയാവുകയാണ്.
"ഹേയ്... നിങ്ങളെന്താ പിന്നെയും....? ഭക്ഷണം കഴിക്കുമ്പോൾ ശല്യം ചെയ്യേണ്ടെന്നു കരുതിയാണ് അപ്പൊഴേ... ഇതിപ്പൊ വീണ്ടും ഞങ്ങടെ സീറ്റിൽ..."
"അടങ്ങ് ചേട്ടാ... ഞങ്ങളുടെ സീറ്റ് തൊട്ടപ്പുറത്താണ്. അവിടെ ഒരു സ്ത്രീ കുഞ്ഞിന് പാലുകൊടുക്കുന്നു. അതൊന്നു കഴിഞ്ഞോട്ടെ. മോശമല്ലേ... അവിടെചെന്ന് അവരെ ബുദ്ധിമുട്ടിക്കുന്നത്?... ഇതാ ഈ മിഡിൽ ബെർത്ത് ജോമോന്റെയാ. അവനിപ്പം വരും. അതുവരെ ഞങ്ങളിവിടെയൊന്നിരുന്നോട്ടേ..."
കനത്ത ശരീരമുള്ള ആ ചെറുപ്പക്കാരെ പേടിച്ച് നീലിമ ഒന്നുകൂടി അകന്നിരുന്നു. കൂടുതൽ സ്ഥലം കിട്ടിയ സന്തോഷത്തിൽ മൂന്നുപേർ അവളുടെ ബർത്തിലിരുന്നു. കൂട്ടത്തിൽ പ്രാകൃതനായ ഒരുത്തൻ അവളോടു കൂടുതൽ ചേർന്നിരിക്കുന്നു. ഞാനാകെ സ്തംഭിച്ചുപോയി. എന്നെ തീരെ അവഗണിച്ചുകൊണ്ട് അവർ കുട്ടികളേയും നീലിമയേയും മാറിമാറി നോക്കുന്നു.
"ചേച്ചീ... എരട്ടകളാ....?"
അവളൊന്നും മിണ്ടിയില്ല.
"ഭാഗ്യം ചെയ്യണം. എരട്ടകളെ കിട്ടാൻ..."
"ചേട്ടൻ നല്ല പവർഫുള്ളായിരിക്കും അല്ലേ ചേച്ചീ?"
ഇരുട്ടിൽ ആരാണതു പറഞ്ഞതെന്ന് മനസ്സിലാക്കാനായില്ല. നീലിമ കരച്ചിലിന്റെ വക്കത്താണെന്ന് എനിക്കു മനസ്സിലായി. എനിക്കാണെങ്കിൽ കലി പെരുത്തുവരുമ്പോൾത്തന്നെ നാവിറങ്ങിപ്പോവുന്ന നിസ്സഹായതയും. രണ്ടും കല്പിച്ച് ഞാൻ എഴുന്നേറ്റുനിന്നു. എന്റെ ബർത്തിലിരിക്കുന്നവൻ എന്റെ കൈപിടിച്ച് വലിക്കാൻ തുടങ്ങി.
"ചേട്ടൻ പിണങ്ങല്ലേ.. ഞങ്ങൾ ഒരഞ്ചുമിനിറ്റ്. അതുകഴിഞ്ഞാൽ അങ്ങോട്ടു മാറിക്കോളാം."
"രാജേഷേ... ഒന്നു മിണ്ടാതിരുന്നൂടേ നിനക്ക്... സാറെത്ര ഡീസെന്റാ നോക്ക്... ഈ തങ്കക്കൊടങ്ങളെ നോക്കെടാ...."
പ്രാകൃതൻ, നീലിമയുടെ നെഞ്ചിനുകുറുകേ കൈനീട്ടി അപ്പുറത്തുകിടക്കുന്ന കുഞ്ഞിനെ താലോലിച്ചു. അശ്രദ്ധമായി അവൻ അവളുടെ മാറിലേക്ക് കൈയടുപ്പിച്ചതോടെ നീലിമ ദയനീയമായി തേങ്ങിക്കരയാൻ തുടങ്ങി. പഴകി ബലംപിടിച്ച സ്വിച്ചുകൾ തപ്പി വലിച്ചു താഴ്ത്തിക്കൊണ്ട് ഞാൻ വെളിച്ചം തെളിച്ചു. സർവ്വശക്തിയുമെടുത്ത് അവനെ വലിച്ചെഴുന്നേല്പിച്ച് ഞാൻ പിറകിലേക്കു തള്ളി. നാലുപേരും ഒന്നിച്ചെഴുന്നേറ്റു നിരന്ന് എന്നോടെതിർക്കാൻ തുടങ്ങുന്ന നിമിഷം അഞ്ചാമനൊരാൾ രംഗത്തെത്തി അവരെ ശാസിച്ച് അവിടുന്നു മാറ്റി. ഞാൻ നിന്നു വിയർക്കുന്നുണ്ടായിരുന്നു. തൊണ്ടയടഞ്ഞുപോകുന്ന പോലെ. കണ്ണുകൾ മഞ്ഞളിക്കുന്നു. കുട്ടികൾ രണ്ടും അപകടം മണത്തിട്ടെന്നപോലെ ഉച്ചത്തിൽ കരയാനും തുടങ്ങി.
പോകുന്ന പോക്കിൽ അവർ അലറുന്നുണ്ടായിരുന്നു.
"എടാ ജോമോനേ... നെനക്കു നല്ല കോളായല്ലോടാ... ഒറങ്ങിപ്പോവല്ലേ...."
നീലിമയുടെ മുഖത്ത് എങ്ങനെ നോക്കുമെന്നറിയാതെ ഞാൻ പരുങ്ങുന്നുണ്ടായിരുന്നു. രണ്ടുകൈകളിലും കുഞ്ഞുങ്ങളെയെടുത്ത് ഞാൻ കുലുക്കിയിളക്കി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സഭാമധ്യത്തിൽ വെച്ച് അപമാനിക്കപ്പെട്ട സ്വന്തം ശരീരവുമായി അവൾ എന്നിലെ ധർമ്മഷണ്ഡത്വത്തെ പരമപുച്ഛത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഞാൻ അഞ്ചായിപിരിഞ്ഞ് അവളെ രക്ഷിക്കാനാവാതെ ദീനദീനം തലതാഴ്ത്തിനിന്നു.
ജോമോൻ ആ സന്ദർഭത്തിനു യോജിച്ചവിധം കുറച്ചുനേരം മൗനം പാലിച്ച് പിന്നെ അവർക്കുവേണ്ടി ക്ഷമയാചിച്ചു.
"അവരിത്തിരി കഴിച്ചിട്ടുണ്ട്. അതിന്റെയാ ചേട്ടാ".
അവൻ വാസ്തവത്തിൽ ഇതിലൊന്നും പങ്കാളിയല്ലെന്ന് ഞങ്ങൾക്കു രണ്ടുപേർക്കും നല്ല ബോധ്യമുണ്ടായിരുന്നു. സംഭവിച്ചതെന്തെന്ന് അവനൊട്ട് അറിഞ്ഞിട്ടുമില്ല. അതുകൊണ്ട് ഇനിയതൊക്കെ തർക്കിച്ചിട്ടും കാര്യമില്ല. ഏങ്ങലടിക്കുന്ന കുഞ്ഞുങ്ങളിലൊന്നിനെ കയ്യിലേറ്റുവാങ്ങിക്കൊണ്ട് അവൻ തന്റെ മാന്യത തെളിയിച്ചു.
അടുത്ത നിമിഷം അവൻ കുഞ്ഞിന്റെ വയറ്റിലേക്കു മുഖമമർത്തി പൊട്ടിപ്പൊട്ടിക്കരയാൻ തുടങ്ങി. നല്ല ഉയരവും ഉറച്ച പേശികളും കനത്ത ഒച്ചയുമൊക്കെയുള്ള ആ പൗരുഷത്തിന് പെട്ടെന്നുണ്ടായ ഭാവപ്പകർച്ച കണ്ട് ഞങ്ങളാകെ വല്ലാതായി. പുരുഷന്മാരിങ്ങനെ കരയുന്നത് ആദ്യമായാണ് ഞങ്ങൾ കാണുന്നത്. നീലിമ പുരുഷത്വത്തിന്റെ രണ്ടറ്റങ്ങളെ അടുപ്പിച്ചുകണ്ടതിന്റെ അന്ധാളിപ്പിലായിരുന്നു.
"ഹേയ്... എന്തായിത്..."
ഞാനെന്റെ കയ്യിലെ ചിന്നുവിനെ നീലിമയുടെ കയ്യിലേൽപ്പിച്ച് അവന്റെ കയ്യിൽനിന്ന് കുഞ്ഞിനെ വാങ്ങി.
"ഇരട്ടകളാ ല്ലേ....?"
അതും പറഞ്ഞ് അവൻ വീണ്ടും ഏങ്ങലടിച്ചു.
പിന്നെ തലതാഴ്ത്തി മുഖംതുടച്ച് മൂക്കുപിഴിഞ്ഞ് ഞങ്ങളോട് പലതവണ സോറിപറഞ്ഞു. എല്ലാറ്റിനും, എല്ലാറ്റിനും. ആ ഇടവേളകളിൽ, ശരിക്കും സിനിമകളിലെന്ന പോലെ ട്രെയിനിന്റെ ഉച്ചസ്ഥായിയിലുള്ള ശബ്ദഘോഷം പശ്ചാത്തലസംഗീതമൊരുക്കുന്നുണ്ടായിരുന്നു. ഇടുങ്ങിയ സ്ഥലങ്ങളിൽ മൂന്നുപേരും മുഖത്തോടു മുഖം നോക്കാതിരിക്കാനായി തറയിലേക്കും സ്വന്തം ചെരുപ്പിലേക്കും ബെർത്തിനടിയിലെ ശൂന്യമായ ഇരുട്ടിലേക്കുമൊക്കെ പൊള്ളയായി നോക്കിക്കൊണ്ടിരുന്നു. കാതോർക്കുമ്പോൾ - ഓർക്കണ്ട കാര്യമൊന്നുമില്ല അത്രയ്ക്കുച്ചത്തിലല്ലേ അതലയ്ക്കുന്നത് - നൂറുനൂറ്റിമുപ്പതു കിലോമീറ്റർ വേഗത്തിൽ പാളംതകർത്ത് ഇരുട്ടിൽ ഏതൊക്കെയോ നാടുകളിലൂടെ പായുന്ന ഒരു മഹാവാഹനത്തിലാണ് തങ്ങളെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു.

സ്കാനിംഗിനായി വീട്ടിൽനിന്നിറങ്ങുമ്പോൾ കാറുപുറത്തെടുത്തിട്ട് അവൾ വരാനായി സ്റ്റിയറിംഗിൽ താളംപിടിച്ചിരിക്കുമ്പോഴാണ് നാവുപിഴപോലെ ആ വാക്ക് ഞാനാദ്യം ഉച്ചരിച്ചത്. ഗേറ്റടച്ച് കാറിനെ വലംവെച്ചുവന്ന് ഡോറുതുറന്ന് സാരിയൊതുക്കി ഇടതുസീറ്റിലേക്കു കയറിയിരുന്നതും സാരിക്കടിയിൽ നന്നായി തെളിഞ്ഞുകാണാവുന്ന മാതൃത്വത്തെ നോക്കിക്കൊണ്ട് ഞാനാപൊട്ടത്തരം പൊട്ടിച്ചു:
"ഇനിയിത് ഇരട്ടക്കുട്ടികളാണെന്നോ മറ്റോ പറയുമോ, ഡോക്ടർ?"
നീലിമ ശരിക്കും ആ പ്രയോഗത്തിൽ ഞെട്ടിയെന്നതു സത്യം. പക്ഷേ കൃത്രിമസ്വാഭാവികത നടിച്ച് അവൾ കൗണ്ടറടിച്ചു.
"അതിനുള്ള പുണ്യമൊന്നും നമ്മൾ രണ്ടുപേരും ചെയ്തിട്ടില്ല. ഇപ്പൊ തല്ക്കാലം വണ്ടിവിട്. ഡോക്ടറുടെ പണി ഡ്രൈവർ ചെയ്യണ്ട."
സ്കാനിംഗ് മുറിയിലേക്ക് സുമുഖനായ തമിഴൻ ഡോക്ടർ എന്നെയും വിളിച്ചപ്പോൾ ഞാൻ സന്തോഷിച്ചു. മലർത്തിയിട്ട തിമിംഗലം പോലെ ഉന്തിനിൽക്കുന്ന വയറിന്റെ പാർശ്വങ്ങളിലും മുകളിലുമായി സെൻസർ ഓടിച്ചുകൊണ്ട് അദ്ദേഹം മോണിറ്ററിൽ നോക്കി സിസ്റ്ററോട് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ഒടുവിൽ എന്നോട് ഹൃദ്യമായി ചിരിച്ച് ഹസ്തദാനംചെയ്ത് പറഞ്ഞു.
"യു ആർ ബ്ലെസ്സ്ഡ് വിത്ത് ട്വിൻസ്!"
അവളുടെ മുഖത്തേക്കുനോക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. ഞാൻ ഡോക്ടറോട് നന്ദിപറഞ്ഞു, എന്തിനെന്നറിയാതെ. നുണക്കുഴിയുള്ള സിസ്റ്ററുടെ കുസൃതിച്ചിരിയിൽ ഞാൻ ചമ്മിനിന്നതേയുള്ളൂ. അവൾക്കു നിർദ്ദേശങ്ങൾ കൊടുക്കാനായി ഡോക്ടർ എന്നോട് പുറത്തിരിക്കാനാവശ്യപ്പെട്ടു. ഇരട്ടക്കുട്ടികളാണെങ്കിൽ എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നും എനിക്കറിഞ്ഞുകൂടായിരുന്നു, ഞാൻ ആലോചിച്ചുമില്ലായിരുന്നു. തികച്ചും 'ബ്ലാങ്കാ'യിനിന്ന കുറേ നിമിഷങ്ങൾ!
അവൾ പുറത്തേക്കുവന്നതും പരിഭവങ്ങളുടെയും ശകാരങ്ങളുടെയും കെട്ടഴിച്ചുകൊണ്ടായിരുന്നു.
"ഇറങ്ങാൻ നേരത്ത് വേണ്ടാത്തതോരോന്നു പറഞ്ഞിട്ടാ ഇപ്പൊ ഇങ്ങനെയൊക്കെ...."
"എന്ത്? ഞാൻ പറഞ്ഞതോണ്ടാണോ ഒറ്റ ഇരട്ടയായത്? ഇതുനല്ല കൂത്ത്!"
"വായക്ക് ഒരു ലൈസൻസുമില്ല. പറയാൻ നല്ല രസമാ ഇരട്ടക്കുട്ടികൾ ന്നൊക്കെ. ഞാനല്ലേ അനുഭവിക്കേണ്ടത്?"
ഞാനവളുടെ മണ്ടത്തരത്തിന്റെ സൗന്ദര്യത്തിൽ അകമേ ചിരിച്ച് വണ്ടിപുറത്തെടുത്തു. വീടെത്തുംവരെ അവളൊന്നും മിണ്ടിയില്ല. വീട്ടിലെത്തിയിട്ടും അവളന്നുമുഴുവൻ മൗനമാചരിച്ചു. പാതിരാത്രിയിൽ എന്നെ വിളിച്ചുണർത്തി അവൾ ചോദിച്ചു,
"ഡോക്ടർക്ക് തെറ്റിയതാവുമോ? ശരിക്കും മോണിറ്ററിൽ നിങ്ങൾ കണ്ടതാണോ?"
അപ്പോൾമാത്രം, ഒരു വലിയ നിസ്സഹായത എന്റെ കൂടെ കുടിപാർക്കുന്ന കാര്യം ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചു. വലിയ വയറിനെ നോവിക്കാതെ ഞാനവളെ ചേർത്തുപിടിച്ചുകിടന്നു. വലിയ ചോദ്യങ്ങൾ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നില്ല. അവ അതർഹിക്കുന്ന പരിഗണനമാത്രമാണ് ആശിക്കുന്നത്. അവ ചോദ്യചിഹ്നങ്ങളല്ല, ആശ്ചര്യചിഹ്നങ്ങളാണ്.
ട്രെയിൻ ഏതോ സ്റ്റേഷനടുക്കുന്നതിന്റെ തയ്യാറെടുപ്പുകളായി വേഗം കുറച്ചു. ഞങ്ങൾ മൂവർക്കിടയിലെ - അല്ല ഐവർ - മൗനം അസഹ്യമായതോടെ ഞാൻ വെറുതേ തുടങ്ങിവെച്ചു.
"ഡൽഹിയിലേക്കാണോ?"
മിഡിൽബർത്തിനടിയിൽ ശരീരമാസകലം വളച്ചൊടിച്ച് വിഷമിച്ചിരുന്നുകൊണ്ട് ജോമോൻ മിതവാക്കായി.
"അഠാരി."
"ഓ... വാഗാ ബോർഡർ അല്ലേ?"
ജോമോൻ പ്രതിവചിച്ചില്ല.
"ബി.എസ്.എഫിലാണോ?"
അയാളുടെ ആകാരവും ഹെയർകട്ടും കണ്ടാണ് അങ്ങനെ ചോദിച്ചത്.
അതെ എന്നവൻ തലയാട്ടി.
"അവിടെയിപ്പൊ ആകെ പ്രശ്നമല്ലേ?"
വീണ്ടുമതേ മലയോര തലയാട്ടൽ.
"നാട്ടിലെവിടെയാ?"
"എരുമേലി."
അതുകൊള്ളാമല്ലോ...
ഏത് എന്നും അവൻ ചോദിച്ചില്ല.
അസഹ്യമായ അവന്റെ മൗനം എനിക്ക് വ്യാഖ്യാനിക്കാൻ കഴിയാത്തവണ്ണം അതാര്യമായിരുന്നു.
ഞാൻ ജോമോനോടും അവന്റെ കൂട്ടുകാരോടും പൊറുക്കുന്നതിന്റെ ലക്ഷണം നീലിമക്ക് അത്ര രസിച്ചില്ലെന്നു തോന്നി. ഞങ്ങളുടെ സംഭാഷണത്തിൽ തീരെ താല്പര്യം കാണിക്കാതെ അവൾ, പുറത്ത് അതിവേഗം താണ്ടുന്ന ഇരുട്ടിന്റെ അരൂപങ്ങളെ കണ്ണുകൊണ്ട് ഉഴിഞ്ഞുകൊണ്ടിരുന്നു.
ജോമോൻ ഒരു മതേതരപാലം തന്നെ! ഞാൻ വെറുതേ ഓർത്തു.
രണ്ടുവലിയ നാടകങ്ങൾക്കിടയിലെ പാലം!
അയ്യപ്പനും വാവരും ആലിംഗനം ചെയ്യുന്ന എരുമേലിയിൽനിന്നു പുറപ്പെട്ട്, നിത്യവും രണ്ടു ശത്രുരാജ്യങ്ങൾ ഹസ്തദാനം നടത്തുന്ന ഇന്ത്യ-പാക് അതിർത്തിയിലേക്ക്.

അഠാരിയെക്കുറിച്ച് അമൃത്‌സറിൽ നിന്നും ഞങ്ങളെ നാടുകാണിക്കാൻ വന്ന ഡ്രൈവർ ദിൽബാഗ് സിംഗ് പറഞ്ഞത് അപ്പോഴാണ് ഓർത്തത്. അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്തിന് പറയുന്ന പേരാണത്. വാഗാ, പാക്കിസ്ഥാന്റെ ഭാഗമാണ്. ആ സ്ഥലത്തെ പാക്കിസ്ഥാനി പേരുകൊണ്ട് വിശേഷിപ്പിക്കുന്നതുതന്നെ സിങ്ങിന് അലർജിയായിരുന്നു. അദ്ദേഹം അന്നാട്ടുകാരൻ തന്നെയായിരുന്നു. ദേശാഭിമാനിയായിരുന്നു. വിശാലമായി കിടക്കുന്ന വയലുകൾക്കുനടുവിൽ ദൂരെ ഒരു കൊച്ചുഗ്രാമം ചൂണ്ടിക്കൊണ്ട് സിങ്ങ് തന്റെ നാടുകാണിച്ചുതന്നു.
തുടർച്ചയായി മഴപെയ്തുകൊണ്ടിരുന്ന ആ മധ്യാഹ്നത്തിൽ അദ്ദേഹത്തിന്റെ തന്നെ സഹോദരന്റെ ധാബയിൽനിന്ന് സമൃദ്ധമായ പഞ്ചാബി ഥാലി ഭക്ഷണം കഴിപ്പിച്ചു. നടുവിലിട്ട കയറ്റുകട്ടിലിൽ കൊച്ചുപലകകൾ പിടിപ്പിച്ച്, എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങൾ നിരത്തി, ഗോത്രാചാരം പോലെ ചുറ്റും സ്റ്റൂളുകളിട്ട് എല്ലാവരും ഒന്നിച്ചു കഴിക്കുന്ന രീതി. ഓരോരുത്തർക്കും പ്രത്യേകം പ്ലേറ്റുകളില്ല. തീരുമ്പോൾ തീരുമ്പോൾ ചൂടോടെ വന്നുവിളമ്പുന്ന സ്വാദിഷ്ഠമായ പഞ്ചാബി വിഭവങ്ങൾ. കടയുടമയോടു നന്ദി പറഞ്ഞിറങ്ങുമ്പോൾ ദിൽബാഗ് സിംഗ് ചോദിച്ചു, എങ്ങനെയുണ്ട് എന്റെ കൂടപ്പിറപ്പിന്റെ കൈപ്പുണ്യം? ആ മുഖത്തുവിടരുന്ന അഭിമാനം അനുജനോടുള്ള സ്നേഹത്തിന്റെ പാരമ്യമായിരുന്നു.
ദൂരേനിന്നേ കാണുന്ന ഇന്ത്യൻ പതാക ചൂണ്ടിക്കൊണ്ട് സിംഗ് ഞങ്ങളെ ഭാരതീയരാക്കി. ഓരോതവണ പതാക കാണുമ്പോഴും ഞാൻ സ്ക്കൂൾകുട്ടിയായി മാറുന്നതെന്തെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ദേശഭക്തിയുമൊന്നുമല്ല, പ്രൈമറി ക്ലാസ്സുകളിലെ ഏതോ ഓഗസ്റ്റ് പതിനഞ്ചിന്റെ നാരങ്ങമിഠായിയാണ് ഈ ദൃശ്യം എന്റെ നാവിലുണർത്തുന്നത്. അന്നു കെട്ടിയ വേഷം, കാണാതെ പഠിച്ചുപറഞ്ഞ ഏതോ പ്രസംഗം, ഒക്കെ.
അതിർത്തിനാടകം കാണാനെത്തിയ ഞങ്ങളെ ബി.എസ്.എഫിലെത്തന്നെ ഒരു പരിചയക്കാരൻ അതീവരഹസ്യമെന്നോണം ഒരിടത്തേക്ക് ആദ്യം കൊണ്ടുപോയി. ഗ്യാലറികൾക്കുപിന്നിലെ പാടവരമ്പത്തേക്ക്. അതിരില്ലാതെ കിടക്കുന്ന പച്ചപ്പാടങ്ങളുടെ കരയിൽ കമ്പിവേലികെട്ടിയ ഒരിടത്തെത്തി അദ്ദേഹം ഞങ്ങളുടെ ഫോട്ടോ എടുത്തുതന്നു. നീലിമയുടെ കുസൃതി അദ്ദേഹം കണ്ടില്ലെന്നു നടിച്ചു, കമ്പിവേലിക്കിടയിലൂടെ നീട്ടി അവൾ പാക്കിസ്ഥാൻ മണ്ണിൽ 'കാലുകുത്തി'. ഫലഭൂയിഷ്ഠമായ കറുത്ത മണ്ണ്. കൊതിപ്പിക്കുന്ന സ്വച്ഛത. "തോബാ തേക് സിങ്". ഞാനറിയാതെ പറഞ്ഞുപോയി.
തലയ്ക്കുമീതെവരെ ഉയർത്തി നിലത്തടിക്കുന്ന ബൂട്ടുകളുടെ ഒച്ചയും കഥകളിയിലെ രാവണനെയും ദുശ്ശാസനനേയും ഒക്കെ ഓർമ്മിപ്പിക്കുന്ന വീരസ്യപ്രകടനങ്ങളും കണ്ടുകണ്ടിരിക്കുമ്പോൾ മഴ കനത്തു. ഓടിയൊളിക്കാൻ സ്ഥലമില്ലാതെ, ചുറ്റും പെയ്യുന്ന ദേശഭക്തിയുടെ ആരവങ്ങൾക്കിടയിൽ മുഴുകിനിൽക്കുമ്പോൾ ഗേറ്റിനപ്പുറത്തെ അപൂർവ്വ കാഴ്ചയിൽ ഞങ്ങൾ സ്തംഭിച്ചു നിന്നുപോയി. മൈൻപൊട്ടിത്തെറിച്ച് കാലുപോയ ഒരു പാക്ഭടൻ ഒറ്റക്കാലിൽ ഒരുമണിക്കൂറിലേറെയായി നൃത്തംചെയ്തുകൊണ്ടിരിക്കുന്നു. ഹിന്ദുസ്ഥാനും പാക്കിസ്ഥാനും സിന്ദാബാദ് വിളിച്ചു തൊണ്ടപൊട്ടിച്ച്, നാടകീയമായി രണ്ടുകൂട്ടരുടേയും പതാകകളഴിച്ചു മടക്കി സേനാനികൾ പിരിഞ്ഞപ്പോഴും ആ ഒറ്റക്കാലൻ നൃത്തം ഞങ്ങളുടെ മനസ്സിൽ മായാതെ നിന്നു.
താഴിട്ടുപൂട്ടിയ രണ്ടുരാജ്യങ്ങളുടെയും വലിയ ഗേറ്റുകൾക്കും അതിനു കാവൽനിൽക്കുന്ന പടുകൂറ്റൻ കാവൽക്കാർക്കും മുകളിലൂടെ സന്ധ്യാനേരത്ത് എവിടുന്നോ കുറേ പ്രാവുകൾ അതിർത്തി ലംഘിച്ച് ആകാശത്ത് പറന്നുകളിക്കുന്നത് ഞാൻ നീലിമക്കു ചൂണ്ടി.
1947 ഓഗസ്റ്റ് പതിനാലിന് അർദ്ധരാത്രി ഇരട്ടപെറ്റ രണ്ടു രാജ്യങ്ങളല്ലേ? അങ്ങനെ അവരെ വേർപിരിക്കാനാവുമോ? നീലിമയിലെ അമ്മ അന്നേ ഉണർന്നു.
"കിടക്കാറായോ?"
ജോമോന്റെ പെട്ടെന്നുള്ള ചോദ്യം എന്നെ ഉണർത്തി.
നീലിമയുടെ കാല്പാദങ്ങളിൽ മാത്രം നോക്കിക്കൊണ്ടുള്ള അവന്റെ ലക്ഷ്മണത്വം ഞാൻ ശ്രദ്ധിച്ചു. കൂട്ടുകാർക്കുവേണ്ടി അവൻ കണ്ണുകൊണ്ട് മാപ്പിരക്കുന്നുണ്ടായിരുന്നു. ട്രെയിനിന്റെ താളത്തിൽ ബർത്തിൽ പലതവണ തലയിടിക്കുന്നതും അതവൻ തടവുന്നതും ഞങ്ങൾ കാണുന്നുണ്ട്. മൂകഭാഷയിൽ ഞങ്ങൾ കിടക്കാനുള്ള ഉടമ്പടിചെയ്തു.
പുറംതിരിഞ്ഞുകിടന്ന് കുഞ്ഞിനു പാലുകൊടുക്കാനുള്ള സ്വാതന്ത്ര്യം ജോമോന്റെ ചെയ്തികളിൽ നിന്ന് നീലിമക്കു ലഭിച്ചതുപോലെ. അതറിഞ്ഞ മാന്യതയിൽ അവൻ എഴുന്നേറ്റ് വാതിലിനരികിലേക്കു പോയി.
"നല്ലവനാ അല്ലേ..."
"എന്തിനാ പുള്ളി കരഞ്ഞത്?"
"അറിഞ്ഞുകൂടാ. അധികം വർത്തമാനമില്ലല്ലോ."
കുട്ടി പാലുകുടിക്കുന്നതിന്റെ ഞൊട്ടകൾ, ട്രെയിനിന്റെ ശബ്ദത്തിലും പുറമേക്കു കേൾക്കുന്നത് നീലിമയെ നാണിപ്പിച്ചു.
എന്റെ കയ്യിൽ കിടന്ന് പാതിയുറക്കത്തിൽ പല്ലില്ലാച്ചിരി ചിരിക്കുന്ന കുഞ്ഞിനെ കാൺകെ എനിക്ക് ഉള്ളുകുളുർത്തു. ഇത്രയ്ക്കൊക്കെ ഞാനർഹിക്കുന്നുണ്ടോ എന്ന് ഇടയ്ക്കൊരു കുറ്റബോധം തോന്നും. ഏതു മഹാപുണ്യത്തിന്റെ ഫലം എന്നൊക്കെ. പക്ഷേ രണ്ടുപേരെയും കൊണ്ട് നിസ്സഹായമായി കഷ്ടപ്പെടുന്ന നീലിമയെ കാണുമ്പോൾ തിരിച്ചും മനസ്സുചൊടിക്കും. ഈ ചക്രശ്വാസമൊക്കെ ഇപ്പൊഴല്ല, കുറേക്കാലം കഴിഞ്ഞ് ഇവരോരോ വഴിക്കു പിരിഞ്ഞുപോകുമ്പോഴായിരിക്കും ഓർക്കുക എന്നും അറിയാം.

കുഞ്ഞിനെ ഉണർത്താതെ ബെർത്തിലെ ഷീറ്റിലേക്കു കിടത്തി, ഇളകി വീഴാതിരിക്കാനായി മറ്റൊരു ഷീറ്റുമടക്കി തടസ്സമായി വച്ച് ഞാനെഴുന്നേറ്റു. രാത്രിബർത്തുകളിൽ നിന്നുയരുന്ന ബഹുവിധ കൂർക്കംവലികൾ മഴക്കാലത്തെ തവളകളുടെ ഓർക്കസ്ട്ര പോലെ പലേടത്തുനിന്നായി കേൾക്കാം. ഒരാളുടെ കൂർക്കം വലിക്ക് മറ്റൊരാൾ ഉത്തരം നൽകുന്നതുപോലെയൊക്കെ തോന്നിപ്പോകും ചിലപ്പോൾ. മനുഷ്യശബ്ദങ്ങളുടെ അശ്ലീലസദിര് - ഞാനോർത്തുചിരിച്ചു.
നീലിമയോട് ഇപ്പൊവരാമെന്നാംഗ്യം കാണിച്ച് ഞാൻ കമ്പികളിൽപ്പിടിച്ച് ബാത്ത്റൂമിലേക്കു നടന്നു. അതിശക്തമായ തണുത്തകാറ്റടിക്കുന്ന വാതിലിനരികിൽ ജോമോൻ ഇരുട്ടിലേക്കു നോക്കി ശൂന്യനായി നിൽക്കുന്നത് ഇവിടുന്നേ കാണാം. ഞാൻ ബാത്ത്റൂമിലേക്കു പോകുന്നത് കാണുന്നുണ്ടെങ്കിലും അവൻ ശ്രദ്ധിച്ചതേയില്ല. പോയി തിരിച്ചുവരുമ്പോഴും അതേ നിൽപ്പുതന്നെ.
"സൂക്ഷിക്കണേ..."
കൊടും തണുപ്പിലും മലമടക്കുകളിലും നിന്ന് നാടുകാക്കുന്ന സൈനികനോട് ഞാൻ ഒരും വെറുംപറച്ചിൽ പറഞ്ഞു.
"എരുമേലിയിൽ ഞാൻ വന്നിട്ടുണ്ട്. മലയ്ക്കുപോകുമ്പോൾ. പേട്ടതുള്ളലിന്റെ സമയത്ത്."
അവൻ ചെറുതായൊന്നു ചിരിച്ചു.
"വാവരുപള്ളിക്കൊക്കെ അടുത്താണോ വീട്?"
"കൊച്ചമ്പലത്തിനു നേർക്ക്."
"പേട്ടതുള്ളൽ പുറപ്പെടുന്ന..."
"അതെ."
"ലീവ് എത്രയുണ്ടായിരുന്നു?"
"നാലുദിവസം."
"നാലുദിവസമോ?"
"അതെ."
ചെറിയൊരു മൗനത്തിനുശേഷം അവൻ പറഞ്ഞു.
"ഞാനും ഇരട്ടയാ. പക്ഷേ അവൻ... അവൻ പോയി ചേട്ടാ..."
ജോമോൻ ആഞ്ഞടിക്കുന്ന കാറ്റിൽ നീങ്ങുന്ന വാതിലിൽ തലയിട്ടടിച്ചു കരയാൻ തുടങ്ങി.
നിർത്താത്ത ഏതോ സ്റ്റേഷനിലൂടെ പായുന്ന വണ്ടി, പിരിയുന്ന പാളങ്ങളുടെ വിടവുയർത്തുന്ന ഉച്ചത്തിലുള്ള ശബ്ദഘോഷങ്ങൾക്കിടയ്ക്ക് ജോമോന്റെ കരച്ചിൽ മുക്കിക്കളയാൻ ശ്രമിച്ചു. ഞാനവനെ തൊട്ടു. കനത്തശരീരത്തിൽ ഒരു പാതി ജീവൻ കിടന്നു പിടയ്ക്കുന്നത് ഞാൻ തൊട്ടറിഞ്ഞു. പതിയെ അവനെ വാതിലിനരികിൽനിന്നു മാറ്റിനിർത്തി ഞാൻ അതു വലിച്ചടച്ചുകുറ്റിയിട്ടു.
"എന്തായിരുന്നു?"
"അവന് ജനിക്കുമ്പൊഴേ ഹാർട്ടിലെ ഒരു വാൾവിന് തകരാറുണ്ടായിരുന്നു. കുറേ ചികിത്സിച്ചു. ചാച്ചനും മമ്മിയും നേർച്ചയും വഴിപാടുമൊക്കെ കുറേ നടത്തി. രണ്ടുതവണ ഓപ്പറേഷൻ വേണ്ടിവന്നു. പക്ഷേ കാര്യമുണ്ടായില്ല."
ആകാരത്തിന് ഒട്ടും ചേരാത്ത ഒരുനീണ്ട തേങ്ങലിലേക്കു അവൻ വീണ്ടും കൂപ്പുകുത്തി. ഈശ്വരാ ഞാനെന്തുചെയ്യും എന്ന അങ്കലാപ്പിൽ നിൽക്കുമ്പോഴാണ് കുഞ്ഞ് ബെർത്തിൽ തനിച്ചാണല്ലോ എന്നോർത്തത്. ഞാൻ ജോമോനെ തൊട്ടതേയുള്ളൂ. അവൻ കൂടെവന്നു.
ഇരുട്ടിൽ, രണ്ടുബെർത്തിലേക്കും കയ്യെത്തിച്ച് രണ്ടുപേരും വീഴാതെ കാത്ത് നീലിമ തലകുനിച്ചിരിക്കുന്നു, ഉറങ്ങാതെ, കുറ്റപ്പെടുത്തലില്ലാതെ.
"കിടന്നോളൂ."
ഞാൻ ജോമോന് മിഡിൽ ബെർത്തുചൂണ്ടി. കുറ്റവാളിയെപ്പോലെ അവൻ ആജ്ഞകളനുസരിക്കുന്നു. മുഖംതരാതെ തന്നെത്തന്നെ അടക്കുന്നു. കിറ്റുകളെടുത്ത് സീറ്റിനടിയിലേക്ക് ചവുട്ടിത്തിരുകി, ബെർത്തിന്റെ ചങ്ങലകളും ഹുക്കും നേരെവീണിട്ടുണ്ടോ എന്നുറപ്പുവരുത്തി, പച്ചയ്ക്കു കയറി കിടക്കുന്നു, കണ്ണടയ്ക്കാതെ, ഓർമ്മകൾക്ക് തിന്നാൻ വിട്ടുകൊടുത്തുകൊണ്ട്.
മോളെ പതുക്കെ ചുമരരികിലേക്കു നീക്കി ഞാനും കിടന്നു. അതുകാൺകെ നീലിമയും. അവളെന്തോ കണ്ണുകൾകൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു. അതിനിടെ മോളുണർന്നപ്പോൾ അവളങ്ങോട്ടു ശ്രദ്ധിച്ചു. എന്റെ നേരെ മുകളിൽ ഒരു മഹാവേദന ഉടലെടുത്തുകിടക്കുന്നത് ഞാനറിയാൻ ശ്രമിച്ചു. ഇവരെപ്പോലെത്തന്നെ അമ്മവയറ്റിലേ എല്ലാം പങ്കിട്ടുതിന്നവർ. ലോകം ഒന്നിച്ചറിഞ്ഞവർ. ഏകാന്തത എന്ന വാക്കിന്റെ അർത്ഥമറിയാത്തവർ. വികാരങ്ങൾക്ക് സ്വകാര്യതയുണ്ടോ എന്നുതന്നെ തിരിച്ചറിയാത്തവർ.
ഇത്രകാലം എല്ലാം പകുതിയറിഞ്ഞ ജോമോൻ ഇനിമുതൽ എല്ലാം ഇരട്ടി അനുഭവിക്കുമല്ലോ എന്നോർത്തപ്പോൾ പേടിപ്പിക്കുന്ന അതിന്റെ കണക്ക് എന്നെ വിറളിപിടിപ്പിച്ചു.
ബെർത്തിൽ തലയിടിച്ചുവേദനിച്ചെങ്കിലും ഞാൻ വീണ്ടും എഴുന്നേറ്റ് കൂനിക്കൂടിയിരുന്ന് ചിന്നുവിനെയും മിന്നുവിനേയും നോക്കി, നീളമുള്ള ആഴമുള്ള അശരണമായ ഒരു നോട്ടം.
പുറത്ത് ക്രൂരമായ രാത്രിയിൽ, ഇരട്ടപ്പാളങ്ങളിലൂടെ ട്രെയിൻ അന്തംവിട്ട് കുതിച്ചുപായുന്നുണ്ടായിരുന്നു, ഒറ്റയ്ക്ക്.



Comments