top of page

ഒറ്റച്ചക്കിലിയൻ

  • Writer: Sreevalsan Thekkanath
    Sreevalsan Thekkanath
  • Jun 22
  • 12 min read

Updated: Jun 26

ree

(ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക) 

1

 

ഉറക്കത്തിലാണ്ട പള്ളൂര്‍ ഗ്രാമത്തെ ഉണർത്തുന്ന ആദ്യത്തെ ശബ്ദം വീരമണികണ്ഠന്റെ വെള്ളത്തിലേക്കുള്ള എടുത്തുചാട്ടമാണ്. ഉരുണ്ടുതടിച്ച അയാളുടെ ശരീരഭാരം ഏതു മഞ്ഞിലും മഴയിലും എന്നും വെളുപ്പിന് കൃത്യം നാലേകാലിന് പുതുക്കുളത്തിൽ വലിയ ഒച്ചയുണ്ടാക്കിക്കൊണ്ട് ചെന്നുവീഴും. തണുപ്പുതാങ്ങാനായി “ശിവശിവാ ശിവശിവാ” എന്ന് ഉറക്കെ ജപിച്ചുകൊണ്ട് അയാൾ കുളിച്ചെന്നുവരുത്തി അതിവേഗം അമ്പലത്തിലേക്കു നടക്കും. വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നാലരയ്ക്ക് പാട്ടുവെക്കുന്ന പതിവ് കടുത്ത പനിപിടിച്ചുകിടന്ന ദിവസങ്ങളിൽപ്പോലും അയാൾ മുടക്കിയിട്ടില്ല.

         നിത്യവും നാലരയ്ക്ക് പ്ലേയറിൽ ആദ്യത്തെ പാട്ട് “കണികാണുംനേരം” ആയിരിക്കും. വിഷുക്കാലത്തു മാത്രം റേഡിയോവിലും ടീവിയിലും കേൾക്കാറുള്ള ഈ പാട്ട്, വീരമണികണ്ഠൻ വന്നതിനു ശേഷം എന്നും കേൾപ്പിക്കാറുണ്ട്. അതിനായി തയ്യാറാക്കിവെച്ച പെൻഡ്രൈവില്‍ ഒരേയൊരു പാട്ടുമാത്രം! പി. ലീലയും രേണുകാദേവിയും ചേർന്നു പാടിയ അറുപതുകളിലെ ആ പാട്ട് പള്ളൂര്‍ക്കാരെ എന്നും വിഷുക്കണിയിലേക്ക് ഉണർത്തിയിരുന്നു. രാഗമാലികയിലെ പല രാഗങ്ങളിലൂടെ പൂന്താനത്തിന്റെ വരികൾ അകലേയ്ക്ക് ഒഴിവുപാറമുകളിൽ വരെ ചെന്നലയ്ക്കും. അതുകഴിഞ്ഞാല്‍പ്പിന്നെ വീരമണികണ്ഠന്റെ മനോധർമ്മം പ്രവർത്തിച്ചുതുടങ്ങും. ബുധനും ശനിയും അയ്യപ്പഭക്തിഗാനങ്ങൾ, വെള്ളിയാഴ്ച ഭഗവതി, വ്യാഴാഴ്ച ഗുരുവായൂരപ്പൻ, അങ്ങനെയങ്ങനെ. വൃശ്ചികം തുടങ്ങിയാൽ പിന്നെ എന്നും അയ്യപ്പൻ തന്നെ.

         വീരമണികണ്ഠന്റെ പാട്ടുകേട്ടാണ് അമ്പലത്തിലെ തിരുമേനിപോലും എഴുന്നേൽക്കാറ്. മണ്ഡലകാലത്തെ പ്രത്യേക ഉഷഃപൂജയ്ക്കല്ലെങ്കിൽ അമ്പലം അഞ്ചരയ്ക്കു തുറന്നാലും കുഴപ്പമൊന്നുമില്ല. നേരത്തേ വന്നു തൊഴുന്നവരുടെ തലമുറയൊക്കെ തീർന്നുപോയി. ഇപ്പോൾ അപൂർവ്വം ചില പ്രഭാതസവാരിക്കാരല്ലാതെ മറ്റാരും ആ സമയത്ത് ഉണരാറില്ല.   

         പുലര്‍ച്ചയുടെ നിഷ്ക്കളങ്കമായ നിശ്ശബ്ദതയും ആസ്വദിച്ച്, “കിരാതമൂര്‍ത്തിസഹായം” വാട്സാപ്പ് ഗ്രൂപ്പില്‍, അന്നത്തെ നാളും പക്കവും തിഥിയും മുഹൂര്‍ത്തങ്ങളുമൊക്കെ പോസ്റ്റിടലാണ് ആദ്യത്തെ പണി. പഞ്ചാംഗം നോക്കി തലേന്നുരാത്രിതന്നെ അതു തയ്യാറാക്കിവച്ചിരിക്കും.

ഇന്ന്

27/04/2020

1195 മേടം 14

തിങ്കളാഴ്ച

നക്ഷത്രം: മകയിരം

തിഥി: ചതുര്‍ത്ഥി

സൂര്യോദയം 06:11 AM സൂര്യാസ്തമയം  06:28 PM

രാഹുകാലം 07:43 AM to 09:15 AM

ഉച്ചഭാഷിണിയില്‍ “കണികാണും നേരം” പാടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഗ്രാമത്തിലെ നൂറുകണക്കിന് മൊബൈലുകളില്‍ ആദ്യത്തെ നോട്ടിഫിക്കേഷന്‍ ശബ്ദമായി ആ പോസ്റ്റ് വന്നുവീണിരിക്കും.

         രാജ്യം മുഴുവന്‍ കോവിഡിന്റെ ഭീതിയില്‍ അടച്ചിട്ടിരിക്കുന്ന ഈ ലോക്ക്ഡൗണ്‍ കാലത്തും വീരമണികണ്ഠനുമാത്രം ഒഴികഴിവുകളില്ല. ആളുകള്‍ വീടുകളില്‍ അടങ്ങിയിരിക്കാത്ത പള്ളൂരുപോലൊരു നാട്ടില്‍ മാര്‍ച്ചുമാസം പകുതിമുതല്‍ ശ്മശാനമൂകതയാണ്. എല്ലാവരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായ ക്ഷേത്രംപോലും അടച്ചിട്ടിരിക്കുന്ന അവസ്ഥ. നിത്യപൂജ മാത്രം മുടങ്ങിയില്ലെന്നു പറയാം. മാസ്ക്കിട്ടു നടക്കാന്‍ മടിയും പേടിയുമുണ്ടായിരുന്ന ആദ്യകാലത്തുനിന്ന് കാര്യങ്ങള്‍ കുറച്ചു മെച്ചപ്പെട്ടു. നാട്ടുകാരുടെ മുമ്പില്‍ പുതിയ ഹനുമാന്‍മുഖവുമായി പ്രത്യക്ഷപ്പെടാന്‍ മടിച്ചവര്‍ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ഇടപെടല്‍കൊണ്ട് പതുക്കെ മാസ്ക്കുകള്‍ ധരിച്ചുതുടങ്ങി. വീരമണികണ്ഠനാകട്ടെ, മാസ്ക്ക് ഊരി വളപോലെ കൈത്തണ്ടയില്‍ അണിഞ്ഞു നടക്കും.

നേരം വൈകിയെന്നുകരുതി, ധൃതിയില്‍ തലതുവര്‍ത്തുന്നതിനിടയില്‍ എവിടെനിന്നോ പാട്ടും താളവും കേട്ടതുപോലെതോന്നി, അയാള്‍ തുവര്‍ത്തുന്നതു നിര്‍ത്തി. നേരാംവണ്ണമാണെങ്കില്‍ കഴിഞ്ഞ നാലുരാത്രികൾ മുഴുവൻ നീണ്ടുനില്‍ക്കുന്ന കണ്യാർകളി കഴിഞ്ഞ് ഗ്രാമം അതിഗാഢമായി ഉറങ്ങുന്ന അഞ്ചാം ദിവസം പുലർച്ചെയായിരിക്കും അത്. രാവെളുക്കുവോളം ഗ്രാമം ആര്‍ത്തുല്ലസിച്ച്, രണ്ടുദേശങ്ങളും മത്സരിച്ച് പൊറാട്ടുകള്‍ അവതരിപ്പിച്ച്, അരങ്ങുതകര്‍ക്കുന്ന അഭ്യാസപ്രകടനങ്ങളുമായി നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ഹാങ്ഓവറിലായിരിക്കും അന്ന്. ഇതിപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം രാത്രി ഒമ്പതുമണിക്ക് ഏഴുപേര്‍ ഇരുകൈ അകലത്തില്‍നിന്ന്, ശാസ്ത്രത്തിന് വട്ടക്കളി മാത്രം കളിച്ച് അവസാനിപ്പിക്കുകയായിരുന്നല്ലോ. ആചാരം മുടങ്ങരുതെന്നു കരുതിമാത്രം കഴിച്ചുകൂട്ടിയ ചടങ്ങ്. എന്നിട്ടും ഇലത്താളത്തിന്റെയും ചെണ്ടയുടെ വലന്തലയുടെയും ശബ്ദം ഇപ്പോള്‍ എങ്ങനെ കേള്‍ക്കാനാണ്? അയാള്‍ ആശ്ചര്യപ്പെട്ടു. തിടുക്കത്തില്‍ പടവുകൾ കയറി അമ്പലത്തിലേക്കു നടക്കുമ്പോൾ പാട്ടിന്റെ ഒച്ച കൂടിക്കൂടി വരുന്നതായി അയാളറിഞ്ഞു. ദൂരേനിന്നേ ഉച്ചത്തിൽ കേൾക്കുന്നത് ഇലത്താളത്തിന്റെ ഇടവിട്ടുള്ള വീഴ്ചകളാണ്. അതാണ് കണ്യാർകളിപ്പാട്ടിന്റെ മുദ്ര. ഇലഞ്ഞിത്തറ കഴിഞ്ഞ് പന്തൽകാണാറായപ്പോൾ വീരമണികണ്ഠൻ ഒന്നു നിന്നു. ഇല്ല, പന്തലിൽ ആരുമില്ല, കളിയുടെ അവസാനചടങ്ങായ പൂവാരൽ കഴിഞ്ഞ് പുണ്യാഹം തെളിച്ച് പന്തൽക്കാലുകൾ തമ്മിൽ ചരടുകൊണ്ട് ബന്ധിച്ചുവച്ചതാണ്. ഇനി ഇത് ഏഴുദിവസം ഇങ്ങനെ കിടക്കും[i]. താനിത് കുട്ടിക്കാലം മുതലേ കാണുന്നതാണ്. തിമിർത്തുകളിച്ച നാലു രാത്രികളുടെ ആലസ്യംപൂണ്ട ഓർമ്മകളുമായി, കുരുത്തോലകൾകൊണ്ട് സമൃദ്ധമായി അലങ്കരിച്ച ആ പന്തലങ്ങനെ നിന്ന് ഉണങ്ങിയുണങ്ങിപ്പോകുന്നത്. പക്ഷേ ഇപ്പോഴിതാ ഉച്ചത്തിൽ അതിനകത്തുനിന്ന് പാട്ടുകേൾക്കുന്നു. കാൽച്ചിലങ്കയുടെ ശബ്ദം പന്തലിൽ അടുത്തും അകന്നും കേൾക്കുന്നു. വീരമണികണ്ഠന് കാലിന്റെ പെരുവിരലിൽനിന്ന് ഒരു തരിപ്പു പടർന്നു.

“തിനതേന്തിന തിനതേന്തിന തിനതേന്തിന തിനനാ

തിനതേന്തിന തിനതേന്തിന തിനതേന്തിന തിനനാ...”

ക്ലബ്ബിന്റെ മുന്നിലെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് മതിലിലേക്കു വലിച്ചുകെട്ടിയ ഫ്ലക്സിൽ തെളിഞ്ഞുകാണുന്ന ചിത്രത്തിലേക്ക് വീരമണികണ്ഠൻ പാളിനോക്കി. “പള്ളൂരിന്റെ ഒരേയൊരു ഒറ്റച്ചക്കിലിയന് വിട”. മേക്കപ്പും തലപ്പാവും ചുരുളും വേയ്സ്റ്റ്കോട്ടും കയ്യലകുമായി ചിരിച്ചുനിൽക്കുന്ന കുളങ്ങര മഠത്തിൽ രവീന്ദ്രനാഥൻ നായർ എന്ന രവിയേട്ടന്റെ കണ്യാർകളി വേഷത്തിലുള്ള ആ ചിത്രം പുലരിക്കാറ്റിൽ ‘പടപടാ’ ശബ്ദമുണ്ടാക്കിക്കൊണ്ട് ആടിയുലഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായതുകൊണ്ട് സംസ്ഥാനാതിര്‍ത്തി കടത്തി ബോഡി കൊണ്ടുവരാന്‍ കഴിയാതെ കര്‍ണ്ണാടകത്തില്‍ത്തന്നെ സംസ്കരിക്കേണ്ടിവന്നതോടെ രവിയേട്ടന്റെ സാന്നിധ്യം ഒന്നുകൂടി രൂക്ഷമായി. തിരുമേനി കുളികഴിഞ്ഞുവന്ന് നടതുറക്കാൻ ഇനിയും സമയമെടുക്കും. അതുവരെ ഇവിടെയിങ്ങനെ നിൽപ്പ് പന്തിയല്ലെന്നുകണ്ട്  വീരമണികണ്ഠൻ അന്ന് ക്ഷേത്രത്തിൽ പാട്ടുവയ്ക്കാതെ മടങ്ങി.

ree

 

2

റയിൽവേ സർവ്വീസിൽനിന്നു റിട്ടയർചെയ്തു വന്ന് നാട്ടിൽ ഒരു വീടുവയ്ക്കണമെന്നു തീരുമാനിച്ചപ്പോൾ രവിയേട്ടന് ഒരുകാര്യത്തിൽ വാശിയുണ്ടായിരുന്നു. പുതുക്കുളത്തിനു ചുറ്റുമുള്ള ഏതെങ്കിലുമൊരു പ്ലോട്ടിലായിരിക്കണം തന്റെ വീട്. വലിയ കുളത്തിനു ചുറ്റുമാവുമ്പോൾ ധാരാളം കാറ്റും വെളിച്ചവും കിട്ടും. അമ്പലവും ആളുകളും ഉത്സവവുമൊക്കെ ഇവിടെയിരുന്നേ ആസ്വദിക്കാം.

അയ്യപ്പന്‍വിളക്കിന്‍റെ താലപ്പൊലിയ്ക്ക് നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇരുവരിയായി നിന്ന് താലത്തില്‍ വിളക്കുമേന്തി കുളത്തിനെ പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതിന്‍റെ പ്രതിഫലനം കുളത്തില്‍ സൃഷ്ടിക്കുന്ന ദീപജാലം കണ്ട് കണ്‍കുളിര്‍ക്കാം. ഓണപ്പിറ്റേന്ന് അവിട്ടത്തല്ലിന് പടിഞ്ഞാറേ മുറിക്കാര്‍ കച്ചകെട്ടി ഭസ്മംപൂശി ആര്‍ത്തലറി “ധൂ.. ധൂ.. ധൂ.. ധൂയ്..” എന്ന് ഉച്ചത്തില്‍ ആക്രോശിച്ച് കുളംചുറ്റി ഓടിയെത്തുന്ന കാഴ്ച അത്ഭുതത്തോടെ കാണാം. പള്ളൂരിന്‍റെ മാനസസരോവരം എന്നു കൊതിപ്പിക്കുന്ന നീലനിശ്ചലത കണ്ടുകണ്ട് നേരംപോക്കാം!

 അങ്ങനെ നോക്കിനോക്കി അദ്ദേഹത്തിന് വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ നേരെ എതിർക്കരയിലുള്ള ഉയർന്ന പ്ലോട്ടുകിട്ടി. അവിടെ രണ്ടരവർഷമെടുത്താണ് “പ്രതീക്ഷ” എന്നു തന്നെ പേരിട്ട ഇരുനില ബംഗ്ലാവ് അദ്ദേഹത്തിന് പണിയാൻ കഴിഞ്ഞത്. വീടുപണിസമയത്തുമുഴുവൻ - ഓരോ കല്ലുവയ്ക്കുമ്പോഴും എന്ന മട്ടിൽ - കൂടെനിന്ന് തന്റെ ആത്മാവ് ഊതിയൂതി ആ വീട്ടിൽ അദ്ദേഹം നിറച്ചിട്ടുണ്ട്. കർണ്ണാടകത്തിലെ ഹുബ്ലിയിലായിരുന്നു തന്റെ സർവ്വീസിന്റെ മുക്കാൽ പങ്കും. കന്നടത്തിൽ ജനിച്ചുവളർന്ന ഒരു മലയാളിയെത്തന്നെ വിവാഹം കഴിച്ച്, വീടുവച്ച്, രണ്ടാൺമക്കളെ വളർത്തി, അവർക്കു ജോലിയാക്കുംവരെ രവിയേട്ടൻ മുപ്പത്തേഴുവർഷമായി ഹുബ്ലിയിൽതന്നെയാണ്. ഭാര്യ രാധ കന്നടസാഹിത്യത്തിന്റെ കടുത്ത ആരാധികയാണ്. മലയാളം നേരെ സംസാരിക്കാൻ പോലുമറിയില്ല. മക്കളാണെങ്കിൽ കന്നടത്തുകാരികളെ വിവാഹം ചെയ്ത് അവിടെത്തന്നെ സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. നാട്ടിലേക്കുള്ള വരവ് അപ്പോൾ രവിയേട്ടൻ മാത്രമായി. വീടുപണിസമയത്ത് കന്നടയാത്രകൾ വളരെ വിരളമായിരുന്നു. ആദ്യമൊക്കെ തറവാട്ടിൽ താമസിച്ചെങ്കിലും ഒന്നാംനിലയുടെ വാർപ്പു കഴിഞ്ഞതുമുതൽ അദ്ദേഹം ജനാലയും വാതിലുമില്ലാത്ത, കെട്ടിക്കൊണ്ടിരിക്കുന്ന ആ വീട്ടിൽത്തന്നെയാണ് അന്തിയുറങ്ങിയത്. “ഇങ്ങനെയൊരു വീട്ടുപ്രാന്തൻ” എന്ന് നാട്ടുകാർ നേരിട്ടുതന്നെ അദ്ദേഹത്തെ അധിക്ഷേപിക്കും. അദ്ദേഹം അതൊരു പ്രശംസയായിട്ടാണെടുക്കുക.

ഗൃഹപ്രവേശം കഴിഞ്ഞ് അടച്ചിട്ട വീട് പിന്നീട് അടുത്ത വർഷം കണ്യാർകളിസമയത്താണ് തുറന്നത്. ഗ്രാമത്തിന്റെ ഹൃദയഭാഗത്തായതു കൊണ്ട് ഗ്രാമവാസികള്‍ക്ക് ദിവസത്തിലൊരിക്കലെങ്കിലും പുതുക്കുളത്തിനെ ചുറ്റിയുള്ള ആ വഴിയിലൂടെ കടന്നുപോകേണ്ടിവരും. കാലങ്ങളെടുത്ത് രവിയേട്ടൻ നാഗമാണിക്യം പോലെ ഊതിയുണ്ടാക്കിയ ‘പ്രതീക്ഷാ’വീട്, ജീവന്റെ അനക്കത്തിനായി പ്രതീക്ഷിച്ചിരിക്കുന്നത് കണ്ട് ആളുകൾ കഷ്ടംവെയ്ക്കും. മുറ്റത്തെ മാവിൽ തേനീച്ചക്കൂടുപൊലെ പൊതിഞ്ഞിരിക്കുന്ന മാങ്ങകൾ വരുന്നവരും പോകുന്നവരും കല്ലെറിഞ്ഞുവീഴ്ത്തി എടുത്തുകൊണ്ടുപോവും. ഉണങ്ങിവീഴുന്ന തേങ്ങകൾ നാട്ടുകാർക്കുള്ളത്. വരിക്കപ്ലാവിലെ തേന്‍വരിക്കകള്‍ അനാഥമായി നിന്ന് ജന്തുജാലങ്ങള്‍ തിന്ന് താഴെ വീണുകിടന്ന് അളിയും. മുറ്റത്തും തൊടിയിലും കരിയിലകളും തെങ്ങോലകളും മടലുമൊക്കെ വീണുനിറഞ്ഞ് ‘പ്രതീക്ഷ’, നിരാശയുടെ നെടുവീര്‍പ്പുതിര്‍ക്കും. ഓരോതവണ രവിയേട്ടൻ നാട്ടിലേക്കു വരുമ്പോഴും മൂന്നും നാലും ദിവസമെടുത്താണ് ആ വീട് ഒന്നു ശ്വസിക്കാൻ പാകത്തിലാകുന്നത്.

ആറുമാസം കൂടുമ്പോൾ ഒരാഴ്ച നിൽക്കാൻ പാകത്തിൽ രവിയേട്ടൻ നാട്ടിലേക്കു വരും. റെയിൽവേ ഹോസ്പിറ്റലിൽ ചെന്ന് സൗജന്യമായ ഹെൽത്ത് ചെക്കപ്പ് കഴിഞ്ഞു വരുന്ന വഴി, തേങ്കുറിശ്ശി ബീവറേജസിന്റെ പ്രീമിയം കൗണ്ടറില്‍ കയറി തന്റെ ഇഷ്ടബ്രാന്റുമായി അദ്ദേഹം തിരിച്ചെത്തും. ലൈസൻസായല്ലോ. വീട്ടിലെത്തി, മുകളിലെ ബാൽക്കണിയിൽ ചാരുകസേരയും ടീപ്പോയും എടുത്തുവച്ച്, അണ്ടിപ്പരിപ്പും ബദാമും കൊറിച്ച്, കയ്യിലെ ഗ്ലാസ്സിലെ അമൃതുനുണഞ്ഞ്, മുന്നിലെ വിശാലമായ നാട്ടിൻപുറക്കാഴ്ചയിൽ സ്വയം മറന്ന്, ഓർമ്മകൾക്ക് വലിച്ചുപറിച്ചു തിന്നാനായി തന്നെ പച്ചയ്ക്കിട്ടുകൊടുത്ത് അങ്ങനെയങ്ങനെ അദ്ദേഹം ആ രാത്രി കഴിച്ചുകൂട്ടും. പിറ്റേന്നുമുതൽ വീടുവൃത്തിയാക്കലും അറ്റകുറ്റപ്പണികളും തന്നെ. സ്വന്തം ശരീരത്തെപ്പോലും ആരും ഇത്രയ്ക്കു ശുശ്രൂഷിക്കില്ലെന്ന് കാണുന്നവർ അസൂയപ്പെടും. അത്രയ്ക്ക് ഗാഢമാണ് രവിയേട്ടന് “പ്രതീക്ഷ”യോടുള്ള ബന്ധം.

 

ree

3

         ജനുവരി, ഫെബ്രുവരി മാസങ്ങളായാൽത്തന്നെ രവിയേട്ടൻ നാട്ടിലേക്കുള്ള ഒരുക്കങ്ങളാരംഭിക്കും. വിഷുകഴിഞ്ഞ് പിറ്റേന്ന് വിഷുവേല. പിന്നെ ഇടക്കളി എന്ന നാലുനാൾ അഭ്യാസം. പത്താംനാൾ വേട്ടക്കരുമൻ പാട്ടും കളമെഴുത്തും. പിറ്റേന്ന് കണ്യാർകളി ആരംഭിക്കും. അതിൽ രണ്ടാംദിവസമാണ് കാലങ്ങളായി താൻ കളിച്ചുവരുന്ന ‘ഒറ്റച്ചക്കിലിയൻ’ എന്ന പൊറാട്ട്. അത് ആർക്കും വിട്ടുകൊടുക്കാറില്ല. അമ്മാവൻ കളിച്ച് പേരെടുത്ത ഒന്നായിരുന്നു ആ പൊറാട്ട്. അമ്മാവൻ ജീവിച്ചിരിക്കെത്തന്നെ തനിക്കു ചുവടുകളും പാട്ടും പറഞ്ഞുതന്നു. ഈ പൊറാട്ടിന് പ്രധാനം അതിന്റെ നെടുനെടുങ്കൻ സംഭാഷണങ്ങളാണ്. ‘വാണാക്ക്’ എന്നാണ് അതിന് കണ്യാർകളിയിൽ പറയുക. സഭയിലേക്കു വന്ന അപരിചിതനോട് ഊരും പേരും ഉദ്ദേശവും ചോദിച്ചറിയുന്നതും, അതിന് കളിക്കാരൻ തന്റേതായ ഭാഷയിൽ മറുപടി പറയുന്നതുമാണത്. ഈ കളിയിൽ അത് കടുകട്ടി തത്വചിന്തതന്നെയാണ്. അത്രയും ദൈർഘ്യമുള്ള വാക്യങ്ങൾ - ചക്കിലിയനായതുകൊണ്ട് തമിഴിലാണ് ചോദ്യവും ഉത്തരവുമൊക്കെ –കാണാതെ, തെറ്റാതെ പറയാൻ ആർക്കും കഴിയില്ല. അതുകൊണ്ടാണ് ഈ വയസ്സിലും രവിയേട്ടൻതന്നെ അതു വർഷംതോറും കെട്ടുന്നത്. പ്രത്യേക ഈണത്തിൽ ഉച്ചത്തിൽ താളത്തിൽ അദ്ദേഹം അതു പറയുന്നതു കേൾക്കാൻ നല്ല രസമാണ്. വലിയ ശരീരം കൊണ്ടു കളിക്കുമ്പോള്‍ ചലനങ്ങളെല്ലാം അതിശയോക്തിപരമായിമാറും. ശരീരഭാരംകൊണ്ട് ഓരോ ചുവടും ഭൂമികുലുക്കിക്കൊണ്ടും പൊടിപറത്തിക്കൊണ്ടും താണ്ഡവമാടും. ഒറ്റയ്ക്കൊരാള്‍ അരങ്ങുനിറയ്ക്കുന്ന അത്ഭുതപ്രതിഭാസം. ഇടതടവില്ലാതെ, ഒന്നരമണിക്കൂറിലേറെ സമയം കളിപ്പന്തലിൽ, എല്ലാവരുടെയും നോട്ടപ്പാടിൽ ചുവടുപിഴയ്ക്കാതെ കളിച്ചുതീർക്കാൻ അസാമാന്യമായ സിദ്ധിതന്നെവേണം. ഓരോ വട്ടവും കാലുകളുടെ വിന്യാസത്തില്‍ രവിയേട്ടന്‍ പുതുമകൊണ്ടുവരാന്‍ ശ്രമിക്കും. അത് മനോധര്‍മ്മമാണ്. കണ്യാര്‍കളിയില്‍ മുഖഭാവത്തിന് പ്രാധാന്യമില്ല. പക്ഷേ താളക്കണക്കുകളെ കാലുകള്‍കൊണ്ടു വ്യാഖ്യാനിക്കുന്നതിലാണ് ഓരോരുത്തരുടെയും വ്യക്തിത്വം. രവിയേട്ടന്റെ ഒറ്റച്ചക്കിലിയന്‍ കാലുകള്‍ കാണാന്‍ നെന്മാറയില്‍നിന്നും മഞ്ഞളൂരില്‍നിന്നുമൊക്കെ കളിപ്രേമികള്‍ വന്നെത്താറുണ്ട്.

         പഴകിപ്പിഞ്ഞിയ ഒരു നോട്ടുബുക്കിലാണ് രവിയേട്ടന്‍ കളിയുടെ പാട്ടും വാണാക്കുമൊക്കെ എഴുതിവച്ചിരുന്നത്. ഓരോതവണയും അതദ്ദേഹം ഉരുവിട്ടുപഠിക്കും. വീടുകെട്ടിപ്പൂര്‍ത്തിയാക്കിയതില്‍പ്പിന്നെ അതിന്റെ മുകളിലെ ബാല്‍ക്കണിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഉച്ചത്തില്‍ തമിഴ്‍കലര്‍ന്ന ഭാഷയില്‍ ചോദ്യോത്തരങ്ങള്‍ പറയുന്നത് പള്ളൂരുകാര്‍ പലതവണ കണ്ടിട്ടുണ്ട്.

“സാപ്പൂസലാം....”

“അടേ നീയാര്‍?”

“ചക്കിലിയപ്പയ്യനയ്യാ സ്വാമീ…”

“നീ എന്ത ഊര്‍ ചക്കിലിയനെടാ?”

“കൊങ്കുനാട്ടുമാതാരി മലയാളത്ത് ചക്കിലിയപ്പയ്യനയ്യാ സ്വാമീ…”

“നീങ്കള്‍ ആരെല്ലാം കൂടി വന്തിരിക്ക്ത്?”

“നാങ്കള്‍ അണ്ണന്‍ തമ്പി, മാമന്‍ മച്ചാന്‍ നാലുപേരോടു വന്തിരിക്ക്ത് സ്വാമീ…”

“അവാളെല്ലാം എങ്കെ പോയിരിക്ക്?”

“അവാള്‍ നാലുദിശൈക്ക് പോയിരിക്ക് സ്വാമീ…”

“ഏതെല്ലാം ദിശൈയ്ക്ക് പോയിരിക്ക്?”

“തെക്കെന്‍റ് ഒരു ദിശൈ, വടക്കെന്‍റ് ഒരു ദിശൈ, മേര്‍ക്കെന്‍റ് ഒരു ദിശൈ, കിഴക്കെന്‍റ് ഒരു ദിശൈ. ഇപ്പടി നാലു ദിശൈയ്ക്ക് പോയിരിക്ക്തയ്യാ സ്വാമീ…”

ചക്കിലിയന്റെ ഭാഷയ്ക്ക് അസാമാന്യ വ്യാകരണശുദ്ധിയും പ്രയോഗവൈഭവവുമുണ്ടാവണമെന്ന് രവിയേട്ടന് നിര്‍ബന്ധമാണ്. മുഴക്കവും ഗാംഭീര്യവും തെറിച്ചുവീഴുന്ന ഭാഷകൊണ്ട് സദസ്സിനെ പിടിച്ചിരുത്തണം. ജാതിയില്‍ അതിനീചനും തൊഴില്‍കൊണ്ട് ചെരുപ്പുകുത്തിയും സംസ്കാരംകൊണ്ട് ചത്തപശുവിനെ തിന്നുന്നവനുമാണെങ്കിലും ഇവന്‍ സാക്ഷാല്‍ പരമശിവന്റെ അവതാരവും വേദോപനിഷത്തുകളും ശാസ്ത്രങ്ങളുമെല്ലാം അരച്ചുകലക്കിക്കുടിച്ചവനും ആണെന്നാണ് കളിയില്‍ സ്ഥാപിക്കാന്‍ പോകുന്നത്. നിസ്സാരനായ താന്‍ നാട്ടുപ്രമാണിമാരെയും കാണികളേയും തത്വോപദേശം ചെയ്ത് ഉദ്ധരിക്കാനെത്തിയവനാണെന്നു ബോധ്യപ്പെടണമെങ്കില്‍ അതിനുള്ള ഗാംഭീര്യം തന്റെ പ്രകടനത്തിലുണ്ടായിരിക്കണം. പള്ളൂര്‍ ഗ്രാമത്തില്‍ അത്രയ്ക്കു ശാസ്ത്രജ്ഞാനം രവിയേട്ടനെ കഴിഞ്ഞേ മറ്റാര്‍ക്കെങ്കിലുമുള്ളൂ. അഭ്യാസവേളയില്‍ കളിയാശാന്‍ രവിയേട്ടനോടാണ് ഉപദേശം തേടാറുള്ളത്. പാട്ടും വിരുത്തവും സംഭാഷണങ്ങളും എഴുതിവച്ച നോട്ടുപുസ്തകവുമായി കളിയച്ഛന്‍ കുഞ്ഞിക്കുട്ടനാശാന്‍, അഭ്യാസത്തിനു നേതൃത്വം നല്‍കുമ്പോള്‍ രവിയേട്ടന്‍ അദ്ദേഹത്തെ പരിഹസിക്കും.

“ഏട്ടേ, പത്തറുപതു കൊല്ലമായില്ലേ ഈ കളിയും കൊണ്ടു നടക്കുണൂ? ന്നീം പുസ്തകം ഉപേക്ഷിക്കാറായില്ലേ?”

“അതുപിന്നെ, സംഗതി ഒറ്റച്ചക്കിലിയനാ രവീ... മൂന്നരമണിക്കൂര്‍ കളിക്കുന്ന ‘മാരിയമ്മ’യും ‘വേട്ടുവക്കണക്കരും’ എനിക്ക് നിസ്സാരമാണ്. ഇതങ്ങനെയല്ല. ലോകശാസ്ത്രകാവ്യതത്വങ്ങള്‍ മുഴുവന്‍ മനഃപാഠമാക്കണം. ഇവന്‍ ചില്ലറക്കാരനല്ല.”

“ഏതുറക്കത്തിലും എന്നോടു ചോയിച്ചോളൂ. ഞാന്‍ തെറ്റാതെ പറയാം. കളികഴിഞ്ഞാലും കുറേദിവസത്തേക്ക് ചക്കിലിയന്‍ എന്നില്‍നിന്ന് ഇറങ്ങിപ്പോകാറില്ല.”

അപ്പറഞ്ഞതു ശരിയാണെന്നു ബോധ്യപ്പെടുത്തും വിധത്തില്‍, പുതുക്കുളത്തിന്റെ വക്കത്തുകൂടി നടക്കുന്ന പള്ളൂരുകാര്‍, അക്കൊല്ലത്തെ കണ്യാര്‍കളി കഴിഞ്ഞിട്ടും അടുത്ത ചില രാത്രികളില്‍ “പ്രതീക്ഷാ”വീട്ടിന്റെ മട്ടുപ്പാവില്‍നിന്ന് ഉച്ചത്തിലുള്ള രവിയേട്ടന്റെ വാണാക്കുകള്‍ കേള്‍ക്കാറുണ്ട്:

“ആനാല്‍ സ്വാമീ.... അതെപ്പടിയെന്റാല്‍...”

“പരാപരങ്കളില്‍ പരം തോന്റീ...”

“പരത്തില്‍ ശിവന്‍ തോന്റി, ശിവനില്‍ ശക്തി തോന്റി, ശക്തിയില്‍ പുത്തി തോന്റി, പുത്തിയില്‍ ഭൂതാവി തോന്റി, ഭൂതാവിയില്‍ ബിന്ദു തോന്റി, ബിന്ദുവില്‍ വായു തോന്റി, വായുവില്‍ ആകായം തോന്റി, ആകായത്തില്‍ ഇരവി തോന്റി, ഇരവിക്ക് പരവി തോന്റി, പരവിയില്‍ പക്ഷി തോന്റി, പക്ഷിയില്‍ അന്നം തോന്റി, അന്നത്തില്‍ രസം തോന്റി, രസത്തില്‍ ശുക്ലം തോന്റി, ശുക്ലത്തില്‍ ശോണിതം തോന്റി, ശോണിതത്തിന്‍ നടുവിലേ ഒരു ചുഴിയുണ്ടായി, മെയ്യപ്രമാണമെന്റ് ഒരു ദ്വാരവും, അഞ്ച് പഞ്ചഭൂതവും ഒമ്പതു ദ്വാരവും തൊണ്ണൂറ്റിയാറു തത്വവും കുടിയിരുക്കിറ ഒരു കട്ടയിരുക്കുത്, അന്ത കട്ടയിലേ വന്തു പിറന്തിരുക്കിറത്...” 

താഴെ വഴിയരികില്‍ അതു കേട്ടുനില്‍ക്കുന്നവര്‍ കോരിത്തരിക്കും. ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. തമിഴ് ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനസങ്കല്പങ്ങള്‍. ഇതൊക്കെ അരച്ചുകലക്കിക്കുടിച്ചവനാണ് ഒറ്റച്ചക്കിലിയന്‍. അതിന്റെ മുപ്പൊരുളുകളായ ‘പതി, പശു, പാശം’ എന്നിവയെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ രവിയേട്ടന്‍ പലനാളുകളായി പഠിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മാണ്ഡം മുഴുവന്‍ നിര്‍മ്മിച്ചിരിക്കുന്നത് ഈ മൂന്നു പൊരുളുകളാലാണ്. ഈശ്വരന്‍ എന്ന പ്രാഥമികശക്തി, ജീവന്‍ എന്ന രണ്ടാം പൊരുള്‍, അറിവില്ലാത്ത ജഡങ്ങളായ മൂന്നാം പൊരുള്‍. ഇതല്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. പതിനാല് ശൈവശാസ്ത്ര ഗ്രന്ഥങ്ങളി‍ല്‍ തലയായ ‘ശിവജ്ഞാനബോധ’മാണ് രവിയേട്ടന്‍ ആവര്‍ത്തിച്ചു വായിച്ചുപഠിച്ചത്. പതിമൂന്നാം നൂറ്റാണ്ടില്‍ മെയ്കണ്ടാര്‍ എന്ന മഹായോഗി രചിച്ച ഈ ഗ്രന്ഥത്തില്‍ 12 സൂത്രങ്ങളിലായി ആകെ നാല്‍പതു വരികളേയുള്ളൂ. പക്ഷേ പ്രപഞ്ചതത്വങ്ങള്‍ മുഴുവന്‍ ഈ കുറച്ചുവരികളിലായി അദ്ദേഹം സംഗ്രഹിച്ചിരിക്കുന്നു. ചിദംബരം നടരാജരെ മനസ്സില്‍ ധ്യാനിച്ച് ഓരോ തവണ വായനയ്ക്കിരിക്കുമ്പോഴും രവിയേട്ടന്‍ “തിരുച്ചിറ്റമ്പലം” എന്ന് പ്രാര്‍ത്ഥിക്കും. വായന മുഴുമിക്കുമ്പോഴും ശിവസാന്നിധ്യം ഉറപ്പാക്കാനായി “തിരുച്ചിറ്റമ്പലം” എന്നു പ്രാര്‍ത്ഥിച്ച് എഴുന്നേല്‍ക്കും.   

വര്‍ഷത്തിലൊരിക്കല്‍ ഒന്നരമണിക്കൂര്‍ അവതാരമെടുക്കുന്ന ഒറ്റച്ചക്കിലിയന്‍ പിന്നെ പള്ളൂരുകാരെ അടുത്ത ഒരു വര്‍ഷത്തേക്കുമുഴുവന്‍ ആത്മീയമായി സ്വാധീനിക്കണമെന്ന് രവിയേട്ടന് നിര്‍ബന്ധമാണ്. കണ്യാര്‍കളിയില്‍ മുന്നൂറിലധികം പൊറാട്ടുകളുള്ളതില്‍ ഇതുമാത്രം തനിക്ക് ആകര്‍ഷകമായി തോന്നിയത്, ആളുകളെ രസിപ്പിക്കുക എന്ന ലക്ഷ്യം തന്നെ പലപ്പോഴും മറക്കുന്ന ഒരു കളിയാണ് ഒറ്റച്ചക്കിലിയന്‍റേത് എന്നതിനാലാണ്. രസിപ്പിക്കലല്ല, പഠിപ്പിക്കലാണ്, പലതും ഓര്‍മ്മിപ്പിക്കലാണ്, മയക്കത്തില്‍നിന്ന് ജനങ്ങളെ ഉണര്‍ത്തിയെടുക്കലാണ് ഒറ്റച്ചക്കിലിയന്‍റെ അവതാരദൗത്യം.

 

ree

 

4

 

 

         മൂന്നരവര്‍ഷത്തെ സര്‍വ്വീസ് ബാക്കിനില്‍ക്കുമ്പോഴാണ് രവിയേട്ടന്‍ വളണ്ടറി റിട്ടയര്‍മെന്‍റിന് എഴുതിക്കൊടുക്കുന്നത്. ജോലി മടുത്തിട്ടോ വെറുത്തിട്ടോ ഒന്നുമായിരുന്നില്ല. ശ്രദ്ധ കിട്ടുന്നില്ല. ഭയം കൂടിക്കൂടിവരുന്നു. ഇല്ലാത്ത പലതും കണ്ണില്‍ക്കാണുന്നു. ആയിരക്കണക്കിന് ജീവനുംവച്ചുള്ള കളിയായതുകൊണ്ട്, ഡോക്ടര്‍തന്നെ ഉപദേശിച്ചതായിരുന്നു റിട്ടയര്‍മെന്‍റ്. വിരമിക്കല്‍ ഒന്നാം മരണമാണെന്നാണ് പറയാറ്. രവിയേട്ടന് അത് പൂര്‍ണ്ണമായും സത്യമായിരുന്നു. അത്രയ്ക്ക് സംഭവബഹുലവും സങ്കീര്‍ണ്ണവുമായിരുന്നു ആ മുപ്പതിറ്റാണ്ട്. ചത്തുജീവിച്ച വലിയൊരു കാലഘട്ടം. പക്ഷേ നിവൃത്തിയില്ലാതായപ്പോള്‍ പിരിയാന്‍തന്നെ തീരുമാനിച്ചു. സാമ്പത്തികനേട്ടങ്ങള്‍ കുറേയേറെ ഇല്ലാതാകുമെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ താക്കീതുചെയ്തെങ്കിലും ഉറക്കമൊഴിഞ്ഞ രണ്ടു രാത്രികള്‍കൊണ്ട് രവിയേട്ടന്‍ തന്‍റെ ജോലി മതിയാക്കാന്‍ തന്നെ തീരുമാനിച്ചു. ഭാര്യയും മക്കളുമൊക്കെ അതിനെ പിന്‍താങ്ങി.  

         ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന  ലോക്കോ പൈലറ്റായാണ് 32 വര്‍ഷമായി രവിയേട്ടന്റെ റയില്‍വേ ജന്മം. ആയിരക്കണക്കിന് യാത്രക്കാരെ വഹിക്കുന്ന ഉരുക്കുരാക്ഷസനെയും കൊണ്ട് 130കിലോമീറ്റര്‍ സ്പീഡിലൊക്കെ അനന്തമായ നൂല്‍പ്പാളങ്ങളിലൂടെ വര്‍ഷങ്ങളോളം സഞ്ചരിച്ചിട്ടുണ്ട്. വളവുതിരിയുമ്പോള്‍ മുന്നിലൊരു മലയിടിഞ്ഞുവീണിട്ടുണ്ടെങ്കില്‍, സിഗ്നല്‍തെറ്റി സ്വന്തം പാളത്തിലൂടെ എതിരേനിന്ന് മറ്റൊരു വണ്ടി പാഞ്ഞുവരുന്നുണ്ടെങ്കില്‍, നിര്‍ത്താത്ത സ്റ്റേഷനുകളില്‍ ട്രാക്കുമാറ്റുന്നതില്‍ പാളിച്ചപറ്റി, നിര്‍ത്തിയിട്ട ഗൂഡ്സ് ട്രെയിനിന്റെ അതേ ട്രാക്കില്‍ കയറിയാല്‍, കാഴ്ച തിരിച്ചറിയുന്ന ഇടവേളയ്ക്കുമുന്നേ എല്ലാം തീര്‍ന്നിരിക്കും. നിയന്ത്രണമില്ലാത്ത ഒരു ‘റോളര്‍കോസ്റ്റര്‍ യാത്ര’യായി മുപ്പതിലധികം വര്‍ഷം രാപ്പകല്‍ തന്റെ ഔദ്യോഗികജീവിതം നയിച്ച രവിയേട്ടന്‍ ഒടുവില്‍ സ്വയം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ യാത്രചെയ്തിട്ടും എങ്ങുമെത്താത്ത യാത്രികന്‍. വിരമിക്കുന്ന അവസാനത്തെ യാത്ര പുറപ്പെടുമ്പോഴും ‘പൊന്നിന്‍കിരാതമൂര്‍ത്തി’യെ മനസാ ധ്യാനിച്ച്, മരിച്ചുപോയ അച്ഛനമ്മമാരെയും സ്വന്തം കുടുംബത്തെയും ഓര്‍ത്ത്, ആങ്‍ക്സൈറ്റി കുറയ്ക്കാനായി ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നു കഴിച്ച്, അദ്ദേഹം ക്യാബിനില്‍ കയറി. മൊബൈല്‍ വാള്‍പേപ്പറായി കിരാതമൂര്‍ത്തിയുടെ ചിത്രം തന്നെയാണ് വച്ചിട്ടുള്ളത്, എപ്പോഴും തൊട്ടുതൊഴാനും നെഞ്ചോടുചേര്‍ക്കാനും. അതൊരു ധൈര്യമാണ്. മൂപ്പര് വിളിച്ചാല്‍ വിളിപ്പുറത്താണ്. അത്രയ്ക്കു ശക്തിയാണ്. അസിസ്റ്റന്‍റ് കൃഷ്ണപ്പ രവിയേട്ടനുവേണ്ടതെല്ലാം ചെയ്തുകൊണ്ട് കൂടെയുണ്ട്.

         ലോക്കോപൈലറ്റുമാരുടെ ജീവിതകഥകള്‍ ഇപ്പോള്‍ ധാരാളമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രവിയേട്ടനും ഉണ്ട് മാസങ്ങളോളം ഉറക്കം നഷ്ടപ്പെടുത്തിയ സംഭവങ്ങള്‍. എണ്ണമറ്റ ‘റണ്‍ഓവറു’കള്‍! (പാളത്തില്‍ അപകടമായോ ആത്മഹത്യയായോ മനുഷ്യജീവന്‍ പൊലിയുന്നതിന് റയില്‍വേ നല്‍കിയ ഓമനപ്പേരാണ് ‘റണ്‍ഓവര്‍’). ആത്മഹത്യകള്‍ അധികവും സ്ത്രീകളുടേതാണ്. എഞ്ചിന്‍റെ മുന്നിലുള്ള ക്യാറ്റില്‍ഗാര്‍ഡില്‍ നീണ്ട തലമുടി കുടുങ്ങി ശരീരഭാഗങ്ങളും വലിച്ചുകൊണ്ട് വണ്ടി കുറേ നീങ്ങും. അസിസ്റ്റന്‍റിനെ വണ്ടിയില്‍ത്തന്നെയിരുത്തി, താന്‍തന്നെ ഇറങ്ങിച്ചെന്ന് അറ്റന്‍റ് ചെയ്യുകയാണ് പതിവ്. അസാമാന്യ മനക്കരുത്തുള്ളവര്‍ക്കേ ഇതൊക്കെ കണ്ടുനില്‍ക്കാന്‍ തന്നെ പറ്റൂ. രവിയേട്ടന്‍ പറയും, സ്ത്രീകളുടെ ഓമനത്തം മുഴുവന്‍ അവരുടെ നെറ്റിയിലായിരിക്കും. അറ്റുപോയ തലയിലാണെങ്കില്‍പ്പോലും അവിടം ഒന്നു തലോടാന്‍ തോന്നിപ്പോകുമെന്ന്.

         അടുത്ത സ്റ്റേഷനില്‍ അറിയിച്ച് പോലീസെത്തി ബോഡി ക്ലിയര്‍ ചെയ്തിട്ടേ അവിടെനിന്ന് നീങ്ങാന്‍ പറ്റൂ. ദമ്പതിമാരുടെ ആത്മഹത്യയൊക്കെ വീചിത്രമായ രീതിയിലായിരിക്കും. ഒരു രാത്രിയില്‍ വളവുതിരിഞ്ഞുവന്ന വണ്ടി അവ്യക്തമായ ഒരു കാഴ്ചകണ്ട് ബ്രേക്കിടേണ്ടിവന്നു. പാളത്തിന്‍റെ നടുക്ക് ഇലകളും പൂക്കളും കൊണ്ട് ഒരു മെത്തയുണ്ടാക്കി, പരിപൂര്‍ണ്ണ നഗ്നരായി ഇണചേരുന്ന നിലയില്‍ ഒരാണും പെണ്ണും. അബദ്ധമല്ല, ആ നിലയില്‍ മരിക്കാന്‍ തീരുമാനിച്ച് വന്നിരിക്കുകയാണവര്‍. ആദ്യം എന്തോ വിചിത്രജീവിയാണെന്നാണ് രവിയേട്ടന്‍ വിചാരിച്ചത്. സ്ത്രീയുടെ രണ്ടുകാലുകളും ‘വി’ ആകൃതിയില്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നു. പുരുഷന്‍ അവളിലേക്ക് ആണ്ടിറങ്ങിയിരിക്കുന്നു. ബ്രേക്ക് അപ്ലൈ ചെയ്യാനുള്ള ഇടവേളകിട്ടുംമുമ്പേ വലിയ ശബ്ദത്തില്‍ അവരെ വണ്ടി തട്ടിക്കഴിഞ്ഞു. ആ പ്രദേശമാകെ ചോരചീറ്റിത്തെറിച്ച്, ശരീരഭാഗങ്ങള്‍ എമ്പാടും ചിതറി, ഹോ.. രവിയേട്ടന്‍ പിന്നെ ദിവസങ്ങളോളം ഉറക്കമില്ലാതെ കഴിച്ചുകൂട്ടി. ഭാര്യയെ തൊടുമ്പോഴൊക്കെ രവിയേട്ടന്‍ ആ ദൃശ്യം ഓര്‍ത്ത് പിന്‍വാങ്ങും. രവിയേട്ടന്‍റെ മുടിയില്‍ തഴുകി, അവര്‍ സമാധാനിപ്പിക്കും.

         ഒരിക്കല്‍ രവിയേട്ടന്‍ അവരോട് ഒരു സംഭവം പറഞ്ഞിരുന്നു. പെരുമഴയുള്ള ഒരു രാത്രി. ഷണ്ടിംഗിനായി എഞ്ചിനുമോടിച്ച് സ്റ്റേഷനില്‍നിന്നു നീങ്ങിയതാണ്. വെളിച്ചം കുറഞ്ഞ അറ്റത്തെത്തിയപ്പോള്‍ പാളത്തിന്‍റെ നടുക്ക് ഒരു പെണ്‍കുട്ടി മഴമുഴുവന്‍ നനഞ്ഞ് കരഞ്ഞൊലിച്ചുകൊണ്ട് നില്‍ക്കുന്നു. പലതവണ ഹോണ്‍മുഴക്കി. വണ്ടി അടുത്തെത്തിയിട്ടും അവള്‍ മാറുന്ന വട്ടമില്ല. വയലറ്റുവെളിച്ചത്തില്‍ ആകാശംപൊട്ടിപ്പെയ്യുന്ന മഴയത്ത് അവള്‍ അതേനില്‍പ്പ്. യമധര്‍മ്മനെപ്പോലെ മുന്നില്‍ അലറിനില്‍ക്കുന്ന തീവണ്ടിയെ അവള്‍ കാമം പൂണ്ട കൈകളുമായി മാടിവിളിക്കുകയായിരുന്നു. രവിയേട്ടന് ഇറങ്ങിച്ചെന്ന് പിടിച്ചുമാറ്റേണ്ടിവന്നു. അവള്‍ വാശിപിടിച്ച് കുതറി, നിലവിളിച്ചുകരയാന്‍ തുടങ്ങി. രവിയേട്ടന്‍റെ കൈകളില്‍ കടിച്ചും മാന്തിയും അവള്‍ ആക്രമിക്കാന്‍ തുടങ്ങി. ബലിഷ്ഠമായ തന്‍റെ കൈകള്‍കൊണ്ട് അദ്ദേഹം അവളുടെ ചെകിട്ടത്ത് ആഞ്ഞടിച്ചുവീഴ്ത്തി. പിന്നെ നനഞ്ഞുകുതിര്‍ന്ന അവളെ വാരിയെടുത്ത് ക്യാബിനില്‍ കയറ്റി, സ്റ്റേഷനിലെത്തിക്കേണ്ടിവന്നു. പിന്നീടാണ് രസം, രവിയേട്ടനെതിരെ സ്ത്രീപീഡനത്തിന് അവള്‍ കേസുകൊടുത്തു. റയില്‍വേ ജീവിതത്തിലെ ആദ്യത്തെ പ്രഹരമായിരുന്നു അത്. വര്‍ഷങ്ങളെടുത്തു, അതില്‍നിന്ന് കഷ്ടി ഊരിയെടുക്കാന്‍. പെണ്‍കുട്ടിക്ക് മാനസികരോഗമാണെന്നും ആത്മഹത്യാശ്രമത്തിന് കേസെടുക്കണമെന്നും ഡോക്ടര്‍ വിധിയെഴുതിയാണ് അന്ന് രക്ഷപ്പെട്ടത്. പക്ഷേ കൊടുംമഴയത്തുള്ള ആ പെണ്‍കുട്ടിയുടെ നില്‍പ്പ് രതിയും മൃതിയും തമ്മിലുള്ള പുതിയ പാഠങ്ങള്‍ രവിയേട്ടനെ പഠിപ്പിക്കുന്നതായിരുന്നു. സ്ത്രീകളുടെ നിത്യകാമുകനാണ് തീവണ്ടിയെന്ന് അദ്ദേഹം വിധിയെഴുതിയത് അങ്ങനെയാണ്. രതിയ്ക്കു സന്നദ്ധയായി മലര്‍ന്നു കണ്ണടച്ചുകിടക്കുന്ന ഓരോ സ്ത്രീയും ആത്മഹത്യയ്ക്കു തയ്യാറായി പാളത്തില്‍കിടക്കുന്നതുപോലെയാണെന്ന് രവിയേട്ടന് വെറുതേ തോന്നും.

 

ree

5

 

എന്തുകൊണ്ടാണ് തനിക്ക് ഒറ്റച്ചക്കിലിയനോട് ഇത്രയ്ക്കു താദാത്മ്യമെന്ന് രവിയേട്ടന്‍ പലപ്പോഴും ഓര്‍ത്തുനോക്കാറുണ്ട്. തന്‍റെ സാഹചര്യവുമായോ ജോലിയുമായോ ഒന്നും പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ഏതോ കാലത്തും ദേശത്തും മാനസികാവസ്ഥയിലുമുള്ള കഥാപാത്രം. എന്നിട്ടുമെന്തേ “തിനതേന്തിന.. തിനതേന്തിന..” എന്ന വായ്ത്താരി കേള്‍ക്കുമ്പോഴേക്കും വെളിച്ചപ്പാട് ആവേശിക്കുമ്പോലെ തന്നിലേക്ക് ചക്കിലിയന്‍ ആവേശിക്കുന്നത്?

         ചക്കിലിയന്‍റെ വംശാവലി പറയുമ്പോള്‍ രവിയേട്ടന്‍ നിന്നു വിറയ്ക്കും. താന്‍ ആരാണെന്നും തന്‍റെ ഉത്ഭവം എവിടെനിന്നാണെന്നും ഊറ്റംകൊള്ളുന്ന സന്ദര്‍ഭം!

         “മുന്ന്ക്ക് പിറന്തത് യമന്‍

         അത്ക്കും പിറക് യമധര്‍മ്മന്‍

         അത്ക്കും പിറക് ജാംബവാന്‍

         അത്ക്കും പിറക് തിരുവള്ളുവര്‍

         അത്ക്കും പിറക് അമ്പലാര്

         അത്ക്കും പിറക് പാക്കനാര്

         ഇപ്പടി ആറുപിറപ്പും കഴിന്ത് ഏഴാമത് പിറപ്പില്‍ അടിയന്‍ ചക്കിലിയനായ് വന്ത് പിറന്തിരുക്ക്തയ്യാ സ്വാമീ...”

         എന്നാല്‍ അടുത്തനിമിഷം എല്ലാ അഹന്തകളുടേയും കടയ്ക്കല്‍ തീകൊളുത്തിക്കൊണ്ട് ജീവീതത്തിന്‍റെ ക്ഷണികതയെക്കുറിച്ചു ചക്കിലിയന്‍ ബോധിപ്പിക്കും.

         “ആനാല്‍ സ്വാമീ, വെടിയറ്ത്ക്ക് മുന്നേ അന്ത കറുകനാമ്പിന്‍ തലൈയിലേ മഞ്ചത്തണ്ണി എപ്പടി നിപ്പാര്‍ സ്വാമീ...”

         സൂര്യോദയവേളയില്‍ വജ്രംപോലെ തിളങ്ങുന്ന മഞ്ഞുതുള്ളിയില്‍ അത്ഭുതമഹാസൗന്ദര്യം മുഴുവന്‍ ദര്‍ശിച്ച് അടുത്തനിമിഷം ഒരു ഇളംകാറ്റില്‍ ആ മഞ്ഞുകണം താഴെവീണു പൊലിയുംപോലെ അല്പായുസ്സാണ് ജീവിതമെന്ന്. ഇങ്ങനെ രണ്ടറ്റവും തൊടുന്ന ദാര്‍ശനികചിന്തയാണ് ചക്കിലിയന്‍റെ കരുത്ത്. അതൊക്കെ വിശദീകരിക്കുമ്പോള്‍ രവിയേട്ടന്‍റെ കണ്ണുകള്‍ തിളങ്ങും. അമ്മയുടെ ഗര്‍ഭത്തിലിരിക്കുമ്പോള്‍ താന്‍ കണ്ട സ്വപ്നമാണ് താനെന്ന് ചക്കിലിയന്‍ പറയുന്നു. അഞ്ചിന്ദ്രിയങ്ങളും ത്രിഗുണങ്ങളും ഷഡാധാരങ്ങളും ഒക്കെയടങ്ങുന്ന തന്‍റെ തത്വം നെഞ്ചില്‍ അമ്പത്തൊന്നക്ഷരങ്ങളാല്‍ കുറിച്ചിട്ടിരിക്കുന്നുവെന്നാണ് പറയുന്നത്. നിറുകയില്‍ സഹസ്രാരപത്മം വിടര്‍ത്തുന്ന മഹാശക്തി. തന്‍റെ ജന്മദൗത്യം സ്വപ്നത്തില്‍ ദര്‍ശിച്ച് ജന്മമെടുത്ത മഹായോഗിയാണ് ഈ ചക്കിലിയന്‍.

         എന്നാല്‍ തനിക്കായി നീക്കിവച്ച ദൗത്യം എന്നു പൂര്‍ത്തിയാക്കുന്നുവോ അന്ന് യമകിങ്കരന്മാര്‍ വന്ന് തിരിച്ചുവിളിക്കുമ്പോള്‍ താന്‍ പകച്ചുനില്‍ക്കില്ലെന്നും പിന്തിരിഞ്ഞോടില്ലെന്നും അവന്‍ ആണയിടുന്നു. മരണത്തെ തന്‍റേടത്തോടെ നേരിടേണ്ടതെങ്ങിനെയെന്ന് ചക്കിലിയന്‍ നമ്മളോട് പറയുകയാണ്.

         രവിയേട്ടന്‍ ഈ ഭാഗങ്ങളൊക്കെ ആടുമ്പോള്‍ മഹാശിവഭക്തന്‍ നന്തനാരുടെ പുനര്‍ജ്ജന്മമാണെന്നു തോന്നിപ്പോകും. ചിദംബരക്ഷേത്രത്തില്‍ അഗ്നിപരീക്ഷയ്ക്കിരയായ മറ്റൊരു ചക്കിലിയന്‍. രവിയേട്ടന്‍ പെരിയപുരാണത്തില്‍ നന്തനാര്‍ ചരിതം വായിച്ചിട്ടുണ്ട്. ചിദംബരം ക്ഷേത്രത്തിലേക്ക് പറവാദ്യമുണ്ടാക്കാന്‍ വേണ്ട തോലുകൊണ്ടുവരുന്നതും യാഴ് എന്ന വാദ്യത്തില്‍ കെട്ടിവരിയാനുള്ള തോല്‍ക്കയര്‍ ഉണ്ടാക്കുന്നതും നന്തനാരാണ്. പൂജയ്ക്ക് ആവശ്യമുള്ള ഗോരോചനം എന്ന വാസനാദ്രവ്യം കൊണ്ടുവരുന്നതും അദ്ദേഹമാണ്. ഊണിലും ഉറക്കത്തിലും ശ്വാസത്തില്‍പ്പോലും പരമശിവനെ പ്രാര്‍ത്ഥിച്ചുകഴിയുന്ന മഹാഭക്തനായ നന്തനാര്‍. പക്ഷേ അദ്ദേഹത്തിന്‍റെ ജാതി അദ്ദേഹത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കി. എന്നും ക്ഷേത്രനടയില്‍ വന്നുനിന്ന് അദ്ദേഹം ഉള്ളുരുകി വിളിക്കും. എല്ലാ ശിവക്ഷേത്രങ്ങളിലും നടയ്ക്കല്‍ നിന്നാല്‍ നേരെ ശിവനെ കാണാനാവില്ല. സാക്ഷാല്‍ നന്ദികേശന്‍ ശ്രീകോവിലിനുമുന്നില്‍ നടയടച്ച് ഇരിക്കുന്നുണ്ടാവും. തിരുപ്പണ്‍കൂറിലുള്ള ശിവലോകനാഥര്‍ സ്വാമികോവിലില്‍ ഒരിക്കല്‍ നന്തനാര്‍ ചെന്ന് തൊഴാന്‍ നേരം മുന്നിലെ നന്ദികേശനെ കണ്ട് മനമുരുകി കരഞ്ഞുവിളിച്ചു. ഈ നന്ദികേശന്‍ കാരണം തനിക്ക് അങ്ങയെ ഒരുനോക്കു കാണാന്‍ പോലും കഴിയാതെവന്നല്ലോ എന്ന്. ശിവന്‍ ആ വിളികേട്ടു. നന്ദികേശനോട് തന്‍റെ നടയ്ക്കല്‍ നിന്ന് അല്പം മാറിയിരിക്കാന്‍ ആജ്ഞാപിച്ചു. ദേവനെ കണ്‍കുളുര്‍ക്കെ കണ്ട് നന്തനാര്‍ നിര്‍വൃതിയടഞ്ഞു. (ഇപ്പോഴും ആ ക്ഷേത്രത്തില്‍ നന്ദികേശന്‍ വടക്കോട്ടുമാറിയാണ് ഇരിക്കുന്നത്.)

         ചിദംബരദര്‍ശനം എന്നും സ്വപ്നം കണ്ടുകിടക്കുന്ന നന്തനാര്‍ ഉറങ്ങാന്‍ നേരം മനസ്സിലുറപ്പിക്കും. നാളെ ഞാന്‍ എന്തായാലും തില്ലൈ നടരാജനെ നേരില്‍ ദര്‍ശിക്കും എന്ന്. ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നറിയാമെങ്കിലും എല്ലാവരോടും നന്തനാര്‍ “നാളെപ്പോവും നാളെപ്പോവും” എന്ന് ഉറപ്പിച്ചുപറയും. ആളുകള്‍ ഇതുകണ്ടു കളിയാക്കിയാണ് അദ്ദേഹത്തെ “തിരുനാളൈപ്പോവാര്‍” എന്നു വിളിച്ചുതുടങ്ങിയത്. ശൈവനായനാര്‍മാരില്‍ ഇന്നദ്ദേഹം അറിയപ്പെടുന്നതുതന്നെ ആ പേരിലാണ്.

         പക്ഷേ ആ സ്വപ്നം ഒരുനാള്‍ നടരാജന്‍ നിവര്‍ത്തിക്കുക തന്നെ ചെയ്തു. എന്നും നന്തനാരുടെ സ്വപ്നത്തില്‍ വരാറുള്ള ഈശ്വരന്‍ ഒരുദിവസം ക്ഷേത്രപുരോഹിതന്മാരുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്‍റെ ഒരു മഹാഭക്തന്‍ നാളെ ക്ഷേത്രം ദര്‍ശിക്കാനെത്തുന്നുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ട അവനെ നിങ്ങള്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചാനയിക്കണം എന്നു കല്പിച്ചു. പിറ്റേന്ന് എല്ലാ സജ്ജീകരണങ്ങളോടും കൂടി നന്തനാരുടെ ക്ഷേത്രദര്‍ശനത്തിനുള്ള വേളയായി. ഇവനെയൊക്കെ കാണാന്‍ നില്‍ക്കുന്ന ശിവനെ വെറുതെയല്ല “പിത്തന്‍” എന്നു വിളിക്കുന്നത് എന്ന് കൂട്ടത്തിലാരോ പുലമ്പി. ശിവന് അത്രയ്ക്കു പ്രിയപ്പെട്ടവനാണ് ഇവനെങ്കില്‍ അതു തെളിയിക്കട്ടെ എന്നായി മറ്റൊരുവന്‍. ഏത് അഗ്നിപരീക്ഷയും താന്‍ നേരിടുമെന്ന് നന്തനാര്‍ ഉള്ളുരുകി പറഞ്ഞു. നടരാജന്‍റെ കൈകാര്യകര്‍ത്താക്കള്‍ അവനായി ഒരു അഗ്നികുണ്ഡമൊരുക്കി. ആകാശം മുട്ടുന്ന തീജ്വാലകളിലേക്ക് പഞ്ചാക്ഷരീമന്ത്രം ഉച്ചത്തില്‍ ജപിച്ച് നന്തനാര്‍ നടന്നടുത്തു. അഗ്നികുണ്ഡത്തില്‍നിന്ന് പിന്നെ പുറത്തുവന്നത് ഒരു നേര്‍ത്ത തീനാളം മാത്രമായിരുന്നു. അത് ശ്രീകോവിലിലെ ആകാശലിംഗത്തില്‍ ചെന്നലിഞ്ഞുചേര്‍ന്നു.

         പെരിയപുരാണം അടച്ചുവയ്ക്കുമ്പോള്‍ രവിയേട്ടന്‍റെ മനസ്സില്‍ ഏഴോ എട്ടോ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ പഴയ ഒറ്റച്ചക്കിലിയന്‍റെ രൂപം നിറഞ്ഞുനില്‍ക്കും. കളിയുടെ അവസാനവട്ടങ്ങളില്‍ ആദിപരമേശ്വരിയും ശിവകാമിയുമായവളെ മനസ്സില്‍ ധ്യാനിച്ച് വായ്ത്താരികള്‍ പാടും.

         താനൈതോം തന്തന്നൈ തന്തന്നേ തധീംതതാതൈ

         താനൈതോം തന്തന്നൈ തന്തന്നേ തധീംതതാതൈ

         മുച്ചാണ്‍നീളമല്ലോ എന്നുടല് തധീംതതാതൈ

         ഒരുപിടിമണ്ണല്ലോ എന്‍വയറ് തധീംതതാതൈ

         മൂന്‍റുമുഴംതുണ്ടല്ലോ എന്‍ വസ്ത്രം താന്‍ തധീംതതാതൈ

         മാതാവേ വിട്ടുനാന്‍ പോകുമോ തധീംതതാതൈ

         മരംവിട്ടുപോകുമോ നിഴലുതാന്‍ തധീംതതാതൈ

         ശിലവിട്ടുപോകുമോ ഈശന്‍താന്‍ തധീംതതാതൈ

         താനൈതോം തന്തന്നൈ തന്തന്നേ തധീംതതാതൈ...

         രവിയേട്ടനില്‍ ആവേശിച്ച ഒറ്റച്ചക്കിലിയന്‍റെ ആത്മാവിന് തിരിച്ചിറക്കം സാധ്യമല്ലാതായി. തൊഴുതുകലാശം കഴിഞ്ഞ് വാരിക്കൂട്ടിത്തൊഴുത് പന്തലില്‍നിന്ന് ഇറങ്ങുമ്പോഴേക്കും അദ്ദേഹത്തിന് നിലത്ത് കാലുറയ്ക്കാതായി. കളിച്ചതിന്‍റെ ക്ഷീണമായിരിക്കുമെന്നു കരുതി ആരൊക്കെയോ അദ്ദേഹത്തെ താങ്ങി. ചെറിയ ഉടലി‍ല്‍ വലിയ തത്വം താങ്ങുന്നതിന്‍റെ അസന്തുലിതത്വമാണ് അതെന്ന് ആര്‍ക്കും അറിയാനായില്ല. 

 

     

6

 

പള്ളൂരുകാരായ വിദേശികളില്‍ ഏറ്റവും സമ്പന്നനും അതുകൊണ്ടുതന്നെ സ്വീകാര്യനുമായ. വിജയന്‍ ഡോക്ടര്‍ പിന്നീടൊരിക്കല്‍ പറഞ്ഞു,

രവിയേട്ടന്റെ മരണം ശരിക്കും ഒരു ‘സ്കെയറി ഡെത്താ’യിരുന്നു. കോവിഡ് മരണങ്ങളില്‍ ഒരുശതമാനത്തിലധികം ഇത്തരം ‘പേടിച്ചുതൂറി’മരണങ്ങളാണ്. മരിച്ചുപോകുമല്ലോ എന്നു പേടിച്ചുപേടിച്ചുള്ള മരണം. അതൊരു വിരോധാഭാസമാണെങ്കിലും യാഥാര്‍ത്ഥ്യമാണ്. ഹൃദയസ്തംഭനങ്ങളില്‍ വലിയൊരു ശതമാനം അങ്ങനെയുള്ളതല്ലേ?

ഹേയ്... രവിയേട്ടനെപ്പോലെ കരുത്തനായ ഒരാള്‍ക്കോ? എത്രകാലം ഒറ്റയ്ക്ക് ദിവസങ്ങളോളം വണ്ടിയോടിച്ചയാളാണ് അദ്ദേഹം? പാതിരാനേരങ്ങളില്‍ കൊടുംകാട്ടിനു നടുവിലൂടെ പാഞ്ഞുപോകുമ്പോള്‍ അദ്ദേഹം ഒരിക്കല്‍, ആ മാദകമുഹൂര്‍ത്തം ശരിക്കും ആസ്വദിക്കാനായി, ട്രെയിനിന്റെ ഹെഡ്‍ലൈറ്റും ക്യാബിന്‍ ലൈറ്റുകളും മുഴുവന്‍ ഓഫാക്കിയിരുന്നു. 120 കിലോമീറ്റര്‍ സ്പീഡില്‍ കണ്ണുപൊട്ടുന്ന ഇരുട്ടത്ത് അടുത്ത സിഗ്നല്‍ വരെ ഓടിച്ച ഒരു സംഭവമുണ്ടായി.

ആണോ? അത് അപകടമല്ലേ?

സിഗ്നലിംഗ് സെഗ്മെന്റുകള്‍ക്കിടയ്ക്ക് ലൈറ്റില്ലാതെയും യാത്ര സേഫാണ്. ലൈറ്റുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ! പിന്നെ രവിയേട്ടന്റെ കാലക്കേടിന് ഏതോ ലെവല്‍ക്രോസില്‍ ഒരു ജേര്‍ണലിസ്റ്റ് അസ്വസ്ഥനായി നില്‍പ്പുണ്ടായിരുന്നു. അയാള്‍ ഈ അത്യത്ഭുതം റിപ്പോര്‍ട്ടുചെയ്തു. അര്‍ദ്ധരാത്രിയില്‍ ഹെഡ്‍ലൈറ്റുകളില്ലാതെ ഒരു ട്രെയിന്‍ അതിവേഗം പാഞ്ഞുപോവുക ഒന്നാലോചിച്ചുനോക്കൂ! അത് വാര്‍ത്തയായി. അന്വേഷണമായി. ചെക്കിംഗിനുവന്ന എഞ്ചിനീയര്‍, രവിയേട്ടന്റെ സമശീര്‍ഷനായൊരു കലാകാരനായതുകൊണ്ട് കഷ്ടിച്ചു രക്ഷപ്പെട്ടു. അദ്ദേഹം പറഞ്ഞു, “ഛെ, ആ യാത്രയില്‍ തന്റെയൊപ്പം ക്യാബിനില്‍ ഞാനുണ്ടാവാതെ പോയല്ലോ!”. അങ്ങനെ ആ അന്വേഷണം ക്ലോസ് ചെയ്തു.

വല്ലാത്ത ജന്മംതന്നെ!

പള്ളൂരെത്തിയാല്‍ ഒറ്റയ്ക്കല്ലേ ഈ പ്രതീക്ഷാ വീട്ടില്‍ അങ്ങേര് താമസിക്കാറ്? വീടിനു മുന്നിലുള്ള പുതുക്കുളത്തില്‍ എത്രയെത്ര ദുര്‍മ്മരണങ്ങള്‍ നടന്നിട്ടുള്ളതാണ്! അമ്പലത്തില്‍ അടിച്ചുതളിക്കാറുള്ള അമ്മിണിയമ്മയുടെ ശവം കുളത്തിന്റെ ഒത്തനടുക്ക് കമിഴ്ന്നു പാറിക്കിടക്കുന്നത് രവിയേട്ടന്റെ ബാല്‍ക്കണിയില്‍നിന്നാണ് ഞാന്‍ കണ്ടിട്ടുള്ളത്. പോലീസ് ഇന്‍ക്വസ്റ്റ് വൈകിയതുകൊണ്ട് ഒരു രാത്രിമുഴുവന്‍ ആ കിടപ്പുകിടന്നതാണ്. പായല്‍ വൃത്തിയാക്കാന്‍ കൊളുത്തിട്ടുകോരുമ്പോഴാണ് അഴകത്തെ സിന്ധുവിന്റെ മുടിയില്‍ കുരുങ്ങിയത്. മീന്‍കൊത്തിപ്പറിച്ച കണ്ണുകളുമായി അവളുടെ ഭീകരരൂപം ഇന്നും കണ്ണില്‍ക്കാണാം. അതിനൊക്കെ സാക്ഷിയായിട്ടും ഇവിടെ യാതൊരു കൂസലുമില്ലാതെ വീടുകെട്ടി അതിന്റെ മട്ടുപ്പാവില്‍ ഏതു നട്ടപ്പാതിരയ്ക്കും ഒറ്റച്ചക്കിലിയന്റെ വിരുത്തം പാടിനടക്കാറുള്ളത് നമ്മള്‍ കണ്ടിട്ടില്ലേ?

മറ്റുള്ളവരുടെ മരണം ഉള്‍ക്കൊള്ളുന്നതുപോലെയല്ല സ്വന്തം മരണത്തിന്റെ സാധ്യത തിരിച്ചറിയുമ്പോഴുള്ള ഞെട്ടല്‍! ലോകത്താകമാനം ഇതുവരെ കൊറോണ മൂലം മരിച്ചവര്‍ 70ലക്ഷത്തിലധികം പേരാണ്. അതില്‍ എത്രപേര്‍ക്ക് ശരിക്കും കൊറോണബാധിച്ചിരുന്നു എന്ന് നമുക്കറിയാമോ?

അതെന്താ? ആശുപത്രി റെക്കോര്‍ഡുകളില്‍ മരണകാരണം രേഖപ്പെടുത്തിയിട്ടുണ്ടാവില്ലേ?

ഉണ്ടാവും, പക്ഷേ അത് ക്ലിനിക്കലി പ്രൂവ് ചെയ്യണമെന്നൊന്നുമില്ല. അക്കാലത്തുള്ള എല്ലാ അസ്വാഭാവികമരണങ്ങളും കൊറോണയുടെ കണക്കില്‍ എഴുതിത്തള്ളുകയായിരിക്കും. നോക്കൂ, റെക്കോര്‍ഡുകള്‍ പ്രകാരം 2020 മാര്‍ച്ച് 11നാണ് തുര്‍ക്കിയില്‍ ലോകത്താദ്യമായി കൊറോണാമരണം സ്ഥിരീകരിച്ചത്. പക്ഷേ, ജനുവരിമുതലേ മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞതല്ലേ?

അജ്ഞാതരോഗം, അകാരണമായ മരണം... ഇതായിരുന്നല്ലോ ആദ്യമൊക്കെ.

അതെ, അകാരണമായ മരണം, വാര്‍ത്തകളില്‍ നിറയുമ്പോള്‍ അതുണ്ടാക്കുന്ന ഉല്‍ക്കണ്ഠ പതുക്കെ ദിനംതോറും വളരുകയായിരുന്നു. പിന്നെയത് നമ്മുടെ രാജ്യത്തെത്തുന്നു, ജില്ലയില്‍, നാട്ടിന്‍പുറങ്ങളില്‍, പിന്നെ ബന്ധുക്കളില്‍, ഉറ്റവരില്‍, അങ്ങനെയങ്ങനെ നമ്മളെ മരണം നോട്ടമിട്ടു എന്ന തോന്നല്‍ ശക്തമാവുന്നു.  രോഗം പകരാതിരിക്കാനായി നിര്‍ദ്ദേശിച്ച സോഷ്യല്‍ ഐസൊലേഷന്‍, ഒരുപാടുവിധത്തിലുള്ള ഉല്‍ക്കണ്ഠാരോഗങ്ങള്‍ക്കും വിഷാദരോഗങ്ങള്‍ക്കും കാരണമായിട്ടുണ്ട്. നമ്മളൊക്കെ അടിസ്ഥാനപരമായി വ്യക്തികളാണെങ്കിലും നമുക്കാര്‍ക്കും തികച്ചും തനിച്ച് ജീവിക്കാനുള്ള ത്രാണിയൊന്നുമില്ലല്ലോ. ഒട്ടും മനുഷ്യപ്പറ്റില്ലെന്ന് നമ്മള്‍ എഴുതിത്തള്ളുന്ന ആളുകള്‍പോലും ഒറ്റപ്പെടലിന്റെ ആഘാതം താങ്ങാനാവാതെ ആത്മഹത്യചെയ്യുന്ന കേസുകളുണ്ട്.

കൊറോണ നമ്മളെ ശരിക്കും ഒറ്റപ്പെടുത്തി അല്ലേ?

സത്യം. രണ്ടാം ലോകമഹായുദ്ധകാലത്തെ മരണങ്ങളുടെ അസംബന്ധതയാണ് അസ്തിത്വവാദം പോലുള്ള ചിന്താരീതികള്‍ക്ക് കാരണമായത് എന്നു പറയാറുണ്ട്. യുദ്ധം ഒരുതരത്തില്‍ മനുഷ്യര്‍ സൃഷ്ടിച്ച അസംബന്ധതയാണ്. എന്നാല്‍ കോവിഡോ?

അതും മനുഷ്യസൃഷ്ടിയാണെന്ന് ഒരു വാദമുണ്ടല്ലോ?

വാസ്തവം ഇനിയും കണ്ടെത്തിയിട്ടില്ലല്ലോ.

അതിനി എന്തു പുതിയ ദര്‍ശനമാണ് നമുക്കു സംഭാവനചെയ്യുക എന്നാര്‍ക്കറിയാം?

രവിയേട്ടന്‍ ജോലിയില്‍നിന്ന് സ്വയം വിരമിക്കാന്‍ കാരണം അകാരണമായ ഉല്‍ക്കണ്ഠയാണെന്നു പറഞ്ഞിട്ടുണ്ട്. അതിന് ധാരാളം സ്റ്റിറോയ്ഡുകളടക്കമുള്ള മരുന്നുകള്‍ കഴിക്കുകയും അത് കാഴ്ചയെ ബാധിക്കുകയും ചെയ്തപ്പോഴാണ് തന്റെ മൂന്നുപതിറ്റാണ്ടുകാലത്തെ സാഹസികതയ്ക്ക് വിരാമമിട്ടത്. പക്ഷേ അത് അദ്ദേഹത്തെ കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്തത്.

ഇത്തവണത്തെ കണ്യാര്‍കളി ഉത്സവത്തിന് അവസാനമായി ഒറ്റച്ചക്കിലിയന്‍ കെട്ടി കളിയില്‍നിന്നു വിടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പലതവണ കളിയാശാനെയും ദേവസ്വം സെക്രട്ടറിയെയും ഫോണില്‍വിളിച്ച് ഇക്കാര്യം ഉറപ്പിച്ചിരുന്നു. ഇത് അവസാനത്തേതാണെന്ന് ഒരു ഉള്‍വിളി ലഭിച്ചതു പോലെ.

പക്ഷേ അതിനിടയ്ക്കല്ലേ കാര്യങ്ങള്‍ ഇത്രയധികം വഷളായി, കളിതന്നെ ശാസ്ത്രത്തിനു മാത്രമായി ചുരുക്കിയത്?

നാട്ടിലെത്താന്‍ കഴിയില്ലേ എന്ന് അവസാനത്തെ ആഴ്ചപോലും രവിയേട്ടന്‍ ശങ്കിച്ചിരുന്നു. കോവിഡ് വാര്‍ത്തകള്‍ പരക്കുമ്പോഴും തന്റെ യാത്രയെ അതു ബാധിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു. തൊട്ടടുത്ത വീട്ടിലെ സുധാകരനെ വിളിച്ച്, ആളെവിട്ട് തന്റെ വീടും പറമ്പും വൃത്തിയാക്കിവെക്കാന്‍ ഏല്പിച്ചിരുന്നു. ചക്കിലിയന്റെ രാജാപ്പാര്‍ട്ട് വേഷം, പച്ചയും ചുവപ്പും നിറത്തിലുള്ള ചുരുളും വേയ്സ്റ്റ് കോട്ടും പുതുതായി തുന്നിക്കാന്‍ ടെയിലര്‍ മണിയെ വിളിച്ചേല്‍പ്പിച്ചു. കൊടുവായൂര്‍ ടൗണില്‍ച്ചെന്ന് വിലകൂടിയ തുണിവാങ്ങി തന്റെ അളവിന് തുന്നിവയ്ക്കാന്‍ പറഞ്ഞുകൊണ്ട് രവിയേട്ടന്‍ മണിയെ പലതവണ വിളിച്ചിരുന്നു. രണ്ടാം കളിയുടെ പ്രധാന ഹൈലൈറ്റ് താനായിരിക്കണമെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തിന്റെ ഇടപെടല്‍ എല്ലാവര്‍ക്കും തോന്നിച്ചത്. അതില്‍ ആര്‍ക്കും അസ്വാഭാവികതയൊന്നും തോന്നിയില്ല. അമ്പലക്കമ്മിറ്റി ഇക്കൊല്ലത്തെ പിരിവ് ആരംഭിക്കും മുമ്പേതന്നെ രവിയേട്ടന്റെ സംഭാവനയായ വലിയൊരു തുക അയച്ചുകിട്ടിയിരുന്നു. രണ്ടാം ദിവസം കളി പന്തലില്‍ പ്രവേശിക്കും മുമ്പ് മുതിര്‍ന്ന കളിക്കാരെയും വാദ്യക്കാരെയും ആദരിക്കുന്ന ചടങ്ങില്‍ അവര്‍ക്കു കൊടുക്കാനുള്ള മുണ്ടും വേഷ്ടിയും കുത്താമ്പുള്ളിയില്‍ പോയി വാങ്ങിവരണമെന്ന് ക്ലബ്ബ് സെക്രട്ടറിയെ പ്രത്യേകം വിളിച്ച് രവിയേട്ടന്‍ ചട്ടംകെട്ടിയിരുന്നു. പതിവുകാര്യങ്ങളായിരുന്നതുകൊണ്ട് ആരും അതിലൊന്നും ഒരു പ്രത്യേകതയും കണ്ടില്ല. പക്ഷേ പിന്നീടാണ് കാര്യങ്ങളെല്ലാം തകിടംമറിഞ്ഞതും, തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം കണക്കുകൂട്ടിയതുപോലെ സൂചനകള്‍ വായിച്ചെടുക്കാനായതും.  

എത്തിച്ചേര്‍ന്നയിടത്തുനിന്ന് തിരിച്ചുവായിക്കുമ്പോഴാണ് ഓരോ യാത്രയ്ക്കും ലക്ഷ്യമുണ്ടാവുന്നത്. പള്ളൂര്‍ ഗ്രാമത്തില്‍ ഓരോ ദിവസവും കേള്‍ക്കുന്ന മരണവാര്‍ത്തകള്‍ ഇങ്ങനെ പിന്നിലേക്കു വായിച്ച് മരിച്ചയാളുടെ കണക്കുകൂട്ടലുകളിലെത്തിച്ചേരാറുണ്ട്. നിലത്തിറക്കിക്കിടത്തിയ ശരീരത്തിനരികെ കരഞ്ഞും പിഴിഞ്ഞുമിരിക്കുന്ന സ്ത്രീകള്‍ മരണദിവസത്തെ ഓരോ സംഭവങ്ങളും എണ്ണിയെണ്ണിപ്പറയും. എന്നിട്ടു തീരുമാനിക്കും, “മൂപ്പര് എല്ലാം കണക്കുകൂട്ടിയിട്ടു തന്നെയാ. ഞാന്‍ പൊട്ടത്തി, അതൊന്നും മനസ്സിലാക്കിയില്ല. പോകാന്‍നേരത്തുകൂടി മൂപ്പരെ ചൊടിപ്പിച്ചല്ലോ ഈശ്വരാ...” വീണ്ടും കരച്ചില്‍. കൂടെയുള്ളവര്‍ സമാധാനിപ്പിക്കും, “ഇതൊന്നും നമ്മടെ കയ്യിലല്ലല്ലോ... മോളിലൊരാള്‍ എല്ലാം നേരത്തേ നിശ്ചയിച്ചിട്ടുണ്ട്.” അതിലും വലിയ ഒരുവിധിപ്രസ്താവന വേറെയില്ല. അതിനെതിരെ അപ്പീല്‍കൊടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല.

നാട്ടിന്‍പുറങ്ങളില്‍ വിവാഹം പോലെ, കാതുകുത്തും തിരണ്ടുകല്യാണവും പോലെ, ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ് മരണം. നാട്ടുകാര്‍ക്ക് ഒത്തുകൂടാനും നാട്ടുവര്‍ത്തമാനം പറയാനുമുള്ള വെറുമൊരു കാരണം. മരിച്ചുകിടക്കുന്നയാളെ നോക്കി “പരമഭാഗ്യവാന്‍” എന്നൊക്കെ അസൂയയിലും സംതൃപ്തിയിലും വിശേഷിപ്പിക്കാന്‍ അവിടങ്ങളിലേ കഴിയൂ. “കിടക്കുന്ന കിടപ്പുകണ്ടില്ലേ... കള്ളച്ചിരിയും ചിരിച്ച്...” ഇരിപ്പും നടപ്പും പോലെ സ്വാഭാവികമായ ഒരു പ്രവൃത്തിയാണ് ഈ മരിച്ചുകിടപ്പും അവര്‍ക്ക്.

പക്ഷേ രവിയേട്ടന്‍റെ മരണം പള്ളൂരുകാര്‍ക്ക് അത്തരം അവസരങ്ങളൊന്നും നല്‍കിയില്ല. മന്ദത്തും പൂവ്വത്തുംചോട്ടിലും ചെറാക്കോട് മുക്കിലും കൂട്ടംകൂടി നിന്ന് പറഞ്ഞുതീര്‍ക്കാമെന്നുവച്ചാല്‍ അതിനും ഈ നശിച്ച കോവിഡ് സമ്മതിക്കുന്നില്ല. പിന്നെയുള്ളത് ഫോണ്‍വിളികളും വാട്സാപ്പ് ഗ്രൂപ്പുകളും മാത്രം. മഹാമാരികളുടെ ഭയാശങ്കകള്‍ക്കിടയില്‍ രവിയേട്ടന്‍റെ മരണം പള്ളൂരാകാശത്തില്‍ കട്ടികൂടിയ ഒരു കരിമേഘമായി അടഞ്ഞുകിടന്നു.     

 

7

വീരമണികണ്ഠന്‍ അമ്പലം തുറക്കാതെ തിരിച്ചുപോയതറിയാതെ തിരുമേനി കുളികഴിഞ്ഞ് ഉച്ചത്തില്‍ നാമംജപിച്ചുകൊണ്ട് നടതുറക്കാനെത്തി. വാതില്‍ക്കല്‍ താക്കോല്‍ക്കൂട്ടം വച്ചിരിക്കുന്നതുകണ്ട് ഒന്നു സംശയിച്ചെങ്കിലും നാമജപം നിര്‍ത്താതെതന്നെ അതുമെടുത്ത് മുഖമണ്ഡപത്തിലേക്കുകയറി. ശ്രീകോവിലിന്‍റെ മണിച്ചിത്രപ്പൂട്ട് പണിപ്പെട്ടുതുറന്ന്, രണ്ടുതവണ മണിമുഴക്കി വാതില്‍ തള്ളിത്തുറന്ന് തലതട്ടാതിരിക്കാന്‍ നല്ലവണ്ണം കുനിഞ്ഞ് അകത്തുകയറി.

 

ആഖേടായ വനേ ചരസ്യ ഗിരിജാസക്തസ്യ ശംഭോഃ സുതഃ

ത്രാതും യോ ഭുവനം പുരാ സമജനിഖ്യാതഃ കിരാതാകൃതിഃ

കിരാതാഷ്ടകം ഉറക്കെ ചൊല്ലിക്കൊണ്ട് തിരുമേനി നിര്‍മ്മാല്യത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു. വായുസഞ്ചാരവും വെളിച്ചവും കുറഞ്ഞ ശ്രീകോവിലിനകത്തെ വീര്‍പ്പുമുട്ടലുമായി  ഒന്നു പാകപ്പെടാന്‍ അദ്ദേഹം കുറച്ചുസമയമെടുത്തു. നടയടച്ചുപൂജയ്ക്കായി താന്‍ അകത്തിരിക്കുമ്പോള്‍ ശ്വാസംകിട്ടാതെ വിഷമിക്കാറുണ്ടെങ്കിലും ചടങ്ങും മന്ത്രങ്ങളും മുഴുവന്‍ തീര്‍ത്തേ ദീപാരാധന നടത്താറുള്ളു. അകത്തുള്ളയാള്‍ മഹാപോക്കിരിയാണെന്നു കേട്ടിട്ടുണ്ട്. സമരപ്രിയനാണ്. അര്‍ജ്ജുനന്‍റെ അഹന്തയകറ്റി പാശുപതാസ്ത്രം വരംകൊടുക്കാന്‍ പരമേശ്വരനും പാര്‍വ്വതിയും രൂപമെടുത്ത കിരാതനും കിരാതിയ്ക്കും പിന്നീട് കാട്ടില്‍ കഴിയുന്ന കാലത്ത് ജനിച്ച പുത്രനാണ്. ശരിക്കും കാട്ടാളക്കുഞ്ഞ്. അതിന്‍റെ വെറിയും ശൗര്യവുംകൊണ്ട് പൊറുതിമുട്ടി മഹാവിഷ്ണു നേരിട്ടു പ്രത്യക്ഷപ്പെട്ട് ദിവ്യമായ ഛുരിക സമ്മാനിച്ച് പണികൊടുത്തതാണ്. ഛുരിക സമ്മാനിക്കുമ്പോള്‍ അദ്ദേഹം ഒരു വ്യവസ്ഥയേ പറഞ്ഞുള്ളൂ, അത് ഒരിക്കലും കൈയില്‍നിന്ന് താഴെവയ്ക്കരുത്. ഇടംകൈയിലാണെങ്കില്‍ അമ്പുംവില്ലും കൂട്ടിപ്പിടിച്ചിരിക്കുന്നു. ഇനിയെന്തുചെയ്യും? ദിവ്യായുധങ്ങള്‍ കൈയിലുണ്ടായിട്ടും അതു പ്രയോഗിക്കാനാവാതെ ഈ കിരാതസൂനു അടങ്ങിയിരിക്കുകയാണ്. പക്ഷേ ആ മുഖത്തെ ശൗര്യവും ക്രോധവും കാണ്‍കെ ദുഷ്ടശക്തികള്‍ ഭയന്ന് അകന്നുമാറും. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായതുകൊണ്ട് നാട്ടുകാരുടെ മഹാശ്രയമാണ്.  അതുകൊണ്ട് ഭയഭക്തിയോടെ വിധിയാംവണ്ണം മാത്രമേ എല്ലാ കര്‍മ്മങ്ങളും ചെയ്യാറുള്ളൂ. തന്‍റെ ജന്മദേശമായ തുളുനാട്ടില്‍നിന്ന് ഈ ഓണംകേറാമൂലയില്‍വന്നു കഷ്ടപ്പെടണമെങ്കില്‍ അതിനുമാത്രം ഗതികേട് ജീവിതത്തിലുണ്ടെന്ന് ഓര്‍ക്കണമല്ലോ. കിരാതമൂര്‍ത്തിയും വടക്ക് ബാലുശ്ശേരി കോട്ടയില്‍നിന്ന് ഇവിടെവന്നെത്തിയ പരദേശിയാണെന്നു കേട്ടുകേള്‍വിയുണ്ട്. പക്ഷേ ഇദ്ദേഹത്തെ സേവിക്കാന്‍ തുടങ്ങിയ അന്നുമുതല്‍ തന്‍റെ വേവലാതികള്‍ ശമിക്കുന്നതായി തിരുമേനിക്ക് അനുഭവപ്പെട്ടിരുന്നു. ജീവിതത്തെ നേരിടാന്‍ ഒരു ബലം കിട്ടുന്നത് ഇവിടെ വന്നതുമുതല്‍ക്കാണ്. ദക്ഷിണ വച്ചുനമസ്ക്കരിക്കുന്ന പ്രജകളെ ഇരുകൈയുമുയര്‍ത്തി അനുഗ്രഹിക്കുമ്പോള്‍ ഉള്ളില്‍ അജ്ഞാതമായ ഒരു പ്രകാശം തെളിയും.

പുറത്ത് എന്തോ ഒച്ച കേട്ട് തിരുമേനി തിരിഞ്ഞുനോക്കി. മേടമാസക്കാറ്റില്‍ ഇളകിയാടുന്ന മരക്കൊമ്പുകളും തെങ്ങോലകളും മാത്രം. പക്ഷേ മുറ്റത്തെ ഒമ്പതുകാല്‍ പന്തലില്‍നിന്ന് എന്തോ തെറിച്ചുവീഴുന്ന ശബ്ദം വീണ്ടും കേട്ടു. ശ്രദ്ധിച്ചപ്പോള്‍ അത് കണ്യാര്‍കളിയിലുപയോഗിക്കുന്ന കാല്‍ച്ചിലമ്പും കയ്യലകുമാണെന്നു കണ്ടു.

ഞെട്ടിത്തരിച്ച് സോപാനപ്പടവുകളിറങ്ങി തിരുമേനി പുറത്തെത്തി. മുഖമണ്ഡപത്തിലെ തൂണുചാരിനിന്ന് കിതയ്ക്കുമ്പോള്‍ ഓരോന്നോരോന്നായി അഴിഞ്ഞുവീഴുന്ന കാഴ്ച കാണായി.

വീതിയില്‍ കസവുവെച്ച തലപ്പാവ്.

മിന്നിത്തിളങ്ങുന്ന കഴുത്താരം.

സാറ്റിന്‍തുണിയില്‍ തീര്‍ത്ത ചുരുളും വേയ്സ്റ്റ്കോട്ടും.

ചുവന്ന ഇടുപ്പുപട്ട.

ഒന്നൊന്നായി പന്തലിനു പുറത്തേക്കു തെറിച്ചുവീഴുന്നു.

സൂക്ഷ്മത്തില്‍ സൂക്ഷ്മമായി ഇലത്താളത്തിന്‍റെ ശബ്ദം  കേള്‍ക്കാകുന്നു...

അതുമാത്രം ശ്രദ്ധിക്കെ, ഉരുക്കും ഉരുക്കുമായി താളംകൊട്ടുന്ന ഒരു തീവണ്ടിയുടെ ഒച്ചയായി അത് തിരുമേനിക്കു തോന്നി. പള്ളൂരിന്‍റെ അടുത്ത പ്രദേശങ്ങളിലൊന്നും തീവണ്ടിപ്പാളമില്ലെങ്കിലും ഇലത്താളത്തിന്‍റെ സ്ഥായിയില്‍ അത് ദൂരേക്കു ദൂരേക്കു പാഞ്ഞുപോകുന്ന ഒരു വണ്ടിയുടെ പ്രതീതിയുണ്ടാക്കി തേങ്ങിത്തേങ്ങിയകന്നു.


[i] പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള നാടന്‍ അനുഷ്ഠാനകലാരൂപമാണ് കണ്യാര്‍കളി. മൂന്നോ നാലോ രാത്രികളിലായി നടന്നുവരാറുള്ള ഈ കലാരൂപത്തിന്‍റെ പരിസമാപ്തിയോടെ, കളിപ്പന്തല്‍ ചരടുകൊണ്ടു ബന്ധിച്ച് ഏഴുദിവസത്തോളം അതേപടി നിലനിര്‍ത്തും. കളിച്ചു മതിവരാതെ ഇഹലോകവാസം വെടിയേണ്ടിവന്ന കളിക്കാരും യക്ഷഗന്ധര്‍വ്വന്മാരും ഈ ദിവസങ്ങളില്‍ വന്ന് അദൃശ്യമായി കണ്യാര്‍കളി കളിക്കുന്നു എന്നാണ് സങ്കല്പം.


(സമകാലികമലയാളം വാരിക മെയ് 5, 2025)

Comments


@sreevalsan

bottom of page