top of page

ബാലസാഹിത്യം

  • Writer: Sreevalsan Thekkanath
    Sreevalsan Thekkanath
  • Apr 17, 2022
  • 9 min read

Updated: Jun 27


ree

ഈയിടെയായി ഞാൻ പത്രത്തിലെ ചരമക്കോളം ശ്രദ്ധിച്ചുനോക്കുന്നുണ്ട്. എന്തിന്റെ ലക്ഷണമാണോ എന്തോ! പലരുടെയും മരണം അറിയുന്നത് അങ്ങനെയാണ്. മുമ്പൊക്കെ ആ പേജിലെത്തുമ്പോൾ കാണാത്തമട്ടിൽ മറിച്ചുപോവുകയായിരുന്നു പതിവ്. ഇപ്പോൾ അതിനു മാറ്റം വന്നിട്ടുണ്ട്. വാട്സാപ്പിലും ഫേസ്ബുക്കിലും ആരുടെയെങ്കിലും പാസ്സ്പോർട്ട് സൈസ് ഫോട്ടോയും കുറിപ്പും കണ്ടാൽ ഉള്ളുകാളുകയായി. ചിത്രംകാണുമ്പോൾ ആദ്യത്തെ ചിന്ത മരിച്ചു എന്നതാണല്ലോ. പിന്നെയാണ് ഉന്നതവിജയമോ പുരസ്ക്കാരമോ ഒക്കെ ലഭിച്ചകാര്യമാണെന്നറിയുക.

ചെറിയ കുട്ടിയായിരിക്കുമ്പോൾ ഞാൻ ചരമച്ചിത്രങ്ങൾക്ക് മീശയും താടിയും വരയ്ക്കുമായിരുന്നു എന്ന് അമ്മ പറഞ്ഞറിയാം. മുത്തശ്ശിമാർക്ക് കട്ടിമീശയും നീളൻ താടിയും വരച്ചുചേർത്ത് ഞാൻ കൈകൊട്ടിച്ചിരിക്കുമത്രേ! പല പരേതാത്മാക്കൾക്കും അവരുടെ ജീവിതകാലത്തൊരിക്കലും സാധിക്കാത്ത ആ ആഗ്രഹം അങ്ങനെ മരണാനന്തരമാണ് പൂർത്തീകരിക്കാനാവുക.


ree

അതൊക്കെ ഓർത്ത് അന്നത്തെ പത്രത്തിലെ ചരമക്കോളത്തിൽ കണ്ണോടിച്ചപ്പോഴാണ്, വിദൂരപരിചയമുള്ള ഒരു മുഖം തടയുന്നത്. പൊതുവേ, ഇടത്തേയറ്റത്ത് ആദ്യം കൊടുക്കുന്ന ചിത്രങ്ങൾക്ക് അല്പം അധികപ്രാധാന്യം ലഭിക്കാറുണ്ട്. ഇത് മുന്നാമത്തെ കോളത്തിൽ നടുവിലായി തീർത്തും അപ്രധാനമായി, മുഴുക്കഷണ്ടിയായ ആ മുഖം. ബാലചന്ദ്രമേനോൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര് എന്നുപോലും ഇപ്പോഴാണറിയുന്നത്. സൂക്ഷിച്ചുനോക്കി. അദ്ദേഹംതന്നെ. താഴെയുള്ള വിവരണത്തിൽ അദ്ദേഹത്തിന്റെ ജനനസ്ഥലവും ജോലിയും കുടുംബാംഗങ്ങളും ഒക്കെ പറഞ്ഞ് ഏറ്റവുമൊടുവിലാണ് തീർത്തും അലസമായി ഇങ്ങനെയൊരു സൂചന: ഇദ്ദേഹത്തിന്റേതായി നൂറിലധികം നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്ന്. ഒരു വരി മാത്രം. ഞാനാ ഫോട്ടോവിലേക്കുതന്നെ കുറേനേരം നോക്കിയിരുന്നു. ‘അയ്യോ’ എന്നു തോന്നിക്കുന്ന ഒരു ചെറിയ നിസ്സഹായത മാത്രം ബാക്കിയാക്കി, നിശ്ശബ്ദം ഒരു ജന്മം...! പരേതാത്മാക്കളുടെ ഒച്ചപൊങ്ങാത്ത നിലവിളികൾക്കിടയിൽ ആ നേരിയ ശബ്ദം ഇപ്പോൾ എനിക്കു വ്യക്തമായി കേൾക്കാം.

നൂറിലധികം നോവലുകൾ എന്ന് എത്ര നിസ്സാരമായാണ് പത്രക്കാർ എഴുതിയിരിക്കുന്നത്!

മുപ്പതിലേറെ വർഷങ്ങൾക്കുമുമ്പായിരുന്നു.

ഓർക്കുമ്പോൾ മറ്റേതോ ജന്മത്തിലേതുപോലെ തോന്നുന്നു അക്കാലങ്ങൾ!

എന്റെ സ്ക്കൂൾക്കാലം.

സാഹിത്യകാരനാവണം.

ഊണിലും ഉറക്കത്തിലും അതുതന്നെയായിരുന്നു ചിന്ത.

രാവിലെ മഞ്ഞ്. ഉച്ചയ്ക്ക് ശബ്ദങ്ങൾ. രാത്രി സ്മാരകശിലകൾ എന്ന മട്ടിൽ പുസ്തകങ്ങൾ തിന്നുതീർക്കുന്നു. അധികം ആരോടും മിണ്ടുന്നില്ല. നടത്തത്തിലും ഇരിപ്പിലും ഒക്കെ മറ്റൊരു മട്ട്. തലമുടി വളർന്ന് കാടായി. അച്ഛനോടും അമ്മയോടും നിഷേധം മാത്രം. ആരോടും പറയാതെ സൈക്കിൾ ചവുട്ടി, പത്തുകിലോമീറ്റർ അകലെയുള്ള പുഴയുടെ തീരത്തേക്ക് ചെന്ന് അനന്തതയിലേക്കു നോക്കി മണിക്കൂറുകൾ ചിലവഴിക്കുന്നു. നാട്ടിലെ ഗ്രാമീണവായനശാലകൾ മഹാത്മാഗാന്ധിയും ദേശപോഷിണിയും തിന്നുതീർത്തു. വി.ആർ.കൃഷ്ണയ്യരുടെ ഭാര്യയുടെ സ്മാരകമായി പണിത, നഗരത്തിലെ ലൈബ്രറിയിലായി പിന്നെ വായന. വൈകുന്നേരം ഏഴരയോടെ, വായിക്കുന്നവരെ മുഴുവൻ പുറത്താക്കാനായി അവജ്ഞയോടെ ജനൽച്ചില്ലുകൾ പടപടാന്ന് കൊട്ടിയടച്ച് ലൈറ്റുകളണയ്ക്കുമ്പോൾ, പടവുകളുടെ പകുതിയിൽ പണിതുവച്ച ശാരദാ കൃഷ്ണയ്യരുടെ അർദ്ധകായ പ്രതിമയ്ക്ക് ഇരുട്ടത്ത് ഒരുമ്മയും കൊടുത്ത് പുറത്തിറങ്ങും. റാസ്ക്കോൾനിക്കോഫും അലോഷ്യ കാരമസോവും അന്നയും ലോലിതയും യൂറി ഷിവാഗോയുമൊക്കെ കൂട്ടിനുണ്ടാവും. തലയ്ക്കകത്ത് പല ഭാഷകൾ സംസാരിക്കുന്ന വിചിത്രജീവികളായ ഒരാൾക്കൂട്ടവുമായി ഞാൻ ബസ് സ്റ്റാന്റിലേക്കു നടക്കും. വീട്ടിലെത്തിയാൽ രാത്രി ഏറെ വൈകുവോളം തകരച്ചെണ്ടയും സിദ്ധാർത്ഥയും വിചാരണയുമൊക്കെ.

എട്ടാംക്ലാസ്സിലെ മധ്യവേനലവധിക്ക് എന്റെ അവസ്ഥ ഇതായിരുന്നു.

എഴുത്തുകാരനാവണം.

വളരെ ഗൗരവമായിത്തന്നെ സാഹിത്യമെഴുതാനും അപ്പോഴേ ഞാൻ തുടങ്ങിയിരുന്നു. കഥകളെഴുതി, ചിത്രങ്ങളൊക്കെ വരച്ച്, സമാഹാരം പോലെ തുന്നിക്കെട്ടി, അവതാരികയെഴുതി, സ്വകാര്യമായി പുസ്തകപ്രകാശനം ചെയ്യും. വായനക്കാർക്ക് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് കണ്ണാടിയിൽ നോക്കി പ്രസംഗിക്കും. ഈ വർഷത്തെ സാഹിത്യത്തിനുള്ള അവാർഡ് എന്റെ കൃതിക്കു പ്രഖ്യാപിക്കും. അവാർഡുദാനം. ആശംസകൾ. മറുപടി പ്രസംഗത്തിൽ എഴുത്തനുഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കും. ചെറുപ്പക്കാരായ എഴുത്തുകാർക്കുള്ള ഉപദേശവും നൽകും.


ree

സാഹിത്യഭ്രാന്ത് ശരിക്കും തലയ്ക്കു പിടിച്ചകാലം.

വീട്ടിനുപിന്നിലെ തൊടിയുടെ അറ്റത്ത് കിണറിനോടുചേർന്ന് ഒരു വാട്ടർടാങ്കും അതിനുതാഴെ ഒരു കുളിമുറിയുമുണ്ടായിരുന്നു. ഉപയോഗശൂന്യമായ ആ മുറിയിലാണ് എന്റെ താവളം. ഒരു കസേരയും അതിന്റെ കയ്യിൽ ഒരു പാഡും വച്ച് ഞാനെന്റെ എഴുത്തുമുറി സജ്ജീകരിച്ചു. മുകളിൽ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ നല്ല തണുപ്പാണ്. ആരുടെയും ശല്യമില്ല. പിന്നെ, ഏകാന്തതയുടെ ആഴങ്ങളിൽ മുഴുകിയിരിക്കുകയും ചെയ്യാം.

അങ്ങനെയിരിക്കെയാണ്, ഏട്ടന്റെ സുഹൃത്തുവഴി എനിക്കൊരു ഓഫർ വരുന്നത്. നാട്ടിലെ ഒരു മുതിർന്ന സാഹിത്യകാരന് ഒരു കേട്ടെഴുത്തുകാരനെ വേണം. നല്ല കയ്യക്ഷരവും എഴുത്തിൽ വേഗവുമുള്ള ഒരാളെയാണ് ആവശ്യം. ദിവസവും ചെന്ന് രാവിലെമുതൽ വൈകുന്നേരം വരെ എഴുതിക്കൊടുത്താൽ അത്യാവശ്യം പോക്കറ്റുമണി കിട്ടും. പിന്നെ, സാഹിത്യരചനയിലെ പല തന്ത്രങ്ങളും നേരിൽ മനസ്സിലാക്കുകയും ചെയ്യാം. സാഹിത്യകാരൻ ആരാണെന്നോ അദ്ദേഹത്തിന്റെ പേരെന്തെന്നോ ഒന്നും അറിഞ്ഞുകൂടാ. എഴുത്തുകാരനാവാനുള്ള അത്യാർത്തികൊണ്ടുമാത്രം ഞാൻ ആ കാര്യം ഏറ്റു.

പിറ്റേന്നു കാലത്ത് കുളിച്ചുകുട്ടപ്പനായി, ട്രൗസറും ഷർട്ടുമിട്ട് സൈക്കിളിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. പാടത്തിനു നടുവിൽ തലയെടുത്തുപിടിച്ച് ഒറ്റയ്ക്കൊരു വീട്. വലിയ ഗേറ്റും നീണ്ടമുറ്റവുമൊക്കെയുണ്ട്. നാലുപാളികളുള്ള മുൻവാതിലിൽ മുകളിലെ രണ്ടെണ്ണം തുറന്നുകിടക്കുന്നു. ഞാൻ ചെന്ന് കോളിംഗ്ബെല്ലടിച്ച് കാത്തുനിന്നു. ഒരു പാവാടക്കാരി വന്ന്, “അച്ഛൻ കുളിക്ക്യാണ്, ഇരിക്കൂ” എന്നു പറഞ്ഞു. വാതിൽ തുറന്ന്, അകത്തെ സോഫയിലേക്കുചൂണ്ടി. ഞാൻ ആ മുറിയാകെ ഒന്നു കണ്ണോടിച്ചു. എഴുത്തുകാരന്റെ താവളം! വലിയൊരു മാൻതലയും പിന്നെ കുറേ പഴയ ഫോട്ടോകളുമൊക്കെയാണ് ചുമരിൽ. വയൽക്കാറ്റിൽ മണ്ണിന്റെ വരണ്ടമണം. പുസ്തകങ്ങളോ എഴുത്തുസജ്ജീകരണങ്ങളോ ഒന്നും കാണുന്നില്ല. എന്തായിരിക്കും ഇദ്ദേഹത്തിന്റെ പേര്? സാഹിത്യകാരന്മാർ പൊതുവേ മുരടന്മാരായിരിക്കുമെന്നു കേട്ടിട്ടുണ്ട്. ചിരിക്കാനും തുറന്നു സംസാരിക്കാനും പിശുക്കുള്ളവർ.

അധികം വൈകാതെ അകത്തെ വാതിൽ തുറന്ന്, ലുങ്കിയും ബനിയനും ധരിച്ച് ഒരു മുഴുക്കഷണ്ടിക്കാരൻ പ്രത്യക്ഷപ്പെട്ടു.

ങ്ഹാ... മിടുക്കാ നീയായിരുന്നോ?

ഞാൻ എഴുന്നേറ്റു.

ഇരിക്ക്.... ബ്രേക്ക്ഫാസ്റ്റ് കഴിച്ചതാണോ?

അതെ.

എഴുതാനൊക്കെ താല്പര്യമുണ്ടോ?

ഉവ്വ്.

മിടുക്കൻ. എങ്കിൽ വാ..

അദ്ദേഹം എന്നെ വീടിനു പുറത്തുള്ള ഒരു ചെറിയ ഔട്ട്ഹൗസിലേക്കു കൊണ്ടുപോയി. മരങ്ങൾ നിറഞ്ഞ് ഇരുണ്ട കൂടാരം പോലൊരു കെട്ടിടം. അതിനകത്ത് ഒറ്റമുറിയുടെ നടുവിൽ ഒരു ചാരുകസേര. പിന്നെ വലിയൊരു വട്ടമേശപ്പുറത്ത് കെട്ടുകെട്ടായി എഴുതി അടുക്കിവച്ച പേപ്പറുകൾ. മഞ്ഞയും പിങ്കും നിറത്തിലുള്ള ഫയലുകൾ. എനിക്കിരിക്കാൻ വട്ടത്തിലുള്ള ചെറിയ സ്റ്റൂൾ.


ree

അദ്ദേഹം ചാരുകസേരയിലിരുന്ന് എന്നോട് ഇരിക്കാൻ ചൂണ്ടി. പിന്നെ സിഗരറ്റു പായ്ക്കറ്റിൽ നിന്ന് ഒരെണ്ണമെടുത്തു കത്തിച്ച് വട്ടത്തിൽ പുകവിട്ട് ഒരു പാഡും കുറച്ചുപേപ്പറും എനിക്കു നീട്ടി. ആദ്യം നമുക്കൊരു ട്രയൽ നോക്കാം. എന്താ ഗണപതീ?

ആ വിളികേട്ട് ഞാൻ അന്തംവിട്ടു.

ഹ... ഹ... മഹാഭാരതമെഴുതുമ്പോ വ്യാസനും വിഘ്നേശ്വരനും തമ്മിലുണ്ടായിരുന്ന കരാറെന്താന്നറിയ്യോ? താനെഴുതിക്കഴിയുമ്പോഴേക്കും അടുത്ത ശ്ലോകം തയ്യാറായിരിക്കണമെന്ന് ഗണപതി. താൻ പറഞ്ഞുകൊടുക്കുന്നത് മുഴുവൻ മനസ്സിലാക്കി മാത്രമേ എഴുതാവൂ എന്ന് വ്യാസനും. കടുകട്ടി ശ്ലോകം വ്യാസൻ പറയും അസാമാന്യവേഗത്തിൽ വിഘ്നേശ്വരൻ അതെഴുതും. എന്താ തയ്യാറല്ലേ ഗണപതീ... ഒറ്റക്കണ്ടീഷൻ, ഞാൻ പറയുന്നതു മുഴുവൻ അർത്ഥം മനസ്സിലാക്കി ഭാവമുൾക്കൊണ്ട് എഴുതണം കേട്ടോ...?

ഞാൻ മൂളി.

എന്നാൽ എഴുതിക്കോ...

കായലിലെ

ജലശയ്യയിൽ

മിന്നിത്തെളിയുന്ന

കൊച്ചോളപ്പരപ്പിലേക്ക്

എഴുതിയോ?

ഉം.

തന്റെ തരിവളക്കൈകൾ

നീട്ടിയെത്തിച്ച്

തൊട്ടുകൊണ്ട്

അവൾ

കിലുങ്ങിച്ചിരിച്ചു

ഫുൾസ്റ്റോപ്പ്

എഴുതിയോ?

ഉം.

തോണിയിൽനിന്ന്

കുനിയുമ്പോൾ

പുറത്തേക്കു തുളുമ്പിയ

വെളുത്ത മാറിടത്തിലേക്ക്

ആർത്തിയോടെ

നോക്കിക്കൊണ്ട്

അവൻ

ചോദിച്ചു

കോളൻ.

എവിടെ നോക്കട്ടെ...

ഞാൻ പാഡിലെഴുതിയ ആ സാഹിത്യക്കഷണം അദ്ദേഹത്തെ കാണിച്ചു.

നനഞ്ഞു വഴുവഴുത്ത എന്തിലോ ചവുട്ടിയതുപോലെ എനിക്കു തോന്നി. ഇദ്ദേഹം...?

എക്സലന്റ്. വേഗതകൂടുമ്പോൾ കയ്യക്ഷരം പോവരുത്. ട്ടോ. ഇതിനേക്കാൾ വേഗത്തിൽ ഞാൻ പറയും. മൂന്നു നാലുമണിക്കൂറൊക്കെ എഴുതുമ്പോഴേക്കും കയ്യക്ഷരം കെട്ടുപോയാൽ പിന്നെ നയാപൈസ തരില്ല കേട്ടോ? ഇത് ഒരു ദിവ്യമായ കർമ്മമാണ്. സരസ്വതിയെ അലങ്കോലപ്പെടുത്തി അപമാനിക്കരുത്. എവിടെ എപ്പോ എഴുതുമ്പോഴും കയ്യക്ഷരം നല്ല വടിവിൽ സുന്ദരമായി ഇരിക്കണം കേട്ടോ.

ശരി. ഇന്നിപ്പോ എഴുതാൻ തയ്യാറായി വന്നതല്ലേ? ഞാൻ ആലോചിക്കാൻ പോവ്വാണ് ട്ടോ. രണ്ടുനോവലാണ് ഇപ്പൊ എഴുതിക്കൊണ്ടിരിക്കുന്നത്. രാവിലെ ഒന്ന് ഉച്ചയ്ക്ക് മറ്റത്. വൈകുന്നേരം ഒരു അഞ്ചഞ്ചരയ്ക്ക് പോയാൽ മതിയല്ലോ അല്ലേ? ഇന്ന് ചോറു കൊണ്ടുവന്നില്ലെങ്കിൽ ഇവിടുന്നു കഴിയ്ക്കാം. നാളെമുതൽ ചോറുകൊണ്ടുവരണം ട്ടോ.

ഞാൻ എല്ലാം മൂളി. പത്തുമുതൽ അഞ്ചുവരെ ഓഫീസ് ജോലിപോലെ എഴുതുന്ന ഒരെഴുത്തുകാരൻ! ഇതിനൊക്കെയുള്ള പ്രചോദനം?

അദ്ദേഹം ചാരുകസേരയിൽ മലർന്നുകിടന്ന് ആലോചനയിൽ മുഴുകി. അപ്പോഴാണ് ഞാൻ ചുമരിലെ കറുത്ത ബോർഡ് ശ്രദ്ധിച്ചത്. അതിൽ ചോക്കുകൊണ്ട് കുറേ പേരുകളും അവയ്ക്കിടയിൽ ചില ശരചിഹ്നങ്ങളും. കഥാപാത്രങ്ങളുടെ പേരായിരിക്കണം; അവർതമ്മിലുള്ള ബന്ധവും. ഞാൻ വായിച്ചുനോക്കി. സുധർമ്മ, ഗോപൻ, മഹേന്ദ്രവർമ്മ, അനുജൻതമ്പുരാൻ, ഹെഡ് മാസ്റ്റർ, സി. ഐ. ഇട്ടി, അൽഫോൺസച്ചൻ, റാഹേൽ, പാൽക്കാരി, അങ്ങനെയങ്ങനെ...

പെട്ടെന്ന് അദ്ദേഹം കസേരയിൽനിന്നെഴുന്നേറ്റ് ബോർഡിനടുത്തേക്കു പോയി. പിന്നെ ചോക്കെടുത്ത് പേരുകൾക്കിടയ്ക്കുള്ള വരകൾ ചിലത് മായ്ക്കുകയും വരച്ചുചേർക്കുകയും ചെയ്തു. പിന്നെ കസേരയിലേക്കു തിരിച്ചിരുന്ന് നീണ്ടൊരു ചൂരൽകൊണ്ട് ആ പേരുകളിൽ തൊട്ട് എന്തൊക്കെയോ പിറുപിറുത്തു. പിന്നെ കയ്യെത്തിച്ച് മേശപ്പുറത്തെ മഞ്ഞഫയലെടുത്ത് അതിന്റെ അവസാനത്തെ കടലാസുകളിലേക്ക് കണ്ണോടിച്ചു. അവസാനഭാഗം ഉറക്കെ വായിക്കാൻ തുടങ്ങി.

“അതുമതിയായിരുന്നു. ഞാൻ നൂറുതവണ പറഞ്ഞതാണ്. ആരും എന്നെ ചെവിക്കൊണ്ടില്ല. അല്ലെങ്കിലും എനിക്കറിയാം, എന്നെ ആർക്കും വേണ്ട. എന്റെ വാക്കുകൾക്ക് ഒരു വിലയുമില്ല. ഞാനിവിടെ ആരുമല്ലല്ലോ... എന്റെ കൊച്ച് അനാഥക്കുഞ്ഞല്ലേ? അവൾക്ക് ഈ വീട്ടിൽ ഒരവകാശവുമില്ലല്ലോ!”

“ശരി... ഇനിയെഴുതിയ്ക്കോ. ഇടയ്ക്കൊന്നും ചോദിക്കരുത് കേട്ടോ. എന്തെങ്കിലും സംശയം തോന്നിയാൽ ആ വാക്കിന്റെയടിയിൽ ഒരു വരയിട്ടുവയ്ക്കുക. പിന്നീടു വായിക്കുമ്പോൾ അത് ശരിയാക്കാം. ഞാൻ പറയുമ്പോൾ ഒരക്ഷരം മിണ്ടരുത്. ഞാൻ ഇടയ്ക്കിടെ എഴുതിയോ എഴുതിയോ എന്നു ചോദിക്കില്ല. ഞാൻ പറയാൻ തുടങ്ങിയാൽ പിന്നെ വേറെ ആരും ഇവിടെയില്ല. മനസ്സിലായില്ലേ? ഇടയ്ക്ക് ചുമവന്നാൽ പോലും അടക്കിക്കോളണം. ഒരു ശബ്ദവും കേൾപ്പിക്കരുത്. പേന കടലാസിൽ ഉരയുന്ന ശബ്ദം പോലും. കേട്ടോടാ...?

അവസാനത്തെ ശബ്ദം അലർച്ചയായിരുന്നു. ഞാൻ വിരണ്ടിരുന്നു. വാക്കുകൾക്കായി ഞാൻ കാതോർത്തു. രണ്ടാമതൊരിക്കൽ പറയില്ല. സംശയം വന്നാൽ ചോദിക്കാൻ പറ്റില്ല.

അദ്ദേഹത്തിന്റെ ‘സരസ്വതീ’പ്രവാഹം ആരംഭിച്ചു.

സുധർമ്മയുടെ പരിദേവനങ്ങളായിരുന്നു കുറേ പേജുകൾ. ഗോപൻ അവളുടെ കാമുകനാണെന്നു തോന്നുന്നു. വിവാഹിതയായ അവളെ കാണാൻ അയാൾ രാത്രിവരുന്നതൊക്കെ വർണ്ണിയ്ക്കുന്നു. മാസത്തിലെ തൊട്ടുകൂടാത്ത ആ ദിവസങ്ങളിൽ അവൾ മനയിലെ വടക്കിനി ചായ്പിലാണ് താമസം. അന്നാണ് ഗോപന്റെ വരവ്.

ഞാൻ പകുതി ബോധത്തിൽ കഥയിലേക്കു കടക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള വിവരണം ക്രമേണ വേഗം കൂടുന്നുണ്ടായിരുന്നു. ഞാൻ ഒപ്പമെത്താൻ കഷ്ടപ്പെട്ടു. കിതപ്പും ദാഹവുമൊക്കെ തോന്നി. പേടി തോന്നുന്നുണ്ടെങ്കിലും എഴുത്തിലെ വിവരണങ്ങൾകൊണ്ടുള്ള ഇക്കിളി എനിക്കു രസമായി. ഞാനവിടെയുണ്ടെന്ന് ഒരു തോന്നലുമില്ലാതെ ഉറക്കെയുറക്കെ അദ്ദേഹം വിവരിക്കുകയാണ്. സുധർമ്മയെ വിവരിച്ചുവിവരിച്ച് ഇപ്പോഴവരെ എനിക്കു കണ്ണിൽക്കാണാം. ആ ശരീരസൗന്ദര്യം എന്നിൽ തരിപ്പുപടർത്തി. എഴുതുന്ന വരികൾക്കൊപ്പം എന്നിൽ ചില ചലനങ്ങളും സംഭവിക്കുന്നതായി ഞാനറിഞ്ഞു. ട്രൗസറാണ്. അടിയിലൊന്നുമില്ല. വിവരണം തുടരുന്തോറും അവിടുത്തെ ഉണർച്ചകൾ എന്നെയും ചൂടുപിടിപ്പിച്ചു.

ആദ്യമൊക്കെ അദ്ദേഹം പറയുന്ന കാര്യങ്ങളിലെ പൈങ്കിളിച്ചുവ എനിക്ക് വല്ലായ്മ തോന്നിച്ചെങ്കിലും പിന്നീട് അതിൽ എനിക്കും രസം പിടിക്കുകയായിരുന്നു. വായനയിൽനിന്നു കിട്ടിയ ചില സൂചനകളല്ലാതെ എനിക്ക് അക്കാര്യങ്ങളെക്കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. അടുത്ത കൂട്ടുകാരൊന്നും ഇല്ലാത്തതിനാൽ എന്റെ സംശയങ്ങളും രഹസ്യങ്ങളുമൊന്നും ആരോടും പങ്കുവെക്കാനും പറ്റിയിട്ടില്ല.


ree

രോഹിണിട്ടീച്ചർ “പ്രത്യുല്പാദനവ്യൂഹം” പഠിപ്പിക്കുമ്പോൾ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ക്ലാസ്സിൽ പൂർണ്ണനിശ്ശബ്ദതയായിരുന്നു. പിൻബെഞ്ചിലെ തകർപ്പൻ വില്ലന്മാർ പോലും അനക്കമില്ലാതിരിക്കുന്നു. ഇരുണ്ടുതടിച്ച ടീച്ചർ ക്ലാസ്സിൽ പച്ചയായി കാര്യങ്ങൾ പറഞ്ഞുതുടങ്ങി. ആൺകുട്ടികളുടെ മുന്നിൽ ഒരു സ്ത്രീയായി നിന്ന് സ്വയം വിവരിക്കാനും പ്രായപൂർത്തിയിലെ സംശയങ്ങൾ ഊഹിച്ച് അതിനുള്ള മറുപടിനൽകാനും ടീച്ചർക്ക് യാതൊരു നാണവുമില്ല. അമ്മയുടെ കാര്യങ്ങൾ പറഞ്ഞാണ് അവർ ഇക്കാര്യം അവതരിപ്പിച്ചത്. സ്ത്രീയുടെ ഭാഗങ്ങൾ വിവരിക്കുമ്പോൾ അവർ തന്റെ ശരീരത്തിലെ അവിടങ്ങളിലേക്കു കൈചൂണ്ടും. അപ്പോൾ ഞങ്ങൾ നാണിച്ച് തലതാഴ്ത്തും. അവർ ഞങ്ങളെ കളിയാക്കിയും ലാളിച്ചും മക്കളാക്കും. അമ്മ മക്കളോട് മക്കളുണ്ടാവുന്നതിന്റെ ദിവ്യരഹസ്യം ശാസ്ത്രീയമായി പഠിപ്പിക്കുന്നു!

ഞാൻ ഇക്കാര്യങ്ങളൊക്കെ ആ എഴുത്തിനിടയിൽ ഓർത്തുപോയി. ഇടയ്ക്ക് വല്ലതും വിട്ടുപോയോ എന്ന് പേടിതോന്നിയെങ്കിലും, ഇല്ല ഇപ്പോൾ കുറേക്കൂടി യാന്ത്രികമായി വേഗത്തിൽ എഴുതാൻ കഴിയുന്നുണ്ടെന്ന് സമാധാനിച്ചു. സുധർമ്മയുടെ വെളുത്തു മെലിഞ്ഞ ശരീരം എനിക്കിപ്പോൾ കാണാപ്പാഠമായിരിക്കുന്നു. സ്നേഹമുള്ള ഒരു ചേച്ചിയായി അവർ എന്റെ മുന്നിൽ അനാവൃതയായിരിക്കുന്നു.

ഞാൻ എഴുത്തിൽ മുഴുകി.

എഴുത്തിൽ ഒഴുകി.

എഴുത്തെന്നെ കഴുകി.

അവിശുദ്ധമായ ആ ഗംഗാജലത്തിൽ ഞാൻ പവിത്രസ്നാനം ചെയ്തു.

അതിൽ അലിഞ്ഞലിഞ്ഞ് ഞാൻ സ്വയം ഇല്ലാതായി.

ഉച്ചയോടെ അദ്ദേഹം പറച്ചിലവസാനിപ്പിച്ച് എഴുന്നേറ്റു. എനിക്ക് ശരിക്കും കൈ നന്നായി കഴയ്ക്കുന്നുണ്ടായിരുന്നു. പേന പിടിച്ച വിരലുകൾ ചുവന്നു കുഴിഞ്ഞിരിക്കുന്നു. വിരലുകളെ ഉഴിഞ്ഞു നിവർത്തിക്കൊണ്ട് കൈകൾ ആഞ്ഞുകുടഞ്ഞ് ഞാനും എഴുന്നേറ്റു.

ഇരിക്ക്. ഞാൻ ഭക്ഷണം റെഡിയാണോന്നു നോക്കട്ടെ.

എഴുതിത്തീർന്ന കടലാസുകളിലേക്ക് ഞാൻ നോക്കി. അദ്ദേഹം പറഞ്ഞിട്ടാണെങ്കിലും ഞാനെഴുതിയ പേജുകൾ! അതിൽ നിറഞ്ഞുതുളുമ്പിയ അക്ഷരങ്ങൾ! അവയെ പതുക്കെ തലോടിക്കൊണ്ട് എന്തെന്നില്ലാത്ത ഒരു നിറവ് ഞാനനുഭവിച്ചു. ഇതാണോ ഞാനാഗ്രഹിച്ച സാഹിത്യം എന്നറിഞ്ഞുകൂടാ. ഇതിലെ വിവരണങ്ങളൊന്നും ഞാൻ വായിച്ചുകൂട്ടിയ ലോകസാഹിത്യത്തിന്റെ നിലവാരത്തിലുള്ളവ യൊന്നുമല്ല എന്നുറപ്പ്. എന്നാലും, ഓരോ വാക്കിലും വികാരം തുളുമ്പുന്ന ഈ വിവരണം വായിക്കുമ്പോൾ കിട്ടുന്ന ഉള്ളുണർവ്വ് ഞാൻ വായിച്ച മറ്റു പുസ്തകങ്ങൾക്കൊന്നുമില്ലല്ലോ എന്ന് അത്ഭുതപ്പെട്ടു. ഇദ്ദേഹം ഒരു മോശം സാഹിത്യകാരനായിരിക്കാം. പക്ഷേ അദ്ദേഹത്തിന്റെ എഴുത്തിലുള്ള മുഴുകൽ എനിക്ക് മാതൃകയാണ്. ഹീനമെങ്കിലും അദ്ദേഹത്തിന്റെ വിവരണങ്ങളുടെ തടസ്സമില്ലായ്മ പ്രതിഭാശക്തിയില്ലാത്ത ഒരാൾക്ക് കഴിയാത്ത ഒന്നാണ്. ഞാൻ ആശയക്കുഴപ്പത്തിലായി. എഴുത്തുകാരനെന്ന നിലയിൽ ഇതിൽ ഏതുമാർഗ്ഗം എന്ന് ആത്മാർത്ഥമായി ആലോചിച്ചു. എന്റെ പ്രായത്തേയും വികാരങ്ങളെയും ഈ എഴുത്ത് ആഴത്തിൽ സ്പർശിക്കുന്നുണ്ട്. വായിച്ചുകൂട്ടിയ ബുദ്ധിജീവി സാഹിത്യത്തിലൊന്നും എനിക്കോ എന്റെ വൈകാരികലോകത്തിനോ ഒരു സ്ഥാനവുമില്ല. ഇപ്പോഴിതാ രണ്ടുമൂന്നു മണിക്കൂർ കൊണ്ട് ഇദ്ദേഹം എന്റെ ഉള്ളുതൊട്ടുകഴിഞ്ഞു. എനിക്കെന്തോ അദ്ദേഹത്തോട് ബഹുമാനം തോന്നി.


ree

ഊണുതയ്യാറായെന്ന് വന്നു പറഞ്ഞത് മറ്റൊരു പെൺകുട്ടിയാണ്. പെൺകുട്ടികളെ കാണുമ്പോൾത്തന്നെ എനിക്ക് വല്ലാത്ത നാണമായിരുന്നു. സമപ്രായക്കാരേക്കാൾ എനിക്കാകർഷണം ചേച്ചിമാരെയായിരുന്നു. അവരുടെ വാത്സല്യം കലർന്ന ഇടപെടലുകൾക്ക് വല്ലാത്തൊരു വശ്യതയാണ്. ഞാനാകെ ചൂളിപ്പോവും. തലമുടി കോതിയൊതുക്കി, ട്രൗസർ വലിച്ചുതാഴ്ത്തി, ഞാൻ വലിയ വീട്ടിലേക്കു നടന്നു. മുന്നിൽ ഈരണ്ടടിവച്ച് ചാടിത്തുള്ളിക്കൊണ്ട് അദ്ദേഹത്തിന്റെ മകൾ വഴികാണിച്ചു. ഊൺമേശയിൽ അദ്ദേഹം എന്നെ കാത്തിരിക്കുകയായിരുന്നു. ഞാൻ ചെന്നതും കൈകഴുകാനുള്ള ബേസിൻകാണിച്ചത് അദ്ദേഹത്തിന്റെ ഭാര്യയാണ്.

മോനെവിടെയാ പഠിക്കുന്നത്?

ഞാൻ പറഞ്ഞു.

നല്ലവണ്ണം പഠിക്കണം ട്ടോ. സാഹിത്യമൊക്കെ കൊള്ളാം. പക്ഷേ പഠിപ്പിൽ ഉഴപ്പരുത്.

നല്ല സ്പീഡും വൃത്തിയുമുള്ള എഴുത്താണെന്ന് ചേട്ടൻ പറഞ്ഞു.

ഞാൻ നാണിച്ചു ചിരിച്ചു.

കസേര വലിച്ചുതന്ന് എനിക്കായി വിളമ്പുമ്പോൾ അവർ സ്വാതന്ത്ര്യത്തോടെ എന്നെ സ്പർശിക്കുന്നുണ്ടായിരുന്നു. കഴിച്ചുതുടങ്ങിയതും ഊൺമേശയിലേക്ക് അദ്ദേഹത്തിന്റെ മൂന്നു മക്കളും വന്നെത്തി. മൂന്നുപെൺകുട്ടികൾ. നല്ല പ്രസരിപ്പും ചൊടിയുമുള്ള വ്യത്യസ്ത പ്രായക്കാർ. ഞാൻ നേരെ നോക്കാൻ മടിച്ച് ഊണിലേക്കു കുനിഞ്ഞിരുന്നു. അവർ എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നുണ്ട്. അദ്ദേഹം വലുതായൊന്നും സംസാരിക്കുന്നില്ല. അമ്മയും മക്കളുംകൂടി എന്നെ കളിയാക്കുന്നുണ്ടായിരുന്നു. ഞാൻ ഓർത്തു, നാളെമുതൽ ഭക്ഷണം കൊണ്ടുവരണം.

മനസ്സും ആത്മാവുമൊക്കെയുള്ള നാലു പെൺരൂപങ്ങൾ ഇങ്ങനെ ചുറ്റുമുണ്ടായിട്ടാണോ ഇദ്ദേഹം ഇങ്ങനെയൊക്കെ സ്ത്രീയെ വർണ്ണിക്കുന്നത് എന്നു ഞാൻ അത്ഭുതപ്പെട്ടു. അവയവങ്ങളെ വർണ്ണിക്കുമ്പോൾ അദ്ദേഹത്തിന് മക്കളെ ഓർമ്മവരുമോ? ഇദ്ദേഹം എഴുതിക്കൂട്ടുന്ന ഈ സാഹിത്യമൊക്കെ ഭാര്യയോ മക്കളോ വായിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? ഞാനോർത്തു.


ree

ഊണിനുശേഷം എന്നോട് ഔട്ട്ഹൗസിലേക്ക് ചെല്ലാൻ പറഞ്ഞ് അദ്ദേഹം പൂമുഖത്തെ സോഫയിൽ ചാഞ്ഞിരുന്നു. ഞാൻ എഴുത്തുമുറിയിലെത്തി, മേശപ്പുറത്തെ ഫയലുകൾ വെറുതേ മറിച്ചുനോക്കി. എല്ലാ പേജിലും നിറഞ്ഞുതുളുമ്പി സ്ത്രീകൾ മാത്രം. അവരെ സ്നേഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന പുരുഷന്മാർക്കൊന്നും ശരീരമില്ല. ചില പേരുകൾ. സ്ഥാനങ്ങൾ. നോട്ടങ്ങൾ. ലോകത്തിലെ ആണുങ്ങൾ മുഴുവൻ ഗൗതമന്റെ ശാപശേഷമുള്ള ദേവേന്ദ്രനാണെന്നും പെണ്ണുങ്ങൾ മുഴുവൻ അഹല്യയാണെന്നും വെറുതേ എനിക്കു തോന്നി. ഇന്ദ്രന്റെ ശരീരത്തിൽ ആയിരം കണ്ണുകളോ ആയിരം യോനികളോ? കണ്ണുകളാവുന്നതാണ് കൂടുതൽ ഉചിതം. ആർത്തിമുഴുത്ത ആയിരം കണ്ണുകൾ! അഹല്യ, കല്ലിച്ചുപോയ വെറും വെറും സ്ത്രീശരീരം മാത്രം. സ്ത്രീ, ജന്മം മുഴുവൻ നീളുന്ന വിഡ്ഢിക്കാത്തിരിപ്പും.

ഞാൻ അപ്പോൾ തോന്നിയ നിരീക്ഷണങ്ങൾ ഒരു കടലാസിലെഴുതി മടക്കി പോക്കറ്റിലിട്ടു. ഹോ. ഈ പൈങ്കിളിയെഴുത്ത് എന്നെക്കൊണ്ട് ഇത്രയൊക്കെ കാര്യമായി ചിന്തിപ്പിക്കുന്നുണ്ടല്ലോ എന്നു ഞാൻ അഭിമാനിച്ചു.

എഴുതിത്തീർത്ത ഒരു വലിയ ഫയലിനുമുകളിൽ വലിയൊരു തലക്കെട്ടും എഴുത്തുകാരന്റെ പേരും അപ്പോഴാണ് കണ്ണിൽപ്പെട്ടത്:

“നിലാപ്പുഞ്ചിരികൾ തഴുകിത്തഴുകി”

ബാലൻ കാറൽമണ്ണ

അപ്പോൾ ഇതാണദ്ദേഹത്തിന്റെ പേര്!

ചെറിയൊരു മയക്കത്തിനു ശേഷം അദ്ദേഹം തിരിച്ചുവന്നു. ചുമരിലെ ബോർഡ് മറിച്ചുവച്ചപ്പോൾ അവിടെ മറ്റൊരുകൂട്ടം കഥാപാത്രങ്ങളുടെ പേരുകൾ തെളിഞ്ഞു. വീണ്ടും ധ്യാനം. പിറുപിറുക്കലുകൾ. ഇത്തവണ പിങ്കുനിറത്തിലുള്ള ഫയലിലെ അവസാനപേജു വായിക്കുന്നു. എന്നോട് തുടർന്നെഴുതാൻ പറയുന്നു.

ഞാൻ വാക്കുകൾക്കു കാത്തു.

പേരുകളും സ്ഥലങ്ങളും മാറിയെന്നു മാത്രം. ബാക്കിയൊക്കെ പഴയതുപോലെത്തന്നെ.

‘വാരിധിതന്നിൽ തിരമാലകളെന്നപോലെ...’

ഞാൻ അന്തംവിട്ടു വാ പൊളിച്ചുനോക്കിയിരുന്നു.

എവിടുന്നാണ് ഈ വാക്കുകളുടെ പ്രവാഹം!

കടുകട്ടി വാക്കുകളോ പ്രയോഗങ്ങളോ തീരെയില്ല. ഓരോ പദത്തിലും വികാരം വഴിയുന്നുണ്ട്. ഇതാണോ സരസ്വതീപ്രസാദം? ചെറുചിരിയോടെ ഞാൻ ഓർത്തു. മഞ്ഞയേക്കാൾ പിങ്കുനോവലിന് ഇക്കിളി കൂടുതലാണ്. ഇതുമുഴുവൻ കൗമാരപ്രായക്കാരുടെ ലീലാവിലാസങ്ങൾ. ഹോ... വലിഞ്ഞുമുറുകി, ഞാൻ എന്റെ പ്രായത്തെ നൊട്ടിനുണഞ്ഞു. ട്രൗസർ ഇപ്പോൾ നനയുമെന്ന നിലയിലെത്തി. ആകെ വിയർത്തുകുളിച്ചു. നേരിൽ അനുഭവിക്കുന്നതിനേക്കാൾ - അങ്ങനെയൊന്നുണ്ടായിട്ടില്ലെ ങ്കിലും - ശക്തി ആ ഭാഷയ്ക്കുണ്ടായിരുന്നു. കഥയിലെ മൂന്നു പെൺകുട്ടികൾക്ക് അദ്ദേഹത്തി ന്റെ മക്കളുടെ ഛായയുണ്ടോ എന്നുപോലും എനിക്കു തോന്നി.

യാതൊരു കൂസലുമില്ലാതെ, തന്റെ പ്രായത്തിനും പക്വതയ്ക്കും നിരക്കാത്ത ലോല ലോലമായ സംഭവങ്ങളും കോരിത്തരിപ്പിക്കുന്ന പെൺശരീരങ്ങളുടെ ആഘോഷങ്ങളും അദ്ദേഹം വിവരിച്ചുകൊണ്ടേയിരുന്നു. ഒരു ജന്മത്തിന്റെ മുഴുവൻ ഉന്മാദം ഞാൻ ആ എഴുത്തിലൂടെ അനുഭവിച്ചു. എഴുത്തുനിർത്തല്ലേ എന്ന് മൗനമായി കേണു.

അദ്ദേഹം പക്ഷേ തികച്ചും നിർവ്വികാരനായി അഞ്ചുമണിക്കുതന്നെ പറച്ചിൽ അവസാനിപ്പിച്ചു.

ഒരുദിവസംകൊണ്ട് ഞാൻ എഴുതിത്തീർത്ത പേജുകളുടെ എണ്ണം എന്നെ ശരിക്കും അമ്പരിപ്പിച്ചു. ഇതുപോലെ എപ്പോഴെങ്കിലും എനിക്ക് എഴുതാൻ കഴിയുമോ എന്ന് ഓർത്തുപോയി. ആശ്വാസത്തോടെ ഒരു സിഗരറ്റിനു തീകൊടുത്ത് അദ്ദേഹം കുറേനേരം നിശ്ശബ്ദനായി. പിന്നെ ചോദിച്ചു:

“എന്താ കുട്ടാ, പേടിച്ചുപോയോ? സാഹിത്യം എന്നു പറഞ്ഞപ്പോൾ ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല അല്ലേ? അതൊക്കെ വലുതായാൽ നിനക്കു മനസ്സിലാവും. ശരീരംകാണുന്ന സ്വപ്നമാണ് മോനേ കാമം. അവിടെ നിയമങ്ങളോ വിലക്കുകളോ ശരിതെറ്റുകളോ ഒന്നുമില്ല. നിന്റെ ഈ പ്രായത്തിൽ ഞാൻ പറയുന്നത് എത്രത്തോളം മനസ്സിലാവുമെന്ന് എനിക്കറിയില്ല. എന്നാലും. കണ്ണിനേക്കാൾ ശക്തമായ ഇന്ദ്രിയമാണ് ത്വക്ക്. അതറിയാമോ? അതിന്റെ ഭാഷയ്ക്ക് വിചിത്രമായ വ്യാകരണമാണ്. മറ്റുജീവികളിൽനിന്ന് മനുഷ്യർക്കുള്ള വ്യത്യാസം എന്താന്നറിയോ മോന്? കാമത്തിന്റെ ലക്ഷ്യവും മാർഗ്ഗവുമൊക്കെ കാമംതന്നെ എന്നതാണത്. മോൻ പഠിക്കുന്ന പ്രത്യുല്പാദനമൊന്നും അതിലേർപ്പെടുമ്പോൾ മനുഷ്യർക്ക് ലക്ഷ്യമല്ല.”

അയ്യോ ഇദ്ദേഹം എന്റെ മനസ്സുവായിക്കുകയാണോ? ഞാൻ ഞെട്ടിപ്പോയി.

“ശരി. എന്തായാലും ഇന്നിത്ര മതി. നാളെ വരില്ലേ?”

ഞാൻ ആത്മാർത്ഥമായി മൂളി.

വീട്ടിലേക്കുള്ള സൈക്കിൾയാത്രയിൽ, എഴുതിയ സന്ദർഭങ്ങൾ ഓർത്ത് ഞാൻ ഇക്കിളിപ്പെട്ടു. ഇന്നിനി വായനയൊന്നും വേണ്ട. വെറുതേ കിടക്കാം. മനസ്സിന് എന്തോ ഒരു നിറവ്.

രാത്രി ഞാൻ കണ്ട സ്വപ്നത്തിൽ നിറയെ പെൺകുട്ടികളായിരുന്നു.

വെറും സാധാരണ മനുഷ്യനാകുന്നതിന്റെ ആസ്വാദ്യത ഞാൻ അനുഭവിച്ചു. സങ്കല്പകിരീടങ്ങളുടെ ഭാരം ഇറക്കിവച്ചപ്പോൾ എന്തൊരാശ്വാസം!

പിറ്റേന്ന് ഞാൻ അമ്മയോടും സഹോദരങ്ങളോടുമൊക്കെ വെറുതേ ഓരോന്നു മിണ്ടിക്കൊണ്ടിരുന്നു. അവർക്കാകെ അത്ഭുതം! ഈചെക്കന് ഇതെന്തുപറ്റി?

അമ്മയെ ഞാൻ കെട്ടിപ്പിടിച്ചു. അദ്ദേഹം പറഞ്ഞ സ്പർശത്തിന്റെ ഭാഷ! അതിന്റെ നാനാർത്ഥങ്ങൾ! എനിക്ക് ലോകംമുഴുവൻ തൊട്ടറിയണമെന്നു തോന്നി. ഓരോന്നും തൊട്ടുതൊട്ട് നുണയ്ക്കണം. എനിക്ക് പെൺകുട്ടികളെ കാണണമെന്നു തോന്നി. തൊടാനുള്ള ആഗ്രഹം തല്ക്കാലം അടക്കുകയേ നിവൃത്തിയുള്ളൂ. കുളിച്ചൊരുങ്ങി ഞാൻ സൈക്കിളെടുത്ത് പുറത്തിറങ്ങി. ലോകംമുഴുവൻ സ്പർശത്തിന്റെ ആഘോഷം നടക്കുന്നതായി എനിക്കു തോന്നിപ്പോയി. ഞാൻ മാത്രം ഇക്കാലമത്രയും മറ്റേതോ മൂഢസ്വർഗ്ഗത്തിൽ... നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുപിടിക്കണം. വായിൽക്കൊള്ളാത്ത വലിയ ചിന്തകളുമായി ഇനിയും മണ്ടൻജീവിതം തുടർന്നുകൂടാ. ഞാൻ അദ്ദേഹത്തിന് നന്ദിപറഞ്ഞു.

അന്ന് അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ നേരത്തേ എത്തി. കാത്തിരിക്കേണ്ടിവന്നു, കുറേനേരം. അന്നേരമത്രയും ഞാൻ മനസ്സുകൊണ്ട് പെൺശരീരങ്ങളെ തൊട്ടറിയുക യായിരുന്നു, പാപബോധമില്ലാതെ, സർവ്വസ്വാതന്ത്ര്യത്തോടെയും. ഞാൻ ഒരു മുഴുശരീരമാ ണെന്ന തിരിച്ചറിവും അപ്പോഴാണുണ്ടായത്. ഞാൻ ആ കടലാസുകെട്ടുകളിൽ വെറുതേ തൊട്ടുതലോടിയിരുന്നു. “ഇവിടമാണധ്യാത്മവിദ്യാലയം!” എവിടെനിന്നാണ് ആ വരി കൾ എനിക്കുകിട്ടിയതെന്നറിയില്ല. ആ അറിവിന്റെ ഞെട്ടലിൽ ഹീനഹീനമായ ആ സാഹിത്യഭണ്ഡാരത്തെ ഞാൻ എഴുന്നേറ്റുനിന്ന് തൊഴുതുപോയി.

അദ്ദേഹം വന്ന്, പതിവുപോലെ ചടങ്ങുകളാരംഭിച്ചു.

“ഇതെന്റെ നാല്പത്തഞ്ചാമത്തെ നോവലാണ്. ഒറ്റനോട്ടത്തിൽ വലിയ വ്യത്യാസ മൊന്നുമില്ല. പക്ഷേ മോനറിയാമോ? ഓരോന്നിലുമുള്ള മുഴുവൻ മനുഷ്യരും അവരവരുടേ തായ രീതിയിൽ ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. എന്നിട്ടും എന്റെ എഴുത്തിൽ ഇത്ര സംഘർഷം എങ്ങനെ കടന്നുവരുന്നു? അവിടെയാണ് ജീവിതം എന്നുപറയുന്ന മഹാശക്തിയുടെ ഇടപെടൽ. അത് കാര്യങ്ങളെ അൺപ്രഡിക്ടബ്ൾ ആക്കി മാറ്റുന്നു. അതിന്റെ യുക്തി നമുക്ക് ഒരു പിടിയും തരുന്നില്ല. അതുകൊണ്ടുകൂടിയാണ് ഞാനിങ്ങനെ ഇടതടവില്ലാതെ എഴുതുന്നത്. മോന് ഞാൻ പറയുന്നതു വല്ലതും പിടികിട്ടുന്നുണ്ടോ?”

ഞാൻ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.

എഴുത്തിനു തയ്യാറായി ഞാനിരിക്കുന്നതുകണ്ടപ്പോൾ അദ്ദേഹം വീണ്ടും ധ്യാനത്തിലേക്കു കൂപ്പുകുത്തി. അശുഭകരമായതെന്തോ സംഭവിക്കാൻ പോകുന്നതായി എന്റെ മനസ്സുപറഞ്ഞു. തലേന്ന് എഴുതിനിർത്തിയ ഭാഗം വായിച്ച് തുടർച്ചയെന്നോണം ചില വാക്യങ്ങൾ പറഞ്ഞെങ്കിലും പെട്ടെന്നുതന്നെ ആ കഥനം ഒരു ദുരന്തത്തിലേക്ക് വഴിമാറുന്നത് എനിക്ക് തൊട്ടറിയാൻ കഴിഞ്ഞു.

അദ്ദേഹം പറഞ്ഞുതുടങ്ങി. സുധർമ്മയെ മരണത്തിലേക്കു നയിക്കുന്ന ചില കാരണങ്ങൾ കഴിഞ്ഞ അധ്യായങ്ങളിൽ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ അവൾ മരണത്തിന്റെ വരവറിയുന്ന സന്ദർഭമാണ്. രണ്ടോ മൂന്നോ ഖണ്ഡികകൾ പറഞ്ഞെഴുതിയതിനു ശേഷം അതുമുഴുവൻ വെട്ടി, വീണ്ടും തുടങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യമായാണ് പറഞ്ഞത് വെട്ടിക്കളയാൻ ആവശ്യപ്പെടുന്നത്. ഞാൻ അത്ഭുതത്തോടെ നോക്കി. മരണത്തിനുമുന്നിൽ അദ്ദേഹത്തിന്റെ വാക്കുകൾ പതറുകയാണോ! വീണ്ടും വീണ്ടും എഴുതിയും വെട്ടിയും ആ പേജുകൾ ആകെ അലങ്കോലമായി. അദ്ദേഹം ചാരുകസേരയിൽനിന്നെഴുന്നേറ്റ് എന്റെയടുത്തുവന്ന് ആ പേജുകൾ അടർത്തിയെടുത്തു.

“ശരിയാവുന്നില്ല. മോൻ ഇരിക്ക്. ഞാൻ ഒന്നു നടന്നിട്ടുവരാം.”

പുറത്തിറങ്ങിയ അദ്ദേഹം തികച്ചും അസ്വസ്ഥനാകുന്നത് എന്നെ അമ്പരപ്പിച്ചു. ഇത്രയധികം കഥാപാത്രങ്ങളുടെ എത്രയോ ജീവിതഘട്ടങ്ങൾ അനായാസമായി കൈകാര്യം ചെയ്ത അദ്ദേഹത്തിന് ഈ സന്ദർഭം നേരിടാൻ ബുദ്ധിമുട്ടോ? സമയം വൈകുന്തോറും എനിക്കും ആ മുറിയിൽ ഇരിക്കാൻ അസ്വസ്ഥത തോന്നി. പുറത്തിറങ്ങി മരത്തണലിൽ അല്പനേരം നിന്ന് ഞാനും ഓരോന്നോർത്തുപോയി. എനിക്ക് വാസ്തവത്തിൽ എഴുതിക്കൊണ്ടിരിക്കുന്ന കഥയിൽ കാര്യമായ വൈകാരികബന്ധമൊന്നുമില്ല. എങ്കിലും അടുത്ത ആർക്കോ എന്തോ പറ്റിയതുപോലെ എന്റെ മനസ്സ് അസ്വസ്ഥമാകുന്നുണ്ടായിരുന്നു.

ഉച്ചയോടടുത്താണ് അദ്ദേഹം പിന്നെ തിരിച്ചുവന്നത്. എത്തിയയുടൻതന്നെ പേജുകൾ മറിച്ചുനോക്കി അദ്ദേഹം പറഞ്ഞുതുടങ്ങി.

“അകത്ത് ടാപ്പ് തുറന്ന് ചെറുതായി വെള്ളം വീഴുന്ന ശബ്ദത്തിൽ കുറേനേരം അവൾ മുഴുകിനിന്നു. വള്ളിപോലെ ദുർബ്ബലമായ തന്റെ ശരീരം നിവർന്നുനിർത്താനാവാതെ ഷവറിന്റെ വാൾവിൽ കൈതാങ്ങി അവൾ ആടിക്കുഴഞ്ഞു. താൻമൂലം ഈ തറവാട്ടിലുണ്ടായ പ്രശ്നങ്ങൾ എല്ലാം ഇന്ന് അസ്തമിക്കുമായിരിക്കും. എല്ലാവരും സമാധാനിക്കട്ടെ. ശ്രീക്കുട്ടിയുടെ സ്വപ്നങ്ങൾക്ക് താൻ തടസ്സമാവില്ല. ഒരു ജന്മം മുഴുവൻ ഇതാ ഞാൻ അടിയറവെയ്ക്കുന്നു. സ്നേഹം കൊണ്ട് തുലാഭാരം നടത്തിയിട്ടും ദേവൻ കനിയുന്നില്ലല്ലോ! എന്റെയീ ശരീരംകൊണ്ട് ആ കരിങ്കൽപ്പടവുകളിൽ ഒരുപെണ്ണും അനുഷ്ഠിക്കാത്ത ശയനപ്രദക്ഷിണം വച്ച് മേലാകെ രക്തം വാർന്നൊലിക്കുന്നല്ലോ! അവ നീറിനീറി, ഓരോ അണുവിലും ഇന്നു ഞാൻ പവിത്രയായിരിക്കുന്നു...”

എഴുത്തിന് വേഗം കൈവന്നു. ഇടതടവില്ലാതെ വാക്കുകൾ വാർന്നുവീണു. സുധർമ്മ പരിപൂർണ്ണ നഗ്നയായാണ് കഥയിൽ മരിച്ചുവീഴുന്നത്; കുളിമുറിയിൽ, രക്തം ഛർദ്ദിച്ച്. “വായുടെ കോണിലൂടെ ഒഴുകിയിറങ്ങിയ അത് അവളുടെ മുലക്കണ്ണുകളെ രക്തഹാരമണിയിച്ച് താഴേക്കൊഴുകി നാഭിച്ചുഴിയിലെത്തി…” എന്നൊക്കെ അദ്ദേഹം വർണ്ണിച്ചപ്പോൾ എനിക്ക് ഓക്കാനം വന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ എഴുതാനാവാതെ ഞാൻ നിലച്ചുപോയിരുന്നു. വീണ്ടും വീണ്ടും അതിനെത്തന്നെ വിവരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എഴുന്നേറ്റുനിന്ന് പേനകൊണ്ട് ആ പുറമാകെ കുത്തിക്കീറി. പേപ്പർ ചുരുട്ടിയെടുത്ത് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. തീകാളുന്ന മുഖവുമായി അദ്ദേഹം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുവന്നു. കയ്യിലെ ചൂരൽകൊണ്ട് എന്നെ തല്ലിയറഞ്ഞുകൊണ്ട് ആക്രോശിച്ചു:

“ഫ... നായിന്റെ മോനേ... നീയാണോടാ തീരുമാനിക്കുന്നത് ഞാൻ എന്തെഴുതണമെന്ന് ? എന്റെ എഴുത്തു കീറിക്കളയാൻ നിനക്കെങ്ങനെ ധൈര്യം വന്നു? കള്ളക്കഴുവേറി... മൊട്ടേന്ന് വിരിഞ്ഞിട്ടില്ല... അപ്പോഴേക്കും അവന്റെയൊരു നെഗളിപ്പ്... നീ എഴുതും. ഞാൻ പറഞ്ഞത് വള്ളിപുള്ളി തെറ്റാതെ നിന്നെക്കൊണ്ട് ഞാൻ എഴുതിക്കും. കേട്ടോടാ....”

അദ്ദേഹം അലറിവിളിച്ചു. ഞാൻ മുറിയുടെ മൂലയിൽനിന്ന് കിതച്ചുകരയാൻ തുടങ്ങി. ദേഷ്യവും പകയും സങ്കടവുംകൊണ്ട് എനിക്ക് നിലതെറ്റി. പെരുത്തുവന്ന ആവേശത്തിൽ ഞാൻ പുറത്തേക്ക് ഓടി. ഓടുന്നതിനിടയിൽ മേശപ്പുറത്തുള്ള കടലാസുകെട്ടുകൾ മുഴുവൻ കൈകൊണ്ടു തട്ടി പുറത്തേക്കു തെറിപ്പിച്ചു. മുറ്റത്തും തറയിലുമൊക്കെയായി അവ പാറിപ്പറന്നുകിടന്നു. അദ്ദേഹം തലയ്ക്കു കൈയുംകൊടുത്ത് വെറും മണ്ണിൽ കുത്തിയിരിക്കുന്നത് ഞാൻ സൈക്കിളുമെടുത്ത് പുറത്തേക്ക് ഓടുന്നതിനിടയിൽ കണ്ടു. ആഞ്ഞാഞ്ഞു ചവുട്ടി ഞാൻ ആ പരിസരത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

വർഷങ്ങൾ എത്രയോ കഴിഞ്ഞെങ്കിലും പിന്നെ ഞാനൊരിക്കലും ആ പ്രദേശത്തേക്കുപോലും പോയിട്ടില്ല.


ree

അദ്ദേഹം പിന്നെ ആ എഴുത്തുകൾ എന്തുചെയ്തുവെന്ന് എനിക്കറിഞ്ഞുകൂടാ. പിന്നെയും ധാരാളം എഴുതിയിട്ടുണ്ടാവണം. ആരെങ്കിലുമൊക്കെ കേട്ടെഴുത്തുകാരായി വന്നുകാണും. ഇന്ന് ഈ ചരമക്കോളത്തിൽ ഒതുങ്ങിത്തീരുംവരെ അദ്ദേഹത്തെക്കുറിച്ച് ഞാനൊന്നും കേട്ടിട്ടില്ല.

പത്രത്തിലെ നിറംമങ്ങിയ ഫോട്ടോവിലേക്ക് ഞാൻ ഏറെനേരം നോക്കിക്കൊണ്ടിരുന്നു. യാതൊരു അസാധാരണത്വവും അവകാശപ്പെടാനില്ലാത്ത, ആയിരക്കണക്കിന് കഥാപാത്രങ്ങളും അവരുടെ ജീവിതസംഘർഷങ്ങളും തൊട്ടറിഞ്ഞ ഒരു പാവം എഴുത്തുകാരൻ. അംഗീകാരമോ പ്രശസ്തിയോ ഒന്നും ലഭിക്കാതെ തീർത്തും നിസ്സാരമായി ഇതാ കത്തിത്തീർന്നിരിക്കുന്നു.

ഞാനോർത്തു, സ്പർശങ്ങളുടെ ആ മഹാമാന്ത്രികൻ ശരീരമില്ലാത്ത, തൊടാനാവാത്ത മറ്റൊരു ലോകത്തേക്കു കടന്നിരിക്കുന്നു. മരണം സ്പർശേന്ദ്രിയത്തിന്റെ അതിർത്തിയാണെന്ന് എന്നെ അദ്ദേഹം വീണ്ടും ഓർമ്മിപ്പിച്ചിരിക്കുന്നു.







Comments


@sreevalsan

bottom of page