സുദർശനം
- Sreevalsan Thekkanath
- Aug 15, 2020
- 8 min read
Updated: Jun 26

വെറ്റിലത്തിരുമേനി എന്നു പേരുകേട്ട മഹാജ്യോതിഷിയുടെ വീട്ടുതിണ്ണയിലും വരാന്തയിലുമൊക്കെ ഏറെനേരമായി കാത്തിരിക്കുന്നവരെ ഞെട്ടിച്ചുകൊണ്ട്, മുറ്റത്തെ ചരൽമണ്ണു ഞെരിച്ച് വലിയ ശബ്ദമുണ്ടാക്കി ഒരു റേഞ്ച്റോവർ കാറും രണ്ട് ഇന്നോവകളും വന്നുനിന്നു. ഇന്നോവകളിൽനിന്ന് വെളുത്ത ജുബ്ബയും പൈജാമയുമിട്ട തടിമാടന്മാരും വലിയ ചുവന്ന ബോർഡറുള്ള വെളുത്ത സാരിയുടുത്ത മെലിഞ്ഞ സുന്ദരിമാരും ഇറങ്ങി. എഞ്ചിൻ ഓഫാക്കാതെ, അകത്തെ ഏ.സി.യുടെ ശക്തി പുറത്തറിയിക്കും വിധത്തിൽ കറുത്ത റേഞ്ച്റോവർ ഇരമ്പിക്കൊണ്ടിരുന്നു. വെള്ളത്തിൽ പെട്രോൾ കലർന്നതുപോലുള്ള വെള്ളിപ്പാട കാറിന്റെ വിന്റ് സ്ക്രീനിൽ തിളങ്ങിനിന്നതിനാൽ അതിനകത്ത് ആരാണെന്നോ എന്താണെന്നോ അറിയാനാവുന്നില്ല.
തൂതപ്പുഴയുടെ തീരത്തെ ആ പഴയ ഇല്ലത്തിൽ പൊതുവേ വലിയ തിരക്കോ ബഹളങ്ങളോ ഉണ്ടാവാറില്ല. വരാന്തയുടെ അറ്റത്തായി പത്നീസമേതനായി കാട്ടാളവേഷം ധരിച്ച് നായാട്ടിനിറങ്ങി അർജ്ജുനന്റെ അഹങ്കാരം ശമിപ്പിച്ച കിരാതമൂർത്തിയുടെ പ്രതിഷ്ഠ. താടിയും മീശയും വച്ച ഒരേയൊരു ദൈവം! കർക്കിടകത്തിൽ പന്തീരായിരം നാളികേരം ഒറ്റയ്ക്ക് എറിഞ്ഞുടയ്കന്ന ഉത്സവത്തിന് പ്രസിദ്ധമാണിവിടം. വരാന്തയിലെ ചുമരിൽ, ഇരുവശത്തെയും നാളികേരപർവ്വതത്തിനു നടുവിലിരുന്ന് മുന്നിലെ കരിങ്കല്ലിലേക്ക് ഇരുകയ്യിലേയും തേങ്ങ ഉയർത്തിയെറിയുന്ന വെളിച്ചപ്പാടിന്റെ ചിത്രം. യേശുദാസും കലാമണ്ഡലം ഗോപിയും രാഷ്ട്രീയ നേതാക്കളുമൊക്കെ ഇവിടം സന്ദർശിച്ചതിന്റെ ഫോട്ടോകൾ. ചുറ്റുപാടും തിങ്ങിവളർന്നിരിക്കുന്ന മരങ്ങളിൽ നിന്ന് ഇറങ്ങിവീശുന്ന തൂതക്കാറ്റ്. കാത്തിരിപ്പിന്റെ നിശ്ശബ്ദതാണ്ഡവം.
മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പിനിടയ്ക്ക് “നായരേ..” എന്നൊരു വിളി അകത്തുനിന്നു കേൾക്കാം. തിരുമേനിയുടെ നിർദ്ദേശങ്ങൾ പകരുന്നത് ഈ കാര്യസ്ഥൻ വഴിക്കാണ്. പരാതികളും വേവലാതികളും സംശയങ്ങളുമൊടുങ്ങാതെ, പുറത്തിറങ്ങാൻ കൂട്ടാക്കാത്ത സന്ദർശകരെ ഒഴിവാക്കാനുള്ള തിരുമേനിയുടെ സൂത്രവും കൂടിയാണ് ആ നായരേ..വിളി. ഫോണിൽ വിളിക്കുന്നവരോട് കർക്കശക്കാരനായും കാത്തിരിക്കുന്നവർക്കുമുന്നിൽ കരുണാമയനായും തിരുമേനിയുടെ അർദ്ധോക്തികൾക്കുമുന്നിൽ വ്യാഖ്യാതാവായും നായർ പലവേഷങ്ങളാടുന്നത് കണ്ടുകണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല. എന്നാലും ഓരോ പാർട്ടി അകത്തുചെന്നാലും പുറത്തിറങ്ങും വരെ അനന്തമായി കാത്തിരിക്കാൻ, ഇല്ലവളപ്പിന്റെ അതിർത്തിയിൽ നൂറ്റാണ്ടുകളായി കാത്തുകിടക്കുന്ന തൂതപ്പുഴയൊന്നുമല്ലല്ലോ നമ്മൾ!
കോലായിലും മുറ്റത്തും വരാന്തയുടെ അറ്റത്തെ കിരാതമൂർത്തി പ്രതിഷ്ഠയ്ക്കരികിലുമായി കാത്തിരിക്കുന്നവരെ മുഴുവൻ അപ്രസക്തരാക്കിക്കൊണ്ട് വെളുത്തജുബ്ബക്കാരും മെലിഞ്ഞസാരിക്കാരും അകത്തേക്കുള്ള പടവുകൾ കയറി. വാതിൽ മറവിൽ ആജ്ഞകാത്തുനിൽക്കുന്ന നായരോട് അവർ എന്തൊക്കെയോ സംസാരിച്ചു. നായരുടെ മുഖത്ത് അമ്പരപ്പും പരിഭ്രമവും മാറിമറിഞ്ഞു. ഒരുമിനിറ്റെന്ന് ആംഗ്യം കാണിച്ച് അയാൾ തിരുമേനിയുടെ അകത്തേക്കുള്ള വാതിൽ സൂക്ഷ്മത്തിൽ സൂക്ഷ്മമായി അല്പം തള്ളിത്തുറന്നു. അനുവാദം കിട്ടുന്നതുവരെയുള്ള ആ ഇടവേളകളെ അയാൾ പലഭാവങ്ങളിൽ അതിഥികളോടായി പകുത്തുകൊണ്ടിരുന്നു. വന്നവരാകട്ടെ, തങ്ങളുടെ യജമാനനുവേണ്ടി ഈ ജന്മം മുഴുവൻ സമർപ്പിച്ചതല്ലേ, ഞങ്ങളെ സമാധാനിപ്പിക്കുന്നതെന്തിന് എന്ന ഒരേയൊരു ഭാവത്തിൽ പരമശാന്തത മുഖങ്ങളിൽ ആവാഹിക്കാൻ ശ്രമിച്ചു. അവരുടെ നാട്യശരീരങ്ങളിൽ വഴങ്ങുന്ന ഒന്നായിരുന്നില്ല ശാന്തരസമെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആർക്കും തിരിച്ചറിയാമായിരുന്നു.
നായർ വാതിൽകീറി അകത്തുചെന്നു. നിശ്ചലത. കരിവീട്ടികൊണ്ടു കടഞ്ഞെടുത്ത ഉത്തരങ്ങളിൽ കാലങ്ങളുടെ ചോദ്യങ്ങൾ തിളങ്ങിക്കിടന്നു. കാത്തിരിക്കുന്നവരിൽ ആകാംക്ഷയും അസ്വസ്ഥതയും വളർത്തിക്കൊണ്ട് റേഞ്ച്റോവർ നിർത്താതെ കിതച്ചു. വെള്ളസാരിക്കാരിലൊരാൾ ഇറങ്ങിച്ചെന്ന് കാറിന്റെ ജനാലയ്ക്കൽ സമാധാനത്തിന്റെ സന്ദേശമെത്തിച്ചു. അകത്തെന്തെങ്കിലും കാണുന്നുണ്ടോ എന്നറിയാൻ കാത്തിരിപ്പുകാർ വെറുതേ ഒന്നു കറങ്ങിയൊക്കെ വന്നു. വിഫലം! അകത്ത് ആരാണാവോ എന്ന് തമ്മിൽ ചോദിച്ചതു മിച്ചം.
നായർ പുറത്തുവന്നതും അനുചരന്മാരോടായി എന്തോ രഹസ്യം പറഞ്ഞു. അപ്പുറത്തെ വാതിൽ തുറക്കാമെന്നും അതിലൂടെ അകത്തുപ്രവേശിക്കാമെന്നും ആംഗ്യം കാണിച്ചു. അത് വി. ഐ. പി. സന്ദർശകർക്കുള്ള രഹസ്യമാർഗ്ഗമാണ്. അകത്തുപോയവർ പുറത്തുവന്നിട്ടും അടുത്തയാളെ വിളിക്കാത്തതിനു പിന്നിൽ ഇങ്ങനെയൊരു ചതിയുണ്ടെന്ന് കാത്തിരിപ്പുകാർ അറിഞ്ഞത് അപ്പോഴാണ്. അവർ നായരെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി. നായരെന്തിനു ദഹിക്കാൻ? എല്ലാം ഗുരുനിശ്ചയം എന്നു കയ്യൊഴിഞ്ഞ്, സമയം നോക്കി കോലായിലിരിക്കുന്നവരോടായി ഉച്ചത്തിൽ പറഞ്ഞു:
എല്ലാവരെയും സമാധാനമായി നോക്കിയിട്ടേ തിരുമേനി ഇല്ലത്തേക്കു പോകൂ ട്ട്വോ... മണി പന്ത്രണ്ടുകഴിഞ്ഞാൽ പിന്നിലേക്കു ചെല്ലാം. അവടെ ഊണു കാലായിട്ടുണ്ടാവും. വരണ എല്ലാര്ക്കും ഉള്ള ഊണ് ഞങ്ങള് കര്തീട്ട്ണ്ട്...
ആ വാഗ്ദാനത്തിൽ അല്പമൊന്നയഞ്ഞ ദേഷ്യവുമായി എല്ലാവരും ചുമരിൽ തൂക്കിയ പഴയ പെൻഡുലം ക്ലോക്കിലേക്കു നോക്കി. പതിനൊന്നര. ആ സമയം ശരിയല്ലേ എന്ന് സ്വന്തം വാച്ചുകളിലും കൂടി നോക്കി ഉറപ്പുവരുത്തി അവർ, വീണ്ടും കാറിലിരിക്കുന്ന അതിഥിയെക്കുറിച്ച് ഊഹാപോഹങ്ങൾ നെയ്തു.
മോഹൻലാലോ മറ്റോ ആവുമോ?
പറയാൻ പറ്റില്ല. അത്തരക്കാരൊക്കെ ഇവിടെ നിത്യരാണ്.
അമിതാഭ് ബച്ചൻ വന്നിരുന്നൂന്ന് കേട്ടു.
കഴിഞ്ഞ തവണ വന്നപ്പൊ തമിഴ്നാട്ടിലെ ഏതോ മന്ത്രി വന്നിരുന്നു.
കേന്ദ്രമന്ത്രിമാര് വരെ ഇവിടെ സ്ഥിരം സന്ദർശകരാണ്.
ദാ അവിടെ ഫോട്ടോകളുണ്ടല്ലോ.. മൊറാർജി ദേശായിയുടെയും വി. ആർ.കൃഷ്ണയ്യരുടെയും ആഞ്ഞം നമ്പൂതിരിയുടെയും ചിന്മയാനന്ദസ്വാമിയുടെയും ഒക്കെ..
അടുത്താഴ്ച മഞ്ജു വാരിയർ വരുണൂന്ന് തിരുമേനിയുടെ ഫോൺ സംസാരത്തിൽ നിന്ന് മനസ്സിലായി. ഇദ്ദേഹത്തിന്റെ അനുജനാണ് തൊട്ടപ്പുറത്തുള്ള വൈദ്യൻ. മഹാവിഷ്ണു ക്ഷേത്രത്തിനു ചേർന്നു കിടക്കുന്ന ഇല്ലം. പേരുകേട്ട വൈദ്യനാ. അവിടെ ഉഴിച്ചിലും പിഴിച്ചിലും കിടത്തി ചികിത്സയുമൊക്കെയുണ്ട്. ഒറ്റ വരവിന് രണ്ടു കാര്യായല്ലോ.
ങാ... അതു ശരിയാ. അത്തരക്കാരൊക്കെ വന്നാ പിന്നെ നമ്മടെ കാര്യം മുക്കോപി.
ഈ മൂപ്പരന്നെ ഇപ്പൊ എത്ര സമയം എടുക്കൂന്ന് ആർക്കാ അറിയാ...
സന്ദർശകരുടെ മുറുമുറുപ്പുകൾ മനസ്സിലാക്കിയെന്ന മട്ടിൽ കൂട്ടത്തിലൊരു വെള്ളസാരി ഭവ്യതയോടെ പറഞ്ഞു.
ഞങ്ങൾക്ക് ഒരു പത്തുമിനിറ്റേ വേണ്ടിവരൂ ട്ട്വോ... ആരെയും ബുദ്ധിമുട്ടിക്കണത് അദ്ദേഹത്തിന് ഇഷ്ടല്ലാ. കൂട്ടത്തില് ഏറെ ബുദ്ധിമുട്ടുള്ളവര് ണ്ടെങ്കി നായരോട് പറഞ്ഞ് അകത്തു ചെല്ലാം. അതുവരെ കാത്തിരിക്കണോണ്ട് ഗുരുവിന് ഒരു വിരോധോം ണ്ടാവില്ല.
ആളുകൾ പരസ്പരം നോക്കി. ഗുരു?
അപ്പൊ ആരാ അകത്ത്?
അവരുടെ ആകാംക്ഷയ്ക്കുമേൽ ആത്മീയമായൊരു വെള്ള മൂടിയിട്ട് ഗുരുവിന്റെ അനുചരന്മാർ മുറ്റത്തെ നെല്ലിമരത്തണലിൽ ഒത്തുകൂടി. ഇടയ്ക്കെപ്പോഴോ റേഞ്ച് റോവറിന്റെ വാതിൽ അല്പം തുറന്ന് ആരോ പുറത്തെ മണ്ണിലേക്ക് കൈകഴുകി ഒഴിക്കുന്നതു മാത്രം കണ്ടു. വെളുത്തു തുടുത്ത കൈകളുടെ അറ്റം മാത്രം.
* * * * * * * * *
പൂജയും ആരതിയും കഴിഞ്ഞ്, വേദിയുടെ ഒത്ത നടുക്ക് സർവ്വാലങ്കാരങ്ങളോടും കൂടി സജ്ജീകരിച്ച സിംഹാസനസദൃശമായ ഇരിപ്പിടത്തിൽ തന്നെ ഇരുത്തി, യുവസന്യാസി വേദാന്തപ്രഭാഷണം ആരംഭിച്ചു. 'ഉപനിഷദ് സാരം' ആണ് വിഷയം. സംഗീതം നിറഞ്ഞ ശബ്ദം. ഭാവഭദ്രമായി നിർത്തിനിർത്തി സരളവും ഗഹനവുമായ പദപ്രവാഹം. അദ്ദേഹത്തിന്റെ നാമം തന്നെ താളാത്മകമാണെന്ന് തോന്നി; ശ്രീ. രമണചരണരേണു. ഭഗവാൻ രമണമഹർഷിയുടെ ഉത്തമശിഷ്യനാണ്. ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും അനായാസം വഴങ്ങുന്ന തേൻമഴ.
പുഷ്പങ്ങളുടെ തണുപ്പ്. സുഗന്ധദ്രവ്യങ്ങളുടേയും ചന്ദനത്തിരിയുടെയും മൂക്കുതുളയ്ക്കുന്ന ഗന്ധം. ഇരിപ്പിടത്തിന്റെയും കൈപ്പിടിയുടെയും മാർദ്ദവം. കണ്ണുപുളിക്കുമ്പോഴും പേശികൾ വലിഞ്ഞ് സന്ധികൾ വേദനിക്കുമ്പോഴും ആയിരക്കണക്കിന് ഭക്തരുടെ ദൃഷ്ടിക്കു പാത്രമായിരിക്കുമ്പോഴും അറിയാതെ പാതിമയക്കത്തിലേക്ക് വഴുതിവീഴുന്നു. സുഖം തേടിയുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ചോ മറ്റോ ആയിരുന്നു പ്രഭാഷണത്തിലെ സന്ദർഭം. മനസ്സുറയ്ക്കുന്നില്ലെങ്കിലും കേൾക്കുന്നുണ്ടായിരുന്നു:
It is the most simplest thing, which does not demand anything from you. It is immediate. It is easily available. Actually, it is already there. You have to recognise it. Turn your attention towards it...
അദ്ദേഹം വർണ്ണിക്കുന്നത് എന്തിനെക്കുറിച്ചാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. സുഖത്തിന് ഋഷികൾ ആശ്ചര്യമായി നൽകുന്ന ഒരു പ്രമാണം അല്ലെങ്കിൽ തെളിവാണ് ഉറക്കം. സുഷുപ്തിയിൽ ഗാഢനിദ്രയിൽ ആരെങ്കിലും ദുഃഖം അനുഭവിച്ചിട്ടുണ്ടോ?
Is it possible to have any kind of misery or sorrow in deep sleep?
സ്വാമി അതും പറഞ്ഞ് അറിയാതെ, തന്നെ ഒന്നു നോക്കി മന്ദഹസിച്ചു. ആ നോട്ടത്തിലെ കൂർത്തസൂചികൾ മേലാകെ തുളച്ചുകയറുന്നതായി തോന്നി.
ഉറങ്ങിയെണീറ്റിരുന്ന് പലരും പറയുന്നതു കേൾക്കാം, സുഖമായി ഉറങ്ങി എന്ന്. ഒന്നുമറിഞ്ഞില്ല. സുഖമായി ഇരിക്കുന്നതിന് ഒന്നും അറിയേണ്ടതില്ല. അത് നിങ്ങളുടെ സ്വരൂപമാണ്. സുഖാനുഭവം നിങ്ങളുടെ സ്വരൂപമാണ്, സ്വാമി ആവർത്തിച്ചു. എന്നിട്ട് ബൃഹദാരണ്യകോപനിഷത്തിലെ ഒരു രാജകുമാരന്റെ കഥ അദ്ദേഹം ഉദാഹരിച്ചു. രാജപുത്രൻ എങ്ങനെയോ അബദ്ധവശാൽ ഒരു വേടന്റെ ഗൃഹത്തിൽ വളരാനിടയായി. വേടൻ അവനെ വേടനായിത്തന്നെ വളർത്തി. വേട്ടയൊക്കെ പരിശീലിപ്പിച്ച് വിദഗ്ധനാക്കി. ഒരിക്കൽ ഒരു മഹാകാരുണികനായ യോഗി അതുവഴിപോകുമ്പോൾ വേടകുമാരനെ കാണാനിടവരുകയും അവന് രാജൈശ്വര്യപ്രാപ്തിക്ക് യോഗമുണ്ടെന്ന് ഉൾക്കണ്ണുകൊണ്ടറിഞ്ഞ്, അവിടുന്ന് വിളിച്ചിറക്കി രാജാവിന്റെ പക്കലെത്തിക്കുകയും ചെയ്തു. സംഭവിച്ച കാര്യങ്ങൾ അവനെ ധരിപ്പിച്ച നിമിഷം, പൊടുന്നനെ, യാതൊരു ശങ്കയുമില്ലാതെ അവൻ ഉച്ചത്തിൽ ആജ്ഞാപിച്ചു: സാരഥി, തേർതെളിക്ക്...
രാജകുമാരൻ തന്റെ സ്വരൂപത്തെ തിരിച്ചറിഞ്ഞതുപോലെ നാമോരുരുത്തരും സുഖാനുഭവത്തിന്റെ സ്വരൂപം തിരിച്ചറിയണം. നിത്യവും ഉറക്കത്തിൽ നാമവിടെ ചെല്ലുന്നുണ്ട്. ഉണരുമ്പോൾ നാമത് അനുഭവിച്ചതിന്റെ ഓർമ്മയും ബാക്കിനിൽക്കുന്നുണ്ട്. ഉണർന്നിരുന്നുകൊണ്ട് അവിടെ ചെന്നുചേരുന്നതിനെയാണ് സമാധി എന്നു പറയുന്നത്.
അദ്ദേഹം തന്നെ ചൂണ്ടി അതിവിനയത്തോടെ പറഞ്ഞു.
പരമപ്രത്യക്ഷമായിരിക്കുന്ന ഭഗവാൻ അത് നേരിൽ അനുഭവിച്ചിരിക്കുന്നു.
ആ നിമിഷം തന്റെ ജന്മജാതകം മുഴുവൻ കൺമുന്നിൽ കത്തിയമരുന്നതായി തോന്നിപ്പോയി. വിട്ടുപോന്നതിന്റെ മുഴുവൻ കർമ്മകാണ്ഡം. നേടി എന്നു തോന്നിയതിന്റെ മുഴുവൻ മിഥ്യാഭാണ്ഡം. ആരാധിക്കപ്പെടുന്നതിന്റെ, പൂജിക്കപ്പെടുന്നതിന്റെ, ഭയഭക്തിബഹുമാനങ്ങളുടെ ക്രൂരമായ ഏകാന്തത. ദൈവജ്ഞനെന്ന വാക്കിന്റെ യഥാർത്ഥപൊരുൾ ഇതായിരിക്കണം. ദൈവത്തിന്റെ ദൈന്യം ശരിക്കും അറിഞ്ഞവൻ.
യുവസന്യാസി തുടരുകയായിരുന്നു ഉറക്കമാഹാത്മ്യം.
മാതാ അമാതാ ഭവതി
പിതാ അപിതാ ഭവതി
ദേവാഃ അദേവാഃ ഭവന്തി
വേദാഃ അവേദാഃ ഭവന്തി
ഉറക്കത്തിൽ നമുക്ക് നമ്മുടെ അഭിമാനം നഷ്ടമാവുന്നു. ഞാൻ, എന്റെ പേര്, പെരുമ, ഇതിനെയാണ് ബൗദ്ധർ ശൂന്യം, ശൂന്യം എന്നു പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചത്.
ശൂന്യം... ശൂന്യം...
മനസ്സ് അതുതന്നെ മന്ത്രിച്ചുകൊണ്ടിരുന്നു.
നാശം. ഇതെല്ലാം വലിച്ചെറിഞ്ഞ് നിലവിളിച്ചുകരഞ്ഞുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയോടണം. സർവ്വസംഗപരിത്യാഗിയാണത്രേ. ബ്രഹ്മാനന്ദത്തെ തൊട്ടറിഞ്ഞവൻ. താനിവിടെ ഒന്നു മനസ്സുവിട്ട് ഉറങ്ങിയിട്ട് മാസങ്ങളാവുന്നു. കാണാത്ത വൈദ്യരില്ല. പരീക്ഷിക്കാത്ത ഔഷധങ്ങളില്ല.
ലഭിക്കാവുന്നതിൽ ഏറ്റവും മുന്തിയ സൗകര്യങ്ങളും സൗഭാഗ്യങ്ങളുമാണ് തനിക്കിപ്പോഴുള്ളത്. നിൽക്കുമ്പോൾ കയ്യിൽനിന്നൊരു പൂവുവീണാൽ എടുത്തുതരാൻ നൂറുപേരുണ്ട്. ഇളംചൂടുവെള്ളത്തിൽ കുളിപ്പിക്കാനും പോഷകരുചിസമൃദ്ധമായ ഭക്ഷണം ഊട്ടാനും ചുറ്റും വെള്ളത്തുണിക്കാർ. കൃഷ്ണമണിയുടെ ചലനത്തിൽ ആജ്ഞസ്വീകരിക്കുന്നവർ. ഓരോ കാല്പാടിലും പൂവിതറി വാഴിക്കുന്ന രാജാവിനെപ്പോലെ. ഒരുപക്ഷേ അതിനേക്കാളേറെ.
ഭൗതികസുഖങ്ങളിൽ വിരക്തിവന്നിട്ടുണ്ടെങ്കിൽ അതിന്റെ ആധിക്യം മൂലം മാത്രം. പക്ഷേ തൂവൽമെത്തയിൽ മധുരസംഗീതം ശ്രവിച്ച് കിടന്നാലും മാസങ്ങളായി ഉറക്കം തന്റെ അരികത്തുകൂടി വരുന്നില്ല. ഏറെ വൈകിക്കിടന്നിട്ടും ജീവലോകം മുഴുവൻ പതിയെ പതിയെ ചലനമൊതുക്കി ഒച്ചയടക്കി വെളിച്ചം ചുരുക്കി ശ്വാസവേഗം കുറച്ച് പ്രവേശിക്കുന്ന ആ മാസ്മരികലോകം തന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.
* * * * * * * *
റേഞ്ച്റോവർ പതുക്കെ മുന്നോട്ടെടുത്ത് വലത്തോട്ടുതിരിച്ച് കെട്ടിടത്തിന്റെ അരികുചേർത്തു നിർത്തി. അപ്പോൾ മാത്രം പ്രത്യക്ഷപ്പെട്ടതെന്നു തോന്നിച്ച ഒരു വാതിൽ തുറന്ന് നായർ ഭവ്യതയോടെ പുറത്തിറങ്ങിനിന്നു. വെള്ളവസ്ത്രക്കാർ കാറിൽനിന്ന് സ്വർണ്ണഞൊറിവച്ച കടുംചുവപ്പ് കുഷ്യനും പാനീയങ്ങൾനിറച്ച ചെമ്പുകൂജയും പുറത്തെടുത്തു. ഡോറുതുറന്ന് അദ്ദേഹത്തെ പുറത്തിറക്കാൻ രണ്ടുപേർ സന്നദ്ധരായി നിന്നു. സത്യദണ്ഡം. നീണ്ടുമെലിഞ്ഞ് ചെറുകമ്പുകളോടുകൂടിയ മുളംതണ്ട്. അതിന്റെ തലയ്ക്കൽ ബ്രഹ്മസൂത്രം എന്ന തുണികൊണ്ടുള്ള കെട്ട്. അദ്വൈതികളുടെ ഏകദണ്ഡവുമായി ചുവന്ന വസ്ത്രംകൊണ്ട് തലവഴി വാരിപ്പുതച്ച് അദ്ദേഹം പതുക്കെ കാലിറക്കിവച്ചു. തിളങ്ങുന്ന മെതിയടികൾ അവിടെ അദ്ദേഹത്തിനായി കാത്തിരുന്നു.
നായരോട് കൂട്ടത്തിലൊരാൾ ഭക്തിയോടെ പറഞ്ഞു.
ശൃംഗേരിയിൽനിന്നാണ്. ഒരുവർഷത്തോളം ഹിമാലയസാനുവിലെ ആശ്രമത്തിൽ മൗനത്തിലായിരുന്നു. പിന്നെ ലോകത്തിലെ പല രാജ്യങ്ങളും പുണ്യസ്ഥലങ്ങളും സന്ദർശിച്ചു. ഒടുവിൽ ശാരദാംബയുടെ സവിധത്തിലെത്തി.
അത്ഭുതം സഹിക്കാതെ കോലായയിൽ കാത്തിരുന്നവർ ചാടിയിറങ്ങിവന്നു. അദ്ദേഹത്തെ കാണാനും സന്യാസിയുടെ രീതികൾ അറിയാനും ആളുകൾക്കു കൗതുകമായിരുന്നു. കൂട്ടത്തിലൊരാൾ ഒരു രഹസ്യം പറഞ്ഞു, സന്യാസിമാർ ജാതകം നോക്കുമോ?
സ്വന്തം കാര്യമായിരിക്കില്ല. ഇത് വേറെവല്ലതുമായിരിക്കും. അവരൊക്കെ ജീവന്മുക്തരല്ലേ?
അപ്പോഴേക്കും അദ്ദേഹം അകത്തേക്കുള്ള പടവുകൾ കയറിക്കഴിഞ്ഞു.
വാതിൽ ഞരക്കത്തോടെ അടഞ്ഞതോടെ പുറത്ത് വാഗ്വാദമായി.
ജാതകവും ജ്യോതിഷവുമൊക്കെ ലൗകികർക്കല്ലേ?
താംബുലപ്രശ്നം ദേവകാര്യങ്ങൾക്കുണ്ടല്ലോ.
ദൈവങ്ങളും ഇപ്പോൾ മനുഷ്യന്മാരേക്കാൾ കഷ്ടത്തിലാണ്.
ഓ.. ഇപ്പൊ അവരുടെ കാലമല്ലേ? മരച്ചോട്ടിലും പാറമടയിലുമുള്ള വെറും കല്ലുകൾ വരെ ഇപ്പൊ ഉഗ്രമൂർത്തികളല്ലേ?
നായർ മുൻവശത്തെ വാതിലിലൂടെ വന്ന് താക്കീതുചെയ്യുംവരെ ആ ചർച്ച തുടർന്നു.
നാലുപാടും പലകപാകിയ ഇരുണ്ട ആ മുറിക്കകത്ത് ഏസിയുടെ മുഴക്കം മാത്രം നിറഞ്ഞുനിന്നു. ആ ചെറിയമുറിയിൽ കൊള്ളാനാവാത്ത മഹാസാന്നിധ്യത്തെ കണ്ണടച്ച് ഏറെനേരം തൊഴുതുനിന്ന് തിരുമേനി എതിരേറ്റു. നിരത്തിയിട്ട പായിൽ ഗുരുവിന് ഇരിക്കാനായി അനുചരന്മാർ കുഷ്യൻ വച്ചു. അതുചൂണ്ടി ഇരിക്കാൻ പ്രാർത്ഥിച്ച്, തിരുമേനിയും തന്റെ ചെറിയ ഇരിപ്പിടത്തിലേക്ക് അമർന്നു. മൗനം ആരു ഭഞ്ജിക്കുമെന്ന സംശയത്തിലായിരുന്നതിനാൽ ഓരോ ചെറിയ ശബ്ദവും പെരുത്തുനിന്നു. അനുചരന്മാരുടെ നിരയെ ചൂണ്ടി തിരുമേനി തുടങ്ങിവച്ചു.
ഇനിയൊക്കെ ഞാൻ നോക്കിക്കോളാം.
അതിനർത്ഥം മനസ്സിലാക്കിക്കുംമട്ടിൽ ഗുരു ചെറുതായൊന്നു ചിരിച്ചു. അതുനന്നായെന്ന് തിരുമേനിയും മനസ്സിൽ നിനച്ചു. വരുന്നവഴിക്ക് മൂന്നു കടകളിൽനിന്നായി വാങ്ങി തൃപ്തിപോരാഞ്ഞ്, ഒടുവിൽ മനയിലേക്ക് തിരിയും വഴി റോഡരികിലെ മുസ്ലീമിന്റെ മുറുക്കാൻ കടയിൽനിന്നു വാങ്ങിയ ഒരടുക്ക് വെറ്റിലയും അതിവിശിഷ്ടമായ കാഴ്ചദ്രവ്യവും മാത്രം അവരിൽനിന്നു വാങ്ങി സ്വാമി അവരോട് പുറത്തുനിൽക്കാൻ ആംഗ്യം കാണിച്ചു. പിച്ചളത്താലത്തിൽ നിറയെ പഴങ്ങളും പുഷ്പങ്ങളും വച്ചതിനു നടുവിൽ നിന്നും ജ്വല്ലറിക്കാരുടെ പനിനീർനിറത്തിലുള്ള കടലാസുപൊതി തുറന്നതോടെ ഒരു സ്വർണ്ണനാണയം തിളങ്ങിക്കിടന്നു. കാഴ്ചവസ്തുക്കൾ തിരുമേനിക്കു നീട്ടി, കടലാസുപൊതിയഴിച്ച് വെറ്റിലക്കെട്ട് അദ്ദേഹത്തിന്റെ കൈകളിൽ സമർപ്പിച്ച് സ്വാമി ഇരിപ്പിടത്തിലേക്ക് കൈകുത്തിയിരുന്നു.
നമ്മൾ രണ്ടുപേരും 'അർത്ഥം' കൊണ്ടുദരിദ്രരാണല്ലോ സ്വാമീ... പിന്നെയെന്തിന് ഇത്രയും സമൃദ്ധമായ പ്രാഭൃതം?
ആ ചോദ്യം മറുപടി അർഹിക്കുന്നില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അർദ്ധസിദ്ധാസനത്തിലിരുന്ന് അദ്ദേഹം കണ്ണുകളടച്ചു.
ഓം ശ്രീ കിരാതരൂപായ നമഃശിവായ
സദാശിവ സമാരംഭാം ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം
ഗണപതിസ്തുതിയും താംബൂലവന്ദനവും കഴിഞ്ഞ്, തിരുമേനി കണ്ണടച്ച് വെറ്റിലക്കെട്ടിൽനിന്ന് ഓരോന്നായി വിടർത്തിയെടുത്ത് ആറ്, നാല്, രണ്ട് എന്ന് മൂന്നുവരിയായി വച്ചു. ബാക്കിവന്നതിന്റെ ആദ്യത്തെ ഇല തിരിച്ചും മറിച്ചും നോക്കി ഒന്നിച്ച് സമീപത്തേക്ക് മാറ്റിവച്ചു. ലഗ്നത്തിൽ വ്യാഴം, മൂന്നിൽ ശനി, നാലിൽ ചന്ദ്രൻ, അഷ്ടമത്തിൽ കേതു, പന്ത്രണ്ടിൽ രാഹു, ഗുളികൻ, പത്തിൽ ചൊവ്വ, ശുക്രൻ, ഒമ്പതിൽ സൂര്യൻ,
ഇപ്പൊ രാഹുവിന്റെ അപഹാരമാണ്. രാഹു ഇത്തിരി പിശകാണല്ലോ. അതും ഗുളികനോടുകൂടി. മനസ്വാസ്ഥ്യം കഷ്ടിയായിരിക്കും. പറഞ്ഞാൽ ദേഷ്യം തോന്നരുത്. നിദ്ര നാസ്തി എന്നാ ഫലം. താംബൂലലക്ഷണവും മറിച്ചല്ല പറയണതേ. രാഹുഗ്രസ്തം എന്നാ പറയണ്ടത്. സഹസ്രകിരണനായ ദിവാകരനെ മറയ്ക്കാൻ അതിനു കഴിയും. ഉറക്കത്തിന് വല്ല ബുദ്ധിമുട്ടും തോന്നണുണ്ടോ ആവോ?
* * * * * * * * *
ആ ചോദ്യം, കഴിഞ്ഞ ആറുമാസത്തിലധികം നീളുന്ന നീലിച്ച രാപകലുകളിലേക്ക് ഒരു മിന്നൽപ്പിണർപോലെ പടർന്നുചെന്നു. ആദ്യമാദ്യം അതൊരപരിചിതമായ നേരമ്പോക്കായിരുന്നു. അതിരാവിലെ എഴുന്നേറ്റ് കുളിയും ജപവും യോഗാസനങ്ങളും ആരതിയും ഭക്തദർശനവും ഒക്കെ തുടരുമ്പോഴും, തലേന്നത്തെ ദിവസത്തിന്റെ ജാഗരത്തെ ഉറക്കം കൊണ്ടു പകുക്കാത്തതിന്റെ അസ്വസ്ഥതയുണ്ടാകുമായിരുന്നു. കണ്ണുപുളിക്കും. സന്ധികളും പേശികളും വേദനിക്കും. കുളിച്ചാലും കുളിച്ചാലും ഉണർവ്വുകിട്ടുന്നില്ല. ആധികാരികസന്ദർഭങ്ങളിൽ അശ്ലീലം പോലെ കോട്ടുവാ വന്ന് വഷളാക്കും. ശ്ലോകങ്ങൾ ഉദ്ധരിക്കാൻ ശ്രമിക്കവേ ഓർമ്മത്തെറ്റ് വന്ന് മൂടും. അകാരണമായ ദേഷ്യവും വിഷമവും വന്നു നിറയും.
ഓരോ ദിവസവും സന്ധ്യയാവുന്നതോടെ ഘോരകഠോരമായ രാത്രിയെക്കുറിച്ചോർത്ത് ഭയം. ഉറങ്ങാൻ കിടക്കുംമുമ്പ് പതിനായിരത്തെട്ട് നമഃശിവായ. സൂര്യാസ്തമയത്തിനുശേഷം മുറിയിൽ ഇളം മഞ്ഞവെളിച്ചം മാത്രം. കാലടികളിൽ ഇളം ചൂടുള്ള വെളിച്ചെണ്ണ. ശ്വാസോച്ഛ്വാസത്തിൽ മാത്രം ശ്രദ്ധിച്ച് ഉറക്കത്തിനായി കാത്തുകിടക്കും.
വെളിയൊച്ചകൾ പതുക്കെ വളരെ പതുക്കെ ക്ഷീണിച്ച് ഒതുങ്ങുന്നതറിയും. ദൂരേനിന്ന് കൃത്യമായി ഒരു ഓരി. അകലെ വളവുതിരിയുന്ന ഹൈവേയിൽ ഭാരംകയറ്റി പോകുന്ന ലോറിയുടെ കൃത്യമായി നീണ്ട ഹോണടി. ഉറക്കത്തിൽ ഞെട്ടി ചിറകടിച്ചു ചിലയ്ക്കുന്ന ഏതോ രാപ്പക്ഷി. ആശ്രമത്തിലെ സേവകർ താമസിക്കുന്ന ഷെഡ്ഡിൽ നിന്ന് പേടിസ്വപ്നം കണ്ട് ഒരു കുട്ടിയുടെ നേരിയ കരച്ചിൽ. അമ്മയുടെ അടക്കിപ്പിടിച്ച ശാസന.
തലപെരുത്ത് എഴുന്നേറ്റ് ബാത്റൂമിലേക്ക്. തിരിച്ചുവരുംവഴി ജനലരികിൽ ചെന്ന് ചത്തുമലച്ചുകിടക്കുന്ന രാത്രിയെ നോക്കി ദീർഘദീർഘമായ നിശ്വാസം. ക്ഷേത്രഗോപുരത്തിന്റെ മടുപ്പിക്കുന്ന ഒരേ ദൃശ്യം. തുംഗാനദിയിൽനിന്ന് വേവുമണമുള്ള ഇരുണ്ടകാറ്റ്. എവിടുന്നൊക്കെയോ പരേതാത്മാക്കളെപ്പോലെ പാറിവന്ന് ചെവിതുളച്ചുകടന്നുപോകുന്ന കൂർക്കംവലികളുടെ അലകൾ. ചെമ്പുകൂജയിൽനിന്ന് ആറാമത്തെ തവണയും മോന്തിക്കുടിക്കുന്ന വെള്ളം. ആത്മശാപം. ആത്മനിന്ദ. സാധ്യമാകുമായിരുന്ന മറുജീവിതങ്ങളുടെ പശ്ചാത്താപങ്ങൾ. അക്കരെപ്പച്ചകൾ.
വീണ്ടും കിടക്കയിലേക്ക്. ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിൽ. ശരീരമാസകലം വിയർത്തുകുളിക്കുന്നു. ഉറക്കം കൈയൊഴിഞ്ഞ മറ്റൊരു ദീനദീർഘമായ രാത്രിയുടെ അന്ത്യം കുറിച്ചുകൊണ്ട് ക്ഷേത്രത്തിൽനിന്ന് ഉച്ചഭാഷിണി ഉയരുന്നു. പറ്റുകണക്കിന്റെ ശേഖരത്തിലേക്ക് ആ ദിവസംകൂടി എഴുതിച്ചേർത്ത് അനാത്മീയമായ പുതിയനിസ്സംഗതയുടെ കാവിപുതച്ച് താൻ പ്രഭാതകർമ്മങ്ങളിലേക്ക് പ്രവേശിക്കുന്നു.
* * * * * * * * *
തിരുമേനി ശ്ലോകങ്ങൾ ഉദ്ധരിച്ച് തന്റെ കണ്ടെത്തലുകൾ വിശദീകരിച്ചുകൊണ്ടിരുന്നു. വെറ്റിലയുടെ വടിവിലും തരത്തിലുമുള്ള വൈവിധ്യങ്ങൾ പൃച്ഛകന്റെ ജന്മഫലങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യാഖ്യാനിച്ചുകൊണ്ടിരുന്നു. പുഴുക്കേടോ പൊട്ടലോ നിറവ്യത്യാസമോ തന്റെ ജീവിതത്തെ കയറിപ്പിടിക്കുന്നതിന്റെ നിസ്സഹായത ഗുരുവും ശിരസാവഹിച്ചുകൊണ്ടിരുന്നു.
നെടുകേ പൊട്ടിയ ഒരു വെറ്റില ഉയർത്തിക്കാണിച്ച് തിരുമേനി ആക്രോശിച്ചു, ശത്രുദോഷം! കൊടിയ ശത്രുദോഷം! കുടിക്കുന്ന പച്ചവെള്ളത്തെപ്പോലും വിശ്വസിക്കരുത്. പ്രാണവായുവിൽ വരെ വിഷം കലർത്തും. കരിമൂർഖനിൽ തലവെച്ചാണ് ശയനം. പിന്നെ എങ്ങനെ ഉറങ്ങാനാണ് ? കഴിഞ്ഞ ആറുമാസമായി പ്രാണൻ തിരിച്ചുകിട്ടിയത് ഭാഗ്യം എന്നു കരുതാം. അത്രയ്ക്ക് കടുത്തിരിക്കുന്നു രിപുദോഷം. ഭക്തരെ, അനുചരന്മാരെ, സേവകരെ ഒരൊറ്റപ്പരിഷകളെയും വിശ്വസിക്കരുത്. കൊണ്ടുവച്ചവർ രുചിച്ചുനോക്കിയ ഭക്ഷണമേ കഴിക്കാവൂ. പകർന്നുവച്ച വെള്ളം തിര്യക്കുകളെ കുടിപ്പിച്ചിട്ടേ കഴിക്കാവൂ. ഇരിക്കാനുള്ള പുലിത്തോലെടുത്ത് ഉയർത്തിനോക്കി താഴെ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തണം. ഉടുമുണ്ടഴിച്ച് ഇടയ്ക്കിടെ കുടയണം. ഒന്നുമില്ലെന്ന് ഒന്നുമില്ലെന്ന് വീണ്ടും വീണ്ടും ഉറപ്പാക്കണം. ഉറക്കമില്ലായ്മ വരമായെന്നു കരുതുക. അല്ലെങ്കിൽ എല്ലാം മറന്നുള്ള ഉറക്കത്തിലാവും അവന്മാരുടെ സന്ദർശനം.
പരിഹാരം വല്ലതും?
തിരുമേനി പലരുടെ കെട്ടുകളിൽനിന്നും ബാക്കിവന്ന വെറ്റില അലക്ഷ്യമായി കൂട്ടിയിരിക്കുന്ന ഭാഗത്തേക്ക് വെറുതേ നോക്കിക്കൊണ്ട് നാവിനുകീഴെ ഒരു ശ്ലോകം ചൊല്ലി. "അപരിഹരണീയവിധിയന്ത്രത്തിരിപ്പ്" എന്നല്ലേ ഉണ്ണായി പാടിയത്? അനുഭവയോഗം ഒമ്പതുമാസത്തോളം ഇനിയും ബാക്കിയുണ്ട്. ദോഷകാഠിന്യം കുറയ്ക്കാമെന്നേ കരുതാവൂ. ആത്മനിയന്ത്രണത്തിന്റെ ചക്രവർത്തിയോട് അക്കാര്യം ഉപദേശിക്കണ്ട കാര്യമില്ലല്ലോ. മഹാസുദർശനഹോമം യഥാവിധി ചെയ്യണം. നൂറ്റൊന്നു ബ്രാഹ്മണർക്ക് ഉള്ളയഞ്ഞ് ദക്ഷിണ കൊടുക്കണം. സന്യാസിക്ക് സമ്പാദ്യമുണ്ടാവില്ലെന്നറിയാം. എന്നാലും തന്റേതായി എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതുമുഴുവൻ പരദേവതാസ്ഥാനത്ത് സമർപ്പിക്കണം. മൃത്യുദൃഷ്ടിയിൽനിന്ന് തപ്പിച്ചുപോകാൻ ഇതൊക്കെ ധാരാളം.
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ
പരായ പരംപുരുഷായ പരമാത്മനേ
പരകർമ്മ മന്ത്രയന്ത്രൗഷധാസ്ത്രശസ്ത്രാണി സംഹര സംഹര
മൃത്യോർമ്മോചയ മോചയ...
-അറിയാമല്ലോ - ആ മഹാസുദർശനമന്ത്രം നിരന്തരം ജപിക്കുക. സകല ആഭിചാരോപദ്രവങ്ങളും ശത്രുപീഡയും സൂര്യനെക്കണ്ടമാത്രയിൽ മഞ്ഞുതുള്ളികണക്കേ മാഞ്ഞുപൊയ്ക്കൊള്ളും. യാത്രക്കിടയിലും വിശ്രമവേളകളിലുമൊക്കെ സുദർശനമന്ത്രം ജപിക്കാം. സാത്വികജീവിതം നയിക്കുന്ന അങ്ങയെപ്പോലുള്ളവർക്ക് മറ്റുവഴികൾ സാധ്യമല്ലല്ലോ. അതൊരു കവചമായിരിക്കും. ഒന്നുംതന്നെ ബാധിക്കാതിരിക്കാൻ. സാക്ഷാൽശത്രു മൃത്യുവാണെന്നിരിക്കെ മൃത്യുഞ്ജയഹോമവും കൂടി ചെയ്താലേ പൂർണ്ണഫലം കിട്ടൂ.
* * * * * * * * *
ഒരിക്കൽ ഒരു സത്സംഗത്തിൽ, ഭാഗവതത്തിലെ പരീക്ഷിത്തിന്റെ അവസ്ഥ വിശദീകരിച്ചുകൊണ്ടിരിക്കെ, പൂജയ്ക്കെത്തിച്ച പഴത്തിൽ ഒരു പുഴുവായി വന്നെത്തിയ തക്ഷകനെ വർണ്ണിച്ചുകഴിഞ്ഞ്, കഴിക്കാനായി പഴമെടുത്തപ്പോൾ താൻ നേരിൽകണ്ടതാണ് ആ വിശ്വരൂപം. പരീക്ഷിത്ത് മൃത്യുവിനുമുന്നേ ആത്മജ്ഞാനം മൂലം ശരീരം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. താനോ?
ദൈവജ്ഞൻ പറഞ്ഞതനുസരിച്ചാണെങ്കിൽ ഈ നിമിഷം മുതൽ താൻ ജാഗരൂകനാകേണ്ടിയിരിക്കുന്നു. ഈ മുറിക്കു പുറത്ത്, തിളച്ചുമറിയുന്ന ലോകം, ഇപ്പോൾ മുതൽ ആകെ മാറിയിരിക്കും. വിശ്വാസത്തിന്റെ, ധാരണയുടെ, ഭക്തിയുടെ, സ്നേഹാദരങ്ങളുടെ ഭൂതകാലം സമസ്തവും അപ്രത്യക്ഷമായിരിക്കും. സർവ്വായുധസന്നദ്ധരായി തന്റെ വരവിനായി കാത്തിരിക്കുന്ന അവരുടെ അവതാരങ്ങൾ മാത്രം. നാവിൽ കയ്പുമാത്രം. ശ്വാസത്തിൽ വെടിമരുന്നിന്റെ ഗന്ധം മാത്രം. ചിരി എന്ന നോട്ട് നിരോധിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ശേഖരത്തിന് തീ കൊടുത്ത്, അതിന്റെ ചാരം കലക്കിയ വെള്ളം കുടിച്ച് കരിങ്കാലത്തെ നേരിടേണ്ടിയിരിക്കുന്നു.
* * * * * * * * *
തിരുമേനി ആദരസൂചകമായി എഴുന്നേറ്റു തൊഴുതുനിന്നു. ആകെ കലങ്ങിയ മനസ്സുമായി ഗുരു തന്റെ സത്യദണ്ഡം കൈയെത്തിച്ചെടുത്തു. കാവി തലവഴി ഒന്നുകൂടി പുതച്ചിട്ടു. ദക്ഷിണയ്ക്കായി അനുചരന്മാരെ വിളിച്ചു. വാതിൽക്കൽ കാതോർത്തുനിന്നവർ വീണ്ടും താലത്തിൽ പണക്കിഴിയുമായി പ്രവേശിച്ചു. കാഴ്ചയ്ക്കുവന്ന പുതിയ തെളിച്ചം മൂലം ഗുരു അവരെ ക്രൂരമായി അവഗണിച്ച് താലം വാങ്ങി തിരുമേനിയ്ക്കു കൈമാറി. പുറത്തേക്കിറങ്ങാനൊരുങ്ങവേ തിരുമേനി ചെറുതായി മുരടനക്കി.
വിരോധമില്ലെങ്കിൽ ഇല്ലത്തൊന്ന് കയറിയിട്ടു പോകാം. ഊണു കാലായിട്ടുണ്ടാവും. പിന്നെ മോളുടെ വേളിയാണ് അടുത്തയാഴ്ച. അവളെ ഒന്ന് അനുഗ്രഹിക്കുകയും വേണം.
കഴിക്കാനിത്തിരി കഞ്ഞിവെള്ളം മതി. മോളെ കാണുകയും ആവാം.
കൊടുങ്കാറ്റുപോലെ ഗുരു പുറത്തിറങ്ങി. തിരുമേനി ഓടി മുന്നിലെത്തി ഇല്ലത്തേക്കുള്ള വഴി കാണിച്ചു. കാറുമായി തയ്യാറായി നിന്നവർ അമ്പരന്നു. അദ്ദേഹത്തിനായി അവരും ഓടിച്ചെന്ന് വഴിയൊരുക്കി. ദണ്ഡം കയ്യിലിളക്കിപ്പിടിച്ചുകൊണ്ട് അദ്ദേഹം അവരെ ശാസിച്ചൊതുക്കി.
മൃത്യോർമ്മോചയ മോചയ...
ആഭിചാരം പോലെ ആ വാക്കുകൾ, തന്നെ ആവേശിക്കാനെത്തുന്ന ശത്രുക്കൾക്കുനേരെ പ്രയോഗിച്ച് ഗുരു ഇല്ലപ്പടവുകൾ കയറി. മനസ്സ് ശാന്തമല്ലെങ്കിൽ പിന്നെ താനെങ്ങനെ മറ്റുള്ളവരെ അനുഗ്രഹിക്കും എന്ന് ഉള്ളിലോർത്തു.
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ...
അകത്തെ ഇരുണ്ടവെളിച്ചത്തിൽനിന്ന് ഒരു വീൽചെയർ തള്ളിക്കൊണ്ട് തിരുമേനി പ്രത്യക്ഷപ്പെട്ടു.
...മോൾ...
ഇരുട്ടിൽനിന്നും നിലാവുപോലെ അവൾ പുഞ്ചിരിച്ചു. അവളുടെ നോട്ടം ഗുരുവിനെയും കടന്ന് പുറത്തെ വെളിച്ചത്തിലേക്കു നീണ്ടപ്പോഴാണ് മനോഹരമായ ആ കണ്ണുകൾക്ക് കാഴ്ചയില്ലെന്ന ഞെട്ടൽ അദ്ദേഹത്തിലെത്തിയത്.
നേരിയ വെളിച്ചത്തിൽ നനഞ്ഞ കണ്ണുകളോടെ തിരുമേനി സുദർശനധ്യാനം ഉരുവിടുന്നുണ്ടായിരുന്നു.
കല്പാന്താർക്കപ്രകാശം ത്രിഭുവനമഖിലം
തേജസാ പൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുല ഭയദം
ഭീമദംഷ്ട്രാട്ടഹാസം
ശംഖം ചക്രം ഗദാബ്ജേ പൃഥുതരമുസലം
ചാപപാശാങ്കുശാൻ സ്വൈർ
ബ്ബിഭ്രാണം ദോർഭിരാദ്യം മനസിമുരരിപും
ഭാവയേച്ചക്രസംജ്ഞം
വിറയ്ക്കുന്ന കൈകളോടെ അവളുടെ നിറുകയിൽ ബലഹീനമായ അനുഗ്രഹംപോലെന്തോ നൽകി, തിരുമേനി നീട്ടിയ ഇളംചൂടുള്ള കഞ്ഞിവെള്ളം ഒറ്റവലിക്കു കുടിച്ച്, ഗുരു രഹസ്യം പറഞ്ഞു; എനിക്കൊരു വണ്ടി സംഘടിപ്പിച്ചുതരണം... പിറകിലൂടെ ഒരു വഴിയും...
അങ്കലാപ്പിൽ പൊതിഞ്ഞ് തിരുമേനി പ്രതിവചിച്ചു; അതിനെന്താ.. ഒരു നിമിഷം..
ഗുരുവിന്റെ ഇംഗിതം തിരിഞ്ഞുകിട്ടാതെ അല്പനേരം സ്തംഭിച്ചുനിന്ന് തിരുമേനി അകത്തേക്കു നടന്നുമറഞ്ഞു.
തളത്തിൽ പെൺകുട്ടിയും ഗുരുവും തനിച്ചായപ്പോൾ...
അവൾ അന്ധയായതിന്റെ സൗകര്യത്തിൽ ഗുരു തന്നെ ഒളിപ്പിക്കാൻ ശ്രമിച്ചു. അവളറിയാതെ അവളെത്തന്നെ ഉറ്റുനോക്കാൻ ശ്രമിക്കവേ, അവളുടെ അതീന്ദ്രിയം അതു കണ്ടുപിടിച്ചു. കാഴ്ചയില്ലാത്തവർക്ക് അത്തരമൊരു വരമുള്ള കാര്യം കാഴ്ചയുള്ളവർക്കറിയാറില്ല.
സ്വാമീ... എന്താ എന്നെ ഇങ്ങനെ നോക്കുന്നത്?
ഏയ്.. ഒന്നുമില്ല മോളേ.. മോൾക്ക് നല്ലതേ വരൂ...
സഹതാപമല്ലല്ലോ കാരുണ്യമല്ലേ ഗുരുവിന്റെ ഭാവം?
തീർച്ചയായും മോളേ..
അദ്ദേഹത്തിനു വാക്കുകളറ്റു. ഒരു ഇളംപ്രായക്കാരിക്കുമുന്നിൽ തന്റെ ഇല്ലായ്മകൾ കണ്ടുപിടിക്കപ്പെടുന്നതിന്റെ ജാള്യത്തിൽ അദ്ദേഹം അഭയത്തിനായി കേണു. ലോകത്തെ നേരിടാൻ ലൗകികർക്ക് പോംവഴികളുപദേശിക്കാറുള്ള താൻ ഇപ്പോൾ ഈ മുഹൂർത്തത്തെ നേരിടാനാവാതെ പതറുന്നത് അവളറിയാത്തത് എത്ര നന്നായി! ഗുരുവിന് തന്റെ ഭക്തയുടെ മുന്നിൽ അവളറിയാതെ കരയാൻ ലഭിക്കുന്ന അസുലഭനിമിഷമാണെന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ അപ്പൊഴേ തിരിച്ചറിഞ്ഞുകഴിഞ്ഞു.
അവളെ നിർവ്യാജം തൊഴാൻ കൈകളും.



Comments