top of page

നളിനി അല്ലെങ്കിൽ മറ്റൊരു സ്നേഹം

  • Writer: Sreevalsan Thekkanath
    Sreevalsan Thekkanath
  • Aug 15, 2020
  • 8 min read

Updated: Jun 26


ree

തലശ്ശേരി ബ്രണ്ണൻകോളേജ് സെമിനാർഹാളിൽവച്ച് നടന്ന ഭാഷാശാസ്ത്രശില്പശാലയിൽ നോംചോംസ്കിക്കു ശേഷമുള്ള പുതിയ സമീപനങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കാൻ ചെന്നതായിരുന്നു ഞാൻ. നല്ല ചൂടിൽ കുന്നുകയറി, രണ്ടാംനിലയിലെ ഹാളിലേക്ക് നടന്നെത്തുമ്പോഴേക്കും ആകെ വിയർത്തുകുളിച്ചിരുന്നു. അകത്ത് മറ്റൊരു പ്രഭാഷണം നടന്നുകൊണ്ടിരിക്കുന്നു. പിന്നിലൂടെയുള്ള വാതിൽ തള്ളിത്തുറന്ന് ഹാളിലെ അതിശക്തമായ ഏ.സി.യിൽ പ്രവേശിച്ചതും നല്ല ആശ്വാസം തോന്നി. കിതപ്പാറ്റി, ടവ്വൽകൊണ്ട് മുഖം അമർത്തിത്തുടച്ച്, ഞാൻ ഒഴിഞ്ഞൊരു കസേരതേടിപ്പിടിച്ചു. സംഘാടക സംഘടിപ്പിച്ചുതന്ന ചുടുചായ കൂടി രുചിച്ചപ്പോൾ, കെട്ടുപോയ ആത്മവിശ്വാസം പതിയെ കാളിയന്റെ തലപോലെ പൊങ്ങിത്തുടങ്ങി.

അതേസമയം വെളുത്ത ഷർട്ടും മുണ്ടും ധരിച്ച്, മൈക്കിനുമുന്നിൽ അല്പം വളഞ്ഞുനിന്ന് ക്ലേശിക്കുന്ന തൊണ്ടയുമായി പതിഞ്ഞ ശബ്ദത്തിൽ ആശയങ്ങളുടെ ഇന്ദ്രജാലം നടത്തിയ വിജയൻമാഷുടെ വാക്കുകൾ എവിടെനിന്നോ ഒഴുകിയെത്തി. വർഷങ്ങൾക്കുമുമ്പുള്ള ഒരു സാഹിത്യക്യാമ്പിൽ പുതിയ എഴുത്തുകാരെ സംബോധനചെയ്യുകയായിരുന്നു അദ്ദേഹം:

"ഒരിക്കലും വിരിയാത്ത കോഴിമുട്ട അച്ചടക്കമുള്ള കോഴിമുട്ടയാണ് എന്ന ബോധ്യംപോലെയാണ്. അതിനുള്ളിരിക്കുന്നത് ഒരു മരിച്ച ശിശുവാണ് എന്നും, അതുകൊണ്ടാണത് അതിന്റെ പുറന്തോട് കൊത്തിപ്പൊളിക്കാത്തത് എന്നും, അറിയാതെ ഇരിക്കുന്ന ഒരവസ്ഥ ഇന്ന് വാസ്തവത്തിൽ സംഘ ടനകൾക്കുണ്ട്. അതുകൊണ്ട് സംഘടനകൾ ഉണ്ടാകുന്നത് തോടുകൾ പൊട്ടിക്കാനാണ്, തോടുകൾ കാത്തുരക്ഷിക്കാനല്ല."

തേങ്ങുന്ന ആ ശബ്ദത്തിന്റെ മുഴക്കം നിലച്ചിട്ടില്ലാത്ത അതേ ഹാളിൽ വിധിവശാൽ എന്റെ ശബ്ദവും കൂട്ടിച്ചേർക്കാൻ പോകുന്നല്ലോ എന്നോർത്തപ്പോൾ അറിയാതെ അഭിമാനവും ആശങ്കയും ഉയർന്നു. പവിത്രൻമാഷുടെ അവതരണം അവസാനിപ്പിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ഞാൻ ബാഗിൽനിന്ന് ലാപ്ടോപ്പും കടലാസ്സുകളും പുറത്തെടുത്തു. ഒരുനിമിഷനേരം കണ്ണടച്ചിരുന്ന് വിഷയം എങ്ങനെ തുടങ്ങണം എന്ന് മനസ്സിൽ പാകപ്പെടുത്തി, വേദിയിലേക്ക് നടന്നു. സ്വാഗതപ്രാസംഗികൻ എന്റെ പുസ്തകങ്ങളുടെ പേരുകൾ തെറ്റിച്ചു പറഞ്ഞത് കാരുണ്യപൂർവ്വം ക്ഷമിച്ചു.

സദസ്സിൽ അടുത്ത സുഹൃത്തുക്കളായ ചിലരെ കണ്ടതോടെ എന്റെ പരിഭ്രമത്തിന് അയവുവന്നു. മുൻനിരയിൽ വലത്തേയറ്റത്തെ സീറ്റിൽ ഷാളുകൊണ്ട് തലവഴി മൂടിപ്പുതച്ചിരിക്കുന്ന ഒരു സ്ത്രീ എന്നെ കണ്ടതും വല്ലാത്ത പരിചയം ഭാവിച്ച് ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്തു. എനിക്ക് ആളെ പിടികിട്ടിയില്ല. കരഞ്ഞുവീർത്തതുപോലുള്ള കൺപോളകളാണ് അവരുടേത്. ആളെ തിരിച്ചറിയാൻ പറ്റാത്തതിന്റെ കുറ്റബോധം തോന്നിയെങ്കിലും ഒരു പരിചയച്ചിരിയിൽ തൽക്കാലം അതു മറച്ചുവെച്ചു.

ഞാൻ തുടങ്ങി.

മുന്നിലിരിക്കുന്നത് അധ്യാപകരാണ് എന്ന ബോധ്യം ഓരോ വാക്കിലും സൂക്ഷിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഇങ്ങോട്ടു പഠിപ്പിച്ചു ശീലമുള്ള അവരെ തിരിച്ചു പഠിപ്പിക്കാൻ ശ്രമിക്കുന്നത് തീക്കളിയാണെന്നറിയാം. എങ്കിലും വലിയ പരിക്കില്ലാതെ ഒന്നരമണിക്കൂർ നീളമുള്ള ആ സെഷൻ ഞാൻ പറഞ്ഞൊപ്പിച്ചു. ചിലമുഖങ്ങളിൽ പുച്ഛം. ചിലതിൽ ആദരം. ചിലത് നിസ്സംഗം. എനിക്കു പേടി ഈ നിസ്സംഗജന്മങ്ങളെയാണ്. തമാശകേട്ട് മറ്റുള്ളവർ ചിരിക്കുമ്പോഴും അവരുടെ മുഖം ചുമർച്ചിത്രം പോലെ തല്ലിപ്പരത്തിവച്ചിരിക്കും. ഞാനവ കണ്ടില്ലെന്ന് നടിച്ച് സംസാരം തുടരാൻ ശ്രമിച്ചാലും എങ്ങനെയെങ്കിലും അവരെന്റെ കണ്ണിൽത്തടയും. അത്ഭുതമതല്ല, ക്ലാസ്സൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയാൽ ആദ്യം പരിചയപ്പെടാനും ആശംസിക്കാനും എത്തുന്നത് ഈ മാമുനിമാരായിരിക്കും.

ക്ലാസ്സുകഴിഞ്ഞ് ഞാൻ കടലാസ്സുകളും മറ്റും പെറുക്കിവയ്ക്കുമ്പോൾ അവർ അടുത്തുവന്നു ചിരിച്ചുകൊണ്ടുനിന്നു,

"എന്നെ ശരിക്കും മനസ്സിലായില്ല എന്നു തോന്നുന്നു."

ഞാൻ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

"നളിനി... ഓർമ്മയില്ലേ?"

ചെറിയൊരിടവേളകൊണ്ട് ആ മുഖത്തിന്റെ പഴയ രൂപം തെളിഞ്ഞുവന്നു.

"ങ്ഹാ... ഓർമ്മവരുന്നു. എം.പി.വി. സാർ പറയാറുള്ള, ആശാന്റെയും കാരൂരിന്റെയും നളിനിമാരെ സമാസമം ചേർത്തുണ്ടാക്കിയ... പക്ഷേ വല്ലാത്ത മാറ്റമുണ്ടല്ലോ.. അന്നത്തെ ചുറുചുറുക്കും പ്രസരിപ്പും! ...ഞങ്ങൾക്കൊക്കെ വലിയ അത്ഭുതമായിരുന്നു. മുഖം ഇങ്ങനെ കണ്ടിട്ടേയില്ല."

"അതുപിന്നെ അറിയാമല്ലോ ആദി വിട്ടുപോയതിൽപ്പിന്നെ.."

അതിനിടെ ആരൊക്കെയോ ഇടയ്ക്കു കയറിവന്ന് കൈതരുന്നു. ഫോൺനമ്പർ ചോദിക്കുന്നു. ഭക്ഷണമുറിയിലേക്കു ക്ഷണിക്കുന്നു. സംഘാടക തൊട്ടപ്പുറത്ത് എനിക്കായി കാത്തുനിൽക്കുന്നു. നളിനിയോട് എന്തുപറയണമെന്നറിയാതെ ഞാൻ കുഴങ്ങിനിന്നു.

ആദിത്യന്റെ ദാരുണമരണം എന്നെ കുറേക്കാലം വേട്ടയാടിയതാണ്. എല്ലാ അസുഖങ്ങളും കൂടി ആ ദുർബ്ബലശരീരത്തെ വളഞ്ഞിട്ടുപിടിക്കുകയായിരുന്നു. വേദികളിൽ നന്നായി പാടുമായിരുന്ന, അതിശക്തമായ കവിതകളെഴുതുമായിരുന്ന, കോരിത്തരിപ്പിക്കുന്ന അഭിനയം കാഴ്ചവയ്ക്കുമായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ആദി. വ്യക്തിബന്ധങ്ങളിൽ കണ്ണീരുപോലെ തെളിഞ്ഞവൻ. സൗഹൃദങ്ങളിൽ ഇന്ദ്രജാലക്കാരൻ. കവിളിലെ മറുകുപോലെ പ്രണയം തുറന്നിടുന്നവൻ. സ്നേഹം ധൂർത്തടിച്ചു പാപ്പരായവൻ.

ഇവർതമ്മിൽ ഇഷ്ടത്തിലായിരുന്ന കാര്യം പക്ഷേ അന്ന് അറിഞ്ഞിരുന്നില്ല. നളിനിയുടെ പ്രകൃതത്തിന് പ്രണയം ഒരു സാദ്ധ്യതപോലുമായിരുന്നില്ലല്ലോ. സുഹൃത്തുക്കൾക്കും അധ്യാപകർക്കും അവൾ പിടികിട്ടാപ്പുള്ളിയായിരുന്നു. പ്രണയത്തിൽപ്പെട്ടവരുടെ സ്ഥിരം "ദാർശനികപാലംവലി" അവളുടെ കാര്യത്തിൽ കണ്ടിട്ടേയില്ല. എല്ലാവരോടും അവൾ പാലിച്ചിരുന്ന അടുപ്പം, അണുവിട തെറ്റാത്ത തന്നിലേക്കുള്ള അകലംകൂടിയായിരുന്നു. അതുഭേദിച്ച് 'കാതലി'ലേക്ക് ആരെയും അവൾ പ്രവേശിപ്പിച്ചിരുന്നില്ല. എല്ലാവരുടെയും എല്ലാ കാര്യത്തിലും ഇടപെടുകയും എന്നാൽ സ്വന്തം കാര്യത്തിൽ ആരെയും അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന 'നളിനീമാജിക്'!

"സാർ, ഊണ് കഴിക്കാം."

സംഘാടക അക്ഷമയായി.

"പോകാം." ഞാൻ നളിനിയെ നോക്കി. "കഴിക്കാൻ വരുന്നില്ലേ?"

മൂളിക്കൊണ്ട് അവരും കൂടെനടന്നു.

ബ്രണ്ണൻനട്ടുച്ച!

"ഇവിടെ നടക്കുന്ന എല്ലാ പരിപാടികൾക്കും ഞാനെത്താറുണ്ട്. ഡിസംബറിലാണ് ആദിത്യൻ അനുസ്മരണവും യുവപ്രതിഭാപുരസ്കാരവും. കഴിഞ്ഞതവണ ജയമോഹനാണ് സ്മാരകപ്രഭാഷണം നടത്തിയത്. അറിഞ്ഞിരുന്നോ?"

"അറിയാറുണ്ട്. ഓരോ തിരക്കിൽപ്പെട്ട് എത്തിപ്പെടാൻ പറ്റാറില്ല."

ആദിയെക്കുറിച്ച് പറയുമ്പോൾ അവരുടെ കണ്ണുകൾ കത്തുന്നത് അമ്പരപ്പോടെ ഞാൻ നോക്കി.

"അവൻ നടന്ന വഴികളും വരച്ച ചുമർച്ചിത്രങ്ങളും പാടിയ പാട്ടുകളും ഇപ്പൊഴും ഇവിടെയുണ്ടല്ലോ."

താഴേക്കുള്ള പടികളിറങ്ങുമ്പോൾ എസ്.എഫ്.ഐ.യുടെ പ്രതിഷേധപ്രകടനം എതിരേ കയറിവന്നു. മുദ്രാവാക്യങ്ങളുടെ മുഴക്കങ്ങൾക്കിടയ്ക്ക് വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച ആദിയെപ്പോലുള്ള ഒരു പയ്യൻ ശരീരം വില്ലുപോലെ വളച്ച്, മുഷ്ടിചുരുട്ടി നെറ്റിയിൽ ഇടിച്ചുകൊണ്ട് തൊണ്ടപൊട്ടിക്കുന്നുണ്ടായിരുന്നു. മുഖത്തെ പേശികൾ മുഴുവൻ വലിഞ്ഞുമുറുക്കി, ഗുഹയിൽനിന്നെന്നപോലെ അവന്റെ ഒച്ച മുഴങ്ങി. അതുകാൺകെ നളിനി ഷാളുകൊണ്ട് മുഖംപൊത്തി കരയാൻ തുടങ്ങി.

"ഛെ.. ഇതെന്താ നളിനീ, കുട്ടികൾ കാണില്ലേ?"

"അടക്കാൻ പറ്റണില്ല മാഷേ... ഇതിപ്പൊ എട്ടാമത്തെ വർഷമായി. എന്നിട്ടും..."

ഞാൻ ശരിക്കും അമ്പരന്നു. എട്ടുവർഷമായി ഇവരിങ്ങനെ ആദിത്യന്റെ ഓർമ്മയിൽ കരഞ്ഞും നരകിച്ചും കഴിഞ്ഞുകൂടുകയാണോ? ശരീരമാണെങ്കിൽ വാടിയുണങ്ങിയ കുരുത്തോലപോലെയിരിക്കുന്നു. ക്ലാസ്സിൽ ഇവർ എങ്ങനെ കുട്ടികളെ നേരിടും? പകലുകൾ? രാത്രികൾ? രണ്ടുംകെട്ട സന്ധ്യകൾ? എട്ടുവർഷം ചില്ലറക്കാലമല്ല! അതും ഒരു സ്ത്രീയുടെ ജീവിതത്തിൽ. എനിക്കവരുടെ സ്വകാര്യജീവിതത്തെക്കുറിച്ച് ചോദിച്ചറിയാൻ ഭയം തോന്നി. മേൽക്കുമേൽ ഒതുക്കിക്കൂട്ടിവച്ചതൊക്കെക്കൂടി തലവഴി താഴെവീണ് ചിതറുമോ എന്ന ഭയം.

ഞങ്ങൾ ഭക്ഷണം കഴിക്കാനുള്ള ഹാളിലെത്തി. പരിചയക്കാരെ തൽക്കാലച്ചിരികൊണ്ട് വകഞ്ഞുമാറ്റി ഞങ്ങൾ കൈകഴുകി മേശക്കരികിലെത്തി. നളിനി തൊട്ടരികെത്തന്നെ സ്ഥലം പിടിച്ചു. കരഞ്ഞുകലങ്ങിയ കണ്ണും പിഴിഞ്ഞുചുവന്ന മൂക്കും ആളുകളിൽനിന്നു മറയ്ക്കാൻ അവർ പാടുപെടുന്നുണ്ടായിരുന്നു. ഞാൻ ശരിക്കും വിഷമത്തിലായി. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും തൊട്ടരികിൽ ദുർഘടസങ്കടത്തിൽപ്പെട്ട ഒരാളിരിക്കുമ്പോൾ എങ്ങനെ ഭക്ഷണം ആസ്വദിക്കാനാണ്!

ഞാൻ ചോറിൽ കറിയൊഴിച്ചുകുഴച്ച് ഉരുളയാക്കി.

"തലവേദനയിലായിരുന്നു തുടക്കം. ആദ്യമൊന്നും അവൻ കാര്യമാക്കിയില്ല. ഒരുദിവസം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ രണ്ടുമൂക്കിൽനിന്നും ചോര ധാരധാരയായി ഒഴുകുന്നു!"

വായിലെത്താറായ ചോറുരുള വായുവിൽ തങ്ങി.

"വെളുത്ത ഷർട്ടും മുണ്ടും ആകെ ചോരക്കളമായി. കണ്ണുകൾ മറിഞ്ഞ്, നോക്കിനിൽക്കെ അവൻ കുഴഞ്ഞുവീണു."

ബലംപ്രയോഗിച്ച് ഞാൻ വായിലെത്തിച്ച ചോറിൽ ചോരയുടെ ചവർപ്പ്. വടക്കൻ അച്ചാറിന്റെ രുചികൊണ്ട് ഞാനത് മറികടക്കാൻ ശ്രമിച്ചു.

"ഐ.സി.യു.വിൽ പന്ത്രണ്ടുദിവസം കിടക്കേണ്ടിവന്നു. ബ്രെയിൻ ട്യൂമറായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞാൽ സംസാരശേഷിയോ ഓർമ്മശക്തിയോ എന്തെങ്കിലുമൊന്ന് നഷ്ടപ്പെടുമെന്ന് ഡോക്ടർമാർക്ക് ഉറപ്പായിരുന്നു."

കോളിഫ്ലവർകൊണ്ടുണ്ടാക്കിയ മസാലയിൽ തെരഞ്ഞുകൊണ്ടിരിക്കെ നന്നായി വെന്ത തലച്ചോറിൽ ഉരുളക്കിഴങ്ങിന്റെ കഷ്ണം ട്യൂമർപോലെ പറ്റിപ്പിടിച്ചതുകണ്ടു.

"സംസാരശേഷി തിരിച്ചുകിട്ടിയെങ്കിലും ഡോക്ടർമാർ പ്രതീക്ഷിച്ചതുപോലെ ഓർമ്മ പൂർണ്ണമായി നഷ്ടപ്പെട്ടു. അതായിരുന്നു അവന്റെ ആദ്യത്തെ മരണം."

ബലിയിടാനെന്ന പോലെ ഞാൻ പ്ലേറ്റിൽ ചോറുരുള ഉരുട്ടി. വെള്ളംമാത്രം വെറുതേ കുടിച്ചുകൊണ്ടിരുന്നു.

"അവൻ എന്നെ കാണുമ്പോൾ വല്ലാത്തൊരു ചിരി ചിരിക്കും മാഷേ. ചങ്കുപിളരും. നെറ്റിയിൽ പേരെഴുതി ഒട്ടിച്ച് ഞാൻ ആശുപത്രിയിൽ അവനോടൊപ്പം കൂടും. ഓരോ തവണയും പുതിയൊരാളെ പരിചയപ്പെടുംപോലെ അവനെന്റെ പേര് തപ്പിത്തപ്പി വായിക്കും. മലവും മൂത്രവുമൊക്കെ കിടന്ന കിടപ്പിൽത്തന്നെ. വൃത്തിയാക്കാനായി മുണ്ട് മാറ്റുമ്പോൾ ശരീരം മുഴുവൻ അമേധ്യത്തിൽ കുളിച്ചു കിടക്കുന്നതു കാണാം."

ഓങ്ങിവന്ന ഓക്കാനവുമായി ഞാൻ വാഷ് ബേസിനിലേക്കു നടന്നു. ഇലയിൽ കൈകുടഞ്ഞ് നളിനിയും എഴുന്നേറ്റു. അവൾ എന്റെ അവസ്ഥ തിരിച്ചറിയുന്നേയുണ്ടായിരുന്നില്ല. കൈ കഴുകി തുടയ്ക്കാനായി വിഷമിച്ചുനിന്നപ്പോൾ ബാഗിൽ നിന്ന് കർച്ചീഫെടുത്ത് നളിനി നീട്ടി. അതിൽ അവരുടെ കരച്ചിലിന്റെ മണം തങ്ങിനിന്നിരുന്നു. ഞാൻ വിഷയം മാറ്റാനായി ക്ലാസ്സിന്റെ കാര്യം ഓർമ്മിപ്പിച്ചു.

"ഉച്ചക്കുശേഷം ഇനി ആരാണ്?"

"വേണുമാഷാണ്. ഇവിടെ എല്ലാം തലതിരിഞ്ഞാണ്. ചോംസ്ക്കിക്കു ശേഷമുള്ള വിഷയം കഴിഞ്ഞാണ് ചോംസ്ക്കിയെക്കുറിച്ചുള്ള ക്ലാസ്സ്. വേണുസാറായതുകൊണ്ട് കുഴപ്പമില്ല. 'ക്ലാസ്സിക് ക്ലാസ്സാ'യിരിക്കും. ആദിയുടെ പ്രയോഗമാണ് കേട്ടോ. മാഷുടെ വലിയ ആരാധകനായിരുന്നല്ലോ അവൻ. മാഷുടെ പ്രബന്ധങ്ങളൊക്കെ തേടിപ്പിടിച്ച് സമാഹരിക്കാൻ അവൻ ഒരുപാട് ഉത്സാഹിച്ചിരുന്നു. 'ചിതറിപ്പോയ സിംഹനാദ'ത്തിന്റെ അച്ചടിക്കിടയിലാണ് അവൻ ഫറോക്ക് ഗീതാഞ്ജലി പ്രസ്സിൽ വച്ച് കുഴഞ്ഞുവീണത്. അപ്പോഴേക്കും കിഡ്നി തകരാറിലായിരുന്നു. ആഴ്ചതോറും ഡയാലിസിസ്. ആളാകെ മെലിഞ്ഞുമെലിഞ്ഞ് അസ്ഥികൂടം പോലെയായി. ഭക്ഷണം കഴിക്കാൻ വയ്യ. വെള്ളമാണെങ്കിൽ അളന്നുകുറിച്ചാണ് കുടിക്കാൻ കൊടുത്തിരുന്നത്. അവനെ നോക്കിക്കൊണ്ടിരുന്നാൽ, കുറേ നേരം നോക്കിയാൽ ഏതാണ്ട് അവനെപ്പോലെ തോന്നുന്നതായി ഊഹിക്കാം, അത്രയ്ക്കു രൂപം മാറിയിരുന്നു."

ഇനിയെന്തുചെയ്യുമെന്നറിയാതെ വിഷമിച്ചുനിൽക്കുന്ന എന്റെ അടുത്തേക്ക് ഭാഗ്യത്തിന് കുറച്ചുകുട്ടികൾ ചിരിച്ചുകൊണ്ടെത്തി.

"മാഷേ, ഒരു സെൽഫി.."

ലോകത്തിൽ ഏറ്റവും വെറുപ്പുള്ള ചില സംഗതികളായിരിക്കും ചില നിർണ്ണായകമുഹൂർത്തങ്ങളിൽ രക്ഷകരായെത്തുക എന്ന് അപ്പോൾ എനിക്കു ബോധ്യമായി.

"അതിനെന്താ.." ഞാൻ ഉദാരനായി. ഉള്ളിൽപ്പറഞ്ഞു, മക്കളേ നിങ്ങൾക്കു നൂറുപുണ്യം. ഞാനാരാണെന്നുപോലും ആ കുട്ടികൾക്കറിയില്ലായിരിക്കാം. ഇതൊക്കെ സെമിനാർ ചടങ്ങിന്റെ ഒരു അനുഷ്ഠാനമെന്നോണം അവർ ആചരിക്കുന്നുവെന്നു മാത്രം.

"മാഷേ ഒന്നു ചിരിക്ക്.." കൂട്ടത്തിൽ പഴയകാല നളിനിയെപ്പോലൊരുവൾ ചിലച്ചു. ഞാൻ ചിരിവരുത്താൻ ശ്രമിച്ചു. താങ്ക്സ് വലിച്ചുനിരക്കിക്കൊണ്ട് കുട്ടികൾ ഓടിമാഞ്ഞു.

നളിനി, കഥയുടെ ബാക്കിക്കായി എന്നെയും കാത്തുനിൽക്കുകയായിരുന്നു.

അവരെ മുറിപ്പെടുത്താതെ എങ്ങനെ ഈ ദുരന്തനാടകത്തിന്റെ തിരശ്ശീല താഴ്ത്തുമെന്ന് ഞാൻ ആലോചിച്ചു. പഠിക്കുന്ന കാലത്ത് ആദിത്യൻ എന്ന പ്രതിഭാസത്തെ ദൂരെനിന്ന് ആദരവോടെ നോക്കിക്കണ്ടിരുന്നു എന്നല്ലാതെ ഇവരുടെ വികാരം അതേപടി ഉൾക്കൊള്ളാൻ തക്ക ബന്ധമൊന്നും എനിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇത് നളിനിയുടെ കഥയായി മാത്രമാണ് എനിക്കു തൽക്കാലം വായിക്കാനാവുക. അതുമല്ല, കാലങ്ങളായി നാം വിട്ടുപോന്ന ഭൂതങ്ങളെ, അവ ഇങ്ങോട്ടാക്രമിക്കുമ്പോൾ സഹിക്കുക എന്നല്ലാതെ ആരും അങ്ങോട്ടു ചെന്ന് പുണരാറില്ലല്ലോ. എനിക്കു പ്രത്യേകിച്ചും. പഠിച്ച വിദ്യാലയങ്ങൾ.. അന്നത്തെ ബന്ധങ്ങൾ.. കുറേ കാലം ചെല്ലുമ്പോൾ മക്കളോടും ശിഷ്യരോടും വീമ്പുപറയാനുള്ള ചില കരുക്കൾ എന്നു മാത്രം. അതുപോലും അത്ര ആത്മാർത്ഥമായൊന്നുമല്ല ഞാൻ പകരുന്നതുതന്നെ.

ഏതായാലും നളിനി ഉച്ചക്കു ശേഷമുള്ള ക്ലാസ്സിലേക്കു പോകുമല്ലോ. ഞാൻ ഒറ്റയ്ക്കാവാൻ തീരുമാനിച്ചു.

"എപ്പൊഴാ തിരിച്ചുപോകുന്നത്?"

നളിനി ഉണർത്തി.

"വൈകുന്നേരത്തെ ചെന്നൈ മെയിലിന്."

"എങ്കിൽ ഞാൻ നല്ലൊരു സ്ഥലം കാണിച്ചുതരാം. കുറച്ചുനേരം കടൽക്കാറ്റേറ്റ് തണലത്തിരിക്കാം."

"അപ്പോൾ വേണുമാഷുടെ ക്ലാസ്സ്?"

"മാഷുടെ ക്ലാസ്സ് റെക്കോർഡുചെയ്യാൻ ഞാൻ ഏർപ്പാടുചെയ്തിട്ടുണ്ട്."

"അല്ല, നളിനിയെ ഇവിടെ അന്വേഷിക്കില്ലേ?"

"അതൊന്നും സാരമില്ലെന്നേ. നമ്മൾ കണ്ടിട്ട് എത്രകാലമായി! അല്ലെങ്കിലും ശില്പശാലയിൽ പങ്കെടുത്ത് പുണ്യം കിട്ടാനൊന്നുമല്ല ഞാനിങ്ങോട്ടു വന്നത്."

അവരിൽ പഴയ നളിനി തലപൊക്കുന്നതായി എനിക്കു തോന്നി. കൂട്ടുകാരോടൊപ്പം സെക്കന്റ് ഷോയ്ക്കു പോയി, രാത്രി ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ചാടുമ്പോൾ ഉരഞ്ഞുപൊട്ടിയ മുറിവുകൾ പിറ്റേന്ന് തുടയോളം സാരിപൊക്കി നിർല്ലജ്ജം കാണിച്ചുതന്നിരുന്ന നളിനി. പ്രിൻസിപ്പലിനോടുള്ള ദേഷ്യം തീർക്കാൻ വാതിൽക്കലുള്ള ബോർഡുമാറ്റി 'ടോയ്്ലെറ്റ്' എന്ന ബോർഡുതൂക്കിയ നളിനി. പരീക്ഷാഹാളിൽ മുന്നിലേക്കു കുനിഞ്ഞെഴുതുന്ന പെൺകുട്ടികളുടെ മാറിടങ്ങൾ മാത്രം നോക്കിനടക്കുന്ന അധ്യാപകന്റെ ഷർട്ടിനു പിന്നിൽ അയാളറിയാതെ 'രഹസ്യക്യാമറ' എന്ന ലേബൽ ക്ലിപ്പുചെയ്ത നളിനി. ദേശീയഗാനം കേൾക്കുമ്പോൾ മനഃപൂർവം നിന്നേടത്തുനിന്ന് ഇരിക്കുന്ന നളിനി. രാവിലെ ഭക്ഷണം കഴിക്കാതെവന്ന് ക്ലാസ്സിൽ തലകറങ്ങി വീഴുന്ന കുട്ടികളെ എഴുന്നേൽപ്പിച്ചു നിർത്തി, ചെകിട്ടത്തടിച്ച്, ഹംസാക്കാന്റെ ഹോട്ടലിൽ കൊണ്ടുചെന്ന് പത്തിരിയും മീൻകറിയും വാങ്ങിക്കഴിപ്പിച്ചിരുന്ന നളിനി.

പഠിക്കാത്ത നളിനി.

ഒറ്റയാത്തി!

പക്ഷേ അവരിപ്പോൾ ഒരു ചരിത്രാവശിഷ്ടംപോലെ കല്ലും കട്ടയുമായി തകർന്നടിഞ്ഞുകിടക്കുന്നതു കാണുമ്പോൾ സഹതാപമല്ല, ആശങ്കയാണ് തോന്നുന്നത്. ഇതിനെ സ്നേഹം എന്നു വിളിക്കാൻ എന്റെ സ്വാർത്ഥജീവിതദർശനം അനുവദിക്കുന്നില്ല. രണ്ടുദിവസം, ഏറിക്കവിഞ്ഞാൽ രണ്ടാഴ്ച, അതിൽക്കൂടുതൽ തന്റെ ഉറ്റവരുടെ വേർപാട് സ്ത്രീകൾ കൊണ്ടുനടക്കുന്നത് ഞാൻ കണ്ടിട്ടില്ല. അതിജീവനത്തിനായി പ്രകൃതി അസാമാന്യമായ വൈഭവം കുത്തിനിറച്ച സ്പീഷീസാണ് സ്ത്രീ. അതങ്ങനെത്തന്നെയാണ് വേണ്ടതും. വേർപാടിനെക്കുറിച്ച് ആരെങ്കിലും ഓർമ്മിപ്പിച്ചാൽ രാതീരുവോളം കരയാനൊക്കെ അവർക്കറിയാം. പക്ഷേ അടുത്ത നിമിഷം ഉറയൂരിയ പാമ്പിനെപ്പോലെ പുതുജന്മം ആസ്വദിക്കാനും അവർക്കറിയാം. പുരുഷന്മാരാണ് പിന്നെയും എന്തോ കളഞ്ഞുപോയ അണ്ണാനെപ്പോലെ ശിഷ്ടജീവിതം മുഴുവൻ 'വിഷണ്ഡ'രായി നടക്കുന്നതു കണ്ടിട്ടുള്ളത്, വിഡ്ഢികൾ!

ബ്രണ്ണനിറങ്ങി, റോഡിലെത്തി ഒരു മടക്കയോട്ടോയ്ക്ക് കൈകാണിച്ചുകയറി, യാത്രതുടങ്ങുമ്പോഴാണ് ഞാൻ അവരുടെ ഇടത്തേ കൈത്തണ്ട ശ്രദ്ധിക്കുന്നത്. പതിവുതെറ്റിച്ച് ഓട്ടോവിൽ ഞാനാണ് ആദ്യം കയറിയത്. എന്നെ അതിഥിയാക്കി യജമാനത്തിയാവാൻ കിട്ടിയ അവസരം നളിനി മുതലെടുക്കുകയായിരുന്നു. ഡ്രൈവർക്കുപിന്നിലെ കമ്പിയിൽ നീട്ടിയെത്തിച്ചു പിടിച്ച വെളുത്തുമെലിഞ്ഞ അവരുടെ കൈത്തണ്ടയിൽ നാലഞ്ചു കീറത്തുന്നലുകൾ! ബ്ലേഡുകൊണ്ട് അവിടെ ഒരു വരവരയ്ക്കാൻ എത്രവേദനിക്കുമെന്ന് നമുക്കറിയാം. ഇത്, കുട്ടികൾ ദേഷ്യംവന്ന് പേനകൊണ്ട് കുത്തിവരച്ചതുപോലെ ചന്നംപിന്നം കോറിയിരിക്കുന്നു.

"എന്തായിത്...?"

ഞാൻ സ്തംഭിച്ചുകൊണ്ടു ചോദിച്ചു.

"അന്ന് ആശുപത്രി ഐ.സി.യു.വിൽവച്ച് അവന്റെ കാര്യം കേട്ടപ്പോൾ വേറെ നിവൃത്തിയില്ലായിരുന്നു. വാർഡിലേക്ക് നഴ്സുകൊണ്ടുപോകുന്ന ട്രോളിയിൽനിന്ന് കിട്ടിയ കത്രികയായിരുന്നു. അതാണെങ്കിൽ മൂർച്ചയുമില്ല. അപ്പോൾത്തന്നെ തീയറ്ററിലേക്കു കൊണ്ടുപോയതുകൊണ്ട് മുറിവുകൾ ഉണക്കിവരട്ടിയെടുക്കാനായി. ഏറ്റവും സെൻസിറ്റീവായ പൊസിഷനായിട്ടും കാര്യമൊന്നുമില്ല. യമകിങ്കരന്മാരൊക്കെ കുടിച്ചു പൂസായി വല്ലടത്തും കിടക്കുകയായിരിക്കും. അവരെ അവിടെച്ചെന്ന് തട്ടിവിളിച്ചാൽപ്പോലും "ആര്...? എന്ത്...?" എന്നലറി തിരിഞ്ഞുകിടന്ന് കൂർക്കംവലി തുടരും."

"ഭ്രാന്തുപിടിച്ചോ നളിനീ... ഇതൊക്കെ ചെയ്തതുകൊണ്ട് ആദിയെ തിരിച്ചുകിട്ടുമോ? മാത്രവുമല്ല, അപകടമരണം പോലെ തീരെ ഉൾക്കൊള്ളാൻ പറ്റാത്ത പ്രശ്നമൊന്നുമല്ലല്ലോ. എത്രവർഷമാണ് അവൻ രോഗങ്ങൾകൊണ്ട് നരകിച്ചത്? ഒരു മനുഷ്യനു താങ്ങാൻ പറ്റുന്ന സഹനവും വേദനയുമായിരുന്നോ അവൻ സഹിച്ചുകൂട്ടിയത്?"

നളിനി ഓട്ടോയുടെ കുലുക്കങ്ങൾക്കിടയ്ക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. അതിന്റെ അർത്ഥം എനിക്കു ശരിക്കു മനസ്സിലായില്ല.

"എട്ടുവർഷമായി ഞാൻ..."

അതുമുഴുമിക്കുംമുമ്പ് ഓട്ടോ, റോഡുവിട്ടിറങ്ങി മിനി സ്റ്റേഡിയം വഴി വളവുതിരിച്ചുനിർത്തി. പെട്ടെന്ന് ഒരു മതിലിനപ്പുറം, പാറക്കല്ലുകൾക്കപ്പുറം, ഓർക്കാപ്പുറത്ത് തിളച്ചുമറിയുന്ന അറബിക്കടൽ! ഓട്ടോക്കാരന് വാടകകൊടുത്ത് കവാടത്തിനരികിലെ ബോർഡുവായിച്ചപ്പോഴാണ് നളിനിയുടെ "പൊയ്ക" ഇതാണെന്നു തിരിച്ചറിഞ്ഞത്. "1870കളിൽ തലശ്ശേരിയിൽ സേവനമനുഷ്ഠിച്ച ബ്രിട്ടീഷ് ന്യായാധിപൻ ഇ. എൻ. ഓവർബറിയുടെ സഫലമാകാത്ത സ്വപ്നപദ്ധതി!" വായിച്ചുതീർന്നപ്പോൾ അറിയാതെ എന്റെ വായിൽനിന്നുതിർന്നുവീണു, "പറ്റിയ സ്ഥലം!"

"വാ.. നമുക്കാ ടവറിന്റെ മുകളിലേക്കു കയറാം. അവിടുന്നുള്ള കാഴ്ചയാണ് രസം...!"

"നളിനീ ഇത് നട്ടുച്ചയാണ്. അവിടെ തണലും കാറ്റുമൊന്നും ഉണ്ടാവില്ല. നമുക്കീ മരച്ചോട്ടിലെങ്ങാനും കുറച്ചിരിക്കാം."

"വേണ്ട വേണ്ട... അവിടെ ഒരു രസമുണ്ട്. ഞാൻ കാണിച്ചുതരാം. അതുകഴിഞ്ഞ് താഴേക്കിറങ്ങാം. പ്ലീസ്...!"

നളിനി കെഞ്ചി.

ഏതു സ്വർഗ്ഗത്തിൽ ചെന്നാലും അവൾ അഴിക്കുവാൻ പോകുന്ന ഭാണ്ഡം എന്താണെന്നറിയാമായിരുന്നതിനാൽ എനിക്ക് ഉത്സാഹമൊന്നും തോന്നിയില്ല. പിണക്കാതെ കൂടെ ചെന്നു. ടവറിലേക്കുള്ള പടവുകൾ വെയിലിൽ ചുട്ടുപഴുത്തുകിടന്നു. പിരിയൻ ഗോവണിയുടെ ചുമരുകളിൽ തെയ്യവും കഥകളിയും മറ്റു കേരളീയ കലകളും വരച്ചും വിവരിച്ചും വച്ചിരിക്കുന്നു. തലശ്ശേരിയുടെ ആകർഷണങ്ങൾ. ഭാഷയുടെ മൊഞ്ച്. പടികയറും വഴിയിൽ ആലിംഗനബദ്ധരായി നിൽക്കുന്ന കമിതാക്കൾ. അലക്ഷ്യമായി അവരെ ശ്രദ്ധിച്ചപ്പോൾ അവർ രണ്ടുപേരും കരയുകയാണെന്നു വ്യക്തമായി. ഇറുകെ ഇറുകെ പുണർന്ന് ഏങ്ങിയേങ്ങിക്കരയുന്നു. ഞങ്ങൾ കടന്നുപോകുന്നതറിയാതെ അവർ അവരിൽത്തന്നെ അലിഞ്ഞുരുകുന്നതുപോലെ തോന്നി. രണ്ടുപേരുടേയും ജീവിതത്തിൽ മരണംവരെയുള്ള മുതൽക്കൂട്ടായിരിക്കുമല്ലോ ഈ ആലിംഗനം എന്നോർത്ത് ഞാനത്ഭുതപ്പെട്ടു. എപ്പോഴൊക്കെ സംഘർഷങ്ങളുണ്ടാകുമ്പോഴും ഈ പടവുകളിലെ വാരിപ്പുണരൽ അവരുടെ ഞരമ്പുകളിൽ തീർത്ഥാടനത്തിന്റെ തരിപ്പുപടർത്തും.

"പ്രണയം സഫലമാകുമ്പോഴല്ല, അതു പരാജയപ്പെടുമ്പോഴാണ് സ്ഥിരനിക്ഷേപമാകുന്നത് അല്ലേ നളിനീ..."

കമിതാക്കളുടെ കേൾവിക്കുമപ്പുറമെത്തി എന്നുറപ്പാക്കിയിട്ടാണ് ഞാനത്രയും പറഞ്ഞത്. അവ അനാവശ്യമായ ആശ്വാസവാക്കുകളായാണ് നളിനി സ്വീകരിച്ചത്.

"ആവോ..."

അടപ്പിട്ടതുപോലെ ഞാൻ കുറേനേരത്തേക്ക് ഒന്നും മിണ്ടിയില്ല.

'ഫോളി'യിലെ ഉച്ചക്കാറ്റ് ശരിക്കും അസഹ്യമായിരുന്നു.

"ആദിക്ക് എന്നെ തൊടാൻ പേടിയായിരുന്നു.

പ്രണയത്തിൽ തൊടലിന്റെ സാംഗത്യം എനിക്കും ശരിക്കുമറിയില്ലായിരുന്നു.

ഇതുപോലൊരു നട്ടുച്ചയ്ക്ക് ഇവിടെവച്ച് ആദ്യമായി ഞാനവനെ തൊട്ടു. ചുട്ടുപൊള്ളുന്ന വെയിലിലും അവനാകെ തണുത്തുമരവിച്ചിരുന്നു. അവന്റെ കൈകൾ... കഴുത്ത്... പഞ്ഞിക്കെട്ടുപോലുള്ള തലമുടി... പ്രാണൻകെട്ട കണ്ണുകൾ... അസുഖമൊക്കെ ബാധിക്കുന്നതിന് എത്രയോ മുമ്പാണത്. അനുസരണയുള്ള ഒരു മുയലിനെപ്പോലെ അവൻ നിന്നുതന്നു. നേരമേറെ ചെന്നിട്ടും അവൻ ഒരക്ഷരം മിണ്ടിയില്ല. ഞാൻ ഉള്ളിലോർത്തു, ഇതാണോ ആ മുഖാമുഖം..? ഓരോമനുഷ്യനും ഒരിക്കൽ നേരിടേണ്ട അന്തിമവിധി...?

അതോർത്തപ്പോൾ എനിക്ക് ഉള്ളിൽ വല്ലാത്തൊരു പേടിയും വേവലാതിയുമായി. പാറക്കെട്ടിൽ തലതല്ലിച്ചിതറുന്ന തിരകളിൽ ഞാനതേ ഒച്ച കേട്ടു."

ഞാനും ഉള്ളിലോർത്തു, ദൈവമേ! അതേ നട്ടുച്ച! അതേ പാറക്കെട്ടും തലതല്ലിച്ചിതറുന്ന തിരകളും! ഈ നാടകം അധികനേരം തുടരുന്നത് അപകടമാണെന്ന് ശരീരവും മനസ്സും പറഞ്ഞു. ടവറിനോടു ചേർന്നുനിൽക്കുന്ന ചില മരങ്ങളുടെ വളരെ ചെറിയ തണലൊഴിച്ചാൽ തീച്ചൂളയാണവിടം.

"നളിനീ... നമുക്ക്..."

ഞാൻ താഴേക്കു ചൂണ്ടി.

മനസ്സില്ലാമനസ്സോടെ അവർ പടവുകളിറങ്ങി. കാണിച്ചുതരാൻ എന്തോ രസമുണ്ടെന്ന് നേരത്തേ പറഞ്ഞിട്ട് ഇതാണോ എന്നു മനസ്സിലോർത്തു. രസം, പറയുന്നയാൾക്കു മാത്രമല്ല, കേൾക്കുന്നയാൾക്കും തോന്നണമല്ലോ.

പടവുകളിൽ നേരത്തേ കണ്ട കമിതാക്കൾ അപ്രത്യക്ഷരായിരുന്നു. രണ്ടു സ്വച്ഛജീവിതങ്ങളിലേക്കോ ഒറ്റ സ്വച്ഛമരണത്തിലേക്കോ അവർ സഞ്ചരിക്കുന്നുണ്ടാവണം.

അറിയാത്ത ഏതോ ജന്മങ്ങൾ എത്ര ശക്തമായാണ് നമ്മെ സ്വാധീനിക്കുന്നത് എന്ന് ആ മുഹൂർത്തത്തിൽ തോന്നിപ്പോയി. അവരുടെ ഓർമ്മയിൽ ഒരു തുമ്പപ്പൂവെങ്കിലും വച്ചുപോകണം.

അത്രനേരവും നിശ്ശബ്ദമായിരുന്ന അവരുടെ ഫോൺ ശബ്ദിച്ചുതുടങ്ങി. നളിനിയുടെ പ്രകൃതത്തിന് തീരെ ചേരാത്ത റിംഗ്ടോണാണല്ലോ അത്! ആ സംഗീതം ഞാൻ കേൾക്കുന്നതിൽ തെല്ലും ജാള്യമില്ലാതെ അത് കുറച്ചുനേരം കൂടി തുടരാനനുവദിച്ച് അതിന്റെ താളത്തിൽ പതുക്കെ തലയാട്ടി അവർ ഫോൺ തുറന്നു. അങ്ങേത്തലയ്ക്കൽ സ്നേഹപൂർണ്ണമായ തലോടലുകളാണെന്ന് മറുപടിയിലും മൂളലിലും കൈകാലനക്കങ്ങളിലും നിന്ന് എനിക്കുമനസ്സിലായി. ഒരു നിമിഷം ഞാൻ ആ സ്ത്രീത്വത്തെ ഒന്നു സംശയിക്കുകയോ അപഹസിക്കുകയോ ചെയ്തോ എന്നു സംശയം. സ്വാഭാവികം. നളിനിയെ അറിയുന്ന ഒരാൾക്കും സങ്കല്പിക്കാൻ പോലും പറ്റാത്ത തലത്തിലേക്കാണ് ആ സംഭാഷണം നീങ്ങുന്നത്. എട്ടുവർഷമായി ഒരുമരണാനന്തരപ്രണയത്തിൽ (അതോ പ്രണയാനന്തരമരണത്തിലോ) സ്വയം ഹോമിച്ചിരിക്കുന്ന ഒരാൾക്ക് ഇതു സാധ്യമോ?

സംഭാഷണത്തിനിടയ്ക്ക് അവർ എന്നെ നോക്കി ഒരു കണ്ണിറുക്കൽ കൂടി സമ്മാനിച്ചതോടെ എനിക്കെന്തോ അശ്ലീലം മണത്തു. കടലിന്റെ കണ്ണാടിത്തിളക്കം കണ്ണിൽക്കുത്തുന്നതായിരുന്നു. നളിനിക്കു കുറച്ചുമുന്നേ നടന്ന് തണലിലെ ഒരു സിമന്റുബഞ്ചിൽ ഞാനിരുന്നു. നിഷ്ക്രിയമായ ചില നാടകമുഹൂർത്തങ്ങളിൽ ആളുകൾക്കുതുണ മൊബൈൽഫോണാണെങ്കിലും, ഞാനും അതെടുത്ത് തുറന്ന് അങ്ങോട്ടുമിങ്ങോട്ടും നീക്കി എന്താണ് നോക്കേണ്ടതെന്ന നിശ്ചയമില്ലാതെ വിഡ്ഢിയായി. ഒരുകണക്കിന് ആദിയുടെ ഓർമ്മകളിൽനിന്നും ദുരിതവർണ്ണനകളിൽനിന്നും രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമായിരുന്നു. അതേസമയം ഇത്രനേരവും അലൗകികപ്രണയത്തിലായിരുന്ന നളിനിയുടെ ഇങ്ങനെയൊരു തിരിച്ചിൽ ഉൾക്കൊള്ളാനുള്ള മാനസികവലുപ്പവും ഇല്ലാതെപോയി. ഫോൺ കഴിഞ്ഞാൽ അതാരായിരിന്നെന്ന് അവർ പറയുമായിരിക്കും. ഞാൻ മനസ്സിനെ ഉച്ചക്കടലിലേക്കെറിഞ്ഞു. അത് പാറക്കെട്ടിൽ തകർന്ന് പലതായി നുറുങ്ങി.

ഫോൺ അവസാനിപ്പിച്ച് ആഹ്ലാദവതിയായി എന്റെ അടുത്ത് ബഞ്ചിൽ ചേർന്നിരുന്നുകൊണ്ട് നളിനി എന്നെ ഉറ്റുനോക്കി.

"ഒരുപാടു കാടുകയറി... അല്ലേ?"

ഞാൻ ചിരിവരുത്താൻ ശ്രമിച്ചു.

"അതെന്റെ പുന്നാരക്കെട്ടിയോനാ.. ജോജോ..

ആരാ... എന്താന്നു ചോദിക്ക് മാഷേ..."

"ആരാ... എന്താ...?"

"ഹൊ.. അതെന്തൊരു ഒണക്ക ചോദ്യാ... ഇങ്ങനെയാണോ ഒരു സ്ത്രീയുടെ സന്തുഷ്ടജീവിതത്തെ തൊട്ടറിയേണ്ടത്? 'ജോജോ - ചില കുറിപ്പുകൾ' എന്ന പേരിൽ ഒരു നോവൽതന്നെ എഴുതാം. അത്രയ്ക്കുണ്ട് പുള്ളിയെക്കുറിച്ചു പറയാൻ. ഞങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ, 'മിഴി'യും 'മൊഴി'യും. മക്കളുടെ എല്ലാ കാര്യവും നോക്കുന്നത് ജോജോയാണ്. അവർക്ക് മൂന്നുവയസ്സേ ആയുള്ളൂ. എന്നിട്ടും ഞാനിങ്ങനെ കോഴ്സെന്നും സെമിനാറെന്നും പറഞ്ഞു നടക്കുന്നത് ആ ഒരു ബലത്തിലാ. ഓഫീസ് വീട്ടിനടുത്താ. മൂന്നുനേരം വീട്ടിലെത്തും. ഏതുനേരവും കുഞ്ഞുങ്ങളുടെ കൂടെത്തന്നെ. ഞങ്ങളുടെ വീടിന് എന്താ പേരെന്നറിയാമോ, 'ആദിത്യഹൃദയം'. ജോജോ അറിഞ്ഞിട്ടതാ. ഞങ്ങളുടെ കിടപ്പുമുറിയിൽ ആദിയുടെ സാമാന്യം വലുപ്പമുള്ള ഒരു ഫോട്ടോ വച്ചിട്ടുണ്ട്. കിടന്നാൽ നേരെ കാണാൻ പാകത്തിൽ. ഞങ്ങൾ സംഗമിക്കുമ്പോൾ അവന്റെ കരുണാമയമായ നോട്ടം ഞങ്ങളിലേക്ക് നേരെ പകരുന്നുണ്ടാവും."

നളിനി എനിക്ക് ശ്വാസമെടുക്കാൻ അല്പം സാവകാശം തന്നു. ബാഗിൽനിന്ന് കുടിക്കാൻ ഇത്തിരി വെള്ളവും. ഇത്തവണ കണ്ണീർ മണം തീണ്ടാത്ത വെള്ളം. ചെന്നൈ മെയിലിന് ഇനി മുക്കാൽ മണിക്കൂർ മാത്രം. ഞങ്ങൾ ഫോളിവിട്ടിറങ്ങി. റോഡിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ഒരു കോലം എഴുന്നെള്ളിക്കുംപോലെയായിരുന്നു ഞാൻ. എപ്പോഴത്തെയും പോലെ, എവിടേക്കും പോയതുപോലെ വന്നയത്ര ദൂരം തിരിച്ചില്ലായിരുന്നു. അടുത്ത ഓട്ടോവിൽ കയറി റെയിൽവേ സ്റ്റേഷൻ പറഞ്ഞു. അത്ഭുതദുർഘടവിക്രമപരാക്രമങ്ങളോടെ ആ വണ്ടി ഏതൊക്കെയോ ഊടുവഴികളിലൂടെ ചെന്ന് റെയിൽവേസ്റ്റേഷനിലെത്തി. നളിനിയെ പലതവണ പറഞ്ഞൊഴിവാക്കാൻ ശ്രമിച്ചു.

അമർത്തിയുള്ള ഒരു മൂളൽ മാത്രം.

പ്ലാറ്റ്ഫോമിൽ അനൗൺസ്്മെന്റ്.

"വെള്ളം വാങ്ങണോ?"

ഉത്തരത്തിനു കാക്കാതെ അവർ പ്ലാറ്റുഫോമിന്റെ വക്കിൽനിന്നും ട്രാക്കിലേക്ക് പിടിച്ചിറങ്ങി, അപ്പുറമിപ്പുറം നോക്കി, മെറ്റലിൽ കാലുതെന്നിയും വീഴാതെ അപ്പുറത്തുകയറി 'റെയിൽനീർ' സംഘടിപ്പിച്ചുതിരിച്ചുവന്നു.

ഞങ്ങൾക്കുചുറ്റും തിരക്കു പതുക്കെ കുമിയുന്നുണ്ടായിരുന്നു. ഭദ്രമാണിപ്പോൾ തീവണ്ടിയാപ്പീസുകൾ. മറ്റുള്ളവരെ തീരെ ശ്രദ്ധിക്കാതെ, അവനവന്റെ എളിയലോകത്തിൽ ആമഗ്നരായിരിക്കന്ന ബംഗാളികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു സ്റ്റേഷനുകൾ. (ബംഗാളി ഒരു സർവ്വനാമമാണല്ലോ). അന്യന്റെ സ്വകാര്യതയിലേക്കുള്ള ഉറ്റുനോട്ടത്തിൽനിന്ന് അതുകൊണ്ട് നമുക്കിപ്പോൾ രക്ഷയുണ്ട്.

നളിനിയെ ഞാൻ കൺകോണുകൊണ്ട് വെറുതേ നോക്കി.

അവിടം ഇപ്പോൾ പ്രശാന്തമായിരിക്കുന്നു.

നേരിയ ഒരു ചിരിയുടെ ഓർമ്മ മുഖത്തു പറ്റിപ്പിടിച്ചിട്ടുണ്ട്. സ്ത്രീകളെ, അതും പരിചയമുള്ളവരെ ഇങ്ങനെ നോക്കുന്നത് ശരിയല്ലെന്നറിയാം. അതവർ തിരിച്ചറിഞ്ഞാൽ പിന്നെ പറയുകയുംവേണ്ട.

പ്ലാറ്റുഫോമിന്റെ അങ്ങേത്തലയ്ക്കൽ ട്രെയിനിന്റെ തലകാണാൻ തുടങ്ങി. വെയിൽ നാളങ്ങളിൽ അത് പാളത്തിനു മുകളിലൂടെ ഇളകിയൊഴുകി വലുതാവുന്നുണ്ടായിരുന്നു. ഞാൻ നളിനിയോട് യാത്രചോദിച്ചു.

ആൾക്കൂട്ടത്തിന് ഭ്രാന്തിളകിയ നിമിഷം.

തിരക്കുവകഞ്ഞ് പ്ലാറ്റുഫോമിന്റെ വക്കിലേക്ക് നളിനി എന്നെ വലിച്ചുകൊണ്ടുചെന്നു. എഞ്ചിന്റെ ശബ്ദം പതുക്കെ ഉയർന്നുവലുതായിവരുന്നു. ആൾത്തിരക്കിന്റെ തള്ളലിൽ ട്രാക്കിലേക്ക് തെന്നാതെ രക്ഷിക്കുംമട്ടിൽ അവർ എന്റെ ശരീരം ഇറുക്കിച്ചേർത്തുപിടിച്ചു. ദുർബ്ബലമായ ആ കൈകൾക്ക് ഇത്രവരിഞ്ഞുമുറുക്കാനാവുന്നല്ലോ എന്ന് എഞ്ചിൻശബ്ദത്തിന്റെ പെരുക്കത്തിൽ തിരിച്ചറിഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഞാൻ നിമിഷാർദ്ധം വിരണ്ടുനിന്നു; ഉരുക്കുചെകുത്താനും സ്നേഹക്കടലിനും മദ്ധ്യേ!

ഒച്ചകളുടെ ഉച്ചസ്ഥായിയിൽ, നിന്നിടം ത്രസിക്കുന്ന പ്രകമ്പനങ്ങളിൽ, നളിനി ഏന്തിയുയർന്ന് കൈകൾ കഴുത്തിലൂടെ വളച്ചുചേർത്ത് ഒരു സ്വകാര്യം പറയാനെന്നമട്ടിൽ മുഖമടുപ്പിച്ച്, എന്റെ കവിളിൽ ചുണ്ടുചേർത്തു. തണുപ്പും ഈർപ്പവും കണ്ണീരും തരിപ്പും ഒക്കെ ചേർന്ന ഒരുമ്മ.

...

...

ആ ഷോക്കിൽ ആകെ മരവിച്ചുപോയ എന്നെ ബംഗാളിത്തിരക്കിനിടയിലൂടെ വാതിൽക്കലെത്തിച്ച് അവർ അകത്തേക്കു തള്ളിക്കയറ്റി, പിന്നിലേക്കു മാറിനിന്ന് കൈവീശി. ഞാൻ മറുപടിക്കൈവീശാൻപോലും മറന്ന് തിരക്കിനിടയിൽ അവരെ തിരഞ്ഞു.

പ്ലാറ്റുഫോമിൽനിന്ന് നീണ്ട വിസിലടിയുയർന്നു. ട്രെയിൻ പതുക്കെ അനങ്ങിത്തുടങ്ങി.

കവിളിൽ അപ്പോഴും പറ്റിനിന്ന ആ ഈർപ്പം തുടച്ചുകളയാൻ എനിക്കു തോന്നിയില്ല.

Comments


@sreevalsan

bottom of page