top of page

നിബന്ധനകളില്‍നിന്ന് ബന്ധങ്ങളിലേക്ക്

  • Writer: Sreevalsan Thekkanath
    Sreevalsan Thekkanath
  • Jul 14
  • 11 min read

Updated: Jul 15


മലയാളവ്യാകരണം പുതുബോധങ്ങളുടെ വെളിച്ചത്തില്‍

ree

 

(പ്രബന്ധസംഗ്രഹം : ഭാഷയെക്കുറിച്ചുള്ള നിയമാധിഷ്ഠിതവും യാന്ത്രികവുമായ ഒരു മാതൃകയിൽ നിന്നു വ്യത്യസ്തമായി ബന്ധപരവും ചലനാത്മകവുമായ ഒരു ധാരണയിലേക്കുള്ള വ്യാകരണസിദ്ധാന്ത ത്തിലെ ആശയപരമായ ചുവടുമാറ്റം അന്വേഷിക്കാനുള്ള ഉദ്യമമാണിത്. ഡീപ് ഇക്കോളജിയുടെ ദാർശനിക ചട്ടക്കൂടിനെയും ധൈഷണിക ഭാഷാശാസ്ത്രത്തിന്റെ സൈദ്ധാന്തിക നവീകരണങ്ങളെയും ഉടലറിവി നേയും അടിസ്ഥാനമാക്കി, മലയാളവ്യാകരണത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം ഇത് നിർദ്ദേശിക്കുന്നു. നിബന്ധനകളുടെ കൂട്ടമായിട്ട ല്ല, മറിച്ച് മനുഷ്യന്റെ ധൈഷണികത, പ്രായോഗികത, (സാംസ്കാരിക) സാന്ദർഭികത എന്നിവയിൽ ഉൾച്ചേർന്ന, ജീവസുറ്റ, പാരസ്പര്യാധിഷ്ഠി തമായ സംവിധാനമെന്ന നിലയിൽ വ്യാകരണത്തെ സമീപിക്കുവാന്‍ ഇവിടെ ശ്രമിക്കുന്നു. ഔപചാരികമാതൃകകളുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിലൂടെ, മലയാളത്തിന്റെ പാരിസ്ഥിതികവും ധൈഷ ണികവുമായ ആഴങ്ങള്‍ വെളിവാക്കപ്പെടുന്നു. വാക്യഘടനാപരമായ അമൂർത്തീകരണത്തിനും കർക്കശമായ മാനദണ്ഡങ്ങൾക്കും മേലെ ഭാഷാപരമായ പാരസ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അർത്ഥവത്തായ ഇടപെടൽ സാധ്യമാകുമെന്നു ഇതിലൂടെ പ്രത്യാശിക്കുന്നു.

സൂത്രവാക്കുകള്‍ : ഗഹനപാരിസ്ഥിതികത, ധൈഷണികഭാഷാശാ സ്ത്രം, ഉടലറിവ്  / ശരീരീകൃതജ്ഞാനം, പ്രയോഗാധിഷ്ഠിതവ്യാകരണം, ബന്ധശൃംഖലാസിദ്ധാന്തം, ധൈഷണികവ്യാകരണം, നിര്‍മ്മിതിവ്യാകര ണം, പാരസ്പര്യവ്യാകരണം, ശരീരീകൃതമനസ്സ്, ഹരിതഭാഷാവിചാരം)

 

1.    ആമുഖം

ഭാഷാപ്രയോഗങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നു കരുതുന്ന നിയമങ്ങള്‍ കണ്ടെത്തി നിര്‍ദ്ദേശിക്കുക എന്നതാണ് പരമ്പരാഗതവ്യാകരണ ത്തിന്‍റെ രീതിപദ്ധതി. ജീവല്‍ഭാഷകളെ സംബന്ധിച്ച് ഭാഷയുടെ എല്ലാ തലങ്ങളിലും ഈ നിയമങ്ങള്‍ ബാധകമാകണമെന്നില്ല. എങ്കിലും അത്തരം വ്യതിയാനങ്ങളെ, അവ എന്തുകൊണ്ടു സംഭവിച്ചു എന്നന്വേഷിക്കാതെ അപവാദങ്ങളായി തരംതാഴ്ത്തുകയാണ് പൊതുവേ വ്യാകരണങ്ങളുടെ രീതി. ഭാഷാ-വ്യാകരണചരിത്രത്തിലുടനീളം – പാണിനിയുടെ കാലം മുതല്‍ ചോംസ്കിയുടെ ഘടനാവാദഘട്ടം വരെ – ഭാഷയെ ഒരു “നിയമാനുസാരി യായവ്യൂഹ”മെന്ന നിലയിലാണ് കൈകാര്യം ചെയ്തിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ ഭാഷാപ്രയോഗങ്ങളില്‍നിന്നും ഉരുത്തിരി യിച്ച വ്യതിരിക്തവും ആശയപരവുമായ സവിശേഷനിയമങ്ങളുടെ സാകല്യ മാണ് വ്യാകരണം (Chomsky 1965:3, Cardona 1976: 6).

ഭാഷാശാസ്ത്രതത്വങ്ങള്‍ പ്രാഥമികമായും ഒരു ആദര്‍ശ ശ്രോതാവ്/ വക്താവിനെ സംബന്ധിച്ചുമാത്രം ബാധകമായതാണ്. തന്‍റെ ഭാഷയെ ക്കുറിച്ച് ആധികാരികജ്ഞാനമുള്ള ഒരു ഏകഭാഷകസമൂഹത്തിലെ അംഗമായിരിക്കും അയാള്‍. യഥാര്‍ത്ഥ ഭാഷാപ്രയോഗത്തില്‍ തന്‍റെ ധാരണകള്‍ സ്ഥാപിക്കുന്നതില്‍ ഒരിക്കലും പിഴവുവരാത്ത, ഓര്‍മ്മക്കുറവോ താല്പര്യക്കുറവോ ധാരണാപിശകോ ഒന്നുമില്ലാത്ത സമ്പൂര്‍ണ്ണ സംശുദ്ധമായ ഒരു വിധിതീര്‍പ്പായിരിക്കും അത്. (ചോംസ്കി 1965:3)

ഇവിടെ ഭാഷാജ്ഞാനത്തെ സംബന്ധിച്ച ഒരു അമൂര്‍ത്തമാതൃക അവതരിപ്പി ക്കുകയായിരുന്നു ചോംസ്കി. ഭാഷയെ തികച്ചും ആശയപരമായ ഒരു ഏകകമായി ചിത്രീകരിക്കുകയാണ് ഇത്തരം വിലയിരുത്തലുകളിലൂടെ അദ്ദേഹം ചെയ്യുന്നത്. അതേസമയം, ആദിമവ്യാകരണമെന്നു കേള്‍വികേട്ട പാണിനീയത്തെക്കുറിച്ച് പില്‍ക്കാലത്തു നടന്നിട്ടുള്ള പഠനങ്ങളും സമാന മായ ഉള്‍ക്കാഴ്ച തന്നെയാണ് നല്‍കുന്നത്.

നിശിതവും നിര്‍വ്വചിതവുമായ വ്യവസ്ഥകള്‍ക്കനുസരിച്ച് വിന്യസിച്ചിരി ക്കുന്ന ഭാഷാഘടകങ്ങളെ സംബന്ധിച്ച ഔപചാരികനിയമവ്യൂഹ മായാണ് പാണിനി, സംസ്കൃതത്തെ വിവരിക്കുന്നത് (കാര്‍ഡോണ 1976: 6).

ആധുനികമായ രൂപവാദപദ്ധതികളുടെ അതേ മാതൃകതന്നെയാണ് അതി പ്രാചീനമായ പാണിനീയ സങ്കല്പവും പിന്‍പറ്റുന്നത് എന്നു കാണാം. അതിബൃ ഹത്തായ ഈ വ്യാകരണചരിത്രം മുഴുവന്‍ ഭാഷയെ നിയമങ്ങളുടെ സമാഹാ രം മാത്രമാക്കി ചിത്രീകരിക്കുകയും അതുവഴി വ്യാകരണരചന തികച്ചും ഏക പക്ഷീയമാക്കുകയും ചെയ്യുകയായിരുന്നു എന്നര്‍ത്ഥം.

2.    വ്യാകരണം ശാസനകളില്‍നിന്നും പാരസ്പര്യത്തിലേക്ക്

         ചരിത്രത്തിലുടനീളം വ്യാകരണത്തെ ശാസനയുടെയോ ആജ്ഞയുടെ യോ രൂപകമായാണ് മനസ്സിലാക്കിയിരുന്നത്. ഭാഷാനിര്‍മ്മിതിയ്ക്കു നിയാമക മായ ഒരുകൂട്ടം കണിശനിബന്ധനകളുടെ രൂപത്തില്‍. ക്ലാസിക്കല്‍ പാരമ്പര്യം മുതല്‍ക്കുതന്നെ ഭാഷയിലെ ശരിയായ രൂപങ്ങള്‍ കണ്ടെത്താനായി നാം വ്യാകരണങ്ങളെയാണ് ആശ്രയിക്കാറ്. അവ വ്യതിയാനങ്ങളെയും വ്യതിച ലനങ്ങളെയും ശക്തിയുക്തം നിരോധിക്കുകയും ചെയ്യുമായിരുന്നു. മാത്രവുമല്ല, ശരിയും ആധികാരികവുമായ രൂപങ്ങളുടെ ഒരു ശ്രേണിതന്നെ വ്യാകരണം സജ്ജമാക്കുമായിരുന്നു. സാംസ്കാരികവ്യത്യസ്തതകള്‍ക്കോ പ്രായോഗികഭേദങ്ങള്‍ക്കോ വിധേയമാകാത്ത ആധികാരികരൂപമാതൃക യായി അത് നിലകൊള്ളുന്നു. സമൂഹഘടനയിലെ ശ്രേണീബന്ധങ്ങളെ ആധികാരികമായി സമര്‍ത്ഥിക്കാനുള്ള ഉപാധിയായി ഭാഷയെ ഉപയോഗിച്ചി രുന്നു എന്നര്‍ത്ഥം. വ്യാകരണം എന്നത് നിയന്ത്രണത്തിന്‍റെയും നിലവാരപ്പെ ടുത്തലിന്‍റെയും ആദര്‍ശവല്‍ക്കരണത്തിന്‍റെയും കേന്ദ്രമായി അവതരിപ്പിക്ക പ്പെട്ടു.

2.1.        ഭാഷാഘടന പരസ്പരബന്ധമെന്ന നിലയില്‍

         ഇവയില്‍നിന്നു വിഭിന്നമായി സമീപകാല ഭാഷാപഠനങ്ങള്‍ വ്യാകരണ ത്തെക്കുറിച്ചുള്ള സമീപനങ്ങളില്‍ വിശാലമായ തുറസ്സുകള്‍ കൊണ്ടുവരുന്ന തായി കാണാം. നിയമസംഹിത എന്ന നിലയില്‍നിന്നു മാറി, വ്യാകരണത്തെ പ്രയോഗാധിഷ്ഠിതമായ ഒരു വീക്ഷണത്തിലൂടെ  അവതരിപ്പിക്കാനുള്ള ശ്രമം പ്രത്യക്ഷമായി. ജോണ്‍ എല്‍. ബൈബി (2006) എന്ന പണ്ഡിതന്റെ അഭിപ്രായത്തില്‍,

ഭാഷയുമായുള്ള ഒരു വ്യക്തിയുടെ ധൈഷണികസംഘാടനമാണ് വ്യാകരണം. (2006:711)

ഭാഷാവ്യാകരണങ്ങള്‍ നിര്‍മ്മിക്കേണ്ടത് അവയുടെ യഥാര്‍ത്ഥ പ്രായോഗിക സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് ഇവര്‍ വാദിക്കുന്നു. ഇതനുസരിച്ച് വ്യാകരണമെന്നത് ഭാഷാപ്രയോഗത്തിലെ ആവര്‍ത്തനങ്ങളെ യും ആവൃത്തികളെയും ജൈവികാനുഭവങ്ങളെയും ആശ്രയിച്ചു മാത്രമേ നിലനില്‍ക്കുകയുള്ളൂ. അതല്ലാതെ നാളിതുവരെ നമ്മള്‍ കരുതിപ്പോന്നിരുന്ന പ്രകാരം ഭാഷയ്ക്കുമുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയമസംഘാ തമല്ല. ഭാഷ ഒരു ധൈഷണികവ്യാപാരമാണെന്നു തിരിച്ചറിയുമ്പോള്‍ത്തന്നെ അതിന്‍റെ വ്യക്തിനിരപേക്ഷമായ നിലനില്‍പ്പ് അസാധുവാക്കപ്പെടുകയാണ ല്ലോ.

         ഘടനാവാദത്തിന്‍റെ ആചാര്യനായ ഫെര്‍ഡിനാന്‍റ് ഡി സൊസ്യൂര്‍ തന്നെ ഇക്കാര്യം നേരത്തേ നിര്‍വ്വചിച്ചിട്ടുണ്ട്. ഭാഷയെന്നത് പരസ്പരബന്ധിതമായ ഏകകങ്ങളുടെ ചലനാത്മകമായ ഒരു വ്യൂഹമാണെന്ന് അദ്ദേഹം സ്ഥാപിച്ചി രുന്നു. പരസ്പരബന്ധമെന്നതാണ് ഇവിടത്തെ പ്രധാന ഊന്നല്‍. പൂര്‍വ്വ നിര്‍ണ്ണീതമായ ഒരു ദൃഢവിന്യാസമല്ല, ജൈവികവും സ്വാഭാവികവുമായ പരസ്പരബന്ധത്തിലാണ് ഭാഷയുടെ നിലനില്‍പ്പ്. ഏകകാലികതയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോഴും അത് സംസ്കാരവുമായും പ്രദേശങ്ങളുമായും ഒക്കെ വേരൂന്നിക്കിടക്കുന്നു. നിയമങ്ങള്‍ അവയ്ക്കുമേല്‍ അടിച്ചേല്‍പ്പി ക്കാന്‍ ശ്രമിക്കുന്തോറും അത് കുതറിമാറിക്കൊണ്ടി രിക്കും.   

         സിഡ്നി മക്ഡൊണാള്‍ഡ് ലാംബിന്‍റെ (2004) ബന്ധശൃംഖലാസിദ്ധാ ന്തം (Relatonal Network Theory – RNT) ഇതുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. നിരവധിയായ കണ്ണികളുടെയും ചേരുവകളുടെയും ഒരു ശൃംഖലയായാണ് ഇദ്ദേഹം ഭാഷയെ മനസ്സിലാക്കുന്നത്. അത് ഒരിക്കലും നിയമങ്ങളുടെ ഒരു രേഖീയവിന്യാസമല്ല. സ്വനിമം, രൂപിമം, വാക്യം, അര്‍ത്ഥം, സന്ദര്‍ഭം എന്നിങ്ങനെയുള്ള നിരവധി കണ്ണികള്‍ ഈ ശൃംഖലയില്‍ ചേര്‍ന്നി ണങ്ങി നില്‍ക്കുന്നു. ഭാഷയിലെ അര്‍ത്ഥം ജനിക്കുന്നതുതന്നെ ഘടകങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തില്‍നിന്നാണല്ലോ. ഒറ്റയ്ക്കൊറ്റയ്ക്ക് ഒരു ഭാഷാഘടകത്തിനും അര്‍ത്ഥജനനശേഷിയില്ല. നിഘണ്ടുവില്‍ അവയ്ക്ക് തത്തുല്യമായ അര്‍ത്ഥം കൊടുത്തിട്ടുണ്ടാവുമെങ്കിലും ശബ്ദപ്രയോഗം സാര്‍ത്ഥകമാകുന്നത് മറ്റു ഘടകങ്ങളുമായുള്ള സമ്പര്‍ക്കത്തിലും സഹ വര്‍ത്തിത്വത്തിലുമാണ്. ഇതാണ് ബന്ധശൃംഖല. ഇതിനു തുടര്‍ച്ചയായാണ് ന്യൂറല്‍ നെറ്റ്‍വര്‍ക്ക് മാതൃകകള്‍ രംഗപ്രവേശം ചെയ്തത്. പാറ്റേണുകളും വിതരണങ്ങളുമാണ് അവിടെയും പ്രധാനം. ഘടകങ്ങള്‍ ഓരോതവണ ഉപയോഗിക്കുമ്പോഴും അവയിലേക്കുള്ള കണ്ണികളും വഴികളും കൂടുതല്‍ ദൃഢതരമായിത്തീരുന്നു. ആവര്‍ത്തിച്ചുള്ള പ്രയോഗത്തിലൂടെയാണ് അവ ഉറയ്ക്കുന്നത് എന്നര്‍ത്ഥം. വ്യാകരണപഠനത്തിലെ അഭിനവസിദ്ധാന്തങ്ങള്‍ - പ്രത്യേകിച്ചും ശരീരീകൃതജ്ഞാന(embodied cognition)വും പ്രയോഗാധി ഷ്ഠിതവ്യാകരണ(usage-based grammar)വും – ഊന്നുന്നത് ഈ മേഖലയിലാ ണ്.

         സ്വനപരവും രൂപപരവും അര്‍ത്ഥപരവുമായി ഭാഷയില്‍ നാനാതരം ശ്രേണികളുണ്ടെന്നും ഒരു ഭാഷാസംജ്ഞ ഇവയ്ക്കെല്ലാം കുറുകേ പ്രവര്‍ത്തിച്ചാണ് അവയുടെ അര്‍ത്ഥവും രൂപവുമൊക്കെ നേടുന്നതെന്നും ലാംബ് സമര്‍ത്ഥിക്കുന്നു. ഭാഷാരൂപങ്ങളുടെ ഇത്തരം സങ്കീര്‍ണ്ണശൃംഖലാ ബന്ധം കണ്ടെത്തുന്നതാണ് അദ്ദേഹത്തിന്‍റെ പഠനങ്ങളുടെ കാതല്‍. എന്നുവച്ചാല്‍, ഭാഷയിലെ നിയമങ്ങള്‍ ബാഹ്യമായി അടിച്ചേല്‍പ്പിക്കുന്നത ല്ലെന്നും അത് പ്രയോഗങ്ങളിലൂടെയും പാരസ്പര്യത്തിലൂടെയും സ്വാഭാവിക മായി രൂപീകരിക്കപ്പെടുന്നതാണെന്നും തിരിച്ചറിയപ്പെടുന്നു. ആ അര്‍ത്ഥ ത്തില്‍ വ്യാകരണം പാരസ്പര്യത്തിന്‍റെ വിന്യസനമാണെന്നു വരുന്നു. വാക്യഘടന ആന്തരികമായി ഉരുവംകൊള്ളുന്നതാണ്. പൂര്‍വ്വനിശ്ചിതമായ പാറ്റേണുകളുടെ നടപ്പിലാക്കലല്ല എന്നു സാരം. 

         ഈ സന്ദര്‍ഭത്തില്‍ പാരമ്പര്യവ്യാകരണവും നെറ്റ്‍വര്‍ക്ക് സിദ്ധാന്തവും തമ്മിലുള്ള വ്യത്യാസങ്ങള്‍ താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കും.

         പാരമ്പര്യവ്യാകരണം

ബന്ധശൃംഖലാസിദ്ധാന്തം

നിയമാധിഷ്ഠിതം

ശൃംഖലാസിദ്ധ ബന്ധങ്ങള്‍

സ്ഥായിയായ സംവര്‍ഗ്ഗങ്ങള്‍

ചലനാത്മകബന്ധങ്ങള്‍

രേഖീയവും ഘട്ടംഘട്ടമായുമുള്ള ബന്ധങ്ങള്‍

സമാന്തരവും ബഹുമാനങ്ങളുള്ളതുമായ ബന്ധങ്ങള്‍

ഔപചാരികമായ അമൂര്‍ത്തത

ശരീരീകൃതജ്ഞാനവും പ്രയോഗാധിഷ്ഠിത സ്മൃതിയും

         ഇത്രയും കൊണ്ടുതന്നെ വ്യാകരണമെന്നത് ഭാഷയ്ക്കകത്തെ പര സ്പരബന്ധങ്ങളുടെ ഭൂപടമാണെന്നു തീര്‍ച്ചയായല്ലോ. ഭാഷകളിലെ പദക്രമ ത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഈ വീക്ഷണമനുസരിച്ച് പരിഹരിക്കാവുന്ന താണ്. (മലയാളത്തിന്‍റെ അയഞ്ഞ പദക്രമത്തെക്കുറിച്ച് പറഞ്ഞുകേള്‍ക്കാ റുള്ള ആരോപണങ്ങള്‍ ഇവിടെ ഓര്‍ക്കാം).

2.2.        വ്യാകരണത്തിലെ ചലനാത്മകപാരസ്പര്യം

ഘടനാവാദവും പ്രജനകവ്യാകരണവുമടക്കം ഇരുപതാംനൂറ്റാണ്ടിന്‍റെ ഭാഷാ സിദ്ധാന്തങ്ങളെല്ലാം വ്യാകരണത്തെ സ്ഥിരവും സ്ഥായിയുമായ ഒരു ഘടന യായി കണ്ടവസ്തുത നാം മനസ്സിലാക്കിയല്ലോ. സവിശേഷമായ സന്ദര്‍ഭവുമാ യി യാതൊരു ബന്ധവുമില്ലാത്ത, കേവലസംവര്‍ഗ്ഗങ്ങളായി അവര്‍ ഭാഷാരൂപ ങ്ങളെ കണ്ടു. സാന്ദര്‍ഭികാര്‍ത്ഥത്തെ അല്പംപോലും പരിഗണിക്കാത്ത ഈ നിഗമനങ്ങള്‍ കാലഹരണപ്പെടുക സ്വാഭാവികം.

         സമീപദശകങ്ങളില്‍ അന്തര്‍വൈജ്ഞാനികപഠനങ്ങളുടെ വ്യാപന ത്തോടെ ഭാഷയുടെ കേവലമായ നിലനില്പ് ചോദ്യംചെയ്യപ്പെടുകയുണ്ടായി. പ്രത്യേകിച്ചും ധൈഷണികഭാഷാശാസ്ത്രത്തിന്‍റെയും മനോദാര്‍ശനികതത്വ ങ്ങളുടെയും പ്രതിഭാസവി‍ജ്ഞാനത്തിന്‍റെയും ഹരിതഭാഷാശാസ്ത്രത്തിന്‍റെ യും ന്യൂറോശാസ്ത്രത്തിന്‍റെയും ഒക്കെ മേഖലകളിലെ താത്വികാചാര്യന്മാര്‍ ഭാഷയെ സ്ഥിരവും ശാശ്വതവുമായ ഘടനയായല്ല, മറിച്ച് ചലനാത്മകവും പാരസ്പര്യബദ്ധവുമായ മണ്ഡലമായാണ് മനസ്സിലാക്കിയത്. ധൈഷണിക വ്യാകരണത്തിന്‍റെ(cognitive grammar) വക്താവായ റൊണാള്‍ഡ് ലാങ്ഗാ ക്കര്‍ (1987, 2008) വ്യാകരണത്തെ മനുഷ്യമസ്തിഷ്കത്തിലെ ധൈഷണിക വ്യാ‌പാരങ്ങളില്‍ സവിശേഷമായ ഒന്നായാണ് കണ്ടത്. ഭാഷാനിയമങ്ങളല്ല, ധൈഷണികബന്ധങ്ങളാണ് വ്യാകരണത്തെ നിര്‍ണ്ണയിക്കുക. നിര്‍മ്മിതിവ്യാ ക‌രണത്തിന്‍റെ(construction grammar) വക്താവായ അഡേയ്ല്‍ ഗോള്‍ഡ്ബര്‍ഗിനെ(1995) സംബന്ധിച്ചും പരമ്പരാഗതവ്യാകരണസങ്കല്പം ഉപേക്ഷിക്കപ്പെടേണ്ടതാണ്. ഭാഷാജ്ഞാനമെന്നത് നിര്‍മ്മിതിജ്ഞാനമാണെ ന്നാണ് അവരുടെ അഭിപ്രായം. രൂപവും അര്‍ത്ഥവും തമ്മിലുള്ള ജോഡിയി ലൂടെ ഭാഷയുടെ എല്ലാതരം സങ്കീര്‍ണ്ണതകളേയും അവ വെളിവാക്കുന്നു. വാ ക്കുകളും ശൈലികളും വാക്യഘടനകളുമൊക്കെയും ഒരു നൈരന്തര്യ ത്തിന്‍റെ ഭാഗമായി കാണണമെന്ന് അവര്‍ ശഠിക്കുന്നു. ചോംസ്കിയന്‍ സങ്കല്പനങ്ങള്‍ക്കെതിരായി ഗോള്‍ഡ്ബര്‍ഗ് പറയുന്നത് വാക്യങ്ങള്‍ക്ക് ഒരു ആധാരഘടന എന്നൊന്നില്ല എന്നാണ്. ആധാരഘടനയും ഉപരിഘടനയും ഭാഷയുടെ അമൂര്‍ത്തവല്‍ക്കരണത്തിനു തെളിവാണ്. ഭാഷ അനുക്രമം നിരന്തരം നിര്‍മ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

2.3.        ഭാഷാദര്‍ശനമണ്ഡലത്തില്‍

റെനെ ദെക്കാര്‍ത്തിന്‍റെ തത്വചിന്തയുടെ കേന്ദ്രത്തില്‍ പ്രധാനമായുള്ളത് ശരീരം / മനസ്സ് എന്ന ദ്വന്ദ്വമാണ്. മനസ്സ് അറിവിന്‍റെയും യുക്തിപരത യുടെയും ഇരിപ്പിടമാവുമ്പോള്‍ ശരീരം നിഷ്ക്രിയവും യാന്ത്രികവും ചിന്താ ബാഹ്യവുമായ ഒരു  സങ്കല്പനമായാണ് ചിത്രീകരിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പ്രതിഭാസവിജ്ഞാനീയ ദാര്‍ശനികനായ മെര്‍ലോ പോണ്ടി(Phenomenology of Perception 1945) ഈ വിഭജനത്തെ ശക്തി യുക്തം തിരസ്കരിക്കുന്നുണ്ട്. ബോധമെന്നത് ശരീരനിരപേക്ഷമല്ലെന്നും അത് ശരീരീകൃത(embodied)മാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. മനസ്സാല്‍ നിയന്ത്രിക്കപ്പെടുന്ന വെറും ഒരു വസ്തുവല്ല ശരീരം. ലോകജീവിതത്തിന്‍റെ ഉണ്മയുടെയും അര്‍ത്ഥത്തിന്‍റെയും ഇന്ദ്രിയജ്ഞാനത്തിന്‍റെയും ഇരിപ്പിടമാ ണത്.

2.3.1.  മെര്‍ലോ പോണ്ടിയുടെ ഐന്ദ്രിയമായ പ്രതിഭാസവിജ്ഞാനീയം

         മെര്‍ലോ പോണ്ടിയെ സംബന്ധിച്ച് ഇന്ദ്രിയജ്ഞാനമാണ് പ്രാഥമികം. നാം ആദ്യം ചിന്തിക്കുകയും പിന്നീട് അനുഭവിക്കുകയുമല്ല ചെയ്യുന്നത്. ലോകാനുഭവം സാധ്യമാകുന്നതുതന്നെ ശരീരത്തിലൂടെയാണ്. നമ്മുടെ അംഗചലനങ്ങളും നോട്ടവും നില്‍പ്പും നടപ്പുമെല്ലാം യാന്ത്രികവും അനൈച്ഛികവുമായി സംഭവിക്കുന്നതല്ല. അവയ്ക്ക് നിയതവും നിശ്ചിതവുമായ അര്‍ത്ഥവും ഉദ്ദേശവുമുണ്ട്. അതിലൂടെയാണ് നാം ലോകവുമായി വിനിമയംചെയ്യുന്നത്. അര്‍ത്ഥം, മനസ്സ് അതിന്‍റെ വ്യാപാരത്തിലൂടെ കല്പിച്ചു നല്‍കുന്നതല്ല, മറിച്ച് ശരീരം അനുഭവിക്കുന്നതും ഇടപെടുന്നതും ചലിക്കുന്നതുമായ പരിസരങ്ങളില്‍നിന്ന് ഉരുവം കൊള്ളുന്നതാണ്. ഭാഷയും ചിന്തയുമെല്ലാം അമൂര്‍ത്തപ്രതീകങ്ങളോ യുക്തിസംവര്‍ഗ്ഗങ്ങളോ ആണെന്ന മുന്‍ധാരണ തിരുത്തി, പകരം ബാഹ്യലോ കവുമായുള്ള ഇടപാടുകളിലൂടെ ശാരീരികമായി ഉരുത്തിരിയുന്നതാണെന്ന് ഇദ്ദേഹം തെളിയിച്ചു. അന്തര്‍വൈയക്തികത സംബന്ധിച്ചും ഇതേ ധാരണ അദ്ദേഹം ശക്തിപ്പെടുത്തുന്നുണ്ട്. മറ്റുള്ളവരുടെ ചിന്തകളെ നാം മാറിനിന്ന് അനുമാനിക്കുകയല്ല, അവരുടെ അംഗചലനങ്ങള്‍, സാന്നിധ്യം, പെരുമാറ്റം എന്നിവയില്‍നിന്നെല്ലാം സമാഹരിക്കപ്പെടുന്ന ശാരീരികബോധ്യമായി തിരിച്ച റിയുകയാണ്. അതുകൊണ്ടുതന്നെ എല്ലാതരം ആശയവിനിമയങ്ങളും ശരീരബദ്ധവും പരസ്പരാശ്രിതവും ആണെന്ന് മെര്‍ലോ പോണ്ടി സമര്‍ത്ഥി ക്കുന്നു.

2.3.2.  ശരീരീകൃതമനസ്സ്

കമ്പ്യൂട്ടറിന്റെ കണ്ടുപിടുത്തത്തോടെ അത് ധൈഷണികശാസ്ത്രത്തെ സ്വാധീനിച്ചതായി കാണാം. 1950കള്‍ മുതല്‍ക്കുള്ള ധൈഷണികശാസ്ത്ര ത്തില്‍ മനസ്സിനെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ കമ്പ്യൂട്ടര്‍ മാതൃകയിലുള്ളതാണ്. എന്നുവെച്ചാല്‍ കമ്പ്യൂട്ടറുകള്‍ കൃത്യമായ കമാന്‍റുകള്‍ക്കനുസരിച്ച് പ്രവര്‍ത്തി ക്കുകയും റിസല്‍ട്ട് നല്‍കുക യും ചെയ്യുന്നതുപോലെ ഔപചാരികനിയമ ങ്ങള്‍ക്കനുസരിച്ച് വ്യക്തിബാഹ്യമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥയാണ് മനസ്സ് എന്നര്‍ത്ഥം. പ്രതീകങ്ങളിലൂടെ കൃത്യമായി പ്രവര്‍ത്തിച്ച് നിയതമായി ലഭിക്കുന്ന ഉത്തരമാണ് മനസ്സിന്‍റെ ചിന്തകള്‍. അതിന് ചുറ്റുപാടുകളുമായോ ചിന്തിക്കുന്ന വ്യക്തിയുടെ ഇന്ദ്രിയപരതയുമായോ യാതൊരു ബന്ധവുമില്ല. മരം എന്നൊരു വാക്കുകേട്ടാല്‍ മനസ്സ് അതിന്‍റെ നിഘണ്ടുവില്‍ യുക്തി ഉപയോഗിച്ചു തിരഞ്ഞ് അര്‍ത്ഥവും ധര്‍മ്മവും കണ്ടെത്തി അതിനനുസരിച്ച് പ്രതികരിക്കുന്നു. ഇതായിരുന്നു നിലവിലുള്ള ധാരണ. വിമാനത്തിലെ ‘ബ്ലാക്ക് ബോക്സ്’ പോലെ സവിശേഷമായ ഒരു കേവലവസ്തുവാണ് മനസ്സ് എന്നവര്‍ സങ്കല്പിച്ചു. അതിന് യഥാര്‍ത്ഥ അനുഭവങ്ങളുമായി യാതൊരു ബന്ധവുമില്ല. അര്‍ത്ഥം മുന്നേ നില‍നില്‍ക്കുന്ന ഒരു സത്തയായി അവര്‍ കണ്ടു.

         എന്നാല്‍ ശരീരീകൃതമനസ്സ് എന്ന സങ്കല്പം അവതരിപ്പിച്ച തോംസണ്‍ വരേലയും ഇ. റോഷും(The Embodied Mind: Cognitive Science and Human Experience (1991)) ഈ വാദത്തെ ശക്തിയുക്തം എതിര്‍ക്കുന്നു. മനസ്സ് ഒരു കമ്പ്യൂട്ടറല്ല. അത് പൂര്‍ണ്ണമായും ശരീരബദ്ധമാണ്. ബാഹ്യലോകവുമായുള്ള നിരന്തര ഇടപെടലുകളിലൂടെയാണ് അത് ഉരുത്തിരിയുന്നത്. അമൂര്‍ത്തപ്രതീ കങ്ങളായി സംഭരിക്കപ്പെടുന്ന ഒന്നല്ല അര്‍ത്ഥം, മറിച്ച് അത് ഇന്ദ്രിയ ചലനാനു ഭവങ്ങളിലൂടെ പ്രജനിപ്പിക്കപ്പെടുന്നതാണ് എന്നവര്‍ വാദിച്ചു. മരം എന്ന വാക്കിന്‍റെ അര്‍ത്ഥം മനസ്സിലാക്കുന്നത്, അതിന്‍റെ ഇലയും തടിയും തൊട്ടും അതിനു ചുവട്ടില്‍ ഇരുന്നും അതുമായി ബന്ധപ്പെട്ട ഓര്‍മ്മകളെ ഉണര്‍ത്തിയു മൊക്കെയാണ്.

         ശരീരീകൃതമനസ്സ് എന്ന തത്വത്തിന്‍റെ പ്രധാനവാദം, ബോധം ഒരു ഇന്ദ്രിയചലന(sensorimotor)പ്രവര്‍ത്തനമാണെന്നാണ്. ശരീരബദ്ധമായ അനുഭവസാക്ഷ്യ മാണത്. അര്‍ത്ഥവും ജ്ഞാനവും നേരത്തേ സംഭരിക്ക പ്പെട്ടതും ആവശ്യമുള്ളപ്പോള്‍ പുറത്തെടുക്കാവുന്നതും ആയ ഒരു കേവലാശ യമല്ല, മറിച്ച് ശരീരാധിഷ്ഠിത മായ ഒരു ലോകാനുഭവത്തില്‍ ഉരുത്തിരിയുന്ന താണ് എന്നാണ് ഈ വാദത്തിന്‍റെ കാതല്‍. ലോകം, മുന്‍നിശ്ചിതവും വസ്തുനിഷ്ഠവുമായ ഒന്നല്ല, മറിച്ച് ജീവികള്‍ അവരുടെ പരിസ്ഥിതിയുമായി ഇടപെട്ടും ഇടപഴകിയും നിര്‍മ്മിച്ചെടുക്കുന്ന ഒന്നാണ്.

         വരേലയും റോഷും ആവിഷ്ക്കരിക്കുന്ന ശരീരീകൃതമനസ്സ് എന്ന സങ്കല്പത്തിന്‍റെ പ്രധാനസ്വാധീനം, മനസ്സാന്നിധ്യത്തെക്കുറിച്ചുള്ള (mindful-ness)  ബുദ്ധിസ്റ്റ് പരികല്പനകളാണ്. പ്രത്യേകിച്ചും നാഗാര്‍ജ്ജുനന്‍റെ മാധ്യമക ബുദ്ധിസവും വിപസ്സനധ്യാനപദ്ധതിയുമൊക്കെ ഈ തരത്തിലുള്ളതാണ്. ആത്മനിഷ്ഠം, വസ്തുനിഷ്ഠം എന്നോ നിരീക്ഷകന്‍, നിരീക്ഷിതം എന്നോ ഒക്കെയുള്ള ദ്വന്ദ്വങ്ങളെ ഇവര്‍ നിരാകരിക്കുന്നു. വസ്തുക്കളെയും സംഭവങ്ങ ളെയും വകതിരിച്ച്, പേരിട്ട്, സ്വരൂപിച്ചെടുക്കുന്നതിനും മുമ്പേ അതിനെ അനു ഭവിക്കുക എന്നൊരാശയമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. വര്‍ത്തമാനനിമി ഷത്തില്‍ ഉണര്‍ന്നിരുന്ന് അനുഭവിക്കുക എന്നതാണ് അവരുടെ അനുഭവ പ്രത്യക്ഷത. അത് ശരീരത്തിന്‍റെ ചോദനകളെയും പ്രതികരണങ്ങളെയും മുഖവിലയ്ക്കെടുക്കുന്നു.

         ബുദ്ധിസ്റ്റ് അദ്വയസങ്കല്പമനുസരിച്ച് ആത്മസത്തയും ബാഹ്യലോകവും തമ്മില്‍ കണിശമായ അതിര്‍വരമ്പുകളൊന്നുമില്ല. മനസ്സാന്നിദ്ധ്യക്രിയകള്‍ ഊന്നുന്നത് ബദ്ധശ്രദ്ധമായ സാന്നിധ്യമാണ്.

ആലോചിക്കുകയും അപഗ്രഥിക്കുകയുമല്ല, മനസ്സിന്‍റെ വ്യാഖ്യാന ങ്ങളോ വിശകലനങ്ങളോ വിധിതീര്‍പ്പുകളോ ഇല്ലാതെ അപ്പപ്പോള്‍ സംഭവിക്കുന്ന എല്ലാ അനുഭവങ്ങളെയും പൂര്‍ണ്ണമായി അനുഭവിക്കുക എന്നതു മാത്രം. (Varela & Rosch, 1991: 25)

ഈയര്‍ത്ഥത്തില്‍ ശരീരീകൃതജ്ഞാനം പൂര്‍ണ്ണമായും ലോകവുമായുള്ള ശരീരബദ്ധമായ ഇടപെടല്‍ തന്നെയാണെന്നു വരുന്നു. അര്‍ത്ഥം പരിസര ങ്ങളാല്‍ ഉരുത്തിരിയുന്നതാണെന്നും. ഭാഷ, കേവലചിഹ്നങ്ങളുടെ വേറിട്ട വ്യവസ്ഥയാണെന്ന പരമ്പരാഗതധാരണയെ തള്ളിമാറ്റി പ്രതിഭാസവിജ്ഞാ നീയത്തിന്‍റെയും ഗഹനപാരിസ്ഥിതികതയുടെയും ഉള്‍ക്കാഴ്ചകള്‍ സ്വാംശീ കരിച്ച് ഉപയോഗിക്കുകയാണിവിടെ.

2.4.        ഗഹനപാരിസ്ഥിതികതയും ഹരിതഭാഷാവിചാരങ്ങളും

മനുഷ്യകുലത്തില്‍നിന്നും വേറിട്ടതും അതിനു കീഴ്പ്പെട്ടതുമായ ഒരു പ്രകൃതി സങ്കല്പം മുന്നോട്ടുവച്ച ആധുനിക മനുഷ്യകേന്ദ്രിത ലോകവീക്ഷണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ആര്‍നേ നേയ്സ്(1989) എന്ന നോര്‍വീജിയന്‍ ദാര്‍ശനികന്‍ തന്‍റെ ഗഹനപാരിസ്ഥിതികത എന്ന ആശയം അവതരിപ്പിച്ചത്. യാഥാര്‍ത്ഥ്യമെന്നത് പാരസ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു സത്തയായാണ് നേയ്സ് മനസ്സിലാക്കുന്നത്. അതുപോലെ മനുഷ്യാസ്തിത്വം അതതു പരിസ്ഥിതിയുമായി ഗാഢബദ്ധവുമാണ്. നാമുപയോഗിക്കുന്ന വാക്കുകളാ ണ് നാം കാണുന്ന ലോകത്തെ നിര്‍മ്മിക്കുന്നത് എന്ന തത്വം അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ഭാഷ, യാഥാര്‍ത്ഥ്യത്തിന്‍റെ നിസ്സംഗമായ ഒരു കണ്ണാടിയല്ല, മറിച്ച് ലോകസൃഷ്ടിക്കുതകുന്ന ശക്തിയാണ്. നമ്മളെയും നമ്മുടെ ചുറ്റുപാടു കളേയും സംബന്ധിച്ച തിരിച്ചറിവിനെത്തന്നെ അത് സ്വാധീനിക്കുന്നു. (Naess 1989:67)

ആര്‍നേ നേയ്സ് ഒരു ഭാഷാശാസ്ത്രജ്ഞനായിരുന്നില്ലെങ്കിലും ഭാഷയുടെ മഹാദൂഷ്യങ്ങളെക്കുറിച്ച് അദ്ദേഹം താക്കീത് ചെയ്തിരുന്നു. വസ്തുനിഷ്ഠ തയും ഉപയോഗപരതയും മനുഷ്യന്‍റെ മേല്‍ക്കോയ്മയും ഭാഷയുടെ മുഖമുദ്ര യാണല്ലോ. ഇത്തരം ഭാഷയുടെ ഉപയോഗം തന്നെ പാരിസ്ഥിതികനാശത്തിന് ആക്കംകൂട്ടുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. ഭാഷ നിഷ്പക്ഷവും നിഷ്ക്രിയവുമായ ഒരു ഉപാധിയല്ല എന്നും അത് ലോകനിര്‍മ്മിതിക്കുള്ള ആത്യന്തികസത്തയാണെന്നും തിരിച്ചറിയേണ്ടതുണ്ട്. പാരിസ്ഥിതികമായ അന്യവല്‍ക്കരണത്തിന്‍റെ പ്രധാനഹേതു ഭാഷയുടെ ഉപയോഗം തന്നെയാണ്. പാരസ്പര്യത്തിലൂന്നിയ ഭാഷാസങ്കല്പം പ്രകൃതിയും സഹജീവികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം ഉപദേശിക്കുകയു ണ്ടായി.

         ഹരിതഭാഷാശാസ്ത്രത്തിന്‍റെ അഭിനവദാര്‍ശനികനായ അരന്‍ സ്റ്റിബ്ബെ (2021) ആകട്ടെ, മനുഷ്യേതരലോകവുമായുള്ള പാരസ്പര്യത്തിലൂന്നി ക്കൊണ്ട് ഭാഷയെ പുനര്‍നിര്‍വ്വചിക്കാന്‍ ശ്രമിക്കുകയാണ്. ഭാഷ യാഥാര്‍ത്ഥ്യ ത്തെ വിവരിക്കുകയല്ല, മറിച്ച് വ്യവഹാരങ്ങളിലൂടെ, ആഖ്യാനങ്ങളിലൂടെ വ്യാകരണഘടനകളിലൂടെ ഒക്കെ യാഥാര്‍ത്ഥ്യത്തെ സൃഷ്ടിച്ചെടുക്കുകയാ ണ് ചെയ്യുന്നത്.

ലോകത്തിന്‍റെ മാനസികമാതൃകകളെ ഉരുത്തിരിയിക്കുന്ന ശക്തിയാണ് ഭാഷ. ലോകവീക്ഷണങ്ങളെ അത് നീതീകരിക്കുന്നു. പരിസ്ഥിതിയെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ ഉള്ള നീക്കങ്ങളെ അത് പ്രചോദിപ്പി ക്കുന്നു. (Stibbe 2021: 10)

സ്റ്റിബ്ബെയെ സംബന്ധിച്ച് രണ്ടുതരം വ്യവഹാരങ്ങളുണ്ട്. സംഹാരാത്മകവും (destructive) ജീവദായകവും (life sustaining). വികസനമാണ് പുരോഗതി എന്ന തരത്തിലുള്ള രൂപകങ്ങളാണ് ആദ്യത്തേത്. വളര്‍ച്ചയില്‍ മാത്രം ഊന്നിക്കൊണ്ട് അതല്ലാത്ത എല്ലാതരം വിനിമയങ്ങളേയും വിഗണിക്കുന്ന സമീപനം. അത് പ്രകൃതിയെ അചേതനവസ്തുമാത്രമായി തരംതാഴ്ത്തുന്നു. അതേസമയം ജീവദായകമായ വ്യവഹാരം പ്രകൃതിയുമായി രക്തബന്ധം പുലര്‍ത്തുന്നതും പരസ്പരാശ്രിതത്വം ഉറപ്പിക്കുന്നതുമായ രൂപകങ്ങളുടെ സമാഹാരമാണ്.  

         മേല്പറഞ്ഞ രണ്ടു ചിന്തകരെ സംബന്ധിച്ചും ഭാഷ ലോകത്തിന്റെ കണ്ണാടിയല്ല, ലോകത്തെ വ്യാഖ്യാനിക്കുകയും യാഥാര്‍ത്ഥ്യത്തെ സചേതന മാക്കുകയും ചെയ്യുന്ന കണ്ണടയാണ്. സാമൂഹികവും പാരിസ്ഥിതികവുമായ ബന്ധങ്ങളെ സൃഷ്ടിക്കുന്നതില്‍ സജീവപങ്കുവഹിക്കുന്ന ഭാഷ പ്രകടനാ ത്മക(performative)മാണ്.  വ്യാകരണഘടനകളും രൂപകങ്ങളും വാക്യരീതി കളും വരെ ദാര്‍ശനികഗൗരവമുള്ളവയാണ്, കാരണം അവ ഒന്നുകില്‍ പാരി സ്ഥിതികമായ അവബോധമുണ്ടാക്കുന്നു, അല്ലെങ്കില്‍ പാരിസ്ഥിതികമായ അവഗണനയ്ക്കു ബലംകൊടുക്കുന്നു. രണ്ടായാലും ഭാഷയുടെ ഇടപെടല്‍ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.

         ഈ നിലപാടില്‍നിന്നുകൊണ്ട് നമുക്ക് വ്യാകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അഴിച്ചുപണിയേണ്ടതുണ്ട്. വരണ്ട ഔപചാരികവ്യൂഹമെന്ന ധാരണയില്‍നിന്നു മാറി പാരസ്പര്യത്തിലും പാരിസ്ഥിതികതയിലും ഊന്നിയ ലോക-ഭാഷാസമന്വയത്തെ തിരിച്ചറിയുക എന്നതാണ് ഇനിയത്തെ വ്യാകര ണദൗത്യം. ജീവല്‍ഭാഷകളെ സംബന്ധിച്ച് അത് തീര്‍ച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. കാരണം, അത് നിരന്തരം ചലനാത്മകവും സചേതനവുമായ വ്യവഹാരമായതിനാല്‍ വ്യാഖ്യാനങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ എളുപ്പത്തില്‍ വഴങ്ങുന്നതായിരിക്കില്ല. എങ്കിലും മനുഷ്യകേന്ദ്രീകരണ ത്തിന്‍റെ ബാധ നിര്‍വ്വീര്യമാക്കിക്കൊണ്ടുള്ള വ്യാകരണസമീപനം പുതിയ ഉള്‍ക്കാഴ്ചകളും വിവേകവും നമുക്കു നല്‍കുമെന്ന കാര്യത്തില്‍ സംശയ മില്ല. അത്തരമൊരു ചെറിയ ശ്രമമാണ് തുടര്‍ന്നു നടത്തുന്നത്.

2.5.        പാരസ്പര്യവ്യാകരണം മലയാളസന്ദര്‍ഭത്തില്‍

ഭാഷയേയും വ്യാകരണത്തെയും നിബന്ധനകളില്‍‌നിന്നു വിമുക്തമാക്കി ലോകവും മനുഷ്യരും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ പ്രത്യക്ഷണമായി മനസ്സിലാക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ദൗത്യം. വ്യാകരണചരിത്ര ത്തിലുടനീളം അത്തരം വിച്ഛേദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബി.സി. അഞ്ചാം നൂറ്റാണ്ടോളം പഴക്കമുള്ള പാണിനീയന്‍ പാരമ്പര്യത്തിലെ രൂപബദ്ധത, അടുത്തനൂറ്റാണ്ടിലെ ഗ്രീക്കോ-ലാറ്റിന്‍ പാരമ്പര്യത്തിലെ താര്‍ക്കികനിയമ ങ്ങള്‍കൊണ്ട് പകരംവെക്കപ്പെട്ടു. 9ാം നൂറ്റാണ്ടോടെ പേഗന്‍ വ്യാകരണ ങ്ങളില്‍നിന്നും ക്രിസ്തീയ അതിഭൗതികതയിലേക്കു മാറി. ഒരുപക്ഷേ ഭാഷയുടെ സാര്‍വ്വലൗകികത അവതരിപ്പിക്കപ്പെട്ടത് ഇക്കാലത്തായിരി ക്കണം. 18ാം നൂറ്റാണ്ടിലെ കംപാരറ്റീവ് ഫിലോളജി ഭാഷയുടെ ജൈവികത തിരിച്ചറിയപ്പെട്ട ദര്‍ശനമായിരുന്നു. ഭാഷാപരിണാമം, പൂര്‍വ്വഭാഷാ പുനഃസൃ ഷ്ടി, ഭാഷാകുടുംബസങ്കല്പം തുടങ്ങിയവയൊക്കെ അവതരിപ്പിക്കപ്പെട്ടത് ഇക്കാലത്താണ്. ചരിത്രാത്മകഭാഷാശാസ്ത്രത്തിന്‍റെ പിറവിയുടെ ഘട്ടമായി രുന്നു അത്. തുടര്‍ന്നുവന്ന നവവൈയാകരണന്മാരുടെ (neogrammarians) വിപ്ലവം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഭാഷാപഠനം ശാസ്ത്രീയമാക്കിത്തീര്‍ത്തു. ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ പ്രത്യക്ഷപ്പെട്ട ഘടനാവാദം ഭാഷയുടെ ഏകകാലികതയില്‍ ഊന്നുന്നതായി രുന്നു. നിരന്തരപരിണാമിയായ ഭാഷയെ ഏതെങ്കിലും ഒരു കാലത്തില്‍ നിശ്ചലമാക്കി നിര്‍ത്തിക്കൊണ്ടുമാത്രമേ അതിന്‍റെ ഘടന പരിശോധിക്കാന്‍ കഴിയൂ എന്ന സൊസ്യൂറിയന്‍ ഘടനാവാദ തത്വങ്ങള്‍ ഭാഷയേയും കടന്ന് മറ്റു ചിന്താമേഖലകളിലേക്കു വ്യാപിച്ച് വിപുലമായി.  

         1957മുതല്‍ പ്രജനകവ്യാകരണത്തിന്‍റെ ദശ ആരംഭിക്കുകയായി. ചോം സ്കിയന്‍ ഉള്‍ക്കാഴ്ചകളോടെ വിവരണാത്മകവും ചോദനാപ്രതികരണ വുമായി ചിത്രീകരിച്ചിരുന്ന ഭാഷാസങ്കല്പങ്ങളുടെ കടയ്ക്കല്‍ കത്തിവീണു. സാര്‍വ്വലൗകികവ്യാകരണം, ആന്തര-ബാഹ്യഘടന തുടങ്ങിയ പൊതുസങ്കല്പ നങ്ങള്‍ വ്യാകരണത്തിലും വാക്യവിചാരത്തിലും ശ്രദ്ധനേടി. മനോഭാഷാ ചിന്തകള്‍ക്കും ഇതൊരു പുതിയ ഉള്‍ക്കാഴ്ചയായിരുന്നു. 1980കളോടെ ലാങ്ഗാക്കറുടെയും ലക്കോഫിന്‍റെയും മറ്റും നേതൃത്വത്തില്‍ അവതരിപ്പിക്ക പ്പെട്ട ധൈഷണികവിചാരധാരകള്‍ വ്യാകരണത്തെ മനുഷ്യധൈഷണിക വ്യാപാരങ്ങളിലെ ഒരു ഉപാംശമായി മാത്രം കാണാന്‍ പ്രേരിപ്പിച്ചു. പ്രയോഗാ ധിഷ്ഠിത വ്യാകരണമെന്ന സങ്കല്പം അതില്‍ പ്രധാനമായിരുന്നു. 90കളോടെ പാരിസ്ഥിതികവും ശരീരീകൃതവുമായ സമീപനങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വ്യാകരണത്തിലെ അമൂര്‍ത്തനിയമങ്ങള്‍ ഇതോടെ പൂര്‍ണ്ണമായും നിരാകരി ക്കപ്പെട്ടു. ഈ ഘട്ടമാകുന്നതോടെ വ്യാകരണത്തെ ഉടലറിവുകളുടെ മേഖല യിലേക്കു പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

         മലയാളവ്യാകരണമണ്ഡലത്തില്‍ ഇത്തരം അന്വേഷണങ്ങള്‍ നടന്നിട്ടു ണ്ടോ എന്നും അഥവാ ഉണ്ടെങ്കില്‍ എത്രത്തോളം അത് നമ്മുടെ കേന്ദ്രാശയ ത്തോട് അടുത്തുവരുന്നു എന്നും പരിശോധിക്കുന്നത് ഉചിതമായിരിക്കും. വ്യാകരണചരിത്രമാരംഭിക്കുന്നത് ഒരുപക്ഷേ തമിഴ് വ്യാകരണങ്ങളുടെ പാരമ്പര്യത്തില്‍നിന്നാണെങ്കില്‍ തീര്‍ച്ചയായും തൊല്‍കാപ്പിയം (ഇളയപെരു മാള്‍ & പുലവര്‍ എസ്. ജി. സുബ്രഹ്മണ്യപിള്ള, 2021) സവിശേഷപരിഗണന അര്‍ഹി‌ക്കുന്നുണ്ടെന്നു കാണാം. വ്യാകരണത്തെ ഭൂഭാഗവൈവിധ്യവുമായും കാലാവസ്ഥയുമായും പരിതസ്ഥിതിയുമായും കണ്ണിചേര്‍ത്തു എന്നതാണ് തൊല്‍കാപ്പിയത്തിന്‍റെ സുപ്രധാന സംഭാവന. മനുഷ്യനും ഇതരജീവജാല ങ്ങളും ചരാചരപ്രകൃതിയും ഒക്കെത്തമ്മില്‍ ജൈവികമായി നിലനില്‍ക്കുന്ന പാരസ്പര്യത്തെ ഇത്രയ്ക്ക് ശക്തമായി തിരിച്ചറിഞ്ഞ ഭാഷാസമീപനം വേറെയില്ലെന്നു കാണാം. തിണസങ്കല്പം പില്‍ക്കാലത്ത് ദ്രാവിഡസൗന്ദര്യശാ സ്ത്രത്തിന്‍റെ മാതൃകയായി സ്വീകരിക്കപ്പെട്ടെങ്കിലും ഭാഷാപഠനത്തില്‍ അത്തരം സമീപനം നാം പരിഗണിക്കാറേയില്ല. പാരസ്പര്യവ്യാകരണത്തി ന്‍റെ യഥാര്‍ത്ഥ സ്രോതസ്സ് തൊല്‍കാപ്പിയമാണെന്നു സമ്മതിച്ചേ തീരൂ. പക്ഷേ എന്തുകൊണ്ടോ ആ ധാര മുറിഞ്ഞുപോകുന്ന കാഴ്ചയാണ് വ്യാകരണ ചരിത്രത്തില്‍ നാം കാണുന്നത്. തമിഴ് വ്യാകരണങ്ങള്‍ക്കു ശേഷം മിഷണറി വ്യാകരണങ്ങളും പിന്നീട് ആധുനികമായ ഉള്‍ക്കാഴ്ചകളോടെ പ്രത്യക്ഷപ്പെട്ട മറ്റു കൃതികളും രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭാഷയ്ക്കുമുകളില്‍നി ന്നുകൊണ്ട് അതിന്മേല്‍ ആരോപിക്കപ്പെടുന്ന നിയമങ്ങള്‍ മാത്രമാണ് ഇവരെല്ലാം തന്നെ വ്യാകരണരചനകളിലൂടെ കണ്ടെത്താന്‍ ശ്രമിച്ചത്.

2.4.1. മലയാളവ്യാകരണം ആധുനികദശയില്‍

കേരളപാണിനീയത്തിന്‍റെ ആധികാരികത ഇനിയും അസ്തമിച്ചിട്ടില്ലാത്ത ഒരു ഭാഷാപഠനമേഖലയില്‍ പാരസ്പര്യവ്യാകരണത്തിന്‍റെ നാമ്പുകള്‍ കണ്ടെ ത്തുക ദുഷ്കരമാണ്. കേരളപാണിനീയം ഇനിയത്തെ പഠനങ്ങളില്‍ തീര്‍ച്ച യായും ഒരു പാഠപുസ്തകമായിത്തന്നെ മുന്നില്‍വെക്കണം. നിയമങ്ങള്‍ കല്പിക്കാന്‍ ശ്രമിക്കുന്തോറും ഭാഷ അതില്‍ നിന്നു കുതറിമാറുന്ന പ്രവണത തികഞ്ഞ തന്മയത്വത്തോടെയും നര്‍മ്മബോധത്തോടെയും ഏ.ആര്‍. അവതരിപ്പിക്കുന്നത് നാം കാണാറുണ്ടല്ലോ. പലവിധ വ്യാകരണപദ്ധതി കളുടെ മിശ്രണവും പലസന്ദര്‍ഭങ്ങളിലും മുന്‍ പ്രസ്താവിച്ചതില്‍നിന്നു വിരുദ്ധമായി സംസാരിക്കേണ്ടിവരുന്നതും ജൈവികമായ ഒരു വ്യാകരണസമീ പനത്തിന്‍റെ ലക്ഷണമായി നമുക്കു കാണാം. അതേസമയം, പാണിനീയ പദ്ധതി പിന്‍പറ്റിക്കൊണ്ട് കേവലവ്യാകരണസംവര്‍ഗ്ഗ ങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത് മറ്റുള്ളവ നിസ്സാരീകരിക്കുന്ന പ്രവണത കേരളപാണിനീയത്തില്‍ പൊതുവേ കാണാറുണ്ട്. ഇത് പില്‍ക്കാലത്തെ വ്യാകരണ രചനകളെ ദോഷകരമായിട്ടാണ് സ്വാധീനിച്ചിട്ടുള്ളത്.

തദ്ദേശീയ പാതിരിയുടെ മിഷണറി വ്യാകരണമെന്ന നിലയില്‍ പേരുകേട്ട മലയാഴ്മയുടെ വ്യാകരണമാവട്ടെ, പ്രയോഗാധിഷ്ഠിതമായ ഒരു വ്യാകരണരചന യ്ക്കുള്ള നേരിയ ശ്രമമെങ്കിലും കാഴ്ചവെക്കുന്നതായി കാണാം. ഗുണ്ടര്‍ട്ടിന്‍റെ വ്യാകരണത്തിനും പ്രയോഗമേഖലയോടുള്ള താല്പര്യം സുവ്യക്തമാണ്. സി. എല്‍. ആന്‍റണിയുടെ വിമര്‍ശനങ്ങളോ ശേഷഗിരിപ്രഭു വിന്‍റെ വിശകലനങ്ങളോ അടിസ്ഥാനപരമായി ഒരു നിയമസംഹിത എന്നതില്‍നിന്നു പുറത്തുകടക്കാന്‍ വ്യാകരണത്തെ അനുവദിക്കുന്നില്ല. ഇവിടെയാണ് കൈരളീശബ്ദാനുശാസനത്തിന്‍റെ പ്രസക്തി.

2.4.2. കൈരളീശബ്ദാനുശാസനം

കൈരളീശബ്ദാനുശാസനം 1980ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങുന്നതെങ്കി ലും അതിന്‍റെ ഭാഷാ-വ്യാകരണദര്‍ശനം ഇന്നത്തെ കാലത്തിന് പല തലങ്ങളിലും യോജിച്ചതാണെന്നു കാണാം. ഏറ്റവും പ്രധാനം. അദ്ദേഹത്തിന്‍റെ വ്യാകരണദര്‍ശനം ഗ്രന്ഥത്തിന്‍റെ ഒന്നാമത്തെ വരികളി ല്‍ത്തന്നെ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്.

ആശയവിനിമയത്തിന്‍റെ മാധ്യമം എന്ന നിലയില്‍ സമൂഹത്തിന്‍റെ സമ്പത്താണ് ഭാഷ. അതുകൊണ്ടുതന്നെ പരസ്പരാവഗമ്യത ഏതുഭാ ഷയുടെയും മുഖ്യമായ ഗുണവിശേഷം ആയിരിക്കണമെന്നു വരുന്നു. സമൂഹത്തിന്‍റെ പൊതുവായ അംഗീകാരം നേടിയിട്ടുള്ളതും പദരചന, പദയോജന, വാക്യരചന എന്നീ ഘടകങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുള്ളതു മായ യുക്തിയാണ് പരസ്പരാവഗമ്യതയ്ക്ക് നിദാനം. ഭാഷയുടെ ബഹിരന്തസ്തലങ്ങളില്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ യുക്തിയില്ലെങ്കില്‍ ഭാഷയില്ല. ആകയാല്‍ ഭാഷയെ ഭാഷയാക്കി ത്തീര്‍ക്കുന്ന യുക്തിവ്യാപാരങ്ങളുടെ സമഷ്ടിയാണ് വ്യാകരണം എന്ന് സാമാന്യമായി പറയാം. (1980: 1)

ഇവിടെ ശ്രീ. സുകുമാരപ്പിള്ള പ്രത്യേകമായി ഊന്നുന്ന ഒരു പ്രയോഗം പരസ്പ രാവഗമ്യത എന്നതാണ്. പരസ്പരം മനസ്സിലാക്കലെന്നോ ആഴത്തില്‍ തിരി ച്ചറിയല്‍ എന്നോ ഒക്കെ അര്‍ത്ഥം പറയാവുന്ന ഒരു പ്രയോഗമാണത്. ചരിത്രാ ത്മകമോ വിവരണാത്മകമോ ആയ നിയമസംഹിതയായി വ്യാകരണത്തെ കണ്ടിരുന്ന കാലത്താണ് ഇദ്ദേഹം പദയോജനയുടെയും വാക്യരചനയുടെയും തലത്തിലെ പരസ്പരാവഗമ്യതയെക്കുറിച്ച്, ആന്തരികമായ ചേരുവകളെ ക്കുറിച്ച് ആലോചിക്കുന്നത്. അത്തരം ആന്തരികനിയമങ്ങളെ കണ്ടെത്തി അവതരിപ്പിക്കുക എന്നതാണ് വ്യാകരണത്തിന്‍റെ ധര്‍മ്മം എന്നു സമര്‍ത്ഥി ക്കുകയാണ്.

വ്യാകരണം ഒന്നേയുള്ളൂ എങ്കിലും ഒരു ഭാഷയ്ക്കുതന്നെ വ്യത്യസ്തവ്യാ കരണപദ്ധതികള്‍ ഉണ്ടാവാമെന്നു താല്പര്യം. പദ്ധതിഭേദമാകട്ടെ, വൈ യാകരണനിഷ്ഠവുമാകാം ദര്‍ശനനിഷ്ഠവുമാകാം. (1980: 1)

അതിവിപുലമായ ഒരു ആമുഖത്തിനു ശേഷം വര്‍ണ്ണവിചാരം, വര്‍ണ്ണവിത രണം, വര്‍ണ്ണവികാരം, സന്ധി, പ്രകൃതിയും പ്രത്യയവും എന്നീ വിഷയങ്ങളെ ക്കുറിച്ച് വിശദമായി ഇതില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ക്രിയയുടെയും നാമത്തി ന്‍റെയും വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തതിനു ശേഷം, പൊതുവേ വ്യാകരണ ങ്ങളില്‍ അവഗണിക്കപ്പെടാറുള്ള വാക്യവിചാരത്തിനായി വിശദമായ ഒരധ്യായമുണ്ട്. വാക്യപ്രയോഗധര്‍മ്മമനുസരിച്ച് വാക്യഭേദകമെന്നും വാക്യ കേന്ദ്രമെന്നും രണ്ടുഭാഗങ്ങള്‍ അദ്ദേഹം വിഭജിക്കുന്നു. വ്യാക്ഷേപകം, സംബോധന തുടങ്ങിയവയാണ് ഭേദകങ്ങളുടെ കൂട്ടത്തില്‍ വരുന്നത്. അനു പ്രയോഗങ്ങള്‍ വാക്യങ്ങളുടെ അര്‍ത്ഥതലത്തില്‍ നിര്‍വ്വഹിക്കുന്ന അത്ഭുത കരമായ മാറ്റങ്ങ ളെക്കുറിച്ച് അദ്ദേഹം ചര്‍ച്ചചെയ്യുന്നുണ്ട്. വാക്യരൂപാന്തര ണങ്ങളെ (transformations) സംബന്ധിച്ച പഠനത്തിലാണ് പാരസ്പര്യവ്യാ കരണത്തിന്‍റെ ലാഞ്ഛനകള്‍ പ്രത്യക്ഷപ്പെടുന്നത്. ഭാഷാചരിത്രം സംബന്ധി ച്ച ചര്‍ച്ചകള്‍, കൈരളിയുടെ ഗോത്രബന്ധം എന്ന അധ്യായത്തില്‍ സമഗ്രവും ആധികാരികവുമായി അവതരിപ്പിച്ചതിനുശേഷം ഒടുവില്‍ ഒരു അരപ്പേജ് ഉപസംഹാരത്തില്‍ മലയാളവ്യാകരണത്തിന്‍റെ രത്നച്ചുരുക്കം ഡോ. സുകുമാ രപ്പിള്ള അവതരിപ്പിക്കുന്നുണ്ട്.

ഒരു പോസ്റ്റ്കാര്‍ഡില്‍ എഴുതിവിടാന്‍ പാകത്തില്‍ ലഘുവായ വ്യാകര ണമുള്ള ഭാഷയ്ക്ക് തികഞ്ഞ വ്യാവഹാരികത്വവും ജനഹൃദയങ്ങളില്‍ സ്ഥാനവും ലഭിക്കുമെന്നാണ് ആധുനികഹിന്ദി യുടെ ഭാവിയെക്കുറിച്ചു ള്ള ചര്‍ച്ചയില്‍ ഡോ.സുനീതികുമാര്‍ ചാറ്റര്‍ജി അഭിപ്രായപ്പെട്ടിരിക്കു ന്നത്. മലയാളഭാഷയ്ക്ക് ഈ ഗുണവിശേഷം ഏറെക്കുറെ അവകാശ പ്പെടാമെന്നു തോന്നുന്നു. നാമങ്ങള്‍ക്ക് ആറുവിഭക്തികളും ഏതാനും വിഭക്ത്യാഭാസരൂപങ്ങളും ഗതികളും. ക്രിയകള്‍ക്ക് അഞ്ചു പ്രകാരങ്ങ ളും നിര്‍ദ്ദേശകപ്രകാരത്തിന് മൂന്നു കാലവും വിശേഷാര്‍ത്ഥപ്രകാശന ത്തിന് ഏതാനും അനുപ്രയോഗങ്ങളും; തീര്‍ന്നു മലയാളഭാഷയുടെ വ്യാകരണം. വാക്യരചന അത്യന്തം ലളിതമാണ്. പദക്രമം പോലും ഏറെക്കുറെ വിവക്ഷാധീനമാണെന്നു പറയാം. (1980 : 570)

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത അദ്ദേഹം ഭാഷയെ ഒരു നിയമപദ്ധതിയില്‍ ഒതുക്കാന്‍ ശ്രമിക്കുകയല്ല എന്നതാണ്. പാരസ്പര്യവ്യാകരണത്തിന്റെ പ്രധാനപ്രത്യേകത, കണിശമായ നിയമങ്ങളില്ല എന്നതുതന്നെയാണല്ലോ. വളരെക്കുറച്ച് സംവര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തി, അവയിലൂടെ ഭാഷയും ലോകവും തമ്മിലുള്ള പാരസ്പര്യം തിരിച്ചറിയാനും പുതുക്കിപ്പണിയാനും ശ്രമിക്കുക എന്നതുമാത്രം. നാലുദശകങ്ങള്‍ക്കപ്പുറത്ത് ഇത്തരമൊരു ചിന്ത മലയാളത്തില്‍ ഒരു സൂചനയായെങ്കിലും പരിചയപ്പെടുത്തിയ ഡോ. സുകുമാ രപ്പിള്ളയുടെ പ്രതിഭാശക്തി നാം തിരിച്ചറിയുകതന്നെ വേണം.

2.5. ഉപസംഹാരം

പാരസ്പര്യത്തിലും പ്രയോഗത്തിലും അധിഷ്ഠിതമായ പുതിയൊരു മലയാള വ്യാകരണം രചിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില മേഖല കളുണ്ട്. അവയില്‍ ഒന്ന് പദക്രമം തന്നെയാണ്. വാക്യത്തിലെ പദങ്ങളുടെ ക്രമത്തില്‍ മലയാളം തികഞ്ഞ അയവാണ് കാണിക്കുന്നതെന്ന് ഒരു കേള്‍വിയുണ്ട്. വാസ്തവത്തില്‍ അത്തരമൊരു ആരോപണം പുതിയ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്. പദങ്ങളുടെ ക്രമം വാക്യം സൃഷ്ടിക്കുന്ന സാകല്യാര്‍ത്ഥത്തിന് അനുഗുണമായ രീതിയിലാവണം. ആദ്യം കേള്‍ക്കുന്ന വാക്കു കള്‍ക്കായിരിക്കും പ്രാധാന്യം എന്നതുകൊണ്ട് പ്രത്യേകി ച്ചും. പിന്നിലേക്കു പോകുന്തോറും പദങ്ങള്‍ അപ്രധാനമാകുമെങ്കിലും വാക്യ സംരചനയില്‍ അവയ്ക്ക് നിര്‍ണ്ണായകസ്ഥാനമുണ്ട്. പലപ്പോഴും വാക്യത്തി ന്‍റെ അവസാനം പ്രത്യക്ഷപ്പെടുന്ന നിഷേധമോ ചോദ്യമോ ഒക്കെ വാക്യാര്‍ത്ഥ ബോധത്തെ പ്രതികൂലമായി ബാധിക്കാറുണ്ടല്ലോ.

അതുപോലെത്തന്നെ പൊരുത്തം എന്ന സംഗതിയും പുതിയ വീക്ഷണ മനുസരിച്ച് കുറേക്കൂടി സാംസ്കാരിക സൂചനകള്‍ വഹിക്കുന്നതാണ്. പുരുഷഭേദം ഉപേക്ഷിച്ചെങ്കിലും അതിനേക്കാള്‍ പ്രധാനമായ പല പൊരുത്ത ങ്ങളും നാം കണിശമായി പാലിക്കാറുണ്ട്. വിശേഷണ-വിശേഷ്യങ്ങള്‍തമ്മി ലും സമുച്ചയങ്ങളിലും സംബോധനാവാക്യങ്ങളിലും തുടങ്ങി ധാരാളം സന്ദര്‍ഭങ്ങളില്‍ മലയാളം പൊരുത്തം കാര്യമായിത്തന്നെ പിന്തുടരുന്നുണ്ട്. ഇതൊരു കണിശനിയമമെന്ന രീതിയിലല്ല, ചേരേണ്ടവയുടെ ചേര്‍ച്ച എന്ന നിലയ്ക്കുമാത്രമാണ്.

         ഇനിയൊരു മേഖല തീര്‍ച്ചയായും അനുപ്രയോഗങ്ങളുടേതാണ്. വാക്യ ത്തിന്‍റെ സൂക്ഷ്മാര്‍ത്ഥങ്ങളും വൈകാരികാവസ്ഥകളും കാലത്തിന്‍റെ സങ്കീര്‍ണ്ണതയും ഒക്കെ വിനിമയം ചെയ്യാനായി അനുപ്രയോഗങ്ങള്‍ നിയമവി രുദ്ധമായിപ്പോലും പ്രയോഗിക്കാറുണ്ടല്ലോ. പുതിയ സംവേദനങ്ങളില്‍ പ്രത്യേ കിച്ചും പരസ്യഭാഷയിലും കവിതയിലുമൊക്കെ അനുപ്രയോഗങ്ങളുടെ സ്വച്ഛ ന്ദപ്രയോഗങ്ങള്‍ കാണാറുണ്ട്. വ്യാക്ഷേപകങ്ങളും ഇതുപോലെത്തന്നെ സങ്കീര്‍ണ്ണമായ ഒരു പഠനമേഖലയാണ്. അവ വഹിക്കുന്ന വാക്യധര്‍മ്മകള്‍ പോലെത്തന്നെ പ്രധാനമാണ് വക്താവിന്‍റെ മനോഭാവം. ആശയവിനിമയ ത്തിനുതന്നെ താല്പര്യമില്ലാത്തവര്‍ വ്യാക്ഷേപകങ്ങളുപയോഗിച്ച് വിനിമയം സാധിക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ.

         വാക്യത്തെ മാത്രമല്ല, ഭാഷാപ്രയോഗത്തെത്തന്നെ നിര്‍ണ്ണായകമായി ബാധിക്കുന്ന ബന്ധസൂചകങ്ങളാണ് വിഭക്തികള്‍. മലയാളത്തില്‍ വിഭക്തി മേഖലയിലുള്ള ഒഴികഴിവുകള്‍ ഈ സംവര്‍ഗ്ഗത്തിന്‍റെ ജൈവികതയുടെ തെളി വാണ്. നിയമം കല്പിക്കാന്‍ ശ്രമിക്കുന്തോറും കുതറിമാറുന്ന ഇത്തരം സംവര്‍ഗ്ഗങ്ങളാണ് പാരസ്പര്യവ്യാകരണത്തിന്‍റെ യഥാര്‍ത്ഥ മുതല്‍ക്കൂട്ട്.

         മേല്‍പ്പറഞ്ഞ വ്യാകരണസംവര്‍ഗ്ഗങ്ങളെ സൂക്ഷിച്ചുനോക്കിയാല്‍ ഒരുകാര്യം വ്യക്തമാവും. ഇവയെല്ലാം തന്നെ പദത്തിന്‍റെ തലത്തില്‍നിന്നു യര്‍ന്ന് വാക്യതലത്തി ലേക്കെത്തുന്നവയാണ്. മാത്രവുമല്ല, അവ അവിടെനിന്നും ഉയര്‍ന്ന് അര്‍ത്ഥമണ്ഡല ത്തിലേക്കും പ്രയോഗസന്ദര്‍ഭങ്ങ ളിലേക്കും വളരുന്നുണ്ട്. ഇതാണ് പുതിയ വ്യാകരണത്തിന്‍റെ കാതല്‍. പ്രയോഗാധിഷ്ഠിതവും പാരസ്പര്യബദ്ധവുമായ വ്യാകരണചിന്തകള്‍ക്കാ യിരിക്കും ഭാവി. ധൈഷണികഭാഷാശാസ്ത്രവും ഗഹനപാ രിസ്ഥിതികതയും ഉടലറിവുകളും എല്ലാം ആണയിട്ടുറപ്പിക്കുന്ന ഒരു കാര്യം മനുഷ്യകേന്ദ്രിത മായ കേവലനിയമങ്ങളുടെ സംഭരണിയല്ല വ്യാകരണം എന്നതു തന്നെയാണ്. ഒരുപക്ഷേ പുതിയകാലത്തെ നിര്‍മ്മിതബുദ്ധിയുടെ വളര്‍ച്ചയും വ്യാപനവും കാര്യക്ഷമമാവണമെങ്കില്‍ ഭാഷയെ ഈ കോണിലൂടെ സമീപിച്ചേ മതിയാവൂ എന്നു തിരിച്ചറിയപ്പെടുന്ന ഘട്ടം അതിവിദൂരമല്ല. 

Reference

Bybee, J. (2006). From Usage to Grammar: The Mind's Response to Repetition.

Cardona, G. (1976). Panini: A Survey of Research. Motilal Banarsidass.

Chomsky, N. (1965). Aspects of the Theory of Syntax. MIT Press.

Goldberg, A. E. (1995). Constructions: A Construction Grammar Approach to Argument Structure. University of Chicago Press.

Lamb, Sydney M. (2004). “Language and the Brain.” In The Oxford Handbook of Cognitive Linguistics, ed. Geeraerts & Cuyckens.

Langacker, R. W. (1987). Foundations of Cognitive Grammar. Vol. 1: Theoretical Prerequisites. Stanford University Press, 1987.

Langacker, R. W. (2008). Cognitive Grammar: A Basic Introduction. Oxford University Press.

Merleau-Ponty, M. (1945)Phenomenology of Perception. Routledge

Naess, Arne (1989) Ecology, Community and Lifestyle: Outline of an Ecosophy. Cambridge University Press

Stibbe, Arran (2021) Ecolinguistics: Language, Ecology and the Stories We Live By. Routledge,

Varela, F. J., Thompson, E., & Rosch, E. (1991). The Embodied Mind: Cognitive Science and Human Experience. MIT Press.

ഇളയപെരുമാള്‍ & പുലവര്‍ എസ്. ജി. സുബ്രഹ്മണ്യപിള്ള(2021) തൊല്‍കാപ്പിയം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

മാത്തന്‍, ജോര്‍ജ്ജ്, (1863) 2000, മലയാഴ്മയുടെ വ്യാകരണം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

രാജരാജവര്‍മ്മ, എ. ആര്‍, (1896, 1917) 2021, കേരളപാണിനീയം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം

സുകുമാരപിള്ള, ഡോ. കെ., 1980, കൈരളീശബ്ദാനുശാസനം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

 

 

 

 


 

പദാവലി

ഗഹനപാരിസ്ഥിതികത                                    Deep Ecology

ധൈഷണികഭാഷാശാസ്ത്രം                           Cognitive Linguistics

ഉടലറിവ്/ശരീരീകൃതജ്ഞാനം                          Embodied Cognition

പ്രയോഗാധിഷ്ഠിതവ്യാകരണം                         usage based grammar

ബന്ധശൃംഖലാസിദ്ധാന്തം                                Relational Network Theory

ധൈഷണികവ്യാകരണം                                 Cognitive Grammar

നിര്‍മ്മിതിവ്യാകരണം                                       Construction Grammar

ശരീരീകൃതമനസ്സ്                                             embodied mind

ഐന്ദ്രിയമായ പ്രതിഭാസവിജ്ഞാനീയം          Phenomenology of Perception

മനസ്സാന്നിധ്യം                                                  mindfulness

പാരസ്പര്യവ്യാകരണം                                     relational grammar

 
 
 

1 Comment


Hareesh KP
Hareesh KP
Aug 11

ഭാഷയെയും വ്യാകരണത്തെയും ആധുനികദാർശനികസിദ്ധാന്തങ്ങളുടെ മാധ്യമത്തിലൂടെ കടത്തിവിട്ട് നിരീക്ഷണവിധേയമാക്കുന്നത് ശ്ലാഘ്യം തന്നെ...👍

Like

@sreevalsan

bottom of page