പോസ്റ്റ് ഹ്യൂമനിസവും ഭാഷയും
- Sreevalsan Thekkanath
- Jun 23
- 8 min read
Updated: Jun 26

1. എന്താണ് പോസ്റ്റ് ഹ്യൂമനിസം
വ്യക്തി – സമൂഹം തുടങ്ങിയ സംഘർഷങ്ങളുടെ ആയിരത്താണ്ടുകളുടെ ചരിത്രത്തിൽ നിന്നു വ്യത്യസ്തമായി മനുഷ്യൻ ഒരു ജീവിവർഗ്ഗമെന്ന നിലയിൽ തങ്ങളുടെ അസ്തിത്വത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് മഹാമാരിക്കാലത്താണ്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ തുടർച്ചയായ മാരകപ്രഹരങ്ങളും ലോകത്തെയാകെ രണ്ടു മൂന്നു വർഷത്തേക്ക് ശരിക്കും പിടിച്ചുകുലുക്കിയ കൊറോണാ മഹാമാരിയുമാണ് മനുഷ്യനെന്ന ജീവിയെ നിസ്സാരവും അപ്രസക്തവുമായ ഒരു തലത്തിലേക്ക് തകർത്തുകളഞ്ഞത്. പ്രബുദ്ധതാ കാലം മുതൽക്കുതന്നെ മഹാപ്രതാപശാലിയായിരുന്ന മനുഷ്യൻ, ഒരു ജീവിയെന്ന നിലയിൽപ്പോലും ഈ ഭൂമുഖത്ത് അനിവാര്യമല്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവ് നമ്മുടെ ചില അടിസ്ഥാനധാരണകളെത്തന്നെ ദുർബ്ബലമാക്കി. ദീപേഷ് ചക്രവർത്തി(2020)യെപ്പോലുള്ള ചിന്തകർ, മനുഷ്യചരിത്രത്തിൽ ഒരു നിസ്സാര വൈറസ് വരുത്തുന്ന മാറ്റങ്ങൾ സുപ്രധാനമായിരിക്കുമെന്നു താക്കീതു ചെയ്യുന്നുണ്ട്. ജോർജ്ജിയോ അഗംബന്റെ അഭിപ്രായത്തിൽ അധികാരപ്രയോഗങ്ങൾ പ്രജാരക്ഷണാർത്ഥമെന്ന മട്ടിൽ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. അതേസമയം, മഹാമാരി എങ്ങനെ നിയന്ത്രിക്കാനാവുമെന്ന ഭീതിയിൽ അകപ്പെട്ടുപോയ ലോകഭരണകൂടങ്ങളെ ഉദാഹരിച്ചുകൊണ്ട് അധികാരത്തിന്റെ കുഴമറിച്ചിലിനെക്കുറിച്ചാണ് സ്ലാവോയ് സിസെക്ക്(2020) ചൂണ്ടിക്കാണിക്കുന്നത്.
ഈ പരിതോവസ്ഥയെ നാലാം വ്യവസായവിപ്ലവത്തിന്റെ ലക്ഷണങ്ങളായാണ് റോസി ബ്രഡോട്ടി (Posthuman knowledge) തിരിച്ചറിയുന്നത്. നിർമ്മിതബുദ്ധി, റോബോട്ടിക്സ്, നാനോ ടെക്നോളജി, തുടങ്ങിയ അനന്തസാദ്ധ്യതകൾ മനുഷ്യനിലനിൽപ്പിനെ പുനർനിർവ്വചിക്കുന്നതായി അവർ വിലയിരുത്തുന്നു. ദർശനികപ്രതിസന്ധികൾ മനുഷ്യന്റെ ജീവിതപ്രതിസന്ധിയാവുന്ന അപൂർവ്വമുഹൂർത്തത്തിലാണ് നാമിന്നുള്ളത്. ഈ പരിതോവസ്ഥയിൽ “മനുഷ്യാനന്തരമാനവികത” എന്ന് പലരും പേരിട്ടുവിളിക്കുന്ന ദർശനസമീപനത്തെ അഭിസംബോധനചെയ്യാനും ഭാഷ എന്ന തികച്ചും മാനുഷികമായ ഒരു പ്രതിഭാസത്തിന് ഈ ഘട്ടത്തിൽ വന്നുചേരാവുന്ന വിപര്യയത്തെ അടുത്തറിയാനും നടത്തുന്ന ചെറിയൊരു ശ്രമമാണ് ഈ പഠനം.
2. പോസ്റ്റ് ഹ്യൂമനിസത്തിന്റെ പശ്ചാത്തലം
ഗൗരവതരമായ മനുഷ്യദർശനത്തിന്റെ പ്രാരംഭബിന്ദുവായാണ് മാനവികതയെ പാശ്ചാത്യചിന്തകർ പൊതുവേ കാണുന്നത്. “ചിന്തിക്കുന്നതുകൊണ്ടു മാത്രം നിലനില്‍ക്കുന്ന” കാര്‍ട്ടീഷ്യന്‍ വിഷയിയെ സംബന്ധിച്ചിടത്തോളം അതിനുമുമ്പുള്ള ചരിത്രഘട്ടം അപ്രസക്തമോ അവ്യക്തമോ ആണ്. സ്വയം നിർണ്ണീതകർതൃത്വവും സ്വാധികാരവുമുള്ള ഒരു പുതിയ വിഷയി ചിന്തയുടെ കേന്ദ്രത്തിലേക്കു കടന്നുവരുന്ന ഘട്ടമായിരുന്നു പിന്നീടുകണ്ട പ്രബുദ്ധതയുടെ കാലം. സ്വാതന്ത്ര്യം, യുക്തിചിന്ത, അവകാശബോധം, ധാർമ്മികത തുടങ്ങിയ മൂല്യങ്ങളിൽ ഊന്നിയ പ്രബുദ്ധതയുടെ സഹചാരിയായി അധിനിവേശം കടന്നുവന്നതോടെ മനുഷ്യരെ മെച്ചപ്പെട്ടവരും മോശപ്പെട്ടവരുമെന്ന രണ്ടുതട്ടിൽ കാണാൻ തുടങ്ങി. നിരന്തരം രക്തരൂഷിതമായ യുദ്ധങ്ങളിലൂടെയും വെട്ടിപ്പിടിക്കലുകളിലൂടെയും “മനുഷ്യാന്തസ്സി”ന്റെ മുഖംമൂടികൾ വെളിപ്പെട്ടുതുടങ്ങി.
മിഷേൽ ഫൂക്കോയുടെ കൃതികളിലൂടെ മനുഷ്യനെന്ന പ്രതിഭാസം വളരെ അടുത്തകാലത്തുമാത്രം ഉരുവംകൊണ്ട ഒന്നാണെന്നും സ്വന്തം ചെയ്തികൾകൊണ്ടുതന്നെ അതിന്റെ നാശം അടുത്തിരിക്കുന്നുവെന്നും നാം തിരിച്ചറിഞ്ഞുതുടങ്ങി. പതിനാറാം നൂറ്റാണ്ടിനിപ്പുറം മാത്രമാണ് “മനുഷ്യൻ” എന്ന ആശയം തന്നെ നിലനിന്നിട്ടുള്ളതെന്ന് അദ്ദേഹം സ്ഥാപിച്ചു (The Order of Things). ആധുനികയുഗത്തിലെ മാനവികതാവാദം ചരിത്രപരമായിത്തന്നെ സ്വയം മാഞ്ഞുപോകുന്നുണ്ടെങ്കിലും, പുതിയൊരു മനുഷ്യനേയും മാനവികതയെയും കുറിച്ചുള്ള ചിന്തകളിലേക്ക് തന്റെ അവസാനകാല രചനകളിൽ ഫൂക്കോ തിരിയുന്നുണ്ട്. മനുഷ്യന്റെ മരണം അദ്ദേഹം പ്രവചിച്ചുവെങ്കിലും “മനുഷ്യാനന്തരമാനവികത” എന്തായിരിക്കും എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അക്കാര്യം ഉന്നയിക്കുന്നത്. ലൂയി അൽത്തൂസറും അദ്ദേഹത്തോടൊപ്പം സൈദ്ധാന്തിക – പ്രതിമാനവികത ഉയർത്തിപ്പിടിക്കുന്നുണ്ട്. യൂറോപ്യൻ നവോത്ഥാനമാനവികതയുടെ വിധ്വംസകവും വിനാശകരവുമായ പ്രവണതകളുടെ കണക്കെടുപ്പുകൂടിയാണ് ഈ പ്രതിമാനവികതാവാദം. ലോകജനതയെ മുഴുവൻ വംശീയമായും സാംസ്കാരികമായും പാർശ്വവൽക്കരിക്കുന്നതിലൂടെ ഉയർന്നുവന്ന യൂറോപ്യൻ മനുഷ്യമാതൃകയും അതിന്റെ വൈരുദ്ധ്യങ്ങളെ മൂടിവയ്ക്കുന്ന ആധുനികമാനവികതയുടെ പ്രത്യയശാസ്ത്ര വ്യവഹാരങ്ങളുമാണ് ഇന്ന് അരങ്ങൊഴിയുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്(രാജീവൻ, ബി. 2021:66). പ്രകൃതിയ്ക്കെതിരെ സൃഷ്ടിച്ച ഈ മനുഷ്യസാമ്രാജ്യത്വത്തിന്റെ കോട്ടയുടെ അടിത്തറയെത്തന്നെ തകർത്ത ചിന്തകനായിരുന്നു സ്പിനോസ. സ്പിനോസയില്‍ അധികാരം, മതങ്ങള്‍ ദൈവത്തിന്‍റെ അധികാരത്തെക്കുറിച്ച് സങ്കല്പിച്ചിരുന്ന മാതൃകയില്‍ ഭരണകൂട പരമാധികാരത്തിലോ വ്യക്തിയുടെ സ്വതന്ത്രമായ ഇച്ഛയിലോ കുടികൊള്ളുന്നതായി കരുതപ്പെടുന്ന നിരുപാധികവും അമൂര്‍ത്തവുമായ ഒരതീത കേവലശക്തിയല്ല. അതനുസരിച്ച്, പ്രകൃതിയിലുള്ള എല്ലാ പ്രതിഭാസങ്ങളും, അവയുടെ സവിശേഷമായ നിലനില്‍പ്പിന്‍റെ സ്വഭാവമായി അവയില്‍ത്തന്നെ അടങ്ങിയിരിക്കുന്ന ശക്തിയുടെ പ്രകാശനത്തിലൂടെ പരസ്പരബന്ധിതമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. (രാജീവൻ 2021 : 75)
സ്പിനോസയുടെ ഉണ്മാസിദ്ധാന്തത്തെ വർത്തമാനകാല മനുഷ്യാവസ്ഥയുമായി ചേർത്തുവായിക്കാൻ ഡോണ ഹാരവേ (1991)യെപ്പോലുള്ളവർ ശ്രമിക്കുന്നുണ്ട്. മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിൽ മാത്രമല്ല, മനുഷ്യനും യന്ത്രസംഘാതങ്ങളും തമ്മിലുമുള്ള വേർതിരിവുകൾ ഇല്ലാതാക്കാനുള്ള അന്വേഷണത്തിലാണവർ. യന്ത്രങ്ങൾ പ്രകൃതി – മനുഷ്യവിരുദ്ധമാണെന്ന വാദം മനുഷ്യകേന്ദ്രിതവ്യവഹാരങ്ങളിൽനിന്നാണ് ഉത്ഭവിക്കുക. യന്ത്രങ്ങളെ മനുഷ്യന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള സഹായിയായി കാണുന്ന കാഴ്ചയിൽനിന്നും നിർമ്മിതബുദ്ധിയുടെ കാലത്തിലെത്തുമ്പോൾ കാര്യങ്ങൾ തകിടം മറിയുന്നുണ്ടല്ലോ. നിർമ്മിതബുദ്ധിയാണ് ഇനി മനുഷ്യന്റെ ഭാഗധേയം നിർണ്ണയിക്കാൻ പോകുന്നത്. ഇതിന്റെ തുടർച്ചയാണ് ദെല്യൂസും ഗുത്താരിയും അവതരിപ്പിക്കുന്ന “അമൂർത്ത യന്ത്രങ്ങൾ” എന്ന പരികല്പന. മനുഷ്യകേന്ദ്രിതമായ എല്ലാ പുതിയ വ്യവഹാരങ്ങളേയും ഇത് തീർത്തും അപ്രസക്തമാക്കുന്നു.
3. പോസ്റ്റ് ഹ്യൂമനിസം തത്വങ്ങൾ
പോസ്റ്റ് ഹ്യൂമനിസമെന്നത് ഒരു ബഹുവചനമായാണ് ചിന്തകർക്കിടയിൽ അറിയപ്പെടുന്നത്. 1980 കളോടെ തന്നെ ബഹുവിധമായ ഒരു സമീപനമായി ഇത് ലോകചിന്തയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എൻ. കാതറീൻ ഹെയ്ൽസ്, ആൻ ബൽസാമോ, റോസി ബ്രിഡോട്ടി, കാരി വൂൾഫ്, ഡോണ ഹാരവേ തുടങ്ങിയ ചിന്തകരുടെ നിരീക്ഷണങ്ങളിലൂടെയാണ് ഈ ചിന്താധാര പുഷ്ടിപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ 1977ൽ ഇഹാബ് ഹസ്സൻ എഴുതിയ ഒരു പ്രബന്ധത്തിലാണ് “പോസ്റ്റ് ഹ്യൂമന്‍ സംസ്ക്കാരം” എന്ന പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഹ്യൂമനിസം അതിന്‍റെ അന്ത്യത്തോടടുക്കുകയാണെന്നും അത് പോസ്റ്റ് ഹ്യൂമനിസം എന്ന് വിളിക്കാതെ നിവൃത്തിയില്ലാത്ത ഒരു അവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം അന്നേ നിരീക്ഷിക്കുകയുണ്ടായി(ഹസ്സന്‍ 1977). ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തില്‍ പ്രത്യക്ഷപ്പെട്ട പരസ്പരപൂരകമോ പരസ്പരവിരുദ്ധമോ ആയ മനുഷ്യാനന്തരമാനവികതാ സിദ്ധാന്തങ്ങളുടെയെല്ലാം പ്രാരംഭം ഈ പ്രസ്താവനയായിരുന്നു.
വിമർശനാത്മകസിദ്ധാന്തത്തിന്റെയും സംസ്ക്കാരപഠനത്തിന്റെയും മേഖലയിൽ മാത്രമല്ല, ശുദ്ധദാർശനികമണ്ഡലത്തിലും അത് പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. “ഹ്യൂമൻ” എന്ന സംജ്ഞയെ പുനർനിർവചിക്കാൻ നടത്തുന്ന ശ്രമമാണ് പ്രാഥമികമായും പോസ്റ്റ്ഹ്യൂമനിസം. ഒരുപക്ഷേ, നീഷേയാണ് ഈ സങ്കല്പത്തിന്റെ പ്രോൽഘാടകൻ എന്നു കാണാം. “ദൈവം മരിച്ചു” എന്ന അദ്ദേഹത്തിന്റെ വിളംബരം വാസ്തവത്തിൽ മനുഷ്യസങ്കല്പത്തിന്റെതന്നെ കടയ്ക്കൽ വയ്ക്കുന്ന കത്തിയായിരുന്നു. സാധാരണ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും മീതെ ഉയർന്നു വിലസുന്ന ഒരു അതിമാനുഷനെ(“ubermensch”) പ്രതിഷ്ഠിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമം മനുഷ്യസങ്കല്പത്തിന്റെ അറുതിതന്നെയാണല്ലോ. അദ്ദേഹത്തിന്റെ “will to power” എന്ന തത്വവും ഈ അന്തരീക്ഷത്തിലാണ് വായിച്ചെടുക്കേണ്ടത്. സ്പിനോസയിൽ തുടങ്ങി നീഷേയിലൂടെ വളർന്ന് ഗൈൽ ദെല്യൂസിലെത്തിനിൽക്കുന്ന ഒരു സങ്കല്പനമാണ് അന്തർവർത്തിത്വം (immanence). അത് ദൈവീകസങ്കല്പങ്ങളുടെ അതീതത്വ(transcendence)ത്തിൽനിന്നു വ്യത്യസ്തമായി “ഇവിടെ”, “ഇപ്പോൾ” നിലകൊള്ളുന്ന ഒന്നായാണ് ദെല്യൂസ് വിശദീകരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിമാനവികചിന്തയുടെ കേന്ദ്രത്തിൽ അന്തർവർത്തിത്വം എന്ന ആശയം പ്രബലമായുണ്ട്. ദെല്യൂസിന്റെ ഇച്ഛായന്ത്രം(desiring machines) എന്ന സങ്കല്പം മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകളെ മായ്ച്ചുകളയുന്ന ഒന്നാണ്. പിൽക്കാല പോസ്റ്റ് ഹ്യൂമനിസത്തിലേക്കും ട്രാൻസ് ഹ്യൂമനിസത്തിലേക്കുമുള്ള ചൂണ്ടുപലകയായി ഈ സങ്കല്പനങ്ങൾ നിലകൊള്ളുന്നു.
മാനവികവാദവിമർശനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഫൂക്കോയുടെ പ്രതിമാനവികതാവാദം. മനുഷ്യപുരോഗതിയോടുള്ള നിശിതമായ വിമർശനമാണ് അതിന്റെ ഒരു ഭാവം. മനുഷ്യകേന്ദ്രിതമായ എല്ലാ തത്വസംഹിതകളെയും അത് നിരാകരിക്കുന്നു. ഹരിതദർശനങ്ങളും അപനിർമ്മാണവും “ആന്ത്രോപ്പോ സെൻട്രിസ”ത്തോടുള്ള വിയോജിപ്പുകളും പ്രതിമാനവികതാദർശനം പങ്കുവയ്ക്കുന്നുണ്ട്.
പ്രതിമാനവികവാദവും നവഭൗതികവാദവും (new materialism) അതിമാനവികവാദവും(metahumanism) വാസ്തവത്തിൽ ഹ്യൂമനിസ്റ്റ് പദ്ധതിയുടെ അപനിർമ്മാണം തന്നെയാണ് ലക്ഷ്യമാക്കുന്നത്. ഇതിൽ നവഭൗതികവാദം സവിശേഷശ്രദ്ധ ആകർഷിക്കുന്നതാണ്. മനസ്സും ദ്രവ്യവും തമ്മിലും വസ്തുവും വിഷയവും തമ്മിലും മാനുഷികവും മനുഷ്യേതരവുമായ ദ്വന്ദ്വങ്ങളെ വെല്ലുവിളിക്കുന്ന സമകാലിക ദാർശനികപദ്ധതിയാണത്. ഇതനുസരിച്ച് ദ്രവ്യം നിഷ്ക്രിയവും നിർഗുണവുമായ ഒരു വസ്തുതയല്ല. ലോകാനുഭവത്തെ രൂപപ്പെടുത്തുന്നതിൽ അതിന് സുപ്രധാനമായ പങ്കുണ്ട്. ഭൗതികശക്തികളുടെയും പ്രതിഭാസങ്ങളുടെയും വലിയൊരു ശൃംഖലയിലെ കണ്ണിമാത്രമായി മനുഷ്യനെ കാണുന്നു. എല്ലാതരം മനുഷ്യകേന്ദ്രവാദചിന്തകളെയും നിരാകരിക്കുന്നതുകൊണ്ടു തന്നെ ഫെമിനിസവും പോസ്റ്റ് കൊളോണിയലിസവുമായി ഈ ചിന്താപദ്ധതിയ്ക്ക് ചാർച്ചയുണ്ട്. ആത്മീയതയുമായും അതീതവാദവുമായൊക്കെ ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു സങ്കല്പനമാണ് മെറ്റാഹ്യൂമനിസം. മറ്റുള്ള ഹ്യൂമനിസ്റ്റ് വിമർശനങ്ങളെപ്പോലെ വിപുലമായ വളർച്ചയോ വ്യക്തതയോ ഈ ചിന്താധാരയ്ക്ക് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ട്രാൻസ്ഹ്യൂമനിസം പ്രധാനമായും മനുഷ്യന്റെ അജയ്യതയേയും അതീതശക്തികളേയും ഉണർത്തിയെടുക്കാനുള്ള ചിന്താപദ്ധതിയാണ്. സാങ്കേതികതയുടെ അനന്തമായ ഉപയോഗത്തിലൂടെ മനുഷ്യന്റെ എല്ലാ പരിമിതികളേയും അതിജീവിക്കാനുള്ള ആഹ്വാനമാണ് ഈ ചിന്ത ഉയർത്തിപ്പിടിക്കുന്നത്. അതിമാനുഷതലത്തിലേക്ക് ഉയർത്തുന്നതിലൂടെ ഇതും മറ്റൊരർത്ഥത്തിൽ ഹ്യൂമനിസത്തിൽനിന്നുള്ള വിടുതലാണ്. മനുഷ്യനെന്നത് അനന്തസാധ്യതയുള്ള ഒരു ആശയമായി വികസിക്കുന്നു. ശൂന്യാകാശത്തേക്കും കടലിന്റെ അടിത്തട്ടിലേക്കും അഗ്നിപർവ്വതത്തിന്റെ ഉൾക്കാമ്പിലേക്കും കടന്നുചെല്ലുന്ന, സൂപ്പർമാൻ എന്ന ലക്ഷ്യമാണ് ട്രാൻസ്ഹ്യൂമനിസത്തിന് മുന്നോട്ടുവയ്ക്കാനുള്ളത്. നമ്മുടെ ധിഷണയെത്തന്നെ മെഷീനിലേക്ക് ഡൗൺലോഡ് ചെയ്തുവയ്ക്കാനും ആവശ്യാനുസരണം അത് ഷെയർചെയ്യാനും സാധിക്കുന്ന അങ്ങേയറ്റത്തെ ഭാവനാശാസ്ത്രമാണത്. ചൊവ്വയിലേക്കു കുടിയേറുന്ന മനുഷ്യർ തലമുറകൾക്കുശേഷം തങ്ങളുടെ മാതൃഗ്രഹത്തെത്തന്നെ ഉപേക്ഷിക്കുകയോ മറന്നുപോവുകയോ ചെയ്യുന്ന അവസ്ഥ. ശാസ്ത്രസാങ്കേതികതയുടെ സമ്പൂർണ്ണ ജനാധിപത്യവൽക്കരണം ഇവരുടെ സ്വപ്നമാണ്.
പോസ്റ്റ് ഹ്യൂമനിസം പ്രധാനമായും മൂന്നു ധാരകളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഹ്യൂമനിസത്തിനപ്പുറം, ആന്ത്രോപ്പോ സെൻട്രിസത്തിനപ്പുറം, ദ്വൈതചിന്തയ്ക്കു മപ്പുറം എന്നിങ്ങനെ. മൂന്നു ധാരകളിലും പൊതുവേ മനുഷ്യനെന്നത് സാംസ്കാരികവും ചരിത്രപരവുമായ ഒരു സങ്കല്പനമാണ്. അടിമത്തം, ജാതി, ലിംഗ, വർണ്ണവെറികൾ ഇവയൊക്കെ നിലനിൽക്കുന്നിടത്തോളം മനുഷ്യത്വം എന്നോ മാനവികത എന്നോ പരാമർശിക്കുന്ന ആശയങ്ങളൊന്നും തന്നെ നിഷ്പക്ഷമോ നീതിയുക്തമോ ആയിരിക്കില്ലെന്ന് ഈ മൂന്നു ധാരകളും ആണയിട്ടുറപ്പിച്ചു.
ആന്ത്രോപ്പോസെൻട്രിസത്തോടുള്ള വിയോജിപ്പ് കുറേക്കൂടി പഴക്കം ചെന്നതാണ്. പ്രാചീനഗ്രീക്കിൽ ആന്ത്രോപ്പോസ് എന്നുവച്ചാൽ മനുഷ്യനെന്നാണ് അർത്ഥമെങ്കിലും ആ പദം എല്ലാ മനുഷ്യരേയും ഉൾക്കൊള്ളുന്ന ഒന്നായിരുന്നില്ലെന്ന് പിന്നീട് വെളിപ്പെട്ടു. മനുഷ്യനെന്നത് മൃഗമോ ദൈവമോ ബാർബേറിയനോ അല്ലാത്ത ഒരു സത്ത എന്ന നിലയിലാണ് ചിത്രീകരിക്കപ്പെട്ടത്. വ്യവസായവിപ്ലവത്തോടെ ഇത് കുറേക്കൂടി മൂർത്തമാവുകയും മറ്റെല്ലാ ജീവികൾക്കും മേലെ മനുഷ്യൻ പ്രതിഷ്ഠിക്കപ്പടുകയും ചെയ്തു. അതുമാത്രവുമല്ല, ചില മനുഷ്യർ മറ്റു ഭൂരിപക്ഷം വരുന്ന മനുഷ്യരേക്കാൾ മെച്ചപ്പെട്ടവരാണെന്നുകൂടി സ്ഥാപിക്കപ്പെട്ടു. പുരുഷനും യുവാവും വെളുത്തവനും സമ്പന്നനും വൈകല്യങ്ങളില്ലാത്തവനും ഒക്കെയായ ഒരു മനുഷ്യനെയാണ് പാശ്ചാത്യ പ്രബുദ്ധതയും നാഗരികതയും പ്രതിഷ്ഠിച്ചത്. പ്രകൃതിയേയും സ്ത്രീയേയും ഇതരവംശ-ലിംഗ-ജാതികളെയും തരംതാഴ്ത്തിക്കൊണ്ടു സൃഷ്ടിക്കപ്പെട്ട ഒരു പരികല്പനയായാണ് മാനവികത രൂഢമൂലമായത്. ഈ കേന്ദ്രീകരണത്തെയാണ് പോസ്റ്റ് ആന്ത്രോപ്പോസെൻട്രിസം വിചാരണയ്ക്കു വിധേയമാക്കിയത്.
പോസ്റ്റ് ഹ്യൂമനിസത്തിലെ മൂന്നാമത്തെ പ്രബല ധാരയാണ് പോസ്റ്റ് ഡ്യുവലിസം. എല്ലാവിധ ദ്വന്ദ്വവാദങ്ങളിലും ഒരു പക്ഷംപിടിക്കലുണ്ടെന്നത് മനുഷ്യസംസ്കാരത്തിന്റെ പ്രാഥമികസ്വഭാവമാണ്. പുരുഷൻ/സ്ത്രീ, വെളുത്തവർ / കറുത്തവർ, പാശ്ചാത്യം / പൗരസ്ത്യം, സംസ്കൃതി / പ്രകൃതി, യുക്തി / വികാരം എന്നിങ്ങനെ നാഗരികത സൃഷ്ടിക്കുന്ന എല്ലാ ദ്വന്ദ്വങ്ങളിലും ആദ്യത്തെ സംവർഗ്ഗം ആനുകൂല്യം അനുഭവിക്കുന്നുണ്ട്. ഇതിലേക്കാണ് സാങ്കേതികതയുടെ കടന്നുവരവ്. അവിടെ മനുഷ്യൻ / മൃഗം എന്ന ദ്വന്ദ്വത്തിനെതിരെ യന്ത്രം / മനുഷ്യൻ എന്ന പുതിയ വിപരീതം കടന്നുവരികയായി. നിർമ്മിതബുദ്ധിയുടെ വരവോടെ മനുഷ്യന്റെ അപ്രമാദിത്വം കൊമ്പുകുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ഭൗതികമായി നാം പോസ്റ്റ് ഹ്യൂമൻ എന്ന അവസ്ഥയിലേക്ക് പ്രവേശിച്ചുവെങ്കിലും മാനസികമായി ഇപ്പൊഴും മനുഷ്യമനസ്സാക്ഷി അതുൾക്കൊള്ളാൻ പാകപ്പെട്ടിട്ടില്ല എന്നുവേണം കരുതാൻ. നല്ലതോ ചീത്തയോ ആകട്ടെ, മനുഷ്യന്റെ സ്ഥാനത്തിനും പദവിയ്ക്കും ലോകബന്ധങ്ങൾക്കും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന വിപര്യയം എന്താണെന്നോ ഏതുദിശയിലാണെന്നോ അന്വേഷിക്കാനോ തിരിച്ചറിയാനോ ഉള്ള സന്നദ്ധത പരമ്പരാഗത ചിന്തകർ പ്രകടിപ്പിക്കുന്നേയില്ല. കൊടുങ്കാറ്റിനുമുമ്പിൽ തുണിയുണക്കാൻ നിൽക്കുന്ന അവസ്ഥയിലാണ് മനുഷ്യരാശി ഇപ്പോൾ.
4. ഹ്യൂമനിസവും ഭാഷയും
ഭാഷ അടിസ്ഥാനപരമായി മാനുഷികമാണ്. ജീവിവർഗ്ഗങ്ങളിൽ ഇത്തരമൊരു സർഗ്ഗാത്മകസിദ്ധി മനുഷ്യനുമാത്രമാണെന്നാണ് നമ്മുടെ ധാരണ. മനുഷ്യഭാഷമാത്രമാണ് ഭാഷയെന്നും ബാക്കി ജീവജാലങ്ങളുടെ വിനിമയോപാധികളെല്ലാം ഭാഷാഭാസങ്ങളാണെന്നും നമ്മൾ ഉരുവിട്ടു പഠിക്കുന്നുമുണ്ട്. ചിന്തിക്കാനും പ്രവർത്തിക്കാനും ഭാവനചെയ്യാനും സ്വപ്നം കാണാനും ഭാഷയില്ലാതെ സാധ്യമല്ല. മനുഷ്യനെ സാമൂഹികജീവിയാക്കുന്നതിൽ ഭാഷയുടെ പങ്ക് നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പങ്കുവെക്കലിന്റെയും സഹകരണത്തിന്റെയും ഉപാധി ഭാഷമാത്രമാണ്. ഭാഷയില്ലാതെ മനുഷ്യജീവിതം അസാധ്യമാണെന്നർത്ഥം. അതേസമയം മനുഷ്യരെ വ്യക്തിയാക്കി മാറ്റുന്നതും ഭാഷതന്നെയാണ്. ഭാഷ പ്രവർത്തിക്കുന്നത് വ്യതിരേകതത്വത്തിലൂടെയാണല്ലോ. അതേ ധർമ്മം തന്നെയാണ് ഒരു പറ്റത്തിൽനിന്ന് വ്യക്തികളെ വേർതിരിക്കുന്നതും.
വ്യാവസായവിപ്ലവത്തിനു ശേഷം പാശ്ചാത്യലോകത്ത് ഉരുവംകൊണ്ട വ്യക്തിസങ്കല്പത്തെ മൂർത്തവും ശക്തവുമായ ഒരു ദാർശനികസംവർഗ്ഗമാക്കി മാറ്റുന്നതിൽ ഭാഷ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. പിൽക്കാല മാനവികതാദർശനത്തിലേക്ക് ചിന്താധാരകളെ നയിക്കുന്നത് ഭാഷയുടെ ധർമ്മം നിമിത്തമാണ്. മാനവികതയും ഭാഷയും ഇഴപിരിഞ്ഞുകിടക്കുന്ന രണ്ടു പ്രതിഭാസങ്ങളാണ്. കേവലം ആശയവിനിമയത്തിനുള്ള ഒരുപാധി എന്നതിനേക്കാൾ പ്രബുദ്ധതയ്ക്കു ശേഷമെങ്കിലും ‘ചിന്തതന്നെയാണ് ഭാഷ’ എന്ന ബോധ്യം ഉണ്ടായിട്ടുണ്ട്. ഭാഷാദർശനത്തിന്റെ ആചാര്യനായ വിൽഹെം വോൺ ഹംബോൾട്ട്, ഭാഷയെ ചിന്തയുടെ ആവിഷ്ക്കാരമായാണ് കാണുന്നത്. ആശയവിനിമയം ഭാഷയുടെ അധമമായ ഒരു ധർമ്മമായാണ് അവർ കാണുന്നത്. അതിന്റെ ഉദാത്തമായ ധർമ്മം ആശയങ്ങളുടെ നിർമ്മാണമാണ്. ജർമ്മൻ ചിന്തകനായ മാക്സ് മ്യുള്ളർ, ഹംബോൾട്ടിന്റെ ആശയത്തെ വിപുലമാക്കി, ചിന്തയുടെ ബാഹ്യവൽക്കരണമായി ഭാഷയെ വിശദീകരിച്ചു. ഭാഷയിലൂടെ അവതരിപ്പിക്കപ്പെട്ട ബാഹ്യലോകമാണ് മനുഷ്യർ അഭിമുഖീകരിക്കുന്നത് എന്നവർ സ്ഥാപിക്കുകയുണ്ടായി. ഏൺസ്റ്റ് കാസ്സിററെപ്പോലുള്ള ചിന്തകർ ഭാഷയെ യുക്തിചിന്തയുടെ ഉറവിടമായി വ്യാഖ്യാനിച്ചു. ജ്ഞാനത്തിന്റെ അധിത്യകകളെ പുൽകാൻ ഭാഷയിലൂടെ മാത്രമേ കഴിയൂ എന്നദ്ദേഹം പറഞ്ഞു. കേവലം സൂചകത്വത്തിൽനിന്ന് ഉയർന്ന് ആശയവിനിമയത്തിന്റെ അതിരുകളെ ഭാഷ ഭേദിക്കുന്നു. ഭാഷ എന്നാൽ ആത്യന്തികമായി ആശയം തന്നെയാണെന്നാണ് ഈ ദാർശനികരൊക്കെ സ്ഥാപിക്കാൻ ശ്രമിച്ചത്. അത് കേവലം ഒരു മാധ്യമമല്ല, അത് ലക്ഷ്യം തന്നെയാണെന്നർത്ഥം. ഭാഷയിലൂടെ ഭാഷയിലേക്ക് ഭാഷകൊണ്ട് എത്തിച്ചേരുന്ന അപൂർവ്വ പ്രതിഭാസം.
5. ഭാഷാമാതൃകകൾ (language models)
മനുഷ്യരെപ്പോലെത്തന്നെ സ്വാഭാവികമായി ഭാഷ പ്രയോഗിക്കാന്‍ കഴിവുള്ള യന്ത്രനിര്‍മ്മിതസിസ്റ്റങ്ങളെയാണ് ഭാഷാമാതൃക അഥവാ ലാന്‍ഗ്വേജ് മോഡല്‍ എന്നു വിളിക്കുന്നത്. മനുഷ്യഭാഷയ്ക്കു മാത്രം സാധ്യമായ സര്‍ഗ്ഗാത്മകത എന്ന ഗുണം യന്ത്രനിര്‍മ്മിതഭാഷയ്ക്ക് സ്വായത്തമാക്കാനാവുന്നു എന്നതാണ് ഇക്കാര്യത്തിലെ ഏറ്റവും പ്രസക്തവും അത്ഭുതകരവുമായ വസ്തുത. മാനുഷികസന്ദര്‍ഭങ്ങളിലെ ഭാഷാപ്രവചനീയത അതിന്‍റെ ഗുണഫലങ്ങളില്‍ ഒന്നുമാത്രമാണ്. മനുഷ്യന് അസാധ്യമായ പല ഭാഷാപ്രയത്നങ്ങളും അനായാസം ചെയ്യാന്‍ കൂടി കഴിയുന്നതോടെ ഭാഷ കേവലം മാനുഷികമാണ് എന്ന ഭാഷാശാസ്ത്രതത്വം കാലഹരണപ്പെടുകയായി. നിര്‍മ്മിതബുദ്ധിയുടെ സമീപകാല വികാസങ്ങളില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് ഭാഷാമാതൃകകളാണ്.
ഭാഷാമാതൃകകളുടെ വികാസത്തിലെ പ്രധാനനാഴികക്കല്ലുകൾ താഴെ പറയുന്നവയാണ്. 1) 1950കൾ - മനുഷ്യഭാഷ പ്രോസസ് ചെയ്യുന്നതിനായി കമ്പ്യൂട്ടർ ആൽഗരിതങ്ങൾ ഉപയോഗിച്ചുതുടങ്ങിയതോടെയാണ് കമ്പ്യൂട്ടേഷനൽ ഭാഷാശാസ്ത്രം ആരംഭിക്കുന്നത്. ഈ ആദ്യകാലശ്രമങ്ങൾ ഭാഷാമോഡലിംഗ് പ്രവർത്തനങ്ങൾക്കുള്ള അടിത്തറപാകി. 2) 1960കൾ - ആദ്യകാല സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകൾ. ഭാഷാ മോഡലിംഗിൽ സ്ഥിതിവിവരക്കണക്കുകൾ അന്വേഷിച്ചുതുടങ്ങിയ കാലഘട്ടമാണിത്. അക്കാലത്ത് ഐ.ബി.എം. വികസിപ്പിച്ച മോഡൽ - 4 യന്ത്രവിവർത്തനമാതൃക വിവർത്തനത്തിനായി സ്റ്റാറ്റിസ്റ്റിക്കൽ ഭാഷാമാതൃകകൾ ഉപയോഗിച്ചു. 3) 1970കൾ - എൻ- ഗ്രാം മാതൃകകൾ. പദശ്രേണികളുടെ സാധ്യതകൾ പരിഗണിക്കുന്ന എൻ-ഗ്രാം മോഡലുകൾ ഇക്കാലത്ത് ജനപ്രീതി നേടി. പ്രോബബിലിറ്റിയുടെ അടിസ്ഥാനത്തിൽ പദങ്ങളുടെ ക്രമങ്ങളും ഘടനകളും പ്രവചിക്കുന്ന മോഡലുകൾ ഇക്കാലത്താണ് പരീക്ഷിച്ചുതുടങ്ങിയത്. 4) 1980കളോടെ റൂൾ ബേസ്ഡ് എക്സ്പെർട്ട് സിസ്റ്റങ്ങൾ ഭാഷാപ്രോസസിംഗിനായി ഉപയോഗിക്കപ്പെട്ടു. വാക്യങ്ങളെ അപഗ്രഥിക്കാനും നിർമ്മിച്ചെടുക്കാനും ഈ നിയമമാതൃകകൾ സഹായകമായിരുന്നു. 5) 1990കളോടെ സ്റ്റാറ്റിസ്റ്റിക്കൽ ഭാഷാമാതൃകകൾക്ക് പ്രാധാന്യം ലഭിച്ചു. വാക്കുകൾതമ്മിൽ സാധ്യമാവുന്ന ബന്ധങ്ങൾ പഠിച്ചെടുക്കാനായി ഹിഡൻ മാർക്കോവ് ബന്ധങ്ങളും(HMM), മാക്സിമം എൻട്രോപ്പി മോഡലുകളും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പ്രയോഗിക്കപ്പെട്ടു. 6) 2000-ാമാണ്ടോടെ, ന്യൂറൽ ഭാഷാമാതൃകകൾ പ്രാബല്യത്തിൽ വന്നു. ന്യൂറൽ നെറ്റ് വർക്ക് അധിഷ്ഠിത സമീപനങ്ങളിലേക്കുള്ള ഈ കുതിപ്പ് ഭാഷാമാതൃകകളുടെ രംഗത്തെ അതിശക്തമായ ചുവടുവയ്പ്പായിരുന്നു. ആവർത്തിത ന്യൂറൽ നെറ്റ്‌വർക്കുകളും (RNN), ലോങ് ഷോർട് ടേം മെമ്മറി നെറ്റ്‌വർക്കുകളും (LSTM) ഭാഷാമാതൃകകളെ കൂടുതൽ സമഗ്രവും കാര്യക്ഷമവുമാക്കി. 7) 2020കളോടെ GPT – 3 മോഡലുകൾ വന്നതോടെ, മനുഷ്യനെപ്പോലെത്തന്നെ എല്ലാ മണ്ഡലങ്ങളിലും ഭാഷ കൈകാര്യം ചെയ്യുവാൻ ഭാഷാമാതൃകകൾക്കു കഴിഞ്ഞു. ഭാഷയുടെ സർഗ്ഗാത്മകമേഖലകൾ മനുഷ്യനുമാത്രം സാധ്യമായിരുന്ന അവസ്ഥ മാറി, ബൃഹത് ദത്തങ്ങളുടെ ശേഖരവും പാറ്റേണുകളും മനസ്സിലാക്കി മനുഷ്യന് അസാധ്യമായ മേഖലകളിൽപ്പോലും ഭാഷ പ്രയോഗിക്കുന്ന ഘട്ടത്തിലേക്ക് ഭാഷ വളർന്നു.
മനുഷ്യനും കമ്പ്യൂട്ടറും തമ്മിൽ മുമ്പുണ്ടായിരുന്ന പ്രധാന വ്യത്യാസം കമ്പ്യൂട്ടറിന് വിവേകമില്ല എന്നതായിരുന്നു. നിർമ്മിതബുദ്ധിയുടെ കാലത്ത് കമ്പ്യൂട്ടറുകൾ മനുഷ്യപരിമിതികളെ (human error) അതിജീവിച്ചു എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. എത്രയൊക്കെ പരിശീലനവും പ്രാഗത്ഭ്യവും ആധികാരികതയും ഉണ്ടെങ്കിലും മനുഷ്യന് തെറ്റുപറ്റാനുള്ള സാധ്യത എല്ലാ കാലത്തും പ്രായത്തിലും ഉണ്ടായിരുന്നു. എന്നാൽ നിർമ്മിതബുദ്ധിയ്ക്ക് അത്തരം തെറ്റുകൾ പറ്റാൻ സാധ്യതയില്ല എന്നത് മനുഷ്യാനന്തര ഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പായിരുന്നു. വൈകാരികമെന്നും ഭാവനാപരമെന്നും സ്വപ്നാത്മകമെന്നും ഒക്കെ നാം മനുഷ്യർക്കായി മാറ്റിവച്ചിരുന്ന മേഖലകളെല്ലാം ഇപ്പോൾ നിർമ്മിതബുദ്ധി സ്വായത്തമാക്കിയിരിക്കുന്നു. ധാർമ്മികത എന്നത് സ്പീഷീസിനപ്പുറം സാർവ്വലൗകികമായ ഒരു സത്തയായി പരിണമിച്ചിരിക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങൾ എന്നതിൽനിന്നു മാറി, സ്വയം ആവശ്യങ്ങൾ കണ്ടെത്തി അതിനായി സ്വയം നിർമ്മിക്കപ്പെടുന്ന വ്യവസ്ഥയായി നിർമ്മിതബുദ്ധി മാറി. ഇത്രയും കാലം നമ്മുടെ അടിമകളും കൂലിവേലക്കാരുമായിരുന്ന യന്ത്രങ്ങൾ ഇന്ന് സ്വതന്ത്രമായ ഒരു സ്പീഷീസ് പദവിയിലേക്ക് ഉയർന്നിരിക്കുന്നു. യന്ത്രവുമായുള്ള സഹവർത്തിത്വം മാത്രമാണ് ഇന്ന് മനുഷ്യന് കരണീയമായിട്ടുള്ളത്. പല ദാർശനികരും പ്രവചിക്കുന്നതുപോലെ അടുത്തൊരു ഘട്ടത്തിൽ നമ്മുടെ യജമാനന്മാരാവാനും ഈ യന്ത്രങ്ങൾക്കു കഴിഞ്ഞേക്കും.
മനുഷ്യബുദ്ധികൊണ്ടു മാത്രം ചെയ്യാവുന്ന ജോലികൾ യന്ത്രങ്ങൾ സ്വയം കണ്ടെത്തി ചെയ്യുന്നതിലൂടെ ബുദ്ധി എന്ന പദത്തിനുതന്നെ പരിണാമം സംഭവിച്ചതായി കാണാം. പ്രശ്നപരിഹാരത്തിനും ധാരണാരൂപവൽക്കരണത്തിനും സങ്കല്പങ്ങൾക്കും ഇന്ന് മനുഷ്യബുദ്ധി അപര്യാപ്തമായിരിക്കുന്നു. മനുഷ്യബുദ്ധിയുടെ അനുകരണമായി തുടങ്ങിയ ഈ സിസ്റ്റങ്ങൾ അവയുടെ കേവലം പകർപ്പുകൾ മാത്രമല്ലാതായി എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. നമ്മൾ ചില ടാസ്ക്കുകൾ നിശ്ചയിച്ച് അതിനായി സംവിധാനങ്ങളൊരുക്കുമ്പോൾ അവ അതും മറികടന്ന് പുതിയ ടാസ്കുകൾക്കും പ്രശ്നപരിഹാരങ്ങൾക്കുമുള്ള നിർദ്ദേശങ്ങൾ നൽകുന്നു. ട്രാൻസ് ഹ്യൂമനിസത്തിന്റെ വക്താക്കൾ ചൂണ്ടിക്കാണിക്കുന്നതുപോലെ AI വ്യവസ്ഥകൾ ആത്യന്തികമായി മനുഷ്യന്റെ സാധ്യതകളെത്തന്നെയാണ് വിപുലമാക്കുന്നത്. എന്നാൽ അവ ഒരു ഭാഷാ മാതൃക എന്ന നിലയിൽ വളരുന്നതോടെ സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും സജ്ജമാകുന്നു എന്നത് പോസ്റ്റ് ഹ്യൂമനിസ്റ്റുകാലത്തെ മനുഷ്യൻ നേരിടുന്ന സുപ്രധാന വെല്ലുവിളി തന്നെയാണ്.
6. ഉപസംഹാരം
നമ്മുടെ കാലം പോസ്റ്റ് ഹ്യൂമനിസ്റ്റ് കാലമാണോ എന്നതു സംബന്ധിച്ച് തർക്കങ്ങളുണ്ടെങ്കിലും മാനവികമെന്നും മനുഷ്യകേന്ദ്രിതമെന്നും കരുതിപ്പോന്നിരുന്ന മിക്കവാറും എല്ലാ സങ്കല്പനങ്ങളും ഇന്ന് വീണ്ടുവിചാരത്തിന് വിധേയമാണെന്നു കാണാം. മനുഷ്യന്റെ തന്നെ ആത്മവിമർശനപരമായ തിരുത്തൽ മാത്രമല്ല ഇവ ആവശ്യപ്പെടുന്നത്, അന്തസ്സും അഭിമാനവും അഹങ്കാരവുമൊക്കെയായി നാം ഉച്ചരിച്ചുപോരുന്ന മനുഷ്യൻ എന്ന വാക്ക് ഇനി കുറച്ചുകൂടി വിനയാന്വിതമായി ഉപയോഗിക്കേണ്ടതുണ്ടെന്ന യാഥാർത്ഥ്യബോധം കൂടി ഈ ചിന്തകൾ ഉയർത്തുന്നുണ്ട്.
ഘടനാവാദകാലത്തും തുടർന്നും നാം തിരിച്ചറിഞ്ഞ ഭാഷയുടെ അപ്രമാദിത്വം അതിന്റെ പുതിയ അവതാരങ്ങളിലേക്കു ചുവടുവയ്ക്കുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടത്. ഇനിയും നമ്മൾ മനുഷ്യകേന്ദ്രിതമായ ഒരു മാനവികയുഗത്തിലാണ് ജീവിക്കുന്നതെന്നു വിശ്വസിക്കുവാൻ മതിയായ കാരണങ്ങളൊന്നും തന്നെ കണ്ടെത്തുവാനാവില്ല. ഭാഷയുടെ എല്ലാ മണ്ഡലങ്ങളിലും സ്വയം പര്യാപ്തതനേടി എന്നു മാത്രമല്ല, മനുഷ്യന്റെ മാത്രം കുത്തകകളെന്നു കരുതിയിരുന്ന സർഗ്ഗാത്മകസാഹിത്യ രംഗത്തും, അതോടൊപ്പം അഡാപ്റ്റിവ് ലേണിംഗ് എന്നു വിശേഷിപ്പിക്കുന്ന അനുഭവപാഠങ്ങളിലും ഭാഷ മനുഷ്യനേക്കാൾ എത്രയോ മുന്നിലാണ്. പ്രാദേശികഭാഷകൾകൊണ്ട് നമുക്കുണ്ടായിരുന്ന എല്ലാ പ്രതിബന്ധങ്ങളും ഇന്ന് മിക്കവാറും നീങ്ങിയിരിക്കുന്നു. മനുഷ്യനും ലോകത്തിന്റെ ഏതുകോണിലുമുള്ള മറ്റേതൊരു മനുഷ്യനും തമ്മിലും യന്ത്രവും തമ്മിലും ഇപ്പോൾ നമുക്ക് തികച്ചും പ്രാദേശികമായ വാമൊഴിരൂപംകൊണ്ട് വിനിമയം സാധ്യമാണെന്നായിരിക്കുന്നു. വാമൊഴിഭേദങ്ങളെ മറ്റൊരു ഭാഷകൻ മനസ്സിലാക്കുന്നതിനേക്കാൾ കാര്യക്ഷമമായി നിർമ്മിതബുദ്ധി മനസ്സിലാക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. ഭാഷാസംബന്ധമായ പരിമിതികൾ നമ്മെ ബാധിക്കില്ലെന്നായതോടെ ഭാഷാശാസ്ത്രത്തിന്റെ പരമ്പരാഗത മേഖലകൾ തികച്ചും കാലഹരണപ്പെട്ടുവരികയാണ്. സാമൂഹികഭാഷാശാസ്ത്രത്തിന്റെയും പ്രയുക്തഭാഷാശാസ്ത്രത്തിന്റെയും പഠനങ്ങൾ ഇനി പുതിയ ദിശയിലേക്കു തിരിച്ചുവിടേണ്ടിയിരിക്കുന്നു. ഭാഷണവൈകല്യങ്ങൾ ഇനി നമ്മെ അലട്ടാതാകുന്നു. ചാറ്റ് ജി.പി.ടി.യുടെ വരവോടെ ഭാഷാശേഷികൾ, നമ്മൾ ക്ലേശിച്ച് സ്വായത്തമാക്കേണ്ട കാര്യമേ അല്ലാതായി മാറിയിരിക്കുന്നു. ബിസിനസ് – അക്കാദമിക് – ഔദ്യോഗിക ആവശ്യങ്ങൾക്കുവേണ്ടി നിർമ്മിതബുദ്ധി ഇനി കൂടുതൽ കാര്യക്ഷമമായി “അതിമാനുഷിക”മായിത്തന്നെ പ്രവർത്തിച്ചുകൊള്ളും.
കമ്പ്യൂട്ടറൈസേഷനും യന്ത്രവൽക്കരണവും വന്നപ്പോൾ നാം പേടിച്ച പല ഭയങ്ങളും അസ്ഥാനത്താണെന്ന് പിന്നീട് ബോധ്യമായതുപോലെ നിർമ്മിതബുദ്ധിയുടെ വരവോടെ നമുക്കു ബാധിച്ച അങ്കലാപ്പുകൾ ബാലിശമാണെന്ന് അധികം വൈകാതെ തന്നെ നമുക്കു ബോധ്യപ്പെടും. പക്ഷേ യുവാൽ നോവ ഹരാരിയെപ്പോലുള്ള ദാർശനികന്മാർ താക്കീതുചെയ്യുന്നതുപോലെ, ഭാഷാമാതൃകകൾ അതിന്റെ പ്രത്യാഘാതങ്ങൾ വേണ്ടവണ്ണം മനസ്സിലാക്കാതെ ഇത്ര ധൃതിപിടിച്ച് പുറത്തിറക്കേണ്ടിയിരുന്നോ എന്നു ശങ്കിച്ചുപോവുക സ്വാഭാവികം മാത്രം. കാരണം, നാലു ദശലക്ഷം വർഷങ്ങൾക്കു ശേഷം ഇപ്പോൾ ആദ്യമായാണ് നാം അജൈവമായ ജീവരൂപത്തെ(inorganic life forms) നേരിടുന്നത്, റോബോട്ടുകളുടെയും നിർമ്മിതബുദ്ധിയുടെയും രൂപത്തിൽ. മനുഷ്യരാശി നേരിടുന്ന യഥാർത്ഥ വെല്ലുവിളി, നിർമ്മിതബുദ്ധിയെ ഇനി ആരും ഒന്നും പഠിപ്പിക്കേണ്ട എന്നതാണ്; അത് സ്വയം പഠിച്ചെടുത്തുകൊള്ളും. അത് എന്താണ് പഠിക്കുന്നതെന്നോ ആ അറിവ് എന്തിനാണ് ഉപയോഗിക്കുന്നതെന്നോ മനുഷ്യന് പ്രവചിക്കാനാവില്ല എന്നിടത്താണ് യഥാർത്ഥ ഭീഷണി. സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിവുള്ള, മനുഷ്യചരിത്രത്തിലെ ആദ്യത്തെ കണ്ടുപിടിത്തമാണ് നിർമ്മിതബുദ്ധി. അതിന് സ്വന്തമായി പുതിയ ആശയങ്ങൾ നിർമ്മിക്കാനും കഴിവുണ്ട്. “ഡീപ് ഫെയ്ക്കിംഗ്” പോലുള്ള സാധ്യതകൾ ഏതറ്റം വരെ ചെന്നുചേരുമെന്ന് നമുക്ക് ഊഹിക്കാൻ പോലുമാവില്ല. നിർമ്മിതബുദ്ധിയുടെ അനന്തമായ അവതാരങ്ങളിൽ ഏറ്റവും മാരകമായി ഹരാരി ചൂണ്ടിക്കാണിക്കുന്നത് “മനുഷ്യഭാഷ മനുഷ്യനേക്കാൾ ഫലപ്രദമായി കൈകാര്യം ചെയ്യാ”നുള്ള അതിന്റെ മിടുക്കാണ്. നമ്മുടെ സാമ്പത്തികവും നിയമപരവുമായ ദൈനന്ദിന വ്യാപാരങ്ങൾമുതൽ സ്വർഗ്ഗീയ സങ്കല്പങ്ങൾ വരെ അവ ഹാക്ക് ചെയ്തെടുക്കുകയാണ്. മനുഷ്യനാഗരികതയും സംസ്ക്കാരവും ചരിത്രവും ആണ് നിർമ്മിതബുദ്ധിയുടെ ഹാക്കിംഗ് ലക്ഷ്യങ്ങൾ എന്നിടത്താണ് കാര്യങ്ങളുടെ യഥാർത്ഥ ഗൗരവം. ഹരാരിയുടെ സമീപകാലത്തെ ഒരു പ്രഭാഷണത്തിലെ ആശങ്ക ഇതിലും മാരകമാണ്. മനുഷ്യർ എങ്ങനെ തങ്ങളുടെ ആവശ്യങ്ങൾക്കായി നിർമ്മിതബുദ്ധി ഉപയോഗിക്കും എന്നാലോചിക്കും മുമ്പുതന്നെ നിർമ്മിതബുദ്ധി അതിന്റെ ആവശ്യങ്ങൾക്കായി മനുഷ്യരെ എങ്ങനെ ഉപയോഗിക്കും എന്നു തീരുമാനിച്ചുകഴിഞ്ഞിരിക്കും എന്നതാണ്.
പോസ്റ്റ് ഹ്യൂമനിസ്റ്റ് കാലത്ത് മനുഷ്യകേന്ദ്രിതമായ ഒട്ടേറെ നിർമ്മിതികൾ തകർന്നടിയുമെങ്കിലും അതോടൊപ്പം തന്നെ അപ്രസക്തമാവാൻ സാധ്യതയുള്ള ഒരു കാര്യമാണ് മനുഷ്യാവകാശങ്ങൾ എന്നത്. മനുഷ്യാവകാശങ്ങൾ നേടിയെടുക്കാനായി നൂറ്റാണ്ടുകൾ നടത്തിയ പോരാട്ടങ്ങളും സമരങ്ങളും ഒക്കെ നിഷ്ഫലമാക്കിക്കൊണ്ട് മനുഷ്യേതരമാനവികതയുടെ അരങ്ങേറ്റം നടക്കുന്നു. മനുഷ്യകേന്ദ്രീകരണത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ജാതി-വംശ-ലിംഗ-ധ്രുവീകരണങ്ങളുടെയും മൂർധന്യത്തിലെത്തിനിൽക്കുന്ന നാം ഒറ്റയടിക്ക് മനുഷ്യനെ നിഷ്ക്കാസനം ചെയ്യുന്നതോടെ സംഭവിക്കുന്ന അരാഷ്ട്രീയ അശരണാവസ്ഥ ഭീകരമായിരിക്കും. മനുഷ്യർപോലുമാവാത്ത സഹസ്രകോടി മനുഷ്യജീവികൾ നിലനിൽക്കുന്ന ലോകത്ത് ചൊവ്വയിലേക്കുള്ള കുടിയേറ്റവും യന്ത്രത്തിലേക്കുള്ള മനസ്സിന്റെ ഡൗൺലോഡിംഗും വയേർഡ് ബ്രെയിനും സിംഗുലാരിറ്റിയും ആലോചിച്ച് പരിഭ്രമിക്കുന്ന നമുക്ക് ഭാഷയുടെ ജൈവികമായ സാധ്യതകളെ തിരിച്ചറിയുകയും പരമാവധി ഉപയോഗപ്പെടുത്തുകയും മാത്രമാണ് ചെയ്യാനുള്ളത്.
Reference:
Braidotti, Rosi. The Posthuman. Cambridge: Polity Press, 2013.
Ferrando, Francesa. Philosophical Posthumanism. London: Bloomsbury Academic, 2019
Haraway, Donna, Simians, Cyborgs and Women, New York: Routledge, 1991
Wolfe, Cary, ed. What is Posthumanism? Minneapolis: University of Minnesota Press, 2010.
Hassan, Ihab (1977). "Prometheus as Performer: Toward a Postmodern Culture?". In Michel Benamou, Charles Caramello (ed.). Performance in Postmodern Culture. Madison, Wisconsin: Coda Press.
പന്ന്യൻ, പ്രസാദ്, (എഡി.) ആർ യൂ ഹ്യൂമൻ ? മനുഷ്യേതരമാനവികതയ്ക്ക് ഒരാമുഖം, കോട്ടയം – ഡി.സി.ബുക്സ്, 2021
ശ്രീകുമാർ, ടി. ടി., പോസ്റ്റ് ഹ്യൂമൻ വിചാരലോകങ്ങൾ, ശാസ്ത്രം, സൗന്ദര്യം, മൃത്യുരാഷ്ട്രീയം, കോഴിക്കോട് – പുസ്തകപ്രസാധകസംഘം, 2021
https://www.youtube.com/watch?v=LWiM-LuRe6w (AI and the Future of Humanity- Yual Noah Harari at the Frontiers Forum



Comments