top of page

ഇന്ത്യ ഭാഷാക്ഷേത്രമോ ഭാഷാനാഗരികതയോ

  • Writer: Sreevalsan Thekkanath
    Sreevalsan Thekkanath
  • Jan 27
  • 11 min read

Updated: Jan 28

 

 

 

ആമുഖം

ലോകഭാഷകളുടെ വര്‍ത്തമാനാവസ്ഥയെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും ചെന്നെത്തുന്ന ഒരു സുപ്രധാന നിരീക്ഷണം ബഹുഭാഷാത്വം ഒരു സാര്‍വ്വലൗകികയാഥാര്‍ത്ഥ്യമാണ് എന്നതാണ്. വളരെ അപൂര്‍വ്വമായി മാത്രമാണ് തികച്ചും ഒറ്റപ്പെട്ട ഏകഭാഷാപ്രദേശങ്ങള്‍ കാണപ്പെടുന്നത്. അതുതന്നെയും രാഷ്ട്രീയമോ സാമൂഹികമോ ഭൂമിശാസ്ത്രപരമോ ആയ കാരണങ്ങളാല്‍ ഒറ്റപ്പെട്ടു പോയതായിരിക്കാം. ഇന്ന് ലോകത്താകമാനം 242 രാജ്യങ്ങളിലായി 7159 ഭാഷകള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അവയില്‍ 3193 എണ്ണം നാശഭീഷണിയിലുമാണ്[i]. ഭാഷാവൈവിധ്യം ഒരു പ്രദേശത്തെ ഭാഷകളുടെ നിലനില്‍പ്പിനെ പ്രതികൂലമായാണ് ബാധിക്കുന്നത് എന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ മുന്‍കാലങ്ങളില്‍ നമ്മുടെ അക്കാദമികരംഗത്ത് പ്രബലമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും വികസനവേഗതയ്ക്കും അത് തടസ്സം നില്‍ക്കുന്നതായി ചിത്രീകരിക്കപ്പെട്ടു[ii]. അതേസമയം എം.ബി.എമെനോ (1956) അവതരിപ്പിച്ച ഭാഷാക്ഷേത്രം (Linguistic Area) എന്ന സങ്കല്പനം നൂറ്റാണ്ടുകളുടെ സമ്പര്‍ക്കഫലമായി ഭാഷാവൈവിധ്യങ്ങളുടെ കേന്ദ്രത്തില്‍ ഒരു പൊതു കാതല്‍ രൂപപ്പെട്ടുവരുന്നതായി നിരീക്ഷിക്കുകയുണ്ടായി. ഭാഷകള്‍ വ്യത്യസ്ത ഗോത്രത്തില്‍പ്പെട്ടവയാണെങ്കില്‍പ്പോലും സമ്പര്‍ക്കഫലമായി അവ ഒരു ഏകതയിലേക്കു ക്രമേണ സഞ്ചരിക്കുന്നതായി ആ സിദ്ധാന്തം സ്ഥാപിക്കുകയുണ്ടായി. ഇന്ത്യപോലുള്ള ബഹുഭാഷാ രാഷ്ട്രങ്ങളില്‍ ഭാഷാവൈവിധ്യം എത്രത്തോളം ഒരു ഭീഷണിയാണെന്നു പരിശോധിക്കുന്ന ഈ പഠനത്തില്‍ പരസ്പരവിരുദ്ധമെന്നു പോലും വിശേഷിപ്പിക്കാവുന്ന രണ്ടു ഭാഷാപരികല്പനകളെ വിലയിരുത്തുകയും ഭാഷാവൈവിധ്യം ഏതുവിധത്തിലാണ് ഇന്ത്യന്‍ സാഹചര്യത്തിലെ സമഗ്രവികസനത്തെ ബാധിക്കുക എന്നന്വേഷിക്കുകയുമാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍.  

ഭാഷാക്ഷേത്രം

റാല്‍ഫ് ഫസോള്‍ഡ്((1984) എന്ന സാമൂഹികഭാഷാശാസ്ത്രജ്ഞന്‍ ഇന്ത്യയെ വിശേഷിപ്പിച്ചത് ‘സാമൂഹികഭാഷാഭീമന്‍’ (Socio-linguistic Giant) എന്നായിരുന്നു. അപാരമായ ഭാഷാവൈവിധ്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ഇന്ത്യന്‍ സാഹചര്യം. അനേകം ഭാഷകളുടെ സഹവര്‍ത്തിത്വം, ഭാഷാപ്രയോഗത്തിലെ സങ്കീര്‍ണ്ണ സ്വഭാവങ്ങള്‍, വ്യത്യസ്ത ഭാഷാഗോത്രത്തിലുള്‍പ്പെട്ട ഭാഷകളുടെ ഘടനാപരമായ വ്യത്യസ്തതകള്‍, അങ്ങനെയങ്ങനെ ഒരുപാടു കാര്യങ്ങളില്‍ ഇന്ത്യ വേറിട്ടുനില്‍ക്കുന്നുണ്ട്. കേവലം സംഖ്യാകണക്കിലൊതുങ്ങുന്ന ഒന്നല്ല ഇവിടത്തെ ഭാഷാ വൈവിധ്യം. വ്യത്യസ്ത ഭാഷാപ്രയോഗമേഖലകളില്‍ പ്രത്യേകം ഭാഷകളും ഭാഷാഭേദങ്ങളും ഉപയോഗിക്കുന്ന സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഭരണകാര്യങ്ങള്‍, വിദ്യാഭ്യാസം, മതപരമായ ചടങ്ങുകള്‍, നിത്യവ്യവഹാരം തുടങ്ങി ഓരോ മണ്ഡലത്തിലും സവിശേഷമായ ഭാഷയാണ് നാം കൈകാര്യം ചെയ്യുന്നത്. ഇതുകൊണ്ടൊക്കെയാണ് ഇന്ത്യ ഒരു ഭാഷാഭീമനാണെന്നു വിശേഷിപ്പിക്കപ്പെടുന്നത്. ദ്വിഭാഷാത്വവും ബഹുഭാഷാ ത്വവും ഭാഷാമാറ്റവും ഭാഷാമിശ്രണവും ഒക്കെ സ്വാഭാവികപ്രതിഭാസമായി നിലനില്‍ക്കുന്ന അന്തരീക്ഷമാണിവിടെ. വ്യത്യസ്തതകളുടെ സഹവര്‍ത്തി ത്വം ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ആണിക്കല്ലായി തിരിച്ചറിയപ്പെട്ടിട്ടുണ്ടല്ലോ.

വ്യത്യസ്തഭാഷാഗോത്രത്തില്‍പ്പെട്ട ഭാഷകള്‍ നൂറ്റാണ്ടുകളോളം സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ അവയുടെ ഘടനാസവിശേഷതകള്‍ പരസ്പരം പങ്കുവെക്കുമെന്ന ധാരണയാണ് ഭാഷാക്ഷേത്രം എന്ന ആശയം. ഭാഷാസമന്വയം എന്ന അര്‍ത്ഥത്തിലുള്ള സ്പ്രാക്ബണ്ട്(Sprachbund) എന്ന യൂറോപ്യന്‍തത്വം കടമെടുത്താണ് എമെനോ ഈ പരികല്പന രൂപീകരിക്കുന്നത്. വംശീയമോ ഗോത്രപരമോ അല്ലാതെ ഭാഷകള്‍ക്കു തമ്മില്‍ പരസ്പരസഹവാസം മൂലം ഉണ്ടാകുന്ന പരിവര്‍ത്തനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനപ്പെട്ട നാലുഗോത്ര ത്തില്‍പ്പെട്ട 121 (2011 census) ഭാഷകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്‍ഡോ-ആര്യന്‍, ദ്രാവിഡം, ഓസ്ട്രോ ഏഷ്യാറ്റിക്, സീനോ ടിബറ്റന്‍ എന്നിങ്ങനെ ഘടനാപരമോ സ്വഭാവപരമോ ആയ യാതൊരു സമാനതകളുമില്ലാത്ത നാലു ഗോത്രങ്ങളിലാണ് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുന്നത്. അവസാനത്തെ ജനസംഖ്യാ കണക്കെടുപ്പില്‍ 19000ലധികം മാതൃഭാഷകളുടെ സാന്നിധ്യം കണ്ടെത്തിയതായി സൂചനകളുണ്ടായിരുന്നെങ്കിലും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ 22 ഭാഷകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 99 ഭാഷകള്‍ ഷെഡ്യൂളിലുള്‍പ്പെടുത്താനാവാത്തവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

‘ഭാഷാക്ഷേത്രം’ ഒരു സ്ഥലപരമായ ഭാഷാപ്രതിഭാസമാണ്. ഒരേ ഭൂമിശാസ്ത്രപരിസരത്ത് സമ്പര്‍ക്കത്തിലായിരിക്കുന്ന ഭാഷകളില്‍ ശബ്ദതലം മുതല്‍ വാക്യതലം വരെയുള്ള എല്ലാ മണ്ഡലങ്ങളിലും ഈ മാറ്റം പ്രകടമാവാറുണ്ട്. ഇന്ത്യന്‍ ഭാഷാക്ഷേത്രത്തിന്‍റെ പ്രധാന സവിശേഷതകള്‍ താഴെപ്പറയുന്നവയാണ്.

1.    അനുനാസികവ്യഞ്ജനങ്ങളും പ്രതിവേഷ്ടിതവര്‍ണ്ണങ്ങളും ഇന്ത്യയിലെ മിക്കഭാഷകളിലും സമൃദ്ധമായി കാണപ്പെടുന്നു.

2.    മിക്ക ഭാഷകളും കര്‍ത്താവ് - കര്‍മ്മം - ക്രിയ(SOV) എന്ന പദക്രമമാണ് പിന്തുടരുന്നത്. 

3.    ഇന്ത്യന്‍ ഭാഷകളിലുടനീളം ലിംഗപ്രത്യയങ്ങളും വിഭക്തിപ്രത്യയങ്ങളും ഉപയോഗിക്കുന്നത് ഏറെക്കുറെ സമാനമായ രീതിയിലാണ്.

4.    സമസ്തപദങ്ങളിലും അനുപ്രയോഗങ്ങളിലും ഭാഷകള്‍ സമാനമായി കാണപ്പെടുന്നു.

5.    ഇതിനും പുറമേ ചരിത്രപരവും സാമൂഹ്യ-സാംസ്കാരികപരമായും ഭാഷകള്‍ തമ്മിലുള്ള സാമ്യം പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ പരിതോവസ്ഥയിലാണ് ഭാഷാക്ഷേത്രം എന്ന ആശയം ഇവിടെ സ്വീകരിക്കപ്പെടുന്നത്. ഭാഷകരുടെ അംഗബലംകൊണ്ടോ സാമൂഹികാ ധികാരം കൊണ്ടോ പ്രബലമായ ഒരു ഭാഷാസമൂഹം താരതമ്യേന ന്യൂനപക്ഷമായ മറ്റൊരു ഭാഷകസമൂഹത്തിനുമേല്‍ സമ്മര്‍ദ്ദവും സ്വാധീന വും ചെലുത്തി അവയുടെ ആന്തരികഘടനയെ വരെ സ്വാധീനിക്കുന്ന പ്രതിഭാസത്തെക്കുറിച്ച് നേരത്തേതന്നെ നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. ഭാഷാസമാവേശം (Linguistic Interference) എന്ന പേരിലാണ് ഈ പ്രതിഭാസം തിരിച്ചറിയപ്പെട്ടിരുന്നത്. ദ്വിഭാഷാസാഹചര്യത്തില്‍ ഭാഷകരുടെ മാനസികഭാരം ലഘൂകരിക്കാനായി രണ്ടുഭാഷകളും ഘടനാപരമായി ഒന്നിക്കുന്ന ബിന്ദുകൂടിയാണ് അത് (Weinreich, 1953: 1) ഇതിന്റെ അടുത്ത പടിയായാണ് ഭാഷാസംവ്രജനം എന്ന തത്വം എമെനോ തന്നെ മുന്നോട്ടുവച്ചത്. ഭാഷാക്ഷേത്രത്തില്‍ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസ മായാണ് അതിനെ അദ്ദേഹം ചിത്രീകരിച്ചത്. ഭാഷാസമാവേശം ഭാഷകളി ലൊന്ന് മറ്റതിനെ സ്വാധീനിച്ച് സ്വന്തം ഘടനയിലേക്കെത്തിക്കുക യാണെങ്കില്‍ ഭാഷാസംവ്രജനത്തില്‍ അത് രണ്ടുഭാഷകളും തമ്മില്‍ ഒരു സംഗമബിന്ദു കണ്ടെത്തുന്നതാണ്. ഈ സംഗമബിന്ദു ബഹുഭാഷാ സാഹചര്യത്തില്‍ വളരെ സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമായി മാറാം. ഇന്ത്യന്‍ ഭാഷാവൈവിധ്യവും സംസ്കാരബാഹുല്യവും നമുക്ക് “നാനാത്വത്തില്‍ ഏകത്വം” എന്ന ഉദാത്തമായ ആശയം സാധ്യമാക്കിത്തരുന്നത് ഈവിധ മാണ്. ബാഹ്യമായ നാനാത്വവും ആന്തരികമായ ഏകത്വവും. 

പ്രൊഫ. അന്വിതാ ആബിയും ഭാഷാക്ഷേത്രസങ്കല്പവും

എമെനോ മുന്നോട്ടുവച്ച ഭാഷാക്ഷേത്രം എന്ന ആശയത്തെ നീണ്ടകാലത്തെ തന്റെ പഠനങ്ങളിലൂടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ സാധൂകരി ക്കാനും വിലയിരുത്താനും പ്രൊഫ. അന്വിതാ ആബി[iii] നടത്തിയ ശ്രമങ്ങള്‍ അത്ഭുതാവഹമാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ ഗോത്രഭാഷകളിലും ആദിവാസി ഭാഷകളിലും നടത്തിയിട്ടുള്ള അവരുടെ പഠനങ്ങള്‍. ആന്റമാന്‍ ദ്വീപുകളിലെ നാശഭീഷണി നേരിടുന്ന ഭാഷകളെക്കുറിച്ച് അവര്‍ ശ്രമകരമായ അന്വേഷണങ്ങളാണ് നടത്തിയിട്ടുള്ളത്. അവര്‍ നടത്തിയ “ഗ്രേറ്റ് ആന്റമാനീസ്” ഭാഷകളെക്കുറിച്ചുള്ള ഗവേഷണം ലോകശ്രദ്ധയാകര്‍ഷി ച്ചതാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു ഭാഷാഗോത്രവുമായും പ്രത്യക്ഷ ബന്ധമില്ലാത്ത സവിശേഷമായ ഒരു ഭാഷയാണ് ഗ്രേറ്റ് ആന്റമാനീസ് വിഭാഗക്കാര്‍ സംസാരിക്കുന്നത്. അതിരൂക്ഷമായ വംശനാശഭീഷണി നേരിടുന്ന ഈ ഗോത്രത്തിലെ അവസാനത്തെ ഭാഷകയായിരുന്ന ബോവ സെര്‍ എന്ന 85കാരിയെ നേരില്‍ കണ്ട് അവരുടെ ഭാഷ ഡോക്യുമെന്റ് ചെയ്തതായിരുന്നു പ്രൊഫ. ആബിയുടെ പ്രത്യേകസംഭാവന. ശരീരീകൃത ഭാഷ(embodied language)യുടെയും പാരിസ്ഥിതികവീക്ഷണത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണമായി ‘അക-ബോ’ എന്ന ഈ ഭാഷാരൂപം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ആദിവാസിഭാഷകള്‍ കണ്‍മുന്നില്‍ മരിച്ചുപോകുന്ന ഭീഷണയാഥാര്‍ത്ഥ്യം വ്യക്തമാക്കിത്തന്ന ധാരാളം പഠനങ്ങള്‍ പ്രൊഫ. ആബിയുടേതായി ഉണ്ട്.

ഇന്‍ഡോ-ആര്യന്‍, ദ്രാവിഡം, ടിബറ്റോ-ബര്‍മ്മന്‍, ഓസ്ട്രോ ഏഷ്യാറ്റിക് എന്ന നാലു പ്രധാന ഭാഷാകുടുംബങ്ങളില്‍പ്പെട്ട ഭാഷകളാണ് ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്നത്. ഇവയില്‍ ടിബറ്റോ ബര്‍മ്മന്‍, ഓസ്ട്രോ ഏഷ്യാറ്റിക് ഗോത്രങ്ങള്‍ നൂറുശതമാനവും ആദിവാസിഭാഷകളാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 342ാം അനുഛേദം ഗോത്രവര്‍ഗ്ഗങ്ങളെ അവരുടെ അവകാശങ്ങള്‍ നിര്‍വ്വചിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു ണ്ടെങ്കിലും അവരുടെ ഭാഷകളെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കു ന്നില്ല. എട്ടാം പട്ടികയിലുള്‍പ്പെടുത്തിയ 22ഭാഷകള്‍ക്കുമാത്രമാണ് ഇന്ത്യന്‍ ഭരണഘടന എല്ലാവിധ സംരക്ഷണാനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ ഭാഷാവൈവിധ്യത്തിന്റെ ആണിക്കല്ലുകളായ ഗോത്രഭാഷകളെ നിര്‍ദ്ദയം മരിക്കാനനുവദിക്കുന്ന സാഹചര്യമാണ് ഇന്നു നിലനില്‍ക്കുന്ന തെന്ന് പ്രൊഫ. ആബിയെപ്പോലുള്ളവര്‍ നിരന്തരം താക്കീതുചെയ്തു കൊണ്ടിരിക്കുന്നു.   

ഇന്ത്യന്‍ ഭാഷാക്ഷേത്രത്തെക്കുറിച്ചുള്ള പ്രൊഫ. ആബിയുടെ പഠനങ്ങളുടെ വെളിച്ചത്തില്‍ ഈ ഭാഷകളെല്ലാം സമ്പര്‍ക്കത്തിലൂടെ കാണിക്കുന്ന സമാനഘടനാസവിശേഷതകള്‍, സ്ഥലീയഭാഷാശാസ്ത്രം (Areal Linguistics) എന്നൊരു പുതിയ ശാഖയുടെ തന്നെ അവതരണത്തിനു കാരണമായി. ഗോത്രപരമോ ജനിതകമോ ആയ ബന്ധമല്ല, ഒരു പ്രത്യേക ഭൂമിശാസ്ത്രപരിധിയ്ക്കകത്തെ സഹവാസമാണ് ഭാഷകളുടെ പാരസ്പര്യ ത്തില്‍ പ്രധാനമെന്ന് ഈ പഠനങ്ങള്‍ തെളിയിച്ചു. ഭാഷകള്‍ തമ്മിലുള്ള വ്യത്യസ്തതകളിലല്ല, സമാനതകളിലാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അവ ഒരു പ്രത്യേകപ്രദേശത്തിന്റെ സമഗ്രവളര്‍ച്ചയ്ക്ക് സഹായകമായ വിധത്തില്‍ മനസ്സിലാക്കണമെന്നും പ്രൊഫ. ആബി നിര്‍ദ്ദേശിച്ചു. അതേസമയം എമെനോ നിര്‍ദ്ദേശിച്ചതും ഇന്ത്യന്‍ ദേശീയോദ്ഗ്രഥനത്തിന് ചൂണ്ടിക്കാണി ക്കാവുന്നതുമായ തെളിവുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആന്തരിക തത്വങ്ങളെ ദുരുപയോഗം ചെയ്യാനുള്ള തുരുപ്പുചീട്ടുകളാക്കരുതെന്ന താക്കീതും അവര്‍ നല്‍കുന്നുണ്ട്. വ്യത്യസ്തതകളെ അമര്‍ച്ചചെയ്തു കൊണ്ടല്ല, ഭാഷാക്ഷേത്രം പണിതുണ്ടാക്കേണ്ടതെന്ന് അവര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.    

ഭാഷാവൈവിധ്യവും ഭാഷാക്ഷേത്രസങ്കല്പവും

വാസ്തവത്തില്‍ ഭാഷാക്ഷേത്രം വൈവിധ്യത്തിനുള്ളിലെ സമന്വയത്തെ ക്കുറിച്ചാണ് പറയുന്നത്. പക്ഷേ ആ തത്വത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ പലപ്പോഴും വൈവിധ്യങ്ങളെ നിരാകരിച്ചുകൊണ്ടാവുന്നു എന്നിടത്താണ് പ്രശ്നം. ഭിന്നതകളുടെ സഹവാസം എന്ന ആശയത്തെ ഭിന്നതയ്ക്കെ തിരായി വ്യാഖ്യാനിച്ചെടുക്കുന്ന പ്രവണത കണ്ടുതുടങ്ങി. ഏകഭാഷാ മാതൃകയിലേക്കോ സാംസ്കാരിക ഏകത്വത്തിലേക്കോ പ്രത്യക്ഷമായി നയിക്കാന്‍ പാകത്തില്‍ ഒന്നും തന്നെ ഭാഷാക്ഷേത്രം എന്ന സങ്കല്പത്തിലില്ല.

പുറമേയ്ക്ക് വ്യത്യസ്ത പദാവലിയും വ്യാകരണവ്യക്തിത്വവും പ്രദര്‍ശി പ്പിക്കുമ്പോഴും ഭാഷകള്‍ ഒരേ ആന്തരികഘടന വഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് ഇന്ത്യന്‍ ദേശീയോദ്ഗ്രഥനത്തിന് വലിയ പിന്തുണ നല്‍കുന്നതാ യിരുന്നു. എന്നാല്‍ ഭാഷാക്ഷേത്രം എന്ന സങ്കല്പമോ ഭാഷാസംവ്രജനം എന്ന പ്രതിഭാസമോ ഭരണകൂടപ്രത്യയശാസ്ത്രത്തിന്‍റെ അനുഭാവപൂര്‍ണ്ണമായ സമീപനം ആര്‍ജ്ജിച്ചില്ല എന്നതും ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന സ്വഭാവമായി. വ്യത്യസ്തതകളെ അരിച്ചുമാറ്റി ഏകജാതീയതയിലേക്കു സഞ്ചരിക്കാനുള്ള പ്രവണതയെ അവര്‍ തെറ്റായി വ്യാഖ്യാനിക്കുക യായിരുന്നു. ഭാഷാക്ഷേത്രസങ്കല്പത്തിന്‍റെ അതേ ഭൂമികയില്‍ത്തന്നെ പ്രത്യക്ഷപ്പെട്ട മറ്റൊരു പരികല്പനയെ അടുത്തറിയാന്‍ ഇനി ശ്രമിക്കാം.

 

ഭാഷാനാഗരികത

1894 മുതല്‍ 1928 വരെയുള്ള കാലഘട്ടത്തില്‍ ഐറിഷ് ഭാഷാശാസ്ത്രജ്ഞനും ബ്രിട്ടീഷ് ഭരണകര്‍ത്താവുമായിരുന്ന സര്‍ ജോര്‍ജ്ജ് എബ്രഹാം ഗ്രിയേര്‍സണ്‍ നടത്തിയ ഇന്ത്യന്‍ ഭാഷകളെയും ഭാഷാഭേദങ്ങളെയും കുറിച്ചുള്ള സമഗ്രപഠനമായിരുന്നു ലിന്‍ഗ്വിസ്റ്റിക് സര്‍വ്വേ ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെടുന്നത്. 11വാള്യങ്ങളായി പ്രസിദ്ധീകരിച്ച പ്രസ്തുത സര്‍വ്വേ, ബ്രിട്ടീഷ് ഇന്ത്യയില്‍ 364 ഭാഷകളും 1179 ഭാഷാഭേദങ്ങളും തിരിച്ചറിയുകയുണ്ടായി. അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ പ്രദേശങ്ങളെല്ലാം ഉള്‍പ്പെടുന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട നാലു ഭാഷാകുടുംബങ്ങളിലെ ഭാഷകള്‍ തിരിച്ചറിയുമ്പോള്‍ത്തന്നെ ഇവ നാലിലും ഉള്‍പ്പെടാത്ത മറ്റുചില ഭാഷകളെക്കൂടി അദ്ദേഹത്തിന്‍റെ പഠനം കണ്ടെത്തിയിട്ടുണ്ട്. 

ഇതിനെത്തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയില്‍ പല പഠനങ്ങളും നടത്താന്‍ ശ്രമിച്ചെങ്കിലും അവയൊന്നും ലക്ഷ്യം കാണുകയുണ്ടായില്ല. 2007 മുതല്‍ മൈസൂര്‍ ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാന്‍ഗ്വേജസിന്‍റെ നേതൃത്വത്തില്‍ ‘നാഷണല്‍ ലിന്‍ഗ്വിസ്റ്റിക് സര്‍വ്വേ ഓഫ് ഇന്ത്യ’ ആരംഭിക്കുകയും അത് ഇപ്പോഴും വളരെ മന്ദഗതിയിലാണെങ്കിലും തുടര്‍ന്നു പോരികയും ചെയ്യുന്നു. 10000ലധികം പേര്‍ സംസാരിക്കുന്ന ഭാഷകളെക്കുറിച്ചുമാത്രമാണ് ഈ സര്‍വ്വേ ശ്രദ്ധിക്കുന്നത്. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ സര്‍വ്വേയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 

ഈ സന്ദര്‍ഭത്തിലാണ് പ്രൊഫ. ഗണേഷ് ഡേവി[iv]യുടെ നേതൃത്വത്തില്‍ 2010ല്‍ ആരംഭിച്ച ‘പീപ്പിള്‍സ് ലിന്‍ഗ്വിസ്റ്റിക് സര്‍വ്വേ ഓഫ് ഇന്ത്യ’ പ്രസക്തമാവുന്നത്. വഡോദരയിലുള്ള ഭാഷാ റിസര്‍ച്ച് ആന്‍റ് പബ്ലിക്കേഷന്‍ സെന്‍ററാണ് പഠനത്തിന് കളമൊരുക്കിയത്. 3500 ഓളം ഭാഷാവളണ്ടി യര്‍മാരുടെ ക്ലേശകരമായ പ്രവര്‍ത്തനഫലമായാണ് PLSI പഠനം പൂര്‍ത്തി യാക്കിയത്. 50 വാള്യങ്ങളിലായി 35000 പേജുവരുന്ന ആ റിപ്പോര്‍ട്ടില്‍ വര്‍ത്തമാന ഇന്ത്യയിലെ 780 ഭാഷകളെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരണമുണ്ട്. തദ്ദേശഭാഷകരില്‍നിന്ന് നേരിട്ട് ശേഖരിച്ച ദത്തങ്ങളാണ് ഈ പഠനത്തിന്‍റെ ആധാരം. ഗ്രാമങ്ങളും ആദിവാസി ഊരുകളും പട്ടണങ്ങളും നഗരകേന്ദ്രങ്ങളും ഒക്കെ ഇതിനായി സംഘം സന്ദര്‍ശിച്ചിട്ടുണ്ട്. ഓരോ ഭാഷയുടെയും ചരിത്രം, വര്‍ത്തമാനാവസ്ഥ, ഭാഷകരുടെ വിവരങ്ങള്‍, ഭാഷാപരമായ പ്രത്യേകതകള്‍, വാമൊഴിവഴക്കങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ, തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പഠനത്തിന്‍റെ ഓരോ വാള്യവും. ഭാഷാനാശഭീഷണിനേരിടുന്നവയെ പ്രത്യേകം സമീപിക്കാനും അവയിലെ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കാനും ഉള്ള ശ്രമങ്ങളില്‍ ഈ പഠനം മുഖ്യശ്രദ്ധചെലുത്തിയിട്ടുണ്ട്. 

1961ലെ ജനസംഖ്യാക്കണക്കനുസരിച്ച് 1652 മാതൃഭാഷകള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നതായി കണ്ടെത്തിയിരുന്നു. ഇത് 1971 ആവുമ്പോഴേക്കും 109 മാതൃഭാഷകള്‍ എന്നായി ചുരുങ്ങി. ഇന്ത്യന്‍ ഭരണകൂടം എല്ലായിപ്പോഴും ഭാഷാവൈവിധ്യത്തെ ഭയക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. അത് ദേശീയ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്നതാണ് ഭയം. 2011ലെ സെന്‍സസനുസരിച്ച് 121 ഭാഷകളാണുള്ളത്. അതില്‍ 22എണ്ണം ഷെ‍ഡ്യൂളില്‍ ഉള്‍പ്പെടുന്നവയും 99 എണ്ണം അതിലുള്‍പ്പെടാത്തവയും. ബാക്കിയുള്ള ഭാഷകള്‍ക്കൊക്കെ പതിനായിരത്തില്‍ത്താഴെ മാത്രമാണ് ഭാഷകരുള്ളതത്രേ. 2021ല്‍ ജനസംഖ്യാ കണക്കെടുപ്പു നടക്കാത്തതിനാല്‍ ഇപ്പോഴത്തെ ഭാഷകളുടെ നിജസ്ഥിതി ഒട്ടുംതന്നെ വ്യക്തമല്ല. പ്രൊഫ. ഡേവിയുടെ അഭിപ്രായത്തില്‍ ഭൂതകാലത്തിലേക്ക് നാം ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍ ഭാഷകളുടെ ശ്മശാനമാണ് കാണാനാവുക. ഓരോ ഭാഷ മരിക്കുമ്പോഴും ഓരോ ലോകവീക്ഷണങ്ങളാണ് നഷ്ടമാവുന്നത്. പി.എല്‍.എസ്.ഐയുടെ ഭാഗമായി പ്രൊഫ. ഡേവി ഭാഷകളിലെ‍ പാട്ടുകളും കഥകളുമൊക്കെ ശേഖരിച്ചിരുന്നു. ഭാഷയുടെ പലതരം ജീവിതങ്ങളാണ് മനുഷ്യന്‍റെ ജൈവികതയ്ക്ക് നിദാനമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.

ഉച്ചാരണഭാഷകളോടൊപ്പം PLSI ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏഴു വ്യത്യസ്ത ചിഹ്നഭാഷകളെയും കണ്ടെത്തി വിവരിക്കുന്നുണ്ട്. ബധിര-മൂകരോ, ജന്മനാ ഭാഷാവൈകല്യം സംഭവിച്ചവരോ ഒക്കെയായവരുടെ ആശയവിനിമയ സംവിധാനമാണത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അത്തരം ഭാഷകള്‍ക്ക് മുന്‍തൂക്കം കൊടുക്കണം, കാരണം അവരാണ് വാക്കിനായി യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവര്‍. വരമൊഴി നില നില്‍ക്കുന്ന ഭാഷകളില്‍, പ്രത്യേകിച്ചും അത് വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലെ വ്യതിയാനങ്ങള്‍ക്ക് സാധ്യത കുറയും. എന്നാല്‍ വാമൊഴി മാത്രമായുള്ള ഭാഷകളുടെ കാര്യത്തില്‍ വൈവിധ്യ ത്തിന്‍റെ തോത് കൂടുതലായിരിക്കും  


ആദിവാസി അക്കാദമി

പ്രൊഫ. ഡേവിയുടെ മറ്റൊരു പ്രധാന പ്രവര്‍ത്തനമേഖലയാണ് ആദിവാസി അക്കാദമി. യൂനിവേഴ്സിറ്റി പ്രൊഫസറായിരിക്കെ, തന്‍റെ കണ്‍മുന്നില്‍വെ ച്ച് ഭാഷകള്‍ മരിക്കുന്നതിനു സാക്ഷ്യം വഹിച്ച അദ്ദേഹം പ്രൊഫസര്‍ ജോലി ഉപേക്ഷിച്ച്, ചില വിദൂരമായ കുഗ്രാമങ്ങളില്‍ ചെന്ന് പ്രവര്‍ത്തനമാരംഭിച്ചു. രണ്ടുവര്‍ഷത്തോളം അദ്ദേഹം ആരോടും ഒന്നും സംസാരിച്ചിട്ടില്ലത്രേ. അവരുടെ ഭാഷയും വിനിമയവും ശ്രദ്ധിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അതോടൊപ്പം പുസ്തകവായനയും അദ്ദേഹം നിര്‍ത്തി. സ്വയം ഒരു നിരക്ഷരനാക്കിത്തീര്‍ന്നുകൊണ്ടുമാത്രമാണ് അദ്ദേഹത്തിന് ആ ഗോത്രവിഭാഗക്കാരില്‍ ഒരാളായിമാറാന്‍ കഴിഞ്ഞത്. അവരുടെ പാട്ടുകളും കഥകളും ഒക്കെ കേട്ട്, എഴുതിയെടുത്തു. അവരുടെ ഭാഷയ്ക്ക് ലിപിയില്ലായിരുന്നു. ആദിവാസി അക്കാദമി, അത്തരം ജീവിതങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയാണ് ആരംഭിച്ചത്. വാസ്തവത്തില്‍ ആ വിഭാഗക്കാര്‍ തന്നെയാണ് അക്കാദമി നടത്തുന്നത്. ഒരു സ്ഥാപനം തുടങ്ങി, ആദിവാസികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനല്ല, അവരെ കേള്‍ക്കാനും അവരുടെ ജ്ഞാനവ്യവസ്ഥ മനസ്സിലാക്കാനുമാണ് പ്രൊഫ. ഡേവി ഗുജറാത്തിലെ തേജ്ഘട്ടില്‍ ഈ അക്കാദമി ആരംഭിച്ചത്. അറിവിന്‍റെ അപകോളനീകരണത്തിനായി ഇത്തരം തദ്ദേശീയമായ ജ്ഞാനപദ്ധതികളെ ആശ്രയിക്കണമെന്ന സന്ദേശമാണ് ആദിവാസി അക്കാദമി നല്‍കുന്നത്. 

കുറ്റവാളി ഗോത്രങ്ങളും DNT അവകാശസംരക്ഷണങ്ങളും

ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് 1871ലെ കുറ്റവാളി ഗോത്ര നിയമ(CTA)മനുസരിച്ച്, ഇന്ത്യയിലുടനീളം ഇരുനൂറോളം സമൂഹങ്ങളെ ജന്മനാ കുറ്റവാളികളായി മുദ്രകുത്തിയിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ നിരന്തര നിരീക്ഷണത്തിനും കുറ്റാരോപണത്തിനും വിധേയമായിരുന്നു. 1952 ഓടെ ഈ നിയമം പിന്‍വലിക്കപ്പെട്ടെങ്കിലും അവരോടുള്ള മനോഭാവത്തിന് കാര്യമായ മാറ്റമൊന്നുമില്ലായിരുന്നു. തുടര്‍ന്ന് അവരെ denotified എന്ന വിഭാഗത്തില്‍പ്പെടുത്തുകയും സാമൂഹികഭ്രഷ്ടിനു തുല്യമായ അവഗണന കാണിക്കുകയും ചെയ്തിരുന്നു. 

ആദിവാസി അക്കാദമിയുടെ പ്രവര്‍ത്തനവേളയിലാണ് പ്രൊഫ. ഡേവി ഇത്തരം വിഭാഗങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത്. ഈ വിഭാഗക്കാര്‍ പട്ടികജാതിയിലോ പട്ടികവര്‍ഗ്ഗത്തിലോ ഉള്‍പ്പെടുന്നില്ലെന്നും നാടോടികളും ഭ്രഷ്ടരുമായ അവസ്ഥയില്‍ അവര്‍ തുടരുകയാണെന്നും ബോധ്യപ്പെട്ടു. ഇവരുടെ വീണ്ടെടുപ്പിനുവേണ്ടി പ്രൊഫ. ഡേവി DNT അവകാശസംരക്ഷണ സേന രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് ഇത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു. 

ഭാഷാനാഗരികത എന്ന സങ്കല്പം

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് യുവാവായിരുന്ന സര്‍ വില്യം ജോണ്‍സിന്‍റെ നേതൃത്വത്തില്‍ ഒരുകൂട്ടം ബ്രിട്ടീഷ് പണ്ഡിതര്‍ കൊല്‍ക്കത്ത കേന്ദ്രമാക്കി ‘ഏഷ്യാറ്റിക് സൊസൈറ്റി’ എന്നൊരു സംഘടന രൂപീകരിച്ചു. ഏഷ്യയിലെ സംസ്കാരങ്ങളെയും ചരിത്രത്തെയും പറ്റി പഠിക്കാനും അതുവഴി ഇവിടത്തെ വിജ്ഞാനഖനികളെ ലോകത്തിന് പരിചയപ്പെടുത്താ നുമായിരുന്നു അവരുടെ ശ്രമം. പ്രാചീന ഭാരതീയ കൃതികളെ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യാനും വ്യാഖ്യാനിക്കാനും അവര്‍ ശ്രമം നടത്തി. ‘ഇന്‍ഡോളജി’ എന്ന് പില്‍ക്കാലത്തറിയപ്പെട്ട വിജ്ഞാനശാഖയ്ക്കുതന്നെ അങ്ങനെ തുടക്കമായി. അക്കാലങ്ങളില്‍ ചരിത്രം എന്നൊരു ശാഖതന്നെ ഉണ്ടായിരുന്നില്ലെന്നു പറയാം. ഭൂതകാലത്തെ രേഖപ്പെടുത്താനുള്ള തികച്ചും പ്രാദേശികമായ സമ്പ്രദായങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബഖര്‍ (മറാഠി), ബുറന്‍ജി (അസം), തവാരിഖ് (പേര്‍ഷ്യന്‍), പനെജിറിഖ് (രാജസ്ഥാന്‍) തുടങ്ങിയ സമ്പ്രദായങ്ങളില്‍ മിത്തും ചരിത്രവും സംസ്കാര വുമൊക്കെ ഇടകല‍ര്‍ന്നു കിടക്കുന്ന തികച്ചും പ്രാദേശികമായ രീതികളാ യിരുന്നു ഉണ്ടായിരുന്നത്. വില്യം ജോണ്‍സിന്‍റെ നേതൃത്വത്തിലുള്ള പഠന ങ്ങള്‍ ഇവയെ ഉദ്ഗ്രഥിക്കുവാനും ഭൂതകാലത്തെ ഘടനാപരമായി മനസ്സിലാ ക്കാന്‍ പറ്റുന്ന തരത്തിലുള്ള പൊതുധാര കണ്ടെത്തി വിവരിക്കാനും സഹാ യകമായി. പേര്‍ഷ്യന്‍, സംസ്കൃതം, ലാറ്റിന്‍, ഗ്രീക്ക് തുടങ്ങിയ ഭാഷകള്‍ക്ക് പൊതുവായി ഒരു ഭാഷാമൂലം ഉണ്ടാവാനിടയുണ്ടെന്നും അതിന് ഇന്‍ഡോ-യൂറോപ്യന്‍ എന്നു വിളിക്കാമെന്നും അദ്ദേഹം സ്ഥാപിച്ചു. ഇന്ത്യയിലേയും യൂറോപ്പിലേയും ഭാഷകള്‍ക്ക് പൊതുവായ ഒരു കാലമുണ്ടെന്ന് തിരിച്ചറിയുന്നതോടെ ചരിത്രത്തിന്‍റെ ചിത്രം തന്നെ മാറി. നമ്മുടെ ഭൂതകാലം വേദകാലത്തോളം പിന്നിലേക്കു നീട്ടി ഒരു സമ്പന്നമായ പശ്ചാത്തലം സൃഷ്ടിക്കാനും അതുവഴി സാധിച്ചു. ചരിത്രാത്മകഭാഷാശാസ്ത്രം എന്നൊരു ശാഖ തന്നെ പിറവിയെടുക്കുന്ന ഘട്ടമായിരുന്നു അത്. കഥകളും ആഖ്യാനങ്ങളും ഓര്‍മ്മകളും മിത്തുകളും എല്ലാം സ്വരൂപിച്ച് നിര്‍മ്മിച്ചെ ടുക്കുന്ന ഒരു വസ്തുനിഷ്ഠഭൂതകാലമാണത്. ഇതിനായി ഇവിടെയുണ്ടായി രുന്ന പലതരം ലിപികളും കൃതികളും വായിച്ചെടുക്കുകയും അവയെ പൊതുബോധത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യണ മായിരുന്നു. അതിന്‍റെ ഫലമായി നായകകേന്ദ്രിതമായ ഒരു ബ്രിട്ടീഷ് മോഡല്‍ ചരിത്രരചന ആരംഭിച്ചതായി കാണാം. തോമസ് കാര്‍ലൈലിനെ(1841) പ്പോലെയുള്ള ചരിത്രകാരന്മാര്‍ മഹാന്മാരുടെ ജീവചരിത്രമായി ചരിത്രത്തെ വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ.

തുടര്‍ന്ന് ആറാം നൂറ്റാണ്ടുമുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെ നീളുന്ന ഇന്ത്യന്‍ ഭക്തിപ്രസ്ഥാനം സംസ്കൃതഭാഷയുടെയും ജ്ഞാനപദ്ധതിയു ടെയും അപ്രമാദിത്വത്തിനെതിരെ പ്രാദേശികതകള്‍ നടത്തിയ കലാപമായി രുന്നു. ആഴ്‌വാര്‍മാരുടെയും നായനാര്‍മാരുടെയും ഭക്തിതരംഗങ്ങള്‍ തമിഴില്‍ ശക്തമാവുന്ന കാലമായിരുന്നു തുടക്കം. കര്‍ണാടകത്തില്‍ ബസവണ്ണ, അക്കമഹാദേവി, അല്ലമ്മ പ്രഭു തുടങ്ങിയവരും വടക്കേയിന്ത്യ യില്‍ കബീറും സൂര്‍ദാസും തുളസീദാസും മീരാഭായിയും കിഴക്ക് ചൈതന്യ മഹാപ്രഭുവും വിദ്യാപതിയും പടിഞ്ഞാറ് തുക്കാറാമും നാമദേവും ഏകനാഥും നമുക്കുതന്നെ എഴുത്തച്ഛനും ഒക്കെ ഇത്തരത്തില്‍ വൈയക്തി കവും പ്രാദേശികവുമായ ചിന്തകള്‍കൊണ്ട് സംസ്കൃതഗാംഭീര്യത്തെ പ്രതി രോധിക്കുകയായിരുന്നു. വിജ്ഞാനത്തിലെ ശ്രേണീഘടനയെ വെല്ലുവിളി ക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. പുതിയ വാമൊഴി വഴക്കങ്ങള്‍ മുഖ്യധാരയിലെത്തുന്ന സന്ദര്‍ഭം. പുതിയ ആത്മീയ-സാമൂഹ്യകലാപം. ഷെല്‍ഡണ്‍ പൊള്ളോക്കിനെ(1998)പ്പോലുള്ള പാശ്ചാത്യപണ്ഡിതര്‍ ഇതി നെ വിശേഷിപ്പിച്ചത് “വെര്‍ണാക്കുലര്‍ മിലേനിയം” എന്നായിരുന്നു.

ദക്ഷിണേഷ്യയിലെ നാട്ടുഭാഷകളുടെ ഉദയം സ്വാഭാവികമായ ഒരു ഭാഷാപരിണാമമായിരുന്നില്ല, മറിച്ച് ബോധപൂര്‍വ്വമുള്ള സാംസ്കാ രിക - രാഷ്ട്രീയ നീക്കമായിരുന്നു. പ്രാദേശികജ്ഞാനങ്ങളിലൂടെ സമൂഹത്തെയും അധികാരത്തെയും സങ്കല്പിക്കാനുള്ള പുത്തന്‍ മാര്‍ഗ്ഗമാണത്(Pollock 1998, 42).

ഇന്ത്യാചരിത്രത്തില്‍ പൊതുവായ ഒരു കാലഗണനയോ പ്രസ്ഥാന വിഭജനമോ സാധ്യമല്ല. വ്യത്യസ്ത ജനതകളും സംസ്കാരങ്ങളും ചിതറിക്കി ടക്കുന്ന ഇന്ത്യയില്‍ ചരിത്രവും വ്യത്യസ്ത തോതിലായിരിക്കും വികസിക്കുക. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനപാദം വരെയും കാര്യങ്ങള്‍ ഇങ്ങനെ അവ്യവസ്ഥിതമായി കടന്നുപോയെങ്കിലും പിന്നീടുവന്ന ചരിത്രത്തിന്‍റെ കീഴാളപക്ഷവ്യാഖ്യാനങ്ങള്‍ ഏതാണ്ട് ഒരേകാലത്തുതന്നെ ഇന്ത്യയില്‍ പ്രത്യേകിച്ചും, ലോകത്താകമാനവും പ്രത്യക്ഷപ്പെട്ടു. 

അതിനിടയ്ക്ക് പ്രത്യക്ഷപ്പെട്ട ജനിതകശാസ്ത്രം ചരിത്രത്തെ കൂടുതല്‍ സങ്കുചിതവും സങ്കീര്‍ണ്ണവുമാക്കി മാറ്റി. ലോകജനതയേയും ചരിത്രത്തേയും ആകെത്തന്നെ കളങ്കപ്പെടുത്തിയ ജനിതകശുദ്ധിവാദ (Eugenics)ത്തിന്‍റെ അനന്തരഫലങ്ങള്‍ നാം ലോകമഹായുദ്ധങ്ങളില്‍ കണ്ടതാണ്. ഭൂതകാലത്തെക്കുറിച്ചുള്ള ഏതുതരം ചിന്തയും ജനിതക ധാരകളെ അന്വേഷിക്കുന്ന വഴി തെരഞ്ഞെടുത്താല്‍ അത് അപകടകര മായിരിക്കും എന്നത് തീര്‍ച്ചയാണ്. 

പാശ്ചാത്യര്‍ വംശീയതയുടെയും ഭാഷയുടെയും ശുദ്ധിയില്‍ ശഠിച്ചപ്പോള്‍ ഇന്ത്യ ഇവയുടെ കലര്‍പ്പിനേയും മൊഴിമാറ്റങ്ങളേയും ഭാഷകളുടെ സഹവര്‍ത്തിത്വത്തേയും ആഘോഷിക്കുകയായിരുന്നു. നമ്മള്‍ ബഹുഭാഷാനാഗരികതയാണ്, ഏകഭാഷാരാജ്യമല്ല. (ഡേവി 2018)

നാഗരികതകളെക്കുറിച്ചുള്ള അടിസ്ഥാനധാരണകളെ തിരുത്തിക്കൊണ്ടാ ണ് പ്രൊഫ. ഡേവിയുടെ ഭാഷാനാഗരികത (Linguistic Civilisation) എന്ന പരികല്പന പ്രത്യക്ഷപ്പെട്ടത്. ചരിത്രത്തിലുടനീളം മനുഷ്യര്‍ അതിജീവിച്ചത് മറ്റുജീവികളേക്കാള്‍ ബുദ്ധിയുള്ളതുകൊണ്ടല്ല, ഭാഷ കൈകാര്യം ചെയ്യുന്ന തുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഭാഷ. മറ്റു ജീവിവര്‍ഗ്ഗങ്ങളില്‍നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്നത് ഭാഷാപരമായ കഴിവാണ്. ഹോമോസാപ്പി യന്‍സ്, ബുദ്ധിയുള്ള ജീവിയായതുകൊണ്ടല്ല, ഭാഷ ഉപയോഗിക്കുന്ന ജീവിയായതുകൊണ്ടാണ് നിലനില്‍ക്കുന്നത് എന്നു തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഓരോ ഭാഷയും അനന്യമായ ലോകവീക്ഷണമാണെന്ന് പ്രൊഫ. ഡേവി സ്ഥാപിക്കുന്നു. കേവലം ആശയവിനിമയം മാത്രമല്ല ഭാഷയുടെ ധര്‍മ്മം. അത് മനുഷ്യനെ കൂട്ടായി ജീവിക്കാനും കൂട്ടായ സ്വപ്നങ്ങള്‍ കാണാനും പ്രതികൂല ശക്തികളെ കൂട്ടായി പ്രതിരോധിക്കാനും പ്രാപ്തമാക്കുന്നു. ഭാഷയില്ലെങ്കില്‍ മനുഷ്യസമൂഹം എന്നൊരു പ്രതിഭാസം തന്നെ ഉണ്ടാവുകയില്ല. മറ്റുജീവികള്‍ക്കൊക്കെ ഉള്ളത് പറ്റങ്ങളാണ്. അവയ്ക്ക് പരിമിതമായ ചോദനകളും പ്രതികരണങ്ങളും മാത്രമാണുള്ളത്. അതിജീവനത്തിനായി പ്രകൃതിതന്നെ ഒരുക്കിയ ഒരു സംവിധാനം. എന്നാല്‍ മനുഷ്യന്റെ സ്ഥിതി വ്യത്യസ്തമാണ്. ഇപ്പോഴില്ലാത്ത ഭൂതകാലത്തെയും ഭാവിസാധ്യതയെയും ഭാഷയിലൂടെ മനുഷ്യന് കൈകാര്യം ചെയ്യാനാവും. 

ഭാഷ ആ അര്‍ത്ഥത്തില്‍ കേവലം ചിഹ്നങ്ങളുടെയോ ഘടകങ്ങളു ടെയോ ആകത്തുകയല്ല. മനുഷ്യബോധങ്ങളെ തമ്മില്‍ ബന്ധിക്കുന്ന അന്തര്‍വൈയക്തികമായ വലക്കണ്ണിയാണത്. ബോധമനസ്സിനെ ബാഹ്യ ലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഭാഷ. പ്രൊഫ. ഡേവി ആവര്‍ത്തി ച്ചുപറയുന്ന ഒരു കാര്യം, ഈ പാലമില്ലായിരുന്നെങ്കില്‍ മനുഷ്യന് ഈ ലോക ത്തെ സങ്കല്പിക്കാനോ ആ ലോകത്ത് ജീവിക്കാനോ സാധിക്കുമായിരുന്നില്ല എന്നതാണ്. 

ലോകത്തെമ്പാടും നാഗരികതകള്‍ വളരുന്നത് നഗരകേന്ദ്രിതമായിട്ടാണ്. എന്നാല്‍ ഇന്ത്യന്‍ നാഗരികതയുടെ കേന്ദ്രത്തില്‍ ഒരു നഗരം കാണിക്കാ നില്ല. അതിനു പകരം ഓരോ ആവാസവ്യവസ്ഥയും ഓരോ സെറ്റില്‍മെന്റും അവരുടേതായ ഭാഷയും അതിന്റെ ബഹുസ്വരതയും ഉപയോഗിച്ച് അതിജീവിക്കാന്‍ പ്രാപ്തമാക്കുകയായിരുന്നു. 65000വര്‍ഷങ്ങള്‍ക്കുമുമ്പാ ണ് ഹോമോ സാപിയന്‍സ് ആഫ്രിക്കയില്‍നിന്ന് മറ്റുദേശങ്ങളിലേക്ക് സഞ്ചരിച്ചുതുടങ്ങിയത്. അവര്‍ക്ക് സഞ്ചാരം സാധ്യമാക്കിയത് ഭാഷയാണ്. ഭാഷയെ ആയുധമാക്കാന്‍ കഴിഞ്ഞതുകൊണ്ടുകൂടിയാണത്. വിളിക്കാനും ഒന്നിപ്പിക്കാനും താക്കീതുനല്‍കാനും അപകടഭീഷണി തിരിച്ചറിയാനും ആവര്‍ത്തിക്കാനും ഓര്‍മ്മിക്കാനും ഒക്കെ മനുഷ്യന് കഴിഞ്ഞത് ഭാഷ ഒന്നുകൊണ്ടു മാത്രമാണ്.  

ജനസംഖ്യാകെട്ടുകളും (Population Knots) ഭാഷാനാഗരികതയും

വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമകാലത്ത് ഒരുസ്ഥല ത്തുതന്നെ കാലങ്ങളായി കഴിഞ്ഞുകൂടുമ്പോള്‍ അവിടത്തെ വിഭവങ്ങള്‍ തീര്‍ന്നുപോവുന്നതുകൊണ്ട് വലിയ വലിയ സംഘങ്ങളായി മനുഷ്യക്കൂട്ട ങ്ങള്‍ക്ക് ഭൂഖണ്ഡങ്ങള്‍തോറും പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒരിടം വിട്ടു പോകുമ്പോള്‍, കുറച്ചുപേര്‍ അവിടെത്തുന്നെ തങ്ങിയാലും അവര്‍ക്കുവേണ്ട ഭക്ഷണവും മറ്റു വിഭവ ങ്ങളും അവശേഷിക്കും. ഇത്തരത്തില്‍ 800 -900 പേരൊക്കെവരുന്ന സംഘം പലായനത്തില്‍നിന്നും വിട്ട് അവിടെത്തന്നെ തങ്ങിനില്‍ക്കുന്നതിനെയാണ് നരവംശശാസ്ത്രതത്വമനുസരിച്ച് ജനസംഖ്യാകെട്ടുകള്‍(Population knots) എന്നു പറയുന്നത്. ഇവര്‍ ചെറിയ ഗോത്രസമൂഹങ്ങളായി ആ അന്തരീക്ഷത്തില്‍ ജീവിക്കുകയും അവരുടേതായ ഒരു വിനിമയസംവിധാനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു പുതിയതരം ഭാഷ അവിടെ വികാസം പ്രാപിക്കുന്നു. 

ഭാഷാനൈരന്തര്യത്തിന്‍റെ ഒരു പ്രഭവകേന്ദ്രം ഇത്തരം ഗോത്രങ്ങളിലു ണ്ടാവും. പില്‍ക്കാലത്ത് കാടുകളിലും ദ്വീപുകളിലും മലമുകളിലും എന്തിന് നഗരമധ്യത്തില്‍പ്പോലും ഇത്തരം ഭാഷാസമൂഹങ്ങള്‍ ഒറ്റപ്പെട്ടുകാണപ്പെടാം. ചുറ്റുപാടുമുള്ള ഭാഷകളുടെ ക്രമിക വികാസത്തിലൊന്നും ഉള്‍പ്പെടാതെ ഒറ്റപ്പെട്ടുപോകുന്ന ചുരുക്കം ചില മനുഷ്യരുടെ ഭാഷാവ്യവസ്ഥയായി അതു നിലനില്‍ക്കാം. നമ്മുടെ ഔദ്യോഗിക ഭാഷാകണക്കുകളിലൊന്നും ഇവ ഉള്‍ച്ചേരുന്നില്ല. അവരെ അദൃശ്യജനതയായി തള്ളിക്കളയാനാണ് അധികൃതര്‍ ശ്രമിക്കുക. എന്നാല്‍ പ്രൊഫ. ഡേവിയുടെ PLSI ഇത്തരം ധാരാളം ജനസംഖ്യാകെട്ടുകള്‍ കണ്ടെത്തി വിശദീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ അത്തരം 29ഓളം ഭാഷകള്‍ (നിലവിലുള്ള ഒരു ഭാഷാകുടുംബ ത്തിലും അവ ഉള്‍പ്പെടുന്നില്ല) കണ്ടെത്തിയിട്ടുണ്ട്. ഹോളോസീന്‍ കാലഘട്ടം മുതല്‍(ബി.സി.9700 നുശേഷം) ഈ ഭാഷകള്‍ നിലനിന്നിരുന്നതായി തെളി വുകളുണ്ട്. ഇന്ത്യയില്‍ പില്‍ക്കാലത്ത് കാര്‍ഷികസമൂഹങ്ങള്‍ രൂപപ്പെടുന്ന കാലംവരെ ഇത്തരം ജനസംഖ്യാകെട്ടുകള്‍ നിലനിന്നിരുന്നതായി പ്രൊഫ. ഡേവി പറയുന്നു. കാരണം, കാര്‍ഷികസംസ്കാരം അതുവരെ നിലനി ന്നിരുന്ന ഇതരസംസ്കാരങ്ങളെ മുഴുവന്‍ ഏകജാതീയമാക്കി മാറ്റുന്നുണ്ട്. നിലനില്‍ക്കുന്ന സംസ്കാരങ്ങള്‍ക്കുമീതെ ഒരു അതീതപാളിയായി കാര്‍ഷികസംസ്കാരം പ്രത്യക്ഷപ്പെടുന്നു. ഈ കാര്‍ഷികസംസ്കാരത്തിലെ മിച്ചമൂല്യമാണ് നഗരവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്തുന്നത്. 

ഇന്ത്യന്‍ ഭാഷാനാഗരികതയുടെ അടിസ്ഥാനം

ബി.സി. 2600ഓളം പഴക്കമുള്ള സിന്ധുനദീതടസംസ്കാരം വികാസം പ്രാപിക്കുന്നതിനും എത്രയോ മുമ്പുതന്നെ ഇന്ത്യയില്‍ അനേകം ശക്തമായ ഭാഷകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. മഹാഭാരതം ആദിപര്‍വ്വ ത്തില്‍ത്തന്നെ അതിന്‍റെ സൂചനകള്‍ കണ്ടെത്താനാവുമെന്ന് പ്രൊഫ. ഡേവി പറയുന്നു. നൂറായിരം ഭാഷകളില്‍ നിലനിന്ന കഥകളുടെ ശേഖരമാണ് മഹാഭാരതം. പൊതുവര്‍ഷം 7-9 നൂറ്റാണ്ടുകളില്‍ ഉണ്ടായ മാതംഗമുനിയുടെ ബൃഹദ്ദേശി ഇന്ത്യന്‍ സംഗീതത്തിന്‍റെ ആദിമഗ്രന്ഥമാണ്. “രഞ്ജയതി ഇതി രാഗഃ” എന്ന നിര്‍വ്വചനത്തിലൂടെ മുനി വേദമന്ത്രോച്ചാരണങ്ങളില്‍നിന്നും മനസ്സിനെ രഞ്ജിപ്പിക്കുന്ന സംഗീതത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക യായിരുന്നു. അതുപോലെത്തന്നെ പ്രാദേശികസംഗീതപാരമ്പര്യങ്ങളെ മുഴു വന്‍ സമ്മേളിപ്പിക്കാനുള്ള ശ്രമവും അതില്‍ നടത്തുന്നുണ്ട്. ദേശികളുടെ ബൃഹദ് സ്വരൂപമാണത്. മാര്‍ഗ്ഗമെന്നും ദേശിയെന്നും വിഭജിച്ച് ക്ലാസ്സിക്കല്‍ - ഫോക്ക് പാരമ്പര്യത്തെ അടയാളപ്പെടുത്താന്‍ നടത്തുന്ന ആദ്യത്തെ ശ്രമവും കൂടിയായിരുന്നു അത്. മാതംഗമുനിയുടെ ഈ ശ്രമത്തെ ഇന്ത്യയുടെ സര്‍വ്വസംഗ്രാഹിയായ സാംസ്കാരികമാതൃകയുടെ (inclusive cultural model) തെളിവായി പല സാമൂഹ്യശാസ്ത്രജ്ഞരും ഉയര്‍ത്തിക്കാണിക്കുന്നു.

എട്ടാം നൂറ്റാണ്ടോടുകൂടി വാമനാചാര്യന്‍റെ കാവ്യാലങ്കാരസൂത്രവൃത്തി പ്രത്യക്ഷപ്പെടുകയും കാവ്യത്തിന്‍റെ ആത്മാവായി രീതിയെ പ്രതിഷ്ഠി ക്കുകയും ചെയ്തു. രീതിയെന്നത് വാസ്തവത്തില്‍ ഇന്ത്യയുടെ വിഭിന്നമായ പ്രാദേശിക സമ്പ്രദായം തന്നെയാണ്. ആധുനിക മഹാരാഷ്ട്ര - നാഗ്‍പൂര്‍ പ്രദേശമായിരുന്ന വിദര്‍ഭദേശത്തേത് വൈദര്‍ഭിയും ബംഗാളിന്‍റെയും ബീഹാറിന്‍റെയും ഭാഗമായിരുന്ന ഗൗഡദേശത്തേത് ഗൗഡീ രീതിയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശത്തിന്‍റെ ഭാഗമായിരുന്ന പാഞ്ചാലദേശത്തേത് പാഞ്ചാലീ രീതിയും ആയിട്ടാണ് വാമനാചാര്യന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ പ്രാദേശിക സംസ്കാരവ്യത്യാസങ്ങളുടെയും ജീവിതവീക്ഷണ ങ്ങളുടെയും പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സൗന്ദര്യശാസ്ത്രം ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇവയെല്ലാം ബൃഹദ്‍പാരമ്പര്യത്തിനെ തിരാണെന്നോര്‍ക്കണം. 

അക്കാലത്ത് ശ്രേഷ്ഠം, നീചം എന്ന മട്ടില്‍ ഭാഷകളുടെ തരംതിരിവു ണ്ടായിരുന്നില്ല. അന്നത്തെ സാഹിത്യം സംസ്കൃതം, പാലി, പ്രാകൃതം (അതില്‍ത്തന്നെ മഹാരാഷ്ട്രി, ശൗരസേനി, മാഗധി, അര്‍ദ്ധമാഗധി, പൈശാചി, അപഭ്രംശം തുടങ്ങിയ വകഭേദങ്ങള്‍) തുടങ്ങിയ ഭാഷകളി ലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. കഥാസരിത്‍സാഗരം തന്നെ ഇതിന് ഉദാഹരണ മാണ്. 

പതിനൊന്നാം നൂറ്റാണ്ടുമുതലുള്ള വിദേശസഞ്ചാരികളെല്ലാം ഇവിടെ 16 മുതല്‍ 20ഓളം ഭാഷകള്‍ നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊളോണിയലിസത്തിന്‍റെ കാലത്തുടനീളം പലവിധ ഭാഷാകൈമാറ്റങ്ങളും ഭാഷാപോഷണങ്ങളും നടന്നിട്ടുണ്ട്. ബ്രിട്ടീഷുകാരെ നമുക്ക് ഒരുപാടു കാര്യങ്ങളില്‍ പഴിചാരാമെങ്കിലും അക്കാലത്താണ് ഏറ്റവും കൂടുതല്‍ പ്രാദേശികസാഹിത്യങ്ങള്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ധാരാളം ഭാഷകളും അതുകൊണ്ടുതന്നെ ധാരാളം ദൈവങ്ങളും ധാരാളം വിശ്വാസസംഹിതകളും ഇവിടെ പതിനായിരക്കണ ക്കിന് വര്‍ഷങ്ങളായി സഹവസിച്ചിരുന്നു എന്നതിന് ചരിത്രം സാക്ഷ്യമാണ്. 

ഏകഭാഷാസമൂഹവും ഏകജാതീയസംസ്കാരവും

1881മുതല്‍ ഓരോ പത്തുവര്‍ഷത്തിലും നടത്തിവരുന്ന ജനസംഖ്യാകണ ക്കെടുപ്പില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന മാതൃഭാഷകളുടെ ഏകദേശരൂപം നമുക്കു ലഭിക്കും. 1961ല്‍ 1652 ആയിരുന്ന മാതൃഭാഷകള്‍ 2011 ആയപ്പോഴേക്കും 1369 ആയി ചുരുങ്ങി. 50 വര്‍ഷംകൊണ്ട് ഇന്ത്യയില്‍ 300 മാതൃഭാഷകള്‍ അപ്രത്യക്ഷമായി എന്നര്‍ത്ഥം. പ്രൊഫ. ഡേവിയെ സംബന്ധിച്ചിടത്തോളം ഭാഷകള്‍ക്ക് സ്വാഭാവികമരണം സാധ്യമല്ല. അതിനെ ഏതെങ്കിലും ശക്തി കൊല്ലുക തന്നെ വേണം. ഭാഷാവൈവിധ്യത്തിന്‍റെ സമ്പന്നതയും സമൃദ്ധിയും സൃഷ്ടിച്ചെടുത്ത ഇന്ത്യന്‍ സാഹചര്യത്തില്‍ അധികാരശക്തികള്‍ ബോധപൂര്‍വ്വം നടത്തുന്ന ഇടപെടലാണ് ഇത്തരം ഭാഷാഹത്യകള്‍ക്കു കാരണം. വൈവിധ്യങ്ങളേയും വ്യക്തിത്വങ്ങളേയും അധികാരത്തിന് ഒരുകാലത്തും പൊറുപ്പിക്കാനാവില്ല. ഇന്ത്യയില്‍ പില്‍ക്കാലത്തുണ്ടായ ഭാഷാകലാപങ്ങളെല്ലാം തന്നെ രാഷ്ട്രീയ മുതലെടുപ്പു കളായിരുന്നെന്ന് നമുക്കറിയാം. കാരണം 45000ത്തോളം വര്‍ഷമായി യാതൊരു സംഘര്‍ഷവുമില്ലാതെ സഹവസിച്ചിരുന്ന ഭാഷകള്‍ പെട്ടെന്ന് യുദ്ധം പ്രഖ്യാപിക്കുന്നത് യുക്തിസഹമല്ലല്ലോ. മാറിവരുന്ന സര്‍ക്കാരുകളും രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും ഭാഷാവൈവിധ്യത്തിനേല്‍പ്പിക്കുന്ന ആ ഘാതമാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ മുറിവ്. ഇന്ത്യയെ ഒരു ഏകഭാഷാരാഷ്ട്രമാക്കിത്തീര്‍ക്കാന്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമ മാണിതിനുപിന്നില്‍. ഭാഷാവൈവിധ്യംകൊണ്ടു സമ്പന്നമായ ഇന്ത്യയാണ് ലോകത്തിനു മാതൃകയാവുക. അല്ലാതെ ഒരു മഹാജനസമൂഹം മുഴുവന്‍ ഒരൊറ്റ ഭാഷ സംസാരിക്കുന്നതല്ല. 

മറ്റെല്ലാ നാഗരികതകളും നഗരം കേന്ദ്രമാക്കി വളര്‍ന്നുവന്ന് അതിന്‍റെ അധിത്യകയില്‍ സ്വയം ജീര്‍ണ്ണിക്കുന്ന കാഴ്ചയാണ് നാം ചരിത്രത്തിലുടനീളം കാണുന്നത്. മെസോപ്പൊട്ടേമിയന്‍, ഈജിപ്ഷ്യന്‍, ഹാരപ്പന്‍, ചൈനീസ്, ഗ്രീക്ക്, റോമന്‍, പേര്‍ഷ്യന്‍, മായന്‍, ആഫ്രിക്കന്‍ തുടങ്ങി ലോകം കണ്ട പ്രധാന നാഗരികതകളെല്ലാം നിശ്ചിത കാലയളവിനു ശേഷം സ്വാഭാവിക മായി മണ്ണടിയുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ നാഗരികത തകരാതിരിക്കുന്നതിനു കാരണം അത് നഗരകേന്ദ്രിതമല്ല, ഭാഷാകേന്ദ്രിത മാണ് എന്നതാണ്. അതുകൊണ്ട് ഇന്ത്യന്‍ നാഗരികതയെ ഭാഷാനാഗരികത എന്നുവിളിക്കണം. അതും ഏകജാതീയമായ നാഗരികതയല്ല, വൈവിധ്യ ത്തിലും വൈചിത്ര്യത്തിലും ഊന്നിയ ലോകവീക്ഷണങ്ങളുടെ സമാഹാര മാണത്. ഭാഷകളുടെയും സംസ്കാരത്തിന്‍റെയും അതുവഴി ജനങ്ങളുടെയും അതിജീവനത്തിന് ആധുനികകാലത്ത് ഭാഷാവൈവിധ്യം നിലനിര്‍ത്തേണ്ട ത് അത്യന്താപേക്ഷിതമാണ്. ലോകം മുഴുവന്‍ ഒരൊറ്റ ചിഹ്നവ്യവസ്ഥയി ലേക്കു മാറുന്ന ആഗോളവല്‍ക്കരണത്തിന്‍റെ കാലത്ത് പ്രത്യേകിച്ചും.

ഭാഷാക്ഷേത്രവും ഭാഷാനാഗരികതയും – പാരിസ്ഥിതികവീക്ഷണത്തില്‍

പാരിസ്ഥിതികഭാഷാശാസ്ത്രം ഭാഷകളെ ജീവനുള്ളതും പാരസ്പര്യത്തില ധിഷ്ഠിതവുമായ ഒരു ജൈവവ്യൂഹത്തിന്റെ ഭാഗമായി കാണുന്നു. എല്ലാതര ത്തിലുള്ള സരളവല്‍ക്കരണങ്ങളേയും അത് ചെറുക്കുന്നുണ്ട്. ശ്രേണീ ബദ്ധവും ഏകജാതീയവുമായ സാമൂഹികാവസ്ഥകള്‍ക്കുപകരം വൈവിധ്യ ങ്ങളിലും സുസ്ഥിരതയിലും സഹഭാവത്തിലും അധിഷ്ഠിതമായ ജൈവാന്ത രീക്ഷത്തെ അത് പ്രോത്സാഹിപ്പിക്കുന്നു. ഭാഷാവൈവിധ്യത്തെ ജൈവസമൃ ദ്ധിയുടെ തോതായി അത് കാണുന്നു.

ഭാഷകള്‍ ഒറ്റപ്പെട്ടു നിലകൊള്ളുന്നില്ല. ഒരു ആവാസവ്യവസ്ഥയില്‍ മറ്റേ തൊരു ജീവിയും നിലനില്‍ക്കുന്നതുപോലെ അവ സഹജീവനത്തിലും സഹകരണത്തിലും പരസ്പരസ്വാധീനത്തിലും ഉള്‍പ്പെട്ട് നിലനില്‍ക്കുന്നു (സ്റ്റിബെ 2015).

ഭാഷാക്ഷേത്രം എന്ന അവസ്ഥ ഭാഷകളുടെ പരസ്പരസമ്പര്‍ക്ക സ്വാധീനത്തെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഭാഷാനാഗരികത ഒരുപടികൂടി കടന്ന് സാംസ്കാരികമായി നെയ്തെടുക്കപ്പെട്ട നാഗരികാവബോധത്തിന്‍റെ സൂചനയാണ് നല്‍കുന്നത്. പാരിസ്ഥിതികമായ ഉള്‍ക്കാഴ്ചയില്‍ ഭാഷാക്ഷേ ത്രത്തേക്കാള്‍ ജൈവികത ഭാഷാനാഗരികതയ്ക്കാണെന്നു കാണാം. നാഗരികത എന്ന പദം മനുഷ്യനിര്‍മ്മിതവ്യവഹാരത്തെ കുറിക്കുന്നുണ്ടെ ങ്കിലും ഒരു ജീവിവര്‍ഗ്ഗമെന്ന നിലയില്‍ മനുഷ്യന്‍റെ പ്രാകൃതികസത്ത ഏറ്റവും സ്വാഭാവികമായി നിലനില്‍ക്കുന്നത് ഭാഷാനാഗരികതയിലാണ്. പ്രകൃതിയി ലെപ്പോലെത്തന്നെ വൈവിധ്യം ആഘോഷിക്കപ്പെടുന്ന അവസ്ഥയാണത്. ആരോഗ്യകരമായ ഒരു മനുഷ്യാവസ്ഥ എന്നുവേണമെങ്കില്‍ അതിനെ വിശേ ഷിപ്പിക്കാം. പരസ്പരസമ്പര്‍ക്കത്തിന്‍റെ യാദൃശ്ചികതയിലാണ് ഭാഷാക്ഷേ ത്രം എന്ന പരികല്പന നിലനില്‍ക്കുന്നതെങ്കില്‍ അവബോധത്തിന്‍റെ ഉള്‍ക്ക നമുള്ള ഒരു വീക്ഷണമാണ് ഭാഷാനാഗരികതയെ കൂടുതല്‍ പ്രസക്ത മാക്കുന്നത്. പ്രത്യേകിച്ചും ആഗോളീകരണത്തിന്‍റെയും നിര്‍മ്മിതബുദ്ധി യുടെയും ഏകജാതീയപ്രവണതകളുടെ സന്ദര്‍ഭത്തില്‍.

ഉപസംഹാരം

വര്‍ത്തമാനകാലം കൃത്രിമസ്മൃതിയുടെ കാലമാണെന്നാണ് പ്രൊഫ. ഡേവി അഭിപ്രായപ്പെടുന്നത്. ‘പ്രതീതിലോകത്തിന്‍റെയും കൃത്രിമസ്മൃതിയുടെയും കാലത്തെ ജനാധിപത്യം’ (2021) എന്ന പ്രബന്ധത്തില്‍ അദ്ദേഹം രണ്ടുതരം ഓര്‍മ്മകളെക്കുറിച്ചു പറയുന്നുണ്ട്; സ്വാഭാവികവും കൃത്രിമവും. സ്വാഭാവിക സ്മൃതി മനുഷ്യാനുഭവങ്ങളിലും സംസ്കാരത്തിലും വാമൊഴിപാരമ്പര്യ ത്തിലും ഒക്കെ ബദ്ധമാണ്. എന്നാല്‍ കൃത്രിമസ്മൃതി, കമ്പ്യൂട്ടറുകളിലും ക്ലൗഡ് സ്റ്റോറേജിലുമൊക്കെ ശേഖരിച്ചുവയ്ക്കുന്ന ദത്തങ്ങളുടെ രൂപത്തിലുള്ളതാണ്. വര്‍ത്തമാനകാലത്ത് മനുഷ്യരുടെ ഓര്‍മ്മകളും രണ്ടാമത്തെ വിഭാഗത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം തിരിച്ചറിയുന്നു. സംഭവങ്ങളും വ്യക്ത്യനുഭവങ്ങളും അറിവുകളുമൊക്കെ  ത്തന്നെ മനുഷ്യാനുഭവത്തിന്‍റെ ഭാഗമാവാതെ എടുത്തുവയ്ക്കുന്ന ഒരവ സ്ഥ. അത് എന്തുതരം ഓര്‍മ്മയാണെന്നുപോലും നാം തിരിച്ചറിയുന്നില്ല. സന്ദര്‍ഭമോ വൈകാരികതയോ ഒന്നുമില്ലാതെ ഭൂതവും ഭാവിയുമില്ലാതെ കേവലദത്തമായി അവ സംഭരിക്കപ്പെടുന്നു. അതുണ്ടാക്കുന്ന ഒരുതരം നിര്‍വ്വികാരത സമകാലസമൂഹത്തെ ഗ്രസിച്ചിരിക്കുന്നു. ‍

ജനാധിപത്യം നിലനില്‍ക്കുന്നത് സഹജീവികളോടുള്ള കരുതലിലും അനു കമ്പയിലുമൊക്കെയാണ്. കൃത്രിമസ്മൃതിയുടെ കാലത്ത് ഇവ അസംഭവ്യ മാവുന്നു. അതുവഴി ജനാധിപത്യം തന്നെ അസാധുവായിപ്പോകുന്നു. മനുഷ്യ നും മനുഷ്യനും തമ്മിലും മനുഷ്യനും യന്ത്രവും തമ്മിലും ജീവനുള്ളതും ഇല്ലാത്തതും തമ്മിലും ഉള്ള വ്യത്യസ്തതകള്‍ അരിച്ചുമാറ്റപ്പെടുന്ന വര്‍ത്തമാ നസമൂഹത്തില്‍ ഭാഷാനാഗരികത പോലുള്ള ആശയങ്ങള്‍ പ്രതിരോധ ത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്നുതരികയാണ്. ഒച്ചകള്‍ നിരോധിക്കപ്പെടുന്ന, മഹാമൗനത്തിന്‍റെ കാലം വരുംമുമ്പേ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട തുണ്ടെന്ന് പ്രൊഫ. ഡേവിയെപ്പോലുള്ളവര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടേ യിരിക്കുന്നു. 

 

 

 

 

കുറിപ്പുകള്‍


[ii] Liu, A. H., & Pizzi, E. (2018). The language of economic growth: A new measure of linguistic heterogeneity. British Journal of Political Science, 48(4), 953-980.

[iii] ജവഹര്‍ലാല്‍ യൂനിവേഴ്സിറ്റി മുന്‍ അധ്യാപികയും പത്മശ്രീ ജേതാവുമായ ഭാഷാശാസ്ത്രജ്ഞയാണ് പ്രൊഫ. അന്വിതാ ആബി.

[iv] ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനും ഭാഷാവിദഗ്ധനും മുന്‍ ഇംഗ്ലീഷ് പ്രൊഫസറും ആയ പ്രൊഫ. ഗണേഷ് ഡേവി പീപ്പിള്‍സ് ലിന്‍ഗ്വിസ്റ്റിക് സര്‍വ്വേ ഓഫ് ഇന്ത്യ എന്ന ബൃഹദ് സംരംഭത്തിന്റെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നത്. അദ്ദേഹം സ്ഥാപിച്ചതാണ് ഇന്ത്യയിലെ മിക്കവാറും വംശനാശം നേരിടുന്ന ഭാഷകളുടെ പഠനത്തിനും പുനരുജ്ജീവനത്തിനുമായുള്ള ആദിവാസി അക്കാദമി, ഭാഷാ റിസര്‍ച്ച് തുടങ്ങിയ സംരംഭങ്ങള്‍. മറാഠിയിലും ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതാറുള്ള അദ്ദേഹത്തിന്റെ ഏറെ പ്രശസ്തവും പ്രഥമവുമായ ഗ്രന്ഥമാണ് ആഫ്ടര്‍ അമ്നേഷ്യ(1992). സാഹിത്യനിരൂപണത്തിലെ കൊളോണിയല്‍ പ്രവണതകള്‍ക്കെതിരായ വായനകളാണ് ഈ ഗ്രന്ഥത്തിലുള്ളത്. തുടര്‍ന്ന് സാഹിത്യസിദ്ധാന്തങ്ങള്‍, നരവംശവിജ്‍ഞാനീയം, വിദ്യാഭ്യാസം, ഭാഷാശാസ്ത്രം, തത്വചിന്ത തുടങ്ങിയ നാനാ വിഷയങ്ങളില്‍ തൊണ്ണൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാരതത്തിലെ ബുദ്ധിജീവികളോടുള്ള വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയോടും ചില പ്രമുഖരുടെ കൊലപാതകങ്ങളോടുമുള്ള പ്രതികരണമെന്ന നിലയില്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും കൂട്ടായ്മയായി “ദക്ഷിണായനം” എന്നൊരു പ്രസ്ഥാനം രൂപീകരിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാനായി അദ്ദേഹം കുടുംബസമേതം 2016ല്‍ ധാര്‍വാഡിലേക്കു താമസംമാറ്റി. മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്ക്കറുടെയും ചിന്തകളുടെ ആവിഷ്ക്കാരമെന്ന നിലയിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. 

 

ഗ്രന്ഥസൂചി

 

  • Fill, A., & Mühlhäusler, P. (Eds.). (2001). The Ecolinguistics Reader: Language, Ecology and Environment. Continuum.

  • Halliday, M. A. K. (1990). New Ways of Meaning: The Challenge to Applied Linguistics. Journal of Applied Linguistics, 6(1).

  • Haugen, E. (1972). The Ecology of Language. Stanford University Press.

  • Mühlhäusler, P. (1996). Linguistic Ecology: Language Change and Linguistic Imperialism in the Pacific Region. Routledge.

·       Pollock, Sheldon 1998, The Cosmopolitan Vernacular, Daedalus 127(3) 41-74

  • Stibbe, A. (2015). Ecolinguistics: Language, Ecology and the Stories We Live By. Routledge.

  • Weinreich, U.(1953). Languages in Contact: Findings and Problems. New York: Linguistic Circle of New York.


(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2025 ഡിസംബര്‍ 21-27)

 

 


Comments


@sreevalsan

bottom of page