ഹരിതഭാഷാസമീപനങ്ങൾക്ക് ഒരാമുഖം
- Sreevalsan Thekkanath
- Jun 27
- 7 min read
Updated: Jul 1

ഭാഷാശാസ്ത്രത്തിന്റെ സാമൂഹികമാനങ്ങൾക്ക് മുൻതൂക്കം നൽകി, ഭാഷ കേവലം ഒരു സാമൂഹിക ഉല്പന്നം മാത്രമാണെന്നു സ്ഥാപിക്കുന്ന സങ്കല്പനങ്ങൾക്ക് മറുപക്ഷത്താണ് ഹരിതഭാഷാവിചാരത്തിന്റെ സ്ഥാനം. അത് എപ്പോഴും ഭാഷയെ മറ്റേതൊരു ജൈവഘടനയെയും പോലെ തിരിച്ചറിയാനും മനസ്സിലാക്കാനും ശ്രമിക്കുന്നു. ജൈവവ്യൂഹം(ecosystem) പോലെത്തന്നെ ഭാഷാലോകവ്യൂഹ(language world system)വും നിലനിൽക്കുന്നുണ്ടെന്നും അതനുസരിച്ച് ഭാഷകൾ നിലനിന്നുപോരുന്ന സാഹചര്യങ്ങൾക്ക് സംഭവിക്കുന്ന സൂക്ഷ്മവ്യതിയാനങ്ങൾപോലും ഭാഷയുടെ ജൈവികതയെ ബാധിക്കുമെന്നും ഹരിതഭാഷാവാദികൾ താക്കീതുചെയ്യുന്നു. പാരിസ്ഥിതികപഠനങ്ങൾ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം എത്രത്തോളം ഉയർത്തിപ്പിടിക്കുന്നുവോ അത്രതന്നെ പ്രസക്തമാണ് ഭാഷാവൈവിധ്യവും എന്ന് ഇന്ന് നമുക്കറിയാം. പ്രാദേശികഭാഷകളുടെയും ഭാഷാഭേദങ്ങളുടെയും വൈവിധ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ലോകത്തെ മുഴുവൻ സാമ്രാജ്യത്തം അതിന്റെ ഭാഷായുക്തിയിലേക്ക് ചുരുക്കിക്കൊണ്ടുവരുന്ന വർത്തമാനസാഹചര്യത്തിൽ പ്രത്യേകിച്ചും ഭാഷാവൈവിധ്യങ്ങളുടെ ജൈവസ്വഭാവം ഉയർത്തിക്കാണിക്കുന്നതും തിരിച്ചറിയുന്നതും, രാഷ്ട്രീയപ്രതിരോധത്തിന്റെ സ്വഭാവം കൈവരിക്കുന്നുണ്ടെന്നു കാണാം.
ഉത്തരഘടനാവാദത്തിലെ പ്രതിമാനവികത(anti humanism) എന്ന ആശയമാണ് ഹരിതഭാഷാവിചാരത്തിന്റെ കേന്ദ്രാനുഭവം. ചിന്തയുടെ കേന്ദ്രത്തിൽ മനുഷ്യനെ പ്രതിഷ്ഠിച്ചുകൊണ്ട് "അവനു"വേണ്ടിയുള്ള ലോകവീക്ഷണം സൃഷ്ടിക്കുക എന്ന ദൗത്യമായിരുന്നു മാനവികവിഷയങ്ങൾ അവയുടെ പ്രാരംഭകാലംതൊട്ടേ ചെയ്തുകൊണ്ടിരുന്നത്. പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം അവയുടെ സ്രോതസ്സുകൾ പരിമിതമാണെന്ന ഞെട്ടിക്കുന്ന തിരിച്ചറിവിലേക്ക് മനുഷ്യരെ എത്തിച്ചതുപോലെത്തന്നെ, സ്വാഭാവികമായ ഒരു പ്രകൃതിവിഭവമായ ഭാഷയ്ക്കും ഇതേ ജൈവഭീഷണി ബാധകമാണെന്നു ബോധ്യമാകാൻ അധികം കാത്തിരിക്കേണ്ടിവന്നില്ല. വംശനാശഭീഷണിനേരിടുന്ന ജീവിവർഗ്ഗങ്ങളുടെ "റെഡ്ബുക്കി"ൽ താമസിയാതെതന്നെ ഭാഷയും കയറിപ്പറ്റി. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഓരോ ഭാഷയെന്ന തോതിൽ ഭാഷകൾ മരിക്കുന്നു എന്ന വസ്തുത ഇന്ന് നമുക്കറിയാം. ലോകത്താകമാനം ഇന്ന് തിരിച്ചറിയപ്പെടുന്ന 7111 ജീവൽഭാഷകളിൽ പകുതിയോളം ഭാഷകൾ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ അതിജീവിക്കാൻ സാധ്യതയില്ലത്രേ. ജീവിവർഗ്ഗങ്ങളുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരുന്നെങ്കിലും മനുഷ്യജനസംഖ്യയുടെ ഗ്രാഫ് അതിവേഗം മുകളിലോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ വൈപരീത്യം തിരിച്ചറിയുന്ന നിമിഷം നാം പാരിസ്ഥിതികാവബോധത്തിന്റെ മണ്ഡലത്തിലെത്തിപ്പെടും.
ഭാഷകൾക്ക് അവയുടെ പരിസരവുമായി ജൈവബന്ധമുണ്ട് എന്ന ധാരണയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാഹചര്യങ്ങൾ ഭാഷാധാരണയേയും ഭാഷാപ്രയോഗത്തെയും നിർണ്ണയിക്കുമെന്ന സപീർ-വോർഫ് അനുമാനം 1912 കാലത്തുതന്നെ നിലവിൽ വന്നതാണ്. സാമൂഹികസാഹചര്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന ഒന്നാണ് ഭാഷ എന്നും സാഹചര്യങ്ങളിൽനിന്ന് അവയെ അടർത്തിമാറ്റിക്കഴിഞ്ഞാൽ ജീവൻ നഷ്ടപ്പെടുന്ന ഒന്നാണെന്നും അന്നേ തിരിച്ചറിഞ്ഞിരുന്നു. അതിനുമെത്രയോ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഭാരതീയ ഭാഷാദർശനത്തിലും ദ്രാവിഡമായ തൊൽക്കാപ്പിയത്തിലും അത്തരമൊരു സൂചന പ്രകടമായി നിലനിന്നിരുന്നു. അതിനുശേഷം 1971ലാണ് ഈനർ ഹോഗൻ 'ഭാഷാപാരിസ്ഥിതികത' എന്നൊരാശയം മുന്നോട്ടുവയ്ക്കുന്നത്. ഭാഷകളുടെ ജൈവപരിസരം പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു ആ പ്രബന്ധം. ലോകത്തിലെ പല ഭൂമിശാസ്ത്രപരിസരങ്ങളിലും കാലാവസ്ഥകളിലും ജീവിക്കുന്ന വ്യത്യസ്തമനുഷ്യരുടെ ഭാഷയിൽ അവരുടെ സാഹചര്യത്തിന്റെ സൂചനകൾ വ്യക്തമായി കണ്ടെത്താനാവുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. കടലോരങ്ങളിലും മലമ്പ്രദേശങ്ങളിലും മരുഭൂമിയിലുമൊക്കെ ജീവിക്കുന്ന മനുഷ്യരുടെ ഭാഷയിൽ പരിസരങ്ങളുടെ സ്വാധീനം പ്രകടമായിരിക്കുമെന്ന് നമുക്കറിയാമല്ലോ. ജീവികളും അവയുടെ പരിതസ്ഥിതിയുമായുള്ളതുപോലെത്തന്നെ ഭാഷകളും അവയുടെ പരിസരവുമായും ഗാഢമായ ബന്ധമുണ്ടായിരിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു സംശയവുമുണ്ടായിരുന്നില്ല.
എന്നാൽ പ്രബുദ്ധതയുടെ സൃഷ്ടിയായ ആധുനികത(enlightenment modernity)യാണ് ചിന്തയുടെ കേന്ദ്രത്തിൽ മനുഷ്യനെ പ്രതിഷ്ഠിച്ചത്. മനുഷ്യാനുഭവങ്ങൾക്കായുള്ള അസംസ്കൃതവസ്തുവായി പ്രകൃതിയെ കാണുന്നതാണ് മാനവികവിഷയങ്ങളുടെയെല്ലാം കാതൽ. പ്രകൃതിമുഴുവൻ തന്റെ പൂർവ്വാർജ്ജിത സ്വത്താണെന്നു കരുതി ഈ മുടിയനായ പുത്രൻ അതിനെ "കറവപ്പശുവാക്കി മൂക്കിൽ കയറിട്ടു നടത്താൻ” തുടങ്ങി. മനുഷ്യൻ ഭാഷാജീവിയാണെന്നതിനാൽ ഭാഷകൊണ്ട് അവൻ ലോകത്തെ അറിയാനും നിർമ്മിക്കാനും തുടങ്ങി. മനുഷ്യകേന്ദ്രിതമായ ഈ ലോകവീക്ഷണം സ്വാഭാവികമായും പ്രകൃതിവിരുദ്ധമായി മാറി. ഭാഷയിലെ അർത്ഥജനനപ്രക്രിയയിലെ അപകടകരമായ ഈ അംശം തിരിച്ചറിഞ്ഞതാണ് ഹരിതഭാഷാവിചാരത്തിന്റെ ആണിക്കല്ല്. മനുഷ്യകേന്ദ്രിതമായ എല്ലാ ബൗദ്ധികധാരകളുടെയും കടയ്ക്കൽ കത്തിവയ്ക്കാൻ കരുത്തുള്ള ഒരു ബഹുവിജ്ഞാനീയസമീപനമാണ് ഹരിതഭാഷാവാദം.
ഭാഷയും പാരിസ്ഥിതികതയും
ആധുനികഭാഷാശാസ്ത്രം അതിനുമുമ്പു നിലനിന്നിരുന്ന നിർദ്ദേശാത്മകമോ താരതമ്യാത്മകമോ ആയ സമീപനങ്ങൾക്കു പകരമായി ഏകകാലികവും വിവരണാത്മകവുമായ സമീപനമാണ് കാഴ്ചവെച്ചത്. ഇതിന്റെ സന്തതിയായിരുന്നു ഘടനാവാദസമീപനങ്ങൾ. എന്നാൽ ആധുനികഭാഷാശാസ്ത്രത്തിന്റെ ഈ അടിസ്ഥാനഭൂമികയെത്തന്നെ നിരാകരിച്ചുകൊണ്ടാണ് ഹരിതഭാഷാപദ്ധതികൾ രംഗപ്രവേശം ചെയ്തത്. ഭാഷ എന്ന തികച്ചും മാനുഷികമായ ഒരു വിനിമയവ്യവസ്ഥ സാധ്യമാകുന്നത് മനുഷ്യരെ മാത്രം ആശ്രയിച്ചല്ലെന്ന കണ്ടെത്തൽ ഫ്രെഡ്റിക് നീഷേയിൽ തുടങ്ങി മിഷേൽ ഫൂക്കോവിൽ പൂവിട്ട പ്രതിമാനവികവാദത്തിന്റെ ആവിഷ്ക്കാരമാണ്.
1980കളോടെ ഈനർ ഹോഗന്റെ നിരീക്ഷണങ്ങൾക്ക് കാര്യമായ സ്വീകരണം ലഭിക്കുകയും ഒരുകൂട്ടം പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും അത് വഴിമരുന്നിടുകയും ചെയ്തു. വംശനാശഭീഷണി നേരിടുന്ന ജീവജാതികളെപ്പോലെത്തന്നെയാണ് ലോകത്തിലെ മിക്ക ഭാഷകളുടേയും സ്ഥിതി എന്ന് അവർ തെളിയിച്ചു. ജൈവവൈവിധ്യം പോലെത്തന്നെ മർമ്മസ്പർശിയായ ഒരു തിരിച്ചറിവാണ് ഭാഷാവൈവിധ്യം എന്നത് അക്കാലത്തെ പഠനങ്ങളുടെ പ്രധാന ഊന്നലായിരുന്നു. തൊണ്ണൂറുകളോടെ ഹരിതഭാഷാപഠനങ്ങൾക്ക് വ്യക്തമായ ദിശാബോധം കൈവന്നു. മാത്തിയാസ് യുങ്ങി(Jung 2001)ന്റെ പഠനങ്ങൾ പത്രവാർത്തകളിലെ പാരിസ്ഥിതികപദാവലികളുടെ പരിണാമം ചൂണ്ടിക്കാണിക്കുന്നതായിരുന്നു. പ്രയുക്തഭാഷാശാസ്ത്രത്തിന് പാരിസ്ഥിതികപ്രശ്നങ്ങളിലുള്ള ഉത്തരവാദിത്തം എന്തെന്നു വ്യക്തമാക്കുന്ന പഠനങ്ങളായിരുന്നു അവ.
തങ്ങൾ ജീവിക്കുന്ന പരിസരങ്ങളെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും തങ്ങൾക്കനുകൂലമാക്കാനും വേണ്ടി മനുഷ്യർ ഭാഷയെ ഉപയോഗിക്കുന്നുവെന്ന് മൈക്കൽ ഹാലിഡേ(2001) നിരീക്ഷിച്ചു. ചരിത്രസാഹചര്യങ്ങൾക്കു പുറത്തുനിന്നുകൊണ്ട് ഭാഷയിലെ അർത്ഥജനനപ്രക്രിയകൾ (semiogenesis) മനസ്സിലാക്കാനാവില്ലെന്ന് അദ്ദേഹം സമർത്ഥിച്ചു. അങ്ങനെ യാഥാർത്ഥ്യത്തിന്റെ വാഹകമായ ഭാഷ യാഥാർത്ഥ്യത്തെത്തന്നെ പരുവപ്പെടുത്തുന്ന ഒന്നായി മാറി. വളർച്ചാവാദം(growthism), ലിംഗ-വർഗ്ഗപക്ഷപാതം തുടങ്ങിയവയുടെ പ്രത്യയശാസ്ത്രവിവക്ഷകൾ ഭാഷാവ്യാകരണങ്ങളിൽത്തന്നെ അടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രകൃതിവിഭവങ്ങൾ അപരിമിതമാണെന്ന പൂർവ്വധാരണയിൽനിന്നാണ് അവയെ കുറിക്കുന്ന നാമങ്ങളെ "മേയനാമ"ങ്ങൾ എന്നു നാം വിളിക്കുന്നത്. എണ്ണ, ജലം, വായു തുടങ്ങിയ എല്ലാ വിഭവങ്ങളും അതിപരിമിതമാണെന്ന ഞെട്ടിക്കുന്ന തിരിച്ചറിവിലെത്തിയ നാം അവയുടെ ദുരുപയോഗത്തിലേക്കു നയിച്ച പദാവലികളെ മനസ്സിലാക്കുന്നതിൽ ഏറെ വൈകി.
ഭാഷാവ്യവഹാരങ്ങളിലെ ഒഴിയാബാധയാണ് വളർച്ചാവാദം. ഏറ്റക്കുറച്ചിലുകളെ താരതമ്യം ചെയ്യുന്ന വിരുദ്ധജോടികളിൽ വളർച്ചയെ സൂചിപ്പിക്കുന്ന പദങ്ങളിലൂടെയാണ് ഈ പ്രവണത നിലനിൽക്കുന്നത്. എപ്പോഴും മനുഷ്യപക്ഷ-മുഖ്യധാരയുടെ മണ്ഡലം നിലവാരമായി കല്പിച്ചുകൊണ്ട്, അതല്ലാത്തവയെ വേർതിരിക്കുന്ന ഏർപ്പാടാണ് വളർച്ചവാദം. ഭാഷയിലെ വിശേഷണപദങ്ങളാകെത്തന്നെയും ഈ വളർച്ചാവാദത്താൽ ഗ്രസ്തമാണെന്ന് ഹാലിഡേ സിദ്ധാന്തിക്കുന്നു. ഭാഷയിലെ സർവ്വനാമവ്യവസ്ഥയും ഹരിതാവബോധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം വിലയിരുത്തുന്നുണ്ട്.
ഭാഷ ഒരു 'മാനുഷികസിദ്ധി'യാണെന്ന് ഭാഷാശാസ്ത്രക്ലാസ്സുകളിൽ നാം ഉരുവിട്ടുപഠിക്കാറുണ്ടല്ലോ. മനുഷ്യഭാഷയും മൃഗഭാഷയും തമ്മിലുള്ള വൈജാത്യങ്ങൾ നിരത്തിക്കൊണ്ട്, മൃഗഭാഷ 'ഭാഷാഭാസ'മാണെന്നും ഭാഷാർജ്ജനശേഷി മനുഷ്യനു മാത്രം ജന്മസിദ്ധമാണെന്നുമൊക്കെ നാം ഹൃദിസ്ഥമാക്കുന്നു. മനുഷ്യനെ സാമൂഹികജീവിയാക്കുന്ന സുപ്രധാന കണ്ണി ഭാഷയാണെന്നും, ഭാഷ സ്വയം പൂർണ്ണമായ ഒരു വ്യവസ്ഥയാണെന്നും ഒക്കെ സ്ഥാപിക്കുന്നതിലൂടെ വാസ്തവത്തിൽ സംഭവിക്കുന്നത് ഭാഷയിലെ മനുഷ്യകേന്ദ്രീകരണത്തിന്റെ തോത് വർദ്ധിപ്പിക്കുകയാണ്.
മനുഷ്യപ്രയത്നങ്ങളുടെ സാമൂഹികോല്പന്നമാണ് ഭാഷ. എങ്കിലും സാമൂഹിക പ്രയോഗങ്ങളെയും മനുഷ്യപ്രവൃത്തികളെയും മാറ്റിത്തീർക്കാനുള്ള കഴിവ് ഭാഷയ്ക്കുണ്ട്. ഭാഷയും സാമൂഹികപ്രയോഗങ്ങളും തമ്മിൽ വൈരുദ്ധ്യാത്മകബന്ധമാണുള്ളതെന്ന് ഡാനിഷ് ഭാഷാശാസ്ത്രജ്ഞരായ യോർഗൻ ബാംഗും യോർഗൻ ഡ്യൂറും (1995) സിദ്ധാന്തിക്കുന്നു. അവർ അവതരിപ്പിക്കുന്ന സങ്കീർണ്ണമായ ഒരു സംവാദമാതൃകയുണ്ട്. അതനുസരിച്ച് ഏതു പ്രതിഭാസത്തേയും അതിന്റെ വൈയക്തികവും സാമൂഹികവും ജൈവികവുമായ മാനങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ മനസ്സിലാക്കാനാവൂ. ഇവയിൽ ഏതെങ്കിലും ഒന്നിനെ മാത്രം ആശ്രയിച്ചായിരുന്നു മുൻകാലത്തെ പഠനരീതികളെല്ലാം. ഘടനാവാദം വൈയക്തികമോ സമാഹിതമോ ആയ പ്രത്യയമാനം ഏകകാലികമായി അപഗ്രഥിക്കാൻ ശ്രമിച്ചപ്പോൾ മാർക്സിയൻ ഭാഷാവാദികൾ അതിന്റെ സാമൂഹികമാനം മാത്രം കണ്ടു. ഭാഷാപഠനത്തെ ത്രിമാനതലത്തിൽ സമഗ്രമായി കാണാൻ ഹരിതഭാഷാവാദികൾ നടത്തുന്ന ശ്രമം സാർത്ഥകമാവുന്നത് അങ്ങനെയാണ്.
പാരിസ്ഥിതികമായ രൂപിമവിചാരം(ecomorphology) എന്നൊരാശയം ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. വ്യാകരണത്തിന്റെ ഏറ്റവും ചെറിയ വ്യതിരേകമാത്രയാണ് രൂപിമം. രൂപിമത്തിന് പൊതുവേ നല്കപ്പെടുന്ന നിർവ്വചനങ്ങളിൽ അർത്ഥത്തിനും വ്യാകരണത്തിനുമാണ് പ്രാധാന്യം നൽകാറുള്ളത്. യഥാർത്ഥ ഭാഷണസന്ദർഭത്തിൽ വ്യക്തമല്ലാത്തതും വ്യാകരണപരമോ ഭാഷാശാസ്ത്രപരമോ ആയ സൂക്ഷ്മാപഗ്രഥനത്തിലൂടെ മാത്രം വെളിവാകുന്നതുമായ ഒരു പരികല്പനയാണ് രൂപിമം. അഥവാ ഒരു ഭാഷണസന്ദർഭത്തിൽനിന്നും അടർത്തിയെടുത്താൽ മാത്രം തിരിച്ചറിയാവുന്ന ഒരു സങ്കല്പനമാണ് അതെന്നർത്ഥം. രൂപിമത്തെ അതിന്റെ പ്രയോഗമണ്ഡലത്തിലേക്ക് തിരിച്ചയച്ചാൽ മാത്രമേ അർത്ഥം എന്ന അനുഭവം നമുക്കുണ്ടാവൂ എന്ന് പാരിസ്ഥിതികരൂപിമവിജ്ഞാനം വെളിവാക്കുന്നു.
മാതൃഭാഷാസമാർജ്ജനവേളയിൽ അബോധപൂർവ്വമായിത്തന്നെ നാം ഒരു സാമൂഹിക സാംസ്ക്കാരികക്രമം ആന്തരികവൽക്കരിക്കുന്നുണ്ട്. ഇന്ത്യൻ സാഹചര്യത്തിലാകട്ടെ, നാടുവാഴി-ജന്മി-മുതലാളിത്ത-കോളനിവാഴ്ചാനന്തര-നാഗരികതയുടെ ഒരു പ്രത്യേകചേരുവയും തജ്ജന്യമായ മൂല്യങ്ങളും നാം ഭാഷയോടൊപ്പം സ്വായത്തമാക്കുന്നു. മാതൃഭാഷ നമ്മുടെ ജീവിതകാലത്തിനു മുഴുവനുമായി ഒറ്റത്തവണകൊണ്ട് നാം ആർജ്ജിച്ചെടുക്കുകയല്ല, മരണപര്യന്തം നീളുന്ന ഒരു സങ്കീർണ്ണപ്രക്രിയയാണ് മാതൃഭാഷാസമാർജ്ജനം. ഈ ആന്തരികവൽക്കരണപ്രക്രിയയുടെ പ്രശ്നങ്ങളും പ്രതിവിധികളും അപഗ്രഥിക്കാൻ ഹരിതഭാഷാവാദികൾ ശ്രമിക്കുന്നു. ഭാഷണസന്ദർഭങ്ങളിൽ പ്രത്യക്ഷമാകുന്ന രൂപിമങ്ങളെ ആന്തരികവും ബാഹ്യവും വാക്യാന്തരവുമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനാണ് ഉദ്യമിക്കുന്നത്. പദങ്ങളുടെ പാഠാന്തരബന്ധങ്ങൾ അർത്ഥവിജ്ഞാനത്തിന്റെയും പാഠബാഹ്യബന്ധങ്ങൾ വാക്യവിചാരത്തിന്റെയും പാഠേതരബന്ധങ്ങൾ പ്രയുക്തഭാഷാശാസ്ത്രത്തിന്റെയും മേഖലയാണ്. ഇങ്ങനെ ഓരോപദവും ഭാഷാശാസ്ത്രത്തിലെ മൂന്നു വ്യത്യസ്തശാഖകളെ അഭിസംബോധനചെയ്യുന്നതായി ഹരിതഭാഷാവാദം തിരിച്ചറിയുന്നു. ആദം മക്കായ് (1993) എന്ന ഹരിതഭാഷാശാസ്ത്രജ്ഞൻ അർത്ഥമാത്രകളുടെ സങ്കീർണ്ണത വെളിവാക്കിയിട്ടുണ്ട്. ഓരോ അർത്ഥമാത്രയും മാനസികവും ധൈഷണികവും സാങ്കേതികവുമായ മാനങ്ങളുടെ മധ്യേയാണ് അർത്ഥം വെളിവാക്കുന്നതത്രേ. രൂപിമവിചാരത്തെ ഭാഷണസന്ദർഭത്തിന്റെ ത്രിമാനപരിസരത്തിൽ ചേർത്തുവച്ചു വായിക്കുമ്പോഴുള്ള വിസ്മയകരമായ സാകല്യാനുഭവമാണ് ഹരിതവാദികൾ തെളിയിച്ചുതരുന്നത്.
ഹരിതവ്യാകരണം
ഭുവിഭവങ്ങളെ സംബന്ധിച്ച ചർച്ചയിൽ 1990കളിൽ ഉയർന്നുവന്ന ഒരാശയമാണ് സുസ്ഥിരത(sustainability) എന്നത്. വിഭവങ്ങളുടെ കരുതലോടെയുള്ള ഉപയോഗം ഊന്നിപ്പറയുന്ന ഒരു പ്രയോഗമാണത്. കൽക്കരിയും പെട്രോളിയവും മരവും ജലവുമൊക്കെ പോലെ ഭാഷയും ഒരു വിഭവമാണെന്നും അക്ഷരാർത്ഥത്തിലല്ലെങ്കിലും അപരിമിതമായ ഉപയോഗം ഭാഷയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും വ്യക്തമായിത്തുടങ്ങി. ഭാഷാനാശഭീഷണിയും ഭാഷാനഷ്ടവുമാണ് 21ാം നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി. ലോകത്തിന്റെ നാനാമണ്ഡലങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഭാഷകളുടെ എല്ലാതരം വൈവിധ്യങ്ങളേയും നിലനിർത്താനുള്ള ഏതുതരം സാധ്യതയും ഹരിതഭാഷാവാദികൾ കണ്ടെത്തി ഉപയോഗപ്പെടുത്തുന്നു.
സുസ്ഥിരഭാഷാസങ്കല്പം പ്രസക്തമാവുന്നത് ഇവിടെയാണ്. സമകാലികസാഹചര്യത്തിൽ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിനും ആധുനികജീവിതാവസ്ഥകളുടെ ആവശ്യങ്ങൾ നിറവേറ്റുവാനുമായി ഭാഷകസമൂഹങ്ങൾ സ്വന്തം പ്രാദേശികഭാഷകൾ ഉപേക്ഷിക്കുക സ്വാഭാവികമാണ്. സങ്കീർണ്ണവും സങ്കലിതവുമായ നാനാതരം ഭാഷകളുടെയും പ്രയോഗങ്ങളുടെയും വൈവിധ്യങ്ങളുടെയും സാകല്യമായി ഭാഷാവ്യവഹാരത്തെ കാണാനുള്ള ആഹ്വാനമാണ് ഭാഷാസുസ്ഥിരത(language sustainability). ഭാഷയെ നിലനിർത്തുക എന്നുവച്ചാൽ ഭാഷാസന്ദർഭത്തെ അതേപടി സംരക്ഷിക്കുക എന്നർത്ഥം.
ലോകത്ത് ഇന്നു സംസാരിക്കപ്പെട്ടുവരുന്ന ഏഴായിരത്തിലധികം ഭാഷകളിൽ എഴുപതുശതമാനത്തോളം ഭാഷകൾ ഈ നൂറ്റാണ്ടിനെ അതിജീവിക്കാൻ സാധ്യതയില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഭാഷാനാശമെന്നത് വളരെ സാവധാനത്തിലുള്ള ഒരു പ്രക്രിയയാണ്. ഭാഷകർക്ക് അതിന്റെ തോത് തിരിച്ചറിയാനാവില്ല. ഓരോ ഭാഷയും നിലനിൽക്കുന്ന ജൈവസാഹചര്യത്തെ അതിന്റെ സമ്പൂർണ്ണസൂക്ഷ്മതയിലും സമഗ്രതയിലും തിരിച്ചറിഞ്ഞാൽ മാത്രമേ ആ ഭാഷയുടെ ആയുസ്സും ആരോഗ്യവും മനസ്സിലാക്കാനാവൂ. ഒരു ഭാഷകസമൂഹത്തിന്, അത്രയും കാലം അവർ ഉപയോഗിച്ചിരുന്ന ഭാഷയപ്പാടെ കയ്യൊഴിയേണ്ടിവരുന്ന സാഹചര്യമാണ് ഭാഷാനഷ്ടം എന്നു പറയുന്നത്. ഭാഷയുടെ എല്ലാതലത്തിലുമുള്ള ഉപയോഗം നിലച്ചുപോകുന്നതോടെ ഭാഷയ്ക്കും വംശനാശം വന്നുപോകുന്നു. ഭാഷകർ അപ്രത്യക്ഷരാകുന്നില്ല. നിലനിൽക്കുന്ന അധികാരഘടനയോ അധിനിവേശം പോലുള്ള സാമൂഹിക-രാഷ്ട്രീയ കാരണങ്ങളോ ഇതിനുപിന്നിലുണ്ടാവാം. ഈജിപ്തിലെ കോപ്റ്റിക് ഭാഷ അറബിക് കൊണ്ട് പകരം വെക്കപ്പെട്ടത് ഇത്തരത്തിലാണ്. ഓൾഡ് ഇംഗ്ലീഷിന്റെ സ്ഥാനത്ത് ആധുനിക ഇംഗ്ലീഷ് പ്രത്യക്ഷപ്പെട്ടതും ഇതുപോലെത്തന്നെ. ഭാഷയുടെ മരണം ഒരു ജനതയുടെ തന്നെ സാംസ്ക്കാരികനാശമാണെന്ന ബോധ്യം ഈ ഭാഷാപഠനത്തെ സ്വത്വപ്രതിസന്ധിയായി കാണാൻ പ്രേരിപ്പിക്കുന്നു. ഭാഷകരുടെ സ്വത്വത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികൾ നേരിടുവാൻ പ്രാദേശികവും ജൈവികവുമായ പ്രതിരോധങ്ങൾ ശക്തിപ്പെടുത്തേണ്ടിവരും.
ഭാഷയുടെ രൂപകാത്മകതയെക്കുറിച്ചുള്ള തിരിച്ചറിവിൽനിന്നാണ് ഹരിതവ്യാകരണം എന്ന ആശയത്തിന്റെ ആരംഭം. നിയമപ്രകാരമാണ് ഭാഷകൾ പ്രവർത്തിക്കുന്നതെങ്കിൽ ഒരേയൊരുതരം ഭാഷാപ്രയോഗം മാത്രമല്ലേ സാധ്യമാവൂ? ലോകഭാഷകളിലെല്ലാം തന്നെ പ്രയോഗവൈവിധ്യങ്ങളാൽ സമൃദ്ധമാണ്. ഒരേ കാര്യം പല ഊന്നലോടെ അവതരിപ്പിക്കാമെന്നതാണ് ഭാഷയുടെ സർഗ്ഗാത്മകതയുടെ ഒരു മാനം. രചനാന്തരണവ്യാകരണകാലം തൊട്ടുതന്നെ ഈ ബഹുപ്രയോഗസാധ്യത തിരിച്ചറിഞ്ഞിട്ടുണ്ട്. ആധുനികഭാഷാസങ്കല്പനമനുസരിച്ച് ഭാഷയിലെ എല്ലാ പ്രയോഗങ്ങളും ‘നിയമ’പ്രകാരമാണ് സംഭവിക്കുന്നത്. വ്യാകരണത്തിനുപുറത്ത് എത്രയോ വിപുലമായ ഒരു ലോകത്താണ് ജീവൽഭാഷകളെല്ലാം ജീവിക്കുന്നത്.
ഭാഷാപ്രയോഗവൈവിധ്യങ്ങളെ തമസ്ക്കരിച്ചുകൊണ്ട്, ശരിയും സാധുവുമായ ഒരു ഭാഷാപ്രയോഗത്തെ നിജപ്പെടുത്തുക എന്ന ലക്ഷ്യമാണ് വ്യാകരണങ്ങൾക്കുള്ളത്. ഭാഷയുടെ പ്രത്യക്ഷമായ അധികാരസ്വരൂപമാണ് വ്യാകരണം. ഭാഷാപ്രയോഗങ്ങളുടെ ശരി-തെറ്റുകളുടെ അങ്ങേയറ്റത്ത് സംസ്കൃതി X പ്രകൃതി എന്ന ഗണന വരെ നിലനിർത്തിക്കൊണ്ടാണ് വ്യാകരണത്തിന്റെ പ്രത്യയശാസ്ത്രധർമ്മം പ്രവർത്തനനിരതമാവുന്നത്. വ്യാകരണസംവർഗ്ഗങ്ങളും അവയുടെ പ്രവർത്തനനിയമങ്ങളും സൂക്ഷ്മമായി പരിശോധിച്ചാൽ അവയിൽ അടിസ്ഥാനപരമായി പ്രകൃതിവിരുദ്ധമായ ഒരു കാഴ്ചപ്പാടാണുള്ളതെന്നു വ്യക്തമാവും.
നാമങ്ങളുടെ ലിംഗവിഭജനത്തിലെ മനുഷ്യേതരമായ സചേതനങ്ങൾക്കുപോലും കല്പിക്കപ്പെടുന്ന അചേതനത്വം മനുഷ്യരുടെ ദുര പ്രകടിപ്പിക്കുന്നതാണ്. ക്രിയകളിലെ സകർമ്മക-അകർമ്മകഭേദത്തിലും കേവല-പ്രയോജകഭേദത്തിലും മറ്റും മനുഷ്യകേന്ദ്രീകരണം പ്രത്യക്ഷവും പ്രബലവുമാണ്. ഭാഷാശൈലികളിലും പ്രയോഗങ്ങളിലും ഇതിന്റെ സാന്നിധ്യം വേറെയും കാണാം. വിഭക്തി, തുടങ്ങിയ വാക്യമണ്ഡലങ്ങളിലും ഇതിന്റെ സ്പർശമില്ലാത്ത മേഖലകൾ കാണാനില്ലെന്നു തന്നെ പറയാം. ഒരേസമയം ഭാഷാമനോഭാവങ്ങളുടെയും ഭാഷാനയത്തിന്റെുയും വിമർശമായിരിക്കുമ്പോൾത്തന്നെ ആരോഗ്യകരമായ ഒരു പ്രകൃതിവീക്ഷണത്തിൽ ഊന്നിനിന്നുകൊണ്ട് വരുംകാലങ്ങളിലേക്കുകൂടി നിലനിൽക്കുന്ന സുസ്ഥിരഭാഷാസങ്കല്പനമായി വികസിക്കാൻ തക്ക കെൽപ്പോടുകൂടി ഭാഷാസമീപനത്തെ പുതുക്കിവാർക്കാനുള്ള ശ്രമമാണ് ഹരിതവ്യാകരണം.
മലയാളസന്ദർഭത്തിൽ 'തൊൽക്കാപ്പിയ'ത്തിലെ ഹരിതഭാഷാസൂചനകളെ വളർത്തിയെടുത്തുകൊണ്ടും ഭാരതീയമായ പ്രകൃതിദർശനത്തെ ആവാഹിച്ചെടുത്തും തികച്ചും തദ്ദേശീയവും സ്വത്വസംബന്ധിയുമായ ഒരു നവദർശനത്തിന് അടിത്തറപാകാൻ ഹരിതവ്യാകരണം എന്ന സങ്കല്പം സഹായകമാകുന്നു.
ഭാഷാസൂചകങ്ങളെ സ്വാപേക്ഷമെന്നും (endo linguistic signifier) പരാപേക്ഷമെന്നും (exo linguistic signifier) വേർതിരിച്ചു കാണാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഭാഷയിലെ സ്വാപേക്ഷസൂചകങ്ങൾ സംസ്ക്കാരത്തിൽനിന്നും അനുബന്ധവ്യൂഹങ്ങളിൽനിന്നും അർത്ഥം സ്വീകരിക്കുന്നു. സംസ്ക്കാരത്തെ നിർമ്മിച്ചെടുക്കുന്ന ദ്വന്ദ്വങ്ങളിൽനിന്നും അന്യങ്ങളെ വേർതിരിച്ചറിഞ്ഞ് ഒഴിവാക്കിക്കൊണ്ട് അർത്ഥത്തെ രൂപീകരിക്കുന്ന ധർമ്മം അവയ്ക്കുണ്ട്. മനുഷ്യനെ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നതും അവനുവേണ്ടി എന്ന മട്ടിൽ ചരാചരപ്രപഞ്ചത്തെ ചിത്രീകരിക്കുന്നതിലും ഭാഷയുടെ സ്വാപേക്ഷസൂചകങ്ങൾക്കുള്ള സ്ഥാനം വലുതാണ് (ഭാഷ ഒരു മാനുഷികസിദ്ധിയാണെന്ന സങ്കല്പംതന്നെ ഇതിനുള്ള തെളിവാണ്).
എന്നാൽ ഭാഷയുടെ തന്നെ മറ്റൊരു മണ്ഡലമായ പരാപേക്ഷസൂചകങ്ങൾ അവയുടെ അർത്ഥം കണ്ടെത്തുന്നത് പ്രകൃതിയിൽനിന്നും പരിസരങ്ങളിൽനിന്നുമാണ്. ഭാഷയും പരിതസ്ഥിതിയുമായുള്ള പാരസ്പര്യത്തിൽനിന്നും സഹജീവിസഹഭാവത്തിൽനിന്നും ഊർജ്ജമുൾക്കൊള്ളുന്ന പദങ്ങളും പ്രയോഗങ്ങലുമായിരിക്കും അവയുടെ കാതൽ. മനുഷ്യകേന്ദ്രീകരണത്തിന്റെ ഭാഷാധർമ്മങ്ങളെ ഉള്ളിൽനിന്നും നിർവ്വീര്യമാക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടാവും. ഹരിതാവബോധം ഭാഷയിലെ പരാപേക്ഷസൂചകങ്ങളെ വളർത്തിയെടുക്കാനുള്ള അന്വേഷണത്തിലാണ്. ഭാഷയുടെ ഭൂതകാലങ്ങളിൽ വിസ്മൃതിയിലകപ്പെട്ടു പോവുകയോ ഭാഷാപരിണാമത്തിന്റെ ഏതെങ്കിലും ചരിത്രസന്ധികളിൽ കയ്യൊഴിയപ്പെടുകയോ ചെയ്തിട്ടുള്ള പദാവലികളെ വീണ്ടെടുക്കാനും പ്രയോഗങ്ങളുടെ പ്രകൃതിവിരുദ്ധമായ അർത്ഥസൂചനകൾ കുടഞ്ഞുകളയാനുള്ള മൗലികശ്രമമാണത്. തൊൽക്കാപ്പിയം മുതൽ തുടങ്ങുന്ന ഭാഷാന്വേഷണശ്രമങ്ങളെ വീണ്ടും വീണ്ടും മനനത്തിനു വിധേയമാക്കി, അവയിൽ ചാരംമൂടിക്കിടക്കുന്ന പരാപേക്ഷസൂചകങ്ങളെ കണ്ടെത്തി തുടച്ചുമിനുക്കിയെടുക്കാനും ഈ അന്വേഷണം പരിശ്രമിക്കുന്നു.
ഹരിതവിപണനവും പച്ചപൂശലും
ഇന്ന് ഏറെ ധൂർത്തടിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന വാക്കാണ് "പച്ച". ഭാഷയുടെ ഹരിതവൽക്കരണം ഒരുകൂട്ടം പുതിയ പദാവലി ഭാഷകൾക്കു സംഭാവനചെയ്തിട്ടുണ്ട്. പരിതസ്ഥിതി, പരിസ്ഥിതി, ഹരിതം, ജൈവം, പ്രകൃതിദത്തം, ജൈവികം, വിഷരഹിതം, ഹെർബൽ, ആയുർവേദിക് തുടങ്ങിയ അത്യാകർഷകമായ ഈ പ്രയോഗങ്ങൾ, സദുദ്ദേശത്തോടെയും കച്ചവടതാല്പര്യത്തോടെയും ഉപയോഗിക്കപ്പെടുന്നുണ്ട്. ഹരിതചിന്തയിലെ ഒരു പ്രധാനപ്പെട്ട വെല്ലുവിളി, ഇത്തരം പ്രയോഗങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക എന്നതാണ്. ഹരിതവിപണനം (green marketing) എന്നൊരു പ്രയോഗം തന്നെ അടുത്തകാലത്തായി നിലവിൽ വന്നിട്ടുണ്ട്. പലപ്പോഴും നൂറുശതമാനം വിശ്വാസത്തിലെടുക്കുന്ന ഈ പ്രയോഗങ്ങളുടെ ആന്തരികധ്വനികളെന്തെന്ന് അന്വേഷിക്കേണ്ടിവരുന്നു.
പരിസ്ഥിതിസൗഹൃദം തുടങ്ങിയ അവകാശവാദങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ഉല്പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും നിജാവസ്ഥ ബോധ്യപ്പെടാൻ കഴിയില്ല എന്നതാണ് വസ്തുത. ഇന്ത്യപോലെ പെരുത്തജനസംഖ്യയും മൂർധന്യത്തിലെത്തിയ പാരിസ്ഥിതികപ്രശ്നങ്ങളുമുള്ള രാജ്യങ്ങളിൽ ഇത്തരം വാഗ്ദാനങ്ങൾക്ക് നല്ല മാർക്കറ്റായിരിക്കും. വായുമലിനീകരണം, കാലാവസ്ഥാവ്യതിയാനവും മറ്റുംകൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പറ്റാത്ത സാഹചര്യം, ഇലക്ട്രോണിക് വേസ്റ്റിന്റെ കൂനകൾകൊണ്ടുണ്ടാകുന്ന സാമാന്യസുരക്ഷാഭീഷണി തുടങ്ങിയവ ഹരിത അവകാശവാദങ്ങൾക്ക് വളക്കൂറുള്ള മണ്ണാകുന്നുണ്ട്.
പരസ്യങ്ങളും ഉല്പന്നമാതൃകകളും ഉപയോഗിക്കുന്ന ഇത്തരം വ്യാജതന്ത്രങ്ങളെ പച്ചപൂശൽ(green washing) എന്നാണ് വിവക്ഷിക്കാറുള്ളത്. പലതരത്തിലുള്ള പച്ചപൂശലുണ്ട്; (1) അവ്യക്തവും സന്ദിഗ്ധവുമായ ചിലതരം പ്രയോഗങ്ങളിലൂടെയുള്ള അവകാശവാദം (പരിസ്ഥിതിസൗഹൃദം), (2) ചില ഘടകങ്ങളുടെ അഭാവം സൂചിപ്പിച്ചുകൊണ്ടുള്ള അവകാശവാദങ്ങൾ (ഇതിൽ മെർക്കുറിയോ തത്തുല്യമായ ഘടകങ്ങളോ അടങ്ങിയിട്ടില്ല - ഇതൊക്കെ പരീക്ഷണശാലയിൽമാത്രം തെളിയിക്കാവുന്ന കാര്യങ്ങളാണെന്നും അതിനാരും മുതിരില്ലെന്നുമുള്ള ഉറപ്പിൽ ഇത്തരം വാദങ്ങൾ പുറപ്പെടുന്നു); (3) പ്രകൃതിപരിസരങ്ങളിൽ സ്വയം ജീർണ്ണിക്കുന്നത് (biodegradable) എന്നതുപോലുള്ള തെറ്റായ വാദങ്ങൾ (ആ വസ്തു നേരിൽ കണ്ടാൽത്തന്നെ അത് ജീർണ്ണിക്കുന്നതല്ലെന്നു ബോധ്യമാവും. (4) ഇവയിൽ പലതും ചേർന്നുള്ള ചേരുവകളായ അവകാശവാദങ്ങൾ. (ഗ്രീൻ കമ്പനി, ഗ്രീൻ ടെക്്നോളജി തുടങ്ങിയ ഉപരിപ്ലവമായ അവകാശവാദങ്ങളുമുണ്ട്).
പച്ചപൂശലിന്റെ ഒരു പ്രധാനമേഖല പരസ്യവാചകങ്ങളാണ്. പ്രകൃതിദത്തം, പരിസ്ഥിതിസൗഹൃദം, തുടങ്ങിയ ഒരു ‘പരസ്യ-ഹരിത-നിഘണ്ടു’തന്നെ നിലവിലുണ്ട്. പച്ചകലർന്ന പശ്ചാത്തലങ്ങളും കാടിന്റെയും പ്രകൃതിയുടെയും തനിമയും പുതുമയും തുടിക്കുന്ന ചിത്രങ്ങളും പ്രകൃതിയിലേക്കു മടങ്ങുവാനുള്ള (വിപരീത)ആഹ്വാനങ്ങളും അടങ്ങുന്നതാണ് മിക്ക പരസ്യചിത്രങ്ങളും. സംസ്ക്കാരവും പ്രകൃതിയും കൂട്ടിക്കലർത്തി രണ്ടിന്റെയും സംവർഗ്ഗങ്ങളെ തെറ്റിദ്ധിരിപ്പിക്കും വിധം മിശ്രണം ചെയ്താണ് ഇവയുടെ വിപണനം സുഗമമാക്കുന്നത്. നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും പാരമ്പര്യം ഇവയുടെ അവകാശവാദങ്ങളാണ്. മഹാവൈദ്യന്മാരും യോഗാ ഗുരുക്കന്മാരും നേരിട്ട് രംഗപ്രവേശം ചെയ്ത് ഉല്പന്നം ഉപദേശിക്കുന്നു. അവരോടുള്ള വിശ്വാസം മുതലെടുത്ത് ഉല്പന്നങ്ങൾ ‘പച്ച’യായി വിറ്റഴിക്കപ്പെടുന്നു. സംസ്കൃതശ്ലോകങ്ങളുടെയും താളിയോലയുടെയും മറ്റും അകമ്പടിയും താളിയോലയിലും മറ്റുമുള്ള പ്രാചീനലിഖിതങ്ങൾ തെളിവായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഹരിതവൽക്കരണം സംബന്ധിച്ച യാതൊരു അവകാശവാദവും നിലനിൽക്കുന്നതല്ലെന്നും, ഭാഷാഗവേഷകരുടെയും സംസ്ക്കാരപഠിതാക്കളുടെയും ശക്തമായ ഇടപെടലിലൂടെ മാത്രമേ അവയുടെ പൂച്ചുപുറത്താക്കാൻ സാധിക്കൂ എന്ന ബോധ്യത്തിലെത്തുമ്പോൾ ഹരിതഭാഷാവിചാരം രാഷ്ട്രീയപ്രവർത്തനമായി മാറുന്നു.
ഉപസംഹാരം
പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം മനുഷ്യരാശിയെ കൊണ്ടുചെന്നെത്തിച്ച നാരകീയാവസ്ഥയിൽനിന്നും കരകയറാൻ വഴികാണാതെ അന്തിച്ചുനിൽക്കുമ്പോഴാണ് ഇടിവെട്ടേറ്റതുപോലെ മറ്റൊരു വസ്തുത നാം തിരിച്ചറിയുന്നത്. അത് ഭാഷയുടെ കാര്യം തന്നെയാണ്. കേവലം ആശയവിനിമയോപാധി എന്നതിനേക്കാൾ എത്രയോ ബൃഹത്തും വിപുലവുമായ ധർമ്മം ഭാഷ നിർവ്വഹിക്കുന്നുണ്ട്. മനുഷ്യനെ സമൂഹജീവിയാക്കുന്നതും, അവന്റെ / അവളുടെ സർഗ്ഗാത്മകഭാവനയും സ്വത്വബോധവും ആവിഷ്ക്കരിക്കപ്പെടുന്നതും ഭാഷമൂലമാണ്. യാഥാർത്ഥ്യം തന്നെ ഭാഷാസൃഷ്ടമാണെന്നുപോലും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഭാഷയിലൂടെയല്ലാതെ തങ്ങൾക്ക് നിലനിൽപ്പില്ലെന്ന് മനുഷ്യരാശി തിരിച്ചറിയുമ്പോഴേക്കും നൂറുകണക്കിനു ഭാഷകൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. ആവിഷ്ക്കാരത്തിനുള്ള ഒരേയൊരു മാധ്യമമായ ഭാഷ നഷ്ടപ്പെട്ട ആ ജനതകൾ, സ്വത്വം നഷ്ടപ്പെട്ട മനുഷ്യരാശിയുടെതന്നെ ഭാവിയുടെ ചിത്രമാണ് നമുക്കു കാണിച്ചുതരുന്നത്. ഹരിതവിചാരങ്ങൾ ഈ ദാരുണഘട്ടത്തിലാണ് രംഗപ്രവേശം ചെയ്യുന്നത്.
ഈ ദുരന്തങ്ങൾക്ക് നേരിയതോതിലെങ്കിലും ഒരു മറുമരുന്നെന്നോണം ഹരിതഭാഷാവിചാരം ഭാഷകൾക്ക് ചില പെരുമാറ്റച്ചട്ടങ്ങൾ നിർദ്ദേശിക്കുന്നു. ഭാഷകളുടെ ഇത്തരത്തിലുള്ള നാശത്തിനുള്ള സുപ്രധാനകാരണങ്ങളായ മനുഷ്യകേന്ദ്രീകരണം, വളർച്ചാവാദം, ജീവിവർഗ്ഗപക്ഷപാതം എന്നിവ ഭാഷാപ്രയോഗങ്ങളിൽനിന്നും ബോധപൂർവ്വം ഒഴിവാക്കാനായാൽ ഭാഷകളുടെ നാശത്തിൽനിന്നും അവയെ രക്ഷിക്കാനാവുമെന്നും സുസ്ഥിരഭാഷാസങ്കല്പം അതിന്റെ മുഴുവൻ വ്യാപ്തിയിലും അവതരിപ്പിക്കേണ്ടതുണ്ടെന്നും നാം തിരിച്ചറിയുന്നു.
ഭാഷാസൂത്രണത്തിലെ മനുഷ്യകേന്ദ്രീകരണപ്രവണതകൾ ഭാഷകളുടെയും ഗോത്രങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണിയാണെന്നു തിരിച്ചറിയുന്ന വേളയിൽത്തന്നെയാണ്, അതിനു മറുപുറമെന്നോണം നടക്കുന്ന "പച്ചപൂശൽ" പോലെയുള്ള വ്യാജനിർമ്മിതികളുടെ ഉള്ളുകള്ളികൾ വ്യക്തമാവുന്നത്. ഭാഷാപഠനത്തിലെ ബഹുവിജ്ഞാനീയസമീപനങ്ങളുടെ തുറസ്സുകൾ തുടങ്ങുന്നത് ഇവിടെനിന്നാണ്. ഭാഷാപഠനം ഒരു നിതാന്തജാഗ്രതയുടെ തലത്തിലെത്തുന്ന വേളയുംകൂടിയാണത്.
ഗ്രന്ഥസൂചി
Bang, Jurgen Christian and Jurgen Door (2007) Language, Ecology and Society: A Dialectical Approach, Ed. Sune Vorkteffensen and Joshua Nash, London : Continuum
Fill, Alwin and Peter Muhlhausler (Eds.) 2001 The Ecolinguistics Reader: Language, Ecology and Environment, London: Continuum
Halliday, Michael 2001 "The New Ways of Meaning", in Fill and Muhlhausler (Eds.) 2001 : 170-202
Jung, Matthias 2001 The Ecological Criticism of Language, in Fill and Muhlhausler (Eds.) 2001 : 270-283
Makkai, Adam 1993 Ecolinguistics: Towards a new paradigm for the science of Language? London: Pinter Publishers
website:
Kartik Mehta, 2015, Green Marketing and Eco friendly Products - Can Marketing really be green? How does it impact on customer satisfaction: (https:// www.slideshare.net/KartikMehta5/presentation-on-green-marketing -and-ecofriendly-products)
ഇളയപെരുമാൾ, എം. എസ്. ജി. സുബ്രഹ്മണ്യപിള്ള 1961 തൊൽക്കാപ്പിയം, തിരുവനന്ത പുരം : സരസ്വതിനിവാസ്
ശ്രീവത്സൻ, ടി. 2013 ഹരിതഭാഷാവിചാരം, തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
---------------------



Comments