top of page

രതികാമനകളുടെ തീവണ്ടിമണങ്ങള്‍ – ടി. ശ്രീവത്സന്റെ ‘ഗന്ധമാദനം’ എന്ന കഥയെ കുറിച്ച് - വി. വിജയകുമാര്‍

  • Writer: Sreevalsan Thekkanath
    Sreevalsan Thekkanath
  • Oct 25
  • 4 min read

Updated: Oct 26



ഗന്ധമാദനം പുരാണങ്ങളിലൂടെ പ്രസിദ്ധമായ ഒരു പര്‍വ്വതമാണ്. ഹനുമാന്‍ ഇവിടെ തപസ്സുചെയ്തുവത്രേ! ദ്രൗപദിയുടെ ആവശ്യപ്രകാരം കല്യാണസൗഗന്ധികം തേടിപ്പോയ ഭീമന്‍ ഹനുമാനെ കണ്ടുമുട്ടുന്നത് ഗന്ധമാദനത്തില്‍ വച്ചാണ്. രാമായണ കഥയിലും ഗന്ധമാദനം വരുന്നുണ്ടെന്നു പറയണം. ഔഷധസസ്യങ്ങള്‍ നിറഞ്ഞ ഇടമാണത്. ഗന്ധം കൊണ്ട് മദിപ്പിക്കുന്നതെന്ന് പദാനുപദം ഈ പദക്കൂട്ടിനര്‍ത്ഥം. ടി. ശ്രീവത്സന്‍ എഴുതിയ ‘ഗന്ധമാദനം’ എന്ന കഥയില്‍ ഗന്ധം കൊണ്ട് മദിപ്പിക്കുന്ന അനുഭവങ്ങളാണ് എഴുതുന്നത്. അണഞ്ഞുവെന്നു കരുതിയിരുന്ന കാമമോഹങ്ങളെ ജീവനൗഷധം നല്‍കി ഉണര്‍ത്തുന്ന ശക്തിയായി മദിപ്പിക്കുന്ന വിയര്‍പ്പിന്റെ ഗന്ധം കഥയില്‍ പ്രത്യക്ഷമാകുന്നുവെന്നു പറയണം.

ഒരു ജന്മത്തിന്റെ മുഴുവന്‍ അഴുക്കും ദുര്‍ഗന്ധവുമാണ് ഇപ്പോള്‍ തന്റെ ശരീരത്തിനെന്ന് തീവണ്ടിയില്‍ നിന്നും പുറത്തിറങ്ങിയ അയാള്‍ക്കു തോന്നുന്നുണ്ട്. ചുട്ടുപഴുത്ത ഒരു ചൂളയില്‍ പകല്‍ മുഴുവന്‍ ഇരുന്നതു പോലെ. വിയര്‍പ്പ് ഉരുകി വറ്റിയതിന്റെ രൂക്ഷത കക്ഷത്തുനിന്നും സ്വയം അയാള്‍ അനുഭവിക്കുന്നു. അയാള്‍ക്ക് സ്വയം അറപ്പു തോന്നുന്നു. ഓക്കാനം വരുന്നു. ഇങ്ങനെ സ്വയം അറയ്ക്കുന്ന ഗന്ധവുമായിമായിട്ടാണ് സന്ദര്‍ശകന്‍ പ്രൊഫസര്‍ അയ്യരുടെ വീട്ടില്‍ എത്തിച്ചേരുന്നത്.

പിന്നെ, ഗന്ധങ്ങളിലൂടെ ഉയിരെടുക്കുന്ന ഓര്‍മ്മകളേയും സവിശേഷമായ അനുഭൂതികളേയും കഥാകാരന്‍ ആവാഹിച്ചെടുക്കുന്നു, ‘ഗന്ധമാദന’ത്തില്‍. ഒരു സാധാരണ സന്ദര്‍ശനത്തിന്റെ വിവരണങ്ങളിലൂടെ തുടങ്ങുന്ന കഥ പെട്ടെന്ന് ഒട്ടും നിനയ്ക്കാത്ത ഒരു വഴിത്തിരിവിലെത്തുന്നു. വായനക്കാരന്റെ നാസാരന്ധ്രങ്ങളെ കൂടി തുളയ്ക്കുന്ന ഗന്ധം എവിടെയും നിറയുന്നു. ഒരു തീവണ്ടി യാത്രക്കാരനു മാത്രം കൊണ്ടുവരാന്‍ കഴിയുന്ന മണം. സന്ദര്‍ശകന്റെ അദ്ധ്യാപകനായിരുന്ന അയ്യരുടെ ഭാര്യ ആ തനിമണത്തെ തന്റെ പൂര്‍വ്വപരിചയം കൊണ്ടെന്ന പോലെ പിടിച്ചെടുക്കുന്നു. അവര്‍ അതിനെ തേടുകയായിരുന്നെന്നു തോന്നും. അവര്‍ വലിച്ചെടുത്തു മണക്കുകയാണ്. ആ വൃദ്ധ തന്റെ യൗവ്വനകാലത്തേക്കു തിരിച്ചു പോകുന്നു.

അവര്‍ അയ്യരുടെ അരികില്‍ നിന്നും എഴുന്നേറ്റ് സന്ദര്‍ശകന്‍ ഇരിക്കുന്ന സോഫയിലേക്ക് നീങ്ങിഅടുത്തേക്ക് തലനീട്ടി അയാളിലെ മടുപ്പിക്കുന്ന മണം വലിച്ചെടുക്കുന്നു. അവര്‍ ചോദിക്കുന്നു.

” മോനറിയാമോ ഈ ഗന്ധത്തിന്റെ വിശേഷം? വറ്റിയുണങ്ങിയ ഡീസലിന്റെ, വീശിയടിക്കുന്ന പൊടിയുടെ, ചുട്ടുപഴുത്ത ട്രെയിന്‍ ബോഗിയുടെ, വിയര്‍പ്പിന്റെ, അഴുക്കിന്റെ, പാളങ്ങളില്‍ ചിതറിക്കിടന്നുണങ്ങുന്ന മനുഷ്യവിസര്‍ജ്യങ്ങളുടെ ഇതിന്റെയൊക്കെ ഒരു ചേരുവയാണത്…. ആ മണത്തില്‍ വണ്ടി കടന്നുപോകുന്ന നാനാദേശങ്ങളുടെയും അംശങ്ങളുണ്ടാകും. ആണിന്റെയും പെണ്ണിന്റെയും വ്യത്യസ്തമായ ഗന്ധച്ചേരുവകള്‍. യാത്രക്കാരായ പെണ്ണുങ്ങളുടെ മുഴുവന്‍ മണവും ഞാന്‍ അദ്ദേഹത്തില്‍ വായിച്ചെടുക്കുമായിരുന്നു. അവരുടെ ഉഷ്ണവും വിമ്മിട്ടവും തമ്മില്‍ ഇഴുകിച്ചേര്‍ന്നിരിക്കും. കമ്പാര്‍ട്ടുമെന്റിലെ മുഷ്‌കന്മാരായ പുരുഷന്മാരെ മുഴുവന്‍ ഞാന്‍ ഇതേ മണത്തില്‍ സങ്കല്‍പ്പിക്കും.”

ദിവസം മുഴുവനും ഒറ്റയ്ക്കിരിക്കുന്ന തന്റെ അടുത്തേക്ക് തീവണ്ടിയുടെ ഗന്ധച്ചേരുവകളുമായി എത്തിച്ചേരുന്ന കണവനെ ഉടുത്തിരിക്കുന്ന വസ്ത്രം പോലും മാറ്റാതെ കിടപ്പുമുറിയിലേക്കു ആനയിച്ചിരുന്ന നാളുകളെ അവള്‍ ഓര്‍ത്തെടുക്കുന്നു. വിഷമം പിടിച്ച തീവണ്ടിയാത്രക്കു ശേഷം, സന്ദര്‍ശകന്‍ തന്റെ ശരീരത്തില്‍ നിന്നും ഉയരുന്ന അസഹ്യമായ വിയര്‍പ്പുമണത്തെ കുറിച്ചു പറഞ്ഞു കൊണ്ടാരംഭിക്കുന്ന കഥ ആ ഗന്ധത്തില്‍ സായൂജ്യം കണ്ടെത്തുന്ന ഒരുവളിലാണ് എത്തിച്ചേരുന്നത്. ഗന്ധങ്ങള്‍ക്കു മൂര്‍ത്തരൂപമാകാനുള്ള ഇടമായി താന്‍ മാറിത്തീരുന്നതായി ആഖ്യാനകാരനായ സന്ദര്‍ശകനു തോന്നുന്നു.

ഈ കഥയിലുടനീളം ഗന്ധങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. സന്ദര്‍ശകന്‍ അവരുടെ മുറിയിലേക്കു കടക്കുമ്പോള്‍ മുത്തശ്ശിയുടെ മുറിയുടെ മണത്തെ ഓര്‍മ്മിക്കുന്നുണ്ട്. പിന്നെ, മരണത്തിന്റെ മണത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വരുന്നു. മരണത്തിന്റെ മണം നിറഞ്ഞു കൊണ്ടിരിക്കുന്ന ആ വൃദ്ധരുടെ മുറിയിലേക്ക് ജീവിതത്തിന്റെ വിയര്‍പ്പുമണവുമായാണ് അയ്യരുടെ പഴയ വിദ്യാര്‍ത്ഥിയായ സന്ദര്‍ശകന്‍ ചെല്ലുന്നത്. അതാണ് ആ വൃദ്ധ ശ്വസിച്ചാസ്വദിക്കുന്നത്. വിയര്‍പ്പുമണത്തെ ജീവിതത്തിന്റെ ചാലകശക്തിയായി മാറ്റുന്ന ഈ കഥാഖ്യാനം വിയര്‍പ്പുമണം എന്ന ചെറിയ അനുഭവത്തെ മഹാകഥയായി പൊലിപ്പിക്കുകയാണ്.

ഒരു മുന്‍ വിദ്യാര്‍ത്ഥി വൃദ്ധനായിക്കഴിഞ്ഞ തന്റെ പ്രൊഫസറെ സന്ദര്‍ശിക്കുന്നതായിട്ടാണ്കഥ തുടങ്ങുന്നതെങ്കിലും പതുക്കെ കേന്ദ്ര കഥാപാത്രമായി പ്രൊഫസറുടെ ഭാര്യ ഉയര്‍ന്നുവരുന്നു. വാക്കുകളിലൂടെ മാത്രമല്ല, തന്റെ ഇന്ദ്രിയസാന്നിദ്ധ്യത്തിലൂടെയും അവള്‍ ആധിപത്യം സ്ഥാപിക്കുന്നു. കഥയുടെ ഘടന തന്നെ അവളുടെ ഓര്‍മ്മയുടെ ഇഴകള്‍ കൊണ്ട് നെയ്യാന്‍ തുടങ്ങുന്നു.

തീവണ്ടിയുടെ മണവുമായി സന്ദര്‍ശകന്‍ എത്തുമ്പോള്‍ വൃദ്ധയ്ക്ക് യുവത്വമുള്ള ശരീരങ്ങളുടെയും കാമത്തിന്റെയും ഓര്‍മ്മകളുടെയും വളരെക്കാലമായി കുഴിച്ചിട്ട ആഗ്രഹങ്ങളുടെയും ഗന്ധമായി അതു മാറിത്തീരുന്നു. മരണത്തിന്റെ ഗന്ധമുള്ള ആ വീട് അവളില്‍ ഉണരുന്ന ഓര്‍മ്മകളിലൂടെ വീണ്ടെടുക്കപ്പെടുന്ന ലൈംഗികചൈതന്യത്തിന്റെ ഗേഹമായി മാറുന്നു.

വിയര്‍പ്പിന്റെ ഗന്ധവും ഘ്രാണശേഷിയും സഹജമെന്നോണം കാമേച്ഛയുടെ ഏറ്റവും പഴയ ഇടങ്ങളിലേക്കു നീണ്ടുനില്‍ക്കുന്നതാണ്. മനുഷ്യവിയര്‍പ്പില്‍ കീമോസിഗ്‌നലുകളായി പ്രവര്‍ത്തിക്കുന്ന സംയുക്തങ്ങളുണ്ട്. മനുഷ്യര്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് ഫെറോമോണുകളാല്‍ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിലും ഈ സംയുക്തങ്ങളുമായുള്ള സമ്പര്‍ക്കം ഉത്തേജനത്തെ സ്വാധീനിക്കാതിരിക്കുന്നില്ല. ലൈംഗികബന്ധത്തിന്നിടയില്‍ വിയര്‍പ്പ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടല്ലോ? ശരീരം വിയര്‍പ്പുമണത്തെ ലൈംഗിക സന്നദ്ധതയുമായി ബന്ധപ്പെടുത്താന്‍ പഠിക്കുന്നുണ്ടാകണം. ആദ്യകാല ലൈംഗികാനുഭവങ്ങള്‍ക്കിടയില്‍ അനുഭവിച്ച ഗന്ധം പിന്നീടുള്ള ജീവിതസന്ദര്‍ഭങ്ങളില്‍ ലൈംഗികതയെ ത്വരിപ്പിക്കാം. അബോധത്തിലെ സഹജാവബോധത്തിനും ബോധതലലൈംഗികജീവിതത്തിനും ഇടയില്‍ ഒരു പാലമായി മണം പ്രവര്‍ത്തിക്കുന്നു.

പ്രൊഫസറുടെ ഭാര്യയെ കഥയില്‍ വളരെ സങ്കീര്‍ണ്ണമായ ഒരു തലത്തില്‍ ചിത്രീകരിച്ചിരിക്കുന്നു – ഒരേസമയം പ്രായമായതും ഊര്‍ജ്ജസ്വലവും – ദുര്‍ബ്ബലവും ഇന്ദ്രിയപരമായി ശക്തവും. അവള്‍ ആഖ്യാതാവിന്റെ കൈ പിടിച്ച് ഭര്‍ത്താവിനെ മണപ്പിക്കുന്നു. ഈ പ്രവൃത്തിയിലൂടെ അവള്‍ തന്റെ യൗവ്വനകാലത്തിന്റെ ലൈംഗികതയെ ഓര്‍ത്തെടുക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. അവള്‍ ആ ഗന്ധത്തെ ലൈംഗികതയെ കുറിച്ചുള്ള ഓര്‍മ്മയാക്കി മാറ്റുന്നു. ഇറോസിന്റെയും തനാറ്റോസിന്റെയും വിചിത്രമായ സംയോജനമാണ് നാം ഇവിടെ കാണുന്നത്. ഫ്രോയിഡിന്റെ സങ്കല്‍പ്പനങ്ങളിലെ ഇറോസും തനാറ്റോസും തമ്മിലുള്ള ശാശ്വതമായ സംഘര്‍ഷത്തെ കഥ ആവിഷ്‌ക്കരിക്കുന്നു.

ശരീരം ജീര്‍ണ്ണിച്ചാലും അതിന്റെ ലൈംഗികചരിത്രത്തെ ഓര്‍ത്തെടുക്കും! ഗന്ധത്തിലൂടെ വൃദ്ധയില്‍ ഉണരുന്ന ലഹരി ഇറോസിന്റെ പ്രകടനവും തനാറ്റോസിന്റെ നിരാകരണമാണ്. ബഹുമാന്യനായ ഒരു അദ്ധ്യാപകനിലേക്കുള്ള പഴയ വിദ്യാര്‍ത്ഥിയുടെ യാത്ര മനുഷ്യാവസ്ഥയുടെ വിശ്ലേഷണമായി മാറുന്നു. കഥയിലെ മനഃശാസ്ത്രപരമായ ഗുരുത്വാകര്‍ഷണകേന്ദ്രം വ്യതിചലിച്ച് പ്രൊഫസറുടെ ഭാര്യയിലേക്കെത്തുന്നു. അദ്ധ്യാപക-വിദ്യാര്‍ത്ഥി പുനഃസമാഗമത്തില്‍ പ്രതീക്ഷിക്കുന്ന ആദരവിന്റെയും ഓര്‍മ്മകളുടെയും അന്തരീക്ഷത്തില്‍ നിന്നും അസ്വാസ്ഥ്യം നിറഞ്ഞ വാര്‍ദ്ധക്യകാലഇന്ദ്രിയതയുടെ പര്യവേക്ഷണത്തിലേക്കു അതു നീങ്ങുന്നു. ഓര്‍മ്മ, ആഗ്രഹം, മരണം എന്നീ അബോധപ്രദേശങ്ങളിലേക്കുള്ള പ്രവേശമായി കഥ മാറുന്നു. കാലം ആഗ്രഹത്തെ മായ്ക്കുന്നില്ല, മറിച്ച് പുതിയതും ചിലപ്പോള്‍ അസ്വസ്ഥവുമായ രൂപങ്ങളിലേക്ക് അതിനെ മാറ്റിസ്ഥാപിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലായി പ്രൊഫസറുടെ വൃദ്ധയായ ഭാര്യ മാറുന്നു.

ഒരു വിദ്യാര്‍ത്ഥി തന്റെ തന്റെ പഴയ അദ്ധ്യാപകനെ കണ്ടുമുട്ടുന്നതിനെക്കുറിച്ചല്ല, അയാളുടെ പ്രൊഫസറുടെ ഭാര്യയിലൂടെ പ്രായം അടിച്ചമര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്ന സത്യങ്ങളുടെ ഉന്മൂലനത്തെക്കുറിച്ചാണ് ഈ കഥ നമ്മോട് ഏറെയും സംസാരിക്കുന്നത്. ശരീരം ക്ഷയിച്ചാലും രതിമോഹങ്ങള്‍ നിലനില്‍ക്കുന്ന മനുഷ്യാസ്തിത്വത്തിലെ വൈരുദ്ധ്യത്തെ കഥ വെളിപ്പെടുത്തുന്നു.പ്രൊഫസറുടെ ഭാര്യ വെറുമൊരു കഥാപാത്രമെന്ന നിലയില്‍ നിന്നും മാറി ഒരു മനോവിശ്ലേഷണചിഹ്നമായി തീരുന്നു. വാര്‍ദ്ധക്യത്തിന്റെയും മരണത്തിന്റെയും പ്രതീകാത്മകക്രമത്തെ തകര്‍ക്കുന്ന രീതിയില്‍ മനുഷ്യരില്‍ തുടിക്കുന്ന മോഹങ്ങളെ ഈ ചിഹ്നം പ്രതീകവല്‍ക്കരിക്കുന്നു. ആഗ്രഹങ്ങളൊന്നും യൗവ്വനകാലത്തോടെ മരിക്കുന്നില്ല. മരണത്തിന്റെ സാന്നിദ്ധ്യത്തില്‍ പോലും അതു നിലനില്‍ക്കുന്നു. വൃദ്ധരായിരിക്കുന്നുവെന്ന അസ്വസ്ഥകരമായ സത്യത്തെ പരാജയപ്പെടുത്തുന്ന വിധത്തില്‍ ഓര്‍മ്മകളിലൂടെ മോഹങ്ങള്‍ ഇപ്പോഴും വൃദ്ധയില്‍ പൂത്തുലയുന്നതാണ് നാം വായിക്കുന്നത്.

നേരനുഭവങ്ങള്‍ കഥകളായി എഴുതപ്പെടാറുണ്ട്, പലപ്പോഴും ജീവിതാനുഭവങ്ങള്‍ക്ക് കഥകളേക്കാളും കഥനശേഷിയുണ്ടല്ലോ? ചെറുകഥ എന്നു പേരിട്ടിരിക്കുന്ന ഒരു കഥ ശ്രീവത്സന്‍ തുടങ്ങുന്നതു തന്നെ നിന്റെ അനുഭവങ്ങളെ നീ ഒരിക്കലും കഥയാക്കരുത് എന്നെഴുതിക്കൊണ്ടാണ്. യഥാര്‍ത്ഥ ജീവിതാനുഭവത്തില്‍ ശ്രദ്ധിക്കാതെ നീ നിന്നെ കുറിച്ചു മാത്രം ചിന്തിക്കുമെന്ന്, നിന്റെ നില ഭദ്രമാക്കാന്‍ ശ്രമിക്കുമെന്ന് തുടര്‍ന്നെഴുതുന്നു. എന്നാല്‍, ആഖ്യാനഘടന കൊണ്ട് സ്വാനുഭവത്തിന്റെ ചൂടുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന കഥകള്‍ ശ്രീവത്സന്‍ തന്നെ എഴുതിയിട്ടുണ്ട്.‘ഗന്ധമാദനം’ പോലെ ‘നളിനി അല്ലെങ്കില്‍ മറ്റൊരു സ്നേഹം’ എന്ന കഥയും ഉദാഹരണമാണ്.

ഈ കഥ വായിക്കുമ്പോള്‍ ആഖ്യാതാവ് കഥാകാരന്‍ തന്നെയാണെന്നും ഇത് നേരനുഭവമാണെന്നും എനിക്കു തോന്നിയിരുന്നു. ശ്രീവത്സനെ നേരിട്ടു പരിചയമുള്ളതുകൊണ്ടാകണം തന്റെ ഏതോ അദ്ധ്യാപകനെ കാണാന്‍ നമ്മുടെ കഥാകാരന്‍ പോകുന്ന ചിത്രമാണ് എനിക്ക് ആദ്യം മനസ്സിലേക്കു വന്നത്. അഴീക്കോട് മാഷിനെ കുറിച്ചുള്ള പരാമര്‍ശം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അന്തരീക്ഷത്തെയും എന്നിലേക്കു കൊണ്ടുവന്നു. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ശ്രീവത്സന്‍ വിദ്യാര്‍ഥിയായിരുന്നു.) അത് എഴുത്തുകാരന്റെ നേരനുഭവമായിട്ടാണ് എന്നില്‍ പ്രവേശിക്കാന്‍ തുടങ്ങിയതെങ്കിലും ആത്മകഥാരൂപമോ ജീവചരിത്രരൂപമോ സ്വീകരിക്കാതെ കഥയുടെ ഏറ്റവും നല്ല ആഖ്യാനസ്വരൂപത്തിലേക്കു വളരുന്നതായും അറിയാന്‍ കഴിഞ്ഞു.

ശ്രീവത്സന്റെ കഥകളെ കുറിച്ച് സാമാന്യമായി ചില കാര്യങ്ങള്‍ നേരത്തെ എഴുതിയതിനെ ഓര്‍ത്തുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. നമ്മുടെ ഭാഷയില്‍ ഇത്ര നാളും ‘എഴുതപ്പെടാതിരുന്ന’ കഥകളാണ് ടി. ശ്രീവത്സന്‍ എഴുതുന്നത്. ഇതുവരെ ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയാതിരുന്ന കരുത്തും തനിമയും വൈഭവവും നിറഞ്ഞ വാക്കുകളിലും ശൈലിയിലും ഇവ എഴുതിയിരിക്കുന്നു. മനുഷ്യാനുഭവങ്ങളുടെ അതീവ സൂക്ഷ്മമായ തലങ്ങളെ അനാവരണം ചെയ്യുന്ന പ്രമേയങ്ങളെ സ്വീകരിക്കുന്നു, ഈ കഥകള്‍. ഇന്നേവരെ കണ്ണും കാതും മനസ്സുമെത്താതിരുന്ന ചിലയിടങ്ങളിലേക്കു ഇവ സഹൃദയനെ കൊണ്ടുപോകുന്നു. തന്റെ ഒച്ച വേറിട്ടു കേള്‍പ്പിക്കുന്നുണ്ട്, ശ്രീവത്സന്‍. ഒരു പക്ഷേ, മലയാളഭാഷയ്ക്കു മാത്രം സവിശേഷമായി നല്‍കാന്‍ കഴിയുന്ന, അപരിചിതാനുഭൂതികളിലേക്കു നയിക്കുന്ന നൂതനമായ ശൈലിയേയും സങ്കേതങ്ങളേയും ‘കര്‍പ്പൂരമരണം’, ‘ന്റെ’ തുടങ്ങി പല കഥകളുടെയും നിര്‍മ്മാണത്തില്‍ കഥാകാരന്‍ ഉപയോഗിക്കുന്നു. ഇത് രൂപശില്‍പ്പസമൃദ്ധിയുടെ അപരിമിതമായ സാഹിതീയാനുഭവത്തെ പകരുന്നു.

ഇതുവരെ എഴുതപ്പെടാതിരുന്ന കഥകള്‍ എന്നു പറയുമ്പോള്‍ മലയാളസാഹിത്യത്തിലെ കഥാചരിത്രത്തോടു വിച്ഛേദിച്ചു നില്‍ക്കുന്ന കഥകളാണിതെന്നു ധരിക്കരുത്. ഈ കഥാകാരന്‍ നടത്തിയ സാഹിത്യവായനയുടേയും സംവേദനത്തിന്റേയും തുടര്‍ച്ചയിലാണ് ഈ രചനകള്‍ സംഭവിക്കുന്നതെന്നു പറയാന്‍ കഴിയുന്ന നിരവധി സന്ദര്‍ഭങ്ങളെ കൂടി ഈ കഥകളില്‍ നിന്നും കണ്ടെടുക്കാം. ശ്രീവത്സന്റെ ചില കഥകള്‍ പൂര്‍വ്വകാലകഥകളിലെ ആശയലോകത്തെ ഇതരയിടങ്ങളിലേക്കു വ്യാപിപ്പിക്കുന്നതോ അവയുടെ അനുബന്ധമായി മാത്രം രചിക്കപ്പെടുന്നവയോ ആണെന്നും പറയണം. ചന്തുമേനോന്റെ നോവലിലെ പഞ്ചുമേനവന്റെ കഥയും എം.പി.നാരായണപിള്ളയുടെ ‘കള്ളനും’ സി.വി. ശ്രീരാമന്റെ ‘ക്ഷുരസ്യധാര’യും ബഷീറിന്റെ ‘പാത്തുമ്മയുടെ ആടും’ ഒക്കെ പ്രേരണകളായി വരുന്ന കഥകള്‍ ഇതിന്നുദാഹരണങ്ങളാണ്.

വെലോപ്പിള്ളിയുടെ ‘കണ്ണീര്‍പ്പാട’ത്തിന്റെ പ്രമേയത്തിനു മറ്റൊരു സാദ്ധ്യത നല്‍കുന്ന കഥയും പി.പി. രാമചന്ദ്രന്റെ ഒരു കവിതയെ അന്ത്യത്തില്‍ പൂര്‍ണ്ണമായും ഉദ്ധരിച്ചു ചേര്‍ക്കുന്ന കഥയും കൂടി ഇക്കൂട്ടത്തിലുണ്ട്. ഈ കൃതികളൊന്നും അവയുടെ രചനാഘടനയുമായി വന്ന് ഈ കഥകളില്‍ ബന്ധുത്വം സ്ഥാപിക്കുന്നില്ലെന്ന് എടുത്തു പറയണം. വ്യതിരിക്തവും സവിശേഷവുമായ ഒരു രീതിയില്‍ ചരിത്രത്തോടും പാരമ്പര്യത്തോടും ബന്ധം സ്ഥാപിക്കുകയും സാഹിത്യവായനയെ കഥാനിര്‍മ്മാണത്തിന്റെ പ്രേരകമായി കണ്ടെത്തുകയും ചെയ്യുന്ന ഒരു പ്രക്രിയ ശ്രീവത്സന്റെ പല കഥകളിലും സംഭവിക്കുന്നു. എഴുത്തുകാരന്റെ വായനാസംസ്‌കാരത്തില്‍ നിന്നും പിറവി കൊള്ളുന്നവയാണ് ശ്രീവത്സന്റെ പല കഥകളും. അതിനെ വായനാസംസ്‌കാരമെന്നു ചുരുക്കുകയും വേണ്ട. ഫെല്ലിനിയും ‘ലാസ്ട്രാഡ’ യും അയ്യപ്പന്‍പാട്ടും ഹെറോഡോട്ടസും വാന്‍ഗോഗും തൊള്‍ക്കാപ്പിയരും ഗ്രഹാംബെല്ലും കടന്നുവരുന്ന കാഴ്ചയുടേയും സംഗീതത്തിന്റേയും വൈജ്ഞാനികശാസ്ത്രങ്ങളുടേയും സംസ്‌കാരവും ഈ കഥാനിര്‍മ്മാണപ്രക്രിയയില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. കഥകളുടെ പാഠാന്തരത്വങ്ങളില്‍ വിശ്വസിക്കുന്ന ഒരാള്‍ പുതിയ പാഠങ്ങളെ തിരയുകയും നിര്‍മ്മിക്കുകയും ചെയ്യുന്നുവെന്നും പറയാം. ശ്രീവത്സന്‍ ആദ്യമായി ഒരു ഭാഷാശാസ്ത്രജ്ഞനാണെന്നതിനാല്‍, ഭാഷാശാസ്ത്രജ്ഞന്റെ അന്വേഷണവ്യഗ്രതകളും നിരൂപകമനസ്സും ഈ കഥകളില്‍ ഇടപെടുന്നു.അതു കൂടി കഥയ്ക്ക് വ്യതിരിക്തതകള്‍ നല്‍കുന്നു.

____________________________

 

30 കഥകള്‍ടി. ശ്രീവത്സന്‍

പ്രസാധനം : ഡി.സി.ബുക്‌സ്, കോട്ടയംവില : 380 രൂപ


 
 
 

Comments


@sreevalsan

bottom of page