top of page

പുതുകവിതയിലെ മറുമൊഴികൾ : പാരിസ്ഥിതികഭാഷാവിചിന്തനം

  • Writer: Sreevalsan Thekkanath
    Sreevalsan Thekkanath
  • Aug 15, 2020
  • 9 min read

Updated: Jun 26



ree


ആമുഖം


മലയാളസാഹിത്യത്തിൽ, പ്രത്യേകിച്ചും ആധുനികോത്തരഭ്രമങ്ങൾ അസ്തമിച്ചതിനുശേഷം പ്രത്യക്ഷപ്പെട്ട ഒരുകൂട്ടം കവിതകളിൽ 'ഭാഷാപാരിസ്ഥിതികത' എന്ന ആശയം എങ്ങനെ പ്രവർത്തിക്കുന്നു എന്ന അന്വേഷണമാണ് ഇവിടെ. ആധുനികതാവാദത്തോടുള്ള കടുത്ത വിയോജിപ്പുകളോടെ പ്രത്യക്ഷപ്പെട്ട കവിതകളുടെ കാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം. മഹാഖ്യാനങ്ങളിൽനിന്നും അതിസൂക്ഷ്മപ്രതിരോധങ്ങളിലേക്ക് കാവ്യശ്രദ്ധ മാറിയ ഘട്ടമായിരുന്നു അത്. ആധുനികോത്തരകവിത അരികുകളുടെ, കീഴ്‌ത്തട്ടുകളുടെ, അപരങ്ങളുടെ ആവിഷ്ക്കാരമായി സ്വയം തിരിച്ചറിഞ്ഞുതുടങ്ങി. ആധുനികതയുടെ അസ്തിത്വപ്രതിസന്ധി, വംശം, ജാതി, ലിംഗം, പ്രാദേശികത തുടങ്ങിയ സ്വത്വങ്ങളുടെ പ്രതിസന്ധികൊണ്ട് പകരംവെക്കപ്പെട്ടു. ഭാഷയിലും രൂപശില്പത്തിലും ഭാവുകത്വത്തിലും കാര്യമായ അഴിച്ചുപണി നടന്ന ഘട്ടമായിരുന്നു അത്.

അതേസമയം ആധുനികോത്തരകവിത മറ്റൊരുതരം മുഖ്യധാരാസാഹിത്യം സൃഷ്ടിക്കുകയായിരുന്നുവെന്ന് പതുക്കെ തിരിച്ചറിയപ്പെട്ടു. പ്രത്യേകിച്ചും സ്ത്രീ, ദളിത്, പരിസ്ഥിതി തുടങ്ങിയ മൂർത്തമണ്ഡലങ്ങളുടെ ലളിതവൽക്കരണങ്ങളിലൂടെ, നവമാധ്യമങ്ങളുടെ സ്വതസിദ്ധമായ പ്രകടനപരതയും ഉപരിപ്ലവതയും ആഘോഷിച്ചുകൊണ്ട് അത് വിപണിയുക്തികളുമായി ഒട്ടൊക്കെ അനുരഞ്ജനത്തിനു സന്നദ്ധമാകുന്നതായി കാണാം. ഉടൻ പ്രതികരണങ്ങൾക്കപ്പുറം, ഗൗരവതരമായ സാഹിത്യസമീപനങ്ങൾ ഇക്കാലയളവിൽ പ്രത്യക്ഷപ്പെടാത്തതിന്റെയും ഒരു കാരണം അതായിരിക്കണം. സംസ്ക്കാരപഠനമെന്ന ഒറ്റത്തൊഴുത്തിൽകെട്ടുമ്പോഴുള്ള പാരവശ്യം മലയാളസാഹിത്യവിമർശനം നേരിടേണ്ടിവരുന്നതും മറ്റൊന്നുകൊണ്ടുമല്ല.

ആധുനികോത്തരതയുടെ മുഖ്യധാരാപ്രവണതകൾ നിലനിൽക്കെത്തന്നെ മലയാളത്തിൽ പ്രത്യക്ഷമായ പുതിയ ഒരു കാവ്യഭാഷാപ്രതിഭാസത്തെ കണ്ടില്ലെന്നു നടിക്കാൻ സമകാലസാഹിത്യവായനകൾക്കാവില്ല. 'മലയാള'മെന്നത് മുമ്പ് ദേശസംജ്ഞയാണെന്നത് കേവലം യാദൃശ്ചികതയല്ല. മലയും ആളവും അതിൽ ഓരോർമ്മപ്പെടുത്തൽപോലെ തങ്ങിനിൽപ്പുണ്ട്. മലയ്ക്കും ആളത്തിനുമിടയിൽ, എന്നാൽ അതുരണ്ടുമല്ലാതെ നിലനിന്നുപോരുന്ന മലയാളസാഹിത്യത്തെ, മലയുടെയും ആളത്തിന്റെയും ഭാഷകൊണ്ട് ചടുലവും വിക്ഷുബ്ധവുമാക്കാൻ പോന്ന ചില മാതൃകകളിലേക്ക് ഒരെത്തിനോട്ടം മാത്രമാണ് ഈ പ്രബന്ധം.


കാവ്യഭാഷയും പാരിസ്ഥിതികതയും

പാരിസ്ഥിതികചിന്തകൾ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുത ജൈവവൈവിധ്യം എന്തുവിലകൊടുത്തും നിലനിർത്തേണ്ടതിന്റെ അനിവാര്യതയാണ്. മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതികപ്രത്യാഘാതങ്ങളെല്ലാം തന്നെ ജൈവവൈവിധ്യം തകരുന്നതിന്റെ അനന്തരഫലമാണ്. ഭാഷകളും അവ നിലനിൽക്കുന്ന ജൈവവ്യൂഹവും തമ്മിലുള്ള ഗാഢബന്ധം തിരിച്ചറിഞ്ഞതോടെ ഭാഷാവൈവിധ്യങ്ങളുടെ അതിജീവനത്തിനായുള്ള ശ്രമങ്ങൾ നിർണ്ണായകമായി. വ്യവസായാനന്തരസമൂഹങ്ങളിൽ ആഗോളീകരണം ഭാഷാവൈവിധ്യങ്ങളെ അപ്രസക്തമാക്കിയപ്പോൾ ഭാഷകളുടെ വംശനാശത്തിന് ആക്കംകൂടി. ഭാഷാനാശം ഒരു ജനതയുടെ സംസ്ക്കാരത്തിന്റെയും സർഗ്ഗാത്മകതയുടെയും അന്ത്യമാണെന്ന തിരിച്ചറിവാണ് നവഹരിതദർശനങ്ങളുടെ കാതൽ. ഭാഷാനാശത്തിനെതിരായ സർഗ്ഗാത്മകപ്രതിരോധമാണ് ലോകമെമ്പാടും സമീപകാലത്തായി പ്രത്യക്ഷപ്പെടുന്ന ഗോത്രഭാഷാസാഹിത്യങ്ങളുടെ പുത്തനുണർവ്വ്.

ഗോത്രഭാഷാകവിതകൾ, സ്വന്തമായി ലിപിയോ വ്യവസ്ഥപോലുമോ ഇല്ലാത്ത, ഗോത്രജീവിതസങ്കീർണ്ണതയുടെ നേർസാക്ഷ്യങ്ങളാണ്. അവ പലപ്പോഴും വിവർത്തനങ്ങളുടെ സഹായത്തോടെ മാത്രമാണ് മുഖ്യധാരയുമായി സംവദിക്കാൻ ശ്രമിക്കുന്നത്. വിവർത്തനം അസാദ്ധ്യമായ പദാവലികൾക്ക് അവർക്ക് അടിക്കുറിപ്പുകളും വിശദീകരണങ്ങളും നൽകേണ്ടിവരുന്നു. എന്നാൽപ്പോലും അവ വിനിമയമണ്ഡലത്തിനുമപ്പുറത്തെ ജല്പനങ്ങൾമാത്രമായി മിക്കപ്പോഴും വായിക്കപ്പെടുന്നു. നാടോടി വാമൊഴിവഴക്കങ്ങളും, മുഖ്യധാരയെ സംബന്ധിച്ച് അസംസ്കൃതമെന്നു കരുതപ്പെടുന്നതെങ്കിലും സ്വകീയമായ സംഗീതസംസ്ക്കാരവുമൊക്കെ സ്വന്തമായുണ്ടെങ്കിലും ആ ഭാഷയിൽ നവനാഗരികതയോടു സംവദിക്കാൻ പര്യാപ്തമായ കവിത സങ്കല്പിക്കണമെങ്കിൽ ഒരുപാടു കടമ്പകൾ കടക്കേണ്ടതുണ്ട്. അത്തരം ഗോത്രഭാഷാകവിതകളിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള ചില വാക്കുകൾ വിശദീകരിക്കണമെങ്കിൽ അവരുടെ ചരിത്രവും നരവംശശാസ്ത്രവും വരെ മനസ്സിലാക്കേണ്ടിവരും. അതിനേക്കാൾ പ്രധാനമായി അവരുടെ വാഴ്‌വിന്റെ ചൂഴ്‌നില പഠിച്ചെടുക്കേണ്ടിവരും. സസ്യ-ജന്തുജാലം, ഭൂപ്രകൃതി, കാലാവസ്ഥ, ഋതുക്കൾ, പ്രകൃതിയുമായി ഇഴചേർന്നുനിൽക്കുന്ന മാനസികാവസ്ഥ, പ്രകൃതിശക്തികളുമായി മല്ലിടേണ്ടിവരുന്ന അതിജീവനശ്രമങ്ങൾ, അങ്ങനെയങ്ങനെ. ഇതിനൊക്കെപ്പുറമെ നവനാഗരികർക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത വന്യമായ ഏകാന്തത; അത് കൊടുംകാട്ടിലായാലും നടുക്കടലിലായാലും!

ലോകമെമ്പാടുമുള്ള പാരിസ്ഥിതികദർശനങ്ങൾ അതാതിടങ്ങളിലെ മുൻമാതൃകകളെ നിനവിൽ വരുത്താനും, പാശ്ചാത്യപ്രബുദ്ധതമുതൽ തുടങ്ങുന്ന ആധുനികതാവ്യവഹാരം മൂലം മുറിഞ്ഞുപോയ കണ്ണികളെ കൂട്ടിച്ചേർക്കാനും ശ്രമിക്കുന്നുണ്ട്. ഭാഷകളുടെ മാനകീകരണത്തിൽ പ്രധാനമായും സംഭവിക്കുന്ന ഒരു പ്രക്രിയ പ്രാദേശികമെന്നോ പ്രാകൃതികമെന്നോ കല്പിക്കപ്പെടുന്ന പ്രയോഗങ്ങളെ തമസ്ക്കരിക്കാനും സംസ്ക്കരിക്കാനും ഉള്ള ശ്രമമാണ്. മുഖ്യധാരാ മാനവികസംസ്ക്കാരത്തിന്റെ സംസ്ഥാപനത്തിലൂടെ അപരങ്ങളുടെ ഓർമ്മകൾ പോലും അസാധ്യമാക്കുന്നു. ഓരോ ജൈവപരിതോവസ്ഥയിലും ജീവിക്കുന്ന മനുഷ്യരുടെ ഭാഷകളെ ഇത്തരത്തിൽ നിരപ്പാക്കലിനും നിർവ്വീര്യമാക്കലിനും വിധേയമാക്കിക്കൊണ്ടാണ് ഭാഷാസൂത്രണം പ്രവർത്തിക്കുന്നത്. മുഖ്യധാരാ ഭാഷയോടൊപ്പം മുഖ്യധാരാസൗന്ദര്യദർശനവും അതതിന്റെ യുക്തികളെ പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കും. ആ വ്യൂഹത്തിനകത്ത് അപരവ്യവഹാരങ്ങൾക്ക് അർത്ഥനിർമ്മിതി അസാധ്യമാക്കുന്ന വിധത്തിലായിരിക്കും അവയുടെ പ്രവർത്തനം. എന്നാൽ പാരിസ്ഥിതികസൗന്ദര്യശാസ്ത്രം, കലാവ്യവഹാരങ്ങളിലെ ശ്രേണീഘടനയെ മറികടക്കാനും, മറുമൊഴികളുടെയും പ്രതിസംസ്ക്കാരത്തിന്റെയും തുറസ്സുകളെ വികസിപ്പിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കാവ്യഭാഷയും പാരിസ്ഥിതികതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി തൊൽക്കാപ്പിയകാലം മുതൽക്കുതന്നെ അന്വേഷണങ്ങളുണ്ടായിട്ടുണ്ട്. ഒരു 'ജ്യോഗ്രഫിക്കൽ മോട്ടിഫ്' എന്ന നിലയിൽകൂടി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള തിണസങ്കല്പം അകം, പുറം എന്നിങ്ങനെ പതിനാലുവിധം അവതരിപ്പിച്ചുകൊണ്ട് സംഘകാലകാവ്യങ്ങളിൽ അവ എങ്ങനെ വെളിവാകുന്നു എന്ന് തൊൽക്കാപ്പിയർ കാണിച്ചുതരുന്നു. തിണകളെ 'സൂക്ഷ്മപരിസ്ഥിതി മണ്ഡല'ങ്ങളായാണ് കമിൽ സ്വലബിൽ മനസ്സിലാക്കുന്നത്. ഓരോ പാരിസ്ഥിതികമണ്ഡലത്തിനും അതിന്റേതായ മുഖ്യഭാവങ്ങളും ദേവത, പക്ഷി, മൃഗം, തൊഴിൽ, നിവാസികൾ, രാഗം, വാദ്യം, ഋതുക്കൾ തുടങ്ങിയ ജൈവവ്യൂഹവും വിവരിക്കപ്പെട്ടിട്ടുണ്ട്. തിണകൾക്കോരോന്നിനും പ്രാദേശികഭേദങ്ങളായ തിചൈച്ചൊല്ലുകളും കല്പിക്കപ്പെട്ടിട്ടുണ്ട്. പൊരുളതികാരത്തിലെ 'മരപിയൽ' എന്ന ഭാഗത്ത് അതിസങ്കീർണ്ണമായ ജൈവവൈവിധ്യങ്ങളെ വിവരിച്ചുകാണുന്നുണ്ട്. മനുഷ്യർക്കിടയിലെ വ്യത്യസ്തവർഗ്ഗങ്ങൾ മുതൽ ഓരോ പാരിസ്ഥിതികതയിലും പ്രത്യക്ഷമാകുന്ന സൂക്ഷ്മജീവികൾ വരെ ഇതിൽ കാണാം. സാകല്യദർശനത്തിന്റെ ജൈവികമായ മുൻമാതൃക എന്ന നിലയിൽ പാരിസ്ഥിതികഭാഷാചിന്തയിൽ തൊൽക്കാപ്പിയത്തിനുള്ള സ്ഥാനം വളരെ ഉയരത്തിലാണ്.

തൊൽക്കാപ്പിയത്തിലെ ഉപദർശനങ്ങൾ 'ദ്രാവിഡസൗന്ദര്യശാസ്ത്ര'മെന്ന പേരിലും 'തിണസിദ്ധാന്ത'മെന്ന പേരിലും തമിഴിലും മലയാളത്തിലും പിൽക്കാലത്ത് പ്രയോഗിച്ചുവെങ്കിലും ('ഇന്ത്യൻ സാഹിത്യസിദ്ധാന്ത'ചർച്ചയിൽ അയ്യപ്പപ്പണിക്കർ വിപുലമായ സാധ്യത തുറന്നുവെക്കുന്നുണ്ട്) ഭാഷാപാരിസ്ഥിതികത എന്ന ആശയത്തിന് അനുപൂരകമായി അധികമാരും അത് അന്വേഷിച്ചുകണ്ടിട്ടില്ല. സംഘം കൃതികളിൽ തിണ എങ്ങനെ പ്രവർത്തിച്ചു എന്ന് ഇപ്പോൾ അന്വേഷിച്ചിട്ട് കാര്യമില്ല. പുതിയ പാരിസ്ഥിതികദർശനങ്ങളുമായി ചേർത്തുവായിക്കുമ്പോൾ അവയ്ക്കുകിട്ടുന്ന വിപുലനം മനസ്സിലാക്കുകമാത്രമാണ് ഇപ്പോൾ സംഗതം. മലയാളത്തിലെ പുതുനിരക്കവികളിൽ ശ്രദ്ധേയരായ ചിലരുടെ കവിതകൾ പരിശോധിച്ചുകൊണ്ട് അവയിൽ മറുമൊഴിയുടെ സാന്നിധ്യവും ഭാഷാവൈവിധ്യത്തിന്റെ സാർത്ഥകതയും അടുത്തറിയാൻ ശ്രമിക്കാം.


ഇടനാടും മരുതംതിണയുടെ ആവിഷ്കാരങ്ങളും


ചെറിയക്ലാസ്സുകളിൽത്തന്നെ മലയാളികൾ ഉരുവിട്ടുപഠിക്കുന്ന കേരളത്തിന്റെ ഭൂമിശാസ്ത്രവിഭജനമാണ് മലനാട്, ഇടനാട്, തീരപ്രദേശം എന്നത്. കേരളത്തിന്റെ ഭൂപ്രകൃതി, കിഴക്കുനിന്നു പടിഞ്ഞാറോട്ട് ചരിഞ്ഞാണ് കിടക്കുന്നത്. കിഴക്കേ അതിർത്തിമുഴുവൻ മലനിരകളും പടിഞ്ഞാറ് അറുനൂറു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന തീരപ്രദേശവും കേരളത്തെ പ്രകൃതിനിർമ്മിതമായ ജൈവമേഖലയായി നിലനിർത്തുന്നു. എങ്കിലും നമ്മുടെ സാഹിത്യചരിത്രമുടനീളം പരിശോധിച്ചാലും കേരളത്തെ ചൂഴുന്ന മലയുടെയും കടലിന്റെയും നിർണ്ണായകസാന്നിധ്യം കണ്ടെത്താനാവുന്നില്ല എന്നത് അത്ഭുതകരമായ വസ്തുതയാണ്. മാത്രവുമല്ല, കേരളം അഭിമാനിക്കുന്നത് അമ്പത്തിനാലോളം നദികളുടെയും തീരങ്ങളിൽ വികസിച്ചുവന്ന കാർഷികസംസ്ക്കാരത്തിന്റെയും തജ്ജന്യമായ കലകളുടെയും പേരിലാണ്. ജാതിവ്യവസ്ഥയുടെ ചരിത്രം പരിശോധിച്ചാലും അവയൊക്കെ ഇടനാട്ടുജീവിതത്തിന്റെ സങ്കീർണ്ണബന്ധങ്ങളായല്ലാതെ കാടും കടലും അതിനെ ബാധിക്കുന്നേയില്ല. പല ഗോത്രവിഭാഗങ്ങളും (കടലോരനിവാസികളുൾപ്പെടെ) ജാതിവ്യവസ്ഥയുടെ വെളിയിൽ സ്വന്തം ഗോത്രശുദ്ധിയും തനിമയും കാത്തുസൂക്ഷിക്കുന്നതായി കാണാം. ഇവയൊക്കെ തെളിയിക്കുന്ന വസ്തുത കേരളസംസ്ക്കാരം ഇടനാടിന്റെ സംസ്ക്കാരമാണെന്നും മലയാളസാഹിത്യം ഏറെക്കുറെ മരുതം തിണയുടെ ആവിഷ്ക്കാരമാണെന്നുമാണ്. നാട് - കാട് എന്നും കര - കടൽ എന്നുമുള്ള വിപരീതങ്ങളിലും ഈ അപരമണ്ഡലങ്ങൾ നിലനിൽക്കുന്നതായി കാണാം. നാടിന്റെയും കരയുടെയും കലയായി അങ്ങനെ മുഖ്യധാരാ മലയാളസംസ്ക്കാരം സ്വയം തിരിച്ചറിയുന്നു. ഫോ‌‌ക് ലോ ന് പകരം പദമായി പറയുന്ന 'നാട്ടറിവ്' എന്ന പദം പോലും നാട് എന്ന സങ്കല്പത്തെ ഊട്ടിയുറപ്പിക്കുന്നുണ്ട്.


പുതുകവിതയിലെ വഴിമാറലുകൾ


ആധുനികോത്തരതയുടെ വേലിയിറക്കത്തിലാണ് മലയാളത്തിൽ ഗോത്രഭാഷാകവിതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. കാടിന്റെയും കടലിന്റെയും ആവിഷ്ക്കാരം കഥകളിലും നോവലുകളിലും നേരത്തേ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെങ്കിലും അപൂർവ്വം ചില പ്രകൃതികൗതുകങ്ങൾക്കപ്പുറം മലയാളകവിതയിൽ അവ അടുത്ത കാലംവരെയും പ്രത്യക്ഷമായിരുന്നില്ല. തങ്ങളുടെ ഭാഷയ്ക്ക് ലിപിയില്ലെങ്കിലും അവയെ മലയാളത്തിലേക്ക് ഒപ്പിച്ചെടുക്കാൻ ഗോത്രകവികൾ കാണിക്കുന്ന സാഹസം അശോകൻ മറയൂരിന്റെ "പച്ചവ്‌ ്ട്" എന്ന കൃതിയുടെ തലക്കെട്ടിൽത്തന്നെ കാണാം. മലയാളത്തിൽ സംവൃതോകാരത്തിന് ദീർഘം സാദ്ധ്യമല്ല. എന്നാൽ മുതുവാൻ ഭാഷയുടെ സാന്നിദ്ധ്യം മലയാളത്തിലേക്ക് ആവാഹിക്കാൻ അത് പ്രയോഗിച്ചേ പറ്റൂ. ഇത്തരത്തിൽ മാനകമലയാളത്തിന്റെയും മുഖ്യധാരാഭാവുകത്വത്തിന്റെയും അപര്യാപ്തതകളെ തുറന്നുകാണിക്കുന്ന, കേന്ദ്രത്തെ നിർവ്വീര്യമാക്കുന്ന അരികുകളുടെ ആഘോഷമായി മലയാളകവിതയിലെ ഗോത്രയാനം നമുക്ക് വായിച്ചെടുക്കാം.

മലയാളത്തിലെ ഗോത്രഭാഷാകവിതയുടെ മൊഴിസാന്നിദ്ധ്യം പ്രതിനിധാനസ്വഭാവത്തോടെ രണ്ടു കവികളുടെ ഏതാനും കവിതകൾ വച്ചുകൊണ്ട് അപഗ്രഥിക്കാവുന്നതാണ്. കാടിന്റെ സാന്നിദ്ധ്യമായി അശോകൻ മറയൂരിനെയും കടലിന്റെ സാന്നിദ്ധ്യമായി ഡി. അനിൽകുമാറിനെയുമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇവരോടൊപ്പം മുഖ്യധാരാമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും നിർണ്ണായകസാന്നിധ്യമായി പ്രത്യക്ഷപ്പെടുന്ന മറ്റുകവികളെ മറന്നുകൊണ്ടല്ല ഈ തെരഞ്ഞെടുപ്പ് എന്ന് ആണയിടട്ടെ.

കാട് എനിക്ക് കടലുപോലെയാണ്


കേരളത്തിലെ ആദിവാസി ഗോത്രഭാഷകളിൽ ഇന്ന് സജീവമായ എഴുത്തിന്റെ ഒരു പ്രബലശബ്ദമാണ് അശോകൻ മറയൂരിന്റേത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ മുതുവാൻ സമുദായക്കാർക്കിടയിൽ വാമൊഴിയായി മാത്രം നിലനിൽക്കുന്ന ഭാഷയിൽ ഈ ആദികവി ആയിരത്തിയഞ്ഞൂറിലധികം കവിതകൾ ഇതിനകം രചിച്ചുകഴിഞ്ഞു. മുതുവാൻ ഭാഷയും മലയാളവും തമിഴും ഒരുപോലെ കൈകാര്യം ചെയ്യുന്ന അശോകന് മലയാളം മൂന്നാം ഭാഷയാണ്. ഗോത്രഭാഷകളിൽ പാട്ടുകൾ ധാരാളമുണ്ടെങ്കിലും കവിത എന്നൊരു സങ്കല്പം സാധ്യമല്ല. അതുകൊണ്ടുതന്നെ ഗോത്രഭാഷകളിൽ എഴുതപ്പെടുന്ന കവിതയുടെ അനുവാചകർ ആരെന്ന പ്രശ്നവും ഇവർ നേരിടുന്നുണ്ട്. മുതുവാൻ സമൂഹത്തിൽ, തന്നെ ആർക്കും കവിയെന്ന നിലയിൽ അറിഞ്ഞുകൂടെന്ന് അശോകൻ പറയുന്നു. വരുന്ന തലമുറയിലെ കുട്ടികൾക്കുവേണ്ടിയാണ് താൻ ഇരുളഭാഷയിൽ കവിതയെഴുതുന്നതെന്ന് മണികണ്ഠൻ അട്ടപ്പാടി പറയുന്നു. താൻ ഗോത്രഭാഷയിൽത്തന്നെയാണ് കവിതയെഴുതുക എന്ന് പി. ശിവലിംഗൻ. റാവുളഭാഷയിലെ(വയനാട്) പല പദങ്ങളും മലയാളത്തിൽ അസാദ്ധ്യമാണന്ന് സുകുമാരൻ ചാലിഗദ്ധ. മാവിലാൻതുളു(കാസർഗോഡ്) ഭാഷയിൽ തന്നെ എഴുതാൻ തീരുമാനിച്ച് ധന്യ വേങ്ങച്ചേരി. അങ്ങനെ ഒരുകൂട്ടം യുവകവികൾ ഭാഷയിലും ഭാവുകത്വത്തിലും ഉറച്ച നിലപാടുമായി മറുമൊഴിയുടെ പ്രതിരോധം മുഖ്യധാരാ മലയാളസാഹിത്യത്തിൽ തീർക്കുന്നുണ്ട്. നാട്ടിലെ വികസനസങ്കല്പങ്ങൾ കാടിന്റെ അതിജീവനത്തെ ബാധിക്കുന്നതുപോലെത്തന്നെ മുഖ്യധാരാസൗന്ദര്യശാസ്ത്രം ഗോത്രകവിതയുടെ ഭാവുകത്വത്തെയും ബാധിക്കുന്നുണ്ട്.

ഭാഷ തീരുമാനിച്ചുകഴിഞ്ഞാൽ അടുത്ത പ്രശ്നം വിക്ഷണകോണാണ്. കവിത ഒരു സാംസ്ക്കാരികോല്പന്നമാണെങ്കിലും കവി സംസ്ക്കാരപക്ഷത്തല്ല. ദേശീയതയ്ക്കെതിരെ പ്രാദേശികതയും മാനകമലയാളത്തിനെതിരെ ഗോത്രഭാഷയും സ്വീകരിക്കുന്നതോടെ അയാൾ കവിതയ്ക്കു പുറത്താവുന്നു. സംസ്കൃതിയുടെ മറുപുറം പ്രകൃതിയാണെന്നതിനാൽ അവരുടെ കവിത സ്വാഭാവികമായും പ്രതികവിതയുമാവുന്നു. ആധുനികതയുടെ കാലത്തെ പരീക്ഷണകവിതയല്ല, ഇത്. മുതുവാൻ ഭാഷയിൽ തങ്ങളുടെ വംശചരിത്രമെഴുതുന്ന "പൊറമല" എന്ന കവിതയിൽ അശോകൻ പറയാതെ പറയുന്ന ഒരു കാര്യമുണ്ട്. കണ്ണകി മധുരാനഗരം ചുട്ടെരിച്ചപ്പോൾ ബാക്കിയായ ഒരു കുഞ്ഞിനേയും മുതുകിൽ ചുമന്ന് മറയൂർ കാടുകളിലേക്കു ചേക്കേറിയവരാണത്രേ മുതുവാൻമാർ. മഹാഭാരതത്തിലും രാമായണത്തിലും വനവാസം ഒരു ശിക്ഷയായി എണ്ണുമ്പോൾ തങ്ങൾക്കത് രക്ഷയായതെങ്ങനെ എന്ന് ഉല്പത്തിചിത്രം മർമ്മത്തിൽ വരയ്ക്കുന്ന അശോകന്റെ മൊഴിയിലുണ്ട്.

നീതിയില്ലാ മത്റ്‌ലി (നീതിയില്ലാ മധുരയിൽ)

നിന്റെ പുറുസയ് സത്തതക്ക (നിന്റെ പുരുഷൻ മരിച്ചതിന്)

എന്നയും എരിക്കിത്തിയ (എന്നെയും എരിയ്ക്കാൻവന്നുനിൽക്കുകയാണോ നീ?)

ഇത് സംസ്കൃതിയോടും നാഗരികതയോടും മുഴുവനുമുള്ള ചോദ്യമാണ്; ഗോത്രഭാഷ മാനകമലയാളത്തോട്; ഗോത്രകവിത മുഖ്യധാരാകാവ്യപാരമ്പര്യത്തോട്. പരിഷ്കൃതിയിൽനിന്നും ബഹിഷ്കൃതരായവർക്ക് നാക്കുമുളയ്ക്കുമ്പോൾ അത് പുതിയ പുരങ്ങളെ എരിയിക്കാൻ തക്ക ശക്തിയേൽക്കുന്നു. തങ്ങളുടെ ഉൽപ്പത്തിപുരാവൃത്തം, നിസ്സഹായതയുടെയും രോഗത്തിന്റെയും പട്ടിണിയുടെയും "അജ്ഞത"യുടെയും വിത്തുകളെറിഞ്ഞു കടന്നുപോയവരെ നിനച്ച് പിന്നെയും ചോദ്യങ്ങളെറിയുന്നു: നാമെല്ലാം തുണിയുടുത്തിട്ട് /ഒരു നൂറ്റാണ്ടായിക്കാണുമോ? / ചേമ്പും ചീരയും കടഞ്ഞുകുടിച്ച് / നാം കാടുടച്ചിട്ട്? / കാട്ടുചീര, മേട്ടുകായ / വെടിപ്പിലാവിൻ കായ, കാട്ടുകിഴങ്ങ് / നൂറാള് സമ്മതിച്ചാൽ മാത്രം വെട്ടുന്ന / പനയുടെ ചോറ് മാവാക്കി ആട്ടിയെടുത്തു / കാട്ടാറിൽ മീൻകൂടുവച്ചു / ഈറ്റയില മെടഞ്ഞുണ്ടാക്കിയ വലവെച്ച് മീൻ പിടിച്ചു / പേരാൽ വേട് ചീന്തിയെടുത്ത നാര് ചരടാക്കി / ചൂണ്ടയിട്ടു / കൽക്കുഴികളിൽ തീയ്യിട്ട് / പാറച്ചോറുവച്ചുതിന്നു / ഈറക്കുറ്റി വെട്ടിവന്ന് / ചക്കക്കുരു പുഴുങ്ങിത്തിന്നു / ഞണ്ടുമാത്രം ഉയിരോടെ ചുട്ടുതിന്നു. ഇത് മുതുവാൻ ഭാഷയിൽ എഴുതുമ്പോൾ നാം കാട്ടുവാഴ്‌വിനകത്താകുന്നു.

"തുപ്പ" എന്ന കവിതയിൽ ഒരു മുതുവാൻ മിത്ത് ആ ഭാഷയിൽ പുനർജ്ജനിക്കുന്നതിന്റെ ഞെട്ടലാണുള്ളത്. കഥ പറഞ്ഞ് കുഞ്ഞിനെ ഉറക്കുന്ന മുത്തശ്ശി തുപ്പയുടെ കഥപറഞ്ഞപ്പോൾ അത് ഓരോ മുതുവാൻ കുഞ്ഞിന്റെയും ആത്മകഥയായി മാറുന്നു. പെറ്റയുടനെ കുഞ്ഞ് മരിക്കുന്ന സ്ത്രീ പിന്നെയും പ്രസവിക്കുമ്പോൾ അമ്മയറിയാതെ കുഞ്ഞിനെ കാട്ടിൽ കൊണ്ടുപോയി ഒളിപ്പിച്ചുവെക്കും. കാട്ടിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ചെന്ന് അനാഥക്കുട്ടിയെപ്പോലെ എടുത്തുവളർത്തണം - സ്വന്തം കുഞ്ഞാണെങ്കിലും. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കാണ് തുപ്പ എന്നു പേരിടുന്നത്. ആൺകുട്ടിയെങ്കിൽ തുപ്പക്കച്ചൻ എന്നും പെണ്ണെങ്കിൽ തുപ്പക്കാൾ എന്നും. തുപ്പയുടെ ജീവന്റെ വില അമ്മയും അച്ഛനും ഒടുക്കേണ്ടിവരും എന്നാണ് മിത്ത്. കഥകേട്ട കുഞ്ഞിന്റെ മൂളൽ ദൈവം കേട്ടിരിക്കും. അന്നുമുതൽ കവിക്കും ഉറക്കമില്ലാതായി. കവിയുടെ പേര് തുപ്പ എന്നായി. കവിതയിലൊരിടത്ത് " കേത്ത സത്തം കേട്ട് / വെറും പെണ്ണാകപ്പിയ്യി / തുപ്പനന്റ്റ് പേറ്ട്ട് / എട്ത്ത് വെറണം" എന്ന് പ്രയോഗമുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ ആ വാക്കുകളുടെ ദൈന്യം നഷ്ടപ്പെടുന്നത് നാം നേരിട്ടനുഭവിക്കും.

മലയിടുക്കിലെ വെള്ളച്ചാട്ടത്തെ അലക്കിയലക്കി നൂലുപിഞ്ഞിയ തണ്ണീർപ്പുടവയായി കാണുന്ന കാഴ്ച കാട്ടുവാഴ്‌വിനേ കാണൂ.

ആടിയാടിയൊണങ്ങത്ത / ഇപ്പൊടവതായ് നമ്ക്ക് മറ.

കാക്ക നാടിന്റെ പക്ഷിയാണ്. കാട്ടിൽ അതിനെന്താണു കാര്യം എന്നന്വേഷിക്കുന്നത് മറ്റൊരു കവിതയുടെ പരോക്ഷതയാണ്. കാക്കയുടെ വരവിലൂടെ പട്ടണത്തിനും അവിടത്തെ മനുഷ്യന്മാർക്കും എന്തുപറ്റി എന്ന് അത്ഭുതം കൂറുന്നു. നായും പേയും മാടും മനുഷ്യനും മാലിന്യം തിന്നാണ് പട്ടണത്തിൽ വിശപ്പടക്കുന്നത് എന്ന രൂക്ഷവിമർശനവും "കാക്ക"യിലൂടെ അശോകൻ തൊടുക്കുന്നു. മുതുവാനിൽ ചിന്തിച്ച് മലയാളത്തിലെഴുതിയ കവിതകളുമുണ്ട് അശോകന്റേതായിട്ട്. അതിൽ സംസ്ക്കാരത്തിന്റെ മുഴുവൻ സമസ്യകളും ലളിതമായി ആവിഷ്ക്കരിക്കുന്ന കുഞ്ഞുകവിതകൾ കാണാം.

1. ഗർഭത്തിലേയെന്റെ / പാദമുറച്ചു / അമ്മയെ തൊഴിച്ച്.

2. നിലാവെട്ടം/അത്ര ചെറുതല്ല /പ്രസവത്തിനായി /ഒറ്റയ്ക്കു കാടിറങ്ങേണ്ടി /വരുന്നവൾക്ക്.

3. പിറക്കുമെന്നു / നട്ടതല്ല.... / പൂത്തു നീ

4.ഇലവറ്റിച്ച മഴമാത്രം / നനയാതെ ഞാൻ

5. മഞ്ഞിനെന്തൊരു ഭാരം! / താങ്ങാനാവാതെ വിറയ്ക്കുന്നു

അശോകന്റെയും അതുപോലെ സ്വന്തം തായ്‌മൊഴിയായ ഗോത്രഭാഷയിൽ കവിതയെഴുതുന്നവരുടെയും കാട്ടു(ക)വിതകൾ തനതുഭാഷയുടെ അഴകും ആഴവും ഉള്ളിൽ വഹിക്കുന്നവയാണ്. "പാട്ടുകൊണ്ടു ചൂട്ടുണ്ടാക്കി മുഖത്തുകുത്തു"മെന്നൊക്കെ കരനാഥന്മാർക്കുമുന്നിൽ അലറിക്കരഞ്ഞ ആധുനികതയിൽനിന്നും പുതുകവിത എത്രദൂരം താണ്ടിയിരിക്കുന്നുവെന്ന് ഏതാനും ഉദാഹരണങ്ങൾകൊണ്ടുതന്നെ തെളിഞ്ഞുകഴിഞ്ഞു.


കടലോരത്തുനിന്ന് കടലാളത്തിലേക്ക്


തോണി കരയിൽ നിന്ന് ആഴത്തിലാഴത്തിലേക്ക് പോകുമ്പോൾ കര താഴ്ന്ന് താഴ്ന്ന് മറഞ്ഞുപോകുന്നത് ഒട്ടൊരു ഗൃഹാതുരതയോടെയാണ് എന്നും അനുഭവിക്കുക. ഇരുപത്തഞ്ച്പാകം പോകുമ്പോഴേക്ക് ലൈറ്റ് ഹൗസ് താഴ്ന്ന് മണ്ണിലമരും. ദൂരെയുള്ള കുന്നുകൾ ആദ്യം തെളിഞ്ഞുവരും. പിന്നെ മറഞ്ഞുപോകും. കര താഴെയും കടൽ മേലെയുമാകുന്ന അനുഭവം വല്ലാത്തൊരു വിസ്മയത്തോടെയാണ് ആദ്യകാലങ്ങളിൽ ഒരു മത്സ്യത്തൊഴിലാളി ഉൾക്കൊള്ളുക.

(സോമൻ കടലൂർ, കടലോർമ്മകൾ, പുറം 52)


കിഴക്ക് നെടുനീളത്തിൽ "മലയാളത്തനിമ കാക്കുന്ന" മലനിരകളിൽനിന്നും താഴോട്ടിറങ്ങി പടിഞ്ഞാറൻ അതിർത്തിയിലെത്തിയാൽ കേരളത്തിന്റെ നെടുങ്കൻ കടൽത്തീരം മൊഴിയുന്നത് മറ്റൊരു ഭാഷയിലാണ്. തെക്ക് പൊഴിയൂർ മുതൽ വടക്ക് ബേക്കലം വരെ പടർന്നുകിടക്കുന്ന കേരളതീരം വ്യത്യസ്തസംസ്ക്കാരങ്ങളുടെ സങ്കീർണ്ണസങ്കരമാണ്. അരയരെന്നും മൊകയരെന്നും വലയരെന്നും നുളയരെന്നും മുക്കുവരെന്നും വ്യത്യസ്തജാതിപ്പേരുകളിലാണ് ആ ജനത അറിയപ്പെടുന്നത്. തിരുവിതാംകൂർ, കൊച്ചി-വൈപ്പിൻ വരെയൊക്കെയുള്ള ഭാഗങ്ങളിൽ ലത്തീൻ കത്തോലിക്കൻ സ്വാധീനവും ആലപ്പുഴയിലെ അരയർക്കിടയിൽ ഹിന്ദുമതവിശ്വാസവും മലബാർ മേഖലയിൽ മുസ്ലീം സ്വാധീനവും ഭാഷയിലും പദാവലിയിലും കാണാമെങ്കിലും കേരളത്തിലെ കടപ്പുറഭാഷയ്ക്ക് അതിന്റേതായ തനിമയും അർത്ഥവ്യവഹാരങ്ങളുമുണ്ട്. ഗോത്രഭാഷാകവികൾക്ക് മുഖ്യധാരാസാഹിത്യത്തിനുമുന്നിൽ തങ്ങളുടെ ഭാഷയിലെഴുതിയ കവിതകളുടെയൊപ്പം തർജ്ജമകൂടെ പ്രസിദ്ധീകരിക്കേണ്ടിവന്നപ്പോൾ, പുതുകവിതയുടെ വലിയ പ്രതീക്ഷയായ ഡി. അനിൽകുമാറിന് തന്റെ കടൽക്കവിതകളുടെ വിനിമയത്തിനായി സ്വയം ഒരു കടൽഭാഷാനിഘണ്ടുതന്നെ, "കടപ്പെറപാസ" എന്ന പേരിൽ പ്രസിദ്ധീകരിക്കേണ്ടിവന്നു. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർമുതൽ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശത്തെ ഭാഷാവൈവിധ്യമാണ് അദ്ദേഹം രേഖപ്പെടുത്താൻ ശ്രമിച്ചത്.

മലയാളസാഹിത്യത്തിൽ കടലിന്റെ സാന്നിധ്യം അപ്രധാനവും അപ്രസക്തവുമായ ചില കൗതുകങ്ങൾക്കപ്പുറം പ്രത്യക്ഷപ്പെടുന്നില്ല. കഥാസാഹിത്യത്തിൽ ചൂണ്ടിക്കാണിക്കാവുന്ന വിരളമായ കൃതികൾപോലും കടലോരത്തിന്റെ കഥകളല്ലാതെ കടലാഴങ്ങളുടെ അനുഭവം ആവിഷ്ക്കരിച്ചിട്ടില്ല. കുട്ടനാടിന്റെ കാഥികൻ തകഴി ഉപജീവിച്ച കടപ്പുറമിത്തുപോലും കരയിലെ ജീവിതത്തെ കേന്ദ്രമാക്കിയായിരുന്നല്ലോ. കെ. എ. സെബാസ്റ്റ്യനെപ്പോലെ, ഫ്രാൻസിസ് നൊറോണയെപ്പോലെ, ചുരുക്കം ചില കഥാകൃത്തുക്കൾ കേരളീയജീവിതം കടലിന്റേതുകൂടിയാണെന്ന് ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കാറുണ്ടെന്നു മാത്രം. ഡി. അനിൽകുമാറിന്റെ കാവ്യഭാഷ പ്രസക്തമാകുന്നത് ഇവിടെയാണ്.

കടപ്പുറഭാഷയിൽ മീൻപിടുത്തം, ഉപകരണങ്ങൾ, മീനുകളുടെ വൈവിധ്യം, കാലം, ദിശ, കാലാവസ്ഥ, കാറ്റുകൾ, കടലിന്റെ നിറം മാറൽ, നീരൊഴുക്കുകൾ തുടങ്ങി കരവ്യവഹാരത്തിന് തീർത്തും അന്യമായ പദാവലികളുണ്ട്. തെങ്കടൽ എന്നു വിശേഷിപ്പിക്കുന്ന ഭാഗങ്ങളിൽ തമിഴിന്റെ, പ്രത്യേകിച്ചും പ്രാചീനത്തമിഴിന്റെ സാന്നിധ്യം ശക്തമായുണ്ട്. ആ ഭാഷയിലെ കാലപ്രയോഗങ്ങളുടെ വൈചിത്ര്യത്തെപ്പറ്റി അനിൽകുമാർ തന്റെ നിഘണ്ടുവിന്റെ ആമുഖത്തിൽ വിവരിക്കുന്നുണ്ട്. കടലുതന്നെയും മത്സ്യത്തൊഴിലാളിക്ക് പലതാണ്. അപ്രതീക്ഷിതമായി പ്രക്ഷുബ്ധമാകുന്ന കള്ളക്കടലും തിരകൾക്കിടയിൽ ഇടവേളയെടുക്കുന്ന ചായലെന്നും രണ്ടുതരം കടലുകളുണ്ട്. ഓരോതരം തിരയ്ക്കും വ്യത്യസ്തമായ പേരുകളുണ്ട്, ഒത്തമേട്, എരണമേട്, അറവാത്താക്കം, ഓരി, വാനീട്ടച്ചേല്, നീവാട് തുടങ്ങി. കടലിൽപോകുന്നവർക്ക് ദിശാബോധം നൽകുന്ന നക്ഷത്രങ്ങൾക്കും പ്രത്യേകം പേരുകളുണ്ട്. ചോത്തുവെള്ളി, വിടിയവെള്ളി, കുരിസുവെള്ളി, മുളക്കാമീൻ, മലയാമീൻ എന്നിങ്ങനെ. മീനുകളുടെ പദകോശം ഏറെ സമൃദ്ധവും സങ്കീർണ്ണവുമാണ്. കരയിൽ കേട്ടിട്ടേയില്ലാത്ത നൂറുനൂറായിരം തരം മീനുകളുടെ പേരുകൾ ഈ ഭാഷയിലുണ്ട്. ഓരോതരം മീൻപിടിക്കാനും പ്രത്യേകം വലകളുണ്ട്. പലതരം വള്ളങ്ങൾക്ക് പലതരം തുഴകളുമുണ്ട്. കടലിൽ മീൻ സമൃദ്ധമായി കാണുന്ന ആവാസവ്യവസ്ഥകൾക്ക് "പാര്" എന്നാണ് പറയുക. കടലിന്റെ നടുക്കുനിന്ന് ഈ പാരുകൾ കണ്ടെത്തിയാൽ ആ ഇടം അടയാളപ്പെടുത്താനായി മുക്കുവർ അവയ്ക്ക് പേരിടുന്നു. അവിടെനിന്നു നോക്കുമ്പോൾ കാണുന്ന മലയോ കല്ലോ മരമോ നക്ഷത്രമോ അല്ലെങ്കിൽ കണ്ടെത്തിയ കാരണവരുടെ പേരോ ഒക്കെ ചേർത്ത് പലതരം പാരുകൾ അടയാളപ്പെടുത്തുന്നു. ഈ ഭാഷാവൈവിധ്യങ്ങളെ കേവലം മുഖ്യധാരാഭാവുകത്വത്തിലേക്ക് പകർത്തിവയ്ക്കുകയല്ല അനിൽക്കുമാർ ചെയ്യുന്നത്. മറിച്ച് എഴുത്തിലെ കർതൃസ്ഥാനംതന്നെ മാറുന്നു എന്നിടത്താണ് ഭാഷാപാരിസ്ഥിതികത എന്ന ആശയത്തിന്റെ സാംഗത്യം.

വീടകം കടല് / ചങ്കമ്മ / പറക്കപ്പൻ / കടൽക്കുതിരയായ് / കറുത്തവൻ വയറൻ / നീണ്ടചുണ്ടൻ ഞാനും.

ഈ വരികളിൽ കവിതയുടെ കാഴ്ചസ്ഥാനം കരയല്ല എന്നു ശ്രദ്ധിക്കുക. ശംഖ്, കൊമ്പൻ സ്രാവിന്റെ ചിറക്, കടൽക്കുതിര, തെരണ്ടിവാല് തുടങ്ങി പലതരം വിശ്വാസങ്ങളും ജീവിതങ്ങളുമായി ബന്ധമുള്ള കടലിന്റെ അനേകം സാക്ഷ്യങ്ങളെ ഉണക്കിസൂക്ഷിക്കുന്ന പതിവ് ഈ കവിതയുടെ പശ്ചാത്തലമായുണ്ട്. അവയിലൊന്നായി തന്നെയും തിരിച്ചറിയുന്നതിലൂടെ കടൽക്കവിതയുടെ ഈ കവിയും തന്റെ നിയോഗം ഏറ്റെടുക്കുന്നു. തുറയിലെ കള്ളുകുടിയനായ "ഓരിയാനെ"ക്കുറിച്ചുള്ള കവിതയിൽ കടൽബിംബങ്ങളുടെ ശക്തമായ കുഴമറിച്ചിൽ കാണാം.

അതിങ്ങനെ ചുരുക്കിയെഴുതാം:

ഓരിയാൻ - കാറ്റാകുന്നു

കുട്ടികൾ - കടലാകുന്നു

കടൽ - മീനാകുന്നു

മീൻ - ഓരിയാനാകുന്നു

ഈ ഭാവന മനുഷ്യപക്ഷത്തുമാത്രം നിലയുറപ്പിക്കുന്ന മുഖ്യധാരാകവിതയ്ക്ക് സ്വപ്നം കാണാനാവില്ല.

കടപ്പുറത്തെ ഒട്ടേറെ വിശ്വാസങ്ങളെ അനിൽക്കുമാർ കവിതയുടെ ഇന്ധനമാക്കുന്നുണ്ട്. ചെമ്മീൻ നോവൽപോലെയോ കച്ചവടസിനിമകളിലെ ചിത്രണംപോലെയോ സംസ്കൃതിയുടെ മൂല്യങ്ങളെ പുനരുല്പാദിപ്പിക്കുന്നവയല്ല അവയൊന്നും. തുറയിലെ പെണ്ണായ "കൊമ്പള് " തന്റെ ഭർത്താവിനു കിട്ടാത്ത മീൻകൊയ്ത്ത് അയൽക്കാരനു ലഭിച്ചതിൽ അസൂയപൂണ്ട് അയലചുട്ട് കടലിലെറിഞ്ഞ് അയാളെ പാപ്പരാക്കുന്ന വിശ്വാസം എത്ര നിഷ്ക്കളങ്കവും നിരുപദ്രവവുമാണെന്നോർക്കുക. പക്ഷേ ആ കൊമ്പളുടെ വിധി മറ്റൊന്നാണെന്ന് കവിതകൊണ്ട് നമ്മെ നടുക്കുന്നു:

പ്‌രാകിയും പെരമ്പിയും / ഇരുന്നയിരുപ്പിൽ / കൊമ്പള് / കമ്പോളച്ചരക്കായി

മീൻ മാർക്കറ്റിൽ / ഫ്രഷ് കൊമ്പള് / വാങ്ങി കറിവയ്ക്കാൻ / കരളറുത്തുമാറ്റി.

കടലും കരയും തമ്മിലുള്ള വൈരുദ്ധ്യം അതിശക്തമായ ഒറ്റബിംബമായി "കടൽശംഖ്" എന്ന കവിതയിൽ പ്രത്യക്ഷപ്പെടുന്നു. കടലിലുള്ളവയുടെ ഒരു നീണ്ട നിര ബിംബങ്ങളാണ് ഈ കവിതയിൽ പ്രത്യക്ഷപ്പെടുന്നത്. ഉള്ളം കലങ്ങിയ ആമ, കൂനൻ കൊഞ്ചിന്റെ ഛർദ്ദി, തൊരപ്പൻ കൊട്രാളിന്റെ പ്രണയം, മാരത്തോൺ തിരകളിൽ വേളാവിന്റെ ശില്പം, വിഷപ്പല്ലിളിച്ചുകാട്ടുന്ന അഞ്ചാള, കടൽപ്പന്നിയുടെ വായ്‌നാറ്റം, മൺമാളം പൊളിച്ചെത്തുന്ന ബുൾഡോസർ ഞണ്ടുകൾ, യാത്ര ചോദിക്കുന്ന റാളുകൾ, പകലെണ്ണിത്തീരാത്ത ചാക്കാണി, മലർന്ന സുന്ദരി മണങ്ക്, മഷികുലുക്കിപ്പക്ഷി കണവ ഇവയൊക്കെയും കടലിലുണ്ട്. പക്ഷേ ഉള്ളിൽ കടലിരമ്പം ഓർമ്മയായി സൂക്ഷിക്കുന്ന കടൽശംഖുമാത്രം കരയിൽ!

തനിക്ക് കവിതയെഴുത്ത് മീൻപിടിത്തമാണെന്ന് (മറിച്ചല്ല) "വരികൾ" എന്ന കവിതയിൽ.വാക്കുകളെ ചൂണ്ടയിടുമ്പോൾ അവ ചാടിമാറിക്കൊണ്ടിരിക്കും. വലയിലോ ചൂണ്ടയിലോ കുരുങ്ങിയ വാക്കുകൾക്ക് പ്രാണവെപ്രാളം. വാക്കിന്റെ പിടച്ചിൽ തിരിച്ചറിയുന്നണ്ടെങ്കിലും അത് തന്റെ നിയോഗമാണെന്ന് പുതുകവി തിരിച്ചറിയുന്നു. കടലിൽനിന്നും ജീവനുള്ള വാക്കുകളെ വലയിട്ടുപിടിച്ച് ജീവിതത്തിന്റെ തീരമണലിൽ ഉപ്പിട്ടുണക്കി വറുതിയുടെ ഭാവിക്കായി സൂക്ഷിച്ചുവയ്ക്കുന്ന ആദികവിധർമ്മം.

"അവിയങ്കോര" എന്ന കവിതയിൽ മരിച്ചുപോയ അപ്പന്റെ ആത്മാവ് പക്ഷിയായിവന്ന് ഒമ്പതുമക്കളേയും ഭാര്യയേയും കാണാനെത്തുന്നു. ജീവിച്ചിരിക്കുമ്പോഴെന്നപോലെ അപ്പൻ, അമ്മയുടെ മുടിക്കുത്തിനു പിടിച്ച് "തെറിച്ച കടലാളത്തിൽ നാലുപള്ളുരിച്ചു" എന്നൊരു പ്രയോഗമുണ്ട്. കടലാളം എന്ന നവനിർമ്മിതി പരിഭാഷകൾക്കും വ്യാഖ്യാനത്തിനുമൊക്കെ അതീതമാണെങ്കിലും, അതിൽ മുഴങ്ങുന്ന കടൽവാഴ്‌വിന്റെ ഇരമ്പം അനുഭവിക്കാനാവുന്നുണ്ട്. ആത്മാവ് രാത്രി, മക്കളേയും കൂട്ടി അവിയങ്കോര എന്ന മീൻപിടിക്കാനിറങ്ങി. പുലർച്ചെ തിരിച്ചെത്തിയത് അപ്പന്റെ പത്താമത്തെ മകനായ കട്ടമരം എന്ന വള്ളവുമായാണ്. മക്കൾക്കു അപ്പന്റെ വേർപാടു സഹിക്കാനാവുന്നില്ല. മക്കൾ അപ്പനോട് വീട്ടിൽ ഇരുന്നോളാനും, പകരം തങ്ങൾ കല്ലറയിൽ പോയി കിടന്നോളാമെന്നും വാക്കുകൊടുക്കുന്ന സർറിയലിസ്റ്റ് ചിത്രമാണ് "അവിയങ്കോര"യിൽ.

കടൽപ്പുറജീവിതത്തിന്റെ മഹാസാന്നിധ്യമായി, വിശ്വാസങ്ങളായും ആശ്വാസമായും രക്ഷാകവചമായും നിലനിൽക്കുന്ന തെരച്ചി എന്ന തെരണ്ടിയായി അടുത്ത ജന്മത്തിൽ ജനിച്ചേക്കാമെന്ന് കവി സങ്കല്പിക്കുന്നുണ്ട്. അനിൽക്കുമാറിന്റെ കടൽസാക്ഷ്യങ്ങളുടെ ഏതാനും സൂചനകൾമാത്രമാണ് ഈ ഉദാഹരണങ്ങളിലുള്ളത്. ഇനിയും പ്രത്യക്ഷപ്പെടാനിരിക്കുന്ന കരകാണാക്കനവുകളുടെ ഒരു തുള്ളി മാത്രമാണ് ഇവിടെ ഇറ്റിക്കാനായത്.


കാടിനും കടലിനും നടുക്കുള്ളത് മായുമ്പോൾ


അശോകൻ മറയൂരും ഡി. അനിൽകുമാറും തമ്മിൽ നടന്ന സംവാദത്തിലൊരിടത്ത് ഭാഷാപാരിസ്ഥിതികതയുടെ മർമ്മം പകരുന്ന ഒരു ഘട്ടമുണ്ട്.

അശോകൻ: ഞാൻ ഉയരങ്ങളിൽനിന്നാണല്ലോ നിന്നെ ദൂരെനിന്നു നോക്കിയിരിക്കുന്നത്. നീ കടലിൽ നിന്നാണ് തിരിച്ച് എന്നെ നോക്കുന്നത്. ഈ കടലിനും മലകൾക്കും നടുക്കുള്ളത് മായ്ച്ചു കളഞ്ഞാൽ നമുക്കുള്ളിൽ എന്തൊക്കെയോ ഉള്ളതുപോലെ എനിക്കു തോന്നുന്നുണ്ട്. മലകൾക്കും കടലിനും നടുക്കുള്ളതു മായ്ച്ചുകഴിഞ്ഞാൽ നാം നമ്മുടെ പൂർവ്വികതയിലേക്കു മടങ്ങുന്നതുപോലെ തോന്നും.

വാസ്തവത്തിൽ അശോകൻ പരാമർശിക്കുന്ന "നടുക്കു"ള്ളതാണ് മുഖ്യധാരാ സംസ്ക്കാരം. അതിന്റെ പ്രാമുഖ്യമാണ് നാളിതുവരെയുള്ള കലാ-സാഹിത്യസംസ്ക്കാരമായി നാം അംഗീകരിച്ചുപോന്നിരുന്നത്. കാർഷികജീവിതവുമായി ബന്ധപ്പെട്ട നദീതടസംസ്ക്കാരങ്ങൾ ("നിള" ഒരു സാംസ്്കാരിക നദിയാണെന്നോർക്കുക), അവയെ ഒന്നടങ്കം മായ്ച്ചുകളയാനുള്ള ആഹ്വാനമാണ് അശോകൻ മറയൂർ നടത്തുന്നത്. ഇടനാടിന്റെ സംസ്ക്കാരം; മരുതം തിണയുടെ പ്രാമാണ്യം; മുല്ലൈയുടെയും കുറിഞ്ചിയുടെയും നെയ്തലിന്റെയും തിരിച്ചുവരവ്; അതാണ് പുതുകവിതയുടെ സന്ദർഭം. അത് കേവലം പുതിയ ഭൂഭാഗദൃശ്യങ്ങളുടെയോ ഇന്നുവരെ സാഹിത്യപ്രവേശം കിട്ടിയിട്ടില്ലാത്തവരുടെ ജീവിതാനുഭവങ്ങളുടെയോ കൗതുകം മാത്രമല്ല. അത് സംസ്കൃതിക്ക് അപരിചിതവും അരോചകവുമായ കർതൃസ്ഥാനം തന്നെയാണ്. അതിന് മാനകമലയാളമോ സാമ്പ്രദായിക രൂപശില്പമോ അപര്യാപ്തമാവുന്നു. കവിതയിലെ ഓരോ ബിംബവും ഭൂതകാലത്തിൽനിന്നും ജീവിതവൈവിധ്യങ്ങളിൽനിന്നും ഭാഷയുടെ വേരുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്മവൈദഗ്ധ്യം ആവശ്യപ്പെടുന്നുണ്ട്. ആ കാവ്യഭാഷ പുതിയൊരു ഗോത്രഭാഷാസാക്ഷരത അനുവാചകരിൽ അനിവാര്യമാക്കുന്നു. നാല്പതോളം വർഷമായി മിക്കവാറും കാട്ടിൽത്തന്നെ കഴിയുന്ന വന്യജീവി ഫോട്ടോഗ്രാഫർ എൻ. എ. നസീർ ഒരിക്കൽ പറയുകയുണ്ടായി, നാട്ടിൽനിന്നും കാട്ടിലേക്ക് കയറുമ്പോൾ ചെരുപ്പഴിച്ചുവച്ച് നമിച്ചുകൊണ്ടാണ് താൻ ഓരോതവണയും ചെല്ലുന്നതെന്ന്. സർവ്വസന്നാഹങ്ങളോടും കൂടി ഒരു വിനോദസഞ്ചാരിയായിട്ടല്ല കാട്ടിലേക്കും കടലിലേക്കും ചെല്ലേണ്ടതത്രേ. കാടിനും കടലിനും അതിന്റേതായ പ്രകൃതിനിയമങ്ങളും പ്രാകൃതികധാർമ്മികതയുമുണ്ട്. അത് ഒരുപക്ഷേ പട്ടണപ്പരിഷ്ക്കാരിയായ ആധുനികന് മനസ്സിലാവില്ല. അതിന്റെ നിയമങ്ങളറിയാതെ, അനുസരിക്കാതെ കാട്ടിലേക്കോ കടലിലേക്കോ ചെന്നാൽ മരണം വരെ സംഭവിച്ചേക്കാം. ആ നൈതികതയാണ് പുതുകവിതയുടെ ഈ പ്രവിശ്യയുടെ കാതൽ.

സാഹിത്യവ്യവഹാരങ്ങളിൽ ഒരുതരം "സംവരണ"ത്തിന്റെ രീതിയിലാണ് ഗോത്രകവിതകൾ ചർച്ചചെയ്യപ്പെട്ടുപോരുന്നത്. പ്രമേയത്തിലും പരിചരണത്തിലും പാകതയോ സംസ്ക്കാരമോ ഈ കവിതയിൽ നിന്ന് മുഖ്യധാര പ്രതീക്ഷിക്കാത്തത് അതുകൊണ്ടാണ്. വായിക്കാനും ചർച്ചചെയ്യാനുമല്ല, പുരസ്ക്കാരങ്ങളും വേദികളും പാഠപുസ്തകപ്രവേശവുമൊക്കെ നൽകി ഇവരെയും ഉപദൈവങ്ങളായി കുടിയിരുത്താനാണ് മുഖ്യധാരയ്ക്കു തിടുക്കം. വ്യാപകമായി വിവർത്തനം ചെയ്യപ്പെട്ടുപോരുന്ന ഈ കവിതകൾ ഇംഗ്ലീഷിലേക്കും ഇതരഭാഷകളിലേക്കും നിരുത്തരവാദപരമായി കൈമാറ്റം ചെയ്യപ്പെടുന്നതു കാണുമ്പോൾ, അനിൽക്കുമാറിന്റെ വരികൾ വീണ്ടും ഓർമ്മയിലെത്തുന്നു: "മീൻ മാർക്കറ്റിൽ / ഫ്രഷ് കൊമ്പള് / വാങ്ങി കറിവയ്ക്കാൻ / കരളറുത്തുമാറ്റി". കാട്ടിലും കടലിലും ജീവിക്കാനും അതിജീവിക്കാനും നാട്ടുപരിഷ്ക്കാരങ്ങൾകൊണ്ട് അസാധ്യമാണെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് പുതിയ തലമുറയിൽ പലതരം മൂവ്മെന്റുകൾ അടുത്തകാലത്തായി പ്രത്യക്ഷപ്പെടുന്നത്. പള്ളിക്കൂടങ്ങൾ ഭരണകൂടപൗരന്മാരെ മാത്രം വാർത്തെടുക്കുമ്പോൾ കടപ്പുറങ്ങളിൽ ഇപ്പോൾ കടലറിവുകൾ പകരാനായി ബദൽ "കടൽക്കൂട"ങ്ങൾ സജീവമാകുന്നുണ്ട്. ആഗോളതാപനം പോലെയുള്ള കാലാവസ്ഥാ പ്രതിസന്ധികളെക്കുറിച്ച് പല ഉൾക്കാഴ്ചകളും ലഭിക്കുന്നത്, ജൈവവൈവിധ്യങ്ങളുടെ തിരോധാനത്തെക്കുറിച്ചുള്ള നേരറിവുകളിൽനിന്നാണ്. മിച്ചംവരുന്ന പച്ചമീനുകൾ കേടുകൂടാതെ കാലങ്ങളോളം സൂക്ഷിക്കാനായി സ്വാഭാവികമായി കടപ്പുറത്തു നിലനിന്നിരുന്ന മീൻചാപ്പകളുടെ തിരോധാനം നമ്മെ ഞെട്ടിക്കുന്നത്, ഇന്ന് മാരകരാസവസ്തുക്കളിട്ട് ആഴ്ചകൾ വൈകി നമ്മുടെ കൈകളിലെത്തുന്ന മത്സ്യവിഭവങ്ങളുടെ വിപര്യയമാണ്. ഓരോ മണിക്കൂറിലും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാടുകൾ, അപകടകരമായ വിധത്തിൽ ക്രമം തെറ്റിയെത്തുന്ന കാലാവസ്ഥാ പ്രതിഭാസങ്ങൾ, സമുദ്രതാപനിലയിൽ നേരിയ വർദ്ധന വന്നാൽപ്പോലും കുലം മുടിഞ്ഞുപോകുന്ന ആയിരക്കണക്കിനു ജലജീവികൾ, അതുമൂലം ക്രമാതീതമായി പെരുകുന്ന, ശൃംഖലയിലെ അടുത്ത കണ്ണികൾ... അങ്ങനെയങ്ങനെ മനുഷ്യചേതനയെ ചുട്ടുപൊള്ളിക്കുന്ന നഗ്നസത്യങ്ങൾ സ്പീഷീസെന്ന നിലയിൽത്തന്നെ നമ്മുടെ ഭാവിയെ അപായപ്പെടുത്തുന്നുണ്ട്.

കാടിന്റെയും കടലിന്റെയും കവിതകളുടെ സുപ്രധാന പ്രത്യേകത അവ ഒരിക്കലും പ്രകൃതിപ്രശ്നങ്ങളെ പ്രത്യക്ഷമായി ഉന്നയിക്കുന്നില്ല എന്നതാണ്. (അവ "ഒരുവിലാപ"മല്ല; "വിശ്വരൂപ"മാണ്). നവനാഗരികന്റെ സഹതാപം അവർക്കാവശ്യമില്ല. അതുകൊണ്ടാവണം മിക്ക കവിതകളും ആത്മഗതങ്ങളുടെ രൂപം കൈക്കൊള്ളുന്നത്. ഗോത്രത്തിൽ കവിയാവാൻ വിധിക്കപ്പെട്ടവർക്ക് അവരുടെ ഭാഷയിൽ അനുവാചകരില്ലെന്ന പ്രതിസന്ധി ഒരുവശത്ത്. വിവർത്തനത്തിൽ ചോർന്നുപോകുന്ന കവിതയുമായി അവർ മുഖ്യധാരയുമായി സംവദിക്കാൻ വിഫലശ്രമം നടത്തുകയും ചെയ്യുന്നു.

"മുക്കുവനെഴുത്തില്ല" എന്നൊരു കടൽപഴഞ്ചൊല്ലുണ്ട്. അതിന്റെ പലതരം ധ്വനികളിലൊന്ന് എഴുത്തിലുള്ള അവിശ്വാസമാണ്. പ്രകൃതിയിൽ "സർഗ്ഗാത്മകശേഷി"യുള്ള ഭാഷ ഉപയോഗിക്കുന്ന ഒരേയൊരു ജീവിവർഗ്ഗമെന്ന നിലയിൽ മനുഷ്യചിന്തയുടെ മഹാനിർമ്മിതികളെ മാനിക്കുമ്പോൾത്തന്നെ, എൺപത്തേഴു ലക്ഷം തരം സഹജീവികളിൽ നിന്നും മൗനത്തിന്റെ പാഠം മാത്രം നാം പഠിച്ചില്ലെന്നോർക്കുക. അവ "മിണ്ടാപ്രാണി"കളായത് മിണ്ടാൻ ശേഷിയില്ലാഞ്ഞിട്ടല്ല എന്ന ശാസ്ത്രസത്യം നാം മറക്കുന്നു. ഒരു നാവും രണ്ടു ചെവിയുമുള്ള നമുക്ക് കേൾക്കാനല്ല, പറയാനാണ് താല്പര്യം.

കാടിന്റെയും കടലിന്റെയും ഭാഷാവൈവിധ്യവും പദാവലീസമൃദ്ധിയും ഭാവനാകാശങ്ങളും നോക്കുമ്പോൾ മലയാളഭാഷ എത്ര ദരിദ്രമാണെന്ന് നമുക്ക് ബോധ്യപ്പെടും. സങ്കുചിതപദാവലി കൊണ്ടാണ് നാം അഭിമാനിക്കുന്ന ക്ലാസിക്കൽ പദവിവരെ മലയാളം എത്തിച്ചേർന്നത്. ജൈവവൈവിധ്യം പോലെ ഭാഷാവൈവിധ്യവും ഒരു വ്യവസ്ഥയുടെ ആരോഗ്യകരമായ അതിജീവനത്തിന് എത്ര അനിവാര്യമാണെന്ന് നാം ഇന്നു തിരിച്ചറിയുന്നു. സാഹിത്യത്തിലെ ഭാഷാദാരിദ്ര്യത്തെ പുതുകവിതയുടെ മറുമൊഴികൾകൊണ്ട് സമ്പന്നവും സുസ്ഥിരവുമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ നിരീക്ഷണങ്ങൾ അടിവരയിടുന്നത്.

തിണകളിൽ ഇനി നാം കാത്തിരിക്കുന്നത് സംഘംകൃതികളിൽ സാങ്കല്പികമായി മാത്രം വിവരിച്ചിട്ടുള്ള പാലൈ തിണയാണ്. കുറ്റിക്കാടുകളും കട്ടപ്പാറകളുമുള്ള വരണ്ടഭൂമിയാണ് പാലൈ. ഇലകൾ കൊഴിഞ്ഞ മരങ്ങൾ, ശരണമില്ലാതടിക്കുന്ന ചുഴലിക്കാറ്റ്, കള്ളിച്ചെടികളും മറ്റുമുള്ള ശ്മശാനങ്ങൾ, - അങ്ങനെ വരണ്ടതും ഭീതിജനിപ്പിക്കുന്നതുമാണ് പാലൈ. യുദ്ധദേവതയായ കൊറ്റവൈ ആണ് ദേവത. വിളിപ്പുറത്തെത്തി നിൽക്കുന്ന ആ ഭാവിക്കുമുന്നിൽ, കല്ലറയിലേക്കു തിരിച്ചുപോകുന്ന അപ്പന്റെ ആത്മാവിനോട് മക്കൾ കേണപേക്ഷിക്കുന്നത് ഇങ്ങനെയാണ്:

"അപ്പാ, അപ്പാ, അപ്പനെങ്ങോട്ടാ?

ഇവിെടയിരുന്നോണം

ഞങ്ങൾ പോയിക്കിടക്കാം

കല്ലറയിൽ".


പരാമർശങ്ങൾ:

അശോകൻ മറയൂർ, 2017, പച്ചവ് ്ട്, കോട്ടയം: ഡി.സി.ബുക്സ്

അനിൽക്കുമാർ, ഡി., ചങ്കൊണ്ടോ പറക്കൊണ്ടോ, 2014, തിരുവനന്തപുരം: ചിന്ത

അനിൽക്കുമാർ, ഡി., കടപ്പെറപാസ, 2016, തിരുവനന്തപുരം: ചിന്ത

ഇളയപെരുമാൾ, എം. (വ്യാഖ്യാ.) 1961, തൊൽക്കാപ്പിയം, തിരുവനന്തപുരം: സരസ്വതിനിവാസ്

രാമൻ, പി. (എഡി.), 2017, "തിളനില", പട്ടാമ്പി: തിളനില പ്രസാധനം

ശ്രീകുമാർ, ടി.ടി.(എഡി.), 2004, കടലറിവുകൾ, കോട്ടയം: ഡി.സി.ബുക്സ്

ശ്രീധരൻ അഞ്ചുമൂർത്തി, 2010, തിണസിദ്ധാന്തം, മലപ്പുറം; തത്വ പബ്ലിഷിംഗ് ഹൗസ്

"കാടും കടലും പാടുന്നു", സംഭാഷണം: അശോകൻ മറയൂർ, ഡി. അനിൽക്കുമാർ, ദേശാഭിമാനി വാരിക, 2019 നവംബർ 10

https://www.youtube.com/watch?v=FZ8wGwjlaTo&t=1533s




























































Comments


@sreevalsan

bottom of page