top of page

ഇതുവരെ 'എഴുതപ്പെടാതിരുന്ന' കഥകള്‍ - വി. വിജയകുമാർ

  • Writer: Sreevalsan Thekkanath
    Sreevalsan Thekkanath
  • Apr 4, 2023
  • 5 min read

Updated: Jun 26

"മുപ്പതുകഥകൾ" - ടി. ശ്രീവത്സൻ : വായന

9th February | 2023 | Issue 145

ree

നമ്മുടെ ഭാഷയില്‍ ഇത്ര നാളും 'എഴുതപ്പെടാതിരുന്ന' ചില കഥകള്‍ ടി. ശ്രീവത്സന്റെ 30 കഥകള്‍ എന്ന പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയാതിരുന്ന കരുത്തും തനിമയും വൈഭവവും നിറഞ്ഞ വാക്കുകളിലും ശൈലിയിലും ഇവ എഴുതിയിരിക്കുന്നു. മനുഷ്യാനുഭവങ്ങളുടെ അതീവ സൂക്ഷ്മമായ തലങ്ങളെ അനാവരണം ചെയ്യുന്ന പ്രമേയങ്ങളെ സ്വീകരിക്കുന്നു, ഈ കഥകള്‍. ഇന്നേവരെ കണ്ണുംകാതും മനസ്സുമെത്താതിരുന്ന ചിലയിടങ്ങളിലേക്കു ഇവ സഹൃദയനെ കൊണ്ടുപോകുന്നു. ഒരു പക്ഷേ, മലയാളഭാഷയ്ക്കു മാത്രം സവിശേഷമായി നല്‍കാന്‍ കഴിയുന്ന, അപരിചിതാനുഭൂതികളിലേക്കു നയിക്കുന്ന നൂതനമായ ശൈലിയേയും സങ്കേതങ്ങളേയും കര്‍പ്പൂരമരണം, ഗന്ധമാദനം, ന്റെ തുടങ്ങി പല കഥകളുടെയും നിര്‍മ്മാണത്തിനായി കഥാകാരന്‍ കൊണ്ടുവരുന്നു. ഇത് രൂപശില്‍പ്പസമൃദ്ധിയുടെ അപരിമിതമായ സാഹിതീയാനുഭവത്തെ പകരുന്നു.

ഇതുവരെ എഴുതപ്പെടാതിരുന്ന കഥകള്‍ എന്നു പറയുമ്പോള്‍ മലയാളസാഹിത്യത്തിലെ കഥാചരിത്രത്തോടു വിച്ഛേദിച്ചു നില്‍ക്കുന്ന കഥകളാണിതെന്നു ധരിക്കരുത്. ഈ കഥാകാരന്‍ നടത്തിയ സാഹിത്യവായനയുടേയും സംവേദനത്തിന്റേയും തുടര്‍ച്ചയിലാണ് ഈ രചനകള്‍ സംഭവിക്കുന്നതെന്നു പറയാന്‍ കഴിയുന്ന നിരവധി സന്ദര്‍ഭങ്ങളെ ഈ കഥകളില്‍ നിന്നും കണ്ടെടുക്കാം. ശ്രീവത്സന്റെ ചില കഥകള്‍ പൂര്‍വ്വകാലകഥകളിലെ ആശയലോകത്തെ ഇതരയിടങ്ങളിലേക്കു വ്യാപിപ്പിക്കുന്നതോ അവയുടെ അനുബന്ധമായി മാത്രം രചിക്കപ്പെടുന്നവയോ ആണെന്നും പറയണം. ചന്തുമേനോന്റെ നോവലിലെ പഞ്ചുമേനവന്റെ കഥയും എം.പി.നാരായണപിള്ളയുടെ 'കള്ളനും' സി.വി ശ്രീരാമന്റെ 'ക്ഷുരസ്യധാര'യും ബഷീറിന്റെ 'പാത്തുമ്മയുടെ ആടും' ഒക്കെ പ്രേരണകളായി വരുന്ന കഥകള്‍ ഇതിന്നുദാഹരണങ്ങളാണ്. വെലോപ്പിള്ളിയുടെ 'കണ്ണീര്‍പ്പാട'ത്തിന്റെ പ്രമേയത്തിനു മറ്റൊരു സാദ്ധ്യത നല്‍കുന്ന കഥയും പി പി രാമചന്ദ്രന്റെ ഒരു കവിതയെ അന്ത്യത്തില്‍ പൂര്‍ണ്ണമായും ഉദ്ധരിച്ചു ചേര്‍ക്കുന്ന കഥയും കൂടി ഇക്കൂട്ടത്തിലുണ്ട്. ഈ കൃതികളൊന്നും അവയുടെ രചനാഘടനയുമായി വന്ന് ഈ കഥകളില്‍ ബന്ധുത്വം സ്ഥാപിക്കുന്നില്ലെന്ന് എടുത്തു പറയണം. വ്യതിരിക്തവും സവിശേഷവുമായ ഒരു രീതിയില്‍ ചരിത്രത്തോടും പാരമ്പര്യത്തോടും ബന്ധം സ്ഥാപിക്കുകയും സാഹിത്യവായനയെ കഥാനിര്‍മ്മാണത്തിന്റെ പ്രേരകമായി കണ്ടെത്തുകയും ചെയ്യുന്ന ഒരു പ്രക്രിയ ശ്രീവത്സന്റെ പല കഥകളിലും സംഭവിക്കുന്നു. എഴുത്തുകാരന്റെ വായനാസംസ്‌കാരത്തില്‍ നിന്നും പിറവി കൊള്ളുന്നവയാണ് ഈ സമാഹാരത്തിലെ പല കഥകളും. അതിനെ വായനാസംസ്‌കാരമെന്നു ചുരുക്കുകയും വേണ്ട. ഫെല്ലിനിയും 'ലാസ്ട്രാഡ' യും അയ്യപ്പന്‍പാട്ടും ഹെറോഡോട്ടസും വാന്‍ഗോഗും തൊള്‍ക്കാപ്പിയരും ഗ്രഹാംബെല്ലും കടന്നുവരുന്ന, കാഴ്ചയുടേയും സംഗീതത്തിന്റേയും വൈജ്ഞാനികശാസ്ത്രങ്ങളുടേയും സംസ്‌കാരവും ഈ കഥാനിര്‍മ്മാണപ്രക്രിയയില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. കഥകളുടെ പാഠാന്തരത്വങ്ങളില്‍ വിശ്വസിക്കുന്ന ഒരാള്‍ പുതിയ പാഠങ്ങളെ തിരയുകയും നിര്‍മ്മിക്കുകയും ചെയ്യുന്നുവെന്നും പറയാം.

രണ്ടു സ്ത്രീകള്‍ക്കിടയിലെ അനിര്‍വ്വചനീയമായ ഒരു സ്‌നേഹസൗഹൃദത്തിന്റേയും മൈത്രിയുടേയും കഥയാണ് 'കര്‍പ്പൂരമരണ'ത്തില്‍ എഴുതപ്പെടുന്നത്. ദേവിയുടേയും അനസൂയയുടേയും ബന്ധത്തെ (മൂ ദേവിയും An Asuyaയും) എഴുതുന്ന കഥ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ സാദ്ധ്യതകളില്ലാത്തതും ഇപ്പോഴെങ്കിലും എഴുതപ്പെട്ടിരുന്നില്ലെങ്കില്‍ സമൂഹമനസ്സില്‍ നിന്നും മറന്നുപോകുന്നതുമാണെന്ന് എനിക്കു തോന്നുന്നുണ്ട്. സാഹിത്യത്തിനും മനുഷ്യചരിത്രത്തിനും വേണ്ടി കഥാകാരന്‍ അതിനെ സമൂഹമനസ്സില്‍ നിന്നും കണ്ടെടുക്കുന്നു. ഈ കഥയെ കഥാഗാത്രത്തില്‍ നിന്നും അടര്‍ത്തിയാല്‍ ശൂന്യത സൃഷ്ടിക്കപ്പെടുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ ചില കാര്യങ്ങള്‍ പറയാം. 'മുതിരും മുമ്പ് രണ്ടു പെണ്‍കുട്ടികള്‍ക്ക് ലോകം തീരെ ചെറുതാണ്. രണ്ടുപേരും ഒന്നിച്ച് ഒരരികില്‍ നിന്നും തുടങ്ങിയാല്‍ ലോകം തിന്നു തീര്‍ക്കാനേയുള്ളൂ. പഴം പൊരിയില്‍ മൈദ കൊണ്ടുള്ള കവചം ദേവിക്ക്, പഴം എനിക്ക്. പാട്ടില്‍ വരികളവള്‍ക്ക്, സംഗീതമെനിക്ക്. കുളിയില്‍ സോപ്പുമണമവള്‍ക്ക്, ഈറന്‍ നനവെനിക്ക്. കാവിലുത്സവത്തിനു മേളമവള്‍ക്ക്, വെടിക്കെട്ടെനിക്ക്. മഴയില്‍ കുളിരവള്‍ക്ക്, പനിയെനിക്ക്. മാങ്ങാച്ചുനയവള്‍ക്ക്, പുളിയെനിക്ക്. കടംകഥയില്‍ കഥയവള്‍ക്ക്, കടമെനിക്ക്.' അനസൂയ ഇങ്ങനെയായിരിക്കും അവരുടെ കുട്ടിക്കാലത്തെ ഓര്‍ക്കുക. രണ്ടു പേരൊത്തു ചേര്‍ന്നാല്‍ ചരിത്രമായി എന്ന് ദേവി. ക്ഷേത്രപ്രവേശനവിളംബരം, ഗാന്ധിവധം, അടിയന്തരാവസ്ഥ എന്നിങ്ങനെ എല്ലാറ്റിനോടുമൊപ്പം ചരിത്രത്തില്‍ ഇവരുടെ കഥയും. കര്‍പ്പൂരം കത്തിതീരുന്നതു പോലെ തീരണമെന്ന് ദേവി ആഗ്രഹിച്ചിരുന്നു. അങ്ങനെ തന്നെ സംഭവിക്കുന്നു. ക്ഷേത്രത്തിലെ ദീപാരാധനവേളയില്‍ മരിച്ചു വീണ ദേവിയെ വൈദ്യുതശ്മശാനത്തില്‍ അടക്കിയാല്‍ മതിയെന്നു തീരുമാനിച്ചത് കൂട്ടുകാരി തന്നെയാണ്. ദേവിയുടെ ചിതാഭസ്മം പുഴയില്‍ ഒഴുക്കി അവളില്‍ നിന്നുമുള്ള വിടുതല്‍ പൂര്‍ണ്ണമാക്കാന്‍ അവള്‍ ആഗ്രഹിച്ചു.

'എവടെ മക്കളേ... കൊണ്ടു വന്ന്വോ... അവളുടെ ചിതാഭസ്മം കൊണ്ട്വന്നോ?'

വന്നവര്‍ തല താഴ്ത്തി നിന്നതേയുള്ളൂ...

'എവിടേന്നാ ചോദിച്ചത്.'

'ഒന്നും എട്ക്കാന്‍ ണ്ടായിരുന്നില്ലത്രേ...ആദ്യായിട്ടാണത്രേ.' An Asuya മൂദേവിയില്‍ നിന്നും വിടുതല്‍ നേടുന്നില്ല.

മൂ ദേവിയേയും An Asuyaയേയും പോലെ ശ്രീവത്സന്‍ 'ന്റെ'എന്ന കഥക്കു വേണ്ടി കണ്ടെത്തുന്ന 'വിരളരായ'രണ്ടു മനുഷ്യരാണ് അട്ടുക്കൃഷ്ണനും രംഭയും. രംഭയെന്ന ഭ്രാന്തി അട്ടുവിനെ ഉത്സവത്തെരുവില്‍ നിന്നും തെരഞ്ഞെടുക്കുന്നതിലെ പ്രേരണ അജ്ഞാതമായിരിക്കുന്നു. അത് ഭ്രാന്തിന്റെ ലോകജ്ഞാനമാണ്. പെട്ടെന്ന്, ആ ഭ്രാന്തത്തി അവന്റെ അധികാരിണിയും പരിചാരകയുമായി മാറുന്നത് രസകരവുമാണ്. 'ഇന്ദുലേഖ' യിലെ പഞ്ചുമേനവന്‍ പ്രായശ്ചിത്തത്തിനായി ബ്രാഹ്‌മണര്‍ക്കു വിതരണം ചെയ്ത അക്ഷരപ്രതിമകളില്‍, ഒരു അക്ഷരമായി കണക്കാക്കണോയെന്ന സന്ദേഹമുള്ള ന്റെ എന്ന അക്ഷരം കിട്ടിയ അരുണാചലത്തിന്റെ പന്ത്രണ്ടു മക്കളില്‍ ജീവിച്ചിരിക്കുന്നവനാണ് ഈ കഥയിലെ അക്കു. പാരമ്പര്യസമ്പാദ്യമായ സ്വര്‍ണ്ണാക്ഷരപ്രതിമ അക്കു തന്റെ പിച്ചള സോപ്പുപെട്ടിയില്‍ സൂക്ഷിച്ചിരുന്നു. രംഭ കഴുകിക്കളയുന്ന ഛര്‍ദ്ദിയോടൊപ്പം താന്‍ സൂക്ഷിക്കുന്ന ഹനുമാന്‍ ചിത്രവും ഒഴുകിപ്പോകുന്നതായി അയാള്‍ കാണുന്നുണ്ട്, തുറന്നു കിടക്കുന്ന പിച്ചളപെട്ടിയേയും. ബ്രാഹ്‌മണ്യത്തിന്റെയും പഞ്ചുമേനോന്റെ പ്രവൃത്തിയുടേയും നിഷ്ഫലതയെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥാകാരന്‍ മറ്റൊരു കഥയിലൂടെ എഴുതുകയായിരുന്നോ? മൂ ദേവിയും An Asuyaയും അട്ടുക്കൃഷ്ണനും രംഭയും ശ്രീവത്സനു ലഭിച്ചത് കല്‍പ്പാത്തിയില്‍ നിന്നാകണം. ശ്രീവത്സന്‍ താമസിക്കുന്നത് കല്‍പ്പാത്തിക്കടുത്താണല്ലോ? കല്‍പ്പാത്തിയില്‍ നിന്നും കല്‍പ്പാത്തിയിലേക്കു പോകുന്ന രണ്ടാം നമ്പര്‍ ബസ്സിന്റെ ചരിത്രവും അത് ഓടുന്ന വഴികളും തിരയാനും അതു കഥയായെഴുതാനും ഇങ്ങനെ ഒരാള്‍ക്കേ കഴിയൂ. പാലക്കാട്ടു ജീവിച്ചിട്ടുള്ള ആര്‍ക്കും താല്‍പ്പര്യമുണ്ടാക്കുന്ന കഥയാണ് രണ്ടാം നമ്പര്‍ ബസ്സിന്റേത്. ഈ കഥകളില്‍ മാത്രമല്ല, മിക്കവാറും എല്ലാ കഥകളിലും പ്രസരിച്ചു നില്‍ക്കുന്ന നര്‍മ്മവും പരിഹാസ, ആത്മപരിഹാസഭാവങ്ങളും പ്രത്യേകം എടുത്തു പറയണം.

നേരനുഭവങ്ങള്‍ കഥകളായി എഴുതപ്പെടാറുണ്ട്, പലപ്പോഴും ജീവിതാനുഭവങ്ങള്‍ക്ക് കഥകളേക്കാളും കഥനശേഷിയുണ്ടല്ലോ?(ചെറുകഥ എന്നു പേരിട്ടിരിക്കുന്ന ഒരു കഥ ശ്രീവത്സന്‍ തുടങ്ങുന്നതു തന്നെ നിന്റെ അനുഭവങ്ങളെ നീ ഒരിക്കലും കഥയാക്കരുത് എന്നെഴുതിക്കൊണ്ടാണ്. യഥാര്‍ത്ഥ ജീവിതാനുഭവത്തില്‍ ശ്രദ്ധിക്കാതെ നീ നിന്നെ കുറിച്ചു മാത്രം ചിന്തിക്കുമെന്ന്, നിന്റെ നില ഭദ്രമാക്കാന്‍ ശ്രമിക്കുമെന്ന് തുടര്‍ന്നെഴുതുന്നു.) ആഖ്യാനഘടന കൊണ്ട് സ്വാനുഭവത്തിന്റെ ചൂടുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന ഒരു കഥയെ കുറിച്ചു പറയാനാണ് ഈ മുന്‍കൂര്‍ വാക്യങ്ങള്‍ എഴുതിയത്. കാരുരിന്റെ 'മരപ്പാവകള്‍' എന്ന പ്രശസ്തമായ കഥയിലെ നളിനിയെ ഓര്‍ക്കുന്നില്ലേ? ശ്രീവത്സന്‍ മറ്റൊരു നളിനിയെ എഴുതുന്നു; 'നളിനി അല്ലെങ്കില്‍ മറ്റൊരു സ്‌നേഹം' എന്ന കഥയില്‍. കുമാരനാശാന്റെ നളിനിയെ കുറിച്ചു പറയാതെ കാരൂരിന്റെ നളിനിയെ കുറിച്ചു പറഞ്ഞതിനു കാരണമുണ്ട്. ഈ നളിനിക്ക് കാരൂരിന്റെ നളിനിയുമായി ചില സാദൃശ്യങ്ങളുണ്ട്. കഥാകാരന്‍ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുത്ത പേരായിരിക്കാം ഇത്. ആഖ്യാനകാരനും നളിനിയുമാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങള്‍. നളിനി പറയുന്നതെന്താണെന്ന് ആഖ്യാനകാരനു മനസ്സിലാകുന്നില്ല. 'നളിനി ഓട്ടോയുടെ കുലുക്കങ്ങള്‍ക്കിടയ്ക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. അതിന്റെ അര്‍ത്ഥം എനിക്കു ശരിക്കു മനസ്സിലായില്ല.' എന്നു പറയുന്ന സന്ദര്‍ഭം തന്നെയുണ്ട്, കഥയില്‍. ശരിയാണോ?, അല്ലെങ്കില്‍ ആഖ്യാനകാരന്‍ അങ്ങനെ അഭിനയിക്കുകയാണ്. അയാളുടെ ആഖ്യാനത്തിലൂടെ വായനക്കാരനു പലതും മനസ്സിലായിട്ടും സ്വയം മനസ്സിലാകാത്തതെന്താണ്? സദാചാരം അയാളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടോ? ആഖ്യാനകാരന്‍ അയാളില്‍ ശ്രദ്ധിക്കുകയാണോ? സ്വന്തം കാര്യം മാത്രം ചിന്തിക്കുകയാണോ? കാരൂരിന്റെ കഥയിലെ എന്യൂമറേറ്റര്‍ക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. ആ കഥ ഇങ്ങനെയാണ് അവസാനിക്കുന്നത് - 'അയാളുടെ ഹൃദയത്തില്‍ വീണക്കമ്പി മീട്ടിയാലുണ്ടാകുന്ന നാദം പ്രതിദ്ധ്വനിച്ചു കൊണ്ടിരുന്നു.' ശ്രീവത്സന്റെ കഥയോ? അവസാനം ഇങ്ങനെ വായിക്കാം. 'നളിനി ഏന്തിയുയര്‍ന്ന് കൈകള്‍ കഴുത്തിലൂടെ വളച്ചു ചേര്‍ത്ത് ഒരു സ്വകാര്യം പറയാനെന്ന മട്ടില്‍ മുഖമടുപ്പിച്ച് എന്റെ കവിളില്‍ ചുണ്ടു ചേര്‍ത്തു. തണുപ്പും ഈര്‍പ്പവും കണ്ണീരും തരിപ്പും ഒക്കെ ചേര്‍ന്ന ഒരുമ്മ.......കവിളില്‍ അപ്പോഴും പറ്റി നിന്ന ആ ഈര്‍പ്പം തുടച്ചുകളയാന്‍ എനിക്കു തോന്നിയില്ല.'

ഭയം നിറഞ്ഞ മനസ്സുമായി നരകിക്കുന്ന ഒരു ഗുരുവിനെ അവതരിപ്പിക്കുന്ന കഥയാണ് 'സുദര്‍ശനം'. എല്ലാവര്‍ക്കും അനുഗ്രഹം നല്‍കുന്നവന്‍ ഉറക്കമില്ലാതെ, മന:സൈ്വരമില്ലാതെ, സംശയവും ഭീതിയും നിറഞ്ഞ മനസ്സുമായി എല്ലാവരില്‍ നിന്നും രക്ഷപ്പെട്ട് ഓടിപ്പോകാന്‍ വെമ്പല്‍ കൊള്ളുന്നു. അന്ധയായ ഒരു പെണ്‍കുട്ടി അന്യരോടുള്ള അയാളുടെ ഭയത്തെ കണ്ടെത്തുന്നു. എല്ലാവരേയും അനുഗ്രഹിക്കുന്ന ഗുരുവില്‍ കരുണയല്ലേ വേണ്ടതെന്ന് അവള്‍ ചോദിക്കുന്നു. സി.വി.ശ്രീരാമന്റെ 'ക്ഷുരസ്യധാര' എന്ന കഥയുടെ പ്രമേയത്തോട് ചില അടുപ്പങ്ങളും അകലങ്ങളും പറയാവുന്ന ഈ കഥയുടെ ആഖ്യാനഘടന ശ്രീരാമന്റെ കഥയില്‍ നിന്നും കുറെയേറെ വ്യത്യസ്തമാണ്. നളിനിയേയും 'സുദര്‍ശന'ത്തിലെ ഗുരുവിനേയും പോലെ അസാധാരണരെ എഴുതുന്ന കഥാകാരന്‍, ആശുപത്രിയിലെ ചില്ലുവാതിലിനു മുന്നില്‍ ഫാത്തിമ ഫിറോസിനു മാത്രമായല്ലാതെ എല്ലാവര്‍ക്കും വേണ്ടി കാത്തിരിക്കുന്ന ഫിറോസിനെയും എഴുതുന്നുണ്ട്. ലോകത്തെ ചലിപ്പിച്ചു കൊണ്ടിരിക്കുന്നത് ഫിറോസിനെ പോലുള്ളവരാണെന്നു നമുക്കു തോന്നുന്നുമുണ്ട്.

കയ്യപ്പന്‍ എന്ന കഥയിലും നേരനുഭവങ്ങളുടെ ചൂടുണ്ട്. ശ്രീവത്സന്റെ കഥകള്‍ അനുഭവത്തിന്റെ ഏകമുഖത്തെ ആവിഷ്‌ക്കരിക്കാനല്ല ശ്രമിക്കുന്നത്. ഏകത്വത്തിനോടല്ല, ബഹുലതയോടുള്ള ആദരവിനെ കാണിക്കുന്ന ഒരു ആഖ്യാനഘടന ശ്രീവത്സന്റെ കഥകളിലുണ്ട്. അത് അനുഭവങ്ങളുടെ സാകല്യത്തെ കഥയിലേക്കു കൊണ്ടുവരുന്നു. കയ്യപ്പന്‍ എന്ന കഥയിലുടനീളം നാം ഇതാണു പരിചയിക്കുന്നത്. ഭക്തിവിശ്വാസങ്ങളും ആചാരങ്ങളും കുഞ്ഞിനോടുള്ള സ്‌നേഹവും പുതിയ ലോകത്തെ കാണുന്ന കുഞ്ഞും പുതിയിടത്ത് എത്തിപ്പെട്ടവന്റെ അപരിചിതത്വവുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന സാകല്യത്തിന്റെ അനുഭവമാണ് ഈ കഥ പകരുന്നത്. അയ്യപ്പന്‍പാട്ടിന്റെ മൂര്‍ദ്ധന്യത്തില്‍, നിലയ്ക്കാത്ത ശരണംവിളികള്‍ക്കിടയില്‍, ഉയര്‍ന്നുപൊട്ടുന്ന അമിട്ടുകള്‍ക്കിടയില്‍, അപ്പോള്‍ പിറന്നവനെ പോലുള്ള കുഞ്ഞിന്റെ കരച്ചിലിനിടയില്‍, വിഷ്ണുമായ അനുഭവിക്കുന്ന നിര്‍വൃതിയില്‍... കഥയുടെ അന്ത്യത്തില്‍, സാകല്യത്തിന്റെ ബഹുത്വത്തെ വാക്കുകളില്‍ നിറയ്ക്കാനുള്ള കഥാകാരന്റെ സര്‍ഗ്ഗപ്രയത്‌നത്തെ പരമകാഷ്ഠയില്‍ നാം അനുഭവിക്കുന്നു.

ബഹുലതയോടുള്ള ആഭിമുഖ്യം യുവത്വത്തിലെ അരാജകത്വവും ഊര്‍ജ്ജസ്വലതയുമായി കൂടിച്ചേര്‍ന്ന് ശ്രീവത്സന്റെ ആദ്യകാലകഥകളിലെല്ലാം കയറിപറ്റിയിട്ടുണ്ടെന്നു ഞാന്‍ കരുതുന്നു. തുടക്കത്തിലെ വിഷയത്തില്‍ നിന്നും മാറിപ്പോയല്ലോ?, ഫോക്കസില്ലാതാകുകയാണോ? എന്നിങ്ങനെയുള്ള സന്ദേഹങ്ങളെ ജനിപ്പിക്കുന്ന പല പ്രകരണങ്ങളേയും ഇതുമൂലം ആദ്യകാലകഥകളില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഏകത്വമെന്ന സാധാരണതയ്ക്കപ്പുറത്ത് ലോകത്തിന്റെ ബാഹുല്യത്തോടും പലമയോടുമുള്ള എഴുത്തുകാരന്റെ താല്‍പ്പര്യങ്ങള്‍ ഈ സന്ദേഹങ്ങളെ അപ്പാടെ നിഹനിക്കുന്നതായിരുന്നു. മാര്‍ജ്ജാരന്‍ എന്ന കഥ വായിച്ചു നോക്കൂ. ഗ്രഹാംബെല്‍, അയ്യര്‍, നോണ്‍ ലീനിയര്‍ ഡിഫറന്‍ഷ്യല്‍ ഇക്വേഷന്‍, ക്ലോക്ക്, ജലജ, സാഗര്‍, പ്രണയം, പൂച്ച, ജാരന്‍ എന്നിങ്ങനെ വിവിധ മാനങ്ങളുള്ള പലതും കൂടിക്കുഴഞ്ഞാണ് ഈ കഥയുടെ അര്‍ത്ഥങ്ങളെ നിര്‍മ്മിക്കുന്നത്.

ഗന്ധങ്ങളിലൂടെ ഉയിരെടുക്കുന്ന ഓര്‍മ്മകളേയും സവിശേഷമായ അനുഭൂതികളേയും കഥാകാരന്‍ ആവാഹിച്ചെടുക്കുന്നു, 'ഗന്ധമാദന'ത്തില്‍. ഒരു സാധാരണ സന്ദര്‍ശനത്തിന്റെ വിവരണങ്ങളിലൂടെ തുടങ്ങുന്ന കഥ പെട്ടെന്ന് ഒട്ടും നിനയ്ക്കാത്ത ഒരു വഴിത്തിരിവിലെത്തുന്നു. വായനക്കാരന്റെ നാസാരന്ധ്രങ്ങളെ കൂടി തുളയ്ക്കുന്ന ഗന്ധം എവിടെയും നിറയുന്നു. ഒരു തീവണ്ടി യാത്രക്കാരനു മാത്രം കൊണ്ടുവരാന്‍ കഴിയുന്ന മണം. സന്ദര്‍ശകന്റെ അദ്ധ്യാപകനായിരുന്ന അയ്യരുടെ ഭാര്യ ആ തനിമണത്തെ തന്റെ പൂര്‍വ്വപരിചയം കൊണ്ടെന്ന പോലെ പിടിച്ചെടുക്കുന്നു. അവര്‍ അതിനെ തേടുകയായിരുന്നെന്നു തോന്നും. അവര്‍ വലിച്ചെടുത്തു മണക്കുകയാണ്. ആ വൃദ്ധ തന്റെ യൗവ്വനകാലത്തേക്കു തിരിച്ചു പോകുന്നു. ദിവസം മുഴുവനും ഒറ്റയ്ക്കിരിക്കുന്ന തന്റെ അടുത്തേക്ക് തീവണ്ടിയുടെ ഗന്ധച്ചേരുവകളുമായി എത്തിച്ചേരുന്ന കണവനെ ഉടുത്തിരിക്കുന്ന വസ്ത്രം പോലും മാറ്റാതെ കിടപ്പുമുറിയിലേക്കു നയിച്ചിരുന്ന നാളുകളെ അവള്‍ ഓര്‍ത്തെടുക്കുന്നു. വിഷമം പിടിച്ച തീവണ്ടിയാത്രക്കു ശേഷം, സന്ദര്‍ശകന്‍ തന്റെ ശരീരത്തില്‍ നിന്നും ഉയരുന്ന അസഹ്യമായ വിയര്‍പ്പുമണത്തെ കുറിച്ചു പറഞ്ഞു കൊണ്ടാരംഭിക്കുന്ന കഥ ആ ഗന്ധത്തില്‍ സായൂജ്യം കണ്ടെത്തുന്ന ഒരുവളിലാണ് എത്തിച്ചേരുന്നത്. ഗന്ധങ്ങള്‍ക്കു മൂര്‍ത്തരൂപമാകാനുള്ള ഇടമായി താന്‍ മാറിത്തീരുന്നതായി ആഖ്യാനകാരനായ സന്ദര്‍ശകനു തോന്നുന്നുണ്ട്. ഈ കഥയിലുടനീളം ഗന്ധങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. സന്ദര്‍ശകന്‍ അവരുടെ മുറിയിലേക്കു കടക്കുമ്പോള്‍ മുത്തശ്ശിയുടെ മുറിയുടെ മണത്തെ ഓര്‍മ്മിക്കുന്നുണ്ട്. പിന്നെ, മരണത്തിന്റെ മണത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വരുന്നു. മരണത്തിന്റെ മണം നിറഞ്ഞു കൊണ്ടിരിക്കുന്ന ആ വൃദ്ധരുടെ മുറിയിലേക്ക് ജീവിതത്തിന്റെ വിയര്‍പ്പുമണവുമായാണ് അയ്യരുടെ പഴയ വിദ്യാര്‍ത്ഥിയായ സന്ദര്‍ശകന്‍ ചെല്ലുന്നത്. അതാണ് ആ വൃദ്ധ ശ്വസിച്ചാസ്വദിക്കുന്നത്. വിയര്‍പ്പുമണത്തെ ജീവിതത്തിന്റെ ചാലകശക്തിയായി മാറ്റുന്ന ഈ കഥാഖ്യാനം വിയര്‍പ്പുമണം എന്ന ചെറിയ വാക്കിനെ മഹാകഥയായി പൊലിപ്പിക്കുകയാണ്.

ടി. ശ്രീവത്സന്റെ 30 കഥകള്‍ എന്ന പുസ്തകത്തിലെ ചില കഥകളെങ്കിലും നിങ്ങളെ ത്വരിപ്പിക്കുന്നില്ലെങ്കില്‍, അതിലേക്കു നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നില്ലെങ്കില്‍ നിങ്ങളുടെ ഭാവുകത്വത്തിനെന്തോ വലിയ കേടു പറ്റിയിട്ടുണ്ടാകണം!


Comments


@sreevalsan

bottom of page