ലാകാനിയൻ മനോവിശകലനസിദ്ധാന്തങ്ങൾക്ക് ഒരാമുഖം
- Sreevalsan Thekkanath
- Jan 14, 2022
- 11 min read
Updated: Jun 26

"It is upto you to be Lacanians if you wish. I am a Freudian" : Jacques Lacan
ആമുഖം
മനോവിശകലനം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന പേര് സിഗ്മണ്ട് ഫ്രോയ്ഡിന്റേതാണ്. ഇരുപതാം നൂറ്റാണ്ടിലെ ചിന്തകളെ മുഴുവൻ സ്വാധീനിച്ച മൂന്നുചിന്തകരിൽ ഒരാളായിരുന്നു ഫ്രോയ്ഡ്. എന്നാൽ അദ്ദേഹത്തിനുശേഷം ആ മേഖലയെ സമൂലം മാറ്റിപ്പണിഞ്ഞ മറ്റൊരു ചിന്തകനാണ് ഴാക് ലാകാൻ (1901-81). മനോവിശകലനത്തെ അബോധമനസ്സിന്റെ ശാസ്ത്രമായി അദ്ദേഹം വികസിപ്പിച്ചു. തികച്ചും നവീനമായ ഒരു രോഗചികിത്സാപദ്ധതിയായി അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ലോകമെമ്പാടുമുള്ള മനോരോഗവിദഗ്ധർ ഇന്നും ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അവ ആ മണ്ഡലത്തിന്റെ അതിർത്തികളെ അതിലംഘിച്ച് മാനവികവിഷയങ്ങളുടെയും സാമൂഹികശാസ്ത്രത്തിന്റെയും പഠിതാക്കൾക്ക് അപാരമായ ഉൾക്കാഴ്ച നൽകുന്ന നിരീക്ഷണങ്ങളായി സ്വീകരിക്കപ്പെട്ടു.
ഷാക് മാരീ എമിലീ ലാകാൻ 1901ൽ പാരീസിൽ ജനിച്ചു. 1931ൽ ഫോറൻസിക് മനോരോഗചികിത്സകനായി അദ്ദേഹത്തിന് ഡിപ്ലോമ ലഭിച്ചു. "പാരനോയിയാക് മനോവിഭ്രാന്തിക്ക് വ്യക്തിത്വവുമായുള്ള ബന്ധം" എന്ന വിഷയത്തിൽ 1932ൽ അദ്ദേഹം ഡോക്ടറേറ്റ് നേടി. വ്യക്തിത്വത്തിന്റെ കേന്ദ്രസ്വഭാവവുമായി ബന്ധപ്പെട്ട ഒരവസ്ഥയായും സാഹചര്യങ്ങളുടെ സൃഷ്ടിയായും മനോവിഭ്രാന്തിയെ തിരിച്ചറിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അത് വ്യക്തിസത്തയിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഒരു ഭാവമാണ്. ലാകാനെ സംബന്ധിച്ചിടത്തോളം മനോവിശകലനമെന്നത് ഒരു വ്യാഖ്യാനരീതിയാണ്. ശരീരവും മനസ്സും തമ്മിലുള്ള സവിശേഷബന്ധത്തിൽ നിന്ന് ഉത്ഭവിക്കുന്ന മനോജന്യാർത്ഥം (psychogenic meaning) അനാവരണം ചെയ്യുന്നിടത്താണ് മനോവിശകലനം സഫലമാകുന്നത്.
ഫ്രാൻസിൽ ഫ്രോയ്ഡിയൻ ആശയങ്ങൾ അവതരിപ്പിച്ച “സൈക്യാട്രിക് എവല്യൂഷൻ” എന്ന സംഘത്തിൽ ലാകാൻ ചേർന്നതോടൊപ്പം തന്നെ, സൂറിച്ചിലും ജർമ്മനിയിലും വളർന്നുവന്ന പ്രതിഭാസവിജ്ഞാനീയസമീപനങ്ങളിൽ അദ്ദേഹം ആകൃഷ്ടനായിരുന്നു. അതേസമയം അദ്ദേഹം ആന്ദ്രേ ബ്രെതോങിന്റെ നേതൃത്വത്തിലുള്ള സർറിയലിസ്റ്റ് വൃന്ദത്തിൽ അംഗമായിരുന്നു. സാഹിത്യരൂപങ്ങളും മനോരോഗവിജ്ഞാനവുമായി ഒരു സമാന്തരബന്ധം കണ്ടെത്താനുള്ള ശ്രമിത്തിലായിരുന്നു ലാകാൻ. സാൽവദോർ ദാലിയുടെ “ക്രിട്ടിക്കൽ പാരനോയിയ” എന്ന സങ്കല്പവും ബ്രെതോങിന്റെ “സ്വേച്ഛാനുസാരരചന” എന്ന ആശയവും അദ്ദേഹത്തിന് നന്നേ ബോധിച്ചിരുന്നു. അക്കാലത്ത് ലാകാന്റെ ഗവേഷണപ്രബന്ധത്തിലെ പ്രധാന കേന്ദ്രമായിരുന്ന എയ്മി എന്ന രോഗിണിയെ ചികിത്സാലോകം മിക്കവാറും അവഗണിച്ചപ്പോൾ സർറിയലിസ്റ്റ് വൃന്ദം അവരുടെ നായികയായി പ്രഖ്യാപിക്കുകയുണ്ടായി. കുപ്രസിദ്ധമായ “പാപ്പിൻ” സഹോദരിമാരുടെ രോഗം സംബന്ധിച്ച പ്രബന്ധത്തിൽ (രണ്ടുദാസിമാർ അവരുടെ യജമാനത്തിയെയും കുഞ്ഞിനെയും മൃഗീയമായി കൊലപ്പെടുത്തിയ ഈ സംഭവമാണ് ഷാങ് ഷെനെ തന്റെ "മെയ്ഡ്സ്" എന്ന നാടകത്തിന് ഉപജീവിച്ചത്) പാരനോയിക് അനുഭവത്തിന് മൗലികമായ ഒരു വാക്യഘടനയുണ്ടെന്ന് സ്ഥാപിച്ചു. 1936ൽ അന്താരാഷ്ട്ര മനോവിശകലന സംഘടനയുടെ 14ാമത് കോൺഫറൻസിലാണ് കണ്ണാടിഘട്ടത്തെക്കറിച്ചുള്ള പ്രബന്ധം ആദ്യം അദ്ദേഹം അവതരിപ്പിച്ചത്. പക്ഷേ ആ സെമിനാറിന്റെ അദ്ധ്യക്ഷൻ പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ ഏൺസ്റ്റ് ജോൺസായിരുന്നു. അദ്ദേഹം ഫ്രോയ്ഡിന്റെ അടുത്ത സഹയാത്രികനും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായിരുന്നു. ലാകാൻ പത്തുമിനിട്ടുദൈർഘ്യമുള്ള തന്റെ പ്രബന്ധം അവതരിപ്പിക്കുന്നതിനിടയിൽ അദ്ധ്യക്ഷൻ ഇടപെട്ട് അവതരണം നിർത്താൻ ആവശ്യപ്പെട്ടു. മനശ്ശാസ്ത്രരംഗത്തെ അതിപ്രഗത്ഭമായ നിരീക്ഷണങ്ങളുൾക്കൊള്ളുന്ന ആ പ്രബന്ധം പിന്നീട് IPA പ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായില്ല. മനോവിശകലന സംഘടനയുമായി ലാകാന്റെ സംഘർഷം ഈ ഘട്ടം മുതൽത്തന്നെ തുടങ്ങുന്നുണ്ട്. ശിഷ്ടകാലം മുഴുവൻ അത് പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്തു. മനോവിശകലനത്തിന്റെ ഔദ്യോഗികസംഘങ്ങൾക്കൊന്നും ലാകാൻ അഭിമതനായിരുന്നില്ല.
ഔദ്യോഗിക ഫ്രോയ്ഡിയൻ രീതിയോടുള്ള മറ്റൊരു വിയോജിപ്പ്, വിശ്ലേഷണസെഷനുകളുടെ ദൈർഘ്യം സംബന്ധിച്ചായിരുന്നു. മനോരോഗിയോടൊപ്പം വിശ്ലേഷകൻ ചെലവഴിക്കുന്ന സെഷനുകളുടെ ദൈർഘ്യം ഫ്രോയ്ഡിയൻ വ്യവസ്ഥയനുസരിച്ച് 50മിനിട്ട് എന്ന് ക്ലിപ്തപ്പെടുത്തിയിരുന്നു. കൃത്യം ആ സമയദൈർഘ്യം കഴിഞ്ഞാൽ സെഷൻ അവസാനിപ്പിക്കുകയായിരുന്നു പതിവ്. ലാകാൻ ആ പതിവുതെറ്റിച്ച് രോഗിയുടെ തരവും രോഗത്തിന്റെ തീവ്രതയുമനുസരിച്ച് ദൈർഘ്യം ആപേക്ഷികമായി കൂട്ടിയും കുറച്ചും നിയമലംഘനം നടത്തി. ഇത് IPA യെ വല്ലാതെ പ്രകോപിപ്പിക്കുകയുണ്ടായി. 1963ൽ അവർ ലാകാനെ സംഘടനയിൽനിന്ന് പുറത്താക്കി. വാസ്തവത്തിൽ ഫ്രോയ്ഡ് തുടങ്ങിവച്ച സംഘടനയായിരുന്നു 'ഇന്റർനാഷനൽ സൈക്കോ അനാലിറ്റിക് അസോസിയേഷൻ'. അതുമായി നിരന്തരം കലഹിച്ചുകൊണ്ട് ലാകാൻ, അവരെ "യഥാർത്ഥ" ഫ്രോയ്ഡിയൻ മാർഗ്ഗമെന്തെന്ന് മനസ്സിലാക്കിക്കാൻ ശ്രമിച്ചു. ആയുസ്സുമുഴുവൻ നീളുന്ന തന്റെ മനോവിശകലനപര്യടനത്തെ ലാകാൻ "ഫ്രോയ്ഡിലേക്കുള്ള മടക്കയാത്ര" എന്നു വിശേഷിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. ആവർത്തിച്ച് താനൊരു 'ഫ്രോയ്ഡിയനാ'ണെന്ന് പറയുമായിരുന്നെങ്കിലും അദ്ദേഹം അത്ഭുതകരമാംവിധം മൗലികചിന്തയുടെ ഉറവിടമായിരുന്നു. ഈഡിപ്പസ് കോംപ്ലെക്സ് പോലെയുള്ള ഫ്രോയ്ഡിയൻ അടിസ്ഥാനപരികല്പനകളെ അദ്ദേഹം സമൂലം മാറ്റിമറിച്ചു. രണ്ടാംലോകമഹായുദ്ധാനന്തര-പാരീസ് ബുദ്ധിജീവികൾക്കിടയിൽ ഒരു "കൾട്ട് ഫിഗറാ"വാൻ അദ്ദേഹത്തെ സഹായിച്ചത് ഈയൊരുമാനമായിരിക്കാം.
1964ൽ "ഫ്രോയ്ഡിയൻ സ്കൂൾ ഓഫ് പാരീസ്" സ്ഥാപിക്കപ്പെട്ടപ്പോൾ അതുമായി ലാകാൻ സഹകരിച്ചുവെങ്കിലും 1980ഓടെ "ലാകാനിയൻ സ്കൂൾ ഓഫ് സൈക്കോ അനാലിസിസ്" സ്ഥാപിക്കപ്പെട്ടു. 1953മുതൽ ആരംഭിച്ച സെമിനാർ പരമ്പര അദ്ദേഹം മരിക്കുന്നതിന് ഒരുവർഷം മുമ്പ് 1980വരെ തുടർന്നു. എണ്ണമറ്റ ഈ സെമിനാറുകളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട എല്ലാ തത്വങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ സെമിനാറിലെ കേൾവിക്കാരാവട്ടെ, മിഷേൽ ഫൂക്കോ, ഷീൽ ദെല്യൂസ്, ലൂസ് ഇറിഗാറി, യൂലിയ ക്രിസ്തേവ, ഫിലിപ്പ് സൊലേഴ്സ്, മൈക്കൽ ലിറീസ്, ഷാക് ദെറീദ, മെർലോപോൻതി, റോമൻ യാക്കോബ്സൻ, പോൾ റിക്കൂ തുടങ്ങിയ പിൽക്കാല ബുദ്ധിജീവികളായിരുന്നു. 1964മുതൽ 69വരെ അദ്ദേഹം 'ഇക്കോൾ നോർമൻ സുപ്പീരിയ'റിൽ തന്റെ പ്രബന്ധങ്ങളവതരിപ്പിച്ച് യഥാർത്ഥ ഫ്രോയ്ഡിനെ വീണ്ടെടുക്കാൻ ശ്രമിച്ചു. അതേവേദിയിൽവച്ചുതന്നെയാണ് ലൂയി അൽത്തൂസർ, യഥാർത്ഥ മാർക്സിനെ വീണ്ടെടുക്കാനുള്ള പ്രഭാഷണങ്ങൾ നടത്തിയത് എന്നതും ശ്രദ്ധേയമാണ്. കാരണം, ലാകാനും അൽത്തൂസറും അക്കാലത്തെ പ്രധാന സൈദ്ധാന്തികതരംഗമായിരുന്ന ഘടനാവാദത്താൽ തീവ്രമായി സ്വാധീനിക്കപ്പെട്ടിരുന്നു. ഫെർഡിനാന്റ് ഡി സൊസ്യൂറിൽ തുടങ്ങി നരവംശശാസ്ത്രജ്ഞനായ ക്ലോദ് ലെവിസ്ട്രോസിലൂടെ വികസിപ്പിക്കപ്പെട്ട ദാർശനികസമീപനമാണ് മനോവിജ്ഞാനീയത്തിലും പ്രത്യയശാസ്ത്രപഠനത്തിലും ഘടനാവാദസ്വാധീനമായി പുഷ്പിച്ചത്. ലാകാൻ, അൽത്തൂസർ, ലെവി സ്ട്രോസ് ഈ മൂവരുടെയും സിദ്ധാന്തങ്ങൾ തമ്മിൽ കാര്യമായ ഒരന്തർദ്ധാര കണ്ടെത്താനാവും.
അബോധവും ഭാഷയും
1953ൽ പാരീസ് മനോവിശ്ലേഷകസംഘത്തിനു മുമ്പാകെയാണ് ലാകാൻ "ഫ്രോയ്ഡിലേക്കു മടങ്ങുക" എന്ന തന്റെ ആഹ്വാനം അവതരിപ്പിച്ചത്. ഫ്രോയ്ഡിയൻ പരികല്പനകളുടെ യഥാർത്ഥവിപ്ലവാത്മകതയെ തമസ്ക്കരിച്ചുകളയുന്ന അമേരിക്കൻ ഈഗോമനശ്ശാസ്ത്രത്തോടുള്ള കടുത്ത വിയോജിപ്പാണ് ആ സമീപനത്തിലുണ്ടായിരുന്നത്. മനോവിശകലനത്തെ മറ്റു വിജ്ഞാനശാഖകളുടെ കൂടി വെളിച്ചത്തിൽ പഠിക്കണമെന്ന ആഗ്രഹം ഫ്രോയ്ഡിന് പണ്ടുമുതലേ ഉണ്ടായിരുന്നു. ലാകാന്റെ ആദ്യകാലസെമിനാറുകളുടെ വിഷയംതന്നെ മനോവിശകലനവും മാനവികവിഷയങ്ങളും എന്നതായിരുന്നു. തന്റെ സമീപനങ്ങളിൽ അതുവരെയുണ്ടായിരുന്ന പ്രതിഭാസവിജ്ഞാനീയം, അസ്തിത്വവാദം എന്നിവയുടെ സ്വാധീനത്തിൽനിന്ന് ലാകാൻ കുതറിമാറുന്നത് സൊസ്യൂറിയൻ ഘടനാവാദവുമായുള്ള ക്രിയാത്മകസംവാദത്തിലേക്കാണ്. അതേസമയം ഘടനാവാദവുമായുള്ള വിയോജിപ്പുകൾ ആദ്യംമുതൽതന്നെ അദ്ദേഹം തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നുതാനും. ഭാഷയുടെ അന്തർവൈഷയികസ്വഭാവത്തിലായിരുന്നു ലാകാന്റെ താല്പര്യം. താൻ സ്വാംശീകരിച്ച ഫ്രോയ്ഡിന്റെയും ഹേഗലിന്റെയും പരികല്പനകൾക്കുമേലെ ഘടനാവാദം സങ്കീർണ്ണമായി സമാവേശിച്ചപ്പോഴാണ് ലാകാനിയൻ സിദ്ധാന്തങ്ങൾ രൂപമെടുത്തതെന്നു പറയാം. ഓരോ ദശകത്തിലെയും സെമിനാറുകൾ ഒരാളുടേതാണെന്നു പോലും തിരിച്ചറിയാത്തവിധം വ്യത്യസ്തമായിരുന്നു. മനോവിശകലനത്തിലേക്ക് ഭാഷയുടെ മഹാലോകത്തെ ആനയിക്കുമ്പോൾത്തന്നെ മറ്റുചില ദർശനങ്ങൾ അദ്ദേഹത്തിന് ഒഴിയാബാധയായി തുടർന്നിരുന്നു. ഹൈഡഗറിന്റെ ചിന്തകൾ അവയിലൊന്നുമാത്രം. “ഭാഷയുടെ സ്രഷ്ടാവും രക്ഷകനും ആണ് താൻ എന്നു ഭാവിക്കുന്ന മനുഷ്യന്നും അവന്റെ ലോകത്തിനും അസ്തിത്വം നൽകുന്നത് ഭാഷയാണെന്ന് അവനറിയുന്നില്ല.” “ഭാഷ സംസാരിക്കുന്നു, മനുഷ്യൻ പ്രതിവചിക്കുന്നു”. - തുടങ്ങിയ ഹൈഡഗേറിയൻ പ്രസ്താവനകൾ ലാകാനെ വളരെ ആകർഷിച്ചിരുന്നു. തുടർന്ന് അസ്തിത്വവാദവും പ്രതിഭാസവിജ്ഞാനീയവും അദ്ദേഹത്തെ ആവേശിക്കുന്നു. സാർത്രിന്റെയും മെർലോ പോൻതിയുടെയും ചിന്തകളിൽ, യഥാർത്ഥലോകത്തുനിന്ന് വേർതിരിച്ചറിയാനാവാത്തവിധം കുഴമറിഞ്ഞുകിടക്കുന്ന ഭാഷയുടെ സാന്നിധ്യവും നിർണ്ണായകത്വവും അദ്ദേഹം സ്വാംശീകരിക്കുന്നു.
ചുരുങ്ങിയകാലംകൊണ്ട് മനോവിശകലനമണ്ഡലത്തിന്റെ അടിത്തറ പുതുക്കിപ്പണിത ലാകാനിയൻ സിദ്ധാന്തങ്ങളുടെ കാതൽ, ഭാഷയും അബോധവും തമ്മിലുള്ള സങ്കീർണ്ണബന്ധത്തെപ്പറ്റിയുള്ള കണ്ടെത്തലാണ്. 1953ലെ "മനോവിശ്ലേഷത്തിൽ ഭാഷണത്തിന്റെയും ഭാഷയുടെയും ധർമ്മവും വ്യാപ്തിയും" എന്ന പ്രബന്ധവും 1957ലെ "അബോധത്തിൽ അക്ഷരത്തിന്റെ ദൗത്യം അഥവാ ഫ്രോയ്ഡുമുതലുള്ള യുക്തിചിന്ത” എന്ന പ്രബന്ധവും ആണ് ഭാഷാലോകത്തേക്കുള്ള മനോവിശകലനത്തിന്റെ യഥാർത്ഥ പ്രവേശകങ്ങൾ. “റോം പ്രഭാഷണങ്ങൾ” എന്നറിയപ്പെട്ട ഈ രണ്ടവതരണങ്ങളിലാണ് ലാകാന്റെ പ്രശസ്തമായ രണ്ടു വാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്: "അബോധം ഭാഷപോലെ സുഘടിതമാണ്" (Unconscious is structured like a language); "അബോധം അന്യത്തിന്റെ വ്യവഹാരമാണ്"(Unconscious is the discourse of the Other). അബോധത്തെക്കുറിച്ച് ആധികാരികമായി സംസാരിച്ചിട്ടുള്ള ഫ്രോയ്ഡ് തന്നെ അതിനെ ഒരിക്കലും പൂർണ്ണമായി വിവർത്തനം ചെയ്യാനാവില്ലെന്ന് ആണയിടുന്നുണ്ട്. ബോധത്തേയും ഉപബോധത്തെയും വിവരിക്കാൻ ഉപയോഗിച്ച പദാവലികൊണ്ട് അബോധത്തെ ഒരുതരത്തിലും വിവരിക്കാനാവില്ല. സ്വപ്നത്തെ അപഗ്രഥിക്കുന്ന വേളയിൽ സ്വപ്നത്തിന് ഒരു വാക്യത്തിന്റെ ഘടനയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അബോധത്തിന്റെ ആഴങ്ങളളക്കാനായി അദ്ദേഹം സ്വപ്നങ്ങൾ, നാവുപിഴകൾ, ഫലിതങ്ങൾ ഇവയെയൊക്കെ പഠനവിധേയമാക്കുന്നുണ്ട്.
ഫ്രോയ്ഡിയൻ ലോകത്തെ ഭാഷാശാസ്ത്രത്തിന്റെ ഭാഷയിലേക്കു വിവർത്തനം നടത്താനുള്ള ശ്രമമാണ് ലാകാനിൽ നാം കാണുന്നത്. ഒപ്പം പ്രതീകാത്മകക്രമം എന്ന ആശയം അവതരിപ്പിക്കുന്നതിലൂടെ തന്റെ വേരുകളിൽനിന്നുള്ള വിടുതലും ഇക്കാര്യത്തിൽ അദ്ദേഹം ലക്ഷ്യമാക്കുന്നു. “പ്രതീകാത്മകം” എന്ന ആശയത്തിന് ലെവി സ്ട്രോസിനോടും “സ്വനിമം” എന്ന ആശയത്തിന് റോമൻ യാക്കോബ്സനോടും “ഭാഷാസംജ്ഞ” എന്ന ആശയത്തിന് സൊസ്യൂറിനോടും ലാകാൻ കടപ്പെട്ടിട്ടുണ്ട്. പക്ഷേ ലാകാനിയൻ സന്ദർഭത്തിൽ അവയോരോന്നിന്റെയും അർത്ഥം വ്യത്യസ്തവും വിപുലവുമാണ്. 'അക്ഷരദൗത്യം' (1957) സംബന്ധിച്ച തന്റെ പ്രബന്ധത്തിൽ ഫ്രോയ്ഡിനെയും സൊസ്യൂറിനേയും സംശ്ലേഷണം ചെയ്യാൻ ലാകാൻ ശ്രമിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് സൊസ്യൂർ ഭാഷാസംജ്ഞയുടെ പഠിതാവുമാത്രമാണ്. പാശ്ചാത്യ അതിഭൗതികതയൂടെ സൃഷ്ടിയായ പദാർത്ഥവും ആത്മാവും തമ്മിലുള്ള വിപരീതദ്വന്ദ്വത്തിനു സമാന്തരമായാണ് സൊസ്യൂറിയൻ സൂചക-സൂചിത വൈപരീത്യത്തെ ദെറീദ കാണുന്നത്. ഈ തർക്കത്തിൽ ഘടനാവാദപഠിതാക്കളെല്ലാം എത്തിച്ചേരുന്ന ഒരു തിരിച്ചറിവ് “സൂചകങ്ങളുടെ അനന്തലീല” എന്നതാണ്. ഈയൊരു പ്രശ്നസങ്കീർണ്ണതയെയാണ് ലാകാൻ മനോവിശകലനത്തിലേക്കു ക്ഷണിക്കുന്നത്. ഈ സന്ദർഭത്തിൽ സൊസ്യൂറിയൻ സമവാക്യം, ലാകാൻ തലതിരിച്ചിടുന്നു. സൂചകം മുകളിലും സൂചിതം താഴെയുമായി സ്ഥാനം മാറുകമാത്രമല്ല, സൂചകത്തിന് പരമാധികാരം ലഭിക്കുകയും ചെയ്യുന്നു. സൂചകത്തിന്റെ അർത്ഥമന്വേഷിച്ചു ചെല്ലുന്ന ഒരാൾക്ക് ഭാഷയിലൂടെ സഞ്ചരിക്കുകയല്ലാതെ വേറെ മാർഗ്ഗങ്ങളില്ല. ഓരോ നിമിഷത്തിലും സൂചകങ്ങൾ അവയുടെ വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ട്, സൂചിതം കയ്യകലത്തിലെത്തുന്ന മാത്രയിൽ അതുവീണ്ടും ചിന്നിപ്പിരിഞ്ഞ് ഒരുകൂട്ടം സൂചകങ്ങളായി മാറുകയും ചെയ്യുന്നു. സൂചകം വാസ്തവത്തിൽ ഒന്നും തന്നെ സൂചിപ്പിക്കുന്നില്ല(ലാകാന്റെ ഒരു സെമിനാറിന്റെ തലക്കെട്ടുതന്നെ ഇതാണ്).
"അബോധം ഭാഷപോലെ സുഘടിതമാണ്" എന്ന ലാകാനിയൻ പ്രസ്താവന വാസ്തവത്തിൽ ഒരു ദ്വിമുഖവാക്യമാണ്. മനുഷ്യസമൂഹങ്ങളുടെ പൊതു അബോധത്തിലെ സംഘർഷങ്ങളും സമ്മർദ്ദങ്ങളും മനുഷ്യഭാഷയെ ഘടനാവൽക്കരിക്കുന്നതിൽ നിർണ്ണായകപങ്കുവഹിച്ചിരിക്കണം. നിലനിൽക്കുന്ന അബോധത്തിന്റെ രൂപത്തിലായിരിക്കണം ഭാഷയും സൃഷ്ടിക്കപ്പെട്ടത്. അതേസമയം മനോവിശ്ലേഷണത്തിനു ലഭിച്ചിരിക്കുന്ന ഒരേയൊരു മധ്യസ്ഥതയിലൂടെയാണ്. ഭാഷാപൂർവ്വമായ അബോധത്തിന്റെ അവസ്ഥ അന്വേഷിക്കേണ്ടതില്ല. ലാകാനെ സംബന്ധിച്ച് ഭാഷയാണ് അബോധത്തെ സൃഷ്ടിക്കുന്നത്. ഭാഷ ആർജ്ജിക്കുന്ന ഒരു മനുഷ്യവിഷയി, പൂർവ്വനിശ്ചിതമായ ഒരു പ്രതീകാത്മകക്രമത്തിൽ, തന്നെ ഉൾക്കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്. അതുവഴി ആ ക്രമം ചെലുത്തുന്ന സമ്മർദ്ദങ്ങൾക്ക് തന്റെ ഇച്ഛകളെ അടിയറവെക്കുകയും ചെയ്യുന്നു.
ഇവിടെ നേരത്തെ പ്രയോഗിച്ച വാക്യം അദ്ദേഹം പുനഃപരിശോധിക്കുന്നുണ്ട്. അബോധത്തിന് ഭാഷ”പോലെ”യാവാൻ കഴിയില്ല. കാരണം, അതിന് ഭാഷാബാഹ്യമായ അസ്തിത്വമില്ല. മനുഷ്യഭാഷണത്തിനുപിന്നിൽ മൂടുപടമിട്ട ഒരു സൂചിതവുമില്ല. ഫ്രോയ്ഡിയൻ മാതൃകപോലെ അബോധത്തിൽ യാതൊരുവിധ ഹൈഡ്രോളിക്സും പ്രവർത്തിക്കുന്നില്ലെന്നാണ് ലാകാന്റെ അഭിപ്രായം. അബോധത്തിന്റെ അടിസ്ഥാനം സൂചകമല്ലാതെ മറ്റൊന്നുമല്ല.
അതേസമയം, ലാകാൻ സൂചിതത്തെ പൂർണ്ണമായും ഒഴിവാക്കുന്നുമില്ല. സൂചകത്തിനുകീഴിൽ വഴുതുന്നതോ തെന്നിമാറുന്നതോ മാഞ്ഞുപോകുന്നതോ ആയ സ്ഥാനമാണ് സൂചിതത്തിനുള്ളത്. മനുഷ്യരാശിയുടെ നിലനിൽപ്പ് അത്യന്താപേക്ഷിതമായ ഇടങ്ങളിൽമാത്രം സൂചകം സൂചിതത്തിലേക്ക് ആണ്ടിറങ്ങുന്നുണ്ട്. സോഫാസെറ്റുകളിൽ അതിന്റെ സ്പോഞ്ചിനെ നിയന്ത്രിക്കാനായി ഇടയ്ക്കിടെ ഉറപ്പിക്കുന്ന അപ്ഹോൾസ്തറി ബട്ടനുകൾ പോലെ. നങ്കൂരബിന്ദുക്കൾ എന്നാണ് ഇതിനെ ലാകാൻ വിശേഷിപ്പിക്കുന്നത്. ഈ ബിന്ദുക്കൾ കൂടുതൽ അടുപ്പിച്ച് ദൃഢതരമായിരുന്നാൽ ആത്മത്യാഗത്തിലേക്കും അയഞ്ഞിരുന്നാൽ ചിത്തവിഭ്രമത്തിലേക്കും വ്യക്തിയെ നയിച്ചേക്കും. ഈ ബിന്ദുക്കളുടെ അകലങ്ങളിലെ കൃത്യതയാണ് വ്യക്തിയുടെ സമചിത്തത(mental balance) എന്നു പറയുന്നത്.
അമേരിക്കൻ മനോവിശകലനത്തിലെ ഈഗോകേന്ദ്രീകരണത്തെ ആക്രമിക്കാൻ ലാകാൻ ഉപയോഗിക്കുന്ന മാരകായുധമാണ് സൂചകം. യൂറോപ്യൻ ദാർശനികപാരമ്പര്യത്തെയാകമാനം തിരുത്തിയെഴുതാനുള്ള ശ്രമമായിരുന്നു അത്; കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ കാർട്ടീഷ്യൻ പാരമ്പര്യത്തെ. കാർട്ടീഷ്യൻ ഭാഷയിലേക്ക് മനോവിശകലനത്തെ പരിഭാഷപ്പെടുത്തുമ്പോൾ വിചിത്രമായ ഒരു വാക്യമാണ് ലഭിക്കുക. അതിങ്ങനെയാണ്:
എപ്പോൾ ഞാൻ ചിന്തിക്കുന്നുവോ, അപ്പോൾ ഞാൻ ഇല്ല ; അതുകൊണ്ട് ഞാൻ ചിന്തിക്കാതിരിക്കുമ്പോഴാ ണ് ഞാൻ ഉള്ളത്... എന്റെ ചിന്തയുടെ കളിവസ്തുവാകുന്നിടത്തെല്ലാം ഞാൻ ഇല്ല... ചിന്തിക്കുക എന്ന കാര്യ ത്തെക്കുറിച്ച് ഞാൻ ചിന്തിക്കാത്തിടത്താണ് ഞാൻ എന്താണെന്ന് ഞാൻ ചിന്തിക്കുന്നത്...(Ecrits, p.166).
ഇത്തരത്തിൽ സൂചകനിയമം വിഷയിയെ ബന്ധനസ്ഥനാക്കുകയും എന്നാൽ അതേസമയം വിമോചിപ്പിക്കുകയും ചെയ്യും. അത് ഇച്ഛയെ പരിമിതപ്പെടുത്തുന്നു എന്നാൽ അതിന്റെ അനന്തയാത്രയിൽ അണിചേർക്കുകയും ചെയ്യുന്നു. വിഷയിയും അന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനെ ഇവിടെ ലാകാൻ ആനയിക്കുകയാണ്. ആ ഏറ്റുമുട്ടൽ നടക്കുന്നത് ഭാഷയും അന്യവും തമ്മിലാണ്, ഇച്ഛയുടെ നിഴലാട്ടത്തിൽ. വിഷയിയും അന്യവും പരസ്പരസമ്മർദ്ദത്താൽ നിലനിൽക്കുന്ന ഈ സന്ദർഭത്തിലാണ് "അബോധം അന്യത്തിന്റെ വ്യവഹാരമാണെ"ന്ന് അദ്ദേഹം പറയുന്നത്. ഭാഷയുടെയും വിഷയിയുടെയും ഘടന വ്യതിരേക(contrast)ത്തിൽ അധിഷ്ഠിതമാണ്. രണ്ടിനും കേന്ദ്രമില്ല. രണ്ടിനും നിരന്തരം സ്ഥാനാന്തരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. അന്യത്തിന്റെ വ്യവഹാരങ്ങൾ ഗൂഢവും സങ്കീർണ്ണവുമാണ്. അത് സൂചകങ്ങളെ എപ്പോഴും പിന്നിൽനിന്നു ചലിപ്പിക്കുന്ന ശക്തിയായി നിലകൊള്ളുന്നു.
വിഷയി എവിടെയൊക്കെ ചെന്ന് എന്തൊക്കെ ചെയ്താലും അവിടെയൊക്കെ സൂചകങ്ങൾ മാത്രമാണുള്ളത്. അന്തിമതീരുമാനം സൂചകത്തിന്റേതു മാത്രം! ഇത്തരത്തിൽ മനോവിശകലനത്തിലെ "ഞാൻ" എന്നതിനു പകരം സൂചകത്തെ സ്ഥാപിക്കുന്ന ലാകാനിയൻ സിദ്ധാന്തം ഒരുതരം വചനകേന്ദ്രവാദം(phonocentrism) തന്നെയല്ലേ എന്നു വിമർശനങ്ങളുയർന്നിട്ടുണ്ട്. തന്റെ സെമിനാറിനൊടുവിൽ അദ്ദേഹം ബൃഹദാരണ്യകോപനിഷത്തിലെ ഒരു സന്ദർഭം ഉദ്ധരിക്കുന്നുണ്ട്. "ദ" എന്ന് പ്രജാപതി ശബ്ദിച്ചപ്പോൾ ദേവന്മാർക്ക് അത് "ദമ്യത" എന്നും, മനുഷ്യർക്ക് "ദത്ത" എന്നും അസുരന്മാർക്ക് "ദയധ്വം" എന്നും ആണ് മനസ്സിലാതത്രേ. 'ദമ്യത' എന്ന വാക്കിന് 'ഭാഷണത്തിന്റെ നിയമങ്ങൾക്ക് അടിമപ്പെടുക' എന്നും 'ദത്ത' എന്ന വാക്കിന് 'ഭാഷണമാകുന്ന ഉപഹാരത്താൽ പരസ്പരം തിരിച്ചറിയുക' എന്നും 'ദയധ്വം' എന്ന വാക്കിന് 'ഭാഷണത്തിന്റെ ഉദ്ദീപനത്തിൽ എല്ലാ ശക്തികളും ശമിക്കുന്നു' എന്നും ആണ് അർത്ഥം നൽകുന്നത്(Ecrits, p. 106-7). ഈ വ്യാഖ്യാനം നമ്മുടെ സന്ദർഭത്തിന് തികച്ചും യോജിച്ചതുതന്നെയാണല്ലോ.
മൂന്നു ക്രമങ്ങൾ: ബിംബാത്മകം, പ്രതീകാത്മകം, യാഥാർത്ഥ്യം
ലാകാനെസംബന്ധിച്ച് മാനസികജീവിതത്തിൽ മൂന്നു ക്രമങ്ങളുണ്ട്. തലം എന്നോ മാനം എന്നോ അടര് എന്നോ ഒക്കെയുള്ള അർത്ഥത്തിലാണ് അദ്ദേഹം ക്രമം എന്നു പ്രയോഗിച്ചിട്ടുള്ളത്. അവ, ബിംബാത്മകം (imaginary), പ്രതീകാത്മകം (symbolic), യാഥാർത്ഥ്യം (Real) എന്നിവയാണ്. ഇവ പരസ്പരബന്ധിതമായ ഒരു ഘടനയാണ്. ടോപോളജിയിൽ പരാമർശിക്കാറുള്ള ബോറോമിയൻ കുരുക്ക് പോലെ ഇവ പരസ്പരം കണ്ണിചേർന്നിരിക്കുന്നു. മൂന്നു വളയങ്ങൾ ഒരു പ്രത്യേകരീതിയിൽ കോർത്തിരിക്കുന്ന മാതൃകയ്ക്കാണ് ബോറോമിയൻ കുരുക്ക് എന്നുപറയുക. ആ ചേരുവയിൽ ഏതെങ്കിലും ഒരു വളയം എടുത്തുകഴിഞ്ഞാൽ മറ്റു രണ്ടുവളയങ്ങളും സ്വാഭാവികമായും സ്വതന്ത്രമാകുന്ന സംവിധാനമാണത്. ലാകാനിയൻ മാനസികക്രമങ്ങളും ഇതുപോലെത്തന്നെ പരസ്പരം ആശ്രയിച്ചുനിൽക്കുന്നു. ഏതെങ്കിലും ഒന്ന് ഇല്ലാതായാൽ മറ്റു രണ്ടിന്റെയും നിലനില്പ് അസ്ഥാനത്താവും.
ബിംബാത്മകം(Imaginary) എന്ന ആദ്യഘട്ടം പ്രാഥമികമായും വ്യക്തിബിംബ(image)ത്തിൽ നിന്ന് ഉരുവംകൊള്ളുന്നതാണ്. ഈഗോയുടെ വികാസത്തിന്റെ കേന്ദ്രത്തിൽ സ്വന്തം ശരീരം പൂർണ്ണസത്തയായി അനുഭവപ്പെടുന്ന കണ്ണാടിഘട്ടത്തിന്റെ തുടർച്ചയാണിത്. ഈ സന്ദർഭത്തിൽ ലാകാന്റെ സുപ്രസിദ്ധമായ കണ്ണാടിഘട്ടം(mirror phase) എന്ന പരികല്പന പരിചയപ്പെടേണ്ടതുണ്ട്. ഒരു ശിശുവിന്റെ വികാസത്തിലെ വളരെ നിർണ്ണായകമായ ഒരു ഘട്ടമാണിത്. ആറുമാസത്തിനും പതിനെട്ടുമാസത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിൽ ഈ ഘട്ടം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കുട്ടി കണ്ണാടിയിൽ തന്റെ പ്രതിബിംബം കാണുന്ന സന്ദർഭത്തിൽ അതിനെ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കുകയും ആ കാഴ്ചയിൽ ക്രമേണ ആകൃഷ്ടനാവുകയും ചെയ്യുന്നു. അതേ പ്രായത്തിലുള്ള ഒരു ചിമ്പാൻസിയിൽ പരീക്ഷണം നടത്തിയപ്പോൾ അവ ആദ്യമൊക്കെ തന്റെ പ്രതിബിംബം കണ്ട് ശ്രദ്ധിക്കുകയുണ്ടായെങ്കിലും പിന്നീട് അത് മറ്റൊരു ജീവിയല്ല എന്നു തിരിച്ചറിയുന്ന നിമിഷം അതിലുള്ള താല്പര്യം നശിച്ച് അവിടം വിട്ടുപോവുകയാണ് പതിവ്. എന്നാൽ മനുഷ്യശിശുവിന് ആ ഘട്ടത്തിൽ തന്റെ പ്രതിബിംബത്തിൽ ഒരു പ്രത്യേകതരം ആകർഷണം തോന്നുന്നതായി അനുഭവപ്പെടുന്നു. കണ്ണാടിയിലെ പ്രതിബിംബത്തിലൂടെ കുട്ടി തന്റെ സ്വ(self)മ്മിനെ തിരിച്ചറിയുകയായിരിക്കണം. ലാകാനെ സംബന്ധിച്ചിടത്തോളം അതുവരെയും കുട്ടി ഓംലെറ്റ് പരുവത്തിലായിരുന്നു ("Hommelette" എന്ന ഒരു പ്രത്യേക വാക്കാണ് അദ്ദേഹം ഉപയോഗിക്കന്നത്. അത് 'homme' - പുരുഷൻ എന്ന അർത്ഥത്തിലുള്ള ഫ്രഞ്ച് വാക്കും omelette എന്ന പരിചിതവാക്കും കൂട്ടിച്ചേർത്തുണ്ടാക്കിയതാണ്. ഓംലെറ്റിൽ വെള്ളയും മഞ്ഞയും കരുക്കൾ കൂടിക്കലർന്നിരിക്കുന്നതുപോലെ കുട്ടിയുടെ സ്വമ്മും ബാഹ്യലോകവും കലങ്ങി ഒന്നായിരിക്കും. അതുപോലത്തന്നെ മുതിർന്നിട്ടില്ലാത്ത പുരുഷൻ എന്ന അർത്ഥത്തിൽ hommelet എന്ന് അതിന്റെ ചെറുരൂപവും. ഈ രണ്ടർത്ഥവും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടാവണം.) കണ്ണാടിയിലെ പ്രതിബിംബത്തിൽ രണ്ടു പ്രധാനകാര്യങ്ങൾ സംഭവിക്കുന്നുണ്ട്; തന്റെ ശരീരത്തെ പൂർണ്ണമായ ഒരേകതയായി മനസ്സിലാക്കുകയും തന്റെ കയ്യും കാലും ഒക്കെ അനക്കിക്കൊണ്ട് കണ്ണാടിയിലെ പ്രതിബിംബത്തിൽ രൂപമാറ്റം വരുത്താൻ സാധിക്കുകയും ചെയ്യുന്നു. ഇവിടെ താനെന്നത് നിയതമായ രൂപമുള്ള ഒരു ശരീരമാണെന്നും ആ ശരീരത്തിന്മേൽ തനിക്ക് സമ്പൂർണ്ണമായ കോയ്മയുണ്ടെന്നും കുട്ടി തിരിച്ചറിയുന്നു. ശരീരം അതുവരെ ശകലിതമായിരുന്നു. ശരീരാവയവങ്ങൾക്കുമേൽ തനിക്ക് കാര്യമായ നിയന്ത്രണമില്ലായിരുന്നുതാനും. ഈ രണ്ടു പ്രശ്നങ്ങളും മറികടക്കുന്ന ഘട്ടമാണ് ലാകാൻ പറയുന്ന കണ്ണാടിഘട്ടം. അങ്ങനെ കണ്ണാടിബിംബം കുട്ടിയെ സംബന്ധിച്ച് ആനന്ദത്തിന്റെ ഉറവിടമായിത്തീരുന്നു. താനെന്ന പൂർണ്ണ ഏകതയെക്കുറിച്ചുള്ള ബോധ്യവും അതിനുമേലുള്ള സമ്പൂർണ്ണനിയന്ത്രണവും. ഇവിടെയാണ് കുട്ടി കണ്ണാടിബിംബവുമായി താദാത്മ്യപ്പെടുന്നത്. കണ്ണാടിയിലെ ബിംബമാണ് അവൻ/അവൾ ആരാണെന്നു ബോധ്യമുണ്ടാക്കിത്തരുന്നത്. ഈഗോയുടെ ആവിർഭാവം ഈ മുഹൂർത്തത്തിലാണ്.
ലാകാനെ സംബന്ധിച്ചിടത്തോളം ഈഗോയ്ക്ക് രണ്ടു സവിശേഷതകളുണ്ട്; അപജ്ഞാന(misrecognition)വും അന്യവൽക്കരണ(alienation)വും. കണ്ണാടിബിംബത്തിലൂടെ രൂപീകരിക്കപ്പെടുന്ന ഈഗോയും അതൊരു പൂർണ്ണ ഏകതാബോധവും കേവലം ഒരു പ്രതീതിമാത്രമാണ്. അഥവാ മിഥ്യയാണ്. ഈ തെറ്റിദ്ധാരണയെയാണ് അപജ്ഞാനം എന്ന് ലാകാൻ വിശേഷിപ്പിക്കുന്നത്. കണ്ണാടിയിലെ ബിംബത്തെയാണ് താൻ എന്നു കരുതുന്നത് എന്നതിനാൽ വ്യക്ത്യഹം തനിക്കു പുറത്തേക്കു പ്രക്ഷേപിക്കുകയാണല്ലോ. അതുകൊണ്ടാണ് അന്യവൽക്കരണം എന്ന സങ്കല്പം കടന്നുവരുന്നത്; സ്വന്തം തന്മയിൽനിന്ന് അന്യവൽക്കരിക്കപ്പെട്ട ഈഗോ. തന്റെ സ്വത്വത്തെ സ്ഥാപിക്കുന്ന ബാഹ്യസത്തയാണത്. അതുകൊണ്ട് ഈഗോ വ്യക്തിക്കു ബാഹ്യമായ ഒന്നാണെന്നു തീർച്ചപ്പെടുത്താം. കർതൃത്വത്തെക്കുറിച്ചുള്ള പിൽക്കാല പരികല്പനകളിൽ ഈ ഈഗോ സങ്കല്പവുമായുള്ള സംഘർഷം പ്രത്യക്ഷപ്പെടുന്നതിനു കാരണം അത് തനിക്കു വെളിയിലാണ് എന്നതാണ്.
പ്രതീകാത്മകം (symbolic) എന്ന സങ്കല്പനം രൂപീകരിക്കുന്നതിൽ ലാകാനെ ക്ലോദ് ലെവി സ്ട്രോസിന്റെ ഘടനാവാദനരവംശശാസ്ത്ര പരികല്പനകൾ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ലെവി സ്ട്രോസിന്റെ മിത്തുകളെക്കുറിച്ചും ബന്ധുത്വത്തെക്കുറിച്ചുമുള്ള വിശകലനങ്ങളാണ് ലാകാനിയൻ പ്രതീകാത്മകക്രമത്തിനുള്ള പ്രചോദനം. മനുഷ്യബന്ധങ്ങളെല്ലാം തന്നെ ആന്തരികമായ ഒരു വ്യാകരണഘടന വഹിക്കുന്നുണ്ടെന്ന് ലെവി സ്ട്രോസ് പറയുന്നു. ആ ബന്ധങ്ങൾക്കടിസ്ഥാനമായ മനുഷ്യവ്യക്തികൾക്കു പുറമേയാണ് ഈ ബന്ധങ്ങളുടെ പ്രവർത്തനം. ഉദാഹരണത്തിന് ലീല എന്നൊരു പെൺകുട്ടി വിവാഹിതയാവുകയാണെന്നിരിക്കട്ടെ. അവൾ വരിക്കുന്നത് മനു എന്നൊരു പുരുഷനെയാണ്. വിവാഹാനന്തരം ഇവർ രണ്ടുപേരും വളരെ വിപുലമായൊരു ബന്ധശൃംഖലയിലെ കണ്ണികളായി മാറുന്നു. ലീല എന്ന സൂചിതം ഭാര്യയുടെ റോളിലെത്തുന്നതോടെ ഒരു സൂചകമായി മാറുന്നു. പിന്നീട് ലീല എന്ന സൂചിതത്തിന് എന്തു സംഭവിച്ചു എന്ന് നമുക്കു വ്യക്തമാവുകയില്ല. ബന്ധസൂചകപദങ്ങളുടെ മഹാശൃംഖലയിൽ സൂചകങ്ങളുടെ അനന്ത”ലീല“ യായിരിക്കും പിന്നീട്. സൊസ്യൂറിയൻ സിദ്ധാന്തമനുസരിച്ച് മറ്റു സൂചകങ്ങളുമായുള്ള ബന്ധത്തിലൂടെയാണ് സൂചകത്തിന് അർത്ഥം ലഭിക്കുന്നത്. ഭാര്യ എന്ന റോൾ മറ്റു ബന്ധങ്ങളുമായുള്ള പാരസ്പര്യത്തിലാണ് അർത്ഥവത്താകുന്നത്. ഇങ്ങനെ ബന്ധസൂചകനിയമങ്ങളുടെ വ്യാകരണം സൊസ്യൂർ പറയുന്ന “ലാങ്” എന്ന തത്വത്തിന് സമാനമാവുന്നു. വിവാഹം എന്ന പ്രതിഭാസം “പരോൾ” ആയി പ്രവർത്തിക്കുന്നു. ലീലയും മനുവും തമ്മിലോ റോസിയും തോമസും തമ്മിലോ ആയാലും കാര്യമായ വ്യത്യാസമൊന്നുമില്ല. സമൂഹത്തിൽ വ്യക്തികൾ വ്യാപരിക്കുന്നത് ഭാഷയിൽ സൂചകങ്ങൾ വ്യാപരിക്കുന്നതുപോലെയാണ് എന്നർത്ഥം.
ഇവിടെയാണ് ലാകാനിയൻ പ്രതീകാത്മകക്രമത്തിന്റെ സന്ദർഭം. ആത്യന്തികമായ സ്വത്വം എന്നൊന്നില്ല. പ്രതീകങ്ങൾ മാത്രം. അവയാകട്ടെ പരസ്പരബന്ധത്തിലൂടെയാണ് അർത്ഥവത്താകുന്നത്. ലെവിസ്ട്രോസിൽനിന്ന് വികസിപ്പിച്ചെടുത്ത ഈ സങ്കല്പം, ലാകാൻ ബന്ധങ്ങൾക്കു മാത്രമല്ല, മറ്റെല്ലാ സാമൂഹിക - മാനസികവശങ്ങൾക്കും ബാധകമാണെന്നു തെളിയിച്ചു. അവ വ്യക്തിയെ സ്വാധീനിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യാസ്തിത്വമെന്നത് (ഭാഷയുടെ) പ്രതീകാത്മകക്രമവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇത് നമ്മുടെ വൈയക്തികാസ്തിത്വത്തിനു മുന്നേ നിലനിൽക്കുന്നതും അതിനുശേഷവും അവശേഷിക്കുന്നതുമായിരിക്കും. ഭാഷയുടെ പ്രതീകാത്മകക്രമത്തിന്റെ പ്രജകളായിക്കൊണ്ടുമാത്രമേ പൂർണ്ണമായ അർത്ഥത്തിൽ നാം മനുഷ്യരാവുന്നുള്ളൂ എന്നു സാരം.
നമ്മുടെ സ്വത്വം ആവിഷ്ക്കരിക്കുന്ന മാധ്യമമാണ് ഭാഷ. ഞാൻ എന്ന വ്യക്തിസത്ത, കണ്ണാടിബിംബം പോലെത്തന്നെയാണ് സമൂഹത്തിൽ പ്രവർത്തിക്കുന്നത്. ഭാഷയിലും കണ്ണാടിബിംബത്തിലും രൂപീകരിക്കപ്പെടുന്ന “ഞാൻ” നമ്മിൽനിന്നും തീർത്തും അന്യമാണ്. അത് ബാഹ്യവുമാണ്. കണ്ണാടിബിംബത്തിൽ പ്രത്യക്ഷപ്പെടുന്നത് അപര(small other)മാണെങ്കിൽ ഭാഷയിലുള്ളത് അന്യ(big Other)മാണ്. ഭാഷ എന്ന അന്യം ഞാൻ ഉണ്ടാവുന്നതിനുമുൻപും എനിക്കുശേഷവും നിലനിൽക്കുന്നു എന്ന് ലാകാൻ തെളിയിക്കുന്നു. ഭാഷയുടെ പ്രതീകാത്മകക്രമത്തിൽനിന്നാണ് ഇച്ഛകളും ആഗ്രഹങ്ങളും ഭയങ്ങളും എല്ലാം ഉറവെടുക്കുന്നത്. നമ്മുടെ ഇച്ഛകളും ആഗ്രഹങ്ങളും ഭയങ്ങളുമൊക്കെ ദമനംചെയ്യപ്പെടുമ്പോൾ അവ ഭാഷയുടെ നിയന്ത്രണത്തിലാവുകയും ചെയ്യുന്നു.
ഈ സന്ദർഭത്തിലാണ് അബോധത്തെക്കുറിച്ചുള്ള ലാകാന്റെ പ്രശസ്തമായ വാക്യം പ്രത്യക്ഷപ്പെടുന്നത്: "അബോധം ഭാഷപോലെ സുഘടിതമാണ്" (Unconscious is structured like a language). അതിനുമുമ്പുവരെ അതായത്, ഫ്രോയ്ഡിലും യുങ്ങിലുമൊക്കെ അബോധമെന്നത് ഭാഷയ്ക്കുമപ്പുറത്തുള്ള ഒരു മണ്ഡലമായിരുന്നു. അത് അതീതവും അപ്രാപ്യവുമായിരുന്നു. പൂർത്തീകരിക്കാത്ത ഇച്ഛകളുടേയും ദമനംചെയ്യപ്പെട്ട ആഗ്രഹങ്ങളുടെയും ഇരുണ്ട നിഗൂഢതയായിരുന്നു. എന്നാൽ ലാകാനിലെത്തിയപ്പോൾ മനുഷ്യാബോധത്തിന്റെ പ്രകൃതം തന്നെ ഭാഷാപരമാണെന്ന് തിരിച്ചറിയപ്പെട്ടു. ഫ്രോയ്ഡിയൻ സ്വപ്നവ്യാഖ്യാനങ്ങളിലെ സാന്ദ്രീകരണം (condensation), സ്ഥാനാന്തരണം (displacement) എന്നീ പ്രക്രിയകളെ ലാകാൻ ഘടനാവാദത്തിന്റെ പിൻബലത്തോടെ രൂപകവും ഉപാദാനവുമായി വ്യാഖ്യാനിച്ചു. രൂപകം തെരഞ്ഞെടുപ്പിന്റെയും ഉപാദാനം കൂട്ടിച്ചേർക്കലിന്റെയും മാനസിക അക്ഷങ്ങളായി പ്രവർത്തിക്കുന്നതായും
മൂന്നാമത്തെ ക്രമമായ യഥാർത്ഥ(Real)ത്തെക്കുറിച്ച് ലാകാൻ വളരെ അവ്യക്തമായേ വിവരിക്കുന്നുള്ളൂ. പ്രതീകാത്മകക്രമത്തിൽനിന്ന് നിരന്തരം വഴുതിമാറുന്ന ഒന്നാണ് യഥാർത്ഥക്രമം. അത് ഭാഷയിലും പിടിച്ചെടുക്കാനാവില്ല. ഇത് ശരിക്കും വ്യക്തമാക്കാവുന്ന ഉദാഹരണങ്ങളൊന്നും വാസ്തവത്തിൽ ലാകാൻ നൽകുന്നില്ല. ചില ലാഞ്ഛനകളും സൂചനകളും മാത്രം. മരണത്തിന്റെ വക്കോളമെത്തുന്ന ഒരു വാഹനാപകടം സങ്കല്പിക്കുക. അവിടെ നാം വാക്കും ഭാഷയും നഷ്ടപ്പെട്ട് അസ്തപ്രജ്ഞരായിപ്പോകുന്നു. ആ അനുഭവം നൽകുന്ന ആഘാതം നമുക്ക് ഭാഷയിലൂടെ ആവിഷ്ക്കരിക്കാനാവില്ല. പരമമായ നിശ്ശബ്ദതയിലേക്ക്, മൗനത്തിലേക്ക്, സ്തബ്ധമായ ഒരു നിശ്ശൂന്യതയിലേക്ക് നാം പതിക്കുന്ന മാരകമായ സന്ദർഭം. അതിന്റെ ആഘാതത്തിൽനിന്ന് പതുക്കെ വിടുതൽ നേടുന്നതോടെ നമുക്ക് കുറേശ്ശെ സംസാരിക്കാനാവുന്നു. അങ്ങനെ വീണ്ടും പ്രതീകാത്മകക്രമത്തിലേക്ക് പ്രവേശിക്കുകയായി. ഇപ്പറഞ്ഞത് യഥാർത്ഥക്രമത്തിന്റെ ഏറ്റവും ദുർബ്ബലമായ ഒരു ഉദാഹരണമാണ്. ഇതുപോലെ സാമൂഹികജീവിതത്തിൽ, അഥവാ ഭാഷാജീവിതത്തിൽ യഥാർത്ഥവുമായുള്ള ഏറ്റുമുട്ടൽ അപൂർവ്വം സന്ദർഭങ്ങളിലേ നടക്കൂ എന്നാണ് ലാകാന്റെ പക്ഷം..
ഇച്ഛയും മനസ്സും
കർതൃത്വം(subjectivity) എന്നത് ആധുനികാനന്തരചിന്തയുടെ, പ്രത്യേകിച്ചും നവമനോവിശകലനത്തിന്റെ പ്രധാനശ്രദ്ധയാണ്. നമ്മെ നാമാക്കുന്നതെന്തോ അതാണ് കർതൃത്വം എന്ന് ലളിതമായി പറഞ്ഞൊഴിയാം. മതപാരമ്പര്യത്തിൽ ആത്മാവ് എന്നൊരു സാന്നിധ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് ഒരുതരത്തിൽ ഈ കർതൃത്വം തന്നെയാണ്. തത്വചിന്താപാരമ്പര്യമനുസരിച്ചാകട്ടെ, അത് അവബോധത്തിൽനിന്നോ മനസ്സിൽനിന്നോ അതുമല്ലെങ്കിൽ തലച്ചോറിൽനിന്നു തന്നെയോ ഉറവെടുക്കുന്ന ഒരു സത്തയാണ്. തികച്ചും ആന്തരികമാണെങ്കിലും അത് ലോകവുമായുള്ള പാരസ്പര്യത്തിൽനിന്നാണ് ഉറവെടുക്കുന്നത്.
ഫ്രോയ്ഡുമുതൽ തുടങ്ങുന്ന മനോവിശകലനപദ്ധതിയിൽ കർതൃത്വത്തിന്റെ കേന്ദ്രത്തിൽ ഇച്ഛ(desire) പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. നാമെല്ലാം കുട്ടിക്കാലം മുതലേ ധാരാളം ഇച്ഛകളും ആശകളുമായി ജീവിതം നയിക്കുന്നവരാണ്. ഇഷ്ടപ്പെട്ട വസ്തുക്കൾ, ബന്ധങ്ങൾ, സാമൂഹികപദവി, തുടങ്ങി ധാരാളം ആഗ്രഹങ്ങളുമായാണ് ഓരോ വ്യക്തിയും ജീവിക്കുന്നത്. ഇവയൊന്നുംതന്നെ നമുക്ക് നമ്മുടെയുള്ളിൽനിന്ന് പൂർത്തീകരിക്കാനാവില്ല. എന്നുവച്ചാൽ, വ്യക്തികളെന്ന നിലയിൽ നമുക്ക് നമ്മുടെ ഇച്ഛകൾക്കുമേൽ യാതൊരു അധികാരവുമില്ല എന്നർത്ഥം. ഇഷ്ടപ്പെട്ട ഒരു ബന്ധം, ജോലി, വീട്, കാറ്, ആഡംബരവസ്തുക്കൾ, ഉറ്റവരോടൊത്ത് ഒരു വിനോദയാത്ര... എന്തുതന്നെയാവട്ടെ നമ്മുടെ ആഗ്രഹം, അവയൊക്കെയും നമുക്കു പുറത്തുള്ളതാണെന്നു മാത്രമല്ല, അവ പൂർത്തീകരിക്കുന്നതും നമുക്കു പുറത്താണ്. കഴുതയുടെ തലയിൽ ഒരു വടിവച്ച് അതിലൊരു ക്യാരറ്റു കെട്ടിത്തൂക്കിയാൽ ആ പാവം ജീവി ഒരിക്കലും തനിക്കു ലഭിക്കാത്ത ആ ഇച്ഛാവസ്തുവിനുവേണ്ടി ഓടിനടക്കുന്നതു പോലെയാണ് നമ്മളും.
മനോവിശകലനത്തിൽ ഇതൊരു പ്രധാനസന്ദർഭമാണ്. ഓരോ വിഷയിയും തന്റെ ഇച്ഛകളിലൂടെ തന്നെത്തന്നെ ആവിഷ്ക്കരിക്കുന്നതും ഇച്ഛാപൂർത്തിക്കായുള്ള കർമ്മങ്ങളിലൂടെ ഭാവിയിലേക്ക് പ്രക്ഷേപിക്കുന്നതും മനസ്സിലാക്കേണ്ടത് ഈ അർത്ഥത്തിലാണ്. നമുക്ക് യാതൊരു നിയന്ത്രണവും അധികാരവുമില്ലാത്ത വസ്തുതകളിലാണ് വിഷയി തന്റെ ഇച്ഛകളെ നിക്ഷേപിക്കുന്നത്. ലാകാനെ സംബന്ധിച്ച്, നിരന്തരം തന്നെത്തന്നെ ഇച്ഛാരൂപത്തിൽ പുറത്തേക്കു പ്രക്ഷേപിച്ച് ഓരോ വിഷയിയുടെയും ഉള്ളിൽ ഇച്ഛകളാൽ നിർമ്മിക്കപ്പെട്ട ഒരു ദ്വാരം രൂപപ്പെട്ടിരിക്കുന്നു. നമുക്കു സ്വന്തമല്ലാത്ത എന്തെങ്കിലുമൊക്കെ സ്വന്തമായാൽ ആഗ്രഹങ്ങൾ തീരുമെന്ന് നാം വ്യാമോഹിക്കുന്നു. നമുക്ക് നിയന്ത്രണമില്ലാത്ത ബാഹ്യവസ്തുക്കളാൽ നിർമ്മിക്കപ്പെട്ട ഒരു ചക്രത്തിൽ നിരന്തരം, മരണപര്യന്തം കറങ്ങിക്കൊണ്ടിരിക്കുന്ന പ്രക്രിയയെയാണ് ലാകാൻ "ന്യൂറോസിസ്" എന്നു വിശേഷിപ്പിക്കുന്നത്. പൂർത്തീകരിക്കാത്ത ഇച്ഛകളെ ദമനം ചെയ്യുന്നതിനെക്കുറിച്ച് ഫ്രോയ്ഡ് വാചാലനാകുന്നുണ്ടെങ്കിലും ലാകാൻ അതിനെ വ്യക്തിക്കു പുറത്തുള്ള ഒരു വസ്തുതയായി തിരിച്ചറിയുന്നു.
പലപ്പോഴും വലിയ സെലിബ്രിറ്റികളൊക്കെ ആത്മഹത്യചെയ്ത വാർത്ത കേൾക്കുമ്പോൾ നമുക്കത് വിശ്വസിക്കാൻ പ്രയാസമായിരിക്കും; എന്താണ് അവർക്കില്ലാത്തത്? പണം, പദവി, സുഖസൗകര്യങ്ങൾ, പ്രശസ്തി, അംഗീകാരങ്ങൾ, ലക്ഷക്കണക്കിനാളുകളുടെ ആരാധന, എന്നിട്ടും എന്താണ് അവർ ജീവിതത്തിൽ തൃപ്തിയില്ലാതെ ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് ഓർത്ത് നാം അമ്പരന്നുപോകും. എന്തൊക്കെയുണ്ടെങ്കിലും ഇല്ലാത്തതിനുവേണ്ടിയുള്ള തീരാത്ത ആഗ്രഹമാണ് ഇച്ഛ(desire)യുടെ പ്രകൃതം.
ലാകാനിയൻ സൈദ്ധാന്തികലോകത്ത് ഉത്ക്കണ്ഠ(anxiety) ഒരു രോഗമല്ല. അത് ബിംബാത്മകക്രമം മുതൽ തുടങ്ങുന്ന ഒരു മാനസികാവസ്ഥയാണ്. തന്റെതന്നെയോ താനിച്ഛിക്കുന്നവയുടെയോ ബിംബങ്ങളിൽ ജീവപര്യന്തം തളച്ചിടപ്പെട്ട് അതിന്റെ അഭാവത്തിൽ നിരന്തരം അസ്വസ്ഥമാകാൻ വിധിക്കപ്പെട്ട പ്രകൃതമാണ് മനുഷ്യന്റെ സാംസ്ക്കാരികജീവിതം. തന്റെ ബിംബവുമായി താദാത്മ്യപ്പെടുകയും അതിൽ ആഹ്ലാദിക്കുകയും ചെയ്യുന്ന ശിശുവിന്റെ ശിഷ്ടജീവിതം മുഴുവൻ പലതരം ഇച്ഛാവസ്തുക്കളുടെ സമാഹാരമായിരിക്കും. കർതൃത്വം രൂപീകരിക്കപ്പെടുന്നതുതന്നെ ഇച്ഛകളാലാണ്. ഒരു വിഷയിയെ അപൂർണ്ണനാക്കുന്ന ഇച്ഛ മറ്റൊരു വിഷയിയുടെ അപൂർണ്ണതയ്ക്കു കാരണമായ ഇച്ഛകൊണ്ട് പൂർത്തീകരിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നുവെന്നർത്ഥം. ഇതൊരു വല്ലാത്ത ദൂഷിതവലയമാണ്. അടിസ്ഥാനപരമായി ഇച്ഛ എന്നത് കർതൃത്വസങ്കല്പത്തിനകത്തെ ഒരു മൂർത്തമായ അഭാവമാണ്. അത് തിരിച്ചറിയാതിരിക്കുന്നതാണ് എല്ലാതരം മാനസികാസ്വാസ്ഥ്യങ്ങൾക്കും കാരണം. പക്ഷേ ഭാഷ എന്ന പ്രതീകാത്മകക്രമത്തിന്റെ മാധ്യസ്ഥത്തിൽ ഇത് കൂടുതൽ വഷളാവുകയേയുള്ളൂ. ചിത്തവിഭ്രമം സംസ്ക്കാരസൃഷ്ടമാണെന്ന് ഫ്രോയ്ഡുമുതലുള്ള സൈദ്ധാന്തികർ പറഞ്ഞുറപ്പിച്ചതിനെ സവിശേഷമായ രീതിയിൽ സിദ്ധാന്തീകരിക്കുകയാണ് ലാകാൻ. ഇവിടെയാണ് ഈഗോമനശ്ശാസ്ത്രത്തിൽനിന്നും മനോവിശകലനത്തിനുള്ള വിടുതൽ.
ലാകാനിയനിസം
ലാകാനിയൻ മനോവിശകലനസിദ്ധാന്തത്തിന്റെ ഒരു ദിങ്മാത്രദർശനമാണ് ഇവിടെ നടന്നത്. പ്രധാനമായും മൂന്നു മാനസികക്രമങ്ങളെക്കുറിച്ചും ഭാഷയും മനസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇച്ഛയാൽ നിർണ്ണയിക്കപ്പെട്ട കർതൃത്വസങ്കല്പത്തെപ്പറ്റിയും കഴിയുന്നത്ര ലളിതമായി സംഗ്രഹിച്ചുവെന്നു മാത്രം. മനോവിശകലനത്തെ എല്ലാതരത്തിലുള്ള നിർണ്ണയവാദശാഠ്യങ്ങളിൽനിന്നും വിമോചിപ്പിച്ചു എന്നതാണ് ഴാക് ലാകാന്റെ പ്രധാനസംഭാവന. അമേരിക്കൻ ഈഗോമനശ്ശാസ്ത്രത്തിന്റെ കരാളഹസ്തങ്ങളിൽനിന്നും യഥാർത്ഥഫ്രോയ്ഡിനെ മോചിപ്പിക്കുവാനും മനോവിശകലനത്തിന് പുതിയൊരു തുറസ്സ് നൽകാനും അദ്ദേഹം കാരണമായി. കേവലം ഒരു മനോരോഗചികിത്സാസമ്പ്രദായമായിരുന്ന മുൻകാലസമീപനങ്ങളെ തീർത്തും സ്വതന്ത്രവും ബഹുവിജ്ഞാനീയവുമാക്കി മാറ്റിത്തീർത്തത് ലാകാനാണ്.
അനുകർത്താക്കളെക്കാളേറെ വിമർശകരെയാണ് ലാകാനിയൻ സിദ്ധാന്തങ്ങൾ ക്ഷണിച്ചുവരുത്തിയത്. ബിംബാത്മകഘട്ടത്തെക്കുറിച്ചുള്ളതാണ് അക്കൂട്ടത്തിൽ ഗുരുതരം. വിഷയി അപജ്ഞാനത്തിലൂടെയാണ് തന്റെ ഈഗോ രൂപീകരിക്കുന്നതെന്ന സിദ്ധാന്തം ലാകാൻ വിശദീകരിക്കാതെ രക്ഷപ്പെടുകയായിരുന്നെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. യൂലിയ ക്രിസ്തേവയെപ്പോലുള്ള ചിന്തകർ ലാകാന്റെ കണ്ണാടിഘട്ടത്തെ ചിഹ്നശാസ്ത്രപരമായ രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റൊരു വിമർശനം അബോധത്തെ സംബന്ധിച്ചാണ്. ഫ്രോയ്ഡിയൻ ചിന്താപദ്ധതിയിലെ വിസ്ഫോടകമായ ഒരു കണ്ടെത്തലായിരുന്നു അബോധം. എന്നാൽ ലാകാൻ അതിന്റെ എല്ലാ വീര്യവും ചോർത്തിക്കളഞ്ഞ് കേവലം സൂചകലീലയായി ചുരുക്കിക്കളഞ്ഞു. ഇനിയുമൊരു വിമർശനം ലാകാനിയൻ ഇച്ഛാസങ്കല്പത്തെ കുറിച്ചാണ്. ശരീരബാഹ്യവും പൂർവ്വനിർണ്ണീതവുമാണ് ഇച്ഛ എങ്കിൽ മനുഷ്യന്റെ സർഗ്ഗാത്മകതയുടെ എല്ലാ സാദ്ധ്യതകളെയും അത് നിരാകരിക്കുകയില്ലേ എന്നതാണത്. പക്ഷേ ഇതിന് ഇന്നത്തെ ചിന്താലോകം ഏതാണ്ട് സ്പഷ്ടമായ ഉത്തരം നൽകിക്കഴിഞ്ഞതായി കാണാം. സർഗ്ഗാത്മകത എന്നത് അനിർവ്വചനീയവും അത്ഭുതകരവുമായ ഒരനുഭൂതിയാണെന്ന അതിവാദത്തെ ലാകാൻ നിരാകരിക്കുകയായിരുന്നു. ഭാഷയുടെ സർഗ്ഗാത്മകതയെ അതിന്റെ പ്രജനക(generative)സ്വഭാവമായി കണ്ടെത്തി വിശകലനം ചെയ്യാനുള്ള ഉപാധികൾ ഇന്നത്തെ ഭാഷാശാസ്ത്രം ഏറെക്കുറെ കണ്ടെത്തിക്കഴിഞ്ഞു. ഇനിയും മറ്റൊരു ഗുരുതരമായ ആരോപണം, സംസ്ക്കാരപഠനത്തിന് ലാകാനിയൻ സിദ്ധാന്തങ്ങൾ ഉപയോഗിക്കാൻ കഴിയില്ല എന്നതാണ്. സംസ്ക്കാരത്തിന്റെ നിർവ്വഹണത്തിൽ സാമൂഹ്യസ്ഥാപനങ്ങൾ, സാംസ്ക്കാരിക-രാഷ്ട്രീയശൃംഖലകൾ ഇവയുടെയൊക്കെ പ്രവർത്തനത്തെ ലാകാൻ താഴ്ത്തിക്കെട്ടുകയാണെന്നായിരുന്നു ആരോപണം. ഇതിന് ലാകാനിയൻ പദ്ധതിയിലുള്ള മറുപടി, ഭാഷയിലേക്കു പ്രവേശിക്കുന്നതോടെ അധികാര-പ്രത്യയശാസ്ത്രങ്ങളുടെ ബലതന്ത്രമേഖലയിലേക്ക് വിഷയി പ്രവേശിക്കുകയും അതോടെ വിഭജിതവും ഭഞ്ജിതവുമായിത്തീരുകയും ചെയ്യുന്നു എന്ന നിരീക്ഷണമാണ്. വാസ്തവത്തിൽ, പ്രതീകാത്മകക്രമം, അന്യം, പിതൃനിയമം, യജമാന-ദാസ്യബന്ധം തുടങ്ങിയ സങ്കല്പനങ്ങളെ ലാകാൻ വ്യാഖ്യാനിച്ച രീതി പരിചയിച്ചവർക്ക് ഇത്തരം ആരോപണങ്ങളിലെ കഴമ്പില്ലായ്മ വ്യക്തമാവും. അധികാരവും പ്രത്യയശാസ്ത്രവും സാമൂഹിക-സാംസ്ക്കാരികസ്ഥാപനങ്ങളും ഒക്കെയടങ്ങുന്ന ഒരു ബൃഹത്-യന്ത്രമായി ഭാഷയെ കാണാമെങ്കിൽ ലാകാനെതിരെ ഉന്നയിക്കപ്പെടുന്ന മിക്ക ആരോപണങ്ങൾക്കുമുള്ള മറുപടി ലഭിക്കുകതന്നെ ചെയ്യും.
ലാകാനിയൻ സിദ്ധാന്തങ്ങൾ ആകെത്തന്നെ കാർട്ടീഷ്യൻ ‘കോഗിറ്റോ’വിനോടുള്ള വിമർശനമാണ്. മുൻനിശ്ചിതവും സംശയരഹിതവും ഏകീകൃതവുമായ വിഷയി എന്ന ഒന്നില്ലെന്ന് ലാകാൻ തെളിയിച്ചു. കർതൃത്വം ഭാഷാപരമായും സാമൂഹികമായും ഉയിരെടുക്കുന്ന ഒന്നാണ്. മനോവിശ്ലേഷണം സൗകര്യപൂർവ്വം തമസ്ക്കരിക്കാൻ ശ്രമിച്ച ലൈംഗികതയെ ഭാഷാപരമായ ലിംഗഗണന എന്ന തിരിച്ചറിവുകൊണ്ട് പകരംവെക്കാൻ ലാകാനു കഴിഞ്ഞു. കർതൃത്വത്തിന്റെ അർത്ഥപരവും ചിഹ്നപരവുമായ മാനം ലാകാൻ ഉയർത്തിപ്പിടിച്ചു. ഓരോവിഷയിയും ഒരേസമയം ഭാഷകനും ഭാഷിതനും ആണെന്ന വസ്തുത തിരിച്ചറിയപ്പെട്ടു. ഇങ്ങനെയൊക്കെ പാശ്ചാത്യ-അതിഭൗതികതയുടെയും പുരുഷ-മനുഷ്യകേന്ദ്രിതകർതൃസങ്കല്പത്തിന്റെയും പരിക്കുകളിൽനിന്ന് മനോവിശകലനമേഖലയെ മാത്രമല്ല, ദാർശനികമണ്ഡലത്തെയാകെത്തന്നെ രക്ഷിക്കുവാൻ ലാകാനിയൻ പദ്ധതിക്കു കഴിഞ്ഞു.
പിൽക്കാല മനോവിശകലനമേഖലയെ ക്ലിനിക്കലായും സൈദ്ധാന്തികമായും അതിശക്തമായി സ്വാധീനിക്കാൻ ഈ ഉപദർശനങ്ങൾ ഉപകരിച്ചിട്ടുണ്ട്. അതോടൊപ്പം, മറ്റനേകം വിജ്ഞാനശാഖകളേയും പ്രയോഗമണ്ഡലങ്ങളേയും ലാകാനിയൻ ഉൾക്കാഴ്ചകൾ പുതുക്കിപ്പണിഞ്ഞിട്ടുണ്ട്. അതിലൊന്ന് തീർച്ചയായും സാഹിത്യവിമർശനമാണ്. കേവലം മനശ്ശാസ്ത്രനിരൂപണത്തിന്റെ നവീകരണമല്ല, ഈ സിദ്ധാന്തങ്ങൾ സാധിച്ചത്. കൃതിയുടെ അർത്ഥം നിശ്ചിതമല്ല എന്നതാണ് ഒന്നാമത്തെ നിലപാട്. അർത്ഥം കൃതിയുടെ നിഗൂഢസ്ഥലികളിൽ ഒളിച്ചും പതുങ്ങിയും ഇരിക്കുന്ന ഒന്നല്ല. പാഠത്തിലെ മറ്റ് ഒട്ടേറെ ഘടകങ്ങളുമായും പാഠം നിർമ്മിക്കപ്പെട്ട ആർത്ഥികക്ഷേത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു. അത് കേന്ദ്രീകൃതമോ ഏകപക്ഷീയമോ ആയ വായനസാധ്യമാക്കുന്നില്ല. മനുഷ്യവിഷയികളെപ്പോലെത്തന്നെ പാഠത്തിനും ഇച്ഛയുണ്ട്. ഇച്ഛയാകട്ടെ അഭാവത്താലാണ് നിർണ്ണയിക്കപ്പെടുന്നത്. ബദ്ധദൃഷ്ടി(gaze), അന്യം, ലിംഗം, ഷണ്ഡീകരണം, മായക്കാഴ്ച, നിസ്സാരവസ്ത്വപരം(objet petit a) തുടങ്ങി ഒട്ടുമിക്ക ലാകാനിയൻ പരികല്പനകളും നവീനമായൊരു സൗന്ദര്യശാസ്ത്രനിർമ്മിതിക്കുള്ള സാമഗ്രികളാണ്. പാഠത്തിലെ കഥാപാത്രങ്ങളെല്ലാം ഇച്ഛയുടെ ഇരകളാണെന്നതും ശ്രദ്ധേയമാണ്. അതുപോലെത്തന്നെ കൃതിയും വായനക്കാരും തമ്മിലുള്ള ബന്ധം വിശ്ലേഷക-വിശ്ലേഷിതബന്ധമാണെന്നതും വിപുലമായ വ്യാഖ്യാനസാധ്യതയുള്ളതാണ്. പാഠസൂചനകളെ രോഗലക്ഷണങ്ങളായി കണ്ട് അവയെ രൂപക-ഉപാദാനബന്ധം ആരോപിക്കുന്നതും സാദൃശ്യ-സമ്പർക്കതല ചിത്രണവും ഒക്കെ പാരായണത്തിന്റെ പുതിയ തുറസ്സുകളാണ്.
ലാകാനിയൻ സാഹിത്യവിമർശനസാധ്യത ഉപയോഗിച്ചുകൊണ്ട് ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. കർതൃത്വം, സൂചകം, അഭാവം, ഇച്ഛ തുടങ്ങിയ സൂത്രവാക്കുകളുപയോഗിച്ചാണ് പാരായണം സാധ്യമാവുന്നത്. ആധുനികകൃതികളിലാണ് ഈ മാതൃക കൂടുതൽ ഫലപ്രദമാകുക. ലാകാനിയൻ ഫെമിനിസം എന്ന സൈദ്ധാന്തികധാരയിൽനിന്ന് പ്രചോദനം കൊണ്ട് അത്തരത്തിലുള്ള സാഹിത്യസമീപനധാരയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിംബാത്മകക്രമത്തിന്റെ പല വിശദാംശങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ചലച്ചിത്രസിദ്ധാന്തങ്ങളും സമീപനങ്ങളും രൂപീകരിച്ചിട്ടുള്ളത്. പ്രത്യേകിച്ചും അപജ്ഞാനം(meconnoissance) എന്ന പരികല്പന. നോട്ടവും തുന്നിച്ചേർക്കലും (Gaze and suture) ചലച്ചിത്രസിദ്ധാന്തരൂപീകരണത്തിൽ നേരിട്ട് ഉപയോഗിക്കാവുന്ന സൈദ്ധാന്തിക ഉപകരണങ്ങളാണ്.
സൈദ്ധാന്തികരംഗത്തും ലാകാന്റെ സ്വാധീനം അതിവിപുലവും ദൂരവ്യാപകവുമാണ്. മുപ്പതിലധികം വർഷം നീണ്ടുനിന്ന ലാകാന്റെ സെമിനാറുകളുടെ കേൾവിക്കാരാണ് ഈ പിന്തുടർച്ചാവകാശികളിൽ മിക്കവരും. ലൂയി അൽത്തൂസർ, യൂലിയ ക്രിസ്തേവ, ജൂലിയറ്റ് മിച്ചൽ, പോൾ റിക്കൂ, ക്രിസ്ത്യൻ മെറ്റ്സ്, സ്റ്റീഫൻ ഹീത്ത്, ലോറാ മൾവി, ലൂസ് ഇറിഗാറേ, ഷീൽ ദെല്യൂസ്, ഫെലിക്സ് ഗറ്റാരി, തുടങ്ങിയവർ. ഇന്ന് ലോകം കൊണ്ടാടുന്ന അസാധാരണവായനകൾ നടത്തി നിരന്തരം നമ്മുടെ ബൗദ്ധികമണ്ഡലത്തെ ചൂടുപിടിപ്പിക്കുന്ന സ്ലോവേനിയൻ ചിന്തകൻ സ്ലാവോയ് ഷീഷെക്ക് ലാകാന്റെ സിദ്ധാന്തങ്ങളുടെ പോപ്പുലർ അവതാരകനാണ്.
ലാകാനിയൻ മാനസികക്രമങ്ങളിലെ മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ യാഥാർത്ഥ്യക്രമം(Real) ഭാഷയിലേക്ക് വഴങ്ങാത്ത ഒരു പ്രതിഭാസമാണെന്ന് നാം കണ്ടു. അതിന് ഏതാണ്ട് സമാനമാണ് ലാകാനിയൻ ദർശനപദ്ധതി ആകെത്തന്നെയും. അത് ഒരു ഞെട്ടലോ മിന്നൽപ്പാടോ ആണ്. ആ മിന്നായത്തിൽ കാണുന്ന കാഴ്ചയുടെ സമഗ്രതയാണ് അദ്ദേഹത്തിന്റെ ചിന്തയുടെ മൗലികത. അതിനെ ഭാഷയിൽ പകരാൻ നടത്തുന്ന ഏതൊരു ശ്രമവും പാതിയെങ്കിലും ചോർന്നുപോകാനാണ് സാധ്യത. ഈ അവതരണത്തിൽ ഴാക് ലാകാൻ മുന്നോട്ടുവച്ച മൗലികമായ എല്ലാ തത്വങ്ങളും, അല്പം ചിലയിടത്തെ അതാര്യതകളൊഴിച്ചാൽ, പൂർണ്ണമായും മനസ്സിലാക്കാനും വ്യത്യസ്ത മണ്ഡലത്തിൽ പ്രയോഗിക്കാനും സാധിക്കുന്ന വിധത്തിലാണ് ഇവിടെ വിവരിച്ചത്. മുപ്പതുവർഷത്തിലധികം ആഴ്ചതോറുമുള്ള സെമിനാറുകളിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിലെ മൗലികാശയങ്ങൾ ഈ ചെറിയ കൈക്കുമ്പിളിലൊതുക്കാൻ ശ്രമിക്കുന്നത് തീർച്ചയായും ബാലിശം തന്നെയാണ്. പക്ഷേ അത് ഇരുപതാം നൂറ്റാണ്ടുകണ്ട മഹാമനീഷിയുടെ ദർശനപദ്ധതിക്കുള്ള എളിയ ആദരം മാത്രമായി കാണാം.
ഗ്രന്ഥസൂചി
Bailly, Lionel, 2009, Lacan A Beginners's Guide, Oxford: One World
Bowie, Malcolm, 1991, Lacan, London: Fontana Press
Homer, Sean, 2005, Jacques Lacan, London and New York: Routledge
Lacan, Jacques, 1977, Ecrits (A Selection), Trans. Alan Sheridan, UK: Tavistok Publications
Lacan, Jacques, 1998 (1977), The Four Fundamental Principles of Psychoanalysis, London: Vintage
ശ്രീവത്സൻ ടി., സി.എസ്. ബിജു, 1998, ഈഡിപ്പസ് യന്ത്രം, കോഴിക്കോട്: ദിശ ബുക്സ്.
ശ്രീവത്സൻ, ടി. 2001, നവമനോവിശ്ലേഷണം, കോട്ടയം: ഡി.സി.ബുക്സ്.



Comments