സ്ത്രൈണം എന്ന ജലരൂപകം നങ്ങേമക്കുട്ടിയിലും ലന്തൻബത്തേരിയിലും
- Sreevalsan Thekkanath
- Jan 12, 2022
- 7 min read
Updated: Jun 27

Water does not resist. Water flows. When you plunge your hand into it, all you feel is a caress. Water is not a solid wall, it will not stop you. But water always goes where it wants to go, and nothing in the end can stand against it. Water is patient. Dripping water wears away a stone. Remember that, my child. Remember you are half water. If you can’t go through an obstacle, go around it. Water does.
Margaret Atwood, The Penelopiad
സ്തൈണതയെ ഉൾക്കൊള്ളുന്നതിലും ആവിഷ്ക്കരിക്കുന്നതിലും സർഗ്ഗഭാവന വിപുലമായി വിഹരിക്കുന്ന മേഖലയാണ് ജലവുമായി ബന്ധപ്പെട്ട രൂപകങ്ങൾ. ലോകസാഹിത്യത്തിൽത്തന്നെ സ്ത്രൈണതയെ ജലവും ജലരാശിയുമൊക്കെയായി അഭേദം കല്പിക്കുന്ന ധാരാളം രൂപകങ്ങൾ കണ്ടെത്താനാവും. വ്യത്യസ്ത ഭാഷാസാഹിത്യ ങ്ങളിൽ ഗർഭപാത്രം തന്നെ ഒരു ജലശയ്യയായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. നാടോടി പ്പാരമ്പര്യത്തിൽ പോലും അതിന്റെ ദൃഷ്ടാന്തങ്ങൾ കണ്ടെത്താനാവും. സ്ത്രൈണതയുടെ ശക്തിയെ ചിലപ്പോൾ മെരുങ്ങാത്ത മഹാസാഗരമായി ചിത്രീകരിക്കും. മറ്റുചിലപ്പോൾ നിഗൂഢതയുടെ കലവറയായും. പ്രകൃതിപ്രതിഭാസങ്ങളിൽ സ്ത്രീയെ ചിത്രീകരിക്കാൻ ബോധപൂർവ്വമോ അല്ലാതെയോ വന്നുചേരുന്ന രൂപകങ്ങളിൽ, അതിർത്തികളെ അതിലംഘിച്ച് ഒഴുകുന്ന ദ്രവത്വം പ്രത്യക്ഷപ്പെടുന്നതിന്റെ യാദൃശ്ചികതയാണ് ഈ അന്വേഷണത്തിലേക്ക് നയിക്കുന്ന പ്രധാന പ്രേരകശക്തി.
പൗരുഷത്തെ അപേക്ഷിച്ച് ദ്രവത്വവുമായി ബന്ധപ്പെട്ട രൂപകങ്ങൾ നിരന്തരം സ്ത്രൈണതയുമായി ചേർന്ന് പ്രത്യക്ഷപ്പെടുന്നത് കേവലം യാദൃശ്ഛികമാവണമെന്നില്ല. ജലത്തെ ജീവശക്തിയായി കരുതിപ്പോരുന്നുണ്ടല്ലോ. ജീവന്റെ ആധാരവും സാന്നിധ്യവുമാണത്. മിത്തുകളിലും പുരാവൃത്തങ്ങളിലും സ്ത്രീയും പ്രകൃതിയും, പ്രത്യേകിച്ച് ജലസാന്നിധ്യവുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാറുണ്ട്. പ്രകൃതി എന്ന അചേതനത്വത്തേക്കാളേറെ, നിരന്തരപരിണാമിയും സ്വച്ഛന്ദഗതിയും ആയ ജലവുമായി താദാത്മ്യപ്പെടാൻ സ്ത്രൈണസത്തയ്ക്ക് എളുപ്പം സാധിക്കുന്നു.
സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനം അടയാളപ്പെടുത്തുമ്പോൾ ധനാത്മകമായും നിഷേധാത്മകമായും ജലത്തിന്റെ രൂപകങ്ങൾ ഉപയോഗിക്കാറുണ്ട്. ബന്ധങ്ങളിലെ ഘർഷണമൊഴിവാക്കുന്ന സവിശേഷ സമീപനമാണ് അവയിലൊന്ന്. ദൃഢവും അചഞ്ചലവുമായ അധികാരരൂപങ്ങൾക്ക് ബദലായ ഒരു സാധ്യതയാണത്. ഖരങ്ങൾ തമ്മിലുള്ള ഉരസലിനു പകരം ദ്രവങ്ങളുടെ സഹജീവനം പ്രകൃതിയുടെ തനതുപാഠമാണ്.
സമകാലിക സിദ്ധാന്തങ്ങളിൽ മനോവിശകലനം, വ്യവഹാരാപഗ്രഥനം, സ്ത്രീവാദപഠനങ്ങൾ, മിത്തുകളുടെ പുനർവായനകൾ, തുടങ്ങിയ ആധുനികോത്തര സമീപനങ്ങളൊക്കെ തന്നെ സുസ്ഥിരദ്വന്ദ്വങ്ങൾക്ക് മറുവശത്തു നിൽക്കുന്ന ദ്രവമാധ്യമമായി സ്ത്രീയെ തിരിച്ചറിയുന്നു. ജലവും സ്ത്രീയും തമ്മിലുള്ള ആദിരൂപപരമായ ബന്ധത്തെയും അവ ആനയിക്കുന്നുണ്ട്.
ജൂഡിത് ബട്ലറെയും ലൂസ് ഇറിഗറെയും പോലെയുള്ള സ്ത്രീവാദസൈദ്ധാന്തികർ ഉന്നയിക്കുന്ന സ്ത്രൈണദ്രവത്വം (feminine fluidity) എന്ന ആശയവുമായി ഇതിന് നേരിട്ട് ബന്ധമൊന്നുമില്ല. അത് പലപ്പോഴും സമകാലിക ക്വീർ പഠനങ്ങളിലും ജെൻഡർ പഠനങ്ങളിലും നിശ്ചിതവും ശാശ്വതവുമായി നിൽക്കുന്നവയുടെ അപരമായി പ്രതിഷ്ഠിക്കുന്ന സത്തയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. സ്ത്രീവാദനവഭൗതികത(feminist new materialism) എന്നൊരു സങ്കേതവുമായി ചേർത്താണ് അത്തരം വിഷയങ്ങൾ വിശകലനം ചെയ്യാറുള്ളത്. എന്നാൽ സ്ത്രീയെ ആന്തരികവും ബാഹ്യവുമായ ഒരു ജലമാധ്യമമായി ചിത്രീകരിക്കുന്നതിലൂടെ സംഭവിക്കുന്ന പരോക്ഷതകളെ അനാവരണം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. സ്ത്രീവാദപ്രത്യക്ഷങ്ങളിൽനിന്നുള്ള വിടുതൽ ഈ അംശത്തിലാണ് മനസ്സിലാക്കേണ്ടത്.
പ്രാചീന ഗ്രീക്ക് മിഥോളജിയിൽ ജലബിംബത്തിൽ ആത്മരതനായ നാർസിസസിനെ കാണാമെങ്കിൽ അവനിൽ മയങ്ങിയ എക്കോ എന്ന കാമുകിയേയും ഓർക്കേണ്ടിവരും. നാർസിസസ് തന്നെ തിരഞ്ഞത് സ്ത്രീയിലാണോ ജലത്തിലാണോ എന്ന സമസ്യ പിൽക്കാലത്തെ സർഗ്ഗചരിത്രത്തിലുടനീളം പല രീതിയിൽ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രൈണസത്തയെ അതിന്റെ അപായകരമായ സത്യസന്ധതയിൽ അവതരിപ്പിച്ച എഴുത്തുകാരി സിൽവിയാ പ്ലാത്തിന്റെ “കണ്ണാടി” എന്നൊരു കവിതയുണ്ട്. രണ്ടു ഖണ്ഡിക മാത്രമുള്ള ആ കവിതയിൽ പെൺമയുടെ ആഴങ്ങളെ എങ്ങനെ കണ്ണാടി എന്ന രൂപകം ഉൾക്കൊള്ളുന്നു എന്നു ചിത്രീകരിക്കുന്നുണ്ട്. അതിലൊരിടത്ത് ജലവുമായി താദാത്മ്യപ്പെടുന്ന പെൺകുട്ടിയെ കവയിത്രി അവതരിപ്പിക്കുന്നു.
ഞാനിപ്പോള്‍ ഒരു തടാകമാണ്, തന്നെത്തന്നെ തിരയുംപോലെ
ഒരുവള്‍, എന്റെ ആഴങ്ങളിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്നു.
നാർസിസസ് എത്രദൂരം താണ്ടിയാണ് ഈ പെൺകുട്ടിയിലെത്തിയിരിക്കുന്നതെന്ന് ഓർക്കുക. എൻ. എസ്. മാധവന്റെ ആയിരത്തിരണ്ടാമത്തെ രാവ് എന്ന കഥയിലും കണ്ണാടിയിലെ പെൺകുട്ടി എന്നൊരു ഇമേജ് ഉപയോഗിക്കുന്നുണ്ട്.
"ഓർമ്മവെച്ച നാൾമുതൽ അവളുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ അവൾക്ക് അത്യാവശ്യമായി കാണണമായിരുന്നു. അവൾ വീട്ടിലെ വിളക്കുകളെല്ലാം തെളിച്ചതിനു ശേഷം കണ്ണാടിയുടെ മുമ്പിൽ ചെന്നു നിന്നു.
കണ്ണാടിയിലെ പെൺകുട്ടീ, അവസാനം നീയും ഞാനും മാത്രമായി അല്ലേ?"
വീട്ടിലെ പല മുറികളിലെ കണ്ണാടികളിലൊക്കെയും തന്റെ കൂട്ടുകാരിയായ മറ്റൊരു പെൺകുട്ടിയുണ്ടെന്നു ധരിച്ച് അവരോട് തന്റെ സ്വകാര്യദുഃഖങ്ങൾ പങ്കുവെക്കുന്ന സ്ത്രൈണത അതിന്റെ വേരുകളറുക്കുന്നതും നാർസിസസിൽ നിന്നുതന്നെ. ഈ സന്ദർഭത്തിൽ മലയാളത്തിലെ രണ്ടു വ്യത്യസ്ത കാലങ്ങളിൽ രണ്ടു സാഹിത്യരൂപങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്ത്രൈണാനുഭവങ്ങളുടെ സമീപദൃശ്യം പരിശോധിക്കുകയാണിവിടെ. 1967ൽ രചിക്കപ്പെട്ട നങ്ങേമക്കുട്ടി എന്ന ഖണ്ഡകാവ്യവും 2003ൽ പുറത്തിറങ്ങിയ ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലും ആണവ. ഒളപ്പമണ്ണയുടെ കാവ്യഭാവുകത്വവുമായി വിദൂരബന്ധം പോലുമില്ലാത്ത തീക്ഷ്ണരാഷ്ട്രീയദർശനം പുലർത്തുന്ന കഥകളും സങ്കീർണ്ണചരിത്രബന്ധങ്ങൾ അടയാളപ്പെടുത്തുന്ന നോവലുമാണ് എൻ. എസ്. മാധവന്റേത്. എങ്കിലും, അവ വിചിത്രമായ രീതിയിൽ ഒത്തുവായിക്കുമ്പോൾ കിട്ടുന്ന ഞെട്ടിക്കുന്ന ആന്തരികബന്ധമാണ് ഈ അന്വേഷണത്തിന് ആധാരം. സ്ത്രൈണാനുഭവങ്ങളുടെ ചിത്രണത്തിൽ അബോധപൂർവ്വമായി ഇഴചേർന്നുകിടക്കുന്ന ജലരൂപകങ്ങളുടെ സമൃദ്ധിയാണ് അനാവരണം ചെയ്യുന്നത്.
നങ്ങേമക്കുട്ടി.

1967കാലത്ത് പ്രത്യക്ഷപ്പെട്ട ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി എന്ന ദീർഘകാവ്യത്തിൽ, വളരെ യാഥാസ്ഥിതികമായ ഒരു നമ്പൂതിരി കുടുംബത്തിലെ പതിനാലു വയസ്സുള്ള ഒരു പെൺകുട്ടിക്ക് തന്റെ ട്യൂഷൻ മാസ്റ്ററിൽനിന്ന് ഗർഭിണിയാകേണ്ടിവരുന്ന ദുരവസ്ഥയാണുള്ളത്. ചെറുപ്പക്കാരനായ മാസ്റ്റർ അവളെ സ്വീകരിക്കാമെന്നു വാക്കുകൊടുത്തെങ്കിലും അച്ഛനമ്മമാരെയും കുടുംബമൂല്യങ്ങളേയും ഉപേക്ഷിച്ച് അവൾക്ക് അയാളോടൊപ്പം ഇറങ്ങിപ്പോകാനാവുന്നില്ല.
നങ്ങേമക്കുട്ടിയിലെ കഥാപാത്രങ്ങളെയെല്ലാം സഹതാപത്തോടെയാണ് കവി ചിത്രീകരിക്കുന്നത്. കാവ്യത്തിലെ ഓരോരുത്തരെ അവതരിപ്പിക്കുമ്പോഴും, അത് അമ്മയായാലും അച്ഛനായാലും നങ്ങേമയായാലും അവരൊക്കെ ഏതെങ്കിലും തരത്തിൽ നിരപരാധികളാണെന്നു വരുന്നു. സ്ത്രീ നിത്യദുഃഖത്തിന് വിധിക്കപ്പെട്ടിരിക്കുന്നു എന്ന അവസ്ഥ അതിതീവ്രമായി കാവ്യം ആവിഷ്ക്കരിക്കുന്നു. ഈ പാതകം, ചെറുപ്പക്കാരനിലോ, സാമൂഹികാവസ്ഥയിലോ ആരോപിച്ച്, ദാരുണമായ സ്ത്രൈണാവസ്ഥയെ രക്ഷപ്പെടുത്തിയെടുക്കാൻ കവി തുനിയുന്നില്ല. നങ്ങേമക്കുട്ടിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം നല്ലയാളാണ്. അദ്ദേഹത്തോടൊപ്പം ഇറങ്ങിപ്പോയിരുന്നെങ്കിൽ താൻ രക്ഷപ്പെടുമായിരുന്നു എന്നവൾക്കറിയാം.
മകളിൽ ഗർഭം വാലിയക്കാരി കണ്ടുപിടിച്ചതുമുതൽ തുടങ്ങുന്ന സംഘർഷം, അവളേയും അച്ഛനമ്മമാരെയും അടുത്തുകാണിക്കുവാൻ സഹായിക്കുന്നു. ഇത്തരമൊരു സന്ദർഭത്തിൽ മകളെ പടിയടച്ച് ഇരിക്കപ്പിണ്ഡം വെയ്ക്കുക മാത്രമാണ് ആ സമുദായവിധി. അച്ഛൻ അത് നിസ്സഹായനായി ചെയ്യുന്നു. അമ്മയും അവിടെ നിസ്സഹായയായിരുന്നു.
നങ്ങേമക്കുട്ടി പൂർണ്ണഗർഭിണിയായി പെരുവഴിയിൽ തളർന്നു ബോധംകെട്ടു വീഴുന്നു. ആരോ അവളെ ആശുപത്രിയിലെത്തിക്കുന്നു. അവളുടെ ദുർവിധിയുടെ ഊക്കു വർദ്ധിപ്പിക്കാനായി ഒരാൺകുഞ്ഞ് ജനിക്കുന്നു. അവൾ ആ കുഞ്ഞിനേയുമെടുത്ത് തന്റെ ഇല്ലത്തേക്കു നടക്കുന്നു. തട്ടിയാൽ തുറക്കുന്ന വാതിലായിരുന്നു അതെങ്കിലും അവളതു ചെയ്യാതെ കുഞ്ഞിനെ ഇല്ലപ്പടിക്കൽ ഉപേക്ഷിച്ച് എങ്ങോട്ടോ പോകുന്നു. തുടർന്ന് കാവ്യം കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിലേക്കും അവളെ കയ്യേൽക്കുന്ന മുത്തശ്ശിയിലേക്കും നീളുന്നതല്ലാതെ നങ്ങേമക്കുട്ടിയെക്കുറിച്ച് പിന്നീടൊന്നും പറയുന്നില്ല.
നങ്ങേമക്കുട്ടി നാട്ടിൻപുറത്തെ ഇല്ലത്താണ് ജീവിക്കുന്നതെങ്കിലും ഉടനീളം നിറഞ്ഞുനിൽക്കുന്ന രൂപകം ജലത്തിന്റേതാണ്. "ദുഃഖത്തിന്റെ കരിങ്കട"ലാണ് കാവ്യത്തിലെ നിറസാന്നിധ്യം. പെൺകുട്ടിക്ക് എളുപ്പം തന്മയീഭവിക്കാവുന്ന ഒരു ഭാവം. രൂപരഹിതമായ, സർവ്വംസഹയായ, പുറമേക്ക് ആന്തരസംഘർഷങ്ങളൊന്നും പ്രകടിപ്പിക്കാതെ നിറഞ്ഞുപരന്നുകിടക്കുന്ന ജലധി. തന്റെ ദുർവ്വിധിക്ക് ഇതിലും നല്ല രൂപകം വേറെ നൽകാനാവില്ല. ഒളപ്പമണ്ണയെ സംബന്ധിച്ച് അത് അന്നത്തെ നമ്പൂതിരി സമുദായം അകപ്പെട്ടിരിക്കുന്ന മഹാദയനീയാവസ്ഥ കൂടിയാണ്. അതുകൊണ്ട് അവിഹിതബന്ധവും അനാഥഗർഭവും കേവലം ചില വ്യക്തികളുടെ പ്രശ്നമായി കാണാൻ അദ്ദേഹത്തിനു കഴിയുന്നില്ല. ആ ദുർവ്വിധിയിൽ ചെന്നു പെട്ട തങ്ങളേയും മകളേയും അവൾക്കുണ്ടാകുന്ന കുഞ്ഞിനേയും സ്വീകരിക്കാൻ കുടുംബഘടനയ്ക്കോ സാമൂഹികാവസ്ഥയ്ക്കോ കെല്പില്ല എന്ന സൂചനയാണ് അദ്ദേഹം കാവ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്. മനുഷ്യത്വം നഷ്ടപ്പെട്ട നമ്പൂതിരി കുടുംബഘടനയെ ചൂണ്ടിക്കാണിക്കുക മാത്രമാണ് അദ്ദേഹം ഇവിടെ ചെയ്യുന്നത്.
സ്ത്രൈണതയുടെ ആശ്രയമറ്റ ഇത്തരം പരിതോവസ്ഥകളെ സൂക്ഷ്മമായി ആവിഷ്ക്കരിക്കാനായി അദ്ദേഹം മൗലികമായ ഒട്ടേറെ ഉപമകൾ കവിതയിലുടനീളം ഉപയോഗിക്കുന്നുണ്ട്.
കൈതെറ്റിവീണുപോം കുപ്പിപ്പാത്രം പോലെ
"ദുഃഖത്തിൻ കട്ടപോലെ
ദുഃഖത്തിൻ കൂട്ടിലെ പുലി പോലെ
വെള്ളത്തിലെണ്ണ പോലെ
തീപിടിച്ച വെളിച്ചെണ്ണ പോലെ
പുറവെള്ളമിറങ്ങുന്ന ഭൂമിപോലെ
ചുട്ടൊരോട്ടിൻപുറത്ത് ആദ്യമാരിതൻ തുള്ളി പോലെ
പെയ്തുകൊണ്ടിടിവെട്ടുന്ന മേഘം പോലെ
ഊതുന്ന വെണ്ണീറിൽ തെളിയും കനൽ പോലെ
കഴുത്തിൽ ചെറുതാലി പോലെ
എണ്ണവറ്റിയ റാന്തലിൻ നാടപോലെ
ഭൂമി പെണ്ണാന പോലെ" .... എന്നൊക്കെ.
കാവ്യാരംഭംതന്നെ കുളക്കടവിലാണെന്ന ജലസൂചന കേവലം യാദൃശ്ചികമാകാമെങ്കിലും തുടർന്ന് നങ്ങേമക്കുട്ടിയുടെ ജീവിതം അപരിഹാര്യമായ ദുരിതഘട്ടത്തിലെത്തുമ്പോൾ ജലരൂപകങ്ങളുടെ സമൃദ്ധി കൂടുതൽക്കൂടുതൽ പ്രകടമാകുന്നു. ഒരുതരത്തിൽ കുളത്തിൽ തുടങ്ങി കടലിൽ അവസാനിക്കുന്ന കാവ്യം!
നാലാം ഖണ്ഡത്തിലെത്തുമ്പോൾ നങ്ങേമ പെരുവഴിയിൽ തളർന്നുവീണ് ആരുടെയോ കരുണകൊണ്ട് ആശുപത്രിയിലെത്തിക്കപ്പെട്ട് കുഞ്ഞിനെ പ്രസവിക്കുന്നു. ആ അവസ്ഥയിൽ ഏതാണ്ട് അർദ്ധബോധാവസ്ഥയിലാണ് നങ്ങേമ താൻ പെട്ടുപോയ നടുക്കടലിന്റെ നടുക്കത്തിലാവുന്നത്. ഓർമ്മകളാവുന്ന പാഴ്ത്തേങ്ങയിൽ പൊങ്ങിക്കിടക്കുന്ന മഹാജലാശയത്തിലാണ് ഇപ്പോഴവൾ. തന്റെ കുഞ്ഞിന്റെ അച്ഛനെ ദൂരെ ഒരു കരയിൽ അവൾ കാണുന്നു. അങ്ങോട്ടു തുഴയുന്നേരം അദ്ദേഹം നിൽക്കുന്ന കര അത്രയ്ക്കത്രയ്ക്ക് അകന്നുപോകുന്നു. അതുകാൺകെ ആകെ കരുവാളിച്ചു നിൽക്കെ ഇപ്പൊഴദ്ദേഹം മറ്റൊരു അക്കരയിലാണ്. അങ്ങോട്ടു നീന്തുവാൻ ശക്തിയില്ലാതെ നടുക്കടലിൽ നങ്ങേമ വീണുപാറുന്നു. മറ്റൊരു കരയിലാകട്ടെ, ഇടിവെട്ടിക്കൊണ്ടുപെയ്യുന്ന മേഘമായി തന്റെ അച്ഛൻ നിൽക്കുന്നു. ദുഃഖപ്പട്ടിണിക്കിട്ട മെയ്യുമായി തന്റെ അമ്മയും കൂടെ. എവിടെയും ആശ്രയം കാണാതെ ആരുമില്ലാത്ത കരയിൽ ചെന്നടിയാനായി അവൾ പിന്നാക്കം നീന്താൻ തുടങ്ങി. ഒടുവിൽ തകർന്നു പാറുന്ന അവൾ കുഞ്ഞിനോടു പറയുന്നു, ഈ ഗതികെട്ട സഞ്ചാരത്തിന്റെ ലക്ഷ്യം നീയാണെന്ന്. ദുഃസ്വപ്നസമാനമായ ഈ രംഗം സ്ത്രൈണതയുടെ വർത്തമാനപരിച്ഛേദമാവുകയാണ്. നിയമവ്യവസ്ഥയ്ക്കോ ഭരണകൂടത്തിനോ കുടുംബമൂല്യങ്ങൾക്കോ പുരോഗമനപ്രസ്ഥാനങ്ങൾക്കോ ഒന്നും പരിഹരിക്കാനാവാത്ത വിഷമസമസ്യ.
കാവ്യത്തിന്റെ അവസാനത്തിൽ കരിനീരാഴിയിൽ താണുകിടക്കും പാറപോലെ നങ്ങേമയുടെ ഗൃഹം നിൽക്കുന്ന നില കാണാകുന്നു. ഇല്ലത്തിന്റെ പടിപ്പുരയിൽ അടഞ്ഞ വാതിലിനുമുന്നിൽ തന്റെ കുഞ്ഞിനെ ഉപേക്ഷിച്ച് നങ്ങേമ നടന്നകലുമ്പോൾ പരിപൂർണ്ണ നിശ്ശബ്ദതയാണ്. മാവിൻകൊമ്പിൽനിന്ന് കാനൽത്തുള്ളി ഇടയ്ക്കിടെ വീണു പതിക്കുന്നത് ആ കൊടും നിശ്ശബ്ദതയിലെ മഹാശബ്ദമായിത്തീരുന്നു. പൈതൽ ഉന്തുന്ന അമ്മവയറ്റിന്റെ ഉമ്മറം ഇല്ലത്തെക്കതകുപോലെ എന്നെന്നേക്കുമായി അടഞ്ഞുകിടക്കാൻ വയ്യാത്തതുകൊണ്ട് നങ്ങേമയ്ക്ക് പെറാതെ വയ്യ. വാതിൽപ്പടിയിൽ കുഞ്ഞിനെ ഉപേക്ഷിക്കുമ്പോൾ ഒന്നുതൊട്ടാൽ തുറക്കാനായി ഇല്ലത്തെക്കതക് കാത്തിരിക്കുകയായിരിക്കുമെന്ന് കവി സങ്കല്പിക്കുന്നു. പക്ഷേ ആർക്കും ശല്യമാകരുതെന്നു കരുതി, അവൾ ഒറ്റയ്ക്ക് നടന്നകലുകയാണ്.
പൂമുഖത്തുനിന്ന് അത്യുച്ചത്തിലുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ട് അച്ഛനമ്മമാർ ഞെട്ടിത്തരിച്ചു. കൂറ്റൻ അണക്കെട്ടു പൊട്ടുമ്പോൾ കെട്ടുകല്ലുകൾ അകലേക്കു തെറിച്ചുപോകുന്നതുപോലെ. ചെറിയവിള്ളലായിരുന്ന അത്, അത്രയും കാലത്തെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും വിശ്വാസധാരണകളുടെയും മുഴുവൻ അണക്കെട്ടു പൊട്ടിക്കുന്ന അത്ര ശക്തമായ ഒരു കാരണമായിത്തീരുന്നു. മാനവികതയുടെ വൈകാരികതക്കു മുന്നിൽ പാരമ്പര്യ മഹാജാഡ്യങ്ങളുടെ സേതു തകർന്നു തരിപ്പണമാവുന്ന സന്ദർഭം. അത്രയും കാലത്തെ വിശ്വാസങ്ങളുടെ മുഴുവൻ വെളിച്ചവും ഒറ്റയടിക്കു കെട്ടുപോകുമ്പോൾ ഭൂമി മുഴുവൻ കൊടും അന്ധകാരത്തിലാഴുന്നു. അതിശക്തമായ ഒരു ഉപമയാണ് കവി അപ്പോൾ പ്രയോഗിക്കുന്നത്. ഭൂമി പെണ്ണാന പോലവേ. സ്ത്രൈണതയെ അത്രമേൽ സൂക്ഷ്മമായി അഭിസംബോധന ചെയ്യുന്നതുകൊണ്ടാവണം, പെണ്ണാന എന്നുതന്നെ കവി പ്രയോഗിച്ചത്. ദുഃഖം മഹാകാരം കൈക്കൊണ്ട് പ്രത്യക്ഷമായിരിക്കുകയാണ് പെരുംകരിണിയായി. സർവ്വംസഹയായ ആ സാധുമൃഗത്തിന്റെ കുഞ്ഞിക്കണ്ണിന്റെ നാളം ഇത്തിരി തെളിഞ്ഞു. അച്ഛനമ്മമാർ ഒച്ചകേട്ട് കോണിപ്പടിയിറങ്ങി, വിറയ്ക്കുന്ന കൈകൾകൊണ്ട് കതകിന്റെ പാളി തുറക്കുമ്പോൾ ചുറ്റിനിൽക്കുന്ന ശൂന്യത മാത്രം. നങ്ങേമയെ വിളിച്ച വിളി അന്തരീക്ഷത്തിലൂടെ 'നീന്തിച്ചെന്നു' എന്നാണ് കവി ജലരൂപകത്തിലൂടെ പറയുന്നത്. ഭൂമി, വെള്ളത്തിൽ കുടമെന്ന പോലെ ഇരുട്ടിൽ താഴ്ന്നുപോയി. അഗാധത്തിലേക്കുള്ള ആ താഴ്ചയിൽ, മുകളിൽ പ്രാണന്റെ അവശേഷിപ്പുകൾ പോലെ നാലഞ്ചു പൊള്ളം മാത്രം പൊട്ടുന്നു, "നങ്ങേമേ പോയതെങ്ങുനീ?".
ആദ്യമായി കവി പ്രതീപം (ഉപമാനത്തെ ഉപമേയമാക്കിയും തിരിച്ചും പ്രയോഗിക്കുന്നത്) എന്ന അലങ്കാരം ഉപയോഗിക്കുന്നു.
"നങ്ങേമക്കുട്ടിയെപ്പോലെ നിന്നൂ നിശ്ശബ്ദയാമിനി".
സ്ത്രൈണദൈന്യം രാത്രിയിലേക്കും പ്രകൃതിയിലേക്കും ആളിപ്പടരുകയാണ്. പിന്നെ എല്ലാമറിയുന്ന രാത്രിയുടെ കണ്ണുകളിൽ വെള്ളം വന്നു തുളുമ്പുന്നു. പാതിര പടികടന്നുവരുമ്പോൾ ഇടിമിന്നലിൽ അച്ഛനുമമ്മയും ഞെട്ടിത്തരിക്കുന്നു. കരച്ചിൽ മാത്രമായി കുഞ്ഞ് ഉടൽപൂണ്ടു മുന്നിൽ കിടക്കവേ, മുത്തശ്ശിചെന്ന് അവനെ വാരിയെടുക്കുന്നു. ദുഃഖപ്പെരുംകടലിൽ നിമഗ്നമായ കറുത്ത പാറയായി നിൽക്കുന്ന നാലുകെട്ടിനു ചുറ്റും ആ കരച്ചിലിന്റെ ഒച്ചമാത്രം. ആ കരിങ്കടലിൽ ആണ്ടുമുങ്ങിക്കിടക്കുന്ന അവർക്ക് നേരം പുലരുന്നതറിയുന്നത് വെള്ളത്തിനടിയിൽനിന്നുള്ള കാഴ്ചയായിട്ടാണ്. കുളത്തിൽ താമരവിരിയുന്നതുപോലെ സൂര്യനുദിച്ചു എന്നു തോന്നണമെങ്കിൽ അത് ജലാശയത്തിന്റെ അടിത്തട്ടിൽനിന്നുള്ള കാഴ്ചയാവണം. ജീവിത മഹാദുഃഖക്കരിങ്കടലിൽ ആമഗ്നമായിരിക്കുന്ന ആ അച്ഛനുമമ്മയും 'പാചകത്തിനായി കൊട്ടക്കോരിക കൊണ്ടു കോരു'ന്നതും 'കുളത്തിൽ തർപ്പണം ചെയ്യു'ന്നതും ഒക്കെ അതേ ശ്യാമജലം തന്നെയായിരിക്കണമല്ലോ.
ഒരു നമ്പൂതിരി ഗൃഹവും അതിനുചുറ്റുമുള്ള പരിസരവും ചിത്രീകരിക്കുന്നതിനിടയിൽ ഭൂമിശാസ്ത്രപരമായി യാതൊരു സാധ്യതയുമില്ലാത്ത പലതരം ജലരാശികളെ രൂപകാത്മകമായി അവതരിപ്പിച്ചതിലൂടെ നങ്ങേമക്കുട്ടി സ്ത്രൈണതയുടെ മർമ്മത്തിൽ സ്പർശിക്കുകയാണ്. സാമൂഹികമോ സാമുദായികമോ ആയ എന്തെല്ലാം മാനങ്ങൾ ഈ കൃതിക്ക് ഉണ്ടെങ്കിലും കാലങ്ങൾക്കു ശേഷവും അനുവാചകരെ ആകർഷിക്കുന്നത് ഈ ജലരൂപകങ്ങളുടെ സാന്നിധ്യം കൊണ്ടുകൂടിയാവണം. ജലമെന്ന രൂപകം ഇത്രയ്ക്കു പ്രകടവും ശക്തവുമായി ഒരു സ്ത്രൈണാന്തരീക്ഷത്തിൽ പ്രയോഗിക്കുന്ന കവിതകൾ മലയാളത്തിൽ വിരളമാണ്.
ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ

2003ൽ പുറത്തിറങ്ങിയ എൻ. എസ്. മാധവന്റെ ഈ നോവലിൽ, 1951 മുതൽ 1967 വരെയുള്ള പതിനാറുവർഷത്തെ ചരിത്രകാലമാണ് ആഖ്യാനപശ്ചാത്തലം. കൊച്ചിക്കടുത്തുള്ള ലന്തൻബത്തേരി എന്ന സാങ്കല്പിക തുരുത്തിലെ ജീവിതങ്ങളുടെ രാഷ്ട്രീയ സാംസ്ക്കാരിക പശ്ചാത്തലത്തിലൂടെ ജെസിക്ക എന്ന പെൺകുട്ടിയുടെ പതിനാറുവർഷത്തെ ജീവിതകഥ പറയുവാനാണ്, (അല്ലെങ്കിൽ തിരിച്ച്) ശ്രീ. എൻ. എസ്. മാധവൻ ഉദ്യമിക്കുന്നത്. ജെസിക്കയുടെ ഗർഭാവസ്ഥയിൽ ആരംഭിക്കുന്ന നോവൽ, വയറ്റിനുള്ളിൽ താനും, പുറത്ത് ലന്തൻ ബത്തേരിയും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന വിവരണത്തിലൂടെ സ്ത്രൈണതയും ജലരൂപകവും തമ്മിലുള്ള ചാർച്ച ആദ്യമേ സ്ഥാപിച്ചെടുക്കുന്നു.
ലന്തൻബത്തേരിയിലെ ജീവിതത്തിന് ജലത്തിന്റെ സംഗീതമാണുള്ളത്. അതു സൃഷ്ടിക്കുന്ന താളബദ്ധതയുമാണ്.
"പുള്ളുവൻകുടത്തിന്റെ ഞാണിന്റെ മുഴക്കവുമായി വന്നും പോയുംകൊണ്ടിരിക്കുന്ന വൈപ്പിനിലെ കടൽത്തിരകൾ, ഗിഞ്ചറയിൽ ഒറ്റവിരൽമുട്ടിന്റെ ചിലമ്പലുമായി എത്തുന്ന കായലോളങ്ങൾ, ഞങ്ങൾ, വലിയ വെള്ളത്തിന്റെ അടുത്തു ജീവിക്കുന്നവർ, തുടർച്ചയായി ഈണമുള്ള ശബ്ദങ്ങൾ കേൾക്കുന്നു. ഞങ്ങളുടെ ചോരയ്ക്ക് താളം ശീലമാകുന്നു. ഞങ്ങൾ പാട്ടുകൾക്ക് എളുപ്പം വഴങ്ങുന്നു."(150)
കഥാന്ത്യംവരെ ജെസീക്കയും ലന്തൻബത്തേരിയും ജലത്തിന്റെ വിവിധ ഭാവങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതായി കാണാം. ബോട്ടുപുരയിൽവെച്ച് ജെസീക്ക ഋതുമതിയാവുന്ന, അഥവാ അവളിലെ സ്ത്രീത്വം ഉണരുന്ന, പ്രാർത്ഥനാസദൃശമായ ഒരു വിവരണം അന്യാദൃശമാണ്. ബോട്ടുകൾ കെട്ടിയിരുന്ന കോൺക്രീറ്റിന്റെ ഉത്തരത്തിന്മേൽ കുതിരപ്പുറത്ത് ഇരിക്കുന്നതുപോലെ, കാലുകൾ അപ്പുറവും ഇപ്പുറവുമിട്ട്, ജെസിക്ക ഉരുവിടുന്ന ഓരോ പ്രാർത്ഥനയ്ക്കും ഓളങ്ങളാണ് പ്രതിവചിക്കുന്നത്. ക്രമേണ അവളുടെയും ഓളങ്ങളുടെയും ശബ്ദം ഉയർന്ന് അത്യുച്ചത്തിലാവുകയും പിന്നീട് മൂർദ്ധന്യത്തിലെത്തി പതിഞ്ഞുതാഴുകയും ചെയ്യുന്നു. പിന്നീടവൾ, ബോട്ടുപുരയുടെ താക്കോലേൽപ്പിക്കാനായി ചെന്നപ്പോൾ സൈനബ എന്ന പെൺകുട്ടി പറഞ്ഞു, "ജെസിക്കേടെ പാവാടയുടെ പിറകില്, സിലോണിന്റെ മാപ്പുപോലെ ചോരക്കറ". ജെസിക്കയെ സ്ത്രൈണതയിലേക്കെത്തിച്ച ചോരക്കറയുടെ അതേ രൂപംതന്നെ ലന്തൻബത്തേരിക്കും നോവലിസ്റ്റ് പുസ്തകാരംഭത്തിൽ നല്കിയിരിക്കുന്നത് കേവലം യാദൃശ്ചികമാവാനിടയില്ല.
ഫെർമാറ്റിന്റെ തിയറം തെറ്റാണെന്നു തെളിയിക്കാനായി പതിനാറുവർഷമായി ഏകാന്തധ്യാനത്തിലായിരുന്ന പുഷ്പാംഗദൻമാഷ് മലാക്കാ ഹൗസിൽവച്ച് തന്നോടു ചെയ്ത പാപം ജെസിക്ക തിരിച്ചറിയാൻ ചെറിയൊരു കാലതാമസമെടുത്തു. എങ്കിലും "പോ സാത്താനേ..." എന്നു പറഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റപ്പോൾ മേശപ്പുറത്തെ കറുത്ത മഷി തട്ടി ഒരു ഇരുണ്ട ഭൂപടം സൃഷ്ടിക്കുന്നതും യാദൃശ്ചികമായിരിക്കില്ല. അവിഭാജ്യമായ വലിയ പ്രൈം നമ്പറിന്റെ പൗരുഷത്തിലേക്ക് ദ്രവരൂപത്തിലുള്ള സ്ത്രൈണ പ്രതിഷേധം പടരുന്നത് അവ്വിധമാണ്.
പിന്നീട് അവളാ പാപത്തെക്കുറിച്ച് ഓർക്കുന്നതുതന്നെ, "എപ്പൊഴും മെൻസസുള്ളതുപോലെ" എന്നാണ്. അക്കാര്യം പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ല. മാത്രവുമല്ല, ഇലയുടെയും മുള്ളിന്റെയും ഉപമ പറഞ്ഞ് എല്ലാവരും ജെസിക്കയെ ഉപദേശിക്കുകയും ചെയ്യുന്നു. തുടർന്ന് കടുത്ത ഏകാന്തതയിൽ ദിവസങ്ങൾ തള്ളിനീക്കിക്കൊണ്ട് കിടക്കയിൽ കഴിച്ചുകൂട്ടുന്ന ജെസിക്കക്ക് കിടക്ക ഒരു ചങ്ങാടം പോലെ ദിവസങ്ങളിലൂടെ ഒലിച്ചുനീങ്ങുന്നതായി തോന്നുന്നു. അല്ലെങ്കിലും പാലങ്ങളില്ലാത്ത തുരുത്തിൽ എന്തു യാത്രകൾ? എല്ലാവഴികളും അനിവാര്യമായി വെള്ളത്തിൽ അവസാനിക്കുന്നു(201). കുറ്റക്കാരനായ പുഷ്പാംഗദൻമാഷെ ആരും അങ്ങനെ കാണാത്തതിൽ സഹികെട്ടാവണം അയാൾ തുരുത്തിലെ ഒരേയൊരു ആത്മഹത്യാമാർഗ്ഗമായ "പൊഴേച്ചാടൽ" തന്നെ തെരഞ്ഞെടുക്കുന്നതും.
ജെസിക്കയുടെ ഏകാന്തതയിലേക്ക് ഇടഞ്ഞുകയറുന്ന അപ്പൂപ്പൻ നിർവ്വികാരമായി ചോദിക്കുന്നു, കൊച്ച് ആത്മഹത്യ ചെയ്യാൻ പ്ലാനിടണേണോ? അതെ എന്ന ഉത്തരം കിട്ടിയതോടെ അപ്പൂപ്പൻ മറ്റൊരു സാധ്യത മുന്നോട്ടുവച്ചു. കൊച്ചിനുവേണോങ്കി പ്രാന്തിച്ചിയാകാം. കഥാന്ത്യത്തിൽ കുരിശിന്റെ വഴി എന്ന ചടങ്ങിനിടയിൽവെച്ച് ജെസിക്ക രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. അതുപക്ഷേ കുറച്ചു കടുത്ത തീരുമാനമയിപ്പോയെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. ഭ്രാന്തിന്റെ ചികിത്സയ്ക്കായി ജെസിക്കയെ എറണാകുളത്തെ ആശുപത്രിയിൽവെച്ച് ഷോക്കടിപ്പിക്കാൻ തീരുമാനിച്ചു. ആ രംഗം ശ്രീ. മാധവൻ വർണ്ണിക്കുന്നത് സ്ത്രൈണതയും ജലരാശിയും തമ്മിലുള്ള അഭേദ്യമായ രൂപകബന്ധത്തിന്റെ ആധികാരികസാക്ഷ്യമാണ്.
"കറന്റടിപ്പിക്കുന്ന യന്ത്രത്തിന്റെ മൊട്ട് തിരിയുന്ന ശബ്ദം ഞാൻ കേട്ടു. ഒഴുകുന്ന വെള്ളത്തിന്റെ തണുപ്പ് ഞാൻ അറിഞ്ഞു. നദി, മൈലാഞ്ചിക്കാടുകളുള്ള, മയിലുകൾ പീലിവിടർത്തിയാടുന്ന കുന്നിൽ ജനിച്ചതേയുള്ളൂ. കൊച്ചുചോലകളിൽ വെള്ളത്തിന്റെ കുമിളകൾ പൊട്ടുന്ന ശബ്ദം ഞാൻ കേട്ടു. മലകളുടെ ചെറിയ രന്ധ്രങ്ങളിലൂടെ, മാലാഖമാരുടെ കുഴലൂത്തിന്റെ ശബ്ദത്തിൽ ഒഴുകുന്ന വെള്ളം വളർന്നു.
പള്ളിവാസലിലെത്തിയപ്പോൾ പെരിയാർ ഒരു തടാകമായി. ഞാൻ വെള്ളത്തിൽ ഊളിയിട്ടു. വെള്ളം എന്നിൽനിന്ന് ഭൂഗുരുത്വം അകറ്റി. പള്ളിവാസലിലെ വൈദ്യുതി നിർമ്മിക്കുന്ന ടർബൈനുകളുടെ ശബ്ദം പിന്നിട്ട് ഞാൻ മലയാറ്റൂർ പള്ളി കണ്ടു. ആലുവാമണപ്പുറം കടന്ന്, ഞാൻ ലന്തൻബത്തേരി വഴി കൊച്ചി അഴിയിലെ കടലിലേക്കു നീങ്ങി".
നോവൽ അവസാനിക്കുന്നത് വെള്ളം വെള്ളത്തിൽ ലയിക്കുന്ന ആ മഹാശൂന്യതയിൽ ജെസിക്കക്ക് ഓർമ്മ നഷ്ടപ്പെടുന്നതായിട്ടാണ്. ചരിത്രവും രാഷ്ട്രീയവും സംസ്ക്കാരവും സിനിമയും സംഗീതവും ഒക്കെ മനോഹരമായ ഊടുംപാവുമായി നെയ്തുണ്ടാക്കിയ സങ്കീർണ്ണസൗവർണ്ണശില്പമാണ് എൻ. എസ്. മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ. കഥയായി ചിന്തിച്ചാൽ പ്രത്യേകിച്ചൊന്നുമില്ലെങ്കിലും, സ്ത്രൈണമനസ്സിനെ അതിന്റെ എല്ലാ സൂക്ഷ്മതയിലും അനാവരണം ചെയ്യാനുള്ള സാഹസികമായ ശ്രമം ഇതിലുണ്ട്. ഇത്തരം അവതരണത്തിൽ സ്ത്രൈണതയോടൊപ്പം ജലരൂപകങ്ങളുടെ നിറസാന്നിധ്യമാണ് ഇവിടെ ശ്രദ്ധിക്കുന്നത്. ലോകസാഹിത്യത്തിൽത്തന്നെ സ്ത്രീയെ ചിത്രീകരിക്കേണ്ടിവരുമ്പോഴെല്ലാം എന്തുകൊണ്ട് ജലം ഒരു മാധ്യമവും പരിസരവും വിനിമയവുമായി മാറുന്നു എന്നതാണ് ഇവിടത്തെ വിഷയം. ലന്തൻബത്തേരി അതുകൊണ്ടുതന്നെ ജലരൂപകങ്ങളുടെ സ്മൃതിരേഖയാണെന്ന വസ്തുത ശ്രദ്ധേയമാവുന്നു. ഓർമ്മയുടെ ഖരത്വത്തിൽ നിന്നും മറവിയുടെ ദ്രവത്വത്തിലേക്കുള്ള ദീർഘസഞ്ചാരമായി ഈ നോവൽമാറുന്നു.
ഉപസംഹാരം
നങ്ങേമക്കുട്ടിയും ലന്തൻബത്തേരിയും തമ്മിൽ പ്രമേയപരമായ വിദൂരസാമ്യം കണ്ടെത്തുന്നത് ബാലിശമായി തോന്നാം. രണ്ടിലും കൗമാരക്കാരിയായ പെൺകുട്ടിയെ ട്യൂഷൻമാസ്റ്റർ ചൂഷണം ചെയ്യുന്നു. രണ്ടിലും യഥാർത്ഥ പ്രതി കുറ്റവിമുക്തമാക്കപ്പെടുന്നു. രണ്ടിലും വ്യത്യസ്തമെങ്കിലും യാഥാസ്ഥിതികത്വത്തിന്റെയും മുൻധാരണകളുടെയും ഇരകളാണ് സ്ത്രീകൾ. അത്രയുമേയുള്ളൂ അവ തമ്മിലുള്ള പ്രമേയസമാനത.
അതേസമയം, രണ്ടും രണ്ടു വ്യത്യസ്ത പ്രദേശങ്ങളിൽ, സാഹചര്യങ്ങളിൽ, വ്യത്യസ്ത കാലഘട്ടങ്ങളിൽ, ജീവിതപരിതോവസ്ഥകളിൽ സംഭവിക്കുന്നു. നങ്ങേമക്കുട്ടിയെ എല്ലാവർക്കും വാത്സല്യമായിരുന്നെങ്കിൽ ജെസിക്ക ദേവാലയത്തെ അശുദ്ധമാക്കിയ, താന്തോന്നിത്തം കൈമുതലായുള്ള, നിഷേധിയായ ഒരു പെൺകുട്ടിയായിരുന്നു. ആദ്യത്തേതിൽ പെൺകുട്ടി ഗർഭിണിയാവുകയും അതിന്റെ ഉത്തരവാദിത്തമേൽക്കേണ്ട ചെറുപ്പക്കാരനെ സ്വീകരിക്കാൻ നങ്ങേമയിലെ കുടുംബവാദിക്ക് കഴിയാതിരിക്കുകയും ചെയ്യുന്നു. അവൾ ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നത് കുഞ്ഞിനെ ഓർത്തു മാത്രമായിരുന്നു. രണ്ടാമത്തേതിൽ അത്തരം ഗാർഹികപ്രശ്നങ്ങളൊന്നുമില്ല. കണക്കിൽ ബുദ്ധി കുറവായിരുന്ന ജെസിക്ക, സർവ്വസമ്മതനായ പുഷ്പാംഗദൻമാഷെ സമീപിക്കുന്നത് തികച്ചും നിഷ്കളങ്കമായാണ്. അയാളാകട്ടെ, തന്റെ ജന്മദൗത്യത്തിൽ മുഴുകി, ഏറ്റവും വലിയ പ്രൈംസംഖ്യ കണ്ടെത്താൻ പതിനാറുവർഷമായി ഒരുമ്പെട്ടിരിക്കുന്നു. ഇതിനിടയ്ക്കാണ് അയാൾക്ക് അബദ്ധം പിണഞ്ഞത്.
സ്ത്രൈണതയെ ദാർശനികമായും ധാർമ്മികമായും സമീപിക്കുന്ന ഈ രണ്ടു സർഗ്ഗാത്മകരചനകളിലും ജലത്തിന്റെ ബഹുവിധരൂപകങ്ങൾ സമൃദ്ധമായി, എന്നാൽ സ്വാഭാവികമായി ഉപയോഗിക്കപ്പെടുന്നത് കേവലം യാദൃശ്ചികമല്ല എന്നു തെളിയിക്കുവാനാണ് ഇത്രയും വിശദീകരിച്ചത്. സമൂഹത്തിൽ ജീവിക്കുന്ന ഓരോ സ്ത്രീയുടേയും സ്വത്വപ്രതിസന്ധിയുടെയും ദ്രവമാനമായ (fluid) ലിംഗപദവിയുടെയും ഒക്കെ ബഹുവിധമാനങ്ങൾ കൈക്കൊള്ളുന്ന ഒന്നാണ് ജലത്തിന്റെ രൂപകം.
രൂപത്തിലും ഭാവുകത്വത്തിലും കാലത്തിലുമൊക്കെ അകന്നുകിടക്കുന്ന രണ്ടു സാഹിത്യകൃതികൾ ചേർത്തുവയ്ക്കുമ്പോൾ തെളിഞ്ഞുവരുന്ന ബോധ്യങ്ങളിലൊന്ന്, ജലം എന്ന രൂപകം പുരുഷാധിപത്യത്തിന്റെ ദൃഢബിംബങ്ങളെ മുഴുവൻ ശിഥിലവും ശകലിതവുമാക്കുന്നു എന്നതാണ്. രണ്ടു കൃതിയിലേയും സ്ത്രീകൾ പ്രത്യക്ഷത്തിൽ പുരുഷാധിപത്യ വ്യവസ്ഥയോട് കലഹിക്കുകയോ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. എങ്കിലും അവയിലുടനീളം അബോധപൂർവ്വം വിന്യസിച്ചിട്ടുള്ള രൂപകാത്മകഭാഷ ലിംഗഗണനാപരമായ വൈരുദ്ധ്യത്തെ ഉള്ളിൽനിന്നു നിർവ്വീര്യമാക്കാൻ തക്ക ശക്തി ആർജ്ജിക്കുന്നുണ്ട്. സ്ത്രീവാദപരമായ ഒരു വായനയിൽ ഒരുപക്ഷേ പ്രതിലോമകരമെന്നു വിധിയെഴുതാമായിരുന്ന രണ്ടു സ്ത്രീചിത്രണങ്ങളെ എങ്ങനെ പാഠത്തിന്റെ അബോധം ചൂണ്ടി ചെറുക്കാമെന്നുകൂടിയാണ് ഈ വായന നൽകുന്ന സാക്ഷ്യം.
________________________________
ഗ്രന്ഥസൂചി:
ഒളപ്പമണ്ണ,2014, നങ്ങേമക്കുട്ടി, നിത്യകല്യാണി, കോഴിക്കോട്: മാതൃഭൂമി ബുക്സ്
മാധവൻ, എൻ. എസ്., 2003, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, കോട്ടയം: ഡി.സി.ബുക്സ്.
മാധവൻ, എൻ. എസ്. 2011, എൻ എസ് മാധവന്റെ കഥകൾ സമ്പൂർണ്ണം, കോട്ടയം: ഡി.സി.ബുക്സ്
Atwood, Margeret, 2005, Penelopiad, Canada: Knopf
Plath, Sylvia, 1961, "The Mirror", Crossing the Water, New York: Harper & Row.



Comments